“നാരായണാ, നിങ്ങൾക്കൊരു വിസിറ്ററുണ്ട്. “
സദനത്തിലെ ശിപായി വരാന്തയിൽനിന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
ആരാണാവോ തന്നെ കാണാൻ വന്നിരിക്കുന്നത്. ചോദിച്ചാൽ അയാൾക്ക് ദേഷ്യം വരും. ആരും തിരിഞ്ഞു നോക്കാനില്ലാതെ ഈ വൃദ്ധസദനത്തിൽ കഴിയുന്ന എന്നോട് അയാളെന്തിനാ സ്നേഹം കാണിക്കുന്നത്.
പതുക്കെ നടന്നു സന്ദർശന മുറിയിലെത്തി. കാലുകൾക്ക് എന്തൊരു വേദനയാണ്. ഇത്തിരി തൈലം കിട്ടിയിരുന്നുവെങ്കിൽ. ഏതു നിലയിൽ കഴിഞ്ഞിരുന്ന ആളായിരുന്നു ഞാൻ. പറഞ്ഞിട്ടെന്താ, യോഗം വേണം.
ഇവിടെ സുന്ദരിയായ ഒരു പെൺകുട്ടി മാത്രമേ ഉള്ളല്ലോ. അവൾ ഏതായാലും എന്നെ കാണാൻ വന്നതല്ല. വല്ലപ്പോഴും വരുന്ന മകന്റെ ദുർമുഖമാണല്ലോ പ്രതീക്ഷിച്ചത്.
ചുറ്റും പരതി നോക്കുന്നതു കണ്ട് അവൾ അടുത്തേക്ക് വന്നു.
“സംശയിക്കേണ്ട, ഞാൻ തന്നെയാണ് സന്ദർശക. എന്നെ മനസ്സിലായോ?”
“ഇല്ലല്ലോ കുട്ടീ, നീ ആരാണ്”
അവൾ പതിയെ ചിരിച്ചു. പിന്നെ മുന്നിൽ വന്നു കയ്യും കെട്ടി നിന്നു.
“എന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കൂ, ആരുടെയെങ്കിലും മുഖം മനസ്സിൽ തെളിയുന്നുണ്ടോ”
പതുക്കെപ്പതുക്കെ മനസ്സിലേക്ക് ആ മുഖം കടന്നു വന്നു.
“രാധയുടെ മുഖം, കുട്ടി…… “
“അതെ, രാധയുടെ മൂന്നാമത്തെ മകൾ, അച്ഛനെ ഇതുവരെ കണ്ടിട്ടില്ലാത്ത മകൾ, അച്ഛനും എന്നെ ഇതുവരെ കണ്ടിട്ടില്ലല്ലോ”
ശരീരം ആകെ തളരുന്നതു പോലെ. അടുത്ത് കണ്ട കസേരയിലേക്ക്
ചടഞ്ഞിരുന്നു.
അപ്പോൾ അവളുടെ മൊബൈൽ ഫോണിൽ ഒരു വിളി വന്നു.
“ഇത്തിരി നേരം, ഞാനിപ്പോൾ വരാം “
ഫോണിൽ സംസാരിച്ചു കൊണ്ട് അവൾ പുറത്തേക്കു പോയി.
ഇതു സ്വപ്നമാണോ സത്യമാണോ എന്നറിയാതെ പകച്ചിരിക്കുന്ന അയാളുടെ മനസ്സ് ഒത്തിരി ദൂരം പിറകോട്ടു പോയി.
