ഇരുന്നിടത്ത് നിന്ന് ലേഖ പതിയെ എഴുന്നേറ്റു. അടുക്കളയിലെ പടിയിൽ തട്ടി കാൽ നൊന്തോ? ആവോ… കാൽ മുറിഞ്ഞു ചോര വരുന്നോ? മനസ്സിൽ അതിലും വല്യ നോവല്ലേ? അതിനാൽ ആവും കാലിന്റെ നോവ് അത്രയ്ക്ക് ഏശുന്നില്ല.
“കാറ്റേ നീ വീശരുതിപ്പോൾ…” ഫോണിന്റെ റിങ്ടോൺ കേട്ടാണ്.. സ്വബോധത്തിലോട്ട് വന്നത്.
ബിന്ദു ചേച്ചി ആണ്
“കൊച്ചേ നീ ഇന്ന് വരുന്നുണ്ടോ?”
“ഹ്മ്മ് വരാം ചേച്ചി..”
“1 മണിക്കൂറിനുള്ളിൽ വരാം ചേച്ചി. മക്കൾക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വയ്ക്കട്ടെ..”
“ശരി ഞാൻ പാലത്തിന്റെ അടുത്ത് ഉണ്ടാവും ”
“നീ ഇന്നും ഒരുങ്ങി കെട്ടി പോവാനാണോ ഉദ്ദേശം… നിന്റെ കുഞ്ഞിനെ തീറ്റിക്കാനൊന്നും എന്നെ നോക്കണ്ട ”
തിരിഞ്ഞു നോക്കി
അച്ഛൻ ആണ്..
ഭർത്താവിന്റെ വീട്ടിൽ സഹിക്കാൻ പറ്റാവുന്നതിൽ അപ്പുറം അനുഭവിച്ചാണ് സ്വന്തം വീട്ടിൽ എത്തിയത്. ഇതിപ്പോ ചിലപ്പോൾ സ്വന്തം വീട്ടുകാരുടെ മട്ടും ഭാവവും കണ്ടാൽ ഭർത്താവിന്റെ തല്ല് ആയിരുന്നു ഇതിലും ഭേദം എന്ന് തോന്നാറുണ്ട്. ഗോതമ്പു പൊടി പാത്രത്തിലേയ്ക്ക് ഉപ്പും തിളച്ച വെള്ളവും ചേർത്ത് ലേഖ കുഴക്കാൻ തുടങ്ങി.
തുറന്ന ജനലിലൂടെ തൊടിയിലേക്ക് അവളുടെ കണ്ണുകൾ സഞ്ചരിച്ചു. അനിയനൊപ്പം ആ തൊടിയിലൂടെ എത്ര നാൾ കളിച്ചു നടന്നതാണ്. അന്നൊക്കെ തൊടിയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ ആയിരുന്നു. ചാമ്പക്കയും ഇലുമ്പൻ പുളിയും പറിച്ചു വീട്ടിൽ നിന്നും മുളക് പൊടിയും ഉപ്പും ചേർത്തു ചാഞ്ഞു കിടന്നിരുന്ന കാപ്പി കമ്പുകളിൽ ഇരുന്ന് കൊതിയോടെ കഴിച്ചിരുന്നു.
കൈകൾ നീറുന്നുണ്ടോ അപ്പോഴാണ് കൈകളിലേക്ക് നോക്കുന്നത് കൈകൾ ചെറുതായി ചുവന്നിട്ടുണ്ട്. അത് പോലും അവളുടെ ബോധമനസിലേയ്ക്ക് എത്തുന്നില്ല. ചപ്പാത്തി കുഴച്ചു. കുഴച്ച ഗോതമ്പുണ്ടയിൽ അവൾ ആഞ്ഞ് ആഞ്ഞ് ഇടിച്ചു. തനിക്ക് കിട്ടിയ ഓരോ അടികൾക്കും പകരം അവൾ ആ ഗോതമ്പുണ്ടയോട് തീർത്തു കൊണ്ടിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും ഏതാനും കണ്ണുനീർ തുള്ളികൾ ഗോതമ്പുണ്ടയിലേക്ക് പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു.
“ഇതെന്തൊരു ഇടിയാണമ്മേ..”
അനു മോൾ ആണ്..
“എന്താ അമ്മയുടെ മുഖത്തൊരു വിഷമം..”
അവളുടെ മുഖം ഒന്ന് മാറിയാൽ മോൾക്ക് അറിയാം..
