ദേശീയ പാത 66 മൂന്നു ജില്ലകളിൽ മണ്ണിടിച്ചിലും വിള്ളലും ഉണ്ടായപ്പോൾ 34 വർഷത്തെ സേവനത്തിനു ശേഷം 1988ൽ കേരള സംസ്ഥാന വിദ്യുശക്തി ബോർഡിൽ നിന്ന് ചീഫ് എഞ്ചിനീയർ ആയി വിരമിച്ച് ഇരിങ്ങാലക്കുടയിൽ വിശ്രമ ജീവിതം നയിക്കുന്ന നവതിയിൽ എത്തി നിൽക്കുന്ന ശ്രീ ജോണി ടി. ആർ. ന് പറയാനുള്ളത് എന്താണെന്ന് അറിയാം.
റോഡിലെ ‘ഹീവിങ് ‘
ഭാരം കുറഞ്ഞ അസ്തിവാരത്തിൽ, ഭാരം കൂടിയ വസ്തു വെച്ചാൽ ആ ഭാഗം താഴും. ഇരുവശങ്ങളും പൊങ്ങും. ഇതാണ് ഹീവിങ്. കോക്കനട്ട് പൈലിങ്ങാണ് ദേശീയ അഥോറിറ്റിയുടെ ‘മറുമരുന്ന്’.ഏകദേശം 20 അടി നീളമുള്ള തെങ്ങിൻകുറ്റികൾ മണ്ണിലേക്ക് യന്ത്രസഹായത്താൽ ഇടിച്ചു കയറ്റി മുകളിൽ കാപ്പിട്ടു മണ്ണു ബലപ്പെടുത്തുന്നു. കുറ്റികൾ കുറെക്കാലം നശിക്കാതെ നില്ക്കുന്നു. പണി തുടരുന്നു. ഉയരം കൂടുതലുള്ള സ്ഥലങ്ങളിൽ തന്നെയെങ്കിലും ക്രമേണ കുഴപ്പങ്ങളുണ്ടാകാം. അസ്തിവാര പ്രശ്നങ്ങൾ സ്ഥിരമായി തീർക്കാൻ വയനാട്ടിലെ ബാണാസുര സാഗറിലെ പടിഞ്ഞാറത്തറ അണക്കെട്ടിൽ ചെയ്തത് എങ്ങനെയെന്ന് താഴെ കൊടുക്കുന്ന ഭാഗങ്ങളിൽ നിന്നു മനസ്സിലാക്കാം.
ആമസോൺ KINDLE ൽ
ഇ -ബുക്ക് ആയി പ്രസിദ്ധികരിച്ച “ഒരു എഞ്ചിനീയറുടെ സർവീസുൽസവം “ ത്തിൽ സമാനമായ ഈ പ്രശ്നം എങ്ങനെയാണ് പരിഹരിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
🌹🌹🌹🌹🌹
ബാണാസുര സാഗർ പദ്ധതി
കേരളത്തിലെ കരമാൻത്തോട്ടിലെ വെള്ളം പനമരം പുഴയിലൂടെ കർണാടക സംസ്ഥാനത്തെ കബനീ നദിയിൽ എത്തുന്നു. പിന്നീട് അത് കാവേരിയിൽ ലയിക്കുന്നു. അപ്പോൾ കാവേരിയിലെ വെള്ളം തന്നെ. അത് കേരളത്തിൽ ഉപയോഗിക്കാൻ സാധിച്ചത് മിസ്റ്റർ ആർ. ബാലകൃഷ്ണപിള്ള എന്ന ഒരൊറ്റ വ്യക്തിയുടെ ചങ്കൂറ്റത്തിന്റെ ഫലമായാണ്. കേന്ദ്രത്തിന്റെയോ പ്ലാനിങ് കമ്മീഷന്റെയോ അനുവാദമില്ലാതെ 1980-ലെ കേരള സർക്കാരിൻറെ അനുവാദത്തിന്റെ ബലത്തിൽ മാത്രം നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. അതിനുശേഷമാണ് ഒരു നദീതടത്തിലെ ജലം വേറെ ഒന്നിലേക്ക് മാറ്റരുതെന്ന് കാവേരി ട്രൈബൂണൽ വിധിച്ചത്. ഇന്നാണെങ്കിൽ ഈ പദ്ധതിയെപ്പറ്റി ആലോചിക്കാനേ കഴിയില്ല.