വലിയൊരു തറവാട്ടിലെ ഏക സന്തതി ആയിരുന്നല്ലോ ഞാൻ. നാട്ടിലെ പ്രമാണിയായ അച്ഛൻ. വീട് അടക്കിഭരിച്ചിരുന്ന അമ്മ, പഠിക്കാൻ അത്ര മിടുക്കനല്ലായിരുന്ന ഞാൻ ഒരുവിധത്തിൽ ബിരുദം സമ്പാദിച്ചു. പിന്നെ അച്ഛനൊപ്പം സ്വത്തുക്കൾ നോക്കി നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് രാധയെ ആദ്യമായി കാണുന്നത്. അമ്പലനടയിൽ തൊഴുതു നിന്ന ആ ശാലീനസുന്ദരി മനസ്സിൽ കയറിപ്പറ്റി. അടുത്തിടെ പോസ്റ്റ് ഓഫീസിലേക്ക് സ്ഥലം മാറി വന്ന പോസ്റ്റ്മാസ്റ്ററുടെ മകൾ ആണെന്ന് അന്വേഷിച്ചറിഞ്ഞു. അവളെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വീട്ടിൽ എതിർപ്പുയർന്നു. കുടുംബത്തിന് ചേർന്ന ബന്ധമല്ലെന്ന കാരണത്താൽ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചുവെങ്കിലും അവസാനം എന്റെ വാശിക്ക് മുൻപിൽ അവർ കീഴടങ്ങി. ആഘോഷമായി കല്യാണം നടന്നു.
പിറ്റേന്ന് രാവിലെ അമ്മ പറഞ്ഞു.
“മോനെ, അവളെയും കൂട്ടി കുടുംബക്കാവിൽപ്പോയി സൽപ്പുത്ര ജനനത്തിനായി പൂജകൾ ചെയ്യണം. എല്ലാം ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. നല്ലൊരു കല്യാണമോ നടന്നില്ല. തറവാടിന് അവകാശിയായി ഒരു പുത്രനെങ്കിലും ജനിക്കട്ടെ. “
അമ്മ അതൃപ്തിയോടെ അവളെ നോക്കി.
നാളുകൾ നീങ്ങി. രാധ ഗർഭിണിയായി. മനസ്സ് കൊണ്ട് ഇഷ്ടക്കേടാണെങ്കിലും തറവാടിന്റെ അടുത്ത അവകാശിയായ പുത്രനെ വയറ്റിൽ ചുമക്കുന്നതുകൊണ്ടു അവൾക്കു വേണ്ട ശ്രുശ്രൂഷകളെല്ലാം അമ്മ ഏർപ്പാടാക്കി.
അങ്ങനെ ആ ദിവസം എത്തി. പ്രസവം വീട്ടിൽത്തന്നെ ആയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സന്തോഷത്തോടെ അകത്തേക്ക് ചെന്ന താൻ കത്തുന്ന മുഖവുമായി നിൽക്കുന്ന അമ്മയെയാണ് കണ്ടത്.
“എവിടെക്കാ ഇത്ര ധൃതിയിൽ, ആ നശിച്ചവൾ ഒരു പെണ്ണിനെയാണ് പെറ്റത്” അമ്മ ആക്രോശിച്ചു.
“അമ്മെ, അവൾ എന്റെ മകളാണ്. “
“ശരിതന്നെ, പക്ഷെ നമ്മുടെ തറവാട്ടിൽ ഒരു ആൺകുട്ടിയാണ് ജനിക്കേണ്ടത്. “
പിന്നീടുള്ള ദിവസങ്ങൾ അശാന്തിയുടേതായിരുന്നു. അമ്മ അവളെയും കുഞ്ഞിനേയും തിരിഞ്ഞു നോക്കിയില്ല. അമ്മയുടെ വാശിയുടെയും അവളുടെ കണ്ണീരിന്റെയും ഇടയിൽ എന്റെ ജീവിതം സമാധാനമില്ലാത്തതായി.
അടുത്ത കുഞ്ഞും പെണ്ണായതോടെ എന്റെ ഉള്ളിലും അമ്മയുടെ വാക്കുകൾ ശരിയെന്നുള്ള തോന്നൽ വന്നു തുടങ്ങി. തറവാടിന് ഒരാൺകുഞ്ഞിനെ നൽകാൻ കഴിയാത്ത അവളോട് മനസ്സിൽ ഒരിഷ്ടക്കേട് തുടങ്ങി.
