തടിച്ചുരുണ്ട ശരീരവും, വലുപ്പമേറിയ കണ്ണുകളും, എനിക്ക് എല്ലാം അറിയാം എന്ന ഭാവവുമൊക്കെയായി ഒരു ബുദ്ധിജീവി ലുക്കിലുള്ള മൂങ്ങകളെ പറ്റി ഓർക്കുമ്പോൾ, വീട്ടിൽ നടന്ന ഒരു സംഭവമാണ് മനസ്സിലേക്ക് ഓടി വരുക.
‘ ഹാരി പോർട്ടർ’ എന്ന പുസ്തകവും സിനിമയും ഇറങ്ങിയ സമയം, കുട്ടികളുടെ കളികളിൽ മന്ത്രവാക്യങ്ങളുടെയും മൂങ്ങക്ക് പകരം തലയിണ തോളിൽ വെച്ചുള്ള കളികൾക്കായിരുന്നു പ്രാധാന്യം.
ആ നാളുകളിലാണ് വീടിൻ്റെ അടുക്കളയുടെ പുറകുവശത്തായിട്ടുള്ള ജനലിൽ ഒരു ചെറിയ മൂങ്ങക്കുട്ടി പേടിച്ചരണ്ട മുഖവുമായിട്ട് ഇരിക്കുന്നത് കണ്ടത്. തേടിയ വള്ളി കാലിൽ ചുറ്റിയതു പോലെയായി കുട്ടികൾക്ക്. അതിനെ വളർത്തണം എന്നാവശ്യമായി പിന്നീട് അവർക്ക്.
പക്ഷിമൃഗാദികളോടെല്ലാം ഇഷ്ടമുള്ള നല്ല പാതി, അടുക്കളയിൽ ചൂടുള്ള പാത്രങ്ങൾ പിടിക്കാനുപയോഗിക്കുന്ന ഗ്ലൗസ്സ് എല്ലാം ഇട്ട് അതിനെ കൈക്കുള്ളിലാക്കി. ആദ്യം വെള്ളം പിന്നെ ഭക്ഷണമെന്ന നിലയിൽ ‘അരി മണി’ കൊടുത്തെങ്കിലും അരിമണി യോട് വലിയ മമതയില്ല. അതോടെ ഫ്രിഡ്ജിൽ വറുക്കാൻ വെച്ചിരിക്കുന്ന മീനിൻ്റെ ഒരു കക്ഷണം എടുത്ത് ആര് കൊടുക്കും എന്ന് തീരുമാനിക്കുന്നതിന് മുൻപു തന്നെ,
വൃത്താകൃതിയിലുള്ളതും മുന്നോട്ട് നോക്കുന്നതുമായ കണ്ണുകളിൽ തിളക്കവും, തല പുറകിലോട്ട് തിരിച്ച് ( 270 ഡിഗ്രിയിലുള്ള തല തിരിക്കാൻ സാധിക്കും) മൂർച്ചയുള്ള കൊളുത്തിയ കൊക്കിൽ — എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന മട്ടിൽ മീൻ കഷ്ണം കൈയ്യിൽ നിന്ന് തട്ടി പറിച്ചെടുത്തതോടെ എല്ലാവർക്കും ഭയമായി. അതോടെ അതിനെ പറത്തി വിടുകയായിരുന്നു.
പിന്നീടും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ പിന്നെയും വന്നിരുന്നു. ഞാൻ, താമസിക്കുന്ന സ്ഥലത്തെ സെക്യൂരിറ്റിയെ വിളിച്ച് പറഞ്ഞു. അവർ വന്ന് പിടിച്ചു കൊണ്ടുപോയി. ഇന്തോനേഷ്യയിൽ വെച്ചായിരുന്നു ഈ സംഭവം. അവിടെയുള്ളവർ തിരിച്ചു കടിക്കാത്ത എന്തും ഭക്ഷിക്കുന്നവരാണ്. അതുകൊണ്ട്… എന്നാണ് വീട്ടുകാരുടെ അഭിപ്രായം. എന്തായാലും അതിന്റെ ആ തിളങ്ങുന്ന കണ്ണുകൾ മനസ്സിൽ ഇപ്പോഴും മായാത്ത ചിത്രമാണ്.
