വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ അരീക്കോട് ഗ്രാമത്തിൽ ജനിച്ച എനിക്ക് ഉപ്പ യാത്രക്കാരി എന്ന് അർത്ഥമുള്ള പേരു നൽകിയപ്പോൾ, പേരിൻറെ അർത്ഥം യാഥാർഥ്യം ആയി മാറുമെന്ന് സ്വപ്നത്തില് പൊലും വിചാരിച്ചിരുന്നില്ല. എൻ്റെ ബാല്യകാല ദിനങ്ങളിൽ തുടക്കം കുറിച്ച പല യാത്രകളും ഉപ്പയുടെ നാടായ എറണാകുളം പള്ളിക്കരയിലേക്ക് ആയിരുന്നു. പലപ്പോഴും സ്കൂൾ അവധിക്കാലത്തു ആയിരുന്നു യാത്രകൾ പോകാറുണ്ടായിരുന്നത്. അപ്പോഴൊന്നും യാത്രയുടെ നൈർമല്യവും, മനോഹാരിതയും അനുഭവിച്ചു അറിയാൻ മാത്രം എൻ്റെ കുഞ്ഞു മനസ്സ് വളർന്നിരുന്നില്ല.
ക്രമേണ യാത്രകളെ ഒരു പാട് ഇഷ്ടപ്പെട്ടു തുടങ്ങി. ഓരോ യാത്രയും തുടങ്ങുമ്പോഴും ഉടനെ ഒന്നും തീർന്നു പോകരുതേ എന്നായിരുന്നു എൻ്റെ ആഗ്രഹം. അങ്ങനെ വർഷങ്ങൾ കടന്നു പോയപ്പോൾ സ്കൂൾ പഠനവും പ്രീ ഡിഗ്രി പഠനവും പൂർത്തിയാക്കി. കലാലയത്തിൽ ബിരുദം എടുത്തപ്പോൾ ഹോസ്റ്റലിൽ ആയിരുന്നു എന്റെ താമസം. അവിടെ നിന്നും വീട്ടിലേക്കുള്ള ഓരോ പോക്ക് വരവുകളും എനിക്ക് ചെറിയ യാത്രകൾ തന്നെ ആയിരുന്നു.
വർഷങ്ങൾ കടന്നു പോയപ്പോൾ ജീവിത യാത്രയുടെ അർത്ഥ തലങ്ങളും മാറിക്കൊണ്ടിരുന്നു. അങ്ങനെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ എത്തിച്ചേർന്നത് കടത്തനാടൻ കളരിയുടെ ഈറ്റില്ലമായ വടകരയിൽ. അതിനു ശേഷമുള്ള ഓരോ യാത്രകളും വളരെ വളരെ വലുതായിരുന്നു. ഇടയ്ക്കിടെ ഒരു പാടു ഉല്ലാസ യാത്രകളും കടന്നുവന്നു. ഈ യാത്രയുടെ ഒഴുക്കിനിടയിൽ പതിനൊന്നു മാസം ഹൈദ്രാബാദിൽ താമസിക്കേണ്ടി വന്നു. അവിടെ നിന്നും പലപ്പോഴും നാട്ടിലേക്കു ഉള്ള ട്രെയിൻ യാത്രകൾ എല്ലാം തന്നെ വെസ്റേൺ ഗാട്ട്സ് പർവത നിരകൾക്കു ഇടയിലൂടെ ഉള്ള കൺ കുളിർമ നൽകുന്ന യാത്രകൾ തന്നെ ആയിരുന്നു.
അവിടെ നിന്നും പിന്നീട് ബാംഗ്ലൂർലേക്ക് ഒരു സ്ഥലമാറ്റം. ഇടയ്ക്കു നാട്ടിലേക്കും നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്കുമായി വീണ്ടും യാത്രകൾ തന്നെ. കുറച്ചു വര്ഷങ്ങള്ക്കു ശേഷം ഹജ്ജും ഉംറയും ചെയ്യാൻ, അള്ളാഹു വിൻറെ അതിഥിയായിട്ടു മക്കയിൽ പോകാൻ ഉള്ള അവസരം ലഭിച്ചു. അൽഹംദുലില്ലാഹ് ….
ജീവിതത്തിൽ ഇത് വരെ പോയതിൽ വെച്ച് ഏറ്റവും മനോഹരമായ, ചരിത്രം മനസ്സിൽ ഓർമ്മ പെടുത്തി കൊണ്ട് ആത്മാവിനെ ശുദ്ധീകരിച്ച യാത്ര തന്നെ ആയിരുന്നു അത്.
ജീവിതത്തിന്റെ മനോഹരമായ ഒഴുക്കിൽ വർഷങ്ങൾ പിന്നെയും കടന്നു പോയി, അതിനിടയിൽ വീണ്ടും ഞങ്ങളെ തേടി അതി വിദൂരമായ യാത്രക്ക് അവസരം ലഭിച്ചു, ആ യാത്രയിൽ ഞങ്ങൾ എത്തിച്ചേർന്നത്, അമേരിക്കയിലെ കാലിഫോർണിയയിൽ. ആംഗലേയ ഭാഷ സാഹിത്യത്തിലെ കവിയായ റോബർട്ട് ഫ്രോസ്റ്റ് ന്റെ വരികൾ -’Miles to go before i sleep and miles to go before i sleep’ എന്ന് കുറിച്ച് കൊണ്ട് ഞാൻ നിർത്തുന്നു.
സയറ ഫാത്തിമ കെ. കെ
കാലിഫോർണിയ


4 Comments
ആഹാ… നല്ല എഴുത്ത്
വായിച്ചു കൊതി തീർന്നില്ല. അരീകോടും കുട്ടിക്കാലവും ഒക്കെ ഇനിയും എഴുതണം. പാവാടയിട്ട് സ്കൂളിൽ വരുന്ന സയറയെ കണ്ണിൽ ഇപ്പോഴും കാണുന്നു.
Beautifully written…keep on writing…may there be so many beautiful journeys ahead for you to explore
Thank you so much.