അത്യുഷ്ണം വിതച്ചു സൂര്യൻ ഉഗ്രതാണ്ഡവമാടിയ ആ മധ്യാഹ്‌നവേളയിൽ സുമതിയുടെ മനസ്സും ഉരുകുകയായിരുന്നു. അസ്വസ്ഥത നുരയുന്ന മനസ്സിനെ ശാന്തമാക്കാൻ കുറച്ചു നേരം കണ്ണടച്ച് കിടന്നുറങ്ങാൻ ശ്രമിച്ചു. പക്ഷേ ഉറക്കം അകലെയാണ്. നാളെ കൂടിയേ ഈ വീട്ടിൽ കഴിയാനാകൂ. അതു കഴിഞ്ഞാൽ ഇവിടുന്നിറങ്ങണം. പിന്നെയുള്ള ദിവസങ്ങൾ ആ ഒറ്റമുറിവീട്ടിൽ തള്ളിനീക്കണം. അവിടുന്ന് ആർക്കും ഇറക്കിവിടാനാവില്ല എന്നൊരു സമാധാനമുണ്ട്. ഒരു ആയുസ്സിന്റെ ശേഷിപ്പായി കിട്ടിയതാണ് ആ വീട്.
പക്ഷേ ആരോടും പരാതിയില്ല. വെറുമൊരു വേലക്കാരിയ്ക്ക് ഇത്രയെങ്കിലും തരാൻ താരമോൾക്കും ഹരിക്കുഞ്ഞിനും തോന്നിയല്ലോ. അതു തന്നെ അവരുടെ നല്ല മനസ്സ്. നാല്പതു വർഷം ഇവിടെ കഴിഞ്ഞു കൂടി ഈ വീടിന്റെ ഭാഗമായപ്പോൾ വേലക്കാരിയാണെന്ന് മറന്നു പോയിരുന്നു.
സുമതിയുടെ മനസ്സിൽ ഭൂതകാലത്തിലെ രംഗങ്ങൾ തെളിഞ്ഞു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ ആയിരുന്നെങ്കിലും മൂന്നു പെണ്മക്കളെയും അച്ഛനും അമ്മയും കരുതലോടെ വളർത്തി. പഠിപ്പ് നിർത്തി തയ്യൽ പഠിക്കുന്ന കാലത്താണ് ദാസനെ ആദ്യമായി കാണുന്നത്. അയാളുടെ നോട്ടവും ഭാവവുമൊന്നും ആദ്യം മുതൽക്കേ ഇഷ്ടമായിരുന്നില്ല. അയാൾ അടുത്തു വന്നപ്പോഴൊക്കെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചതേയുള്ളു. എന്നിട്ടും വിധിയൊരുക്കിയ കെണിയിൽ വീണുപോയി. പനിപിടിച്ചു കിടന്ന ആ രാത്രി, അച്ഛനും അമ്മയും അനിയത്തിമാരും അമ്പലത്തിലെ ഉത്സവത്തിനു പോയി. കുറച്ചു നേരമല്ലേ, പേടിയൊന്നും ഇല്ലെന്നു പറഞ്ഞു അമ്മയോട് പൊയ്ക്കോളാൻ പറഞ്ഞത് താൻ തന്നെയാണെന്ന് സുമതി ഓർത്തു. വാതിലിൽ മുട്ട് കേട്ടപ്പോൾ അവർ തിരിച്ചു വന്നതാണെന്ന് കരുതിയാണ് ഉറക്കച്ചടവോടെ വാതിൽ തുറന്നത്. ദാസൻ അകത്തു കയറിയതും വാ പൊത്തിപ്പിടിച്ചതും ഒന്നിച്ചായിരുന്നു. അലറിക്കരയാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. പിടിവലിക്കിടയിൽ മേശപ്പുറത്തിരുന്ന കുപ്പിവിളക്ക് തട്ടിമറഞ്ഞു തീ അയയിൽ കിടന്ന വസ്ത്രങ്ങളിലേയ്ക്കും അവിടുന്ന് മരത്തിന്റെ പഴയ ജനലിലേയ്ക്കും പടർന്നു. തീ കണ്ടു ആളുകൾ ഓടിക്കൂടിയപ്പോൾ അവരുടെ മുഖത്ത് ആരുമില്ലാത്ത നേരത്ത് ദാസനെ വീട്ടിൽ കണ്ടതിന്റെ ചോദ്യങ്ങൾ ആയിരുന്നു.
സുമതി വിളിച്ചിട്ടാണ് താൻ വന്നതെന്ന് കൂസലില്ലാതെ അയാൾ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. അയാളെ വിശ്വസിക്കാനും തന്നെ പിഴച്ചവൾ എന്ന് പരിഹസിക്കാനും പലരും മടിച്ചില്ല. നാണക്കേട് ഭയന്നു വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞ നാളുകളിലാണ് അയാൾ വീട്ടിൽ വന്നു കല്യാണം ആലോചിച്ചത്. മാനം രക്ഷിക്കാൻ അയാളുടെ ഭാര്യയാകാൻ സമ്മതിച്ച വിഡ്ഢിത്തം. ഒട്ടും ഇഷ്ടമില്ലെങ്കിലും മൂന്നു പെണ്മക്കളുള്ള കുടുംബത്തിന്റെ മാനമോർത്തു അച്ഛൻ സമ്മതിച്ചു.
വിവാഹം കഴിഞ്ഞു രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും അയാളെ തേടി അയാളുടെ ആദ്യഭാര്യയെത്തി. അയാളെ അവഗണിച്ചതിന്റെ വാശി തീർക്കാൻ വേണ്ടി മാത്രമായിരുന്നു താനുമായുള്ള വിവാഹം.
