പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കേട്ട് റെസ്റ്റോറൻ്റിലെ മുഴുവൻ ആളുകളും യദുവിനെയും കല്യാണിയെയും നോക്കി. കവിളത്ത് അടി കിട്ടിയിട്ടും ഒന്നും സംഭവിക്കാത്തപോലിരിക്കുന്ന അവരെ കണ്ട് മറ്റുള്ളവർ വീണ്ടും ഭക്ഷണം കഴിക്കുന്നത്തിൽ മുഴുകി.
“നീ എന്തിനാ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്?” കല്യാണിയുടെ ശബ്ദം തീഷ്ണമായിരുന്നു.
അടി കൊണ്ട കവിളിൽ ഒന്ന് തൊടുക പോലും ചെയ്യാതെ യദു അവളെ നോക്കിയിരുന്നു. അവൻ്റെ കണ്ണുകളിലെ വികാരം മനസ്സിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കല്യാണിക്കറിയാം മറ്റുള്ളവരുടെ കണ്ണീരിൽ വീഴുന്നവനാണ്, ഈ ലോകത്ത് ജീവിക്കാൻ പറ്റിയ സ്വഭാവമേ അല്ല ഇവന്. യദുവിൻ്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരായവർ തന്നെ വന്ന് അവനെ കരഞ്ഞ് കാണിച്ചിരിക്കും. അതായിരിക്കാം അവൻ കേസ് പിൻവലിക്കാൻ ആലോചിച്ചത്.
അപ്പുറത്ത് എന്ത് പറയണമെന്നറിയാതെ ഇരിക്കുകയാണ് യദു. അവനറിയാം കല്യാണിയുടെ ദേഷ്യം ന്യായമാണ്. തനിക്ക് വേണ്ടി അത്രയും കഷ്ടപ്പെട്ടവളാണ്. ഒരുപാട് പേർ തന്നെ ഒറ്റപ്പെടുത്തിയപ്പോഴും കൂടെ നിന്നവളാണ്.
കുട്ടിക്കാലം മുതലുള്ള സുഹൃത്ത്….
രണ്ടുപേർക്കും വിവാഹവും കുട്ടികളും ഒക്കെയായെങ്കിലും ഇന്നും കൂട്ടുകാരായി തുടരുന്നവർ. എന്താണ് തൻ്റെ ജീവിതത്തിൽ പറ്റിയത്? അവൻ്റെ ഓർമ്മകൾ പിന്നോട്ട് പോയി..
ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെന്ന് കരുതിയിരുന്ന ഒരു സഹപ്രവർത്തകയ്ക്ക് അറിഞ്ഞോ അറിയാതെയോ ഉണ്ടായ ഒരു വഴിവിട്ട ബന്ധമുണ്ടായിരുന്നു. അതും തൻ്റെ മാനേജരുടെ വിശ്വസ്തനുമായിട്ട്. ആ ബന്ധം മൂലം അവളുടെ കുടുംബം തകരാതിരിക്കാൻ സഹായം ചോദിച്ച് വന്നപ്പോൾ നിരസിക്കാൻ കഴിഞ്ഞില്ല.
പക്ഷേ അവളെ സഹായിച്ചപ്പോൾ എതിർ ചേരിയിൽ വന്നത് ഔദ്യോഗികമായി ഒരുപാട് മുകളിലുള്ള പലരും അവരുടെ വേണ്ടപ്പെട്ടവരുമായിരുന്നു..
അവരുടെ സ്വാധീനത്തിൽ ഉണ്ടാക്കിയെടുത്ത ഒരു അശ്ലീല വീഡിയോയും സാമ്പത്തികതിരിമറി ആരോപണവും യദുവിൻ്റെ ജീവിതത്തെ വല്ലാതെ ബാധിച്ചു.
സഹായം തേടി വന്നവൾ കാര്യം കഴിഞ്ഞപ്പോൾ ദേശാടനപ്പക്ഷിയെപ്പോലെ പറന്നകലുന്നത് കണ്ടുനിൽക്കാനേ അവന് കഴിഞ്ഞുള്ളൂ.
