“തൃക്കാക്കര പൂ പോരാഞ്ഞോ,
തിരുനക്കര പൂ പോരാഞ്ഞോ,
തിരുമാന്ധാം കുന്നിലെത്തിയ തെക്കൻ കാറ്റേ….
നിന്റെ ഓമൽ പൂപാലിക
ഞാനൊന്നു കണ്ടോട്ടേ.. ഒന്നു കണ്ടോട്ടേ….?”
പൂക്കളുടെ സുഗന്ധം പേറി വരുന്ന, നമ്മെ തൊട്ടുതലോടിക്കൊണ്ട് കടന്ന് പോകുന്ന ഓണക്കാറ്റിനോട് പോലും നമ്മൾ ഇങ്ങനെ പാടി കുശലം ചോദിച്ച് പോകുന്ന ഓണക്കാലം. പ്രകൃതിയുടെ ഓണ ഒരുക്കം ദൃശ്യവിരുന്നേകുന്ന നിറപ്പകിട്ടാർന്ന പൂക്കളിൽ നിന്നും, ഓണം വരാറായി എന്നറിയിക്കാൻ എത്തിയ സന്ദേശവാഹകരെപ്പോലെ, ‘പറക്കുന്ന പൂക്കൾ’ എന്ന പോലെ തോന്നിക്കുന്ന വർണ്ണവൈവിധ്യമാർന്ന പൂമ്പാറ്റകളും ഓണത്തുമ്പികളും, പൊൻവെയിലിൽ തിളങ്ങുന്ന സുന്ദരിയായ പ്രകൃതിയിൽ നിന്നും നമുക്ക് അനുഭവവേദ്യമാകുന്ന പൊന്നോണക്കാലം.
കർക്കടമഴയും, പഞ്ഞക്കാലവും കഴിഞ്ഞ് ചിങ്ങത്തിൽ ഉദിച്ചുയരുന്ന കതിരോന്റെ സ്വർണ്ണവർണ്ണമാർന്ന രശ്മികൾ തെളിമയോടെ നമുക്ക് കാണിച്ചുതരുന്നത്, ഇളം കാറ്റിൽ ഇളകിയാടുന്ന, എവിടേയും പച്ചപ്പും, തളിരിലകളും, പൂക്കളും, പൂമൊട്ടുകളും നിറഞ്ഞ വൃക്ഷലതാദികളും, പച്ചപ്പാടങ്ങളും, സമൃദ്ധമായി വിളഞ്ഞ് കിടക്കുന്ന കൃഷിയിടങ്ങളും ആണ്. അവിടെ തുടങ്ങുകയായി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന് ഒരു ഓണച്ഛായ!
ഏതാനും ദിവസത്തിന്റെ വ്യത്യാസം മാത്രമേ കർക്കിടകവും, ചിങ്ങവും തമ്മിലുള്ളൂവെങ്കിലും അത് നമുക്ക് തരുന്ന അനുഭവങ്ങളിൽ വളരെ അന്തരമുണ്ട്. കർക്കിടകം ഇരുണ്ടതാണെങ്കിൽ, ചിങ്ങം വെളുത്തതാണ് കാഴ്ചയ്ക്കും, അനുഭവത്തിലും. കുറേ നാൾ ഇരുട്ടിൽ ഇരുന്നിട്ട് വെളിച്ചത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന തെളിച്ചം പോലെ, പഞ്ഞകർക്കിടകം കഴിഞ്ഞ് എങ്ങും എവിടേയും കളിയാടുന്ന സമൃദ്ധി – ഓണ സമൃദ്ധി.
അത്തം മുതൽ പത്തു ദിവസം നീളുന്ന ഓണത്തിന്റെ ആഘോഷ തിമർപ്പുകൾ. കുഞ്ഞുനാളിലെ ഓണഓർമ്മകൾക്കാണ് ഏറേ പകിട്ട്. അത്തതലേന്ന് മുതൽ കൂട്ടുകാരും ഒത്ത് നാട് നീളേ നടന്ന് വഴിയരുകിൽ പതുങ്ങി നിന്ന്, വീട്ടുടമസ്ഥരുടെ കണ്ണുവെട്ടിച്ച്, മതിലിനും,വേലിക്കും മുകളിലൂടെ തലനീട്ടിത്തരുന്ന, പൂക്കളിറുക്കാൻ പറയാതെ പറഞ്ഞ് അനുമതി തരുന്ന ചെമ്പരത്തിയും കോളാമ്പിപ്പൂവും ചെറ്റിയും മന്ദാരവും സ്വർണ്ണമല്ലിയും അരളിയും മാങ്ങനാറിപ്പൂക്കളും ശംഖുപുഷ്പങ്ങളും പിന്നെ കുറേ പേരറിയാപ്പൂക്കളും കട്ട് പൊട്ടിച്ച് നാക്കിലയിൽ വെള്ളം തളിച്ച് വയ്ക്കും വാടാതിരിക്കാൻ. പല നിറത്തിലുള്ള പുഷ്പങ്ങൾ ആ വാഴയില പച്ചയിൽ സമ്മേളിച്ചത് കാണാൻ തന്നെ എന്താ ഭംഗി! സമ്മിശ്ര സുഗന്ധവും! ആ കട്ടുപൊട്ടിക്കൽ തരുന്ന ഉന്മേഷം ഒന്ന് വേറെ തന്നെയാണ്.
