മണികർണിക ഘാട്ട്, രാവും പകലും മൃതശരീരങ്ങൾ അഗ്നിക്ക് സമ്മാനിക്കുന്നയിടം. തനിക്കു കിട്ടിയ ശവശരീരങ്ങളെ ദഹിപ്പിക്കുന്ന തിരക്കിലായിരുന്നു അയാൾ. നേരിയ വെളിച്ചം പരക്കുന്നതെയുള്ളുവെങ്കിലും പുകപടലങ്ങൾക്കിടയിൽനിന്ന് അഗ്നിജ്വാലകൾ സ്വർണനിറത്തിൽ കുതിച്ചുയർന്നു.
തെറിച്ചു പോയ തലയോട്ടിയെ വടികൊണ്ട് കുത്തിയെടുത്ത് വീണ്ടും ചിതയിലേക്കെടുത്തിട്ടു. ശരീരങ്ങൾക്ക് ചൂടുപിടിച്ചാൽ അസ്ഥികൾ പൊട്ടിത്തെറിക്കും. അതു പെറുക്കിയെടുത്ത് അഗ്നിശുദ്ധിവരുത്തണം. ബാക്കിയായ ചിതാഭസ്മം വടിച്ചെടുത്ത് ഗംഗയിലൊഴുക്കണം. ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവൻചെയ്ത പാപങ്ങളെല്ലാം ഗംഗ ഏറ്റെടുത്തൊഴുകും. എത്ര വലിയ കുറ്റവാളിക്കും ഇവിടെവന്ന് വിശുദ്ധനായി മരിക്കാം. അതെങ്ങനെ സാധിക്കുമാവോ..!
കാലങ്ങളായി തന്റെയും കുടുംബത്തിന്റെയും ജോലി ഇതാണ്. മറ്റൊന്നും ചെയ്യാൻ പറ്റില്ല, അതിനാരും അനുവദിക്കില്ല. കരിയും പുകയും മനുഷ്യമാംസം കത്തിയെരിയുന്നതിന്റെ ഗന്ധവും പൊട്ടിത്തെറിക്കുന്ന അസ്‌ഥിക്കഷണങ്ങൾ ഉണ്ടാക്കുന്ന ഭീതിയുംകാരണം മറ്റെന്തെല്ലാം തൊഴിലുകൾ പഠിക്കാൻ ശ്രമിച്ചു. മെക്കാനിക്, നെയ്ത്ത്, ഡ്രൈവിംഗ്…. അങ്ങനെയങ്ങനെ താൻ ശ്രമിക്കാത്ത തൊഴിലുകളില്ല. പക്ഷേ, ഒരു ഡോമിനെയാരും മറ്റു പണിക്കെടുക്കില്ല. തൊട്ടുകൂടാ, തീണ്ടിക്കൂടാ. എന്നാലോ തൊടാനും തീണ്ടാനും പറ്റാത്തവർക്ക് ഒടുക്കം ഡോമിൻ്റെ കൈകൾതന്നെ വേണം. ആത്മാവിനു മോക്ഷംകിട്ടണമെങ്കിൽ…
അതോർത്തപ്പോൾ അയാളുടെ ചുണ്ടിലൊരു പുച്ഛച്ചിരി ഉയർന്നു. പിന്നെ അതൊരു അട്ടഹാസമായി മാറി.
“ഡോമിന്റെ സാന്നിധ്യത്തിൽ കർമം നടത്തിയാലല്ലേ അവർക്ക് സ്വർഗം ലഭിക്കൂ. എന്തൊരു വിരോധാഭാസം!” അതിനുവേണ്ടി എരിതീയിൽ പണിയെടുത്തു വെന്തു തീരാനുള്ളതാണ് പൂർവ്വികരെപ്പോലെ തൻ്റെയും ജന്മമെന്നോർത്തപ്പോൾ അല്പംമുമ്പുവരെ ഉണ്ടായിരുന്ന സ്ഥായീഭാവം തിരികെ സ്ഥാനം പിടിച്ചു.
ആദ്യമൊക്കെ ശവങ്ങളെ ദഹിപ്പിക്കുമ്പോൾ അടിവയറ്റിൽനിന്ന് മുകളിലേക്കൊരു എടുത്തുമറിക്കലാണ്. തികട്ടിവന്നാലും ഛർദ്ദിക്കാൻപാടില്ല. ഒരു ശവശരീരത്തെയും അവഹേളിക്കാൻ കാരണമായിക്കൂടാ, അതിൽപ്പിന്നെയാണ് ഭാംഗിന് അടിമയായത്. നല്ല ബോധത്തിൽചെയ്യാൻ മടിയുള്ളതെല്ലാം കഞ്ചാവിന്റ ബലത്തിൽ ചെയ്തുതീർത്തു അയാൾ.
