പഞ്ചായത്ത് മേളയോടനുബന്ധിച്ച് നടന്ന കവിതാ മത്സരത്തിൽ പങ്കെടുത്തു. പ്രായ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. ഞാനും എൻ്റെ കൂട്ടുകാരനുമടക്കം മുപ്പത്തിയഞ്ച് പേരുണ്ടായിരുന്നു. പതിനഞ്ച് ആണുങ്ങളും ഇരുപത് പെണ്ണുങ്ങളും.
അമ്മ എന്നായിരുന്നു വിഷയം.
അടിപൊളി വിഷയം.
എത്ര വേണേലും എഴുതാലോ.
ജഡ്ജസിൻ്റെ നെഞ്ചിൽ തറക്കുന്ന വിധം, ഒരു ഇമോഷണൽ സാധനം കാച്ചി.
എല്ലാ ആണുങ്ങളുടെയും പതിമൂന്ന് പെണ്ണുങ്ങളുടെയും കവിതകൾ പഞ്ചായത്ത് പ്രസിഡൻ്റ് കമലേച്ചി കീറി കളഞ്ഞു. അറിഞ്ഞപ്പോൾ ഞാനും കൂട്ടുകാരനും ചോദിക്കാൻ പോയി.
“അമ്മക്ക് വയ്യാതെയായാൽ
വീടിനും വയ്യാതെയാകുന്നു”
എന്ന് തുടങ്ങുന്ന എൻ്റെ ഇമോഷണലി വളരെ ഹുക്കിങ്ങായ കവിത എന്ത് കൊണ്ട് കീറി കളഞ്ഞുവെന്ന് ഞാനാദ്യം ചോദിച്ചു.
“അവൻ്റെയൊരു വയ്യായ്ക.
അച്ഛനും മക്കളും സാധാരണ എണ്ണീക്കുന്നതിന് ഒരു മണിക്കൂർ മുന്നെ എണീറ്റ്, കുടിക്കാനും തിന്നാനും ഉള്ളത് ഉണ്ടാക്കി അടുക്കള ക്ലീനാക്കി മൊത്തത്തിൽ ഒന്ന്
തൂത്ത് വാരിയാൽ വയ്യായ്കയങ്ങ് മാറിക്കോളും. വീടിനല്ലടാ വയ്യാത്തത് മരക്കഴുതെ, നിനക്കൊക്കെയാണ്. ചെയ്ത് ശീലിക്കാത്തതിൻ്റെ ഏനക്കേട്.
അവനവന് തിന്നാനും കുടിക്കാനും ഉള്ളത് ഉണ്ടാക്കാൻ പഠിച്ചിരുന്നേൽ,
അവനവൻ്റെ തുണി അലക്കാൻ പഠിച്ചിരുന്നേൽ,
ഒന്ന് അടിക്കാനും, വൃത്തിയാക്കാനും പഠിച്ചിരുന്നേൽ,
വീടിനിങ്ങനെ വയ്യാതെയാകോ?
ആവോടാ മരക്കഴുതെ?”
അവര് അടിക്കുമെന്ന് തോന്നിയപ്പോൾ ഞാൻ പുറത്തിറങ്ങി. അവൻ പിന്നെ ചോദിക്കാൻ നിന്നില്ല.
” ഫെമിനിച്ചി തള്ള.
നമ്മുടെയും കൂടി വോട്ട് കിട്ടിയാ ജയിച്ചതെന്ന് ഓർക്കാത്ത തള്ള. അടുത്ത തവണ വോട്ട് ചെയ്യില്ല. നീയും ചെയ്യരുത്. ക്ലബ്ബിലും പറയണം.
അമ്മയെന്തെന്ന് അറിയാത്ത സ്ത്രീ.”
ഞങ്ങള് നേരെ കഥാമത്സരത്തിന് പോയി.
അവിടെയും അമ്മ തന്നെ വിഷയം.
“ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ
ഒരു പാവം അമ്മയുണ്ടായിരുന്നു…”
Vineeth Valsala Vijayan


2 Comments
👍
❤️👍💯🙏