മൂന്നാമത് അവൾ ഗർഭിണി ആയപ്പോൾ അമ്മ ഉറച്ച തീരുമാനമെടുത്തു. ഇപ്രാവശ്യം പ്രസവം ആശുപത്രിയിൽ മതി. പെൺകുട്ടിയാണെങ്കിൽ അവളെയും കുട്ടികളെയും അവളുടെ വീട്ടിൽ കൊണ്ടുവിടണം.
ആ തീരുമാനം തന്നെ നടപ്പിലായി. അന്ന് അമ്മയായിരുന്നു എനിക്കും ശരി.
എന്റെ വീട്ടുകാരെ എതിർക്കാൻ കെൽപ്പില്ലാത്ത രാധയുടെ വീട്ടുകാർ വിവാഹമോചനത്തിനു സമ്മതിച്ചു. പിന്നെ വലിയൊരു കുടുംബത്തിൽ നിന്ന് അമ്മ തെരഞ്ഞെടുത്ത പെണ്ണിനെ വിവാഹം കഴിച്ചു. സുന്ദരനായൊരു പുത്രനെ തറവാടിന് ലഭിച്ചു.
അമ്മയുടെ തൃപ്തിക്കൊത്ത ജീവിതത്തിൽ രാധയെയും കുഞ്ഞുങ്ങളെയും ഞാനും മറന്നു.
വർഷങ്ങൾ കടന്നു പോയി. അച്ഛനും അമ്മയും മരിച്ചു. മകൻ വളർന്നു, ഉദ്യോഗസ്ഥനായി, വിവാഹം കഴിഞ്ഞു. ഭാര്യയുടെ മരണശേഷം മകനോടൊപ്പം അവന്റെ വീട്ടിലായി എന്റെ താമസം. പരിഷ്ക്കാരിയായ മരുമകൾക്ക് എന്നെ തീരെ പിടിക്കുന്നില്ലായിരുന്നു. അവസാനം അവർ ഈ വൃദ്ധസദനത്തിലുമാക്കി. വല്ലപ്പോഴുമൊരിക്കൽ അവനൊന്നു വന്നാലായി. പ്രവർത്തിഫലം. അല്ലാതെന്തു പറയാൻ.
അതാ അവൾ വരുന്നു. രാധയുടെ മകൾ, എന്റെയും.
“അച്ഛാ, പെൺകുട്ടികളെന്നു പറഞ്ഞു അച്ഛൻ ഉപേക്ഷിച്ച ഞങ്ങൾ ജീവിതത്തിൽ പൊരുതി ജയിച്ചു. അമ്മ ഒരുപാട് കഷ്ട്ടപ്പെട്ടു ഞങ്ങളെ പഠിപ്പിച്ചു. മൂത്ത ചേച്ചി ഡോക്ടറാണ്. വിവാഹം കഴിഞ്ഞു സംതൃപ്തമായ ഒരു കുടുംബ ജീവിതം നയിക്കുന്നു. രണ്ടാമത്തയാൾ പേരെടുത്ത വക്കീൽ. അവളും വിവാഹിതയായി. ഞാനും ഡോക്ടറാണ്. എന്റെയൊപ്പമാണ് അമ്മ. അച്ഛൻ ഇതുപോലൊരു മോശമായ വൃദ്ധസദനത്തിലാണ് കഴിയുന്നതെന്ന് ഈയിടെയാണ് ഞങ്ങൾ അറിഞ്ഞത്. ഞങ്ങൾക്ക് ദുഖമൊന്നും തോന്നിയില്ല. പക്ഷെ, അമ്മക്ക് അത് സഹിക്കാനാവുന്നതല്ലായിരുന്നു. അതെ അച്ഛാ, ഇന്നും ആ സ്നേഹം അമ്മ മനസ്സിൽ സൂക്ഷിക്കുന്നു. പിന്നെ, സ്വന്തം കുട്ടികൾ, അത് ആണായാലും പെണ്ണായാലും സ്വഭാവഗുണമുണ്ടെങ്കിൽ മാത്രമേ തറവാടിന് ചേർന്നവർ ആകുകയുള്ളു. “
അവൾ കയ്യിൽ പിടിച്ചു തന്നെ മുറ്റത്തേക്കിറക്കി. അതാ, കാറിൽ ചാരി രാധ നിൽക്കുന്നു. പ്രായത്തിന്റെയും കഷ്ടപ്പാടുകളുടെയും നിഴലിപ്പുകൾ ഉണ്ടെങ്കിലും ആ മുഖത്ത് ഇപ്പോഴും എത്ര ചൈതന്യമാണ്.