____________
ഇന്നുവരെ ഓരൊറ്റ ശരീരത്തിനും കണക്കുപറഞ്ഞ് കൂലി വാങ്ങീട്ടില്ല. അയാളുടെ അച്ഛൻ പഠിപ്പിച്ചിട്ടുള്ളത് ഈ കർമത്തിന് കണക്കു പറയാൻ പാടില്ല പറഞ്ഞാൽ ദൈവകോപം ഉണ്ടാവുമെന്നാണ്. അച്ഛനെ അച്ചാച്ഛൻ പഠിപ്പിച്ചതാവും. ചിലർ ചില്ലറ തരും, മറ്റു ചിലർ മരിച്ചവരോടുള്ള പ്രിയം കാരണം കുറച്ചു കൂടുതൽ തരും.
വലിയ പണക്കാർ മരിച്ചാൽ അവരെ ചന്ദനമുട്ടിയിൽ നറുനെയ്യ് ഒഴിച്ചാണ് ദഹിപ്പിക്കുക. പിണമായാലും പണമുണ്ടെങ്കിലേ ചന്ദനത്തിൽ ചമഞ്ഞു കിടക്കാൻ പറ്റു.
അവസാനത്തെ ശരീരവും ദഹിപ്പിച്ചു കഴിഞ്ഞതും നേരം നന്നേ പുലർന്നിരുന്നു.ഘാട്ടിലെ പടികളൊന്നിൽ ഇരുന്നു തടിയൻ ചുരുട്ടെടുത്തു പുകക്കുമ്പോൾ മനസിൽ നാളെ മോന്റെ ഫീസ് എങ്ങനെ അടയ്ക്കുമെന്ന ചിന്തയായിരുന്നു. അവനെങ്കിലും ഈ ദുരിതത്തിൽ നിന്ന് രക്ഷപെടാൻ എത്ര കഷ്ടപ്പെടാനും അയാൾ തയ്യാറായിരുന്നു. അതിന്റ ആദ്യപടിയായിട്ടാണ് ഭാംഗ് നിർത്തിയത്.ഭാര്യയും പണിക്ക് പോയി തുടങ്ങിട്ടുണ്ട്, അവൾക്കും വീട്ടു ജോലി പോലും കിട്ടിയില്ല, അവസാനം ഓട വൃത്തിയാക്കാൻ തയ്യാറായി. സങ്കടം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയപ്പോ ഒരു പുക കൂടി ഉള്ളിലേക്കെടുത്തു. പിന്നെ വലയങ്ങളായി പുറത്തേക്ക് വിട്ടു.
പടികൾ ചാടി കയറി തന്റെ കോളനി ലക്ഷ്യമാക്കി നടന്നു. മോൻ പോകുന്നതിനു മുമ്പ് എത്തണം. പോകുന്ന വഴി ലഡു വിതരണം ചെയ്യുന്ന കാഴ്ച കണ്ടു.കുറെ പേരുണ്ട്, ചിലർ ആഹ്ലാദത്തോടെ നൃത്തം ചവിട്ടുന്നു. മറ്റു ചിലർ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നു.ഇടവഴിയാണ് ആരെയെങ്കിലും തട്ടി പോയാൽ, അയാളുടെ ഉള്ളം കിടുത്തു. പക്ഷെ തന്റെ നേരേക്ക് നീണ്ടു വന്ന ലഡു കണ്ട് ആകാംക്ഷയോടെ കൈ നീട്ടി.അയാളെ നോക്കി ആർത്തു ചിരിച്ചുക്കൊണ്ടവരത് നിലത്തേക്കെറിഞ്ഞു.എന്നിട്ട് പാട്ടും ഡാൻസുമായി ഘോഷ യാത്ര മുന്നോട്ടുപ്പോയി. ലഡു എടുത്തു മണ്ണ് കളഞ്ഞു വായിലിടാൻ കൈ ഉയർത്തിയ സമയത്ത് ഒരു കൈ വന്നത് തട്ടികളഞ്ഞു.പേടിയോടു കൂടിയാണ് തിരിഞ്ഞുനോക്കിയത്.
“മുസാഫിർ.. നീ എപ്പോ എത്തി!”
ചോദിച്ചുതീരും മുമ്പ് അവനയാളെ കെട്ടിപിടിച്ചുമ്മ കൊടുത്തു. പുക പിടിച്ച ചകിരിപ്പോലുള്ള മുടിയിൽ തലോടി അവൻ പറഞ്ഞു.
