ഞാൻ ആദ്യമായി ആ വീട്ടിൽ ചെല്ലുമ്പോൾ, അവൾ ചുമരിലേക്കു കണ്ണുനട്ട് ഒരു പ്രതിമ കണക്കെ ഇരിക്കുകയായിരുന്നു. ഞങ്ങളുടെ വരവ് അവളറിഞ്ഞിട്ടേയില്ല. മുടി പറ്റെ വെട്ടി, മുഖത്തും കൈകാലുകളിലും മുറിവുണങ്ങിയ വടുക്കളുമായി നിർജ്ജീവമായ കണ്ണുകളുമായി ഒരു പെൺകുട്ടി. അവളെ, ‘സാറാ’ എന്ന പേരിലവർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. പേരു വിളിച്ചിട്ടും ഒന്നനങ്ങുകയോ, ആ നോട്ടം ഒരുനിമിഷത്തേക്കുപോലും മാറ്റുകയോ അവൾ ചെയ്തില്ല.
ദേഹം മുഴുവൻ അടിയേറ്റുതിണർത്ത പാടുകളുമായി ആ പെൺകുട്ടിയെ ആ വീട്ടിലെത്തിച്ചത് ഏതോ ഒരു നല്ല മനുഷ്യനായിരുന്നു. ഒരു പത്തു പതിനാറു വയസ്സുവരുന്ന ഒരു കുട്ടി. ഏതോ ഒരു ബസ്സ്റ്റാൻഡിൽ ആരോരുമില്ലാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അവൾ പേടിയോടെ കൂനിക്കൂടിയിരുന്നിരുന്നു. ദേഹം മുഴുവൻ പൊട്ടി ചോരയൊലിപ്പിച്ച്, ഒന്നു കരയാൻ പോലുമറിയാതെ, അവൾ ലോകത്തെ തുറിച്ചുനോക്കി. പലരും അവളെ അറപ്പോടെ നോക്കി കടന്നു പോയി. ചിലർ അങ്ങനെ ഒരു ജന്മം അവിടെ ഇരിപ്പുണ്ടെന്നുപോലും കണക്കാക്കാതെ അവരവരുടെ ലോകത്തിൽ മുഴുകി. മറ്റു ചിലർ അവളുടെ വളർന്ന ശരീരത്തെ കണ്ട് കൊതിപിടിച്ചു. അതിനിടയിൽ എപ്പോഴോ ആണ് മനസ്സാക്ഷി മരവിക്കാത്ത ആ നല്ല മനുഷ്യൻ അവളെ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.
ബാംഗ്ലൂരിൽ, നഗരത്തിൽനിന്നും വളരെ മാറി, നഗരത്തിന്റെ പൊങ്ങച്ചങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ആ ഇരുനിലവീടിനെ ‘വീട്’ എന്നു തന്നെയാണ് വിളിക്കേണ്ടിയിരുന്നത്. അനാഥാലയമെന്നോ, ചെഷയർ ഹോം എന്നോ ഒന്നുമല്ല. ഒരച്ഛനും അമ്മയും, ജന്മംകൊണ്ട് അവരുടേതായ ഒരാൺകുട്ടിയും പെൺകുട്ടിയും, ജന്മം കൊണ്ട് അവരുടേതല്ലാത്ത, കർമ്മംകൊണ്ടുമാത്രം അവരുടേതായ മുപ്പതോളം ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ആ വീടിനെ വീടെന്നും കുടുംബം എന്നും തന്നെയല്ലേ വിളിക്കേണ്ടത്! അനാഥാലയം എന്നു പേരിടാൻ അവരാരും അനാഥരായിരുന്നില്ലല്ലോ! മിക്കവരുടെയും അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടായിരുന്നു. എങ്കിലും അവർ തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരായിരുന്നു. കുറേപ്പേരെ വളർത്താൻ വഴിയില്ലാതെ അമ്മമാർ തന്നെ അവിടെക്കൊണ്ടു വിട്ടു. ഓരോ കുഞ്ഞുങ്ങൾക്കും ഓരോ കഥ പറയാനുണ്ടായിരുന്നു. അതിജീവനത്തിന്റെ കഥ.
