മരുഭൂമിയിലെ മഴ അതിന്റെ പതിഞ്ഞ താളമുപേക്ഷിച്ച് രൗദ്രതാണ്ഡവമാടുന്ന ദിനങ്ങളിൽ വായനയ്‌ക്കെടുത്ത പുസ്തകമാണ് സോക്രട്ടീസ് കെ. വാലത്ത് ന്റെ ആനന്ദലഹരി.
“മനിതര്‍ ഉണര്‍ന്തുകൊള്ള ഇത് മനിത കാതലല്ല…
അതെയും താണ്ടി പുനിതമാനത്…” കാതുകൾക്കരികെ അങ്ങനെയാരോ മന്ത്രിക്കും പോലെ. പൂത്തുലഞ്ഞ നീർമാതളച്ചുവട്ടിൽ നേർത്ത നിലാവിന്റെ ഛായയിൽ നീണ്ട മുടി വിതിർത്തിയിട്ട് യോഗനിദ്രയിലെന്നോണം തന്റെ അദൃശ്യകാമുകനിലേക്കലിഞ്ഞു ചേരാൻ പ്രണയാർദ്രയായി കാത്തു നിൽക്കുന്ന ആമിയെ കാണും പോലെ. കായാമ്പൂഗന്ധമുള്ള കാർവർണ്ണൻ ഒരു മായക്കാഴ്ചയായി ഒളിഞ്ഞും തെളിഞ്ഞും കൺമുൻപിൽ മിന്നി മായും പോലെ. അമൂല്യമായ പ്രണയത്തിന്റേതാണോ സമൂഹത്തെ മുൻനിർത്തി സദാ ഉള്ളിലെരിയുന്ന കലഹത്തിന്റേതാണോ എന്നു വേർതിരിച്ചറിയാനാവാത്ത ഒരു തലത്തിലേക്ക് മനസിനെ എത്തിച്ച അനുഭവമാണ് ആനന്ദലഹരിയുടെ വായന സമ്മാനിച്ചത്. ആഴക്കടലിന്റെ ഉൾപ്പെരുക്കങ്ങൾ പേറുന്ന ജീവിതത്തിന്റെ അനിർവ്വചനീയ ആവേഗങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് അവയെ സ്നേഹിച്ചും കലഹിച്ചും മുൻപോട്ടു പോകുന്ന കുറച്ചു സ്‌ത്രീ ജീവിതങ്ങളെയാണ് എഴുത്തുകാരൻ നമുക്കു മുൻപിൽ തുറന്നു വയ്ക്കുന്നത്. ജീവിതം അതിന്റെ എല്ലാ തരളഭാവങ്ങളെയും പേറി നിൽക്കുന്നൊരു ഘട്ടത്തിൽ പൊടുന്നനെ വിധവയാകേണ്ടി വരുന്ന ജയലക്ഷ്മിയിൽ തുടങ്ങി ഓരോവിധത്തിലായി അവരോടു ബന്ധപ്പെട്ടു നിൽക്കുന്ന ഗംഗ, സുമിത, ജെന്നിഫർ എന്നിങ്ങനെ നാലു സ്ത്രീകളുടെ ജീവിതത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളുടെയും സമീപനങ്ങളിലൂടെയുമാണ് കഥാസഞ്ചാരം. പത്തൊൻപതാം വയസിൽ വിധവയായ, അതിസുന്ദരിയും അമ്മയുമായ ജയലക്ഷ്മിയുടെ ശാരീരികതൃഷ്ണകൾ അദൃശ്യമായൊരു പുരുഷസാന്നിദ്ധ്യം അവാച്യമായ ആനന്ദഹർഷം അനുഭവിപ്പിച്ചു കൊണ്ട് രഹസ്യമായി ശമിപ്പിക്കുന്നു. കേവലം വിറളിപിടിച്ച പുരുഷാസക്തിയ്ക്കുമപ്പുറം സ്നേഹത്തിന്റെ വിശുദ്ധാനുഷ്ഠാനമെന്നതു പോലെ തന്റെ ശരീരത്തെ പരിചരിച്ച അവനെ ഭക്ത്യാദരം സ്നേഹിക്കുകയും പതിയെ അതിൽ നിന്നും ഒരിക്കലും വിടുതലാഗ്രഹിക്കാത്ത വിധം അവനെന്ന സ്വപ്നത്തിന്റെ അപാരമായ ആഴങ്ങളിലേക്ക് അവൾ മുങ്ങിപ്പോവുകയും ചെയ്യുന്നു. അവനെ നഷ്ടപ്പെടുന്നു എന്ന ബോധ്യത്തിലേക്ക് ഉണരുന്ന നിമിഷങ്ങളിൽ അവളുടെയുള്ളിൽ യഥാർത്ഥത്തിൽ താനിപ്പോഴാണ് വിധവയായതെന്ന സങ്കടം മുറ്റുന്നു. ഒരിക്കലും അവനിൽ നിന്നൊരു മുക്തിയില്ലെന്ന്, അവനുവേണ്ടി മാത്രമാണീ ജന്മമെന്ന് അവൾ ഉൾഭയത്തോടെയെങ്കിലും അടിവരയിടുന്നു. പെണ്ണുടൽ വെറും കാമശമനി എന്നതിലുപരി അതർഹിക്കുന്ന സകല ബഹുമാനങ്ങളോടെയും പരിഗണിക്കപ്പെടുന്നിടത്ത് ഉരുവാകുന്നൊരു സ്നേഹമുണ്ട്. പ്രണയമുണ്ട്. അതാണിവിടെ വെളിവാകുന്നത്. മറുവശത്ത് ജയലക്ഷ്മിയുടെ മകൾ ഗംഗ വളർന്നു വരുന്നത് സമൂഹം വരച്ചിട്ടിരിക്കുന്ന കാർക്കശ്യങ്ങളുടെ അതിർവരമ്പുകളെ മുൻനിർത്തിയാണ്. സ്വന്തം വൈവാഹികജീവിതത്തിലും സംഘർഷമനുഭവിക്കുന്ന ഗംഗയിൽ അമ്മയുടെ യുക്തിരഹിതമായ നിഗൂഢപ്രണയവും സ്വപ്‌നാടനങ്ങളും അസ്വസ്ഥത ജനിപ്പിക്കുന്നിടത്ത് ഒരു വ്യക്തിയുടെ എന്നല്ല സദാചാരത്തിന്റെ കരിനിഴൽ വീണ ഒരു സമൂഹത്തിന്റെ തന്നെ നേർമുഖമാണ് വെളിവാകുന്നത്. ഗംഗയുടെ സുഹൃത്ത് ജെന്നിഫർ ഇതേ സമൂഹത്തോടു കലഹിച്ചും സമരം ചെയ്തും ജീവിതത്തിന്റെ തിരുത്തിയെഴുത്ത് നടപ്പിലാക്കുന്ന മറ്റൊരു സ്ത്രീമുഖമാണ്. അവൾ ജയലക്ഷ്മിയുടെ വ്യക്തിജീവിതത്തെ, സ്വകാര്യതയെ മാനിച്ചുകൊണ്ട് ഗംഗയോടു തർക്കിക്കുന്നു. സംഘർഷങ്ങളുടെ ഉത്തുംഗതയിൽ കഥ മുന്നേറുന്നതിനിടെ കടന്നു വരുന്ന സുമിത എന്ന സ്ത്രീ, ചിന്തകളെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. കുടുംബജീവിതത്തിന്റെ സുരക്ഷയിൽ നിന്നുകൊണ്ട്, ലോകത്തിൻറെ വിവിധകോണുകളിലിരുന്നു രഹസ്യമായി തന്നോടു പ്രണയസല്ലാപങ്ങൾക്കെത്തുന്ന പുരുഷന്മാരെ കൊതിപ്പിച്ചും സ്വയം ആനന്ദിച്ചും തന്റെ വിരൽത്തുമ്പിലിട്ട് അമ്മാനമാടുന്ന പെണ്ണായി സുമിത അവതരിക്കുന്നു. കപടദാമ്പത്യങ്ങൾക്കു മേലെ നിർദാക്ഷിണ്യം കാർക്കിച്ചു തുപ്പുന്നതിനൊപ്പം സ്ത്രീ എന്നത് തോന്നിയപടി ഓരോരുത്തനിലേക്കും ഇറക്കി നിറുത്താവുന്ന വെറുമൊരു മാംസരൂപിയാണെന്നുള്ള അധമധാരണകളെയും അവൾ പൊളിച്ചെഴുതുന്നുണ്ട്. നാലു സ്ത്രീകളിലൂടെയുമുള്ള സഞ്ചാരത്തിനൊടുവിൽ ഞാനേറ്റവുമധികം ചേർന്നു നിന്നത് ജെന്നിഫറിനോടാണ്. സ്ത്രീപുരുഷബന്ധങ്ങൾക്കിടയിൽ സദാചാരകല്പനകളാൽ മതിലുകൾ സൃഷ്ടിക്കുന്ന, അടുക്കളജീവിയായി മാത്രം സ്‌ത്രീകളെ ഒതുക്കി നിർത്തുന്ന, വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് മേൽ അടിച്ചേല്പിക്കലുകളുടെ കുരിശു കയറ്റുന്ന വ്യവസ്ഥിതിക്കെതിരെ നിലകൊള്ളുന്ന ജെന്നിഫർ വിശാലചിന്തകൾക്കിടമൊരുക്കുന്ന തെളിഞ്ഞതും എന്നാൽ അത്ര ലളിതമല്ലാത്തതുമായ ഭൂമികയാണ്. സമൂഹത്തിൽ സദാചാരവാദികളുടെ തേർവാഴ്ചയുളവാക്കിയ അസഹനീയതയിൽ ജെന്നിഫർ കൂടി ഉൾപ്പെടുന്ന പുരോഗമനവാദികൾ സംഘടിപ്പിച്ച ചുംബനസമരത്തെ പിൻപറ്റിയാണ് നോവൽ ജയലക്ഷ്മിയിലേക്കിറങ്ങി ചെല്ലുന്നത്. എത്ര ശ്രമിച്ചാലും നിത്യമായൊരു മോചനമില്ലെന്നു തിരിച്ചറിഞ്ഞു കൊണ്ട് തന്റെ പ്രണയത്തിന്റെ അപാരലഹരി ചൂഴ്ന്ന ശരീരവുമായി ചുംബനസമരത്തിന്റെ പ്രക്ഷുബ്ധഭൂമിയിയിലേക്ക് ഒടുവിൽ അവളിറങ്ങി നടക്കുന്നു. അഗ്നി വിതച്ച ആ അന്തരീക്ഷത്തിൽ അവൾക്കു ചുറ്റും അനിർവചനീയമായ ആനന്ദാനുഭൂതി അനുഭവിച്ചു കൊണ്ട് ആൾക്കൂട്ടം സ്തബ്ധമാകുകയും അതിനൊപ്പം പ്രപഞ്ചമൊന്നു ചേർന്ന് അവളെ മണ്ണിൽ നിന്നും മറച്ചു പിടിക്കുകയും…അല്ല മായ്ക്കുകയും ചെയ്യുന്നു. അവിടെയും കഥ പൂർണ്ണമാകുന്നില്ല എന്നേ പറയാനാവൂ. ഒട്ടേറെ ചോദ്യങ്ങളെ,ഒട്ടേറെ അസ്വസ്ഥതകളെ ഉയർത്തിപ്പിടിച്ചു കൊണ്ട് പുരുഷാധിപത്യത്തിന്റെയും രോഗാതുരമായ യാഥാസ്ഥിതികത്വത്തിന്റെയും നീരാളിപ്പിടുത്തത്തെ ചോദ്യം ചെയ്തു കൊണ്ട് ഇക്കണ്ടതും ഞാൻ കൂടി ചേർന്നതുമായ ഓരോ പെൺജീവിതങ്ങളും ഇനിയും അവരുടെ കഥ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. ആനന്ദലഹരി തീർച്ചയായും അതിന് ഉൾപ്രേരകമാകുന്നു.
