ആണിയിലിരുന്ന പൊടിതട്ടി എടുത്ത് രണ്ടു വീശു വീശി പതുക്കെ സീറ്റിലിരുന്നു. സൈഡ് ഡ്രോ തുറന്ന് ഉച്ചഭക്ഷണവും വെളളവുമടങ്ങുന്ന ബാഗ് അതിലേക്ക് പതുക്കെ തളളി നീക്കി വച്ചു. പെട്ടെന്ന് അബദ്ധം സംഭവിച്ചതു മനസ്സിലാക്കി ബാഗ് തിരിച്ചുവലിച്ച് അതിൽനിന്നും വെളളക്കുപ്പി പുറത്തെടുത്ത് രണ്ടു കവിൾ ഇറക്കി. എ സി യിലേക്ക് ശരീരത്തെ മേയാന്‍ വിട്ടു. ജോലിയിൽ മുഴുകുന്ന വേളകളിലൊക്കെ ഈ മറവി പതിവുളളതാണ്. ഉച്ചഭക്ഷണം വൈകി കഴിക്കാന്‍ ബാഗ് തുറക്കുമ്പോഴൊക്കെ വെളളവും തൊടാതെ അതിലിരിക്കുന്നുണ്ടാകും.
കണ്ണടഗ്ലാസ്സ്. ഒന്ന് ആഞ്ഞു തുടച്ചു മിനുക്കുന്നതിനിടക്ക് രണ്ടു മൂന്നു ഗുഡ് മോണിങ്ങുകൾ കേൾക്കുകയും മുന്നിലൂടെ ആരൊക്കയോ മിന്നി മറയുകയും ചെയ്തു. ഗ്ലാസ്സ് കറക്റ്റായി മൂക്കിലുറപ്പിച്ചപ്പോഴാണ് സേതു വന്ന് ഗുഡ് മോണിംഗ് പറഞ്ഞത്. അവന് വേഗം തിരിഞ്ഞുനടന്നതു കണ്ട് അത്ഭുതപ്പെട്ടു. സാധാരണ ഒരു പണിയുമെടുക്കാന്‍ സമ്മതിക്കാതെ വർത്തമാനം പറഞ്ഞ് അലോസരപ്പെടുത്തുന്നയാളാണ്. ഓഫീസിലേക്ക് വരുന്ന വഴിക്കുളള കാഴ്ച്ചകളായിരിക്കും മിക്കവാറും വിഷയം. ഇന്നിതെന്തു പറ്റി?
‘ എന്താ ഇത്ര തിരക്ക്?”
എന്റെ ചോദ്യം കേട്ട് അവന് തിരികെ വന്നു.
“നാളെയല്ലേ ടൂറു പോകുന്നത്. ജെ എസ്സ് ഏൽപിച്ച നാലു ഡ്രാഫ്റ്റ്ണ്ട്. നമ്മൾ സ്ഥലത്തില്ലെന്ന് കരുതി ഡിലേ വരരുതല്ലോ ”
തല കുലുക്കി അവന്റെ വാക്കുകൾ ശരിവെക്കുന്നതിനിടയിൽ ഉളളിലേക്ക് അസ്വസ്ഥതയുടെ നീറ്റൽ തളളിത്തുറന്നു വന്നു. നാളത്തെ യാത്രയും തനിക്ക് നടക്കില്ലെന്നുറപ്പാണ്. മറ്റൊരു ദിവസവും കാണാതെ നാളെത്തന്നെ തലസ്ഥാനത്ത് ഹിയറിംഗ് വച്ചിരിക്കുന്നു. വർഷങ്ങളായുളള പതിവ് മുടക്കാതെ തന്നെ ഇത്തവണയും. മാർച്ചിനു ശേഷമുളള ആദ്യത്തെ വ്യാഴാഴ്ച്ച ചേർന്ന സ്റ്റാഫ് യോഗത്തിൽ തന്നെ കൊടൈക്കനാലിലേക്കുളള ട്രിപ്പ് തീരുമാനിക്കുകയായിരുന്നു. മാർച്ച് അവസാനം വരെയുളള തട്ടുപൊളിപ്പന്‍ പണികളൊക്കെ കാരണം ആർക്കും എങ്ങോട്ടും പോകാന്‍ സാധിക്കില്ലെന്നും ഏപ്രിലിലോ മെയിലോ ഒക്കെ ആക്കാമെന്നും നേരത്തെ തീരുമാനിച്ചതാണ്. ”ചൂടല്ലേ , ഏതെങ്കിലും ഹിൽ സ്റ്റേഷനേ നടക്കൂ” എന്നത് പൊതു അഭിപ്രായമായിരുന്നു. ”അല്ലേലും ചൂടിലൊക്കെ നല്ല ദാഹവും കാണും എല്ലാവർക്കും” എന്ന സെബാസ്റ്റ്യന്‍ സാറിന്റെ വാക്കുകൾ ചില ആണ്ശിരോമണികൾക്കെങ്കിലും കാതിൽ തേന്മഴ വീഴ്ത്തി..