കള്ളു കുടിച്ചു വെളിവില്ലാതെ നടക്കുന്ന അമ്മയുള്ള, അച്ഛൻ ആരെന്നറിയാത്ത ജസ്റ്റിൻ. അവനാണ് ആ വീട്ടിലെത്തിയ ആദ്യത്തെ കുട്ടി. വർഷങ്ങൾക്കുമുമ്പേ നഗരത്തിലെ ചേരിയിൽ സോഷ്യൽ വർക്കിനെത്തിയ ആ വീട്ടിലെ ‘അമ്മ’, അവിടെനിന്ന് കണ്ടെടുത്ത മാണിക്യമായിരുന്നു അവൻ. ചേരിയിലെ ഒരു വീട്ടിൽനിന്ന് ഇടതടവില്ലാതെ എത്തിയ കുഞ്ഞിന്റെ കരച്ചിലാണ് അവരെ അവിടെയെത്തിച്ചത്. ചേറിലും മണ്ണിലും പിരണ്ട് മെലിഞ്ഞവശനായ ഒരു രണ്ടു വയസ്സുകാരനായിരുന്നു അത്. അവൻ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ ആയിരുന്നു. അവന്റെ അമ്മ മദ്യപിച്ചു ബോധമില്ലാതെ ഒരു മൂലയിൽ കിടന്നിരുന്നു. ആ കാഴ്ച അവരുടെ ഹൃദയത്തെ നുറുക്കി. അവരുടെ മോനും ഏകദേശം അതേ പ്രായമായിരുന്നു. അന്നവർ ആ കുഞ്ഞിനെയെടുത്ത് കൂടെക്കൂട്ടി സ്വന്തം മോന്റെ കൂടെ ഊട്ടി. പലവട്ടം അവന്റെ അമ്മയെത്തേടിച്ചെന്നെങ്കിലും അങ്ങനെ ഒരു മകൻ ഇല്ലെന്നായിരുന്നു അവരുടെ നിലപാട്. അവർക്കവനെ ആവശ്യമില്ലായിരുന്നു. അന്നുമുതൽ അവൻ ആ വീട്ടിലെ അംഗമായി മാറി. അവൻ ഇപ്പോൾ വളർന്ന് പതിനെട്ടുകാരനായി. കോളേജിൽ പോകുന്നവൻ. എല്ലാവരുടെയും വല്യേട്ടൻ.
ജനിച്ചത് പെൺകുട്ടികളാണെന്നറിഞ്ഞ് ആദ്യത്തെ നാലു കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയ, പണക്കാരനായ അച്ഛന്റെ മകൾ, രേഷ്മ. ഈ കുഞ്ഞിനെയും അയാൾ വെറുതെ വിടില്ലെന്നറിഞ്ഞു തകർന്നടിഞ്ഞ അമ്മമനം, ആരുടെയോ കൈകളിലേല്പിച്ച് രക്ഷപ്പെടുത്തിയ കുഞ്ഞു രേഷ്മ. അവളാണ് അവിടെയെത്തിയ അവസാനത്തെ കുട്ടി.
അങ്ങനെയങ്ങനെ, ചെറുതും വലുതുമായി ഒരുപാട് കഥകൾ… ജീവിതങ്ങൾ…
ആ സ്നേഹവീട്ടിലെ അച്ഛനും അമ്മയും അവരുടെ സ്വന്തം മക്കളെപ്പോലെ തന്നെ, വിരുന്നു വന്നവരെയും വളർത്തി. അവർ ഒരേ പോലുള്ള വസ്ത്രങ്ങൾ ധരിച്ചു. ഒരേ സ്കൂളിൽ പഠിച്ചു; നല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ. അവർ മിടുക്കരായി, ലോകത്തെ അഭിമുഖീകരിക്കാൻ പ്രാപ്തരായി വളർന്നു. ആ അച്ഛനും അമ്മയും അങ്ങനെ വളർത്തി എന്നു പറയാം. കുഞ്ഞുങ്ങളെ നോക്കാൻ ആരെയും കിട്ടാതെ വന്നപ്പോൾ ആ ‘അമ്മ’ നല്ല ശമ്പളമുണ്ടായിരുന്ന ജോലിയുപേക്ഷിച്ചു, മുഴുവൻ സമയ വീട്ടമ്മയായി. നാട്ടിലെ വീടും സ്ഥലവും എല്ലാം വിറ്റുപെറുക്കി. കുറെ സുമനസ്സുകളുടെ സഹായവും അവർക്ക് കിട്ടിത്തുടങ്ങി.
