തണൽ എന്ന ആ അഗതിമന്ദിരത്തിൽ തനിക്കായി കിട്ടിയ മുറിയിൽ ചുവരിനോട് ചേർത്തു ഇട്ട കസേരയിൽ ഇരുന്നു കൊണ്ടു ആ അമ്മ പുറത്തേക്കു നോക്കിയിരുന്നു. മുന്നിൽ പരന്നുകിടക്കുന്ന റോഡിലെ തിരക്കിൽ ഇല്ലെന്നു അറിഞ്ഞിട്ടും കണ്ണുകൾ മോനെ തിരഞ്ഞു കൊണ്ടിരുന്നു.
ഈ പുതിയ താമസസ്ഥലത്തു എത്തിയിട്ടു വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു. മോന്റെ ഒപ്പം തന്നെയാണ് ഇവിടേക്കു വന്നതും. തറവാട് വിറ്റു പട്ടണത്തിൽ നല്ലൊരു വീട് ഉണ്ടാക്കണം എന്ന് മോൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ അമ്മക്ക് അതു സമ്മതിക്കാൻ ആയില്ല. കാരണം മോന്റെ അച്ഛൻ ഉറങ്ങുന്ന ഈ മണ്ണ് അമ്മയുടെ സ്വർഗ്ഗമാണ്.
അപ്പോൾ മോൻ അടവ് ഒന്നു മാറ്റി. എങ്കിൽ തറവാട് ഒന്നു പുതുക്കി ആധുനികരീതിയിൽ പണിയാം. അതിനു ധാരാളം പണം വേണം. അതിനും വഴിയുണ്ട്. കമ്പനിയിൽ നിന്നു ലോൺ എടുക്കാം. തല്ക്കാലം തറവാടും സ്ഥലവും മോന്റെ പേരിലേക്ക് മാറ്റണം.. വീട് പണി കഴിഞ്ഞാൽ അമ്മയുടെ പേരിലേക്ക് തന്നെ മാറ്റാം. പണ്ടു കഴിക്കാൻ കൊടുക്കുന്ന പലഹാരങ്ങൾ മുറ്റത്തെ വാഴക്കുട്ടങ്ങൾക്കിടയിൽ വലിച്ചെറിഞ്ഞു കഴിച്ചു എന്നു പറഞ്ഞ നുണ കണ്ടുപിടിച്ച അമ്മക്ക് ഇതു എന്തോ മനസ്സിലാക്കാൻ ആയില്ല.
വീട് പുതുക്കി പണിയുന്നത് വരെ മോന്റെ കൂടെ താമസിക്കാൻ ഒരുങ്ങിയ അമ്മയെ കൂടെ കൊണ്ടു പോവാതിരിക്കാൻ മോൻ കാരണങ്ങൾ ഒരു പാടു നിരത്തി.
ഗ്രാമത്തിൽ ഉള്ള ശീലങ്ങൾ ഒന്നും അമ്മക്ക് പട്ടണത്തിൽകിട്ടില്ല. മോനും ഭാര്യയും ജോലിക്കു പോയാൽ വീട്ടിൽ അമ്മ തനിച്ചാവും. അങ്ങനെയാണ് അമ്മയുടെ പ്രായക്കാർ മാത്രം താമസിക്കുന്ന എല്ലാ സൗകര്യങ്ങളും കിട്ടുന്ന ഈ അഗതിമന്ദിരത്തിൽ അമ്മയെയും കുട്ടി എത്തിയത്.
അമ്മക്ക് ഇവിടെ ഇപ്പോൾ സ്വന്തം വീട് തന്നെയാണ്. ഇവിടുത്തെ ചിട്ടകൾ എല്ലാം അമ്മയുടെ ശീലങ്ങൾ ആയി മാറിയിരിക്കുന്നു. എന്നാലും ഒറ്റക്കു ഇരിക്കുന്ന ചില നിമിഷങ്ങളിൽ അമ്മ ആ പഴയ കാലത്തിലേക്ക് ഒന്നു പോയി വരും. അച്ഛനും അമ്മയും മോനും കൂടി ജീവിച്ച ആ കാലം. പറമ്പിലും പാടത്തും നിറയെ ജോലിക്കാർ. അവർക്കുള്ള ഓരോ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടു അവരുടെ ഇടയിൽ അച്ഛൻ. അടുക്കളയിൽ ഉള്ള സഹായിപെണ്ണിന്റെ കൂടെ ഒരു നിഴലായി അമ്മ. ഇടക്കിടെ ഉച്ചത്തിൽ കേൾക്കുന്ന മോന്റെ അമ്മേ എന്നുള്ള വിളികൾ. മോനു എല്ലാറ്റിനും വേണം അമ്മ.
