അസ്തമയ സൂര്യന്റെ പൊൻവെളിച്ചം പടിഞ്ഞാറേ ചക്രവാളത്തിൽ മങ്ങി കൊണ്ടിരുന്നു.
പുഴ കടന്നു വേണം ആർച്ചക്ക് വീട്ടിലെത്താൻ. പുഴയിൽ വെള്ളം കുറവാണ്. അവൾ തണുത്തു കുളിരുന്ന പുഴയെ ഉണർത്തി പുഴയിലിറങ്ങി.
പുഴയിലെ വഴുക്കുന്ന കറുത്ത പാറക്കൂട്ടങ്ങളിൽ തന്റെ മനോഹരമായ പാദങ്ങൾ മെല്ലെ സ്പർശ്ശിച്ചുകൊണ്ട് അവൾ നടന്നു നീങ്ങി.
പുഴക്കരയിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങോലകളുടെ മർമ്മര ശബ്ദതോടൊപ്പം കൂടണയാൻ പോകുന്ന പക്ഷികളുടെ കലപില ശബ്ദവും ആ അന്തരീക്ഷത്തിൽ മുഴങ്ങി.
പൂക്കളാൽ മെത്ത വിരിച്ച ഇടവഴിയിലൂടെ അവൾ നീങ്ങി. അവളുടെ ഓരോ ചുവടിലും കരിയിലകൾ തെന്നിമാറി.
ആർച്ച വീടടുക്കാറായി. നേർത്ത നിലാവിന്റെ പുഞ്ചിരിയിലവൾ വേലി
പടർപ്പിലെ ഇല്ലിപ്പടി മലർക്കേ തുറന്ന് അകത്തു കയറി.
ഓലമേഞ്ഞ വീടിന്റെ ഉമ്മറത്തുള്ള തുളസി തറയിലെ വിളക്ക് അണയാറായിട്ടില്ല. അവളെ കണ്ട മുറ്റത്തെ നാട്ടുമാവിന്റെ ശിഖരങ്ങൾ സന്തോഷത്തോടെ മിഴി തുറന്നു.
ചാണകം മെഴുകിയ തറയിൽ കാലും നീട്ടിയിരുന്നു മുത്തശ്ശി വെറ്റിലച്ചെല്ലത്തിൽ നിന്നും പുകയില കഷ്ണം വായിലേക്ക് തിരുകുന്നു.
നരച്ച വെള്ളിക്കമ്പികൾ പോലുള്ള തലമുടി മുത്തശ്ശിയുടെ അഴകിനു മാറ്റേകുന്നു.
ഭർത്താവ് മരിച്ച ലക്ഷ്മിയമ്മക്ക് സ്വന്തമെന്നു പറയാൻ ആരുമുണ്ടായിരുന്നില്ല.
വിവാഹം കഴിഞ്ഞു വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും അവർക്കൊരു കുഞ്ഞി ക്കാലു കാണാനുള്ള ഭാഗ്യമുണ്ടായില്ല. ആ വിഷമത്തിൽ ഇരിക്കുമ്പോഴാണ് പെട്ടെന്നുള്ള രാമൻ നായരുടെ മരണം.
അതോടെ അവർ ജീവിതത്തിൽ ഒറ്റപ്പെട്ടു. ഏകാന്തതയുടെ നീർചൂഴിയിൽ കിടന്ന് കഷ്ടപ്പെടുമ്പോഴും അവർ തളർന്നില്ല.
രാവിലെയായാൽ തേയില തോട്ടത്തിൽ പണിക്കു പോകും. പിന്നെ വൈകുന്നേരമേ തിരിച്ചു വരൂ.
പണികഴിഞ്ഞു വന്നാൽ പിന്നെ തന്റെ പച്ചക്കറി തോട്ടമാണ് അവരുടെ ലോകം. അധികമാരുമായും ഇട പഴകാറില്ല.
ഒരു ദിവസം തേയില തോട്ടത്തിൽ പണിയും കഴിഞ്ഞു വരുമ്പോൾ പുഴയുടെ തീരത്തുള്ള കുറ്റിക്കാട്ടിൽ നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ രോദനം കേട്ടു. ചൂളം വിളിച്ചെത്തുന്ന തണുത്ത പുഴ കാറ്റിൽ അവരുടെ മുടിയിഴകൾ പാറി പറന്നു.