“ചക്കാത്ത് ബീഡിക്ക് സ്വാദു കൂടും” എന്ന് പണ്ടുള്ളവർ പറഞ്ഞത് വെറുതെയല്ല…
സ്വന്തം മുറ്റത്തെയും തൊടിയിലേയും, തുമ്പയുടേയും മുക്കുറ്റിയുടേയും കാക്കപ്പൂവിന്റെയും നട്ടുപിടിപ്പിച്ച മറ്റെല്ലാ പൂക്കളുടെയും ഉടമസ്ഥാവകാശബോധം ഉള്ളത് കൊണ്ട് അത് ആവശ്യാനുസരണം മാത്രമേ നുള്ളിയെടുക്കൂ.
അത്തം നാളിൽ മഴ പെയ്താൽ അമ്മൂമ്മ പറയും,
“അത്തം കറുത്താൽ ഓണം വെളുക്കും. അത്തം വെളുത്താൽ ഓണം കറുക്കും.”
ഓണം വെളുക്കുകയെന്നാൽ തിരുവോണത്തിന് മഴയുണ്ടാവില്ലെന്നാണത്രെ. അപ്പോൾ ഞാൻ വിചാരിക്കും ഓണം വെളുക്കുന്നത് ഇഷ്ടമാണെങ്കിലും അത്തം കറുക്കേണ്ട…ആദ്യ ദിവസം തന്നെ അത്തപ്പൂക്കളം ഗംഭീരമാക്കേണ്ടത് ആലോചിക്കുമ്പോൾ മഴയോട് അല്പം നീരസം തോന്നും. പൂക്കളം ഇടേണ്ട മുറ്റം മുഴുവനും ചളിപിളിയാക്കി, ചന്നം പിന്നം പെയ്യുന്ന മഴയോട് ഉമ്മറത്തിണ്ണയിൽ ഇരുന്ന് കയർക്കും…
“കർക്കിടകത്തിൽ നീ തകർത്തു പെയ്തതല്ലേ, എന്താ നിനക്കിത്ര സാമർത്ഥ്യം? ശ്രാവണ മാസം പിറന്നു. ഇനിയൊന്ന് മാറി നിന്നൂടെ നിനക്ക് ഞങ്ങടെ പൂക്കളം നനയ്ക്കാതെ? വരുന്ന തുലാമാസരാത്രികൾ മുഴുവൻ നിനക്കുള്ളതല്ലേ?..”
മഴയോട് കയർക്കുന്ന എന്നോട് അതിലും ഉച്ചത്തിൽ പിന്നിൽ നിന്നും കയർക്കുന്ന, കണ്ണുരുട്ടുന്ന അമ്മ… പൂക്കളും, പൂക്കളവും, അത്തവും, ഓണവും ഒന്നിച്ച് തലയിൽ കയറി ഓണപ്പരീക്ഷ ഇനിയും മൂന്നോ, നാലോ എണ്ണം കൂടി ബാക്കിയുണ്ടെന്ന് പാടേ മറന്നു പോയ എന്നോട് അമ്മയുടെ താക്കീതും, ഭീഷണിയും..
“സുജേ…പോയി പഠിക്ക്. പരീക്ഷയും, മാർക്കും ഭംഗിയാക്കിയിട്ട് മതി പൂക്കളം ഭംഗിയാക്കാൻ. അല്ലെങ്കിൽ പൂക്കളവട്ടം പോലെയുള്ള വട്ടപൂജ്യം നിന്റെ ഉത്തരക്കടലാസ്സിലും കിടക്കും. അപ്പഴാണ് ട്ടാ ഇവിടെ ശരിക്കുള്ള ഓണത്തല്ല് നടക്കാൻ പോകുന്നത്.”
അല്ലെങ്കിലും അമ്മമാർ അദ്ധ്യാപികമാർ കൂടിയാണെങ്കിൽ അസ്സലാവും. മുണ്ടക്കൽ ശേഖരനിൽ കീരിക്കാടൻ ജോസ് പരകായപ്രവേശം നടത്തിയ പോലുള്ള സീൻ ആണ് വെള്ളിത്തിരയിൽ പിന്നെയങ്ങോട്ട്..
“ഹോ…ഈ അമ്മയെക്കൊണ്ട് തോറ്റു.”
രസച്ചരട് മുറിക്കാൻ കത്രികയും, അടിച്ചോടിക്കാൻ ചൂരലും പിടിച്ച് പിന്നാലെ നടക്കും. ഓണക്കാലത്താണ് ടീച്ചറമ്മയുടെ ആ വില്ലത്തരത്തിന്റെ തിരിച്ചറിവ് എനിക്ക് അധികവും അനുഭവപ്പെടാറുള്ളത്. പോരെങ്കിൽ അമ്മയ്ക്ക് അനുയായി ആയി എന്നെ പൂട്ടാൻ കട്ട പാരയും, മൂക്കു കയറും കൊണ്ട് നടക്കുന്ന ഒന്നാം റാങ്കുകാരി പഠിപ്പിസ്റ്റ് അനുജത്തിയും. ഈ ഓണപ്പരീക്ഷ കണ്ടുപിടിച്ചത് ആരാണാവോ? ഉഴപ്പുന്ന ചേച്ചിമാരുടെ അനിയത്തിമാർ ഒരിക്കലും ബുദ്ധി ജീവികൾ ആയിരിക്കരുത് എന്നതാണ് എന്റെ ഒരു ഇത്!