അങ്ങനെയുള്ള ആ കുടുംബത്തിലേക്കാണ്, ആ പെൺകുട്ടി ദേഹം നിറയെ ചോരയും ഒലിപ്പിച്ചു നിഷ്കളങ്ക മുഖവുമായി ഒരു ദിവസം കയറി വന്നത്. വന്നപ്പോഴേ, അവൾ ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണെന്നവർ തിരിച്ചറിഞ്ഞു. നിയമത്തിന്റെ നൂലാമാലകൾ പേടിച്ച് അവർ ആദ്യം അവളെ സ്വീകരിക്കാൻ മടിച്ചു. എന്നാലും അവളുടെ രൂപവും അവസ്ഥയും എല്ലാവരുടെയും ഉള്ളുലച്ചു. ‘അമ്മ’ അവളെ രണ്ടു കൈയുംനീട്ടി സ്വീകരിച്ചു.
‘നിൻ ഹെസറു ഏനു? ഊരെല്ലി? ‘
‘നിന്റെ പേരെന്താണ്? നാടേതാണ്?’
എല്ലാത്തിനുംകൂടെ അവൾക്ക് ഒരേയുത്തരമേ ഉണ്ടായിരുന്നുള്ളു.
“ശാപമ്മ..”
ആ ഉത്തരത്തിൽനിന്നും എല്ലാർക്കും ഒരു കാര്യം മനസ്സിലായി. അവൾ അവളുടെ വീടിന്റെയും നാടിന്റെയും ശാപമായി വളർന്നവളാണ്. അവളുടെ മനോനില അവർ ശാപമായി കരുതിയിരുന്നു.
അവർ ശാപമ്മയെ ശാപമോക്ഷം നൽകി, കുളിപ്പിച്ചു പുത്തനുടുപ്പിടീച്ചു ‘സാറ’യാക്കി. അവളുടെ ശരീരം മുഴുവൻ പൊള്ളിയതിന്റെയും മുറിഞ്ഞതിന്റെയും വടുക്കളായിരുന്നു. ഇട്ടിരുന്ന പാവാട ശരീരത്തിൽ ചേർന്ന്, വലിഞ്ഞുമുറുകി ആ ഭാഗം മുഴുവൻ അഴുകിയിരുന്നു. അത് അഴിച്ചെടുക്കാൻ ചെന്നവരെ അവൾ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. അവൾക്കെല്ലാവരെയും ഭയമായിരുന്നു. ആരെയും അടുത്തേക്ക് പോവാൻ സമ്മതിച്ചില്ല. ഇടയ്ക്കിടെ അക്രമാസക്തയായി.
മൈസൂറിനടുത്തുള്ള ഒരു ഗ്രാമത്തിലെ വലിയ ജമീന്ദാരാണ് ശാപമ്മ എന്ന സാറയുടെ അച്ഛൻ. കോടീശ്വരൻ.. ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ തുടങ്ങിയ അവളുടെ അച്ഛന്റെ അരിശം, അവൾ അസുഖക്കാരിയാണെന്നറിഞ്ഞതോടെ ഇരട്ടിയായി. വീട്ടുകാർചേർന്ന് അവളെ ഇരുട്ടറയിലടച്ചു. ആ ഗ്രാമത്തിൽ വരൾച്ചവന്നാലും വെള്ളപ്പൊക്കംവന്നാലും കാറ്റുവന്നാലും കൃഷി വല്ല കാട്ടുമൃഗങ്ങളും നശിപ്പിച്ചാലും എല്ലാം വീട്ടുകാർ അവളെ കുറ്റപ്പെടുത്തി. ദേഹോപദ്രവം ഏൽപ്പിച്ചു. അവളുടെ ശപിക്കപ്പെട്ട ജന്മമാണ് ആ നാടിന്റെ ശാപം എന്നവർ വിശ്വസിച്ചു. എല്ലാവരും അവളെ ശാപമ്മ എന്നു വിളിച്ചു. വീടിനും നാടിനും ശാപമായവൾക്ക് വേറെ എന്ത് പേരു വിളിക്കാൻ! എന്തിനും ഏതിനും അവളെ ഉപദ്രവിക്കുക അവരുടെ ശീലമായി. എന്നോ ഒരു ദിവസം സഹികെട്ട് അവളെ അവിടെ നിന്നും അടിച്ചിറക്കി നാടുകടത്തി. അങ്ങനെ അവൾ തെരുവിലായി. ദിവസങ്ങളോളം അവൾ തെരുവിലലഞ്ഞു. പട്ടിണികിടന്ന് വിവശയായി.
