എന്തൊരിരുട്ടാണ്… ദേഹം മുഴുവൻ പൊടി മൂടി. കണ്ണുതുറക്കാൻ പറ്റുന്നേയില്ല. ഒന്നു പുറത്തിറങ്ങിയിട്ട് എത്ര കാലമായി…
ർ… ർ… അലമാര തുറക്കുന്ന ശബ്ദം.
” ചേച്ചീ… ഈ കളിപ്പാട്ടങ്ങളൊക്കെ എടുത്തു മാറ്റട്ടെ? ഇതൊക്കെ വേണ്ടതാണോ? ”
അതാരുടെ ശബ്ദമാണ്?
കേട്ടു നല്ല പരിചയം തോന്നുന്നല്ലോ.
അലമാര തുറന്നു. വെളിച്ചം കണ്ണുകളിലേക്കുതുളച്ചുകയറുന്നു. വളരെ പ്രയാസപ്പെട്ടാണ് കണ്ണുകൾ തുറന്നത്. പൊടി തുടച്ചു വൃത്തിയാക്കാൻ വരുന്ന വിജയൻ ചേട്ടനാണ്.
“വിജയാ അതെല്ലാമെടുത്തു താഴെക്കൊണ്ടിട്ടേക്ക്. വെറുതെ സ്ഥലം കളയാൻ വെച്ചിരിക്കുന്നതെന്തിനാ ”
അച്ഛനാണല്ലോ
“അയ്യോ… വിജയാ കളയല്ലേ. എല്ലാം പുറത്തെടുത്തു വെക്ക്. ഞാനങ്ങോട്ടു വരട്ടെ”
അമ്മ ഓടിക്കയറി വരുന്നുണ്ട്.
ഇവരെന്നാണു വന്നത്? കുറെ ദിവസമായി കാണാറേയില്ലായിരുന്നു. തുണി വിരിയ്ക്കാൻ മുകളിൽ വരുമ്പോഴൊക്കെ ഞങ്ങളെ ഒന്നു നോക്കാതെ അമ്മ താഴേക്കു പോകാറില്ല.
“വിജയാ, ഇത് പൊടിതുടച്ച് ഇവിടെ വെച്ചേക്ക്. ഞാനെടുത്തു വെച്ചോളാം. എന്തൊരു പൊടിയാണ് ”
അമ്മ രണ്ടുമൂന്നുവട്ടം തുമ്മി.
” നീയവിടെ ആ പൊടിയിൽ നിൽക്കണ്ട. താഴോട്ടു വാ”
അച്ഛൻ വിളിക്കാൻ തുടങ്ങി. അമ്മയ്ക്ക് അലർജിയുടെ പ്രശ്നം തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ അമ്മ തന്നെ ഞങ്ങളെ തുടച്ചു വൃത്തിയാക്കി വെച്ചേനേ.
ഇങ്ങനെ ആർക്കും വേണ്ടാതെ ഇരിയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പൊടി മാത്രമാണെങ്കിൽ സാരമില്ല. ഇന്നാളൊരു ചിലന്തി വന്നു ദേഹത്തു കയറി. പേടിച്ചു പോയി. സയാമീസ് ഇരട്ട പോലെ കൂടൊരുത്തനുണ്ടെങ്കിലും ഒരുപകാരവുമില്ല. ഏതുനേരവും ഉറക്കം തന്നെ.
പിന്നൊരു ഗുണമുണ്ട്. ചിലന്തിയും പാറ്റയും പല്ലിയുമെല്ലാം വന്ന് മണപ്പിച്ച് തൊട്ടു തടവി അങ്ങു പോകും. ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റാത്തതു കൊണ്ട് ഒരു തട്ടും തന്നിട്ടാണ് ചിലപ്പോൾ പോകുന്നത്. ഇപ്പോൾ നിറയെ പോറലുകൾ വന്ന് തൊലിയൊക്കെ ഇളകിയെങ്കിലും പ്ലാസ്റ്റിക് കൊണ്ടുള്ള ശരീരമായതു നന്നായി.
പണ്ടൊക്കെ അമ്മ ഇടയ്ക്കിടെ ഞങ്ങളെ കുളിപ്പിച്ചു ദേഹമൊക്കെ തുടച്ചു വൃത്തിയാക്കി കൊണ്ടിരുത്തുമായിരുന്നു. അച്ഛൻ കണ്ടാൽ വഴക്കുപറയും.
” നിനക്കു വേറൊരു പണിയുമില്ലേ”
എന്നു ചോദിക്കും.
വല്ലപ്പോഴുമൊന്നു വന്നാൽ ചേച്ചിയ്ക്കും ഒന്നിനും സമയമില്ല. ഓണത്തിനു വന്നപ്പോൾ അമ്മ പറഞ്ഞതാണ്.
