“മരണത്തിന്റെ അതിരുകൾ മറികടന്ന് ജീവന്റെ വെളിച്ചത്തിലേക്ക് കടക്കുക എന്നത് തന്നെ വിസ്മയമാണ്! അതെ, ഞാൻ അതിലൂടെ കടന്നുപോയവളാണ് — മരണം എന്ന ഇരുണ്ട നിഴലിനെ തുരത്തിയവൾ, പ്രതിസന്ധികളെ തട്ടി തെറിപ്പിച്ചവൾ!”എന്റെ മുന്നിലെ സൂപ്പർ വുമൺ ഞാൻ തന്നെയാണ്…
ഒരിക്കൽ, ജീവിതം എന്നിൽ നിന്ന് കൈവിട്ടുപോയി. അപ്രതീക്ഷിതമായി മരണം എന്റെ ചുറ്റിനും വന്നു മൂടി, എന്റെ ശരീരം മരണത്തെ സ്വീകരിക്കാനൊരുങ്ങി. പക്ഷേ, എവിടെയോ ഒരു വിളി, ഒരു പ്രതീക്ഷ, ഒരു ജ്വാല എന്നിൽ വീണ്ടുമുണർന്നു.
അതെ എന്റെ ഓരോ ശ്വാസവും, ഓരോ ചിരിയും – അതിജീവനത്തിന്റെ തെളിവാണ്…
ഐസിയു ബെഡിൽ കിടക്കുന്ന സമയത്താണ് മരിക്കാൻ പോകുന്നുവെന്ന സത്യം ഞാനറിയുന്നത്.
ഒരു മയക്കത്തിൽ നിന്നുണരുന്ന നേരം നിങ്ങളുടെ കാതുകളിൽ വന്നു വീഴുന്നത് നിങ്ങളുടെ മരണമെന്ന സത്യമെങ്കിലോ…
നമ്മുടെ ഉള്ളിലെയെല്ലാ സ്വപ്നങ്ങളും, ആഗ്രഹങ്ങളുമെല്ലാം ഒറ്റ നിമിഷത്തിൽ ചിതറിപ്പോകും.
അതെ ഒരു നടുക്കത്തോടെ ഞാൻ മനസ്സിലാക്കി എന്റെ ശരീരത്തെ ഒരു രോഗം പ്രണയിച്ചു തുടങ്ങിയിരിക്കുന്നു; ഇനി അതിൽ നിന്ന് എനിക്കൊരു മോചനമില്ലായെന്ന സത്യം.
പിന്നെ മുന്നോട്ടുള്ള ഓരോ നിമിഷവും ആരുണ്ടാകും, ആരില്ലാതാവും എന്നൊക്കെ ജീവിതം തന്നെയെന്നെ പഠിപ്പിച്ചു തന്നു…
അന്നാ ഡോക്ടർമാർ പരസ്പരം പറയുന്നത് ഇന്നും ഒരു ഇടിമുഴക്കം പോലെ എന്റെയുള്ളിലുണ്ട്…
“She can’t survive.. ”
അന്നെന്റെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീരിൽ പോലും എന്റെ മൂന്ന് വയസ്സുകാരന്റെ മുഖമായിരുന്നു…
ചുറ്റിനുമുള്ള ബീപ്പ് ബീപ്പ് ശബ്ദങ്ങൾ, എന്നെ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമങ്ങൾ, അമ്മയുടെ കരച്ചിൽ എല്ലാം കാതുകളിൽ മുഴങ്ങി നിന്നു, ഞാൻ ന്റെ കണ്ണുകൾ ഇറുക്കിയടച്ചു, ഇപ്പോ എന്റെ മുന്നിൽ ഒരു വെള്ളിവെളിച്ചം. ആ വെളിച്ചത്തെ ലക്ഷ്യമാക്കി ഞാൻ നടന്നു. പോകും തോറും എന്റെ ഉള്ളിൽ ഭയം നിഴലിച്ചു നിന്നു. എവിടെ നിന്നോ ഒരു കൈ ന്റെ നേരെ ആരോ നീട്ടി അതിൽ ഞാൻ മുറുകെ പിടിച്ചു.
