വായനയുടെ തുടക്കം ബാലരമയിലെ ചിത്രകഥകളിൽ നിന്നായതുകൊണ്ട് എഴുത്തുകാരുടെ പേരുകൾ ശ്രദ്ധിക്കാറില്ലായിരുന്നു. എങ്കിലും ഓർമയിലുള്ള ഒരു പേര് സിപ്പി പള്ളിപ്പുറം എന്നാണെന്നു തോനുന്നു.
അതിനപ്പുറത്തേക്ക് ഈസോപ്പു കഥകൾ, മുല്ലാ കഥകൾ, ടോൾസ്റ്റോയ് കഥകൾ, അറബി കഥകൾ എന്നിങ്ങനെയുള്ള പേരുകൾ ആണ് ഓർമ്മയുള്ളത്. രസകരമായ കഥകൾ നിറഞ്ഞ ഈ വലിയ പുസ്തകങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം ആണ് എന്നെ ലൈബ്രറിയിൽ എത്തിച്ചത്. ഈ പുസ്തകങ്ങളുടെ കൂട്ടത്തിൽ അതെ റാക്കിൽ ഐതിഹ്യമാല, ആയിരത്തൊ ന്നു രാവുകൾ, ഗ്രീക്ക് പുരാണ കഥാ സാഗരം തുടങ്ങിയ തടിയൻ പുസ്തങ്ങളും കണ്ടപ്പോൾ ഏതെടുക്കണമെന്ന് ആലോചിച്ചു നിന്ന എന്നെ വിളിച്ചു മറ്റു പുസ്തകങ്ങൾ ശ്രദ്ധയിൽ പെടുത്തിയത് അവിടുത്തെ ലൈബ്രെറിയൻ ആണ്.
ലൈബ്രറിയിലേ പുസ്തകങ്ങളിലേക്ക് കടന്നപ്പോഴാണ് എഴുത്തുകാരുടെ പേരുകൾ ശ്രദ്ധിക്കുന്നത്. അല്ല ശ്രദ്ധയിൽ പെടുത്തുന്നത്. ചെറിയ കഥകൾ മതി, കുറച്ചധികം പേജുകളുള്ള അല്ലെങ്കിൽ അധ്യായം തിരിച്ചുള്ള ബാലസാഹിത്യ കൃതികൾ ഞാൻ വായിക്കില്ല എന്നൊക്കെ പറഞ്ഞ് വാശി പിടിക്കുന്ന നാലാം ക്ലാസുകാരിയോട് ഇതൊക്കെ കുട്ടികൾ വായിക്കണം എന്ന് പറഞ്ഞ് വിക്ടർ ഹ്യൂഗോ യെയും സുമംഗലയെയും പരിചയപ്പെടുത്തിയത് ലൈബ്രെറിയൻ തന്നെയാണ്.
സുമംഗലയുടെ ‘ ഈ കഥ കേട്ടിട്ടുണ്ടോ’ എന്ന പുസ്തകം ആണ് അക്കാലത്തു ഒത്തിരി അത്ഭുതപ്പെടുത്തിയത്. അത് മറ്റൊന്നും കൊണ്ടല്ല. ആ പുസ്തകത്തിലെ ഒരു കഥയും അതിന് മുൻപോ ശേഷമോ ഞാൻ മറ്റെങ്ങും കേട്ടിട്ടില്ല. മഹാഭാരതവും രാമായണവുമായി ബന്ധപ്പെട്ട കഥകളായിരുന്നു കൂടുതൽ എന്ന് തോന്നുന്നു. വളരെ ഇഷ്ടമായത് കൊണ്ടും ഒന്നിൽ കൂടുതൽ തവണ വായിച്ചിട്ടുള്ളതുകൊണ്ടും മനസ്സിൽ തങ്ങി നിൽക്കേണ്ട കഥകൾ ഇതൊക്കെയാണെങ്കിലും അന്നത്തെ എന്റെ പ്രിയ എഴുത്തുകാരി ആകേണ്ടത് സുമംഗലയാണെങ്കിലും, അമ്മയില്ലാതെ തനിച്ചു കഷ്ടപ്പെടുന്ന ആ കുഞ്ഞു പെൺകുട്ടിയും ജീൻ വാൽ ജീനും ചേർന്ന് ആ സ്ഥാനം എപ്പോഴേ വിക്ടർ ഹ്യൂഗോയ്ക്ക് നേടി കൊടുത്തിരുന്നു. നേത്ര് ദാമൊന്നും ഇത്രയ്ക്കു പ്രിയപ്പെട്ടതല്ല. എഴുത്തുകാരനെക്കാൾ കഥാപാത്രങ്ങൾ ആയിരിക്കണം പ്രിയപ്പെട്ടത്, വായിച്ച കൃതികൾ വിവർത്തനമായതു കൊണ്ടു തന്നെ അതങ്ങനെ വിശ്വസിക്കുന്നു.