“മോളേ… ട്വിൻ ടെഡീസിനെ താഴത്തെ അലമാരയിൽ വെച്ചിട്ടുണ്ട്. കണ്ടോ? ” എന്ന്.
“പിന്നെ നോക്കാം അമ്മാ. എനിക്ക് രണ്ടു പേപ്പർ സബ്‌മിറ്റ് ചെയ്യാനുണ്ട് ” എന്നു പറഞ്ഞ ചേച്ചി പോകുന്നതുവരെ ഞങ്ങളെ തിരിഞ്ഞു നോക്കിയതേയില്ല.
ഈ ചേച്ചിയ്ക്ക് ഏതു നേരവും കംപ്യൂട്ടറിൽ ഓരോന്നു ചെയ്യാനേ സമയമുള്ളു. എപ്പോഴും ഇങ്ങനെ പഠിച്ചു കൊണ്ടിരിക്കാതെ ഞങ്ങളെ ഒന്നെടുത്തു നോക്കിക്കൂടേ?
പണ്ടായിരുന്നു രസം. ചേച്ചി ഞങ്ങളുടെ കഴുത്തിലെചരടിൽ വലിച്ചു കൊണ്ടുനടക്കും. ഞങ്ങൾ കുണുങ്ങിക്കുണുങ്ങി നടക്കുന്നതു പോലെ നന്ദുക്കുട്ടൻ പുറകിലും നടക്കും. അതുകണ്ട് അച്ഛനുമമ്മയും അമ്മച്ചിയും എത്രയാ ചിരിച്ചിട്ടുള്ളത്.
അന്നൊക്കെ നന്ദുക്കുട്ടൻ ചോദിച്ചാൽപ്പോലും ചേച്ചി ഞങ്ങളെ കൊടുക്കില്ല. പിന്നെ അമ്മ വന്ന് പറയുമ്പോഴാണ് കുറച്ചു നേരത്തേക്കു കൊടുത്തിരുന്നത്.
ഇപ്പോൾ ചേച്ചിയ്ക്കും ഞങ്ങളെവേണ്ടാതായി. എന്നാൽ വേറെയാർക്കും കൊടുക്കാൻ ചേച്ചി സമ്മതിക്കുകയുമില്ല. ഒരിക്കൽ നിരഞ്ജന ഞങ്ങളെക്കണ്ടു.
“കുഞ്ഞമ്മേ… എനിക്കു വേണം “എന്നു നിർബ്ബന്ധം പിടിച്ചു കരഞ്ഞിട്ടും കൊടുത്തില്ല.
“വേണ്ട വേണ്ട നീ ചീത്തയാക്കും ” എന്നു പറഞ്ഞ് അലമാര പൂട്ടി വെച്ചു.
അപ്പോൾ ഞങ്ങളോടു സ്നേഹമുണ്ടാവും. അതല്ലേ ആർക്കും കൊടുക്കാത്തത്. എന്നാലും ആ സ്നേഹത്തിലെന്താ കാര്യം? സ്നേഹമുണ്ടെങ്കിൽ ഒരു വട്ടമെങ്കിലും ഒന്നെടുത്തു നോക്കുകയെങ്കിലും ചെയ്യണ്ടേ? ഞങ്ങളുടെ ഒരു യോഗം.
വലുതായപ്പോൾ നന്ദുക്കുട്ടന് സൈക്കിളും ക്രിക്കറ്റ് കളിയും പിന്നെ ബൈക്കും ഒക്കെ മതിയെന്നായി. ഞങ്ങളോട് ഒടുക്കത്തെ പുച്ഛവും. അല്ലെങ്കിലും ഈ ആൺകുട്ടികൾ അങ്ങനെയാണ്. കുറച്ചൊന്നു വലുതായാൽ കളിപ്പാട്ടങ്ങളെയൊന്നും തിരിഞ്ഞു നോക്കില്ല.
ഇപ്പോഴത്തെ കൊച്ചുകുട്ടികൾക്കുപോലും ഞങ്ങളെയൊന്നും ഇഷ്ടമല്ല. അക്കു വന്നപ്പോൾ അമ്മ ഞങ്ങളെ എടുത്തു കൊടുത്തിട്ട് “കളിച്ചോ” എന്നു പറഞ്ഞതാണ്. “എനിക്കു വേണ്ടമ്മച്ചീ ” എന്നു പറഞ്ഞ് എടുത്തൊരേറ്. ആരുടെ ഭാഗ്യം കൊണ്ടാണോ ഒന്നും പറ്റാഞ്ഞത്.
