മൊബൈൽ ഡാറ്റ ഓഫ് ചെയ്തു ഫോൺ സൈഡ് ടേബിളിൽ വച്ച ശേഷം വൃന്ദ ഉറങ്ങാൻ കിടന്നു. എന്തോ മറന്ന പോലെ വീണ്ടും ഫോൺ എടുത്ത് രാവിലെ 5 മണിക്കുള്ള അലാം സെറ്റ് ചെയ്തു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ എഴുന്നേറ്റ് ബാൽക്കണിയിൽ പോയി നിന്നു. രാത്രിയിലും പ്രകാശം നിറഞ്ഞ ആ നഗര വീഥികളിലേക്ക് വൃന്ദ നോക്കി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് വലിയ ട്രക്കുകൾ കടന്നു പോകുന്നു…
കൊച്ചിയിലെ സ്കൈ ഹോം ഗാർഡൻ എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ 10 ആം നിലയിലാണ് വൃന്ദ താമസിക്കുന്നത്. ഒരു ന്യൂസ് ചാനലിൽ ന്യൂസ് പ്രൊഡ്യൂസർ ആണ് വൃന്ദ. ഏത് ബ്രേക്കിംഗ് ന്യൂസ് വന്നാലും വൃന്ദ ഉണ്ടെങ്കിൽ പിന്നെ എല്ലാം സെറ്റ് ആണെന്നാണ് ഓഫീസിലെ സംസാരം. ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷനിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് അവൾ. നാളെ നേരത്തെ തന്നെ ഓഫീസിൽ എത്തേണ്ടതുണ്ട്. ഉറക്കമാണെങ്കിൽ പിടി തരുന്നുമില്ല. ഒടുവിൽ മൊബൈൽ ഓണാക്കി ഫേസ്ബുക്കിൽ മേയാമെന്ന് കരുതി.
പെട്ടെന്നാണ് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്.
“ആരായിത്? പേര് കണ്ടിട്ട് ഫേക്ക് ഐഡി ആണെന്ന് തോന്നുന്നു. ചുമ്മ വല്ല കോഴിയും ആയിരിക്കും. പ്രതികരിക്കാൻ പോകേണ്ട…” വൃന്ദ ആ സന്ദേശത്തെ അവഗണിച്ചു. ഒരു ഹായ് കഴിഞ്ഞു, ഉറക്കമില്ലേ എന്നായി അടുത്ത ചോദ്യം. ഇത്തരം അഭ്യുദയകാംക്ഷികളെ വൃന്ദ അവഗണിക്കാറാണ് പതിവ്.
അടുത്ത ചോദ്യം പക്ഷെ അവളെ ആ പ്രൊഫൈൽ തുറന്ന് നോക്കാൻ പ്രേരിപ്പിച്ചു!
“വൃന്ദ എന്നെ ഓർക്കാറുണ്ടോ?”
ഓർമ്മയുണ്ടോ എന്ന ചോദ്യം വളരെ നല്ലൊരു ചൂണ്ടയാണ്. അതുണ്ടാക്കുന്ന ആകാംക്ഷ കൊണ്ട് തന്നെ നമ്മളാ ചോദ്യത്തിന് സ്വയം ഉത്തരം തേടും. പിന്നെ ആ പ്രൊഫൈൽ ഒന്ന് അരിച്ചു പെറുക്കും. പ്രൊഫൈൽ ചിത്രമോ പേരോ കണ്ടിട്ട് മനസിലാകുന്നില്ല.
“ആരായിരിക്കും? എന്തായാലും ചോദിച്ചു നോക്കാം.” വൃന്ദ മെസ്സേജിന് മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും അടുത്ത മെസേജ് എത്തി.
“മറക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്ത ഞാനാണോ അതോ മറന്ന നീയാണോ ബുദ്ധിശാലി എന്നാണ് ഞാൻ ആലോചിക്കുന്നത്!”
“ശെടാ! മര്യാദയ്ക്കൊരു തേപ്പ് പോലും കൊടുക്കാത്ത എന്നോടോ ബാലാ!” വൃന്ദ മനസിൽ വിചാരിച്ചു. എന്തായാലും ഇത് എവിടെ വരെ പോകുമെന്ന് നോക്കാം.
“ഞാൻ നിന്നെ മറന്നു എന്ന് നിനക്ക് തോന്നിയെങ്കിൽ പിന്നെ ഞാൻ എന്തിന് അത് നിരാകരിക്കണം?” വൃന്ദ അങ്ങോട്ടൊരു ചൂണ്ട ഇട്ടു.
മെസേജ് ഡെലിവർ ആയെന്ന് കാണിച്ചു. അപ്പുറത്ത് അനക്കമില്ല.
“പണി ഏറ്റെന്ന് തോന്നുന്നു😎” വൃന്ദയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.
ഒന്ന് കൂടി ഉറങ്ങാൻ ശ്രമിക്കാം എന്ന് കരുതി എണീറ്റപ്പോൾ, മറുപടി വന്നു.
“ഒരിക്കൽ പോലും നീ എന്നെ വിളിച്ചോ? എന്നെ ഓർത്തിരുന്നെങ്കിൽ എന്നെ അന്വേഷിക്കില്ലേ? നിന്റെ സ്നേഹം സത്യമാണെന്ന് കരുതിയ ഞാൻ വിഡ്ഢി!”
“ങേ! ഇതാരപ്പാ മോഹൻ ജദാരോ? ഞാൻ പോലും അറിയാത്ത എന്റെ നിരാശ കാമുകൻ!”
വൃന്ദയുടെ വന്ന ഉറക്കം വീണ്ടും ബാൽക്കണി വഴി പറന്നു പോയി.
“തനിക്ക് എന്നെ ശരിക്കും അറിയില്ല. കൂടുതൽ വിളച്ചിലെടുക്കാതെ ആരാന്ന് പറയെടോ!”
“ഇത് ഞാനാടോ, വിനയ്!”
വൃന്ദയാ പേരിന്റെ ഷോക്ക് താങ്ങാനാവാതെ മരവിച്ചിരുന്നു.
“വിനയ്? നീയിപ്പോ എവിടെ നിന്ന് പൊട്ടിവീണു?”
“അപ്പോൾ എന്നെ മറന്നിട്ടില്ല? ഇതെന്റെ ഒരു ഫേക്ക് ഐഡിയാണ്.”
“ആവുമല്ലോ? ഒറിജിനൽ പ്രൊഫൈലിലും വാട്ട്സ്ആപ്പിലും തുടങ്ങി എല്ലായിടത്തും നീയെന്നെ ബ്ലോക്ക് ചെയ്തിരിക്കുവല്ലേ?”
“അതിനൊരു കാരണമുണ്ട്. നമുക്ക് നാളെ ഒന്ന് കണ്ടാലോ?”
“എന്തിന്? 5 വർഷം കഴിഞ്ഞിരിക്കുന്നു വിനയ്. ഞാൻ അതിൽ നിന്നെല്ലാം മുന്നോട്ട് വന്ന് കഴിഞ്ഞു. ഇനി നമുക്ക് സംസാരിക്കാൻ ഒന്നുമില്ല.”
“അങ്ങനെ പറയരുത് വൃന്ദ. ഞാൻ നാളെ രാത്രി ഓസ്ട്രേലിയയിലേക്ക് പോകുവാ. മൈഗ്രേറ്റ് ചെയ്യുന്നു. ഇനി ചിലപ്പോൾ കേരളത്തിലേക്ക് വരില്ല. അതിന് മുൻപ് നിന്നോട് ചിലത് പറയാൻ ബാക്കിയുണ്ട്. നമുക്ക് കഫേ ഉട്ടോപ്യയിൽ കാണാം. നാളെ വൈകീട്ട് 5 മണിക്ക്. നീ വരില്ലേ?”
“അറിയില്ല. നാളെ തോന്നിയാൽ വരാം.”