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം ദിവസങ്ങളിൽ ഒക്കെ പരീക്ഷയുണ്ടാകും. തൃക്കേട്ട മുതൽ അവധി തുടങ്ങും. അവധി തുടങ്ങുന്നതിന്റെ തലേന്ന് ആണ് സ്കൂളിലെ പൂക്കള മത്സരം. അന്ന് ആരൊക്കെ എന്തൊക്കെ പൂക്കൾ കൊണ്ടുവരും എന്നതിന് ഉറപ്പ് കൊടുക്കണം. ക്ലാസ്സിലെ ചിത്രം വരയ്ക്കുവാൻ കഴിവുള്ളവർ ചോക്ക് കൊണ്ട് പടം വരച്ചിടും. പിന്നെ സെറ്റു സെറ്റായി പൂക്കൾ ഇതളുകളാക്കലും അരിഞ്ഞു വയ്ക്കലും ഒക്കെയായി ആകെ തിരക്ക്. പിന്നെ പൂക്കളം ഇടലും, മത്സരവും, അതിന്റെ ഫലം അറിയാൻ കാത്തിരിക്കലുമൊക്കെ മധുരമുള്ള ഓർമ്മകൾ.
ഒരിക്കൽ ഞങ്ങളുടെ ക്ലാസ്സിന്റെ പൂക്കളം ഗംഭീരമായി, പക്ഷെ പ്രൈസ് കിട്ടിയില്ല. വാടാർമല്ലിപൂവിന്റെ അളവിൽ കുറവ് പരിഹരിക്കാനായി ഞങ്ങൾ ചെയ്ത കള്ളപ്പണിയാണ് മാർക്ക് കളഞ്ഞത്. കുറവുള്ള പൂവിന്റെ അടിയിൽ മണൽ നിരത്തി അതിന് മുകളിൽ പൂവിട്ടു. ആരോ ഒറ്റിക്കൊടുത്തു.
ജഡ്ജസ് പൂക്കളം മാന്തി നോക്കി..
ഞങ്ങൾ അന്ധാളിച്ച് പരസ്പരം നോക്കി…
അടിയിൽ മണ്ണ് കണ്ട് അവർ ഞങ്ങളെ പുച്ഛത്തിൽ ഒന്ന് നോക്കി..
പരസ്പരമുള്ള പാരവെപ്പും അന്ന് ഒരു മത്സര ഇനമായിരുന്നു.
“കാണം വിറ്റും ഓണമുണ്ണണം, മണ്ണിട്ടും പൂക്കളം ഭംഗിയാക്കണം” എന്നൊക്കെ പഴമൊഴിയിൽ ഭേദഗതി വരുത്തി പറഞ്ഞ് നോക്കിയിട്ടും ഫലമുണ്ടായില്ല. പൂക്കളത്തിലെ പൂക്കളുണ്ടായ ചെടികളുടെ കടയ്ക്കലെ മണ്ണ് ഇത്തിരി പൂക്കളത്തിലും കണ്ടു, അയ്നാണ്! അതിനാണ് മൈനസ് മാർക്ക് വീണത്. അതായിരുന്നു ഏറെ സങ്കടം!
വീട്ടുമുറ്റത്ത് ചതുരത്തിൽ പൂക്കളം ഇടേണ്ട മൂലം നാൾ മുതലാണ് ഓണത്തിന്റെ ശരിയ്ക്കുള്ള ആഘോഷങ്ങളുടെ തുടികൊട്ട് തുടങ്ങുന്നത്. മൂലം നാൾ പൂക്കളം ഇട്ട് കഴിഞ്ഞ് വീടിന്റെ പടിവരെ പൂവിതറും. വരവേല്പിനായി പൂ വിരിച്ചിട്ട പാത! അന്നുതൊട്ട് എന്ന് വേണമെങ്കിലും ഓണത്തപ്പൻ വരും എന്നാണ് വിശ്വാസം.