നോവലിലെ പുരുഷസാന്നിധ്യങ്ങൾ സ്ത്രീകളുടെ ഉടൽമാർദ്ദവങ്ങളിലേക്ക് മാത്രം കണ്ണും മനസും കൂർപ്പിച്ച് വട്ടംചുറ്റുന്ന സമൂഹത്തിലെ ബഹുഭൂരിപക്ഷമാണ് എന്ന് നിസ്സംശയം സമർത്ഥിക്കാം. വ്യത്യസ്തമായ എഴുത്തുശൈലി അവലംബിച്ചിരിക്കുന്ന നോവലിൽ കഥാപാത്രങ്ങളെ ചോദ്യം ചെയ്തും നിയന്ത്രിച്ചും സ്വന്തം കാഴ്ചപ്പാടുകളെ വിലയിരുത്തിയും എഴുത്തുകാരൻ തന്റെ നേരിട്ടുള്ള സാന്നിദ്ധ്യം വെളിവാക്കുന്നത് നല്ലൊരനുഭവം തന്നെയായി. അതുപോലെ നോവലിസ്റ്റിന്റെ ഭാഷാവൈഭവമാണ് ആനന്ദലഹരിയിലെ ആകർഷണീയമായ ഒരു ഘടകം. മഴയുടെ രൗദ്രത പകർന്ന അതേ സംഘർഷം വായനയിലും തുടർന്നു എന്നതു കൂടി എടുത്തു പറയട്ടെ. സ്‍ത്രീപക്ഷാനുഭാവം എന്ന കാലികപ്രസക്തിയർഹിക്കുന്ന വിഷയത്തെ തന്റേതായ സാങ്കല്പികപരിസരങ്ങൾ സൃഷ്ടിച്ചും സംയോജിപ്പിച്ചും കൊണ്ട് സമൂഹമധ്യത്തിലേക്കിറക്കി വയ്ക്കാനുള്ള ധൈര്യപ്പെടലിന് അഭിനന്ദനങ്ങൾ. സ്ത്രീകൾ പോലും സ്ത്രീകളെ മനസിലാക്കാത്തിടത്ത് ഇത്തരം സൃഷ്ടികൾ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. തുറന്നെഴുത്തുകളെ സ്വീകരിക്കാനും ഉയർന്ന ചിന്തകൾക്കിടമൊരുക്കാനും തയ്യാറാകുന്നൊരു സമൂഹമെന്ന സ്വപ്നസാക്ഷാത്കാരം അതിവിദൂരമല്ല എന്ന പ്രതീക്ഷ മുന്നോട്ടു വച്ചു കൊണ്ട്, നഷ്ടമല്ലാത്തൊരു വായന സമ്മാനിച്ച “ആനന്ദലഹരി”യ്ക്കും പ്രിയപ്പെട്ട എഴുത്തുകാരനും ഹൃദയാശംസകൾ.
പുസ്തകം : ആനന്ദലഹരി (നോവൽ)
രചന : സോക്രട്ടീസ് കെ വാലത്ത്
പ്രസാധകർ : ഗ്രീൻ ബുക്സ്



6 Comments
നന്നായി എഴുതി
ഒരുപാട് സന്തോഷം. ഈ വായനാദിനത്തിൽ തന്നെ ആനന്ദലഹരിക്ക് ഇത്രയും ആഴത്തിലും പരപ്പിലും ഒരു വായന നൽകിയതിൽ ഏറെ നന്ദിയുണ്ട്.
ഏതൊരു എഴുത്തുകാരന്റെയും ആനന്ദമാണ് ലേഖയെപ്പോലുള്ള വായനക്കാർ. എത്ര ആഴത്തിലും കൃത്യമായും വായിക്കുന്നു👌👌👌
ആനന്ദലഹരി വായിക്കണമെന്നു തോന്നിപ്പിക്കുന്ന എഴുത്ത്👌
ആശംസകൾ ലേഖ🌹❤️
മനോഹരമായ റിവ്യൂ,, വായിക്കാൻ തോന്നിപ്പിക്കുന്നത്
👍👌🙏❤️