അമ്മയെന്ന പേരിനോടൊപ്പം ഓർമ്മയിൽ തെളിഞ്ഞു വരുന്നൊരു രാവ്…
പെണ്ണും പ്രസവവും പോസ്റ്റ്പാർട്ടം ഡിപ്രെഷനും ഒന്നും ഒരു വിഷയമോ ചർച്ചയോ അല്ലാതിരുന്നൊരു നാളിൽ പിറന്നുവീണൊരു അമ്മയും കുഞ്ഞും…
ജീവിതകാലം മുഴുവൻ മനസ്സിൽ കുളിരു പകരുന്നൊരു നിമിഷം സമ്മാനിക്കേണ്ടതിനു പകരം നെഞ്ചിൻകൂട്ടിൽ ഒരിക്കലും ആണയാത്തൊരു കനൽ കോരിയിട്ടൊരു രാത്രി.
***
“ഇതെന്താ ഇവിടെയൊരു മാംസക്കഷ്ണം തള്ളിക്കിടക്കുന്നത്.”
” ഓ! അത് മുൻപേ ഉള്ളതായിരിക്കും.”
മിലിട്ടറി യൂണിഫോമിലുള്ള നഴ്സുമാരുടെ സംഭാഷണം ആ തളർച്ചക്കിടയിലും വ്യക്തമായി കേൾക്കാമായിരുന്നു അവൾക്ക്. വിദേശാധിപത്യത്തിന്റെ പിന്തുടർച്ചയെന്നോണം അധികാര വരേണ്യവർഗ്ഗത്തിന്റെ അവഗണനയും ധാർഷ്ഠ്യവും അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു രാവിലെമുതൽ അവളും അവളുടെ ഭർത്താവും.
അന്നൊരു ഞായറാഴ്ച, രാവിലെ ഏഴുമണിക്ക് എമർജൻസിയിൽ അനുവദിച്ചുകിട്ടിയ പട്ടാളജിപ്സിയിൽ എത്തിയതായിരുന്നു മിലിട്ടറി ആശുപത്രിയിൽ. കുറിച്ചു തന്നിരുന്ന തീയ്യതിക്ക് ഒരുപാട് ദിവസങ്ങൾ ബാക്കിയുണ്ടായിരുന്നു. നിർത്താതെ ഛർദ്ദിയും, ഇടയ്ക്കിടെ നനഞ്ഞൊഴുകുന്ന അടിവസ്ത്രവും കാരണം ആകെ പരവശയായ അവളെ പരിശോധിച്ച ഡോക്ടർ – ഭർത്താവിന്റെ അതേ യൂണിഫോമിൽ, എന്നാൽ ചുമലിൽ രണ്ട് നക്ഷത്രങ്ങളും, അശോകസ്തംഭവും തിളങ്ങുന്ന മേലധികാരി – “ഇത്ര നേരത്തെ എന്തിനാ ഇങ്ങ് കൊണ്ടുവന്നത്? ക്വാർട്ടേഴ്സിൽ ഇയാൾതന്നെ പ്രസവമെടുത്താൽ മതിയായിരുന്നല്ലോ?” എന്ന് ദേഷ്യത്തോടെ, അതിൽപരം അധികാര ധാർഷ്ഠ്യത്തിൽ ചോദിച്ചത് കേട്ടപ്പോൾ കഠിനവേദനയിൽ പുളയുകയാണെങ്കിൽ പോലും അവൾ കണ്ടു – തലകുനിച്ച് ഇനിയെന്ത് എന്ന ചോദ്യം സ്വയം ചോദിക്കുന്നതു പോലെ ആ ദയനീയമുഖം.
അവളുടെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ദേഷ്യത്തിൽ ഒരു ശബ്ദം: “തന്റെ ഇവിടെ ഇങ്ങനെ മാംസം തൂങ്ങിക്കിടക്കുന്നത് മുൻപേ ഉള്ളതാണല്ലോ, അല്ലേ?” ഒന്നും വ്യക്തമായി മനസ്സിലാകാതെ അവൾ
“മാഡം, ഇതെന്റെ ആദ്യത്തെ പ്രസവമാണ്. എനിക്കൊന്നും അറിയില്ല” എന്നുമാത്രം പറഞ്ഞു. അവരുടെ കയ്യിൽനിന്ന് പറ്റിയ തെറ്റ് തുടച്ചുനീക്കാനുള്ള തത്രപ്പാടിലായിരുന്നു അവർ.
