“മദ്യവിമുക്തമായൊരു കിനാശ്ശേരി”
അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം..
എന്റെ അച്ഛനും കണ്ടു ഒരു സ്വപ്നം!
ചില ചെറിയ സ്വപ്നങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാകും.
ചെറിയ തോതിൽ ഒരു ഭൂകമ്പം ഉണ്ടാക്കാനായി അച്ഛന്റെ ആ സ്വപ്നത്തിന് !
ഞങ്ങളുടെ വീടാണ് രംഗം. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അച്ഛന്റെ വീട് “ഉത്തമ നിവാസ്” കേസിൽ കിടക്കുകയാണ്. ഒരു പ്രശസ്ത സംഘടനയും അച്ഛനെന്ന ഒറ്റയാൾ പട്ടാളവും തമ്മിൽ ആണ് കേസ്. എല്ലാവരും അതിന്റെ ടെൻഷനിൽ ആണ്. അത് ഒരു തീരുമാനവുമാകാതെ, ഒരുപാട് കാശും, സമയവും വിഴുങ്ങിക്കൊണ്ട് പോയ്ക്കൊണ്ടിരിക്കുന്നു. ഞങ്ങളാണെങ്കിൽ വിവാഹപ്രായമായി വരുന്നു.
പുരയുടെ മോന്താഴം തുളക്കാറായിട്ടൊന്നും ഇല്ലെങ്കിലും, പെൺകുട്ടികൾ നോക്കി നിൽക്കെ വളർന്ന് പന്തലിക്കും,പുര നിറയും എന്നാെക്കെയാണല്ലോ? കേസ് നടത്തി മുടിയുമോ എന്ന പേടി. പേടിയുടെ ആക്കം കൂട്ടാൻ അക്കാലത്ത് ഇറങ്ങിയ കുറേ സിനിമകളും..
കേസു നടത്തി മുടിഞ്ഞ നായികയുടെ അച്ഛൻ,
ആത്മഹത്യ ചെയ്ത നായികയുടെ അച്ഛൻ,
നിൽക്കക്കള്ളി ഇല്ലാതെ നാട് വിട്ട് പോയ നായികയുടെ അച്ഛൻ
ലിസ്റ്റ് അങ്ങനെ നീണ്ടുപോവുന്നു…
“പിള്ളേരുടെ കല്യാണത്തിന് വല്ല സമൂഹ വിവാഹക്കാരേയും സമീപിക്കേണ്ടി വരുമോ ആവോ?”
പല തവണ, ആരോടെന്നില്ലാതെ, ആധിയോടെ അമ്മയുടെ ചോദ്യം…പ്രശ്നത്തിന്റെ അങ്ങേ തലയ്ക്കൽ പോയി നിന്ന് ഇങ്ങനെ കുറിക്ക് കൊള്ളുന്ന, കൊല്ലുന്ന ഡയലോഗ് ഡെലിവറി അമ്മയുടെ സ്ഥിരം ഏർപ്പാടാണ്. നമ്മൾ ആയുസ്സിൽ ചിന്തിക്കാൻ സാധ്യത ഇല്ലാത്ത വഴികളിലൂടെ ഒക്കെ നമ്മുടെ ചിന്താധാരകളെ ഒഴുക്കി വിടാനുള്ള അസാമാന്യ കഴിവിന് ഉടമയാണ് അമ്മ.
അച്ഛന് സദാസമയവും കേസിന്റെ ചിന്ത. സ്വന്തം കിടപ്പാടം ആർക്കാണ് പ്രിയമല്ലാത്തത്? അത് കൈവിട്ട് പോകുകയെന്നാൽ അതിൽ പരം ദു:ഖമുണ്ടോ? ലോസ് ഓഫ് പേ ലീവെടുത്ത് പോലും അച്ഛൻ കേസ് നടത്തി. അച്ഛന്റെ ചിന്താമണ്ഡലം മുഴുവനും കേസും, കോടതിയും, ഉത്തമനിവാസുമായിരുന്നു.പേര് ഉത്തമ നിവാസ് എന്നായിരുന്നു എങ്കിലും കേസിൽ കിടക്കുന്ന വീടായത് കൊണ്ട് അത് കാടും പടലും കയറി വാസത്തിന് തീരെ ഉത്തമം അല്ലാത്ത ഒരിടമായി മാറി തുടങ്ങിയിരുന്നു.