“രാജു… നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർ വലിച്ചെറിഞ്ഞു തന്ന വസ്തുക്കളെടുത്തു തിന്നരുതെന്നു. പട്ടിയെ പോലെ എറിഞ്ഞുതരുമ്പോൾ അതെടുത്തു കഴിക്കുക. നീയും മനുഷ്യനാണ്. നമുക്കും അന്തസോടെ ജീവിക്കാൻ അർഹതയുണ്ടടാ.ഇന്ത്യൻ ഭരണഘടന പ്രകാരം ആ പോയവരും നമ്മളുമൊക്കെ തുല്യരാടോ.. എത്ര പറഞ്ഞാലും മനസിലാവില്ല.”
“എടാ.. എന്നെ മനുഷ്യനായി കാണുന്നത് നീ മാത്രാവും. നിന്റെ വാക്ക് കേട്ടു ഞാൻ വേറെ എത്ര ജോലി നോക്കിട്ടുണ്ട്.ഭരണഘടന അതൊക്കെ മനുഷ്യർക്ക് ഉള്ളതാണ്.ഞങ്ങളെ ആരാടാ. മനുഷ്യനായി കാണുന്നത്.
അയാളുടെ വാക്കുകൾ വിറച്ചു, കണ്ണുകളിൽ അഗ്നി തെളിഞ്ഞു, ഒരു ദീർഘനിശ്വാസത്തിനു ശേഷം വീണ്ടും തുടർന്നു.
“മരിച്ചവരെ അല്ലാതെ ഒരാളെയും ഞാൻ തൊട്ടിട്ടില്ല. ഞങ്ങടെ പെണ്ണുങ്ങൾ അവരുടെ തീട്ടം കോരികൾ.ഞങ്ങടെ കുട്ടികൾ സ്കൂളിൽ പോവുമ്പോ ആരും കൂടെ ഇരുത്തില്ല, വല്ല വിധേനെയും പഠിച്ചു വന്നാൽ ജോലിയും കിട്ടില്ല. നിനക്കറിയോ സ്കൂളിലെ കിണറ്റിന്ന് വെള്ളം കുടിച്ചെന്നുംപറഞ്ഞു എന്റെ മോനെ കെട്ടിയിട്ട് തല്ലി. മൂന്ന് ദിവസം പനിച്ചു ബോധം കെട്ട് കിടക്കുവായിരുന്നു. പണിക്കിടയിൽ പൊള്ളാത്ത ഭാഗമുണ്ടാവില്ല എന്റെ ശരീരത്തിൽ. ആരും തിരിഞ്ഞു നോക്കില്ല. തുല്യത ഫൂ..
അയാൾ കാർക്കിച്ചു തുപ്പി.
ഇരുണ്ട മുഖം ഒന്നുടെ കരിക്കട്ട പോലെയായി,അനുഭവങ്ങൾ അയാളുടെ മുന്നിൽ ഒരു ചലച്ചിത്രം പോൽ തെളിഞ്ഞു.സാവകാശമൊരു നെടുവീർപ്പിൽ തന്റെ സങ്കടങ്ങളെ കുരുക്കിട്ടു. എന്നിട്ട് പാതി കരിഞ്ഞ താടിയുഴിഞ്ഞയാൾ കൂട്ടിച്ചേർത്തു
“ഒരു രക്ഷയുമില്ല. ഈ ജന്മം ഇങ്ങനെ പോട്ടേ.. അടുത്തജന്മത്തിൽ വല്ല പട്ടിയോ, പുഴുവോ, പന്നിയോ ആയി ജനിക്കുമായിരിക്കും.”
നിസ്സഹായതയും അമർഷവും നിറഞ്ഞ ആ മുഖത്തു നോക്കി കൂടുതലൊന്നും പറയാൻ മുസാഫിറിനു ആയില്ല.അയാളെ തന്നിലേക്ക് ചേർത്തു പിടിച്ചു പറഞ്ഞു
“നീ എന്റെ കൂടെ പോര്. നിനക്കറിയാലോ പള്ളിക്കുള്ളിൽ പൂജ തുടങ്ങിയ സമയത്തു മതത്തിന്റെ മദപ്പാടുകളിൽ ബന്ധങ്ങൾ ഉരുകിയുരുകി നശിക്കുമ്പോഴാണ് ഞാൻ നാട് വിട്ടത്. പുറത്തു മനുഷ്യരുണ്ട് എടാ. അവിടെ നമുക്ക് എന്ത് പണിയും എടുത്തും ജീവിക്കാം. ജാതിയും മതവും പ്രശ്നമില്ല.ലോകത്തു ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് ഇക്കണ്ട മനുഷ്യരത്രയും ഉണ്ടായത് എന്നാണ് വേദം പറയുന്നത്.അപ്പൊ ഞാനും നീയും അവരും എല്ലാം ഒരുപോലെയാണ്. ആരുടെ മുന്നിലും തല കുമ്പിട്ടു നിൽക്കേണ്ട ആവശ്യമേ ഇല്ല.”