“ഞാൻ നിന്നെ എല്ലായിടത്തും അൺബ്ലോക്ക് ചെയ്യുന്നുണ്ട്. നീ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ നമ്പറിലേക്ക് മെസേജിട്ടാൽ മതി. ഗുഡ് നൈറ്റ്”
കിടക്കയിൽ വന്നു കിടക്കുമ്പോഴേക്കും കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു. 5 വർഷങ്ങൾ ആയി മനഃപൂർവം ഓർക്കാൻ ശ്രമിക്കാതിരുന്നത്…ഇന്നീ രാത്രിയിൽ അതിലൂടെ ഒന്ന് കൂടി പോകേണ്ടി വരുമെന്ന് വൃന്ദയ്ക്ക് മനസിലായി. അവളുടെ ഓർമ്മത്താളുകൾ മറിഞ്ഞു തുടങ്ങി. അത് ചെന്ന് നിന്നത് 5 വർഷം മുൻപുള്ളൊരു വാലൻന്റൈൻ കാലത്തിലേക്കാണ്. ജോലിക്ക് കയറിയ അന്ന് മുതൽ എല്ലാത്തിനും സഹായം വിനയ് ആയിരുന്നു. എന്തൊക്കെയോ സാമ്യം ഉണ്ടായിരുന്നു ഞങ്ങൾക്ക്. ഒരേ ഇഷ്ട്ടങ്ങൾ, ഒരേ ചിന്തകൾ…വളരെ പെട്ടെന്ന് തന്നെ സഹപ്രവർത്തകരിൽ നിന്ന് അടുത്ത സുഹൃത്തുക്കളായി ഞങ്ങൾ മാറി. വാലൻന്റൈൻ ദിനമായിരുന്നു അന്ന്. ഒരു ന്യൂസ് സ്റ്റോറി എഡിറ്റ് ചെയ്യുകയായിരുന്നു ഞാൻ. എല്ലാരും ചായ കുടിക്കാൻ പോയപ്പോൾ ഞാൻ മാത്രം പോയില്ല. വിനയ് എവിടെയോ പോയിട്ട് ഓഫിസിലേക്ക് വന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടപ്പോൾ ഓടി വന്നു വിശേഷം പറയാൻ.
“നീ ചായ കുടിക്കാൻ പോയില്ലേ?”
“ഈ സ്റ്റോറി ഒന്ന് തീർത്തിട്ട് പോകാമെന്ന് വിചാരിച്ചു.”
എവിടെ ഞാൻ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു എന്റെ പിന്നിലൂടെ അവന്റെ കൈകൾ കീബോർഡിൽ ചെന്ന് തൊട്ടു. ആ നിമിഷം അവന്റെ ആ സാമീപ്യമാണോ ഡെസ്കിലെ വിജനതയാണോ എന്നെ ധൈര്യപ്പെടുത്തിയത് എന്നറിയില്ല. കസേര വട്ടം കറക്കി ഞാൻ അവനഭിമുഖമായി ഇരുന്നു. അവന്റെ കണ്ണിൽ പ്രണയം തിളങ്ങുന്നത് എനിക്ക് കാണാനായി. ഞാൻ ഒന്നും ആലോചിച്ചില്ല. മൗനം സമ്മതമായി തോന്നി. എന്റെ രണ്ട് കൈകളിൽ ആ മുഖം കോരി എടുത്ത് അവന്റെ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്തു. മൂന്നോ നാലോ സെക്കൻഡുകൾ നീണ്ട ഒരു ചുംബനം. പെട്ടെന്ന് അവൻ മുഖം പിൻവലിച്ചു. എന്നിട്ട് എന്നെ കസേരയോട് കൂടി തള്ളിമാറ്റി ഡെസ്കിൽ നിന്നിറങ്ങിപ്പോയി. അപ്പോഴേക്കും ചായ കുടിക്കാൻ പോയവർ എല്ലാം തിരിച്ചെത്തി തുടങ്ങി. വിനയുടെ പിന്നാലെ പോകാൻ ആഞ്ഞതാണ്. അപ്പോഴാണ് എഡിറ്റർ സ്റ്റോറി ആയോ നെക്സ്റ്റ് ബുള്ളറ്റിനിൽ പോകേണ്ടതാണ് എന്ന് പറഞ്ഞത്. പിന്നെ അതിലായി ശ്രദ്ധ. ഇടയ്ക്ക് മെസ്സേജിടുന്നുണ്ടായിരുന്നു. റീഡ് ആകുന്നില്ല. ജോലി തീർത്ത് നോക്കിയപ്പോൾ എന്നെ ബ്ലോക്ക് ചെയ്‌തെന്ന് മനസിലായി. അവിടെ മാത്രമല്ല എല്ലായിടത്ത് നിന്നും ബ്ലോക്ക് ചെയ്തിരിക്കുന്നു. അതിന് മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു എന്നെനിക്ക് മനസിലായില്ല!
