ആശുപത്രിയിലെ അവസാനബില്ലുമടച്ച് സഞ്ചിയിലുള്ള സാധനങ്ങൾ ഒരു കയ്യിലും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ മറുകയ്യിലും പിടിച്ച് നിസ്സഹായത നിറഞ്ഞ മുഖവുമായി വർഷങ്ങൾക്ക് മുമ്പ് ആ ആശുപത്രിയുടെ പടികളിറങ്ങുമ്പോൾ അവളെ കാത്തു മുറ്റത്തെ ആംബുലൻസ്സിൽ ജീവിതത്തിൽനിന്നും സ്വയം ഒളിച്ചോടി നിർജീവമായികിടക്കുന്ന ഒരു ശരീരവും ,ജപ്‌തിയാകാൻ സീലൊട്ടിച്ചുപോയ പൊട്ടിപ്പൊളിഞ്ഞ വീടും ,വീട്ടിയാൽ തീരാത്ത കട ബാധ്യതകളും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു.
കണ്ണുനീരിന്റെ പെരുമഴയിൽ നനഞ്ഞുകുതിർന്ന അവരെയും കൊണ്ട് ആംബുലൻസ് മുന്നോട്ട് ചലിച്ചപ്പോൾ തന്റെ കയ്യിലെ അവസാന ആശ്രയമായ താലിയിൽ അവൾ മുറുകെ പിടിച്ചിരുന്നു.
അവൾക്കിരുവശങ്ങളിലായി ഒന്നുമറിയാത്ത പിഞ്ചുപൈതങ്ങളും. മുന്നോട്ടുള്ള ജീവിതയാത്രയിലേക്കുള്ള വഴിയറിയാതെ മരവിച്ചിരിക്കുന്ന അമ്മയെനോക്കി അവരുടെ മനസ്സിലും നൂറു ചോദ്യങ്ങൾ ഉയർന്നിരിക്കാം. അകാലത്തിൽ വിധവയായ അവൾക്ക് കരഞ്ഞിരിക്കാൻ സമയമില്ലായിരുന്നു. ജീവിതത്തിൽനിന്നും ഭയന്നോടി തന്റെ മക്കളെ അനാഥമാക്കാനും. വിശന്നു കരയുന്ന മക്കൾക്ക് ഒരു നേരമെങ്കിലും വയറുനിറയെ ഭക്ഷണം നൽകാനുള്ളവക കണ്ടെത്തുക എന്നതായിരുന്നു അവളുടെ ആദ്യലക്ഷ്യം അതിനു വേണ്ടി അടുത്തുള്ള പണക്കാരുടെ വീട്ടിൽപോയി സഹായിച്ചാൽ തുച്ഛമായികിട്ടിയിരുന്ന കൂലികൊണ്ട് സാധിച്ചിരുന്നുവെങ്കിലും ദിനംപ്രതി കടന്നുവരുന്ന കടക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവും ജപ്തി നോട്ടീസൊട്ടിച്ചു പോയ വീടും അവൾക്ക് മുമ്പിൽ ചോദ്യചിഹ്നങ്ങളായി വട്ടമിട്ടു പറന്നു കൊണ്ടിരുന്നു.
തന്റെ അവസ്ഥ മനസ്സിലാക്കി നാട്ടുകാർ സഹായിച്ച കുറച്ചു തുക കൊണ്ടടച്ചു ജപ്തി ഒഴിവായെങ്കിലും ബാങ്കിലടക്കാനുള്ള ഭീമമായ തുക വീണ്ടും അവളെപ്പോലെയുള്ള ഒരു പെണ്ണിന് താങ്ങാനാവുന്നതായിരുന്നില്ല. ഒരു വിധവയുടെ എല്ലാ പരിമിതകളും അവൾക്കുണ്ടായിരുന്നു. പുറത്തിറിങ്ങിയാൽ തുറിച്ചുനോട്ടക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം.