രാത്രി വളരെ വൈകിയും ഫയൽ നോക്കലും എഴുത്തുകുത്തുകളും എന്നെയീ അവസ്ഥയിൽ എത്തിച്ചവന്മാരെ വെറുതേ വിടരുതേ ദൈവമേ എന്ന പ്രാർത്ഥനയും ഒക്കെയാണ്. സ്വതവേ സമാധാനകാംക്ഷിയായ അച്ഛൻ, വികാരാധീനൻ ആവുന്നതും ആത്മരോഷം കൊള്ളുന്നതും കാണുമ്പോൾ അച്ഛന്റെ ഉള്ളിലെരിയുന്ന കനലിന്റെ പൊള്ളൽ എന്നിലേക്കും വ്യാപിക്കാറുണ്ട്.
ഒരു നാൾ പതിവുപോലെ വളരെ വൈകിയും കേസ് ഫയൽ നോക്കുന്നുണ്ടായിരുന്നു.. പിറ്റേന്ന് ഹിയറിങ്ങ് ഉള്ളതിന്റെ അങ്കലാപ്പ് പ്രകടമായിരുന്നു. ഒക്കെ കഴിഞ്ഞ് എല്ലാവരും ഉറക്കമായി. വലിയമ്മ, വലിയച്ഛൻ, അമ്മൂമ്മ എന്നിവരടങ്ങിയ കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്.
അച്ഛന്റെയും അമ്മയുടെയും മുറിയിൽ നിന്നും അമ്മയുടെ നിലവിളി കേട്ടാണ് ഞങ്ങൾ ഉണർന്നത്. ഞാനും, അനുജത്തിയും പിന്നാലെ മറ്റുള്ളവരും ഓടിച്ചെന്ന് മുറിയുടെ വാതിൽ തള്ളി തുറന്നു. നോക്കുമ്പോൾ ഹോട്ടൽ ലോബി തല്ലിതകർത്ത ‘കിലുക്ക’ത്തിലെ രേവതി കണക്കേ, കുറ്റം ചെയ്ത കുട്ടിയുടെ മുഖഭാവത്തോടെ കട്ടിലിനടുത്തായി നിൽക്കുന്ന അച്ഛൻ!
തിരഞ്ഞെടുപ്പ് കാലത്ത് മൈക്ക് കൈയ്യിൽ കിട്ടിയ പ്രസംഗപ്രിയനായ രാഷ്ട്രീയക്കാരൻ കണക്കെ പരിസരം മറന്ന് ഉച്ചസ്ഥായിയിൽ എന്തൊക്കെയോ പറയുന്ന അമ്മ!
ഞങ്ങൾക്കൊന്നും പിടികിട്ടിയില്ല. ഒടുവിൽ ക്ഷമകെട്ട് ഞാൻ ചോദിച്ചു..
“നിങ്ങൾ സംഭവം എന്താണെന്ന് ഒന്ന് പറയുന്നുണ്ടോ? ഒച്ച വച്ച് ഉറങ്ങിക്കിടന്നിരുന്ന മനുഷ്യരെ പേടിപ്പിച്ചതും പോരാഞ്ഞ്…..”
“ഞാനൊരു സ്വപ്നം കണ്ടതാ മോളേ…” അച്ഛൻ
“ആഹാ..അത്രേയുള്ളൂ? അതിനാണോ ഈ പുകിലത്രയും ഉണ്ടാക്കിയത്? പേടി സ്വപ്നമായിരുന്നോ? പക്ഷേ അച്ഛൻ കണ്ട സ്വപ്നത്തിന് അമ്മയാണല്ലോ നിലവിളിച്ചത്!”
എന്റെ വളരെ ന്യായമായ സംശയം..
