പുസ്തകങ്ങളുമായി വൈകാരികമായ ഒരു അടുപ്പം ചെറുപ്പം മുതലേ സൂക്ഷിച്ചിരുന്നു. ജീവിതയാത്രയിൽ ആവേശത്തോടെ, ആർത്തിയോടെ, വിസ്മയത്തോടെ വായിച്ചു തീർത്ത നിരവധി പുസ്തകങ്ങൾ. മനസ്സിൽ നിന്നും ഒഴിഞ്ഞു പോകാൻ കൂട്ടാക്കാത്ത അനവധി കഥാപാത്രങ്ങൾ.
റഷ്യൻ ബാല സാഹിത്യ കൃതികളിൽ തുടങ്ങി, ചന്തു മേനോന്റെ ‘ഇന്ദുലേഖ’ കടന്ന് ഇപ്പോൾ ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ യിൽ എത്തി നിൽക്കുന്നു. എം. ടി. യുടെ എല്ലാ കഥാപാത്രങ്ങളെയും ഹൃദയത്തിൽ എടുത്തു വെച്ചു. നോവൽ സങ്കല്പങ്ങളുടെ പരിപൂർണ്ണത അവകാശപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖത്തി’ൽ തച്ചനേക്കര ഗ്രാമത്തിലെ നാറാപിള്ളയും ജിതേന്ദ്രനും എന്നീ കഥാപാത്രങ്ങൾ, ‘ഖസാക്കിന്റെ ഇതിഹാസത്തി’ലെ രവിയും, ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയും വി. കെ. എൻ. സൃഷ്ടികളായ ‘സർചാത്തൻസും സർപയ്യൻസും’, പി. വത്സലയുടെ ‘നെല്ലും’, മലയാറ്റൂരിന്റെ ‘യക്ഷി’യും എൻ. മോഹനന്റെ ആത്മകഥാംശം നിറഞ്ഞ ‘ഒരിക്കൽ’ എന്ന പ്രണയാർദ്ര നോവലും, വി. എസ്. ഖണ്ഡേക്കറുടെ ‘യയാതി’യിലെ ദേവയാനിയും ശർമ്മിഷ്ഠ രാജകുമാരിയും ലളിതാംബിക അന്തർജ്ജനത്തിന്റെ ‘അഗ്നിസാക്ഷി’യിലെ ദേവീബഹനും – എല്ലാമെല്ലാം, പുസ്തകങ്ങളും കഥാപാത്രങ്ങളും എന്നും മനസ്സിന്റെ ചെപ്പിൽ സൂക്ഷിച്ചു. എങ്കിലും വായന കഴിഞ്ഞും, നോവായി, നീറ്റലായി, വിങ്ങലായി ഇപ്പോഴും പിന്തുടരുന്നത് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശിലകൾ’ തന്നെ. അംബ എന്ന ശക്തമായ കഥാപാത്രം! സങ്കല്പത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും അതിരുകൾ മായ്ച്ചുകൊണ്ട്, അതിശയിപ്പിക്കുന്ന ഒരു കഥാതന്തു!
സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നു ഭാഗങ്ങൾ ആയാണ് ‘സമുദ്രശില’യെ വിന്യസിച്ചിരിക്കുന്നത്. കാശിരാജാവിന്റെ മകളും സ്വാലന്റെ കാമുകിയുമായി മഹാഭാരതത്തിലെ അംബ, അഭയമറ്റവളെ പോലെ കുരുവംശത്തിന്റെ തുടർച്ച സൃഷ്‌ടിച്ച വേദവ്യാസനെ കാണുന്നയിടത്താണ് നോവലിന്റെ ആരംഭം. വേദനയോടെ അവൾ അദ്ദേഹത്തോട് ചോദിക്കുന്നു, “അങ്ങ് പറഞ്ഞുവല്ലോ- മഹാഭാരതത്തിൽ ഉള്ളത് എല്ലായിടവും ഉണ്ടാവും, എന്നാൽ മഹാഭാരതത്തിൽ ഇല്ലാത്തത് മറ്റെവിടെയും ഇല്ലായെന്ന്. എല്ലാം ഉണ്ട് എന്ന് അങ്ങ് അവകാശപ്പെടുന്ന ഇതിഹാസത്തിൽ ഒന്നില്ല- *’ഉപാധികളില്ലാത്ത സ്നേഹം’*!!! അംബികയ്ക്കും അംബാലികയ്ക്കും അന്ധനും പാണ്ടുള്ളവനും ഉണ്ടായല്ലോ. മനസ്സില്ലാമനസ്സോടെ ഞാൻ അങ്ങേയ്ക്കു കീഴടങ്ങിയാൽ എനിക്ക് ജനിക്കുന്ന കുട്ടി ആരാവും?” ശാന്തതയോടെ വ്യാസൻ പറയുന്നു, “സ്വേച്ഛതയോടെ അല്ലാതെ എന്നെ പ്രാപിച്ചാൽ, സ്വേച്ഛതയോടെ കൈകാലുകൾ ചലിപ്പിക്കാൻ കഴിയാത്ത മകനാണ് പിറക്കുക” എന്ന്.