പഴുത്ത നേന്ത്രപ്പഴക്കുലകളും, ഉപ്പേരി വറുക്കുവാനുള്ള പച്ചക്കായക്കുലകളും തോളത്ത് കുറുകെ വച്ച മുളവടിയിൽ കാവ് കെട്ടി കൊണ്ടുവരും വീട്ടിലെ സഹായികൾ. ഉപ്പേരി വറവ് തുടങ്ങിയാൽ പിന്നെ ആഘോഷമായി. മേലടുക്കളയിൽ കായ വട്ടത്തിലും, നാലായും നുറുക്കി കൂട്ടും. ശർക്കരവരട്ടിക്കുള്ളത് വേറേ. ഒരുക്കങ്ങൾ ഒക്കെ തകൃതിയിൽ നടക്കുന്നുണ്ടാവും അടുക്കളയിലും. വീട്ടിൽ ആട്ടിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തു കോരി വലിയ പാത്രങ്ങളിൽ നിറച്ച് വയ്ക്കുന്ന കായ ഉപ്പേരികളുടെ മനം മയക്കുന്ന ഗന്ധം നമ്മളെ അടുക്കളയിലെത്തിക്കും. കൂടെ ഓണക്കാലങ്ങളിൽ അരങ്ങ് വാഴുന്ന വടുകപ്പുളിയെന്ന് ഞങ്ങൾ വിളിക്കുന്ന വലിയ നാരങ്ങ കൊണ്ടുള്ള അച്ചാറിന്റെയും, പിന്നെ പുളിഞ്ചിയുടേയുമൊക്കെ ഗന്ധം ഞങ്ങൾ കുട്ടികളെ കപ്പൽ മുതലാളിമാരാക്കും. കൊതി മൂത്ത് വായിൽ കപ്പലിന് നങ്കൂരമിടാൻ പാകത്തിൽ വെള്ളം നിറയും. ഓണം ഇങ്ങെത്തിയല്ലോ എന്ന തോന്നലിൽ മനസ്സ് കുതിക്കും. കായ വറുത്തത് വാരിയെടുക്കാൻ ഞങ്ങൾ കുട്ടികളുടെ കൈ നീളവേ വലിയമ്മയുടെ ശാസനയുടെ ഒരു തട്ട് കിട്ടും കൈയ്യിന്മേൽ. ഒരു തട്ടിൽ കുറേ വാരിയിട്ടു തന്നിട്ടു പറയും.
“കൊണ്ടു പോ.. .കൈയ്യിട്ടു വാരിയാൽ ഒക്കെ കേടാവും, കുറച്ച് നാൾ എടുത്തു വയ്ക്കാനുള്ളതാ. ഇനി ഇടക്കിടെ ഇങ്ങോട്ടോടി വരരുത് കുറുമ്പ് കാണിക്കാൻ. തിളക്കുന്ന എണ്ണയിലുള്ള പണിയാ ഇവിടെ…”
ഞങ്ങൾ കിട്ടിയതും കൊണ്ടോടും.. മുറ്റത്തെ പ്രിയൂർ മാവിന്റെ താഴത്തെ കൊമ്പിൽ അച്ഛൻ കെട്ടിത്തന്നിട്ടുള്ള ഊഞ്ഞാൽ ആടാൻ. അവിടെ ഊഞ്ഞാൽ ആട്ടവും പാട്ടും ഉപ്പേരി കൊറിക്കലും.
വിഷുവിന് ചക്കയും, ഓണത്തിന് കായയും ആണ് താരങ്ങൾ. ഓണത്തിന് സാധാരണ അനിഴം, തൃക്കേട്ട മുതൽ പ്രാതലിന് പഴം പുഴുങ്ങിയതും, പപ്പടവും ആണ്. നന്നായി മൂത്ത് പഴുത്ത പഴത്തിന്റെ മധുരവും പപ്പടത്തിന്റെ ഉപ്പുരസവും ചേരുമ്പോൾ ഒരു പ്രത്യേക രസമാണ്. ഉപ്പേരി വറവിന് ശേഷം അതിന്റെ കൂടെ കറുമുറെ കടിക്കാൻ കായ ഉപ്പേരിയും ഉണ്ടാവും. നേന്ത്രപ്പഴം പഴുത്ത് കറുപ്പ് വീഴും തോറും അതിൽ തേൻ ചേർത്ത പോലെ സ്വാദും മധുരവും ഏറി വരും.
ഓണക്കോടി എടുക്കലാണ് ഓണക്കാലത്തെ ഏറ്റവും സന്തോഷദായകമായ സംഭവം. പുത്തൻ ഉടുപ്പിന്റെ മണത്തിന് ഓണത്തിന്റെ ഓർമ്മകൾ ആണ് ഇന്നും. ഇഷ്ടപ്പെട്ട ഏത് ഉടുപ്പും ചോദിച്ചാൽ കിട്ടും അന്ന്. അച്ഛന്റെ കീശയുടെ കനം കുറവ് അറിയാത്ത പ്രായത്തിൽ കാണിക്കാറുള്ള പിടിവാശികളൊന്നും തിരിച്ചറിവായപ്പോൾ ഇല്ലാതായി എന്നതാണ് സത്യം. ആ തിരിച്ചറിവ് ഉണ്ടായപ്പോൾ ഓണക്കോടി തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം അവർക്ക് നൽകി. വാങ്ങാൻ കൂടെപ്പോവാതായി, അവർ വിളിച്ചാലും.. നിങ്ങൾ വാങ്ങിക്കൊണ്ട് വന്നാൽ മതി എന്ന് പറയും അവരോട്. കൺമുന്നിൽ കണ്ടാൽ അല്ലേ ഭ്രമം തോന്നൂ. ഓണക്കാലത്തെ എല്ലാ കാര്യങ്ങളും ഭംഗിയായി നടത്താനുള്ള തത്രപ്പാടിനിടയിൽ തുണിക്കടയിലെ ചിലവെങ്കിലും കുറച്ച് ചുരുങ്ങട്ടെ എന്ന വീണ്ടുവിചാരം ഓണക്കോടി വേണ്ടെന്ന് അവരോട് പറയുന്നതിലേക്ക് എത്തി നിന്നപ്പോഴും, എന്തെങ്കിലും ആവശ്യങ്ങൾ മടിച്ചു മടിച്ചു അവതരിപ്പിക്കും മുൻപേ “കൈയ്യിൽ കാശുണ്ടോ അച്ഛാ?” എന്ന അന്വേഷണത്തിൽ നിന്നും അവർക്ക് മനസ്സിലായി മക്കൾ വലുതായി, കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി എന്ന്.