കുളിക്കണമെന്നോ, കുളിച്ചാൽ വസ്ത്രം മാറി പുതിയത് ധരിക്കണമെന്നോ അറിയാത്ത, സാനിറ്ററി പാഡ് കൈയിൽ കിട്ടിയാൽ പിച്ചിക്കീറി കളിക്കുന്ന, ചെയ്യുന്ന ജോലി എന്തായാലും ഒരു ദിവസം മുഴുവനും ചെയ്തോണ്ടിരുന്ന സാറായിൽനിന്നും പുതിയൊരു സാറയിലേക്ക് അവൾ മാറുകയായിരുന്നു. ‘അമ്മ’ അവളെ കൂടെക്കൊണ്ടുനടന്നു. അവളുടെ എല്ലാ കാര്യങ്ങൾക്കും ഓടിയെത്തി. അവൾ ചെയ്യുന്ന ഓരോ പുതിയ കാര്യങ്ങളെയും പ്രോത്സാഹിപ്പിച്ച് ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അവർ അവളെ പരിചരിച്ചു. കാണുന്നവരൊക്കെ, ശാപവാക്കുകൾ പറഞ്ഞും ഉപദ്രവിച്ചും കൊണ്ടിരുന്ന വീട്ടിൽനിന്നും, സ്നേഹംമാത്രമുള്ള പുതിയ വീട്ടിലേക്ക് അവൾക്കുള്ള ദൂരം വലുതായിരുന്നു. അവൾ, അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് പതിയെപ്പതിയെ ആ ദൂരം താണ്ടിത്തുടങ്ങി.
അവൾ പുതിയ വീടിനെയും, അച്ഛനമ്മമാരെയും, സഹോദരങ്ങളെയും ഒക്കെ മെല്ലെമെല്ലെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു. അവളുടെ ശരീരത്തിനും അതിലേറെ മനസ്സിനും ഏറ്റ മുറിവുകൾ പൂർണ്ണമായും കരിഞ്ഞു. എല്ലാവരുമായും കൂട്ടുകൂടിത്തുടങ്ങി. മറ്റുള്ളവരോടൊപ്പം അവളുടെ പൊട്ടിച്ചിരികളും അവിടെ അലയടിച്ചുതുടങ്ങി.
അടുത്തവട്ടം ഞാൻ അവിടെയെത്തുമ്പോൾ സാറ ഒരുപാട് മാറിയിരുന്നു. നാലഞ്ചുമാസംകൊണ്ട് ഇത്രയും മാറ്റം ആ കുട്ടിയിൽ വരുത്താൻ എന്തു മായാജാലമാണ് ആ വീട്ടിലുള്ളതെന്ന് ഞാൻ അത്ഭുതപ്പെട്ടു. സ്നേഹം.. അലിവ്.. കരുണ.. ഇതു മാത്രമായിരുന്നു അതിനുള്ള ഉത്തരം.
സാറ പതിയെപ്പതിയെ സംസാരിച്ചു തുടങ്ങിയിരുന്നു. എന്തുചോദിച്ചാലും അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് എപ്പോഴും അമ്മയെ ഉമ്മവച്ചുതലോടി അമ്മയോടു ചേർന്നുനിന്നു. അച്ഛന്റെ കൈയിൽ തൂങ്ങിനടന്നു. അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആ അച്ഛനും അമ്മയും അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. മറ്റുള്ള കുട്ടികളും അവളെ അവരിൽ ഒരാളായി കൂടെച്ചേർത്തിരുന്നു. അവളുടെ സഹോദരങ്ങളോടൊപ്പം സ്‌കൂളിൽ പോവുന്നതാണ് ഇപ്പോൾ അവളുടെ ഏറ്റവും വലിയ ആഗ്രഹം എന്ന് ആ അച്ഛൻ അഭിമാനത്തോടെ അവളെ ചേർത്തുപിടിച്ചുപറഞ്ഞപ്പോൾ അവൾ നാണംകൊണ്ട് തുടുത്തു.
സാറയുടെ ചിരി കാണുമ്പോൾ എന്തിനെന്നറിയാതെ ഞാൻ കരയുകയായിരുന്നു. അവളെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരുമ്മകൊടുത്ത്, ആ അച്ഛനെയും അമ്മയെയും തൊഴുകൈകളോടെ നോക്കിനിൽക്കാനല്ലാതെ എനിക്കപ്പോൾ വേറൊന്നിനും ശക്തിയില്ലായിരുന്നു.
#എന്റെരചന #അതിജീവിതർ


1 Comment
Brilliant