ഈ അതിവിശിഷ്ട നോവലിലെ അംബയ്ക്കും പ്രണയത്തിന്റെ പേരിൽ വഴി പിരിഞ്ഞു പോയ ജീവിതമാണ് കാണാൻ കഴിയുന്നത്. അംബ എന്ന സ്ത്രീയെ, അംബ എന്ന അമ്മയെ, അംബ എന്ന മകളെ, അംബ എന്ന സർവ്വംസഹയെ അടുത്തറിയാൻ കഴിയുന്നു. ‘സെറിബ്രൽ പാഴ്‌സി വിത്ത് ഓട്ടിസ്റ്റിക്’ എന്ന രോഗത്തിന് അടിമയായ മകന്റെ അമ്മ, ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഭർത്താവുമൊന്നിച്ച് അമ്പതു മാസം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിച്ചവൾ, ഏക അത്താണി ആയിരുന്ന ശയ്യാവലംബയായ അമ്മയും മരണപ്പെട്ടപ്പോൾ തീർത്തും ഒറ്റപ്പെട്ടുപോയവൾ, ശക്തിയായ ഒരു സ്ത്രീജീവിതം.
അംബയുടെ മനസ്സിൽ കണ്ട സാന്ത്വനമാണ് സമുദ്രശില. ഒരു ഫാന്റസി പോലെ അഭയം കണ്ടെത്തുന്നു- വെള്ളിയാങ്കൽ എന്ന കടൽപ്പാറയിലേക്ക് കാമുകനും ഒത്തുള്ള യാത്ര. അത് സത്യമോ മിഥ്യയോ? നമ്മെ ആശങ്കപ്പെടുത്തുന്നു. സുഭാഷ് ചന്ദ്രന്റെ വാക്കുകളിൽ തന്നെ- “നിലാവ് ഉണ്ടു മതിച്ചു, ഉപാധികളില്ലാത്ത പ്രണയം ചങ്ങലയ്ക്കിട്ടു, മാലാഖയായി ഭൂമിയിലെ സർവ സ്ത്രീപുരുഷന്മാർക്കു വേണ്ടി അതിപ്പോൾ പൊട്ടിച്ചെറിയുന്നു. സ്വാതന്ത്ര്യത്തെ ഘോഷിക്കയാണെന്നു തിരിച്ചറിഞ്ഞു, പൂർണ ചന്ദ്രനെ സാക്ഷിയാക്കി അവൾ കേളിത്തുടങ്ങി”. അങ്ങനെ അവർ ഒന്നാകുന്നു. പ-ക്ഷേ, ഈ നിരുപാധിക സ്നേഹം തിരസ്കരിക്കപ്പെട്ടുപോയി. അംബ സ്നേഹം എല്ലാവരിലേക്കും ഒഴുക്കിക്കൊണ്ടിരുന്നു. സങ്കൽപം ആണെങ്കിലും സൗന്ദര്യ അനുഭൂതിയായി മാറുന്ന പ്രണയം. യാതനകളും ദുരിതങ്ങളും നിറഞ്ഞ ദുർവിധിയിൽ എഴുതപ്പെട്ട ഒരു ജീവിതം. ഒടുവിൽ പ്രാണനെ കാർന്നെടുക്കുന്ന ‘ഞണ്ടുരോഗവും’ പിടിപെടുന്നു.