പ്രസവം കഴിഞ്ഞതിന്റെ വേദനയ്ക്ക് മുകളിൽ പച്ചമാംസം കുത്തിവലിച്ച് തുന്നിച്ചേർത്തതിനു ശേഷം പത്തോളം വരുന്ന നേഴ്സിംഗ് അസിസ്റ്റന്റുമാരും, മിഡ് വൈഫുമാരും അടങ്ങിയ അവരുടെ സംഘം തികച്ചും ലാഘവത്തോടെ സംസാരിക്കുകയാണ് – അവളുടെ ശരീരത്തിൽ ചെയ്തു കൂട്ടിയ ഒരു വലിയ തെറ്റിനെക്കുറിച്ച്. ദയാദാക്ഷിണ്യമോ, കരുണയോ ഇല്ലാതെ സ്നേഹത്തോടെയുള്ള ഒരു വാക്കുപോലും പറയാത്ത വെള്ള വസ്ത്രങ്ങളിലല്ലാത്ത മാലാഖമാർ. അവരിൽ ഭൂരിഭാഗവും സ്വന്തം നാട്ടുകാരാണെന്നത് അവൾക്ക് അത്ഭുതമായിരുന്നു.
പ്രസവത്തിന്റെ സമയത്തോ അതിനു ശേഷമോ രാവിലെ കണ്ട ആ ഡോക്ടറുടെ മുഖം കണ്ടിരുന്നില്ല. തലയുടെ ഇടതുഭാഗത്തെ ചുമരിലെ വലിയ ഘടികാരത്തിൽ അപ്പോൾ സമയം രാത്രി പന്ത്രണ്ട്മണി കഴിഞ്ഞിരുന്നു. നിർത്താതെയുള്ള നിലവിളിക്കും, അലർച്ചയ്ക്കും ഒടുവിൽ ഒരു പുഞ്ചിരിയായി അവന്റെ നേർത്ത രോദനം കാതിനെ കുളിർമ്മയണിയിച്ചത് രാത്രി 7.52ന്. കഴിഞ്ഞ നാലുമണിക്കൂർ തന്റെ കുഞ്ഞെവിടെയെന്നോ തനിക്കെന്താണ് സംഭവിച്ചത് എന്നോ അവൾക്കറിയില്ലായിരുന്നു.
**********
ഒരുപക്ഷെ താനനുഭവിക്കുന്ന ശരീരവേദനയെക്കാൾ കഠിനമായ ഹൃദയവേദന അനുഭവിച്ചുകൊണ്ട് ലേബർറൂമിന് വെളിയിൽ ഇരിക്കാൻ അനുവദിച്ചിരുന്ന ഇരിപ്പിടത്തിൽ ഇരിപ്പുറക്കാതെ, ജനുവരിയുടെ മരംകോച്ചുന്ന തണുപ്പിനെ, എരിയുന്ന മനസ്സിലെ കനൽ കോരിയിട്ട് ചൂടാക്കി കാത്തിരിപ്പുണ്ടായിരുന്നു ഒരു പാവം. തന്റെ ജീവന്റെ അംശം ഈ ഭൂമിയിൽ പിറന്നുവീണെന്നോ, അവന്റെ അമ്മ ജീവിതത്തിനും മരണത്തിനും ഇടയിലാണെന്നോ അറിയാതെ കടന്നു പോകുന്ന നിമിഷങ്ങളിലാണ് രാവിലെ ദേഷ്യപ്പെട്ട സീനിയർ ഡോക്ടർ മറ്റു രണ്ടുപേരുടെ കൂടെ ധൃതിയിൽ ലേബർ റൂമിലേക്ക് കടന്നുപോകുന്നത് കണ്ടത്. ഒരുമിച്ചുണ്ടായിരുന്ന ജൂനിയേഴ്സിനോട് എന്തൊക്കെയോ ഉച്ചത്തിൽ ഇംഗ്ലീഷിൽ പിറുപിറുത്ത് കൊണ്ട് അവർ അകത്ത് കയറിയപ്പോൾ അയാളുടെ മനസ്സ് മന്ത്രിച്ചു – എന്തോ കുഴപ്പമുണ്ട്. ഹൃദയമിടിപ്പിന് ഒന്നുകൂടി ശക്തിയേറിയ അയാൾ ഡയറിയിൽ എഴുതിവെച്ച ഭാര്യയുടെ ബ്ലഡ്ഗ്രൂപ്പിന് സമാനമായ ഗ്രൂപ്പിലുള്ള ആളുകളുടെ ലിസ്റ്റിൽ കണ്ണോടിച്ചു നോക്കി.