അടുത്ത മൂന്ന് ദിവസം ഞാൻ പനിച്ചു കിടന്നു. പേടിപ്പനിയാണോ വൈറൽ പനിയാണോ എന്നൊന്നും അറിയില്ല. എന്തായാലും തിരിച്ചു ഓഫീസിൽ എത്തിയപ്പോൾ വിനയ് ലീവെടുത്ത് പോയെന്ന് കേട്ടു. എല്ലാരും എന്നോട് വന്ന് ചോദിക്കുന്നുണ്ട്. “നിങ്ങൾ നല്ല കൂട്ടാണല്ലോ? നിന്നോട് ഒന്നും പറഞ്ഞില്ലേ?”
എനിക്ക് അറിയാത്ത ഉത്തരം ഞാൻ എങ്ങനെ പറയും? എന്താണെന്ന് ചോദിക്കാനുള്ള എല്ലാ വഴികളും വിനയ് തന്നെ അടച്ചു കഴിഞ്ഞിരിക്കുന്നു. അവനെ കാണാൻ താമസസ്ഥലത്തും ഞാൻ പോയി. അവൻ എല്ലാം കെട്ടിപ്പെറുക്കി നാട്ടിൽ പോയെന്ന് റൂം മേറ്റ് പറഞ്ഞു. വൈകാതെ വേറൊരു ജോലി കിട്ടി നാട്ടിലേക്ക് പോയെന്നും അറിഞ്ഞു. പുറകെ പോയി അന്വേഷിക്കാൻ തോന്നിയില്ല. പോയവൻ പോയി. എന്തിനെന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ? എനിക്കും ദേഷ്യം തോന്നി. വരുമ്പോൾ വരട്ടെ എന്ന് കരുതി.
മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഒരു ക്ലോഷർ അത് താൻ അർഹിച്ചിരുന്നില്ലേ എന്ന ചോദ്യം ആദ്യമൊക്കെ വേദനിപ്പിച്ചു. പ്രണയം പോട്ടെ, സുഹൃത്തുക്കൾ ആയിരുന്നില്ലേ ഞങ്ങൾ, അത് പോലും ഒരു ദിവസം അവസാനിപ്പിച്ച് പോകാൻ എന്താണ് കാരണമെന്ന് കുറെ ആലോചിച്ചു. സെൽഫ് ഡൗട്ടിന്റെ കാലമായിരുന്നു അത്. വിനയ് നിഷേധിക്കാൻ മാത്രം എന്തൊക്കെയോ കുറവുകൾ എനിക്കുണ്ടെന്ന് കരുതിയ കാലം. പിന്നെപ്പിന്നെ ജോലിയിൽ മാത്രമായി പൂർണ ശ്രദ്ധ. വിനയ് മറവിയിലേക്ക് പോയി. ഇപ്പോഴിതാ 5 വർഷങ്ങൾക്ക് ശേഷം…എന്ത് പറയാനാണ് വിനയ് വന്നിരിക്കുന്നത്! ഓർമ്മകൾ ഊർന്നു വീണ് എപ്പോഴോ വൃന്ദ ഉറങ്ങിപ്പോയി.
രാവിലെ തിരക്കിട്ട് ഓഫീസിലേക്ക് പോകുന്ന വഴിക്ക് വാട്സാപ്പിൽ വിനയുടെ ഗുഡ് മോർണിംഗ് മെസ്സേജ് വന്നു. “അപ്പോൾ അൺബ്ലോക്ക് ചെയ്തല്ലേ” എന്നൊരു മറുപടി മാത്രം അയച്ചു. വൈകീട്ട് കൂടിക്കാഴ്ചയ്ക്ക് എത്തേണ്ട കഫേയുടെ ലൊക്കേഷൻ വൈകാതെ വന്നു. ഓഫീസിൽ നല്ല തിരക്ക് ആയത് കൊണ്ട് മറ്റൊന്നും ചിന്തിക്കാൻ പറ്റിയില്ല. 5 മണി ആയപ്പോൾ ഷിഫ്റ്റ് തീർത്ത് ഇറങ്ങി.