കഥാപാത്രങ്ങളെക്കാൾ പ്രിയപ്പെട്ടൊരു എഴുത്തുകാരിയുണ്ടെങ്കിൽ അത് ‘മാധവിക്കുട്ടി’ തന്നെയാണ്. അതൊരിക്കലും പ്രണയമോ കൃഷ്ണനോ പ്രകൃതിയൊ കാരണമല്ല എഴുത്തിന്റെ ശൈലിയും, തുറന്നെഴുതാനുള്ള ധൈര്യവും എങ്ങനെയെന്നറിയാതെ പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന എല്ലാത്തരം കഥാപാത്രങ്ങളും, കൂടാതെ ആത്മ കഥാമ്ശം ഉണ്ടെന്നു ( ആഖ്യാന ശൈലിയുടേതാകാം )തോന്നിപ്പിക്കുന്ന എഴുത്തും വായനക്കാരെ ഒരു കാന്തം പോലെ അവരിലേക് ആകർഷിക്കുന്ന താകാം. എല്ലാം പ്രിയപ്പെട്ട തായതുകൊണ്ട് തന്നെ ഓരോ കഥാപാത്രങ്ങളായി എടുത്തു പറയേണ്ടതില്ലെന്നു തോന്നുന്നു. അതിനേക്കാൾ അവരുടെ സംസാരവും ശബ്ദവും ആയിത്തന്നെ തോന്നിപ്പിക്കാറുള്ള ആ എഴുത്തിന്റെ ശൈലി തന്നെയാണ് എന്നെ കൂടുതലും സ്വാധീനിച്ചിട്ടുള്ളത്.
സാറാ ജോസഫ്ന്റെയും സാറാ തോമസിന്റെയും പുസ്തകങ്ങൾ ഒരേ സമയത്തു തന്നെയാണ് വായിച്ചു തുടങ്ങിയിട്ടുള്ളത് എന്ന് തോന്നുന്നു. കഥകൾ ഇഷ്ടപെട്ടിട്ടുള്ളളതും വായിക്കാനിഷ്ടപ്പെട്ടതും സാറ തോമസിന്റെതാണെങ്കിലും, കഥാപാത്രങ്ങൾ ഇപ്പോഴും മിഴിവുറ്റു നില്കുന്നത് സാറാ ജോസഫ്ന്റേത് തന്നെയായത് എങ്ങനെ എന്ന് ചോദിച്ചാൽ, ആലാഹയുടെ പെണ്മക്കൾ വായിച്ചിട്ടു പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും പിന്നെ എന്തിനാണ് മാറ്റാത്തിയും ഒതപ്പും തിരഞ്ഞു പിടിച്ചു വായിച്ചതെന്ന മറുചോദ്യം തന്നെയാണ് അതിന്റെ ഉത്തരം. ഇതുപോലെ തന്നെയായിരിക്കാം ‘ അന്തസുള്ള നുണകൾ ‘ വായിച്ചതിനു ശേഷം തസ്ലീമ നസ്രിൻ എന്ന പേര് മനസ്സിൽ കുറിച്ചിട്ടതും.