ഞങ്ങളെ ചേച്ചിയുടെ ഒന്നാമത്തെ പിറന്നാളിന് അപ്പൂപ്പൻ വാങ്ങിക്കൊടുത്തതാണെന്ന് അമ്മ എപ്പോഴും പറയും. ഞങ്ങളുടെ ചുവപ്പും മഞ്ഞയും നിറവും മിനുസമുള്ള ശരീരവുമൊക്കെക്കണ്ട് കിലുകിലെച്ചിരിച്ചു കൊണ്ട് കുഞ്ഞിക്കൊലുസും കിലുക്കി ചേച്ചി ഓടി വന്ന്ഞങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ തന്നതൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിലൊരു കുളിരാണ്.
പക്ഷേ… ആ പഴയ കാര്യങ്ങളൊക്കെ ചിന്തിച്ച് ഓർമ്മകൾ അയവിറക്കി ഇങ്ങനെയിരിക്കാമെന്നേയുള്ളു. ആർക്കാ ഞങ്ങളെ വേണ്ടത്? പുതിയ പുതിയ കളികളും കളിപ്പാട്ടങ്ങളുമൊക്കെ വന്നപ്പോൾ ഞങ്ങളെയൊക്കെ എല്ലാവരും ഉപേക്ഷിച്ചു. എല്ലാവർക്കും കാറും ജെസിബിയും ഫയർ എൻജിനുമൊക്കെ മതി. ചിലർക്ക് മൊബൈലിൽ ഗയിം കളിക്കണം.
അപ്പുറത്തെ അലമാരയിലിരിക്കുന്ന കാറ്റർപില്ലറിനേയും തത്തമ്മയേയും നോക്കുമ്പോൾ ശരിക്കും സങ്കടം വരുന്നുണ്ട്. എന്തൊരു ഗമയായിരുന്നു. വെൽവറ്റുടുപ്പുമിട്ട് വലിയ ഭാവത്തിലിരുന്നിട്ട് എന്താ കാര്യം. ഉടുപ്പെല്ലാം മുഷിഞ്ഞു. പൊടി തുടച്ചാലും വൃത്തിയാവുന്നുമില്ല. നിരാശരായി ഇരിക്കുന്നതു കാണാം. അവരെകുറ്റം പറഞ്ഞിട്ട് എന്തു കാര്യം. ഞങ്ങളെല്ലാം ഒരേ തൂവൽപ്പക്ഷികൾ തന്നെ.
വിജയൻ ചേട്ടൻ പോയെന്നു തോന്നുന്നു. ഇനി അമ്മ വന്ന് അലമാരയിലിരുത്തും. വീണ്ടും ഇരുട്ടിൽത്തന്നെ.
ഭംഗിയെല്ലാം പോയ, പൊടിയിൽ മുങ്ങിയ ശരീരവുമായി ഈ അലമാരയ്ക്കുള്ളിൽ ഇനിയെത്ര കാലം? ഒരിയ്ക്കലും മടങ്ങിവരാത്ത ആ നല്ല നാളുകളേക്കുറിച്ചുള്ള മധുരസ്മരണകൾ മാത്രം ബാക്കി. അധികകാലം കഴിയും മുമ്പേ ഞങ്ങൾ ഏതെങ്കിലും ആക്രിക്കടയിലോ ഹരിതകർമ്മസേനയുടെ ചാക്കിലോ ആവും തീർച്ച. അതുവരെ… അതുവരെയെങ്കിലും ഈ സ്വപ്നലോകത്തു കഴിഞ്ഞോട്ടേ.
#എൻ്റെ രചന#കൂട്ടക്ഷരങ്ങൾ


12 Comments
ഓർമ്മകളുടെ മാധുര്യം പങ്കുവയ്ക്കുന്ന, നൊമ്പരത്തിന്റെ മിഴിവുളള ഒരു സുന്ദരമായ എഴുത്താണിത് <3
Thank you dear ❤️
super
Thank you ❤️
അവരുടെ മനസ്സിലിരിപ്പ് തോണ്ടി പുറത്തിട്ടു. കള്ളി 🤣🤣. 👌👌👌👌
😃❤️❤️
നല്ലെഴുത്ത്. ടെഡി ബെയർ കുട്ടൻമാരെ ചേച്ചിയിപ്പോഴും സ്നേഹിക്കുന്നുണ്ട്, അതാണല്ലോ, ആർക്കും ചോദിച്ചിട്ട് കൊടുക്കാതെ സൂക്ഷിച്ചുവെച്ചത്.
ഈ Nostalgic എഴുത്ത് ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചുവെക്കുന്നു.
👏❤
❤️❤️❤️😃
ഒത്തിരി ഇഷ്ടപ്പെട്ടു ഈ ട്വിൻ ടെഡ്ഢി കുട്ടന്മാരെ 🥰👏
❤️😃❤️
Nice
❤️❤️