ദിവസങ്ങൾ തിരുവോണ ദിനത്തോട് അടുക്കും തോറും മുറ്റത്തെ പൂക്കളത്തിന്റെ വ്യാസവും വലുതായി വരും. പണ്ട് ഞങ്ങളുടെ വീട്ടുമുറ്റത്തെ ചെടികളുടെ കൂട്ടത്തിൽ ഒരു ചെടി ഉണ്ടായിരുന്നു. ‘ചെയ്ഞ്ച് റോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ആ ചെടിയിൽ വലിയ പൂക്കളാണ് വിരിയുക. ഇന്ന് ഞങ്ങളുടെ നാട്ടിൽ എവിടേയും അത് കാണാനില്ല. വിരിയുമ്പോൾ വെള്ളയും, ഉച്ചതിരിയുമ്പോൾ നല്ല പിങ്ക് നിറവും ആകുന്ന പൂവ്. ആ ചെടി ഓണക്കാലത്ത് നിറയെ പൂക്കാറുണ്ടായിരുന്നു. അത് കൊണ്ടുള്ള പൂക്കളം രാവിലെയും വൈകീട്ടും നിറവ്യത്യാസങ്ങൾ നൽകിക്കൊണ്ടിരുന്നു. നല്ല ചേലായിരുന്നു കാണാൻ.
പണ്ട് ധാരാളമായി തൊടിയിൽ ഉണ്ടായിരുന്ന തുമ്പക്കുടവും മുക്കുറ്റിയും കാശിത്തുമ്പയും ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നു. അന്ന് മുറ്റത്ത് വിരിഞ്ഞു ചിരിതൂകി നിൽക്കുന്ന പൂക്കളറത്തുണ്ടാക്കുന്ന പൂക്കളം, ഇന്ന് ആ സ്ഥാനം അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കളുടെ കിറ്റുകൾ കയ്യേറിയിരിക്കുന്നു.
അന്നൊക്കെ മൂലം നാൾ തൊട്ട് വീടുകളിലേക്ക് കുമ്മാട്ടിക്കളിയും പുലിക്കളിയുമൊക്കെ വരും. വാമനനും, മഹാബലിയുമൊക്കെ പ്രച്ഛന്നവേഷമായി വരും. പുരാണ കഥകൾ പാടി മുറ്റത്ത് ആടിത്തിമർക്കുന്ന കുമ്മാട്ടികളെ വിസ്മയത്തോടെ തുറിച്ച് നോക്കിയിരിക്കവേ, കുമ്മാട്ടി അടുത്തേക്ക് ചാടി വീഴും പേടിപ്പിക്കാൻ. ഞങ്ങൾ കുട്ടികളുടെ കവിളിൽ തട്ടി മുന്നിൽ നിന്ന് ചാടി മറിയും. കുമ്മാട്ടിപ്പുല്ല് മുഖത്ത് കൊള്ളുമ്പോൾ ഒരു ചൊറിച്ചിലുണ്ട്. ഇവർ ഇതെങ്ങനെ ദേഹമാസകലം വെച്ചു കെട്ടി നടക്കുന്നു എന്ന് അപ്പോൾ ഞാൻ അത്ഭുതത്തോടെ ചിന്തിക്കും. ഓണത്തിന് നാലു കാശ് ഉണ്ടാക്കാൻ ഉള്ള അവരുടെ തത്രപ്പാട് നമ്മളുണ്ടോ അന്നറിഞ്ഞൂ?
പോകാൻ നേരം കുമ്മാട്ടി പാടും…
“കുമ്മാട്ടിക്കൊരു മുണ്ടുകൊടുത്താൽ വസ്ത്രത്തിന്ന് മുട്ടുവരില്ല…”
ചിലപ്പോൾ കാശ്, ചിലപ്പോൾ കോടി മുണ്ട് ഒക്കെയായിരിക്കും അവർക്ക് കൊടുക്കുക.
അക്കാലങ്ങളിൽ വീട്ടിലെ കൃഷിയിടങ്ങളിൽ സഹായിക്കുന്നവർക്ക് ഓണം കൊടുക്കണം. ഓണത്തിന് എന്തൊക്കെ ഉണ്ടാക്കിയോ, ഉണ്ടാക്കുന്നുണ്ടോ അതെല്ലാം, അവർ കൂടി സഹായിച്ച് കൃഷി ചെയ്തതെല്ലാം. അരി, നെല്ല്, പച്ചക്കറികൾ, പഴങ്ങൾ പിന്നെ മുണ്ട്, പലവ്യഞ്ജനങ്ങൾ എല്ലാം. അമ്മൂമ്മയാണ് അതൊക്കെ ഒരുക്കി വയ്ക്കുക. ഞങ്ങൾ പിള്ളേരെ സഹായത്തിന് വിളിക്കും അമ്മൂമ്മ. ഒരു ബെറ്റാലിയൻ കൊച്ചു മക്കൾ.