“എനിക്കറിയില്ല മുസാഫിർ. രക്ഷപ്പെടണമെന്ന ആഗ്രഹമൊക്കെയുണ്ട്, പക്ഷെ അതെന്റെ കൂട്ടത്തേ കുരുതി കൊടുത്തു കൊണ്ട് ആവരുത്. എന്റെ മോനെ, നീ കൊണ്ട് പൊയ്ക്കോ. അവനെങ്കിലും അന്തസ്സോടെ ജീവിക്കാൻ പഠിക്കട്ടെ.. സാരമില്ലടാ.. എനിക്കിപ്പോ ഈ ചൂടും പുകയുമൊക്കെ ശീലമായി.”
നിരാശയോടെ തന്നെ നോക്കുന്നവന്റെ കണ്ണിൽ പെട്ടെന്ന് ഭയത്തിന്റെ ചെങ്കടൽ കണ്ടപ്പോഴാണ് മുസാഫിർ പിറകിലേക്ക് നോക്കിയത്. ഭയം ഓരോ രോമകൂപങ്ങളേയും ഉയർത്തെഴുന്നേൽപ്പിക്കുന്നത് അവരറിഞ്ഞു.ഇബ്‌ലീസിന്റെ ചിരി കാതിൽ അലയടിച്ചു. വടിവാളുകളുടെ സംഗീതം വായുവിൽ ഉയർന്നു താണു.
______________________________
പാക് ചാരനെന്നു സംശയിച്ച യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു.
വാരാണസി :പാക് ചാരനെന്നു സംശയിച്ച യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു.യുവാവിന്റെ തോൾസഞ്ചിയിൽ നിന്നും ഉറുദു ഭാഷയിലുള്ള പുസ്തകങ്ങളും ലഘു ലേഖകളും കണ്ടെടുത്തു. വാരാണസിയിലെ റാഷിദുൽ ഖാന്റെ മകൻ മുസാഫിറാണ് കൊല്ലപ്പെട്ടത്. അയാളുടെ വീട്ടിൽ പോലീസ് സേർച്ച് തുടരുന്നു.
ഇതിന്റെ കൂടെ തന്റെ അച്ഛനെ കൊന്നതിന്റെ വാർത്ത എവിടെയെങ്കിലും ഉണ്ടോയെന്നു അറിയാൻ അവൻ പത്രത്തിന്റെ എല്ലാ പേജിലും അരിച്ചു പെറുക്കി, നിരാശ യായിരുന്നു ഫലം. അല്ലെങ്കിലും തെരുവ്പട്ടിക്ക് എന്തെങ്കിലും പറ്റിയാൽ കോപ്പറേഷൻകാരല്ലാതെ വേറെ ആരറിയാൻ… ഉള്ളിലെ ഗദ്ഗദം കണ്ണിലൂടെ പെയ്തിറങ്ങി.
“നീയല്ലേ ആ ചത്തവന്റെ മോൻ നിന്നെ ഘാട്ടിൽ ചോദിക്കുന്നുണ്ട് പെട്ടെന്ന് ചെല്ല്”…
പറഞ്ഞത് ആരെന്ന് പോലും നോക്കാതെ കനത്ത ചൂടിലേക്കവൻ ഇറങ്ങിനടന്നു. തീക്കാറ്റിൽ അവന്റെ കണ്ണീർ ആവിയായി ഗംഗയിലേക്കൊഴുകി


8 Comments
മനോഹരം, വ്യത്യസ്തം 👌
🥰🥰
നോവുണർത്തിയ രചന. ജാതികളിലെ ഉച്ചനീചത്വം ഇപ്പോഴും തുടരുന്നു എന്നത് യാഥാർത്ഥ്യമാണ്.
എഴുത്ത്👍.
സ്നേഹം ജോ.. ❤️🥰
നല്ല രസകരമായി എഴുതി 👌❤️🥰
😊😊
വായിക്കുന്തോറും കൂടുതലിഷ്ടം❤️❤️❤️
സുമേച്ചി… ഇഷ്ട്ടം ഈ വാക്കുകൾ. ❤️😘😘