ഇന്നും അപ്പൂപ്പൻ വഴക്ക് പറഞ്ഞു അല്ലേ.. അമ്മ വിഷമിക്കാതെ.. കുഞ്ഞൂട്ടന്റെ കാര്യം ഞാൻ നോക്കിക്കോളാം… അമ്മ ഡ്രൈവിംഗ് പഠിക്കാൻ പോയിട്ട് വരൂ.
ലേഖ അവളെ കെട്ടി പിടിച്ചു. ഇങ്ങനെ മാതാപിതാക്കളുടെ ഓരോ ശ്വാസവും മനസിലാക്കുന്ന ഒരു പെൺകുഞ്ഞിനെ അല്ലേ തന്റെ ഭർത്താവ് വേണ്ട എന്ന് പറഞ്ഞ് ഇറക്കി വിട്ടത്.
“ആ അടുപ്പങ്ങ് കത്തിച്ചോളൂ.. ഗ്യാസ് വാങ്ങാൻ ഉള്ള പൈസ നീ കൊടുക്കുവോ? ഇല്ലല്ലോ? പറമ്പിൽ ഇഷ്ടം പോലെ വിറക് കിടപ്പുണ്ട്. അതൊക്കെ പെറുക്കി ആ അടുപ്പ് അങ്ങ് കത്തിച്ചോളൂ.”
അടുക്കളയുടെ വാതിൽക്കൽ അച്ഛന്റെ ഒച്ച കേട്ടു.
അനുമോൾ ലേഖയുടെ കൈകളിൽ ഞെക്കി. കണ്ണടച്ച് കാണിച്ചു.
ലേഖ തൊടിയിലേയ്ക്ക് ഇറങ്ങി. പഴുത്തു നിൽക്കുന്ന ചാമ്പക്ക തന്നെ നോക്കി ചിരിക്കുന്നോ? അതേ ഇപ്പോൾ മനുഷ്യരേക്കാൾ സസ്യങ്ങളും മൃഗങ്ങളും ഒക്കെയാണ് മനുഷ്യത്വം തന്നോട് കാണിക്കുന്നത് എന്ന് അവൾക്ക് തോന്നാറുണ്ട്. ഒരു ചാമ്പക്ക പൊട്ടിച്ചു കഴിച്ചു. ചാമ്പക്ക കൈക്കുന്നോ… അതോ തന്റെ മനസ്സിന്റെ കൈയ്പ്പ് ആണോ.. ചാമ്പക്കയിലേക്ക് വ്യാപിച്ചത്? ചാമ്പക്ക തൊടിയിലേയ്ക്ക് എറിഞ്ഞു.
കുറേ വിറകു കൊള്ളികൾ പെറുക്കി. വീടിന്റെ പുറകിൽ പഴയ പശുവിൻ തൊഴുത്തിൽ ഉത്തരം വരെ വിറക് വെട്ടി അടുക്കി വെച്ചിരിക്കുന്നു.
“ഇതെന്തിനാണോ ഇത്രയും വിറക് അച്ഛൻ അട്ടിയടുക്കിയിരിക്കുന്നത്? എന്നെ കത്തിക്കാൻ ആണോ? ”
ലേഖ പിറുപിറുത്തു.
അടുക്കളയിൽ കയറി ചെന്നപ്പോൾ ഉച്ചക്കുള്ള അരി എടുത്തു വച്ചിട്ടുണ്ട് അച്ഛൻ. അതേ ഇടാൻ പാടുള്ളൂ. അതിന് പൊടി പോലും കൂടുതൽ ഇടാൻ പാടില്ല അതാണ് കണക്ക്.. ഇതെന്താണ് പണ്ടത്തേ കാലത്ത് അമ്മായി അമ്മമാർ ഇങ്ങനെ കണക്ക് പറയും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
അമ്മ ഉണ്ടായിരുന്നെങ്കിൽ…… വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി.
അതേ അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അച്ഛൻ ഇത്ര കാടൻ സ്വഭാവം ആവില്ലായിരുന്നു..
അവൾ നെടുവീർപ്പെട്ടു.
പാചകം എല്ലാം കഴിഞ്ഞു കുട്ടികൾക്ക് ഭക്ഷണം എടുത്തു കൊടുത്ത്. ഡ്രസ്സ് മാറി ഡ്രൈവിംഗ് പഠിക്കാൻ ആയി പോവാൻ ഇറങ്ങി. തിണ്ണയിൽ പത്രം വായിച്ചുകൊണ്ട് ആങ്ങള ഇരിപ്പുണ്ട്.
“ചേച്ചി.. സന്തോഷ് ചേട്ടനെ ഒന്ന് കൂടെ വിളിക്കാൻ പാടില്ലായിരുന്നോ?”