വീട്ടിൽ തിരിച്ചെത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് അയാളുടെ കുഞ്ഞു വയറ്റിൽ വളർന്നുവരുന്നുണ്ട് എന്ന സത്യം മനസ്സിലാക്കിയത്. മോനെ പ്രസവിച്ചു ആറുമാസം കഴിഞ്ഞപ്പോഴാണ് കുട്ടികളെ നോക്കാനായി ഈ വീട്ടിൽ എത്തിയത്. രാവിലെ വന്നു വൈകുന്നേരം പോകും. സ്വന്തം മോനെ അമ്മയെ ഏല്പിച്ചു സാറും ചേച്ചിയും വരുന്നത് വരെ താരയ്ക്കും ഹരിയ്ക്കും അമ്മയായി.
ഇവിടുത്തെ ശമ്പളം വീട്ടിലും വലിയ സഹായമായിരുന്നു. കാലം പോകവേ ജീവിതവുമായി സമരസപ്പെട്ടു. അനിയത്തിമാർ വിവാഹം കഴിഞ്ഞു നാട് വിട്ടു, അച്ഛനും അമ്മയും പ്രായമായി മരിച്ചു പോയി. ഒറ്റയ്ക്കായപ്പോഴാണ് ഇവിടുത്തെ മുഴുവൻ സമയ സഹായിയായത്. മകൻ അവന്റെ അച്ഛന്റെ തൽ സ്വരൂപം ആയിരുന്നു. വഴിവിട്ട ജീവിതം അവനെ ലഹരിയ്ക്കടിമയാക്കി, അവസാനം മരണത്തിലേക്ക് നയിച്ചു.
അപ്പോഴേയ്ക്കും താരയും ഹരിയും വിവാഹിതരായി വീട് വിട്ടിരുന്നു. പിന്നെ സാറിനും ചേച്ചിയ്ക്കുമുള്ള ആഹാരം പാകം ചെയ്തു, വീട് നോക്കി, ഈ വീട്ടിൽ കഴിഞ്ഞു.
സാറിന്റെ മരണം ചേച്ചിയെ തളർത്തി. ഈ വീട്ടിൽ ഒറ്റയ്ക്ക് കഴിയാനാവില്ല എന്ന് പറഞ്ഞു താരമോൾ നിർബന്ധിച്ചു കൂടെ കൊണ്ടുപോവുകയാണ്. ഇനി ചേച്ചി അവിടെയായിരിക്കും. ഈ വീട് വാടകയ്ക്ക് കൊടുക്കുകയാണ്. ചേച്ചി പോകുന്നതറിഞ്ഞപ്പോൾ മുതൽ ആധിയായിരുന്നു. സ്വന്തം വീട്ടിൽ ഇപ്പോൾ ചെറിയ അനിയത്തി കുടുംബമായി താമസിക്കുകയാണ്. താൻ എവിടെ പോകും? മിനിഞ്ഞാന്ന് രാത്രിയാണ് താരമോൾ വീടിന്റെ ഔട്ട്‌ഹൗസും അതിരിക്കുന്ന മൂന്നു സെന്റ് സ്ഥലവും തന്റെ പേരിലാക്കിയ രേഖകൾ കൈയിൽ വെച്ചു തന്നത്. നടുക്കടലിൽ തെളിഞ്ഞ തുരുത്തായിരുന്നു അത്.
എന്തോ ശബ്ദം കേട്ടാണ് സുമതി ഞെട്ടിയുണർന്നത്. താൻ ഉറങ്ങിപ്പോയോ? അവർ മുറിക്കു പുറത്തു വന്നു നോക്കി. താരമോളും ചേച്ചിയും കൊണ്ടു പോകാനുള്ള സാധനങ്ങൾ ഒരുക്കുകയാണ്.
സുമതിയും പതുക്കെ തന്റെ സാധനങ്ങൾ അടുക്കി വെയ്ക്കാൻ തുടങ്ങി. മനസ്സിനെ പലതും ചിന്തിച്ചു ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു. ഇനിയങ്ങോട്ടുള്ള ഏകാന്തജീവിതത്തിനായുള്ള ശക്തി സംഭരിക്കാനെന്ന പോലെ. ജനലിന് വെളിയിൽ അപ്പോൾ വെയിലിന്റെ ഉഗ്രത പോക്കുവെയിലിന്റെ പൊൻ തിളക്കമായി മാറിയിരുന്നു.
#എന്റെ രചന… വെയിൽ കായുന്ന ഒറ്റ മരങ്ങൾ


10 Comments
നോവുണർത്തിയ രചന
❤️❤️
അങ്ങനെയും ചിലർ..
മനുഷ്യന്മാർ സഹായിക്കാനും ഉപദ്രവിക്കാനും ഉണ്ടാകും.
ഒരിടത്ത് തോൽവി സംഭവിച്ചാലും വേറെ ഏതെങ്കിലും തരത്തിൽ ഒരു വിജയം നമുക്ക് കാത്ത് നിൽപ്പുണ്ടാവും എന്ന ഓർമ്മപ്പെടുത്തലാണീ കഥ..
നന്നായിട്ടുണ്ട്
നല്ലെഴുത്ത് ❤️
മനോഹരം
Thanks dears for reading ❤️
കുറച്ചേ ഉണ്ടായിരുന്നുവെങ്കിലും നന്നായി എഴുതി 👍👍
നല്ല കഥ
നൊമ്പരപ്പെടുത്തുന്ന കഥ❤️👌🌹
❤️❤️
നന്നായി എഴുതി 👌