“ എടക്കൊരു റിഫ്രഷ്മെന്റ് ഒക്കെ വേണ്ടേ.. ”
”നിന്നെപ്പോലെ മുന്നിൽ കിടക്കുന്ന തുണ്ട് കടലാസ്സുകൾ ചുമ്മാ ടൈപ്പ് ചെയ്തു വിടുന്നതൊന്നുമല്ല എന്റെ ജോലി. കാര്യങ്ങൾ ചിന്തിച്ചു ചെയ്യുമ്പോൾ വേറെയൊന്നിനും പറ്റാത്ത സ്ഥിതിയാണ്. മുന്നിലിട്ടു കൊടുക്കുന്ന വൈക്കോൽ ഒന്നും നോക്കാതെ ചവച്ചരക്കുന്ന പശുവല്ലേ നീ. ”
എന്നൊക്കെ മറുപടി പറയുമെങ്കിലും സേതുവിന്റെ പലപ്പോഴുമുളള ഓർമ്മപ്പെടുത്തലുകളാണ് തന്റെ കെട്ടിക്കിടക്കുന്ന ചിന്താ സരസ്സിനെ ഒഴുക്കിവിട്ടിട്ടുളളത്. നാലു വർഷമായി അവന് കൂടെ വർക്ക് ചെയ്യുന്നുണ്ട്. അവന്റെ ജോലിയിൽ താരതമ്യേന ഇളവുകൾ വന്നുകൊണ്ടെയിരുന്നു. ടൈപ്പിംഗ് ജോലികളൊക്കെ മിക്കവാറും തന്നെ അതാതു സെക്ഷനുകളിൽ ഇപ്പോൾ നിർവഹിക്കപ്പെട്ടു വരുന്നുണ്ട്. എന്നാൽ അതു മാത്രമല്ലാതെ ജന്മനാലുളള ഒരു ടെന്ഷനില്ലായ്മ സേതുവിനുളളതായും തോന്നിയിട്ടുണ്ട്.
പതിനഞ്ചു വർഷത്തെ സർവീസിനിടക്ക് സ്വന്തം കണ്ണായിരിക്കും കൂടുതൽ പരിഭവപ്പെട്ടിട്ടുണ്ടാവുക.
