എം ആർ വിഷ്ണു പ്രസാദിന്റെ”മത്തിയാസ് ” : എന്റെ ചിന്തകളെ തിരുത്തിയ പുസ്തകം. സോഷ്യൽ മീഡിയയിൽ റിവ്യൂവായി ശരീരശാസ്ത്രത്തെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് എന്നു വായിച്ചതു കൊണ്ടു ഒന്നു രണ്ടു തവണ ലൈബ്രറിയിൽ കണ്ടിട്ടും എടുത്തില്ല. മറ്റൊന്നും കൊണ്ടല്ല എനിക്ക് ബയോളജിയിലെ സൂവോളജി അത്ര ഇഷ്ടമല്ല. സയൻസ് പഠിക്കാൻ നിർബന്ധം പിടിച്ച വീട്ടുകാരോട് സയൻസ് പഠിക്കാം പക്ഷെ ബയോളജി പഠിക്കില്ല പകരം കമ്പ്യൂട്ടർ സയൻസ് പഠിക്കാം എന്നു പറഞ്ഞു അതു പഠിച്ച ആളാണ് ഞാൻ. കാര്യം വേറൊന്നുമല്ല സ്കെയിൽ കൊണ്ടു അളവെടുത്തു വരച്ചാൽ പോലും ഒരു വര ശരിയാകാൻ കുറഞ്ഞത് രണ്ടു തവണ മാറ്റി വരയ്ക്കണം അങ്ങനെയുള്ള ഞാൻ ഹൃദയവും വൃക്കയും ഒക്കെ വരച്ചാൽ എങ്ങനെയിരിക്കും പത്തിൽ എന്റെ പേപ്പറിലെ വൃക്കയൊക്കെ കണ്ടു ടീച്ചർക്ക് അറ്റാക്ക് വരാത്തത് നല്ല കാലം. ഒപ്പം എനിക്ക് ജീവികളെ കീറിപഠിക്കാൻ ഇഷ്ടമില്ല തവള, പാറ്റ ഒക്കെ.
ശരീരത്തിന്റെ നിഗൂഢതയും മനസ്സിന്റെ സഞ്ചാരവും ഒക്കെ വായിക്കാൻ ഇഷ്ടമാണെങ്കിലും അധികം ഞാൻ അനാട്ടമി, സുവോളജി ഇങ്ങനെയുള്ള വിഷയങ്ങൾ ഉള്ള ബുക്കുകൾ വായിക്കാറില്ല. പക്ഷെ ഈ ബുക്ക് ഒടുവിൽ എനിക്ക് വായിക്കാൻ കിട്ടി. മാറ്റി വച്ച് മാറ്റി വച്ച് ഒടുവിൽ വിരസമായ ഒരു പകലിൽ ഒരു ഇഷ്ടവുമില്ലാതെ ഒരുപാടു മുൻവിധിയോടെ ഞാനാ പുസ്തകം വായിച്ചു തുടങ്ങി. കുറച്ചു പേജുകൾ അതെ അവസ്ഥയിൽ പോയി. പക്ഷെ മത്തിയാസ് എന്നെ ഞെട്ടിച്ചു, ഓരോ പേജും അറിയാതെ മറിഞ്ഞു പോയി.
ഇതിലെ പ്രധാന കഥാപാത്രത്തിന്റെ പേര് തന്നെയാണ് പുസ്തകത്തിനും. പ്രശസ്തനായ ക്ഷുരകനായ കീറ്റുവൈദ്യന്റെ (മുറിവ് തുന്നുന്നവൻ )മകനാണ് മത്തിയാസ്. പക്ഷെ അയാൾക്ക് അച്ഛന്റെ കഴിവിലോ വിദ്യയിലോ താല്പര്യമില്ല. ഭാര്യ ഉപേക്ഷിച്ചു പോയ അയാൾ തോട്ടത്തിൽ ജോലി ചെയുന്നു. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥ, രാജഭരണം, പട്ടാള ക്രൂരത, വിപ്ലവം അങ്ങനെ ഒന്നിലധികം വിഷയങ്ങൾ നന്നായി പറഞ്ഞു പോകുന്നു.
പഴയ കാലഘട്ടത്തിൽ നടക്കുന്ന കഥയായതിനാൽ അതിന്റെ രചനയിലും പഴമയുടെ തനിമയുണ്ട്. അപ്പന്റെ മരണത്തോടെ അനാഥനാകുന്ന മത്തിയാസ് കീറ്റുവിദ്യ പഠിക്കുന്നു, വിദഗ്ദനാകുന്നു. ശരീരത്തിന്റെ ഉള്ളറകളെ കുറിച്ചും ഓരോ അവയവത്തിന്റെ പ്രവർത്തനം, രോഗങ്ങൾ, കണ്ണിന്റെ തിമിരം അങ്ങനെ ശരീര ശാസ്ത്രത്തെയും പോസ്റ്റ്‌മാർട്ടത്തെയും ഒരുപാടു പറഞ്ഞു പോകുന്നു. അനാട്ടമി ഇഷ്ടമല്ലാത്ത എനിക്ക് ഒരു മടുപ്പും തോന്നിയില്ല. അയാളുടെ മൂന്നു സ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് പ്രമേയം. അതിനിടയിലെ യാതനകൾ, കൗശലങ്ങൾ, പ്രതികാരം, ശരീര ശാസ്ത്രത്തിലെ ശാരീരിക ബന്ധങ്ങളുടെ ഗതി വിശ്വാസ പ്രമാണങ്ങളും ഇങ്ങനെ നിരവധി തലങ്ങളിൽ കഥഗതി മുന്നോട്ടു പോകുന്നു.
ഒടുവിലെ പേജുകൾ വായിച്ചപ്പോൾ എന്തുകൊണ്ടോ ഒരു തിടുക്കം തോന്നി എഴുത്തിൽ. അതിനപ്പുറം വളരെ നല്ല നിലവാരമുള്ള പുസ്തകം.


2 Comments
👌👍🙏🙏
🙏🏼🩷