ഇന്ന് റേഡിയോ ദിനം.
ദിനങ്ങളിൽ സുന്ദരഗാനങ്ങളുടെ മാധുര്യം പകർന്നു തന്ന റേഡിയോ എന്റെ
മാനസതോഴിയായിരുന്നു. ടെലിവിഷൻ വീട്ടിൽ വരുന്നതിനു മുമ്പ് ഗൃഹാങ്കണങ്ങളിലെ താരമായിരുന്നു റേഡിയോ. ടെലിവിഷൻ ഉള്ളപ്പോഴും റേഡിയോ പരിപാടികളുടെ വൈവിദ്ധ്യം അന്ന് ദൂരദർശൻ മാത്രമുള്ളപ്പോൾ ലഭ്യമായിരുന്നില്ല. അളന്നു മുറിച്ചത് പോലെയായിരുന്നു ടീവിയിലെ മലയാളം പരിപാടികൾ. റേഡിയോയിലെ പരിപാടികൾ കേട്ടായിരുന്നു രാവിലത്തെ സമയം പോലും അഡ്ജസ്റ്റ് ചെയ്തിരുന്നത്.
സുഭാഷിതങ്ങൾ, രാവിലത്തെ വാർത്തകൾ, ലളിതസംഗീതപാഠം, കാവ്യാഞ്‌ജലി, ചലച്ചിത്രഗാനങ്ങൾ ഇവയെല്ലാം പശ്ചാത്തലമാക്കിയാണ് രാവിലത്തെ പഠിപ്പും സ്കൂളിലേയ്ക്കുള്ള ഒരുക്കവുമെല്ലാം. ചലച്ചിത്രഗാനങ്ങൾ കഴിഞ്ഞു ഇംഗ്ലീഷ് ന്യൂസ് തുടങ്ങിയാൽ എട്ടു മണിയായി. അതോടെ റേഡിയോ തൽക്കാലം ഓഫ് ആക്കും.പിന്നെ രാവിലത്തെ ഭക്ഷണം കഴിക്കലായി.ചലച്ചിത്രഗാനങ്ങൾ കഴിയുമ്പോൾ മനസ്സിൽ ഒരു സങ്കടം വരും. ഇന്നത്തെപ്പോലെ ഇഷ്ടഗാനങ്ങൾ വിരൽത്തുമ്പിൽ സെർച്ച് ബട്ടണിൽ ഇല്ലാത്ത കാലമാണല്ലോ. കാത്തിരുന്നു കാത്തിരുന്നാണ് ഇഷ്ടഗാനങ്ങൾ റേഡിയോയിൽ വരിക.അതു കൊണ്ട് അതു കേൾക്കാൻ ഒരു മുടക്കവും വരുത്തില്ല.
ഒഴിവുദിവസങ്ങളിൽ ഉച്ചക്ക് ഒരു മണിയോടെ പഠിപ്പ് അവസാനിപ്പിക്കും. ഒരു മണിയുടെ വാർത്ത, അതു കഴിഞ്ഞു ചലച്ചിത്രഗാനങ്ങൾ. അഞ്ചോ ആറോ പാട്ടുകളെ ഉണ്ടാവൂ. എന്നാലും അതു നിധി പോലെ ആസ്വദിച്ചു കേൾക്കും.വെള്ളിയാഴ്ചകളിൽ രാത്രി ഒൻപതു മണിക്ക് തുടങ്ങി ഒരു മണിക്കൂറിൽ അധികം നീണ്ടു നിൽക്കുന്ന ഗാനസല്ലാപം ഉറങ്ങാതെ കേൾക്കും.
മാപ്പിളപ്പാട്ടുകളുടെ താളഭംഗിയും ആദ്യമായി ആസ്വദിച്ചു തുടങ്ങിയത് ശനിയാഴ്ച ഉച്ചകളിൽ റേഡിയോയിൽ നിന്നാണ്.ചലച്ചിത്രശബ്ദരേഖകളിലൂടെ അക്കാലത്തിറങ്ങിയ പല സിനിമകളും കേട്ടിട്ടുണ്ട്. പക്ഷേ എന്തോ അത് അത്ര പ്രിയപ്പെട്ട പരിപാടിയായിരുന്നില്ല.