ഒരു മരണത്തിനും എന്റെ മോളേ വിട്ടു കൊടുക്കില്ല എന്ന ഉറച്ച അച്ഛന്റെ മനസ്സിന്റെ ധൈര്യം എന്നെ ജീവിതത്തിലേക്ക് തിരിച്ചു നടത്തി!
ഓരോ ദിവസവും ഓരോ യുഗങ്ങളായി എനിക്ക് തോന്നി. ഓരോ അനുഭവങ്ങളും ഓരോ പുതിയ പുതിയ പാഠങ്ങൾ ആയിരുന്നു. ആവിടെ കിടന്നാണ് ഞാൻ എന്നെ തിരിച്ചറിഞ്ഞത്.
അങ്ങനെ അങ്ങ് മരിച്ചു അരങ്ങോഴിയേണ്ടവൾ അല്ല ഞാനെന്ന്…
അച്ഛന്റെ ഉറച്ച മനസ്സിലൂടെ, അമ്മയുടെ പ്രാർത്ഥനയിലൂടെ, ഭർത്താവിന്റെ കരുതലിലൂടെ ഞാൻ ജീവൻ തിരിച്ചു പിടിച്ചു…
പിന്നെയും മുൻപോട്ടുള്ള വേദനകളുടെ നാളുകൾ…
ഒരുപാട് മരുന്നുകൾ ഉള്ളിലേക്ക് ചെന്നു ഉള്ളിൽ വളരുന്ന കുഞ്ഞിന്റെ ആരോഗ്യം നന്നല്ലായിരുന്നത് കൊണ്ടു എല്ലാവരും അവനെ വേണ്ടന്നു വെയ്ക്കുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു. ഉള്ളിലെ ജീവന്റെ തുടിപ്പ് നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യമേ ആ നേരവും എന്റെയുള്ളിൽ ഉണ്ടായിരുന്നുള്ളു. ഞാൻ തർക്കിച്ചു, കരഞ്ഞു, വാദിച്ചു. എന്റെ വാശിയിൽ അവൻ ജനിക്കുമ്പോൾ എന്തെങ്കിലും ഒരു കുറവോടെ വന്നാൽ എല്ലാവരും എന്നെ തന്നെ പഴിക്കും എന്നുള്ള തിരിച്ചറിവിൽ ഒടുവിൽ ഞാനും അതിന് സമ്മതിച്ചു…
ഓരോ സ്ത്രീയും ലേബർ റൂമിൽ കയറുമ്പോൾ ഇനി മുന്നിൽ വിരിയാൻ പോകുന്ന നിഷ്ക്കളങ്കമായ ചിരിയുടെ നിറവിൽ ആയിരിക്കും വേദനകൾ സഹിക്ക അല്ലേ? പക്ഷേ, ഞാൻ സ്വന്തം കുഞ്ഞിനെ അറിഞ്ഞു കൊണ്ട് കൊല്ലാൻ പോകുന്ന ഒരു അമ്മയുടെ നിസ്സഹായതയിൽ വെന്ത് ഉരുകി…
മൂന്നു ദിവസത്തെ കഠിനമായ വേദനകൾക്ക് ഒടുവിൽ ഞാൻ അവനെ എന്നിൽ നിന്ന് പറിച്ചു മാറ്റി. മരുന്നുകൾ കൊണ്ട് അവൻ അമ്മയുടെ ഉള്ളിൽ ഇരുന്നു തന്നെ ഇല്ലാതായായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ വെമ്പുന്ന ഓരോ അമ്മ മനമുണ്ട് നിലവിളികൾ കേൾക്കുന്ന ഓരോ ലേബർ റൂമുകളിൽ, പക്ഷേ ന്റെ മുന്നിലേക്ക് നീട്ടിയത് അഞ്ചുമാസം പ്രായമുള്ള അനക്കമില്ലാത്ത ആ കുഞ്ഞ് മുഖമായിരുന്നു…
ഞാൻ അലറി കരഞ്ഞു…
ഒരു ഇരുളെന്റെ മനസ്സിനെ മൂടി…
പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ എനിക്ക്
എന്നെ നഷ്ടപ്പെട്ടു, എന്റെ മനസ്സ് കൈയിൽ നിന്ന് അകലേക്ക് പോയി…
ധൈര്യത്തോടെ സമചിത്തതയോടെ ഞാൻ എന്റെ മനസ്സിനെ വീണ്ടെടുത്തു…
എന്റെ മരണം പ്രതീക്ഷിച്ചിരുന്നിട്ട് പെട്ടെന്ന് ജീവനോടെ ഞാൻ തിരികെ വന്നതിന്റെ നിരാശ പലരിലും കണ്ടു. അല്ലെങ്കിൽ കാലം എനിക്ക് കാണിച്ചു തന്നു എന്റെ ചുറ്റിനും നിൽക്കുന്ന മനുഷ്യരുടെ മനസ്സ്…
എന്റെ രോഗം ചികിത്സ, ഇഞ്ചക്ഷനുകൾ അങ്ങനെ ഇരുപത്തി ഒൻപതാം വയസ്സിൽ ഞാൻ ഒരു രോഗിയായി. മരുന്നും ചികിത്സയും ഒന്നുമില്ലാതെ ഒരു ജീവിതം ഇല്ലയെന്ന് തിരിച്ചറിഞ്ഞ ആ ദിനങ്ങൾ.