കഥയും കഥാപാത്രങ്ങളും എഴുത്തുകാരനും ഏതൊരു സമയത്തും ഒരേ പോലെ പ്രിയപ്പെട്ടതായുണ്ടെങ്കിൽ വൈക്കം മുഹമ്മദ് ബഷീർ മാത്രമാണ് എന്ന് തോന്നുന്നു. നമ്മുടെയെല്ലാം ജീവിതത്തിൽ ഇത്രയും നർമ്മ മുഹൂർത്തങ്ങൾ ഉണ്ടെന്നതും ഏതൊരു പ്രയാസമേറിയ സാഹചര്യത്തെയും ആ രീതിയിൽ ആവിഷ്കരിക്കാമെന്ന ചിന്തയ്ക്കും ഉള്ള പ്രചോദനം അദ്ദേഹത്തിൽ നിന്നുമാണ്എ ല്ലാ കഥകളും പ്രത്യേകം എടുത്തു പറയാനുള്ളത് കൊണ്ടും, അത് പറയാതെ തന്നെ ഓരോ കഥാപാത്രങ്ങളും എല്ലാവർക്കും സുപരിചിതമായതു കൊണ്ടും ഒന്നും പറയേണ്ട ആവശ്യമില്ലെന്നു തോന്നുന്നു എങ്കിലും എനിക്ക് പ്രിയപ്പെട്ടൊരു കഥാപാത്രം ‘ കൈസു കുട്ടിയാണ് ‘.
ഇത്രയും ലളിതമായ മറ്റൊരു രചന വായിച്ചത് നന്ദനാർ എഴുതിയ ‘ ഉണ്ണിക്കുട്ടന്റെ ലോകം ‘ ആയിരുന്നു. ഒരു നാലു വയസുകാരന്റെ മനസ് മുഴുവൻ പകർത്തിയെഴുതിയ പോലെയുള്ള കൃതിയുടെ ആഖ്യാനാശൈലി വളരെയധികം സ്വാധീനിച്ചിട്ടുള്ളത് തന്നെയാണ്.
ഇനിയുമെത്ര വായനകൾ കഴിഞ്ഞു പോയാലും എക്കാലത്തെയും പ്രിയപ്പെട്ട കഥകൾ എം ടി വാസുദേവൻ നായരുടേത് തന്നെയായിരിക്കും. അതിന്റെ പ്രധാന കാരണം, എഴുത്തിന്റെ ശൈലിയുടെ വ്യത്യസ്തത കൊണ്ടും അല്ലെങ്കിൽ സ്ഥിരമായി പിന്തുടരുന്ന ഒരു പ്രത്യേക പാറ്റേൺ ഇല്ലാത്തതു കൊണ്ടും ഒരു കൃതിയെപ്പോലും മുൻവിധിയോടെ സമീപിക്കുവാൻ കഴിയില്ല എന്നതും മറ്റൊന്ന് ആ കൃതികളിലൂടെയൊന്നും എം ടി എന്ന എഴുത്തുകാരനെ അത്ര പെട്ടെന്ന് വായിച്ചെടുക്കാൻ സാധിക്കില്ല എന്നതുമാണ്. അതുകൊണ്ടായിരിക്കാം എഴുത്തുകാരന് സാധിക്കുന്ന പരകായ പ്രവേശം വായനക്കാരനും സാധിക്കുന്നത്.
എന്റെ പ്രിയപ്പെട്ട എഴുത്താൾ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ‘ മാധവിക്കുട്ടി ‘ എന്നായിരിക്കും ഉത്തരമെങ്കിലും, എഴുത്തിന്റെ വഴികളിൽ ഏറ്റവും സ്വാധീനിച്ചത് ‘എം. ടി ‘ തന്നെ എന്ന് അദ്ദേഹത്തിന്റെ വിയോഗത്തിൽ വിഷമത്തോടെ ഓർക്കുന്നു.
ഓരോ രചനകളും രചയിതാക്കളും നമ്മെ ഓരോ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. വായനാ വഴികളിലും ഒരു പക്ഷെ ജീവിതത്തിലും. എഴുത്തു വഴികളിലെങ്ങനെയെന്നു മുഴുവനായി മനസിലാക്കാനിനിയും ഏറെയുണ്ട് വായിച്ചു തീർക്കാനും എഴുതി തീർക്കാനും.
#എന്റെരചന
ഏറ്റവും പ്രിയപ്പെട്ട എഴുത്താൾ


11 Comments
നന്നായെഴുതി👍💐
Mini sundaresan… Thank u
Nice 👌
…. Siilvy michael…Thank you
മാധവിക്കുട്ടി…
എഴുത്ത്👌
🙏
നല്ല രചന 👌
Thank you
❤️👍
🙏
പ്രിയപ്പെട്ടവർ ഒത്തിരിയാണ് അല്ലേ… അതുകൊണ്ടുതന്നെയാണല്ലോ അവരൊക്കെ എഴുത്തുകാർ എന്നറിയപ്പെടുന്നതും. നല്ലെഴുത്ത്