വലിയ ഉത്സാഹമാണ് ഞങ്ങൾക്ക് അമ്മൂമ്മയെ സഹായിക്കാൻ. ഉള്ളത് സഹജീവികൾക്ക് കൂടി പങ്കുവെക്കുക എന്ന മഹത്തായ പാഠമാണ് പുസ്തകവും, ബ്ലാക്ക് ബോർഡും, ചൂരലും, ക്ലാസ്സ് മുറിയും, ചോക്കും ഒന്നുമില്ലാതെ അമ്മൂമ്മ ഞങ്ങളെ പഠിപ്പിച്ചു തന്നിരുന്നത് എന്ന് ഇന്ന് മനസ്സിലാവുന്നു. ചിലസമയങ്ങളിൽ ഓണം വാങ്ങാൻ വരാത്തവരുടെ വീടുകളിൽ എത്തിച്ച് കൊടുക്കുവാനും പറയും. നിത്യേന ജീവിതത്തിൽ പാലിക്കേണ്ടവ, തിയറിയില്ലാത്ത പ്രാക്ടിക്കൽ ക്ലാസ്സുകൾ.
എന്തെങ്കിലും അധികപ്രസംഗം നമ്മളിൽ നിന്നുണ്ടായാൽ മുതിർന്നവർ പറയാറുള്ള പഞ്ച് ഡയലോഗ് ഇതാണ് നാട്ടിൻപുറങ്ങളിലൊക്കെ..
“അതേയ്… ഞാനേ നിന്നേക്കാൾ കൂടുതൽ ഓണം ഉണ്ടതാണ്…”
അതൊരു സീനിയോരിറ്റി മാനദണ്ഡമായും, മിടുക്കിന്റെ പര്യായമായി പോലും അഭിമാനത്തോടെ പറയാൻ ഓണം നമ്മുടെ മനസ്സിലും ചിന്തകളിലും ചോരയിലും ശ്വാസത്തിലും വരെ അലിഞ്ഞ് ചേർന്നിരിക്കുന്നു.
ഓണം, ആഘോഷം എന്നതിലുപരി ഒരു വികാരമാണ്..ഒത്തുചേരലാണ്..ചേരേണ്ട ചേരുവകൾ എല്ലാം ചേർന്നാൽ ഓണം പകിട്ടാർന്ന അനുഭൂതി നിറഞ്ഞ ഒരു ആഘോഷമായി. പത്ത് ദിവസത്തെ ആഘോഷമായത് കൊണ്ട് എത്ര തിരക്കിനിടയിലായാലും, ലോകത്തിന്റെ ഏത് കോണിലായാലും ഒരു ദിവസമെങ്കിൽ ഒരു ദിവസം നമ്മൾ മലയാളികൾ അത് ആഘോഷിച്ചിരിക്കും.
കുറച്ച് കാലം മുൻപ് ഓണക്കാലത്ത് നടന്നൊരു സംഭവമാണ്…
അക്കൊല്ലം വീട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട് ഓണത്തിന്. ഉത്രാട പാച്ചിലിന് വിരാമമിട്ട്, വൈകീട്ട് ഉമ്മറത്തെ ഇറയത്ത് അരിമാവിന്റെ കോലം വരച്ച് അതിൻമേൽ വലിയ നാക്കില കിഴക്കോട്ട് നാക്കാക്കി വച്ച്, മണ്ണ് കൊണ്ട് ഉണ്ടാക്കിയ തൃക്കാക്കരയപ്പനെ പലകമേൽ വാഴയിലയിട്ട് അതിൽ തുമ്പക്കുടം നിരത്തി വിരിച്ച്, ഇരിപ്പിടമുണ്ടാക്കി ഇരുത്തുന്ന തിരക്കിൽ ആണ് എല്ലാവരും. തൃക്കാക്കരയപ്പനെ അരിമാവ് കൊണ്ട് അണിയും. ചുവന്നകൃഷ്ണകീരീടപ്പൂവും,ചുവപ്പും മഞ്ഞയും സ്വർണ്ണമല്ലിപ്പൂവും ചേലിൽ ചേർത്ത് അലങ്കരിച്ച്, അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിച്ചുവയ്ക്കും. അപ്പവും പൂവടയും ഉണ്ടാക്കി നിവേദിച്ച്,കോടി നൂൽ ഉടുപ്പിച്ച് ആരതി ഉഴിഞ്ഞ് പൂജിച്ചിരുത്തുന്ന ഉത്രാട സന്ധ്യ. വീടിന് ഉമ്മറത്ത് ഉണ്ട് എല്ലാവരും. വീട്ടിലെ ആണുങ്ങളിൽ ആരെങ്കിലുമാണ് പൂജ ചെയ്യുക. ആ സമയത്തും വരും പ്രച്ഛന്ന വേഷം. മഹാബലിത്തമ്പുരാനും, വാമനനും.
രണ്ടാൾക്കുമുണ്ട് ഓരോ ഓലക്കുട.നല്ല തടിയും,കുടവയറുള്ള ആരെങ്കിലും ആയിരിക്കും മഹാബലി.വാമനനാവുന്നത് അഞ്ചിലോ,ആറിലോ പഠിക്കുന്ന പയ്യന്മാരും.