” താനെന്തെടോ ഇങ്ങനെ? എന്റെ കാര്യമൊന്നും നീ തീരെ ശ്രദ്ധിക്കുന്നില്ലേ? “
എന്ന് ആ കുഞ്ഞന്‍ അവയവം തന്നോട് ചോദിച്ചിട്ടുണ്ടാകും. കാരണം അത്രമാത്രം പണികൊടുക്കുന്നുണ്ടതിന്. പതിനഞ്ചു വർഷം മുമ്പ് ജോലിയിൽ കയറിയ സമയത്തേതിലും കാര്യങ്ങൾ മോശമാണിപ്പോൾ.. കമ്പ്യൂട്ടർ മോണിറ്ററിന്റെ തീവ്ര പ്രകാശത്തിൽ നിന്നും കണ്ണെടുക്കുന്നത് മൊബൈലിന്റെ കുത്തുന്ന അതി തീവ്ര വെളിച്ചത്തിലേക്ക്. ദിവസേനയുളള ഈ ആവർത്തനങ്ങൾ. ഇടക്ക് കണ്ണിനെ ഒന്ന് സ്വതന്ത്രമാക്കാമെന്നു വച്ചാൽ എങ്ങോട്ടു്. എവിടെയും കാഴ്ച മറച്ച് കോണ്‍ക്രീറ്റ് ചുമരുകളും കെട്ടിടങ്ങളും. ദൂരെയെവിടെയെങ്കിലും ചെന്ന് കണ്ണിനെ അകലേക്കു പായിച്ച് വെറുതെ നോക്കി നിൽക്കണമെന്നു തോന്നും. പെട്ടെന്ന് സ്ക്രീനിൽ മെയിലിന്റെ നോട്ടിഫിക്കേഷന്‍ വന്നു. ചിന്തകൾക്ക് വിരാമമിട്ട് വേഗം തന്നെ കൈ മൌസിലേക്ക് നീണ്ടു.
ഉച്ചക്കുളള ബ്രേക്കിൽ ചർച്ചകൾ ഉച്ചത്തിലായി.. സ്വെറ്റർ വേണമെന്നും വേണ്ടെന്നുമുളള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അതു കേട്ടപ്പോൾ വീട്ടിൽ സ്ഥലം മുടക്കായിക്കിടക്കുന്ന സ്വെറ്ററുകളും മങ്കി ക്യാപ്പുമൊക്കെ ഓർമ്മവന്നു. ഭാര്യയും മക്കളുമൊക്കെ ഊട്ടിട്രിപ്പു കഴിഞ്ഞു വന്നപ്പോൾ വാങ്ങിയതാണ്. രണ്ടു രാത്രി ഊട്ടിയിലെ തണുപ്പിൽ വിറച്ചു കഴിഞ്ഞ് പോരുമ്പോൾ മാത്രം വിലകൊടുത്ത് വാങ്ങിയ പ്രസ്തുത സാധനങ്ങളൊക്കെയും നാട്ടിലെ കൊടും ചൂടിൽ കേവലം കാഴ്ചച്ചരക്കാണെന്നു മാത്രം. അന്നും തലേ ദിവസം വരെ കുടുംബത്തോടൊപ്പം പോയി ശരീരവും മനസ്സും തണുപ്പിച്ചെടുക്കുന്ന സന്തോഷത്തിലും ഉത്സാഹത്തിലുമായിരുന്നു. പാക്കിംഗുകളൊക്കെ പൂർത്തിയാക്കി ഒന്നു നടു നിവർത്തിയതേയുള്ളൂ. മൊബൈലിന്റെ ഞെട്ടിപ്പിക്കുന്ന അലറൽ. പതിവു പോലെ റിജക്ഷന് ബട്ടണിൽ ആഞ്ഞു ഞെക്കി പുതപ്പു വീണ്ടും മുഖത്തേക്കു വലിച്ചിട്ടു. സ്വൈര്യം തരാതെ അത് വീണ്ടും കാറിക്കൂവിയപ്പോൾ അലസമായി നമ്പറൊന്നു ശ്രദ്ധിച്ചു. അവളുടെ വീട്ടിൽ നിന്നാണ്. വകയിലെ അമ്മായി മരിച്ചിരിക്കുന്നു. ഊതി വീർപ്പിച്ച വർണ്ണ ബലൂൺ വികൃതിക്കുട്ടികളുടെ കൈവീശലിൽ പൊട്ടിപ്പോയതു പോലെ.. വീട്ടുകാർ ആ യാത്രയൊക്കെ പിന്നീടു നടത്തിയെങ്കിലും ലീവോ ഒഴിവോ ലഭിക്കാതെ അപ്രാപ്യമായിപ്പോയ കഥ തന്നെയാണ് സ്വന്തം കുടുംബയാത്രയുടെ കാര്യത്തിലും സംഭവിച്ചിട്ടുളളത്.