കഫേ ഉട്ടോപിയ…കാർ നിർത്തി ഇറങ്ങുമ്പോൾ ആ പേര് കണ്ടു ഒരു നിമിഷം വൃന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഒരിക്കലും നടക്കാത്ത ഒരു സങ്കൽപം ആണല്ലോ ഉട്ടോപ്യ. ദേ എന്റെയും വിനയുടെയും ഈ കണ്ടുമുട്ടൽ പോലെ…ഇനി ഒരിക്കലും വിനയിനെ ഫേസ് ചെയ്യണം എന്ന് ആഗ്രഹിച്ചിട്ടില്ല. വിനയ് നേരത്തെ എത്തിയിരുന്നു. വലിയ മാറ്റം ഒന്നുമില്ല. കുറച്ചു കൂടി സുന്ദരൻ ആയെന്ന് വേണമെങ്കിൽ പറയാം.
“ഹായ്, കുറെ നേരമായോ വന്നിട്ട്? ഞാൻ ട്രാഫിക്കിൽ പെട്ടു.”
“ഇല്ല, ഇപ്പൊ വന്നതേ ഉള്ളൂ. താനിരിക്ക്…”
“പറയാനുള്ളത് പെട്ടെന്ന് പറഞ്ഞാൽ എനിക്ക് പോകാമായിരുന്നു! വൈകീട്ട് മറ്റു ചില കമ്മിറ്റ്മെന്റ്സ് ഉണ്ട്.”
“തീർച്ചയായും. അത് പറയാൻ ആണല്ലോ ഞാൻ വന്നത്. ഒന്നും പറയാതെ ഞാൻ എന്തിന് ഒളിച്ചോടി എന്ന നിന്റെ ചോദ്യത്തിന് ഉത്തരം പറയാനാണ് ഞാൻ വന്നത്. വളച്ചുകെട്ടുന്നില്ല. അതിന് കാരണം നിന്നെ ഞാൻ അത്രയധികം സ്നേഹിച്ചിരുന്നു എന്നതാണ്…”
“ഹ ഹ ഹ! ഇത്ര നല്ല തമാശ ഞാൻ ഈയടുത്തൊന്നും കേട്ടിട്ടില്ല!”
“തമാശ അല്ല വൃന്ദ. നീ ഇപ്പോൾ ഉള്ള നിലയിൽ വളരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നോടുള്ള പ്രണയം, അത് നിന്നെ ഒരു ചെറിയ ലോകത്തേക്ക് ചുരുക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. കുടുംബം, വീട്, കുട്ടികൾ അങ്ങനെയൊരു ടിപ്പിക്കൽ ജീവിതമായിരുന്നു എന്റെ സ്വപ്നം…ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ ചായയുമായി കാത്തിരിക്കുന്ന ഭാര്യ, എനിക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹം പോലെ ഒരുവൾ… പുറമെ കാണുന്ന പുരോഗമന സിംഹത്തിന്റെ ഉള്ളിൽ ഇങ്ങനെയൊരു പാരമ്പര്യവാദിയുണ്ടെന്ന് പറയാൻ എനിക്ക് പേടിയായിരുന്നു. അതിലേക്ക് ഒതുങ്ങാൻ നിനക്ക് സാധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. നിന്റെ ആകാശം വലുതായിരുന്നു. അവിടേക്ക് പറക്കാൻ ഞാനൊരു തടസം ആയേനെ. അതുകൊണ്ടാണ് ഒന്നും പറയാതെ ഞാൻ മാറിപ്പോയത്.”
“നീയെന്തൊക്കെ ഭ്രാന്താണ് പറയുന്നത് വിനയ്? പ്രണയം എങ്ങനെയാണ് ഒരാളെ ലിമിറ്റ് ചെയ്യുക?”
“ചെയ്യും വൃന്ദ. ഇല്ലെങ്കിൽ നീ തന്നെ ആലോചിച്ചു നോക്കൂ, എന്റെ ഒപ്പം ജീവിച്ചു തുടങ്ങിയിരുന്നു എങ്കിൽ ഇന്ന് എത്തിയ വിജയങ്ങളിൽ നീ എത്തുമായിരുന്നോ? എന്നോടുള്ള ദേഷ്യവും വാശിയും അല്ലെ നിന്നെ ഇന്നത്തെ വൃന്ദ ആക്കിയത്?”