റേഡിയോ നാടകങ്ങൾ അന്നത്തെ പ്രധാന ആകർഷണം ആയിരുന്നു. രാത്രി കറന്റ് പോയാൽ പിന്നെ പരീക്ഷക്കാലമൊന്നുമല്ലെങ്കിൽ പഠിപ്പില്ല. എല്ലാവരും ഇരുന്നു വെറുതെ വർത്തമാനം പറയും. ആ സമയത്തു റേഡിയോ വയ്ക്കും. അങ്ങനെയാണ് നാടകങ്ങൾ കേൾക്കുക. ഇന്നത്തെ തലമുറയ്ക്ക് കേൾക്കുമ്പോൾ അരോചകമായി തോന്നുമെങ്കിലും അന്നത്തെ ഒരു ജനപ്രിയ പരിപാടി തന്നെയായിരുന്നു അത്. തുടർനാടകങ്ങൾ ആയിട്ടായിരിക്കും സംപ്രേക്ഷണം. അത് കൊണ്ട് മുഴുവനും കേൾക്കാൻ പറ്റാറില്ല. എല്ലാ ദിവസവും കറന്റ് പോകില്ലല്ലോ. ആകാശവാണി തൃശൂർ എന്ന് തുടങ്ങുന്ന അനൗൺസ്മെന്റസ് ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നു. ടിവിയിൽ കൂടുതൽ ചാനലുകളും പിന്നെ കേബിളും ഒക്കെ വന്നെങ്കിലും റേഡിയോടുള്ള പ്രിയം ഒട്ടും കുറഞ്ഞില്ല. ഇപ്പോളും റേഡിയോ കൂടെയുണ്ട്. പക്ഷേ റേഞ്ചിന്റെ പ്രശ്നം കാരണം പലപ്പോഴും കേൾക്കാൻ പറ്റാറില്ല. അത് കൊണ്ട് ഒന്ന് രണ്ടു കൊല്ലമായി വിശ്രമത്തിലാണ്. എന്നാലും എന്റെ പ്രിയകൂട്ടുകാരിയെ എപ്പോഴു എടുത്തു പൊടിതട്ടി വൃത്തിയാക്കാറുണ്ട്. മൊബൈലിൽ എഫ്. എം റേഡിയോ കേട്ടാണ് എന്റെ ദിവസം തുടങ്ങുന്നത്.എന്നാലും പഴയ ആകാശവാണിയുടെ ആകർഷണം അതിനില്ല എന്ന് തോന്നിയിട്ടുണ്ട്.വീട്ടിൽ ബാക്കി ആർക്കും വലിയ പ്രിയമില്ലെങ്കിലും എനിക്കും അച്ഛനുമാണ് റേഡിയോ ഇഷ്ടം. അച്ഛൻ വാങ്ങി തന്ന റേഡിയോ പല തവണ വീടു മാറിയിട്ടും കൂടെ തന്നെയുണ്ട്.പ്രതീക്ഷിച്ചിരിക്കാതെ ഒരു നേരം ഇഷ്ടഗാനങ്ങൾ റേഡിയോയിൽ വരുന്ന സന്തോഷം യൂട്യൂബിൽ നിമിഷങ്ങൾ കൊണ്ട് അവ കിട്ടുമ്പോൾ ഉണ്ടാകാറില്ല.
റേഡിയോയെ പറ്റിപ്പറയുമ്പോൾ ടേപ്പ് റെക്കോർഡറും കാസെസ്റ്റും വിട്ടു കളയാനാവില്ല. ഇപ്പോൾ തികച്ചും അന്യം നിന്നു പോയെന്ന് തോന്നുന്നു പാട്ടിന്റെ കാസെസ്റ്റുകൾ.ആ സ്ഥാനം മൊബൈൽ ഫോണും പെൻഡ്രൈവ് ഇടാവുന്ന മ്യൂസിക് പ്ലയെറും ഒക്കെ കയ്യടക്കിയല്ലോ.കടയിൽ കൊടുത്തു കാസറ്റിൽ പാട്ടുകൾ റെക്കോർഡ് ചെയ്യിച്ചിരുന്നതും വല്ലപ്പോഴും പുതിയ കാസറ്റുകൾ വാങ്ങുന്നതും ഇപ്പോഴത്തെ തലമുറയ്ക്ക് കേട്ടാൽ അത്ഭുതകഥകളായി തോന്നും.
ഇഷ്ടപ്പെട്ട സിനിമയും പാട്ടുമെല്ലാം എളുപ്പത്തിൽ വീട്ടിലിരുന്നു കാണാൻ പറ്റുന്ന ഈ കാലഘട്ടത്തിൽ വളരുന്ന കുട്ടികൾക്ക് ഇതെല്ലാം അതിശയമായി തോന്നുന്നുണ്ടാകും.എന്നാലും എന്റെ മനസ്സിൽ എന്നും നിത്യഹരിതമായി നിൽക്കുന്നു റേഡിയോയും അതിലെ പരിപാടികളും.
ഇന്ന് ഓരോ മണിക്കൂറിലും ചാനലുകളിൽ നിറയുന്ന വാർത്താകോലാഹലങ്ങളും കെട്ടുകാഴ്ചകളും ചർച്ചകളും ദൃശ്യമാധ്യമങ്ങളെയും മാധ്യമപ്രവർത്തനത്തെ തന്നെയും മലീമസമാക്കുമ്പോൾ റേഡിയോയും ദൂരദർശനും തന്നിരുന്ന സന്തോഷങ്ങൾ ഓർമ്മയിലെന്നും മധുരം പകരുന്ന സുന്ദരസ്മരണകളാണ്.