അമ്മക്ക് നീ മാത്രമേ ഉള്ളു നീ വേണം അമ്മക്കൊരു താങ്ങായി, എന്നു അച്ഛൻ മരണസമയത്തു കൈ പിടിച്ചു പറഞ്ഞപ്പോൾ അവൻ നിറഞ്ഞ കണ്ണുകളോടെ അമ്മയെ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു. പിന്നെ എപ്പോഴാണ് ആ കൈകൾ അയഞ്ഞുതുടങ്ങിയത്. അവനു അവകാശിയായി ഒരാൾ കൂടി എത്തിയപ്പോഴാണോ.
പിന്നെ അവന്റെ മുന്നിൽ അമ്മയെന്ന തിളക്കമുള്ള സത്യത്തിനു നുണയുടെ കറുപ്പായിരുന്നു. അമ്മയുടെ കുറ്റങ്ങൾ അവന്റെ കാതിൽ എത്തുമ്പോഴും അതിൽ നിന്നു സത്യവും നുണയും വേർതിരിച്ചെടുക്കാൻ അവൻ ശ്രമിച്ചില്ല. അവസാനം അവൻ കുടുബസമേതം പട്ടണത്തിൽ താമസം മാറ്റിയപ്പോഴും അമ്മ കണ്ണുനീരോടെ നിന്നതേഉള്ളു.
പിന്നെയും അമ്മ പ്രതീക്ഷയോടെ കാത്തിരുന്നു. മോൻ തന്നെ കൂട്ടികൊണ്ട് വരാൻ എത്തുന്ന നിമിഷത്തിനായി.
പിന്നെ എന്നോ ആ അഗതിമന്ദിരത്തിൽ തന്റെ അമ്മയുടെ ആണ്ടുബലിക്കു ഭക്ഷണം കൊടുക്കാൻ എത്തിയ ഒരു പരിചയക്കാരിയെ അമ്മ കണ്ടു. ആ കുടിക്കാഴ്ചയിൽ അമ്മ സത്യമെന്നു കരുതിയതെല്ലാം നുണകളെന്നു തിരിച്ചറിഞ്ഞു. തറവാട് ഏതോ ഗൾഫ്കാരൻ വാങ്ങിയതും പൊളിച്ചു മാറ്റിയതും കേട്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു പെയ്തു.
അന്നു രാത്രി അമ്മ ഒരു സ്വപ്നം കണ്ടു. തറവാട് പൊളിച്ചു മാറ്റിയ ആ പറമ്പിന്റെ ഒരറ്റത്തു ഒരു അനാഥനെ പോലെ ഇരിക്കുന്ന മോന്റെ അച്ഛനെ.
എങ്കിലും അമ്മ പ്രതീക്ഷയോടെ കാത്തിരുന്നു. ഒരു നാൾ ഈ അമ്മയെ കുട്ടിക്കൊണ്ട് പോവാൻ മകൻ എത്തുന്ന ആ ദിവസത്തിനായി.
#എന്റെരചന – വെയിൽ കായുന്ന ഒറ്റമരങ്ങൾ


8 Comments
ഞങ്ങളുടെ അടുത്തുള്ള ഒരു വൃദ്ധസദനത്തിൽ അടുത്തിടെ ഒരു സംഗീത പരിപാടിയുമായി പോയിരുന്നു. ഇതുപോലെ മകൻ പുതിയ വീടു വയ്ക്കുമ്പോൾ തിരിച്ചു പോകാൻ കാത്തിരിക്കുന്ന ഒരമ്മയെ കണ്ടു…… ഹൃദയസ്പർശിയായ എഴുത്ത്👍🌹
സ്നേഹം മിനി ❤️
പത്തനാപുരത്തെ ഗാന്ധി ഭവനിലോട്ട് പോയി നോക്കിയാൽ ഇത് പോലെ കീറി മുറിഞ്ഞ കുറേ അമ്മമാരെയും അച്ചന്മാരെയും കാണാം.
കൂടെ കൂട്ടിയവർ പാതി വഴിക്ക് പോകുമ്പോഴും വിരൽ പിടിച്ച് നടന്നവർ തനിച്ചാക്കി നടന്നകലുമ്പോഴും ഒറ്റയ്ക്കായി പോകുന്ന കുറേ മരങ്ങൾ.. ഒരു കാലത്ത് കുടയായ് വെയിലിനെ പോക്കിയിരുന്നവർ… 🥺🥺 നല്ലെഴുത്ത് 👌
സ്നേഹം dear ❤️❤️
നല്ല കഥ ജലജേച്ചി
സ്നേഹം dear
ഇങ്ങനെയുള്ള മക്കളും ഉണ്ടല്ലോ എന്നു ചിന്തിക്കുമ്പോൾ മനസ്സിലൊരു വിങ്ങലാണ്.❤️🌹
സ്നേഹം dear