“നിനക്കിത് അന്ന് പറയാം ആയിരുന്നില്ലേ?”
“നിന്റെ പ്രണയം അത്ര ശക്‌തമായിരുന്നു. ആ കണ്ണുകളിൽ അത് ദൃശ്യമായിരുന്നു. ആർക്കെങ്കിലും നിന്നെ പറഞ്ഞു കൺവിൻസ് ചെയ്യിക്കാൻ പറ്റുമോ? എന്റെ ഇഷ്ട്ടങ്ങൾ കേട്ടാൽ നീ കളിയാക്കില്ലേ? ബാക്കിയുള്ളവർ എന്റെ മുഖമൂടി അറിയില്ലേ?”
“ചിലപ്പോൾ ശരിയായിരിക്കും. എങ്കിലും എന്നെ ഇത്രകാലം ഇരുട്ടത്ത് നിർത്തിയത്…ഞാൻ കടന്നു വന്ന കാലം…അതിന്റെ വേദന..ഇതൊന്നും നീയറിഞ്ഞില്ലല്ലോ? നീ എനിക്ക് വേണ്ടി എന്തോ ത്യാഗം ചെയ്‌തെന്ന് കരുതരുത്. എന്റെ ജീവിതത്തിലെ കാര്യങ്ങളിൽ ഞാൻ അല്ലെ തീരുമാനം എടുക്കേണ്ടത്? അതും കൂടി നീയങ്ങ് എടുത്തു കളയാമെന്ന് കരുതിയത് എന്തായാലും എന്നോടുള്ള സ്നേഹമൊന്നുമല്ല. നിനക്ക് നിന്റെ കംഫർട്ട് വിട്ടൊരു റിസ്കും പറ്റാത്തത് കൊണ്ടാണ്. സ്നേഹത്തിൽ ആണുങ്ങൾ ഭീരുക്കളും പെണ്ണുങ്ങൾ ധൈര്യശാലികളുമാണെന്ന് ഏതോ എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട് വിനയ്. നീ ആ വാചകത്തെ ശരിയെന്ന് തെളിയിച്ചു. ഇപ്പോൾ ഇത് പറയാൻ നീ വന്നതും നിന്റെ ഈഗോ സാറ്റിസ്‌ഫൈ ചെയ്യാനല്ലേ? എന്തായാലും ഈ കണ്ടുമുട്ടൽ നന്നായി. അർദ്ധവിരാമത്തിൽ ആയിരുന്ന ഒരു ഓർമയ്ക്ക് പൂർണ്ണവിരാമം ഇടാമല്ലോ? ഞാൻ പോകുന്നു വിനയ്. ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടവരാതെ പോകട്ടെ…”
“വൃന്ദ… ഞാൻ… ഇപ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്. ”
“അതുകൊണ്ട്? ഇല്ല വിനയ്, ഇനിയൊരു തുടർച്ച സാധ്യമല്ല. ഇന്ന് ഈ ബന്ധത്തിന്റെ പൂർണ്ണവിരാമമാണ്. ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന ചോദ്യത്തിന് ഉത്തരം തന്നതിന് നന്ദി. ഗുഡ് ബൈ…”
കുറച്ചു മുന്നോട്ട് നടന്ന് വൃന്ദ തിരിഞ്ഞു നിന്നു.
“ഇത്തവണ ഞാൻ നിന്നെ എല്ലായിടത്തും ബ്ലോക്ക് ചെയ്യുന്നു. ഫേക്ക് ഐഡികളിലൂടെ എന്നെ പിന്തുടരരുത്. ഇത് ഒരു ക്ലോഷർ ആണ്, നിനക്കും എനിക്കും. ഒരിക്കൽ കൂടി ഗുഡ് ബൈ!”