**********
അവളുടെ മറുപടിക്കു ശേഷം, തങ്ങളുടെ കുറ്റം മറച്ചുവെക്കാനാവില്ല എന്നറിഞ്ഞ നിമിഷം മുതൽ, ലേബർ റൂമിലെ ഫോൺ ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്നു. മറുതലയ്ക്കൽ നിന്ന് കേൾക്കേണ്ടി വരുന്ന വാക്കുകളുടെ കാഠിന്യവും, ഗാംഭീര്യവും അവരുടെ മുഖത്തും പ്രവൃത്തിയിലും മിന്നിമറിയുന്നത് കാണാമായിരുന്നു.
പെൺശബ്ദങ്ങൾക്കിടയിൽ അധികാരത്തിന്റെ ആൺശബ്ദം ഉയർന്നു കേട്ടപ്പോൾ മനസ്സിലായി ഡോക്ടർ എത്തിക്കഴിഞ്ഞെന്ന്. ഉച്ചത്തിൽ എന്തൊക്കെയോ നഴ്സുമാരോട് പറയുന്നത് തീർത്തും തളർന്നുപോയെങ്കിലും അവൾ വ്യക്തമായി കേട്ടു.
കുറച്ച് താഴ്മയോടെ സംസാരിച്ചു കൊണ്ട് അടുത്തെത്തിയ ഒരു നഴ്സ് – “ഇട്ടിരിക്കുന്ന സ്റ്റിച്ച് മാറ്റി പുതുതായി ഒരു സ്റ്റിച്ചിടണം” എന്ന് പറഞ്ഞപ്പോൾ ഒട്ടും ഭയക്കാതെ അവൾ പറഞ്ഞു.
“അനസ്തേഷ്യ ഇടാതെ എനിക്കിനി വയ്യ വേദന സഹിക്കാൻ,” പക്ഷെ ആരും കേട്ടില്ല ആ അപേക്ഷ.
പച്ചമാംസത്തിൽ നിന്ന് വലിച്ച് പറിച്ചെടുക്കുന്ന നൂലിഴകൾ, തന്റെ കഴുത്തിനെ മുറുക്കി ആ ശ്വാസമങ്ങ് അവസാനിപ്പിക്കാൻ കെല്പുണ്ടായിരുന്നെങ്കിൽ എന്നാശിച്ചെന്ന് മാത്രമല്ല,
” ഇതിലും ഭേദം എന്നെയങ്ങനെ കൊന്നു തരുന്നതാണ് നല്ലത്” എന്ന് നിലവിളിയോടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അവൾ.
പ്രസവത്തിന് ശേഷം പുറന്തള്ളേണ്ടിയിരുന്ന മാലിന്യങ്ങൾ മുഴുവൻ വെളിയിൽ കളയാതെ അതിൽ ഒരുഭാഗം ചേർത്ത് യോനീഭാഗം തുന്നിപ്പിടിപ്പിക്കുകയായിരുന്നു ഭൂമിയിലെ മാലാഖകൾ. അത് വലിച്ചെടുത്തതിനു ശേഷം വീണ്ടും സൂചി കുത്തിയിറക്കുകയാണ് അവളുടെ പച്ചമാംസത്തിൽ. ഭൂമിദേവി പിളർന്ന് ആ കട്ടിലോടു കൂടി അങ്ങ് കൊണ്ടുപോയിരുന്നെങ്കിൽ എന്നാത്മാർത്ഥമായി ആശിച്ചുപോയ നിമിഷങ്ങൾ.
**********
സമയം അർധരാത്രി കഴിഞ്ഞ് 1:30. മണിക്കൂറുകൾക്ക് മുൻപ് ഭൂമിയിൽ പിറന്നു വീണ തന്റെ മകനെ അതിന്റെ അച്ഛനെ ഒരു നോക്ക് കാണിക്കാൻ അലിവുണ്ടായി അവർക്ക്. കാരണം അതുവരെ അവർക്ക് ഉറപ്പില്ലായിരുന്നല്ലോ കുഞ്ഞിന്റെ അമ്മയെക്കുറിച്ച് എന്തു പറയുമെന്ന്.