എന്റെ മാറ്റങ്ങളിൽ ഞാൻ അസ്വസ്ഥയായി.
എന്റെ മുടി കൊഴിഞ്ഞു, ശരീരം മാറി, എന്റെ രൂപം അതൊക്കെ എന്നെ ഞാൻ അല്ലാതാക്കി മാറ്റി.
തകർന്നിരിക്കുന്ന അവസ്ഥയിൽ കുത്തി നോവിക്കാൻ ഒരായിരം പേരുണ്ടാകും, പരിതപിച്ചു സന്തോഷിക്കാനും…
കൂടെ ചേർത്ത് നിർത്താൻ നമുക്ക് നമ്മളെയുള്ളൂ. ആ തിരിച്ചറിവിൽ നമ്മൾ മാറണം..
“ചില വാക്കുകൾ അസ്ത്രങ്ങളാണ്…
വന്നു തറയ്ക്കുന്നവരുടെ ഉള്ളിൽ ചോര പൊടിയും. പക്ഷേ, തൊടുത്തു വിടുന്നവർക്ക് വെറും വാക്കുകൾ…”
ആ വാക്കുകൾ പ്രചോദനമായി എടുത്ത് നമ്മൾ മാറണം. മാറ്റങ്ങൾ അനിവാര്യമാണല്ലോ.. !!
ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്. അതിൽ തളരാതെ പിടിച്ചു നിൽക്കാൻ സാധിച്ചാൽ കുറെ ഒക്കെ നമ്മൾ വിജയിക്കും. എന്റെ മുന്നിലേക്ക് വന്ന പ്രശ്നങ്ങൾ പരീക്ഷണങ്ങൾ എല്ലാം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. ദൈവത്തെ മാത്രം മുറുകെ പിടിച്ചു ഞാൻ മുൻപോട്ടു ചുവടു ഉറപ്പിച്ചു നടന്നു. കാരണം എനിക്ക്ജീവിക്കണമായിരുന്നു,
ജയിക്കണമായിരുന്നു…”
അനുഭവിച്ചു മറന്ന മാനസിക വേദനകളും ശാരീരിക വേദനകളും ഇപ്പൊൾ ഓർക്കുമ്പോൾ ഇടയ്ക്കൊക്കെ കണ്ണ് നിറയും.
മനോധൈര്യം കൊണ്ട് മാത്രം ഒരു വലിയ രോഗത്തെ നേരിട്ടവളാണ് ഞാൻ ചെറിയ പ്രശ്നങ്ങളിൽ തകർന്നു നിൽക്കുന്നവരോട് ഞാൻ പറയും ഒന്നും നമ്മളെ ബാധിക്കുന്നില്ല എന്ന് തോന്നുന്നിടത്ത് നമ്മൾ ജയിച്ചു തുടങ്ങും…
ഞാനും ജയിച്ചു,
എന്നെ പോലെ തളർന്നിരിക്കുന്ന നിങ്ങൾക്കും സാധിക്കും…
“I did not wait for the storm to pass. I faced it, I fought it, and when the winds refused to change, I became the force that steered my own destiny. ”
“Happy women’s day.. ”
©️സേതു🦋


3 Comments
🫂🫂🫂🫂
Love you ❤️❤️❤️❤️❤️
🫂🫂🫂🫂🫂