വാമനൻ വെള്ളമുണ്ട് തറ്റുടുത്ത്, പൂണുനൂലിട്ട്, തലയിൽ പപ്പടം നനച്ചൊട്ടിച്ച് മൊട്ടതലയാക്കി കൊട്ടും, പാട്ടുമായി വരുന്നത് കാണാൻ തന്നെ രസമാണ്. കൊട്ടും പാട്ടുമായി അവർ പടി കടന്നു വന്നു. പൂജാ സമയത്ത് തന്നെ അവർ വന്നതിൽ ഞങ്ങൾക്കും സന്തോഷം. എന്റെ മകനും, അനുജത്തിയുടെ മകനും അവരുടെ കൂടെ നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു. എല്ലാം കഴിഞ്ഞ് പൈസ കിട്ടിയപ്പോൾ അവർ പാട്ടും, കൂത്തുമായി അപ്പുറത്തെ വീട്ടിലേക്ക് നടന്ന് നീങ്ങി. ഒരു മണിക്കൂറിന് ശേഷം മറ്റൊരു സംഘം വന്നു, വാമനനും, മഹാബലിയുമുണ്ട്. ഞങ്ങൾ നോക്കുമ്പോൾ രണ്ടാമതൊരു വാമനൻ കൂടി അക്കൂട്ടത്തിൽ പതുങ്ങി നിൽക്കുന്നു. ഞാൻ അടക്കം എല്ലാവർക്കും ചിരി അടക്കാൻ പറ്റുന്നില്ല അവന്റെ ഒളിച്ചുകളി കണ്ടിട്ട്!
എന്റെ ടീച്ചറമ്മ മാത്രം വയലന്റ് മോഡിൽ. ഒറ്റ ചോദ്യം…
“ഇങ്ങോട്ട് നീങ്ങി നിൽക്കെടാ…നീ തെല്ല് മുൻപ് കാശ് വാങ്ങിപ്പോയ വാമനൻ അല്ലെ? ഏത് നാട്ടിലാടാ ഒരു മഹാബലിക്ക് രണ്ട് വാമനന്മാർ ചേർന്ന് പണി കൊടുത്തത്?”
കണി കാണിയ്ക്കാൻ ഞെളിഞ്ഞ് കുത്തി നിൽക്കുന്ന മീശമാധവനിലെ താടിയുള്ള കൃഷ്ണനെ സുകുമാരിയമ്മ കുടയുന്ന രംഗം കണ്ടപ്പോൾ ഞാനിത് ഓർത്ത് കുറെ ചിരിച്ചു.
ഒളിച്ചു നിൽക്കുന്ന ‘വാമനൻ രണ്ടാമനെ’ വെളിച്ചത്തിലേക്ക് ഞങ്ങൾ പിടിച്ചുവലിച്ച് കൊണ്ടുവന്നു. ഞങ്ങൾക്ക് മനസ്സിലാവുമെന്ന് തോന്നിയിട്ട് ഒളിച്ചുകളി നടത്തിയതാണ് പാവം. കാര്യം ചോദിച്ചപ്പോൾ അവന്റെ കുമ്പസാരം..
“ടീച്ചറേ…വഴക്ക് പറയല്ലേ പ്ലീസ്, എന്റെ കൂടെ ഉണ്ടായിരുന്ന മഹാബലി വെള്ളമടിച്ച് ആ ഇടവഴിയിലെ ചാലിൽ വീണു, ഫിറ്റായി എണീക്കാൻ പറ്റാതെ കിടപ്പുണ്ട്. മാവേലി മന്നൻ വാഴ വെട്ടിയിട്ട പോലെ ചാലിൽ വീണപ്പോൾ, കൂടെ ഉള്ളവരൊക്കെ അതുവരെ കിട്ടിയ കാശ് പങ്ക് വയ്ക്കുന്ന കാര്യം പറഞ്ഞ് അടിച്ചു പിരിഞ്ഞു. ഞാൻ ഒറ്റക്കായി. അപ്പോഴാ ഇവര് വരണത് കണ്ടത്. ഞാനെന്താ ഒറ്റക്ക് ചെയ്യ്യാ? അപ്പോ ഞാൻ ഇവരുടെ കൂടെ കൂടി…”
വാമനൻ വളരെ അസ്വസ്ഥനാണ്…
അനാഥനും അസ്വസ്ഥനും ആയ വാമനൻ ഒറ്റശ്വാസത്തിലാണ് ഇത്രയും പറഞ്ഞു തീർത്തത്, എന്നിട്ട് ദയനീയമായി ഞങ്ങളെ നോക്കി. ഞങ്ങൾ ചിരിയടക്കാൻ പാടുപെട്ടു. എല്ലാ കൊല്ലവും ഉത്രാട നാളിൽ ഇത് ഓർത്തും പറഞ്ഞും ഞങ്ങൾ കുറെ ചിരിക്കും.