ഉപാധികളില്ലാത്ത സ്നേഹം എന്നത് സ്വയം ഉപാധിയായി തീരുമെന്ന് മനസ്സിലാക്കിയ അംബ. തൊണ്ടയിൽ കല്ലുപോലെ കൊണ്ടുനടന്ന ഒരു ഗദ്ഗദം മാത്രമാണ് ജീവിതം എന്ന തിരിച്ചറിവോടെ പ്രാണന്റെ പ്രാണനായ മകനെയും ചേർത്തുപിടിച്ചു. അപരരുടെ ക്രൂര ഹസ്തങ്ങളിൽ ഏൽപ്പിക്കുന്നതിനു പകരം എന്നെന്നേയ്ക്കുമായി മകന്റെ ദുരിതം അവസാനിപ്പിച്ചു സ്വയം മൃത്യുവിലേക്കു നടന്നടുക്കുന്നു.
വ്യാസന്റെ പിറന്നാൾ ദിനം തന്നെ അംബയുടെ ചരമദിനമായി മാറുകയാണ്. അതും നോവലിലെ ഒരു മാജിക്!
ധർമ്മവും അധർമ്മവും കാടത്തവും കവിതയും എല്ലാം ഇഴുകിച്ചേർന്ന അസാധാരണമായ ഒരു നോവൽ. അംബ എഴുത്തുകാരന് തന്നെ കത്തെഴുതുന്നതായി കാണുന്നു – “നിന്റെ പുസ്തകത്തിന് നല്ലതു ഭവിക്കട്ടെ. സങ്കൽപം ഇവിടെ അവസാനിക്കട്ടെ. യഥാർത്ഥ മനുഷ്യർക്ക് പിറന്ന മക്കളും, യഥാർത്ഥ മക്കളെ സൃഷ്ടിക്കുന്ന അച്ഛനമ്മമാരും അത് മനസ്സിരുത്തി വായിക്കട്ടെ. സ്നേഹത്തോടെ, നിന്നിലൂടെ പിറക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത നിന്റെ അംബ.”
നൊമ്പരത്തിന്റെ ഭാരവുമായി വർഷങ്ങൾക്കു ശേഷവും അംബ നിഴലായി കൂടെയുണ്ട്. ഹൃദയത്തിലേക്ക് ചേർത്ത് വെയ്ക്കുന്നു അംബയെ. സുഭാഷ് ചന്ദ്രന്റെ കാവ്യാത്മകമായ ശൈലിയേയും…


8 Comments
നല്ല വായന❤️
നല്ല വായനയും അവലോകനവും……ആശംസകൾ💐❤️
മനസ്സിൽ വേരൂന്നുന്ന വിവരണം. സമുദ്രശില വായിച്ചിട്ടില്ല. പക്ഷേ അംബയെ കൂടുതൽ അറിയാനായി ഉടൻ വായിക്കും. 👍🏻
മാതൃഭൂമി ബുക്ക്സിൻ്റെ ഒരു കഥയുണ്ട് എന്ന ചർച്ച കേട്ടപ്പോൾത്തന്നെ മനസ്സിൽത്തട്ടിയ കഥയാണ്. വായിക്കാൻ പ്രേരിപ്പിക്കുന്ന വിവരണം
നല്ലെഴുത്ത്❤️👌🌹
എന്നെ ഒരു പാട് വേദനിപ്പിച്ച ഒരു കഥ💕💕
മാതൃഭൂമി ബുക്ക്സിൻ്റെ ഒരു കഥയുണ്ട് എന്ന ചർച്ച കേട്ടപ്പോൾത്തന്നെ മനസ്സിൽത്തട്ടിയ കഥയാണ്. വായിക്കാൻ പ്രേരിപ്പിക്കുന്ന വിവരണം
നല്ലെഴുത്ത്❤️👌🌹
സമുദ്രശില നല്ല ഒരു നോവൽ തന്നെ.ആദ്യംമുതൽ അവസാനം എത്തുന്നതിന് തൊട്ടുമുമ്പ് വരെ.
എന്നാൽ അവസാനരംഗങ്ങൾ വളരെ മോശമായിപ്പോയി. ഒരു കാര്യവുമില്ലാതെ അമ്മ മകനുമായി ബന്ധപ്പെടുക എന്നത് ചിന്തിക്കാൻ കൂടി പറ്റാത്ത കാര്യമാണ്. അത് പോലെ ആ കുട്ടിയെ കൊല്ലുന്നത്. സ്നേഹം അത്രയധികം ഉള്ളവർ അങ്ങനെയാണോ ചെയ്യുക? അത് മാത്രം മോശമായിപ്പോയി.
നല്ല വിവരണം.👌❤