അവർ മെല്ലെ കരച്ചിൽ കേട്ട ഭാഗത്തേക്ക് നടന്നു നീങ്ങി . അത്ഭുതത്തോടെ അവർ രണ്ടു കയ്യും ശിരസ്സിൽ വെച്ച് സ്വല്പനേരം നോക്കി നിന്നു.
ചുവന്നു തുടുത്ത് മാലാഖയെ പോൽ ഐശ്വര്യമുള്ള ഒരു പെൺകുഞ്ഞ്. ആ കുഞ്ഞ് കുഞ്ഞിളം ചുണ്ടുകളിൽ പുഞ്ചിരിയുമായി അവരെ നോക്കി കിടന്നു.
അവർ കൗതുകത്തോടെ കുഞ്ഞിനെ വാരിയെടുത്തു തന്റെ മാറോടു ചേർത്തു വീട്ടിലേയ്ക്ക് നടന്നു.
പിന്നീട് അവരുടെ ജീവിതം അവൾക്ക് വേണ്ടി മാത്രമായി. അവളെ ഒറ്റക്കാക്കി പണിക്കു പോകാൻ പറ്റിയ സാഹചര്യം അല്ലാത്തതുകൊണ്ട് അവർ ജീവിതമാർഗ്ഗത്തിന്നായി ആ വീടും പറമ്പും വിറ്റു. അതിൽ ഒരു അഞ്ചു സെന്റ് ബാക്കി നിർത്തി അതിൽ ചെറിയൊരു ഓലക്കുടിൽ പണി കഴിപ്പിച്ചു.
മുത്തശ്ശിയുടെ കരലാളനയിൽ അവൾ വളർന്നു വലുതായി. ഇന്നവൾ സുന്ദരിയായ ഒരു യുവതിയാണ്. ആരും കണ്ടാൽ മോഹിക്കുന്ന ഒരു സൗന്ദര്യധാമം.
മുത്തശ്ശിയുടെ ഒട്ടിയ കവിളുകളും കുഴിഞ്ഞ കണ്ണുകളും ചുളിഞ്ഞ ശരീരവും ആ വീട്ടിലെ ദാരിദ്ര്യം വിളിച്ചോതുന്നതായിരുന്നു.
മുത്തശ്ശിയുടെ കയ്യിലെ പണമെല്ലാം തീർന്നപ്പോൾ ആർച്ച തേയില തോട്ടത്തിൽ പണിക്കു പോകാൻ തുടങ്ങി.
അച്ഛനും അമ്മയും ആരെന്നറിയാതെ പുകയുന്ന മനസ്സുമായി അവൾ ദിനങ്ങൾ കഴിച്ചു കൂട്ടി.
അവളുടെ ആശാകുസു മങ്ങൾ മൊട്ടിട്ടു വിടരും മുമ്പേ വാടിത്തളർന്ന് ഉണങ്ങി കൊഴിഞ്ഞ് കരിഞ്ഞു ചാമ്പലായി.
ഓരോന്ന് ചിന്തിച്ചുകൊണ്ട് തേയില തോട്ടത്തിൽ എത്തിയത് അവൾ അറിഞ്ഞില്ല.
രാവിലെ പക്ഷികളുടെ വിസ്മയിപ്പിക്കുന്ന ശബ്ദങ്ങളും വൈകുന്നേരത്തെ ഉജ്ജ്വലമായ സൂര്യാസ്തമയവും അവൾക്കേറെ ഇഷ്ടമാണ്.
തേയില തോട്ടത്തിൽ നിന്നും കിട്ടുന്ന വരുമാനമാണ് അവരുടെ ജീവിതമാർഗ്ഗം.
മുത്തശ്ശിക്ക് തീരെ വയ്യാതായിരിക്കുന്നു. അതുകൊണ്ട് അവൾ തന്നെയാണ് വീട്ടു കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത്.
ആർച്ചയെ കാണുന്തോറും ലക്ഷ്മിയമ്മയുടെ മനസ്സിൽ തീ ആളി കൊണ്ടിരുന്നു. അവൾ വളർന്നിരിക്കുന്നു. തന്റെ കണ്ണടഞ്ഞാൽ അവൾക്കാരുണ്ട്? .. ആ ചിന്ത അവരെ വല്ലാതെ തളർത്തി.