നേരെ പിറകോട്ടുപോലും തിരിക്കാനാവുന്ന തല, ഓരോ ഇലയനക്കവും തിരിച്ചറിയുന്ന ശ്രവണശക്തി, ശരീരത്തിന്റെ വലുപ്പത്തോട് തട്ടിച്ചുനോക്കുമ്പോൾ വളരെ നീളമേറിയ ചിറകുകൾ, ബലിഷ്ഠമായ കൊക്ക്, നിശബ്‌ദമായി പറക്കാനുള്ള കഴിവ്, മങ്ങിയ പ്രകാശത്തിലുമുള്ള അത്യുഗ്രൻ കാഴ്‌ച… ഇവരുടെ ഓരോ കഴിവുകളും ഇന്നും ശാസ്ത്രലോകം വിസ്മയത്തോടെയാണ് നോക്കികാണുന്നത്.
ലോകത്താകമാനമായി കണ്ടുവരുന്ന ഇരുനൂറ്റിഇരുപതോളം മൂങ്ങാ-സ്പീഷ്യസുകളുടെ പ്രധാന സവിശേഷതകൾ സമാനമെങ്കിലും, തങ്ങളുടേതായ ആവാസവ്യവസ്ഥയ്ക്കും ഇരകൾക്കനുസരിച്ചും പ്രകൃത്യാ നേടിയെടുത്ത ചില വ്യത്യാസങ്ങൾ ഇവർ തമ്മിലുണ്ട്. വെള്ളിമൂങ്ങ, പുൽ മൂങ്ങ, ചെമ്പൻ നത്ത്, പൂച്ച മൂങ്ങ, കൊമ്പൻ മൂങ്ങ. സാധാരണയായി കേരളത്തിൽ കണ്ടുവരുന്ന മൂങ്ങകൾ.
ഇവരുടെ പ്രധാന ആഹാരം എലികൾ, ചെറിയ സസ്തനികൾ, പ്രാണികൾ, മറ്റ് പക്ഷികൾ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതിൽ മാത്രം പ്രഗൽഭരായ മൂങ്ങകളുമുണ്ട്.
ചെറിയ ഇരകളെ അപ്പാടെ വിഴുങ്ങന്നതാണ് മൂങ്ങകളുടെ രീതി. ശേഷം ദഹിക്കാത്ത എല്ലുൾപ്പടെയുള്ള ഭാഗങ്ങൾ മൂങ്ങയുടെ വയറ്റിൽ കിടന്ന് ഒരുരുള (Owl pellets) പോലെയാകുകയും മൂങ്ങ അത് കക്കിക്കളയുന്നതും പതിവാണ്. സ്ഥിരമായി മൂങ്ങകളിരിക്കുന്ന മരങ്ങൾക്ക് ചുവട്ടിലൊക്കെ ഇത്തരം ഉരുളകൾ കാണാമത്രേ!
‘അങ്ങേ കാട്ടില് മൂളല് കേട്ടേ
ഇങ്ങേ കാട്ടില് മൂളല് കേട്ടേ
കാറ്റല്ല, വണ്ടല്ല,
മൂളുന്നതിമ്പത്തിൽ
വെള്ളാരം കണ്ണുള്ള
വെള്ളിമൂങ്ങ…’
വെള്ളി മൂങ്ങ സിനിമയിലെ പാട്ടിലുള്ള ‘ മൂളലിന്’ ഇവരുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്.
പൊതുവെ ഏകാന്ത ജീവിതം നയിക്കുന്നവരാണെങ്കിലും വസന്തകാലം അടുക്കുമ്പോൾ, ഈ സമയത്താണ് ആണും പെണ്ണും കുഞ്ഞുങ്ങളെ ഉണ്ടാകാൻ വേണ്ടി കണ്ടുമുട്ടുന്നത്.