ഭൂമിയിൽ പിറന്നുവീഴുന്ന തന്റെ കുഞ്ഞുങ്ങൾ ആദ്യം നുണയേണ്ടത് തന്റെ അമ്മിഞ്ഞപ്പാലായിരിക്കണം എന്ന് എപ്പോഴും പറയാറുണ്ടായിരുന്ന, അതിനുവേണ്ടി കാത്തിരുന്ന അവൾക്ക് തന്റെ പൊന്നോമനയെ ഒന്ന് കാണാൻ അനുവാദം ലഭിച്ചത് പിറ്റേന്ന് മാത്രം.
പട്ടാള ചിട്ടവട്ടങ്ങൾക്ക് നടുവിൽ അതിനെ അനുസരിച്ച് ജീവിക്കാൻ എന്നും അഭിമാനം തോന്നിയിരുന്ന അവർക്ക് പക്ഷെ, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ മുഹൂർത്തം സമ്മാനിക്കേണ്ടിയിരുന്ന മധുരമായ ഓർമ്മകൾക്ക് പകരം, ഒരായിരം കാരിരുമ്പുകൾ ഹൃദയത്തിനെ ഒന്നാകെ കീറി മുറിക്കുന്ന വേദന സമ്മാനിച്ച ഒന്നായിരുന്നു അത്.
പത്തിരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന ജീവിതമാണ് ഈ കഥ. എന്നും ഒരു കനലായി കൊണ്ടുനടന്ന, ഒന്നിറക്കിവെക്കാൻ ആഗ്രഹിച്ചു നടന്നിരുന്ന ഒരു മുറിവിന്റെ ഭാരം. ഇന്ന് സാഹചര്യങ്ങൾ ഒരുപാട് മാറി. ഓഫീസർ റാങ്കിലല്ലാത്തവരും വിവരവും വിദ്യാഭ്യാസവുമുള്ള മനുഷ്യരാണെന്ന തിരിച്ചറിവുണ്ടായി തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഭയഭക്തിബഹുമാനം ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയയാണ്, അല്ലാതെ വെറുമൊരു വൺവേ ട്രാക്കല്ല എന്നത് ഏകദേശം എല്ലാ മേഖലയിലുള്ള ഉന്നതൻമാരും മനസ്സിലാക്കി വരുന്നു.
ഭൂമിയിലെ മാലാഖമാരെ എന്നും ഒരു ആരാധനയോടെ നോക്കി കാണുന്നവളാണ് – ഇതിൽ പറഞ്ഞിട്ടുള്ള അപൂർവ്വം ചിലരെ ഒഴിച്ചു നിർത്തിയാൽ.
✍️ ©രതി രമേഷ്
#മാതൃദിനം 2025


14 Comments
ഓർക്കും തോറും വേദനിപ്പിക്കുന്ന ഓർമ്മകൾ…
നോവുകൾ 🫂
തല പെരുത്തുപോയി വായിച്ചിട്ട്.. ഹോ എന്തൊരു ഭീകരമായ അവസ്ഥ
ചേച്ചി.. അനുഭവം എന്ന് വായിച്ചപ്പോൾ ഉള്ളിൽ മുറിയുന്നു 🫂
വല്ലാത്ത അനുഭവം- ഉള്ളിൽ തീ കോരിയിട്ടതുപോലെ- അതിൻെറ നീറ്റൽ മാറിയിട്ടില്ല- നന്നായെഴുതി- അഭിന്ദനങ്ങൾ
🙏🙏
👌👌
🥰
നോവിൽ മുക്കിയെടുത്ത വരികൾ ❤️❤️
നോവു പടർന്ന രചന.
നന്നായി എഴുതി.👍👏
♥️
🥰
നല്ല എഴുത്ത് 👌💗
ശ്വാസം പിടിച്ചാണ് വായിച്ചത്. പെണ്ണായിപ്പിറന്നാൽ എന്തെല്ലാം നോവുകൾ.
ആ നോവ് മനസ്സിലേക്കു പടർത്തിയ എഴുത്ത്.👌❤️🌹