കരമാൻത്തോട്ടിലെ വെള്ളത്തെ തരിയോട് പട്ടണത്തിന് അടുത്തുള്ള പടിഞ്ഞാറത്തറയിൽ അണ കെട്ടി തടഞ്ഞു നിർത്തുക. അപ്പോഴുണ്ടാകുന്ന ജലാശയത്തിൽ നിന്ന് ഒരു തുരങ്കം വഴി കുറ്റ്യാടി ജലാശയത്തിൽ എത്തിച്ചാൽ അവിടുത്തെ പവർഹൗസിൽ കൂടുതൽ വൈദ്യുതി ഉണ്ടാക്കാൻ കഴിയും. 2110 ലക്ഷം യൂണിറ്റിന് പകരം 4344 ലക്ഷം യൂണിറ്റ് വൈദ്യുതി. ഇരട്ടിയിലധികം. കൂടുതൽ വെള്ളം എത്തുമ്പോൾ കൂടുതൽ സ്ഥലങ്ങളിൽ കൃഷിയും ചെയ്യാം. കേരളത്തിലെ വയനാട് ജില്ലയിലാണിത്. വൈത്തിരി വഴി കോഴിക്കോട് നിന്ന് 88 കിലോ മീറ്റർ അകലെയാണ് അണ കെട്ടുക.
പ്രധാന അണയുടെ കൂടെ 6 ചെറിയ അണക്കെട്ടുകളും പണിയണം. അവയുടെ ഉയരം 5 മീറ്റർ മുതൽ 20 മീറ്റർ വരെ വരും; നീളം ഏതാണ്ട് 10 മീറ്റർ മുതൽ 120 മീറ്റർ വരെ.
ഞാൻ ചീഫ് എൻജിനീയർ ആയി ചാർജ് എടുത്ത് അവിടെ എത്തിയപ്പോൾ പല പണികളും പുരോഗമിക്കുന്നുണ്ടായിരുന്നു.
പടിഞ്ഞാറെത്തറ അണക്കെട്ട്:-
ഉയരം 38.5 മീറ്റർ. നീളം 628 മീറ്റർ. മണ്ണ് പണി 28 ലക്ഷം ഘനമീറ്റർ. ജലാശയ വ്യാപ്തം 209 ഘനമീറ്റർ. ജലാശയ വിസ്തീർണം- 1,227 ഹെക്ടർ.അണക്കെട്ടിന്റെ ഒരു കരയിലെ പണി വളരെ പുരോഗമിച്ചിട്ടുണ്ട്. മറുകരയിലെയും വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന വിഷമം പിടിച്ച ഭാഗത്തെയും പണി നടക്കുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കരാറുകാരനാണ് ജോലി ചെയ്യിക്കുന്നത്; വൈദ്യുതിബോർഡ് നേരിട്ടല്ല. ആറ് ഒഴുകിക്കൊണ്ടിരിക്കുന്ന അസ്തിവാരത്തിലെ സാന്ദ്രത(Density ) വളരെ കുറവായി കണ്ടു. അത് അണയുടെ നിലനിൽപ്പിനു തന്നെ ദോഷകരമാണ്. അതുകൊണ്ട് വിദഗ്ദോപദേശം തേടി.
തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജിലെ മണ്ണ് ശാസ്ത്ര പ്രൊഫസർ ടി.എസ്. രാമാനാഥ അയ്യർ എത്തി. അദ്ദേഹം എൻജിനീയറിങ് കോളേജിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയഴ്സ് ഹാളിലെ ബുധനാഴ്ച മീറ്റിങ്ങുകളിൽ വെച്ച് പരിചയം പുതുക്കാറുണ്ട്.
അദ്ദേഹത്തിൻറെ സാങ്കേതിക ഉപദേശം ഇവയൊക്കെയായിരുന്നു. മണ്ണു പണി തുടരാം. പതിനഞ്ചടി കനം ആകുമ്പോൾ 10 ഇഞ്ച് വ്യാസമുള്ള കുഴികൾ തുരന്നുണ്ടാക്കണം. അതിൽ ഒന്നര ഇഞ്ച് മുതൽ രണ്ടു ഇഞ്ചുവരെ വലിപ്പമുള്ള കരിങ്കൽ ചീളുകൾ ഇടണം. അവ 10 ടൺ ഭാരമുള്ള ഇടിയൻ (ഹാമർ) കൊണ്ട് ഇടിക്കണം. അപ്പോൾ ആ ചീളുകൾ അസ്തിവാരത്തിലേക്ക് കയറിപ്പോകും. ഇനിയും കൂടുതൽ ചീളുകൾ കയറാൻ പറ്റാതെ വരുമ്പോൾ അവിടുത്തെ ജോലി നിർത്താം. നൂറടി അകലമിട്ടു ഇതുപോലെ തലങ്ങനെയും വിലങ്ങനെയും ചെയ്യണം. പിന്നീട് രണ്ട് കുഴികളുടെ നടുക്ക് ഇതുപോലെ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചീളുകളുടെ അളവിൽ കുറവ് വരും. ഈ ജോലി ഏർപ്പാടു ചെയ്തു. ഇടിക്കുമ്പോൾ ആ പ്രദേശം മുഴുവൻ കുലുങ്ങുന്നത് പോലെ തോന്നി. ചതുപ്പ് പ്രദേശത്ത് നടക്കുമ്പോൾ ഉണ്ടാകുന്ന പ്രതീതിയായിരുന്നു. ജോലിയുടെ പുരോഗതി വളരെ കുറവായി കണ്ടു. യഥാർത്ഥകാരണം സ്ഥലത്തുള്ളവരിൽ നിന്ന് അറിഞ്ഞു. കരാറുകാരനെ നേരിട്ട് ഫോൺ ചെയ്തു പോരായ്മകൾ എന്താണെന്ന് അറിയിച്ചു. അതിന് ഫലമുണ്ടായി.