വിധവയായിട്ടും വീടിനകത്തു കരഞ്ഞിരിക്കാതെ പുറത്തു കറങ്ങി ജീവിതം ആസ്വദിച്ചു നടക്കുകയാണെന്നു പറഞ്ഞു പരത്താനും പ്രവർത്തിക്കാനും മടിയില്ലാതെ സദാചാര പൊലീസിങ് ചമയുന്ന നാട്ടുകാർക്കിടയിൽ തന്റെ മക്കളുമൊത്തു പിടിച്ചുനിക്കാൻ ഒരു വഴിയുമില്ലാതെ വന്നപ്പോഴായിരുന്നു വീടിനടുത്തു സ്റ്റിച്ചിങ്യൂണിറ്റ് നടത്തുന്ന ചേച്ചിയുടെ സഹായം തേടേണ്ടി വന്നതും കനിവുള്ള ആ സ്ത്രീ സഹായിക്കാനായി മുന്നോട്ട് വന്നതും. രാവിലെ ചുറ്റുമുള്ള വീടുകളിലുള്ള പണികൾ തീർത്ത് വീട്ടിൽ സ്വന്തം മക്കൾക്കുള്ള ഭക്ഷണവും മറ്റും തയ്യാറാക്കി സ്റ്റിച്ചിങ് യൂണിറ്റിലേക്കുള്ള ഓട്ടമാണ്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള വിശ്രമമില്ലാത്ത തയ്യലുമായി ജീവിതം കൊണ്ടുപോയിട്ടും കരക്കടുപ്പിക്കാൻ പറ്റാത്ത തോണിപോലെ ഓളങ്ങൾക്കുമീതെ ഒഴുകുകയായിരുന്നു.
ബാങ്കിലടക്കാനുള്ള തുകയിലേക്കു ഒന്നും അടക്കാനാകാതെ പലിശയും മുതലും കൂടിക്കൊണ്ടിരുന്നു. അതിനിടയിൽ കുട്ടികളെ സ്കൂളിൽക്കൂടി ചേർത്തു പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ വരവിനെക്കാള്‍ കൂടുതൽ ചിലവുമയി ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ കഷ്ടപ്പെടുമ്പൊളായിരുന്നു ദൈവതൂതനെപ്പൊലെ അവർ മൂന്നിലെത്തിയത്. തൊട്ടടുത്തു പണിക്കുപോകുന്ന വീട്ടിലെ അപ്പച്ചനും അമ്മച്ചിയുമായിരുന്നത്. തന്റെ കഷ്ടപ്പാടറിഞ്ഞു ദൈവംപറഞ്ഞു വിട്ടവരെന്നാ അവൾ ഇന്നും വിശ്വസിക്കുന്നത്. കാരണം ബാങ്കിൽ അടക്കാനുള്ള തുകയുടെ പകുതിയോളം അവർ കടമായിട്ടാണെങ്കിലും ഒരുമിച്ചടച്ചു സഹായിച്ചു പകരം വീടുപണി ചെയ്തു തീർത്താൽ മതിയെന്നായിരുന്നു അവരുടെ ആവശ്യം. ഇരുളടഞ്ഞ തന്റെ ജീവിതത്തിലെ ചെറുതിരിനാളമായിരുന്നു അന്നവൾക്കത്.
വർഷങ്ങൾ പലതും കടന്നുപോയിരുന്നു. വീട്ടുപണിയും തയ്യലുമായി ജീവിതം തട്ടിമുട്ടി മുൻപോട്ട് തള്ളിനീങ്ങിക്കൊണ്ടിരുന്നു. പഠിക്കാൻ മിടുക്കരായിരുന്ന തന്റെ രണ്ടുപെണ്മക്കൾ മാത്രമായിരുന്നു അവളുടെ ഏകആശ്വാസം. അതിനിടയിൽ മിച്ചംവെച്ചു മിച്ചംവെച്ചു സ്വന്തമായി ഒരു തയ്യൽ മെഷീൻ വാങ്ങി ബാക്കിയുള്ള സമയം വീട്ടിൽ വെച്ചും തയ്യൽ ആരംഭിച്ചിരുന്നു. സ്റ്റിച്ചിങ്ങിലുള്ള അവളുടെ കഴിവിനെ തോൽപ്പിക്കാൻ കൂടെയുള്ളവർക്കാർക്കും കഴിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ തയ്യലിനായ് കൂടുതലാളുകളും തേടിവരുന്നത് അവളെയായിരുന്നു. പാതിരാത്രിവരെ ഉറക്കം പോലുമില്ലാതെ നീണ്ടുനിൽക്കുന്നജോലി
ഒറ്റക്കു ചെയ്തുതീർക്കാൻ പറ്റാതെ വന്നപ്പോൾ മാത്രമായിരുന്നു ഒരാളെക്കൂടി സഹായത്തിനുവെച്ചത്. എങ്ങനെയെങ്കിലും കടബാധ്യത തീർത്ത് സമാധാനമായി ഒരുരാത്രി തന്റെ മക്കളോടൊപ്പം കിടന്നുറങ്ങണമെന്ന ഒരെറ്റമോഹം മാത്രമായിരുന്നു അന്നവൾക്ക് . തയ്യലിൽനിന്നു കിട്ടുന്ന വരുമാനം മെല്ലെകൂടി വന്നപ്പോൾ തന്നെ വീട്ടിൽ തേടിവന്നു ശല്യംചെയ്തിരുന്ന ആളുകളുടെ പണംകൊടുത്തു തീർത്തിരുന്നു.