“എത്ര നാൾ എന്ന് വച്ചാ ഇവിടെ ഇങ്ങനെ കഴിയുക ”
അവൻ നല്ല മാന്യമായ ഭാഷയിൽ വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറഞ്ഞിരിക്കുന്നു.
ലേഖ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. പാലത്തിന്റെ അരികിൽ എത്തിയപ്പോൾ ബിന്ദു ചേച്ചി കാറും ആയി കാത്തു നിൽപ്പുണ്ട്.
കാറിൽ കയറി.. ബിന്ദു ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്.. തന്റെ ചെവിയിലേയ്ക്ക് ഒന്നും കയറുന്നില്ലേ..
“എന്താ ലേഖേ ഞാൻ ഈ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ?”
ബിന്ദു ചേച്ചിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആണ് ലേഖ ബോധത്തിലേയ്ക്ക് ഉണർന്നത്.
“ചേച്ചി.. എനിക്ക് എന്റെ മക്കളെയും കൂട്ടി ഒരുമുഴം കയറിൽ തൂങ്ങേണ്ട.. ട്രെയിനിന്റെ മുൻപിൽ ചാടുകയും വേണ്ട.. എനിക്ക് ഈശ്വരൻ തന്ന നിധികൾ ആണ് എന്റെ കുഞ്ഞുങ്ങൾ.. എനിക്ക് അവരെ വളർത്തണം…. എനിക്ക് ജീവിക്കണം.. ചേച്ചി…”
ലേഖ പൊട്ടി കരയാൻ തുടങ്ങി.
ബിന്ദു ചേച്ചി റോഡ് സൈഡിൽ ആയി വണ്ടി ഒതുക്കി. കുറേ നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല. അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.
“മോളേ.. നിന്റെ വിഷമം എനിക്കറിയാം… ജീവിക്കാനായി എന്തെല്ലാം ജോലികൾ നോക്കിയിട്ടുള്ള ആളാണ് ഞാൻ എന്ന് നിനക്കറിയാമോ? ”
“അവസാനം പെൺകുട്ടികളെ ഡ്രൈവിംഗ് പഠിപ്പിക്കാനായി ആദ്യം ആയി ഞാൻ ബുള്ളറ്റ് ഓടിക്കാൻ പഠിച്ചു. പെൺകുട്ടികളെ ഡ്രൈവിംഗ് പഠിപ്പിച്ചു.. ഞാൻ എന്റെ മോനേ പഠിപ്പിച്ചു. അവൻ ഇപ്പോൾ എഞ്ചിനീയർ ആയി നല്ല കമ്പനിയിൽ ജോലി നേടി നല്ല നിലയിൽ ജീവിക്കുന്നു. ഞാൻ എന്നാലും എന്റെ തൊഴിൽ ഉപേക്ഷിക്കില്ല. കാരണം നമ്മുടെ വില, നമ്മുടെ കയ്യിലെ പണത്തിലൂടെ ആണ് സമൂഹം നിശ്ചയിക്കുന്നത്.”
നിനക്ക് എന്നോട് നിന്റെ വിഷമങ്ങൾ പറയാൻ തോന്നിയല്ലോ? അത് തന്നെ വല്യ കാര്യം ആണ്.”
“സ്വന്തം വിഷമങ്ങൾ ആരോടും പറയാൻ പറ്റാതെ.. എത്രയോ പെൺകുട്ടികൾ ജീവൻ ഒടുക്കുന്നു..”
“അവസാനം അവർ സഹി കെട്ട് ജീവൻ അവസാനിപ്പിച്ചു കഴിയുമ്പോൾ… അവൾ എന്തിന് അവസാനിപ്പിച്ചു? തനിച്ചു ജീവിക്കാൻ പാടില്ലായിരുന്നോ എന്നാവും നാട്ടുകാരുടെ അഭിപ്രായം ”
“ഇനി ഒരു പെണ്ണ് ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയാലോ.. അവൾ വീട്ടുകാരെയും ഭർത്താവിനെയും വകവെയ്ക്കാത്തവൾ എന്നാവും.. ”
“അതുകൊണ്ട് നീ ഒരു കാര്യം മനസ്സിലാക്കണം നാട്ടുകാർ എന്തു പറയുന്നു.. എന്ത് ചിന്തിക്കുന്നു.. എന്ന് ചിന്തിച്ചാവരുത് നീ ജീവിക്കാൻ…”
“നീ സമാധാനം ആയിരിക്ക്.. ഞാൻ നാളെ തന്നെ ഒരു വഴി ഉണ്ടാക്കാം!”
അവരുടെ കാർ മുമ്പോട്ട് നീങ്ങി.