വൃന്ദ കാർ എടുത്ത് പോകുന്നത് വിനയ് പ്രണയപൂർവം നോക്കി ഇരുന്നു. പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട പോലെ പറയാതെ പോയാലും അത് ഒരു പെണ്ണിന്റെ പ്രണയത്തെ അടിമുടി മാറ്റുമെന്ന് ഇപ്പോൾ അവന് മനസ്സിലാകുന്നുണ്ട്. അവന്റെ ചുണ്ടിൽ അപ്പോഴും അന്നവൾ നൽകിയ ആ ചുംബനത്തിന്റെ നനവോർമ ബാക്കിയായി…ലോകം പതുക്കെ പതുക്കെ ഇരുട്ടിലേക്കും വിനയ് അവനിലേക്കും മാത്രമായി ചുരുങ്ങി…
©പവിത്ര ഉണ്ണി


42 Comments
പവീടെ കഥ ഇന്നാണു കണ്ണിൽ പെട്ടത്. പ്രണയ നഷ്ടത്തിൽ തളരാതെ മുന്നേറുന്ന, പ്രണയത്തെ ഹൃദയം കൊണ്ടളക്കാത്ത, നിലപാടുകളുള്ള നായികയെ വളരെ ഇഷ്ടമായി. തുടർന്നും എഴുതാത്തതെന്താ?സമയക്കുറവു കൊണ്ടാണോ ?❤️❤️🥰
😍 സമയം ഇല്ല അതാണ്. ഒരുപാട് thread മനസ്സിൽ കിടക്കുന്നു.
വളരെ ശരി. നല്ല രചന
👌👌
👌👌
ഇത് പറയാൻ 5 വർഷമെടുത്ത അവന് തല്ലുകിട്ടേണ്ടതായിരുന്നു. ഉം പോട്ടെ, ക്ഷമിച്ചു. 👌 👍
നന്നായി. അല്ലേലും തീരുമാനമെടുക്കേണ്ടത് അവനവനാണല്ലോ. അർദ്ധവിരാമത്തിൽ നിർത്തിപ്പോയതിനെ പൂർണ്ണവിരാമമാക്കി നിർത്തിയതിന് കഥാകാരിക്ക് അഭിനന്ദനങ്ങൾ
❤️
സൂപ്പർ
ആഹാ , സൂപ്പർ 👍
മൂക്കും ഒന്നുമില്ല എന്നാണല്ലോ നമ്മൾ സാധാരണ കേൾക്കാറുള്ളത്. എന്നാൽ അങ്ങനെയല്ല വേണ്ടത് , കണ്ണും
കാതും മൂക്കും മാത്രമല്ല , നല്ല നിലപാട് കൂടി ഉണ്ടാവണം പ്രണയത്തിന്.
അവനവൻ്റെ വ്യക്ത്യത്വം കളയുന്ന പ്രണയത്തോട് ബൈ ബൈ പറയുവാൻ കഴിയണം 👍 വൃന്ദ 👌
ചിന്തനീയമായ ഒരു വിഷയം വളരെ മനോഹരമായ കഥയിലൂടെ പറഞ്ഞു പവിത്ര 👍
വ്യത്യസ്ത രീതിയിലെ എഴുത്ത് …..നന്നായിട്ടുണ്ട്……. തീർച്ചയായും ഇനിയും എഴുതണം……ആശംസകൾ👍❤️
വത്രസ്തമായ ഒരു തലത്തിൽ നിന്നും നല്ല മനക്കരുത്തുള്ള ഒരു സ്ത്രീയെ വരച്ച് കാണിച്ചു. ആദ്യം വിനയിനെ മനസ്സിലാകാഞ്ഞത് മാത്രം എത്ര convincing ആയില്ല. കുറഞ്ഞപക്ഷം വൃന്ദക്ക് ഒരു സംശയമെങ്കിലും തോന്നാമായിരുന്നു.
നന്ദി 😍 പ്രണയത്തിന് കണ്ണില്ല എന്നല്ലേ 😃
നല്ല കഥ ♥️. എഴുത്ത് പുരോഗമിക്കട്ടെ 👍
😍😍
അഭിനന്ദനങ്ങൾ ❤️❤️
വളരെ മികച്ച കഥ. 👌
നല്ല കഥ 👍
കൊള്ളാലോ.പോരട്ടെ.പോരട്ടെ..കഥകൾ ❤️❤️👍👍🌹
എന്റെ ജീവിതത്തിലെ തീരുമാനങ്ങൾ ഞാനല്ലേ എടുക്കേണ്ടത്?
അതും കൂടെ നീയങ്ങ് എടുത്ത് കളയമെന്ന് കരുതിയെങ്കിൽ അത് സ്നേഹമല്ല!