“തോക്കിനുള്ളിൽ കയറി വെടി വക്കാതെ മുഴുവൻ പറയാൻ സമ്മതിക്ക്”
എക്സ് മിലിട്ടറിയായ അച്ഛന്റെ സ്ഥിരം പഞ്ച് ഡയലോഗ്. തോക്ക്, ട്രഞ്ച്, യുദ്ധം, ബോംബ്, രാവിലത്തെ P.T, ക്യാംമ്പ്, സിംല, ജബൽപൂർ, മോവ് തുടങ്ങിയവ ഒക്കെ അച്ഛന്റെ സ്ഥിരം പട്ടാള ടോപ്പിക്സ് ആണ്.
‘വെൻ ഐ വോസ് ഇൻ ജബൽപോർ…’
സാധാരണ ഇൻഡ്രോ അങ്ങിനെയായിരിക്കും.. സ്ഥലപ്പേര് മാത്രം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഓരോ കഥയിലും. ഊണുമേശയിൽ ഇതിൽ ഏതെങ്കിലും ഒന്ന് ഞങ്ങൾ എന്നും കേട്ടേ മതിയാകൂ..
ഏതൊരു സാധാരണ മിലിട്ടറിക്കാരനെയും പോലെ പട്ടാളക്കഥകൾ നൂറ് തവണ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുകയും, ഞങ്ങൾ അത് ആദ്യമായി കേൾക്കുന്ന മട്ടിൽ വളരെ വിദഗ്ദമായി നവരസങ്ങളിൽ ചിലതൊക്കെ യഥാവിധം കാണിച്ച് പുരികം പൊക്കിയും, കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും കേൾക്കുമായിരുന്നു..
ദേശത്തിന് വേണ്ടി, നമ്മുടെയൊക്കെ സുരക്ഷക്കു വേണ്ടി കഠിനമായ കാലവസ്ഥാവ്യതിയാനങ്ങൾ പോലും വകവയ്ക്കാതെ നിലകൊള്ളുകയും
പോരാടുകയും ഒക്കെ ചെയ്ത, ചെയ്യുന്ന പട്ടാളക്കാരുടെ അത്രക്ക് വിഷമവും ത്യാഗവുമൊന്നുമില്ലല്ലോ ആ കഥകൾ ആവർത്തിച്ച് കേൾക്കാൻ…
അച്ഛൻ വിവരണം തുടങ്ങി…
“ഞാനൊരു സ്വപ്നം കണ്ടു. കേസിലെ ഒന്നാം പ്രതിയെ റയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടു. എന്നെ കണ്ടതും അയാൾ റെയിൽവേ ട്രാക്കിലേക്ക് ചാടി ഓടാൻ തുടങ്ങി. ഞാൻ പിന്നാലെ ഓടി.”
സിനിമയിലെ ക്ലൈമാക്സ് രംഗത്തിലെ ഓട്ടം പോലെ..കുറേ ദൂരം മുന്നോട്ട് പോയി. മുന്നിലോടുന്ന പ്രതിയുടെ കൈയ്യിൽ അച്ഛൻ ഒരു വിധം എത്തിപ്പിടിച്ചു. അയാളുടെ വേഗത കുറക്കാനായി അച്ഛന് സ്വപ്നത്തിൽ തോന്നിയ ഐഡിയ ആണ് അയാളുടെ പിടുത്തം കിട്ടിയ കൈവിരലിൽ കടിക്കുക എന്നത്. ഒട്ടും അമാന്തിച്ചില്ല.
ആഞ്ഞൊരു കടി….!
അയാൾ ഉരുണ്ട് താഴെ വീണു. ഇവിടെ ക്ലൈമാക്സിൽ ഒരു ചെറു ട്വിസ്റ്റ്..