അതിനിടയിൽ മൂത്തമകളെ നഴ്സിങ്ങിന് ചേർത്തു പഠിപ്പിച്ചു. ജോലി ലഭിച്ചു, മകളുടെ ശമ്പളവും തയ്യിലിൽനിന്നു കിട്ടുന്ന തുകയുംകൂട്ടി കുറേശെ അടച്ചുതീർത്തു ബാങ്കിലെ ബാധ്യതയും തീർത്ത് വീടിന്റെആധാരം തിരിച്ചെടുത്തു. മകൾക്കു ജോലി ലഭിച്ചപ്പോൾ വീട്ടുപണിക്ക് പോയിരുന്നത് നിർത്തിവെച്ചു . തയ്യൽപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
പണംതന്നു സഹായിച്ച അമ്മച്ചി ജീവൻ വെടിഞ്ഞു അപ്പച്ചനെ തനിച്ചാക്കി പോയെങ്കിലും അദ്ദേഹത്തെ ദൈവത്തെപോലെ കണ്ടു ശുശ്രുഷിക്കാൻ അവൾ തിരക്കിനിടയിലും സമയം കണ്ടെത്തിയിരുന്നു. ഇന്നവൾക്ക് സ്വന്തമായി രണ്ടു സ്റ്റിച്ചിങ്‌യൂണിറ്റുകളുണ്ട് . അതിൽ തന്നെപ്പോലെ ജീവിതപ്രതിസന്ധി അനുഭവിക്കുന്ന പത്തോളം ജോലിക്കാരും. പൊട്ടിപൊളിഞ്ഞു നിലംപൊത്താനായി നിന്നിരുന്ന വീടിന്റെ സ്ഥാനത്ത് ഇന്ന് മനോഹരമായ ഇരുമുറികളുള്ള വാർപ്പുവീടും ചുറ്റും വിവിധ നിറത്തിലുള്ള പനിനീർപ്പൂക്കളുള്ള ചെറിയ പൂന്തോട്ടവും കാണാം.
വർഷങ്ങൾക്കുമുമ്പ് ആംബുലൻസിൽ തനിക്കിരുവശം മരവിച്ചിരുന്ന രണ്ടുമക്കളിൽ ഒരാൾ എഞ്ചിനിയറും മറ്റൊരാൾ നഴ്സുമായി അമ്മയുടെ കൈകൾക്ക് കരുത്തുപകരുന്നു. പ്രതിസന്ധികളിൽ താങ്ങാവാതെ നടുക്കടലിൽ ഒറ്റക്കാക്കി ജീവിതത്തിൽ നിന്നും ഒളിച്ചോടിയ തന്റെ ഭർത്താവിനെയോർത്ത് മാത്രം അവൾ സഹതപിച്ചു.
വർഷങ്ങളായി അവളെ പിന്തുടർന്ന സാമ്പത്തിക ബാധ്യത അതിജീവിച്ചു ഇന്നവൾ സ്വന്തമായി പടുത്തുയർത്തിയ പുതിയ ജീവിതം സമാനമായി കഷ്ടപ്പെട്ടു ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നവർക്കുള്ള മാതൃകയും പ്രചോദനവുമാണ്.
ഒരു വിധവയുടെ എല്ലാ വേദനയും സങ്കടങ്ങളും അവൾക്കുണ്ടായിട്ടു കൂടി നിരാലംബയായി തളർന്നിരിക്കാതെ ഒറ്റക്ക് തുഴഞ്ഞുകയറി ജീവിതത്തെ കരക്കടുപ്പിച്ച അവളല്ലേ യഥാർത്ഥ അതിജീവിത?
അതെ അവൾ ഒരുപാട് അതിജീവിതരിൽ ഒരുവൾ.
പ്രതിസന്ധിയിൽ തളരാതെ ജീവിതത്തോട് പൊരുതി വിജയം കൈവരിച്ചവൾ. അപ്പോഴും ജീവിതത്തിലെ അവസാന സമ്പാദ്യമായി തനിക്കുതന്നുപോയ ആ താലിയെ അവൾ ഭദ്രമായിസൂക്ഷിച്ചിരുന്നു.
റംസീന നാസർ
#എന്റെരചന
#അതിജീവിതർ


6 Comments
വളരെ ഭംഗിയായി എഴുതിയിട്ടുണ്ട്👌👌☺️
ശുഭപ്രതീക്ഷകൾ നൽകുന്ന ജീവിതം.
👍
നന്ദി ഫാത്തിമ വായനക്കും അഭിപ്രായത്തിനും 🥰🙏
thank u joyce 🥰🥰🙏
നല്ല കഥ 👌👌
thank u silvy cheechi 🥰🥰🥰🤗