“സാറ് വരുന്നില്ലേ?”
ചോദ്യം കേട്ട് തലയുയർത്തുമ്പോൾ മുന്നിൽ റെക്കോർഡ് അറ്റന്റർ സൌമ്യ.
“ഇല്ല. തിരക്കാണ്”
“കഴിഞ്ഞ പ്രാവശ്യം ഗോവയിൽ പോയപ്പോഴും വന്നില്ലല്ലോ. ”
“അന്നു ബഡ്ജറ്റിന്റെ കരട് സംബന്ധിച്ച മീറ്റിംഗിലായിരുന്നില്ലേ? അതാ. ”
“എല്ലാം നോക്കിയിട്ട് ഒന്നും നടക്കൂല സാറേ”
പരിഭവവുമായി പിന്നെയും ആരൊക്കെയോ വന്നു പോയി. മൂക്കിൽനിന്നും കണ്ണടയെടുത്ത് നീട്ടിപ്പിടിച്ച് ഒന്നു കണ്ണു തിരുമ്മി.. പിന്നീടു കണ്ണടച്ച് സീറ്റിൽ അൽപ നേരം ചാരിക്കിടന്നു.
പിറ്റേ ദിവസം തലസ്ഥാനത്ത് ഹിയറിംഗിന്റെ വേവും ചൂടുമൊക്കെ ഒരു വിധം തീർത്ത് സർക്കാർ റസ്റ്റ് ഹൌസിലെ ലോബിയിൽ വന്നിരുന്ന് വാട്സ് ആപ്പ് തുറക്കുമ്പോൾ നിറയെ ചിത്രങ്ങൾ വന്നു കിടക്കുന്നു. ചിലതിൽ കണ്ണുടക്കി. സഹപ്രവർത്തകരിൽ ചിലർ വിവിധ വ്യൂപോയിന്റുകളിൽ നിന്നെടുത്ത മനോഹരക്കാഴ്ചകൾ. അവയിൽ നോക്കിക്കൊണ്ടിരിക്കെ സ്വന്തം കണ്ണുകൾ അസ്വസ്ഥമാകുന്നതുപോലെയും ആഗ്രഹിച്ചത് കിട്ടാത്ത കുട്ടിയെ പോലെ അവ ഏങ്ങലടിച്ച് കരയുന്നായും തോന്നി. ഈ നിസ്സഹായതയിൽ ഒരേ ഒരു തീരുമാനത്തിനേ പ്രസക്തിയുളളു. അടുത്തും അകലെയും ഒന്നും നിരീക്ഷിക്കാതെ കണ്ണു ചിമ്മി ഒരൽപനേരമെങ്കിലും കിടന്നേക്കാം. അത്രയെങ്കിലും ആ അവയവങ്ങൾ ഒന്ന് ആശ്വസിക്കട്ടെ.


3 Comments
എല്ലാ ഉത്തരവാദിത്തങ്ങളും തീർത്തതിനു ശേഷം എന്നു കരുതിയിരുന്നാൽ ഒരു കാര്യത്തിനും സമയമുണ്ടാവില്ല.
നന്നായി എഴുതി👌🌹
ചെയ്തു തീർക്കേണ്ട കാര്യങ്ങൾ
കശക്കിഞെരിച്ചു കളഞ്ഞ യാത്ര നോവുണർത്തി. നല്ല രീതിയിൽ കഥ present ചെയ്തു. 👍👏
Thanks