തേയില തോട്ടത്തിലെ പണി കഴിഞ്ഞുവന്ന ആർച്ച കുളി കഴിഞ്ഞ് നേരെ അടുക്കളയിൽ കയറി അടുപ്പ് കത്തിച്ചു.
നല്ലെണ്ണയിൽ മൊരിച്ച ദോശയുടെ മണം മൂക്കിലേയ്ക്ക് അടിച്ചു കയറിയപ്പോൾ മുത്തശ്ശി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു.
ആർച്ച കവിടി കിണ്ണം എടുത്ത് മുത്തശ്ശിക്ക് ദോശയും സാമ്പാറും വിളമ്പി കൊടുത്തു.
മുത്തശ്ശി കഴിക്കുന്നതും നോക്കി അവൾ കൗതുകത്തോടെ അവിടെ നിന്നു. അപ്പോൾ ആ കണ്ണുകളിൽ എന്തിനോ നീർമുത്തുകൾ ഒഴുകി കൊണ്ടിരുന്നു.
മുത്തശ്ശി അവളെ കഴിക്കാനായി വിളിച്ചു. മുത്തശ്ശിയോടൊപ്പം അവളും ഇരുന്ന് കഴിച്ചു.
രാത്രി കർക്കിടക മഴ തിരുമുറിയാതെ പെയ്തു കൊണ്ടിരുന്നു.
പായ മറച്ചുകെട്ടിയ ജനലിൽ കൂടി ഊത്താൽ വെള്ളം മുറിയിലേയ്ക്ക് അടിച്ചു കയറി.
ഇതൊന്നും അറിയാതെ മുത്തശ്ശി കട്ടിലിൽ കയറി കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു. പാവം അവൾ കുനിഞ്ഞു ആ കവിളിൽ ചുംബിച്ചു. ആർച്ചയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഉറക്കം കൺപോളകളെ വന്നു മാടി വിളിക്കുന്നു.. അകാരണമായൊരു ഭീതി അവളെ അലട്ടി കൊണ്ടിരിക്കുന്നു.
അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. വിവിധ ചിന്തകളാൽ അവളുടെ മനസ്സ് കലുഷമായി. എന്താണിന്നു ഇങ്ങനെ?
നേരം പുലർച്ചെ നാലുമണി കഴിഞ്ഞു. പുറത്ത് മഞ്ഞിനെ അനുനയിപ്പിച്ചു കടന്നു വരുന്ന കാറ്റ് അവൾക്ക് ഗാഡനിദ്രയെ പ്രദാനം ചെയ്തു.
മാസങ്ങൾ കഴിഞ്ഞു. മുത്തശ്ശി ഇന്നവൾക്ക് ഓർമ്മകൾ മാത്രമായി.
ആ ഓർമ്മകൾ അവളെ നടുക്കി. അവൾ ആ കുഴിമാടത്തിലേക്ക് നോക്കി നെടുവീർപ്പിട്ടു. ഒരു തുള്ളി കണ്ണുനീർ ആ നിലത്തു പതിച്ചു.
തിരിച്ചു കിട്ടാത്ത തന്റെ ജീവിതത്തിലെ കൊഴിഞ്ഞുപോയ വസന്തത്തെ ഓർത്ത് ആ ഹൃദയം തേങ്ങി.
ഇന്നാ മുഖത്ത് ചിരിയില്ല കളിയില്ല സന്തോഷമില്ല എല്ലാം നഷ്ടപ്പെട്ട ഒരു തൂവൽ പക്ഷി.
വീടിന്നുള്ളിലെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതം. ചിറകൊടിഞ്ഞ പക്ഷിയെ പോൽ.
ചിന്തയുടെ ഭാണ്ഡവും പേറി ഓലമേഞ്ഞ കുടിലിന്റെ ഉമ്മറത്ത് ചിന്താതീതമായിരിക്കുന്ന അവളുടെ മുന്നിലേക്ക് അവിചാരിതമായി ഒരാൾ കടന്നു വന്നു.
ആ കണ്ണുകളിൽ അത്ഭുതമൂറി. അവൾ വേദന നിറഞ്ഞൊരു ചിരി അയാൾക്ക് സമ്മാനിച്ചു.
നിരാലംമ്പയും നിസ്സഹായയുമായ ആ വേദന നിറഞ്ഞ ചിരി അയാളിൽ വേദനയും സഹതാപവും ഉണർത്തി.