സ്ത്രീകൾ തങ്ങൾക്ക് സമീപം എവിടെയാണെന്ന് കണ്ടെത്താൻ, ഇണചേരൽ ആചാരത്തിന്റെ ഏറ്റവും സാധാരണമായ ഭാഗമാണ് മൂളൽ !. പുരുഷന്മാർ പൊതുവെ ഒരേ സ്ഥലത്ത് തന്നെ തുടരും, അവരുടെ കോളുകൾ സ്ത്രീകളെ അവരിലേക്ക് ആകർഷിച്ചേക്കാം.
ഓരോ ജോഡിയും ഓരോ കാലഘട്ടത്തിൽ മാത്രമേ പരസ്പരം ഇണചേരുകയുള്ളൂ.
മൂങ്ങകൾ സ്വന്തം കൂടുകൾ സൃഷ്ടിക്കുന്നില്ല, പകരം മറ്റ് പക്ഷികളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട കൂടുകൾ കണ്ടെത്തുന്നു, അവയ്ക്ക് മുട്ടയിടാനുള്ള സ്ഥലമായി ഉപയോഗിക്കാം.
ആണും പെണ്ണും മാറിമാറി മുട്ടകൾ കാക്കും, കൂട് പരിപാലിക്കും, കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊണ്ടുവരും.
ചില സന്ദർഭങ്ങളിൽ, മൂങ്ങകളുടെ ചില ഗ്രൂപ്പുകൾക്ക് അവരുടെ ജീവിതത്തിലുടനീളം ഒരേ ഇണ ഉണ്ടായിരിക്കും. ഓരോ വർഷവും അവർ ഇണചേരൽ ലക്ഷ്യത്തോടെ വീണ്ടും കണ്ടുമുട്ടും, തുടർന്ന് അവർ വീണ്ടും ഏകാന്തമായ വഴികൾ പിന്തുടരും. – എത്ര മനോഹരമായ ആചാരങ്ങൾ അല്ലെ?
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മിക്ക സമുദ്ര ദ്വീപുകളിലും ഈ പക്ഷികൾ കാണപ്പെടുന്നു. 5 – 12 വർഷമാണ് ഇവരുടെ ആയുസ്സ്.
മൂങ്ങകളെ കുറിച്ച് അന്ധവിശ്വാസങ്ങൾ ഒട്ടനവധിയെന്നതിനാൽ രാജ്യമാകമാനം മൂങ്ങകളുടെ വിപണനം സജീവമാണ്. ദീപാവലി-ദസറ ആഘോഷക്കാലം മൂങ്ങകളെ സംബന്ധിച്ച് ഏറ്റവും മോശം സമയമാണ്. നൂറുകണക്കിന് മൂങ്ങകളാണ് ഈ ആഘോഷവേളയുടെ മറവിൽ കുരുതിക്കളത്തിലെത്തുന്നത്. ഐശ്വര്യം, സമ്പത്ത്, ബിസിനസ് വിജയം എന്നിവയ്ക്കായി ഉത്തരേന്ത്യയിൽ മൂങ്ങകളെ ബലി നൽകുന്നു. ഒരേ സമയം ലക്ഷ്മീദേവിയുടെ വിശിഷ്ടവാഹനമായി ആദരിക്കുകയും, എന്നാൽ ദുർമന്ത്രവാദങ്ങളിൽ നിഷ്ടൂരമായി അവയുടെ കഴുത്തറുക്കുകയും ചെയ്യുന്നു. ഉത്തർപ്രദേശ്, ബംഗാൾ, മധ്യപ്രദേശ്, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഡൽഹി എന്നിവടങ്ങളിലാണ് ഇത്തരം ചെയ്തികൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇന്നും നമ്മുടെ
നാട്ടിൻപുറങ്ങളിൽ നിലനിന്നുപോന്ന അന്ധവിശ്വാസങ്ങൾ മിക്കവയും വലിച്ചുനീട്ടിയാൽ ഒരറ്റത്ത് മൂങ്ങയിരിപ്പുണ്ടാകുമെന്ന് തീർച്ചയാണ്. പക്ഷെ ഈ മൂങ്ങാ വിശേഷങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു കാണുന്ന എന്ന പ്രതീക്ഷയോടെ……