അച്ഛൻ ആഞ്ഞു കടിച്ച ആ വിരൽ തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന അമ്മയുടേതായിരുന്നു! അതിന്റെ പ്രത്യാഘാതമെന്നോണം കട്ടിലിൽ നിന്നും ഉരുണ്ട് താഴെ വീണത് അച്ഛനും… കൈവിരലിൽ അച്ഛന്റെ പല്ലമർന്നപ്പോൾ ഉണ്ടായ അമ്മയുടെ ദീനരോദനമാണ് ഞങ്ങൾ കേട്ടത്. അച്ഛന്റെ വായിൽ അകപ്പെട്ട കൈവിരലിനെ രക്ഷിച്ചെടുക്കാൻ അമ്മ സ്വന്തം കാലുകളെ ആയുധമാക്കിയെന്ന് തോന്നുന്നു..
കാര്യങ്ങളുടെ കിടപ്പിന്റെ ഒരു ഏകദേശ രൂപം ഞങ്ങൾക്ക് പിടി കിട്ടി…
“ഞാനിത്രയേ ചെയ്തുള്ളൂ.. അതിനാണിവർ ഇങ്ങനെ നിലവിളിച്ചത്”
അച്ഛൻ വിവരണത്തിന് വിരാമമിട്ട് ദയനീയമായി എന്നെ നോക്കി..
തീർപ്പ് കൽപ്പിക്കാനുള്ള ജഡ്ജി മേലങ്കിയണിഞ്ഞ് ഞാൻ റൂമിൽ ഉലാത്തി.
സ്വല്പം ഗൗരവത്തോടെ,
കൈ പിന്നിൽ കെട്ടി,
സ്വല്പം മുന്നോട്ടാഞ്ഞ്….
ആയിടയ്ക്ക് കണ്ട ‘ഒരു CBI ഡയറിക്കുറിപ്പി’ലെ നെറ്റിയിൽ ചുവന്ന കുറിയിട്ട സേതുരാമയ്യരെ ഞാൻ എന്നിലേക്ക് ആവാഹിച്ചു. അതിലെ സേതുരാമയ്യർ നടന്ന് വരുമ്പോഴത്തെ ആ പ്രത്യേക ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒക്കെ മനസ്സിൽ സങ്കല്പിച്ചു. ഷൈൻ ചെയ്യാൻ കിട്ടിയ അപൂർവ്വാവസരം. പാഴാക്കിക്കൂടാ….
അത്രയും നേരം,അച്ഛന്റെ ദന്തപംക്തിയുടെ സീൽ ഉള്ള വേദനിക്കുന്ന വിരൽ നോക്കുകയും, സ്വയം മസാജ് ചെയ്ത് കൊണ്ടിരുന്ന അമ്മയുടെ സ്വരം, എന്നെ എന്റെ മേലങ്കിയണിഞ്ഞ ചിന്തകളിൽ നിന്നുണർത്തി.
“ഈശ്വരാ… യഥാസമയം ഞാൻ കൈ വലിച്ചില്ലായിരുന്നുവെങ്കിൽ എന്തായേനേ..? വിരലിപ്പോൾ വവ്വാൽ ചവച്ചു തുപ്പിയ അടയ്ക്ക കണക്കേ ആയേനേ.”
ഞങ്ങൾക്ക് ചിരി നിയന്ത്രിക്കാനായില്ല. എല്ലാവരും ചിരിക്കുന്നത് അത്രക്കങ്ങോട്ട് രസിക്കാതെ അമ്മയുടെ അടുത്ത ഡയലോഗ്…
“നിങ്ങൾക്ക് ചിരി.. ഇങ്ങനൊരു കേസുണ്ടെന്നും കരുതി ജീവൻ പണയം വച്ച് കിടക്കാനൊക്ക്വോ? മനസ്സു വിട്ടുറങ്ങാനൊക്ക്വോ?”
കൂട്ടച്ചിരി…
“അത് ശരി, അപ്പോൾ ഇതിന് മുൻപും ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ അമ്മേ..?”