പ്രകാശ് അതാണയാളുടെ പേർ. യാതൊരു ദുശീലങ്ങളുമില്ലാത്ത സൽസ്വഭാവിയായ ചെറുപ്പക്കാരൻ. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഭാഗ്യഹീനൻ.
ആ തേയില തോട്ടത്തിന്റെ ഏക അവകാശി.
മ്ലാനമായ മുഖവും വേദനയൂറുന്ന കണ്ണുകളുമായി അടിവെച്ചടിവെച്ചു വരുന്ന ആ സൗന്ദര്യ ധാമത്തെ പ്രകാശ് പലപ്പോഴും ശ്രദ്ധിച്ചിരുന്നു.
എന്തുകൊണ്ടോ അയാളുടെ മനസ്സിൽ അവളോടുള്ള അനുരാഗം പൊട്ടി മുളച്ചു. ആരുമറിയാതെ അയാൾ അത് മനസ്സിലിട്ടു താലോലിച്ചു.
നിരാലംബയായ അവളെ മറക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല. അയാൾ മറ്റെന്തിനേക്കാളും അവൾക്ക് വില കല്പിച്ചു.
ഏറെ നേരത്തെ മൗനത്തിനുശേഷം അയാൾ പുഞ്ചിരിയോടെ ആർച്ച യോട് പറഞ്ഞു.
ആർച്ചയോട് ചില കാര്യങ്ങൾ സംസാരിക്കാനാണ് ഞാൻ വന്നത്. വിരോധമില്ലെങ്കിൽ കേൾക്കാൻ താല്പര്യം കാണിക്കണം.
അയാൾ തന്റെ മനസ്സിലെ ആഗ്രഹങ്ങൾ അവളോട് തുറന്നു പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞ അവൾക്ക് വിശ്വസിക്കാനായില്ല. അയാളിൽ ഇങ്ങിനെയൊരു മോഹം ഒളിഞ്ഞു കിടക്കുന്നതായി അവൾക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല.
ഞാൻ എന്റെ ജീവിതത്തിലേക്ക് ആർച്ചയെ ക്ഷണിക്കുന്നു. വിരോധമില്ലെങ്കിൽ എന്നോട് സഹകരിക്കു.
അവൾ അത്ഭുതപ്പെട്ടു. എന്തൊരു വിനയം എന്തു മര്യാദ. ഇത്രയും പണക്കാരനായ ഒരാൾ പിച്ചക്കാരിക്ക് തുല്യമായ തന്നെ ജീവിതസഖിയാക്കാൻ ക്ഷണിച്ചിരിക്കുന്നു.
അവളുടെ മുഖത്തെ കാർമേഘങ്ങൾ നീങ്ങി.
ആ മുഖത്ത് പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നു.
പ്രകാശ് പറഞ്ഞു മടിക്കേണ്ട ആർച്ചെ. നിയില്ലാത്ത ലോകത്തെ പറ്റി എനിക്ക് ചിന്തിക്കാനെ കഴിയുന്നില്ല. അത്രയേറെ നിന്നെ ഞാൻ സ്നേഹിക്കുന്നു.
പിന്നീടവൾ ഒന്നും ചിന്തിച്ചില്ല. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മുത്തശ്ശിയുടെ കുഴിമാടത്തിലേക്ക് അവൾ നടന്നു. മുത്തശ്ശിയോട് അനുവാദവും വാങ്ങി അവൾ തിരിഞ്ഞു നടന്നു.
അവനോടൊപ്പം നടന്ന് അവന്റെ കാറിൽ കയറി. ആരുമല്ലാതി രുന്നിട്ടും തന്നെ പൊന്നുപോലെ വളർത്തിയ മുത്തശ്ശിയെ സ്മരിച്ചുകൊണ്ട് അവൾ അവനോട് ചെന്നിരുന്നു.
അങ്ങിനെ ആഹ്ലാദ തിമർപ്പോടെ ആ കാർ തേയില തോട്ടം ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു.
ശ്യാമള ഹരിദാസ്.


3 Comments
ശുഭമായി തീർന്ന കഥ, സന്തോഷം നൽകി.❤👍
Thank you so much
സഹകരണത്തിന് നന്ദി നമസ്ക്കാരം 🙏🙏