ലേഖയുടെ മനസ്സിന്റെ ഭാരം എന്തെന്നില്ലാത്ത കുറഞ്ഞത് പോലെ തോന്നി. അതങ്ങെനെയാണല്ലോ… ആളിക്കത്തി മനസിനെയും പതിയെ ശരീരത്തെയും എരിച്ചു തീർക്കുന്ന അഗ്നി ആണ് മനസിലെ ദുഃഖം എന്ന വികാരം. ആളിക്കത്തി എരിഞ്ഞമരുന്ന മനസിലേയ്ക്ക് കരുണയുടെ.. സ്നേഹത്തിന്റെ…. ചേർത്തു പിടിക്കലിന്റെ… ഒരു വാക്കോ നോട്ടമോ തലോടലോ മതിയാവും. സംഹാര താണ്ടവം ആടുന്ന വേദനയുടെ അഗ്നിയെ കെടുത്തി പുതു ജീവിതത്തിന്റെ പ്രതീക്ഷയുടെ പുതു നാമ്പുകൾ പൊട്ടി മുളയ്ക്കാൻ.
അതേ… വേദനിക്കുന്ന, നിസ്സഹായരായി ജീവശവങ്ങൾ ആയി ജീവിക്കുന്ന, ജീവൻ അവസാനിപ്പിക്കാൻ ഒരുമ്പെടുന്ന മനുഷ്യർ തീർച്ചയായും സഹജീവികളുടെ സാന്ത്വനത്തിന് അർഹർ ആണ്. സ്വാർത്ഥതയും അഹങ്കാരവും വെടിഞ്ഞ് അവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടു വരേണ്ടത് മനുഷ്യത്വം ഉള്ള ഓരോ മനുഷ്യന്റെയും കർത്തവ്യം കൂടെ ആണ്.
പിറ്റേന്ന് ലേഖ ഡ്രൈവിംഗ് ക്ലാസ്സിൽ ചെന്നപ്പോളേക്കും അവളുടെ പഠിപ്പിനനുസരിച്ചുള്ള ഒരു ചെറിയ ജോലിയും ജീവിക്കാനായി ഒരു ഒറ്റ മുറി വീടും ബിന്ദു ഒരുക്കി കൊടുത്തു. അതേ.. ലേഖ അവിടെ ജീവിക്കട്ടെ.. സമാധാനത്തോടെ… സന്തോഷത്തോടെ… ജീവിതത്തെ പറ്റിയുള്ള.. മക്കളെ പറ്റിയുള്ള പ്രതീക്ഷയോടെ…
ഇങ്ങനെ ഉള്ള എത്രയോ ലേഖമാർ നമ്മുടെ സമൂഹത്തിലുണ്ട്. മനസ്സിന്റെ… വേദനയുടെ.. വിങ്ങലുകളുടെ.. തേങ്ങലുകളുടെ.. ഒറ്റപെടലുകളുടെ.. നിസ്സഹായതയുടെ ഒഴുക്കായി അവരുടെ കണ്ണുകളിൽ നിന്നും ഉതിരുന്ന കണ്ണുനീർ തുടക്കാൻ ഇനിയും ബിന്ദുമാർ ഉണ്ടാവട്ടെ…
✍️ ലക്ഷ്മി മനീഷ്


11 Comments
കഥയിലെ ബിന്ദു ചേച്ചിയെപ്പോലെ ജീവിക്കുന്ന ലേഖമാരെ സഹായിക്കാൻ സമൂഹത്തിലും ചേച്ചിമാർ ഉണ്ടാകട്ടെ …..നല്ല സന്ദേശമുള്ള കഥ❤️👍
🙏❤
നോവ് നിറഞ്ഞ നേർക്കാഴ്ചകൾ
കഥയിലെ ലേഖമാർ നമുക്കു ചുറ്റുമുണ്ട്. കാലികപ്രസക്തിയുള്ള കഥ. വളരെ touching ആയി എഴുതി. 👌👏
ഒരുപാട് ഉണ്ട്… പിടിച്ചു നിക്കാൻ ഒരുപാട് കഷ്ടപ്പെട്ട് ഒരു വഴിയും ഇല്ലാതെ വരുമ്പോൾ ആണ് പലരും ആത്മഹത്യയിലേയ്ക്ക് പോവുന്നത്.. ഒരു ആശ്വാസ വാക്ക് എങ്കിലും പറയാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. അവർ ആ വഴി തിരഞ്ഞെടുക്കില്ലായിരുന്നു എന്ന് തോന്നുന്നു ..
🙏❤
🙏🙏🙏❤
നല്ല കഥ 👍
❤🙏സ്നേഹം
സ്നേഹം ❤️
🙏❤