പലപ്പോഴും അവൻ സഹായിച്ചവരടക്കം എതിർചേരിയിൽ നിന്നപ്പോൾ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മാറിയത് പോലെ യദുവിന് തോന്നി.
എത്ര മനുഷ്യരെയാണ്, സ്നേഹങ്ങളെയാണ് ഈ പ്രശ്നങ്ങൾ മൂലം നഷ്ടപ്പെട്ടുപോയത്.
ഓർമ്മ വെച്ചതിനുശേഷം ജീവിതത്തിലാദ്യമായി ഹൃദയത്തിൽ തൊട്ട ജന്മദിനസമ്മാനം നൽകിയ സുഹൃത്തുക്കൾ…
സ്നേഹത്തിൻറെ തണുപ്പും തണലും നിറഞ്ഞ മനുഷ്യർ…
കൂടപ്പിറപ്പുകളെ പോലെ ഓരോ ചുവടിലും കൈത്താങ്ങായിരുന്ന കുറച്ചുപേർ…
ആ സൗഹൃദങ്ങളിൽ പലതും നുണക്കഥകളിൽ തട്ടി പളുങ്ക്പാത്രം പോലെ ചിതറിത്തെറിച്ച് കൂട്ടിയോജിപ്പിക്കാനാവാതെ ഛിന്നഭിന്നമായി പോയത് വളരെ പെട്ടെന്നായിരുന്നു.
ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. കൂടെ വിശ്വസിച്ചു നിൽക്കാൻ ഭാര്യയടക്കം വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ.
പത്തു ലക്ഷം രൂപയോളം കടമുള്ള സമയത്ത് ഒരു മനുഷ്യന് സൗജന്യമായി കരള് പകുത്ത് കൊടുക്കാൻ മനസ്സ് കാണിച്ചവനാണ് യദു. അതുകഴിഞ്ഞ് ആക്രമിക്കാൻ വന്ന ക്യാൻസറിനെ പറഞ്ഞ് വിടാൻ വേണ്ടി നടത്തിയ ദീർഘകാലത്തെ കീമോയുടെയും റേഡിയേഷന്റെയും മരുന്നുകളുടെയും ഭാഗമായി പൗരുഷം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയവനാണവൻ…
യദുവിൻ്റെ ഭാര്യക്ക് പുറമേ ഇതൊക്കെ അറിയാവുന്ന വളരെ കുറച്ച് ആളുകളിൽ ഒരാളാണ് കല്യാണി. സങ്കടത്തിന്റെ കാണാക്കയങ്ങളിലേക്ക് മുങ്ങിത്താണ് പോയപ്പോൾ സ്നേഹത്തോടെ ചേർത്ത് പിടിച്ചവളാണ്. സ്നേഹരാഹിത്യത്തിന്റെ കൊഴിഞ്ഞു പോക്കുകളിൽ സൂര്യാഘാതത്താൽ തളർന്നുപോയവൻറെ മുറിവുകളിൽ പുരട്ടാനുള്ള തേനായിരുന്നു അവളുടെ സ്നേഹം. തിളച്ചു മറിയുന്ന വെയിലിനെ തന്റെ ഇല ചാർത്തുകളാൽ തടഞ്ഞു തണലേകുന്ന സ്നേഹത്തിൻറെ തുരുത്തുപോലെ, വടവൃക്ഷമായൊരു പെണ്ണ്.
“ആർക്കുവേണ്ടിയാണ് നീ കേസ് പിൻവലിക്കുന്നത്? നിന്നെ ആശ്രയിച്ച് സ്വന്തം ജീവിതം സുരക്ഷിതമാക്കിയിട്ട് അതുമൂലം നീ പൊള്ളിയടർന്ന് നിന്നപ്പോ കാണാതെ പോയവളുടെ കുടുംബം തകരാതിരിക്കാനോ? തകർന്നാൽ തകരട്ടെടാ…
വീണ്ടും ആ പെണ്ണിൻറെ കള്ളക്കണ്ണീരിമുമ്പിൽ വേണ്ടെന്ന് വെക്കാനുള്ളതല്ല നമ്മുടെ അധ്വാനം, നിൻറെ നിരപരാധിപത്വം തെളിയിക്കപ്പെടുക തന്നെ വേണം” കല്യാണിയുടെ ശബ്ദം ഉറച്ചതായിരുന്നു. ഉച്ചത്തിലും…
വീണ്ടും ആഹാരം കഴിക്കുന്നവരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്കായി.