“അച്ഛനെന്ന നിലയിലുള്ള ഒരു കടമകളും ചെയ്യാത്തവനാണ് ഞാൻ. ക്ഷമിക്കണമെന്നു പറയാൻ അർഹതയില്ലെങ്കിലും കാലുപിടിച്ചു ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു. ” അയാൾ പൊട്ടിക്കരഞ്ഞു.
“നാരാണേട്ട, എന്നോട് ക്ഷമ ചോദിക്കല്ലേ, എല്ലാം വിധിയെന്നോർത്തു സമാധാനിക്കാം. അങ്ങയുടെ മൂന്നു പെൺമക്കളും അച്ഛനോട് ക്ഷമിച്ചു കഴിഞ്ഞു. “
അപ്പോഴാണ് മകൾ പിന്നിൽ നിന്ന് പറഞ്ഞത്.
“അപ്പോൾ നമ്മൾ പോവുകയല്ലേ. “
“എവിടേക്ക്” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“നമ്മുടെ വീട്ടിലേക്ക്. അടുത്ത മാസം എന്റെ കല്യാണമാണ്. വിവാഹശേഷം ഞങ്ങൾ വിദേശത്തു പോകും. അപ്പോൾ അമ്മ ഒറ്റക്കാവില്ലേ. ഇനി അമ്മക്ക് കൂട്ടിനായി അച്ഛൻ വേണം. അമ്മയുടെ ആഗ്രഹമാണ്. ഇവിടുത്തെ ഫോർമാലിറ്റീസൊക്കെ കഴിഞ്ഞു. അച്ഛനെ കൊണ്ട് പോകുന്നതിൽ അച്ഛന്റെ തറവാടിയായ മകന് സന്തോഷമേ ഉള്ളെന്നു പറഞ്ഞു. അയാൾക്ക് ഒരു ഭാരം ഒഴിഞ്ഞു കിട്ടിയ ആശ്വാസമാണ്. “
രാധയുടെയും മകളുടെയും നടുവിലിരുന്ന് യാത്ര തുടങ്ങുമ്പോൾ ഇത് ഒരു സ്വപ്നമാകരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ.
#എന്റെരചന #കൂട്ടക്ഷരങ്ങൾ #പിതൃദിന രചനാമത്സരം #അച്ഛൻ


13 Comments
നല്ല കഥ 👍
നല്ല എഴുത്ത് മനസ്സിൽ തട്ടി 👌🥰💗
സ്നേഹം……നന്ദി…… വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
ഇഷ്ടം മിനി മനോഹരമായ കഥ. പെൺകുട്ടികളെ വില കുറച്ചു കാണുന്നവർക്ക് ഒരു തിരിച്ചടി.. മക്കൾ മക്കളാണ്. അത് ആണായാലും പെണ്ണായാലും. ആശംസകൾ dear ❤️❤️❤️
👌👌
സ്നേഹം……നന്ദി…… വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
സ്നേഹം……നന്ദി…… വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
പെൺകുഞ്ഞുങ്ങളെ വേണ്ടാത്ത ചിലരെങ്കിലും ഇന്നും ഉണ്ടാവും അല്ലേ? ആണോ പെണ്ണോ എന്ന വ്യത്യാസമില്ലാതെ കൊച്ചുമക്കളെ കാണാഞ്ഞ ഒരമ്മ കാരണം എന്തെല്ലാം ദുഃഖങ്ങളാണുണ്ടായത്.
നല്ല രചന മിനീ👌🌹
ഇഷ്ടമായി❤️❤️
👌👌
👍👌🙏❤️💯
സ്നേഹം……നന്ദി…… വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
Excellent
സ്നേഹം……നന്ദി…… വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