പ്രണയത്തിൽ നിന്ന് ഒളിച്ചോടുന്നത് ഒരിക്കലും മാപ്പ് കൊടുക്കേണ്ട വിഷയമേയല്ല…
❤️❤️
പിന്നല്ലാതെ 😍
നന്ദി ശ്രീജ
👍👍👍
😍😍
ഹൃദ്യം.. സുന്ദരം 👌👌
👍👌🙏💯
എന്റെ ജീവിതത്തിലെ തീരുമാനങ്ങൾ ഞാനല്ലേ എടുക്കേണ്ടത്?
അതും കൂടെ നീയങ്ങ് എടുത്ത് കളയമെന്ന് കരുതിയെങ്കിൽ അത് സ്നേഹമല്ല!
പ്രണയത്തിൽ നിന്ന് ഒളിച്ചോടുന്നത് ഒരിക്കലും മാപ്പ് കൊടുക്കേണ്ട വിഷയമേയല്ല…
❤️❤️
കൊള്ളാം.. നല്ല കഥ… 💕
കൂടുതൽ കഥകൾ പോരട്ടെ 👍🏻
ചേച്ചി അടിപൊളി ആയിട്ടുണ്ട് 👌🥰💗
ഇനീം ഇതുപോലെ യുള്ള എഴുത്തുകൾ
പ്രദീക്ഷിക്കുന്നു.
ആദ്യത്തെ കണ്മണി കലക്കി..
നിലപാടുള്ള പെണ്ണുങ്ങളെ എനിക്കിഷ്ടം ആണ് 🔥
ഹൃദ്യം.. മനോഹരം.. പൊളിച്ചു 👍👌
👌വളരെ നാളുകൾക്ക് ശേഷം പൂർണ്ണമായി വായിച്ച കഥ. നല്ല എഴുത്ത്. എനിക്ക് ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റി ഈ സ്റ്റോറി . ഇനിയും ഒരുപാട് കഥകൾ ആ തൂലികത്തുമ്പിൽ പിറക്കട്ടെ 🥰🙏
ആഹാ. പൊളിച്ചു 😍
നന്നായി. അയാളുടെ സങ്കല്പത്തിലെ ഭാര്യയാകാൻ വൃന്ദക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അവൻ അവനിലേക്ക് ചുരങ്ങാതെ ചിന്തകളിൽ വികസിച്ച് വളരട്ടെ.
👍
ഹൃദയം കൊണ്ടല്ല, തലച്ചോറുകൊണ്ടുംകൂടി പ്രണയത്തെ ഡീൽ ചെയ്യുന്നവർ 👌👌👌. ഇനിയും കഥകൾ പോരട്ടെ. നവകാലത്തിന്റെ നേർക്കാഴ്ചകൾ.
സൂപ്പർ പവിത്രാജി 💕💕💕💕
ആദ്യത്തെ കഥ സൂപ്പർ👌
ഇനി പുതിയ പുതിയ കഥകൾ പ്രതീക്ഷിക്കുന്നു.
ആശംസകൾ പവിത്ര❤️❤️
😍👌🏻👌🏻👌🏻👌🏻
Rejected .👍🤝 പറയേണ്ടതു പറയേണ്ട സമയത്ത് പറയാതെ ഒളിച്ചോടിയിട്ട് ഒരു ഔദാര്യംപോലെ .
👍👍👍
ആഹാ , സൂപ്പർ 👍 പ്രണയത്തിന് കണ്ണും കാതും മൂക്കും ഒന്നുമില്ല എന്നാണല്ലോ നമ്മൾ സാധാരണ കേൾക്കാറുള്ളത്. എന്നാൽ അങ്ങനെയല്ല വേണ്ടത് , കണ്ണും
കാതും മൂക്കും മാത്രമല്ല , നല്ല നിലപാട് കൂടി ഉണ്ടാവണം പ്രണയത്തിന്.
അവനവൻ്റെ വ്യക്ത്യത്വം കളയുന്ന പ്രണയത്തോട് ബൈ ബൈ പറയുവാൻ കഴിയണം 👍 വൃന്ദ 👌
ചിന്തനീയമായ ഒരു വിഷയം വളരെ മനോഹരമായ കഥയിലൂടെ പറഞ്ഞു പവിത്ര 👍