യദു പതിയെ എഴുന്നേറ്റ് കല്യാണിയുടെ അടുത്തേക്ക് ചെന്നു.
“ശരി, നമ്മൾ മുന്നോട്ട് തന്നെ പോകുന്നു”
എഴുന്നേറ്റു വന്ന അവളെ ഒരു കുഞ്ഞ് വളരെ നാൾ കൂടി അവൻറെ അമ്മയെ കണ്ടതുപോലെ യദു കെട്ടിപ്പിടിച്ച് കരഞ്ഞു.
എത്രയോ നാളുകളായി മണലാരണ്യത്തിൽ ഒരുതരി തണലിന് വേണ്ടി ഉഴറി നടന്നവന് മാമരത്തിൻ്റെ തണല് കിട്ടിയത് പോലെ…
ആരെയും നോക്കാതെ, ആരെയും ശ്രദ്ധിക്കാതെ ഒറ്റ ഹൃദയമായി രണ്ടു മനുഷ്യർ. പ്രണയത്തിനും സൗഹൃദത്തിനും എല്ലാമപ്പുറം ആത്മമബന്ധമുള്ള രണ്ട് സ്നേഹങ്ങൾ…
ഉണങ്ങി ദ്രവിച്ച് മണ്ണോട് ചേരാറായ ഒരു മരത്തിൽ നിന്നും പുതുമഴയത്ത് പൊട്ടിമുളച്ച പുതുനാമ്പുപോലെ ഒരുവൻ….
നിറയെ വേരുകളുള്ള, വേരുകളിലെല്ലാം കാടുകൾ നിറഞ്ഞുനിൽക്കുന്ന ഒറ്റമരം പോലെ ഒരുവൾ…..
ഒറ്റയ്ക്കായി പോകുന്ന ഒരുവന്റെ കണ്ണീരുപ്പിനോളം കയ്പ്പ് ഈ ലോകത്ത് മറ്റൊന്നിനുമില്ലെന്നറിയുന്ന ഒരാളെങ്കിലും കൂടെയുണ്ടായാൽ മതി ജീവിതത്തിൽ തോൽക്കാതെയിരിക്കാൻ….
അതെ ചില മനുഷ്യർ, ചില സ്നേഹങ്ങൾ, തണൽ വൃക്ഷങ്ങൾ


10 Comments
ഹരിയേട്ടാ 🥰 നല്ലെഴുത്ത്
വായിച്ചു, നന്നായിരിക്കുന്നു. എഴുത്തു തുടരുക ഹരി. ആശംസകൾ 👍👍👍
നന്നായി എഴുതി 👍
Thank You
നന്നായി എഴുതി👌🌹
നല്ലെഴുത്ത്.👏
ഭാഷയും ശൈലിയും ഗംഭീരമായി ..ഒരുപാട് എഴുതു ഹരിയേട്ടാ
മനോഹരം. തണൽ പകരുന്ന കരുത്ത്..
കൊള്ളാം 👍
കല്യാണി മാത്രമല്ല യദുവും തണൽ മരമാണ്!
മറ്റുള്ളവരുടെ സങ്കടങ്ങളിൽ ഹൃദയം മുറിയുന്നവരൊക്കെയും തണൽ മരങ്ങളാണ്!
ജീവിതത്തിൽ ഒരു സുഹൃത്ത് എങ്കിലും ഇത് പോലെ ഉണ്ടെങ്കിൽ അവരെ തോല്പിക്കാൻ പാടാണെന്ന്….
നന്നായി എഴുതിയിട്ടുണ്ട്
ശൈലി.. ഭാഷ ഒക്കെയും മനോഹരം!
നല്ലെഴുത്ത് ❤️