എൻ്റെ നേർക്ക് നീണ്ട് വരുന്ന അമ്മയുടെ മൂർച്ചയേറിയ നോട്ടം തടുക്കാൻ ഞാൻ അനുജത്തിയുടെ പിന്നിലൊളിച്ചു. കിഴക്ക് വെള്ളകീറുമ്പോൾ, എന്തെങ്കിലും കാരണമുണ്ടാക്കി വായലേറ്റം പറഞ്ഞതിനും ചേർത്ത് അമ്മ ഓല കീറി ഈർക്കിലിയെടുക്കുമോ എന്ന് ഭയന്ന് സംശയ നിവാരണവും, ജഡ്ജി മേലങ്കിയും പാതിരക്ക് പാതി വഴിയിൽ ഉപേക്ഷിച്ചു.
ഈർക്കിളി കഷായം മുൻപും പല തവണ വായലേറ്റ ഒറ്റമൂലിയായി സേവിക്കേണ്ടി വന്നിട്ടുണ്ട്… ആ കഷായത്തിന് കയ്പ് മാത്രമല്ല, നല്ല നീറ്റവുമാണേന്നേ….!
“അർദ്ധരാത്രിക്ക് സ്വന്തം ഭാര്യയുടെ കൈത്തലം കവർന്ന ഭർത്താവിനെതിരെ കേസെടുക്കാനൊന്നും വകുപ്പില്ലല്ലോ? ആ സ്വാതന്ത്ര്യമൊക്കെ ഭരണഘടനയിൽ ഉള്ളതല്ലേ?”
അന്ന് കൗമാരക്കാരിയായ എന്റെ ആത്മഗതം..ഉറക്കെ പറഞ്ഞാൽ അപ്പോൾ ബദ്ധശത്രുക്കളെപ്പോലെ നിന്നിരുന്ന അവർ രണ്ടും ഒന്നായി, ചെറിയ വായിൽ വലിയ വർത്തമാനം പറഞ്ഞ എന്നെ എടുത്തിട്ട് പെറുമാറും എന്ന് എനിക്ക് നന്നായറിയാം.. കിഴക്ക് വെള്ളകീറും മുമ്പ് തന്നെ, അവരെന്നെ പച്ചക്ക് കീറും എന്നത് നന്നായി അറിയാവുന്നതുകൊണ്ട് അത് ആത്മഗതമാക്കി തൃപ്തിയടഞ്ഞു.
എല്ലില്ലാത്ത നാവിന് മുപ്പത്തിരണ്ട് കാവൽഭടൻമാരുടെ സുരക്ഷയിൽ എന്തും വിളിച്ചു പറയാം. നമ്മുടെ ആരോഗ്യ കാര്യം നമ്മൾ ശ്രദ്ധിക്കണമല്ലോ? മുപ്പത്തിരണ്ടിൽ നിന്നും ചിലത് മൈനസ് ആക്കണോ?
വേണ്ട…
എന്റെ ജഡ്ജി മേലങ്കി വേസ്റ്റ്!
: “സാരല്യ അമ്മേ, ഉറക്കത്തിൽ അല്ലേ…?”
: “നീയല്ലെങ്കിലും അച്ഛന്റെ സൈഡേ പറയൂ.. എനിക്കറിയാം…”
ശ്ശെടാ…. അമ്മ അപ്പോഴും വയലൻറ് മോഡിൽ തന്നെ!
പിന്നീട് ഒരു സിനിമയിൽ ജയറാമിന്റെ മണിയറയിൽ നിന്ന് അലറിക്കരഞ്ഞോടുന്ന സംയുക്ത വർമ്മയെക്കണ്ടപ്പോൾ ഈ രംഗം ഓർത്തു ചിരി വന്നു. ജയറാമിന്റെ കൈ കടിച്ചു പറിച്ചത് കട്ടിലിന്നടിയിലെ ലാൽ.
കടിയായിരുന്നു രണ്ടിലേയും വില്ലൻ!
“നീയെന്തു കാണിച്ചാ ആ കൊച്ചിനെ പേടിപ്പിച്ചേ? ” എന്ന് ചോദിക്കുന്നവരുടെ സ്ഥാനത്ത് ഞങ്ങളും…..
✍🏻(>സുജാത നായർ<)✍🏻
#പിതൃദിനം


2 Comments
നല്ല രസമുണ്ട് വായിക്കാൻ 👌🥰💗
🤩🤩👍👍