ഒരു സ്ഥലത്ത് പ്രൊഫസറുടെ തന്നെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരീക്ഷണം നടത്തി. പാലം, കെട്ടിടം മുതലായവയുടെ അടിത്തറ ഉറപ്പിക്കാനായി ഭൂമിയിൽ കുറ്റിയടിച്ചു ഇറക്കുകയോ കുഴൽ തൂണുകൾ (piles)ഉണ്ടാക്കുകയോ ചെയ്യാറുണ്ട്. ഇവിടെ കരിങ്കൽ ചീളുകൾ അഥവാ മെറ്റലിട്ട് നിറച്ച കുഴൽ തൂണുകളാണ് ഉണ്ടാക്കിയത്. അടിത്തറ ഉറച്ചപ്പോൾ ചതുപ്പു നിലത്ത് നടക്കുമ്പോൾ ഉണ്ടാകുന്നതു പോലുള്ള പ്രതീതി ഇല്ലാതായി. അസ്തിവാരത്തിലെ പ്രശ്നം അങ്ങനെ തീർത്തു.
{കടപ്പാട്: ഒരു എഞ്ചിനീയറുടെ സർവീസുൽസവം-ജോണി ടി. ആർ.
Retd. ചീഫ് എഞ്ചിനീയർ (KSEB)}

മേരി ജോസി മലയിൽ,
തിരുവനന്തപുരം.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


6 Comments
ഡെഡിക്കേഷനും അറിവും ഉള്ളവർ രാജ്യത്തിന് ചെയ്യുന്ന സംഭാവനകൾ കാലങ്ങളോളം നിലനിൽക്കും.
അതിൻറെ നല്ല ഉദാഹരണമാണ് ഇവിടെ വിവരിച്ചത്.
വെള്ളത്തിനടിയിൽ കോക്കനട്ട് പയിലിംഗ് നല്ലതായിരിക്കും, കാരണം കുറേക്കാലം തെങ്ങിൻ തടികൾ കേടുകൂടാതെ ജലത്തിനടിയിൽ നിലനിൽക്കും.
എന്നാൽ കരയിൽ ഇവ അധിക കാലം നിലനിൽക്കില്ല, ചിതലരിക്കും, കുമിളുകൾ ബാക്ടീരിയ പോലത്തെ ചെറുകോശ ജീവികളും ഇവയെ പെട്ടെന്ന് നശിപ്പിക്കും.
അച്ഛൻ പറഞ്ഞു കേട്ട കുറെ കാര്യങ്ങളുടെ വിശദാംശങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഓരോ സൃഷ്ടിയുടെയും പിന്നില്‍ ഇത്തരം എത്രയെത്ര വിജ്ഞാനങ്ങളും പരീക്ഷണങ്ങളും ഒളിഞ്ഞിരിപ്പുണ്ടാകും!! നല്ല എഴുത്ത് സർ 👍👍
വളരെ informative ആയ ലേഖനം.
കഴിവും dedication മുള്ള ഉദ്യോഗസ്ഥർ എത്ര നന്നായി Service ചെയ്യുന്നുവെന്ന് പറഞ്ഞുവെയ്ച്ചു.
👌👏
❤️👍👌
❤️👌
നല്ല അറിവുകൾ👌
ചതുപ്പു സ്ഥലങ്ങളിൽ വീടുപണിയുമ്പോൾ ഈ പൈലിംഗ് ചെയ്യുന്നതായി കേട്ടിട്ടുണ്ട്❤️