ഉത്രാടപാച്ചിൽ ഒരു പരക്കംപാച്ചിൽ തന്നെയാണെങ്കിലും, പണിയെടുത്ത് നടു ഒടിയുമെങ്കിലും അതും ഒരു ഉത്സാഹമാണ്, ഉത്സവമാണ്. ഇതെല്ലാം ചേർന്നതാണല്ലോ ഓണം. അതിൽ വീട് വൃത്തിയാക്കൽ, പൂജയ്ക്കൊരുക്കൽ, അടയുണ്ടാക്കൽ, പിറ്റേന്ന് സദ്യക്കുള്ള പച്ചക്കറി കഷ്ണങ്ങൾ നുറുക്കി വക്കൽ,കാളൻ ഉണ്ടാക്കിവയ്ക്കൽ,പൂജക്കും,പിറ്റേന്ന് സദ്യക്കുമുള്ള ഇല മുറിച്ചു വയ്ക്കൽ അങ്ങനെപ്പോകുന്നു നടുവൊടിയുന്ന പണികളുടെ നീണ്ട നിര.
അടയുണ്ടാക്കുമ്പോൾ നിവേദിക്കാനുള്ള അടയിൽ മധുരവും ഉപ്പും ചേർക്കില്ല. പൂവട എന്നാണ് അതിന് പേര്. അരിമാവ്, നെയ്യും ചേർത്ത് കുഴച്ച് പഴം അരിഞ്ഞതും നാളികേരവും മാത്രം ചേർത്ത് ആവി കയറ്റി വേവിച്ചെടുക്കുന്നതാണ് പൂവട. നമുക്ക് കഴിക്കാൻ ഉണ്ടാക്കുന്നതിൽ ശർക്കര നാളികേരം വരട്ടിയത് ഒക്കെ ചേർത്ത് ആർഭാടമായി ആണ് ഉണ്ടാക്കുക. അപ്പോഴൊക്കെ ഞാൻ അമ്മയോട് ചോദിക്കും.
“ഇതെന്താ ഇങ്ങനെ മധുരവും,ഉപ്പും ചേർക്കാതെ. തടിയും, കുടവയറും ഉള്ള ഓണത്തപ്പനെന്താ ഷുഗർ കംപ്ലെയിൻറും ബി.പിയും ഉണ്ടോ രണ്ടും ചേർക്കാതെ ഇങ്ങനെ കൊടുക്കാൻ?” പണ്ടൊക്കെ അമ്മ ചിരിച്ച് അടിക്കാനോങ്ങും. അതെനിക്ക് ഇന്നും തോന്നുന്ന ഒരു സംശയം ആണ്. ഉത്തരം കിട്ടിയിട്ടില്ല ഇന്നുവരെ! പക്ഷേ ഇപ്പോൾ പറയുന്നത് ഓണത്തപ്പൻ കുടവയറൻ ഒന്നുമല്ല. സിക്സ് പാക്കുള്ള അരോഗദൃഢഗാത്രൻ ആണെന്ന്!
തിരുവോണ ദിവസം രാവിലെ അമ്പലത്തിൽ പോയി വന്നിട്ടാണ് ദിവസം തുടങ്ങുന്നത്.
കൗമാരക്കാലങ്ങളിൽ കസവുമുണ്ടും അതിന് ചേരുന്ന കടുംനിറത്തിൽ ഉള്ള ബ്ലൗസും ഒക്കെയിട്ട് നിറയെ മുല്ലപ്പൂ വച്ച് അണിഞ്ഞൊരുങ്ങിയാണ് അമ്പലത്തിലേക്ക് ഉള്ള പോക്ക്. ഭക്തിയെക്കാൾ അധികം ആ വേഷത്തിന്റെ കുലീനത നാലാളെ കാണിയ്ക്കുക എന്നത് കൂടിയാണ് ഉള്ളിലെ ആശയം, ആഗ്രഹം. പലരുടെയും കണ്ണുകളാൽ ഉള്ള പ്രശംസ കിട്ടിയാൽ ആ ദിനം സാർത്ഥകമായി. മനസ്സ് ആഗ്രഹിക്കുന്ന ചില കണ്ണുകൾക്കായി അവിടമാകെ പരതാത്തവർ ഉണ്ടോ?
“കണ്ണുകളാൽ അർച്ചന, മൗനങ്ങളാൽ കീർത്തനം, എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതിൽ…”
കവി പാടിയത് വെറുതെ ആണോ..? പൂത്തുലഞ്ഞ പ്രണയങ്ങൾക്ക് സൗരഭ്യമേറുന്ന സമയം. അങ്ങനെ നിറങ്ങളും മണങ്ങളും രുചികളും ഉള്ളിൽ സന്തോഷം നിറക്കുന്ന ഒരു ഓണക്കാലം..പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് ആബാലവൃദ്ധം ജനങ്ങളും ഓണം ആഘോഷിക്കുന്നു.
എങ്ങും സന്തോഷവും സമൃദ്ധിയും കളി ചിരികളും ആഘോഷങ്ങളും അലയടിക്കുന്നു. പ്രജകളുടെ ഈ സമൃദ്ധിയും സന്തോഷവും കാണാൻ കൊല്ലത്തിലൊരിക്കൽ കേരളക്കര സന്ദർശിക്കാനുള്ള സമ്മതമാണ് മഹാബലി വാമനനോട് വരമായി ചോദിച്ചത്.
ഐതിഹ്യങ്ങളെക്കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ ഓരോ ആഘോഷങ്ങളും. പ്രചാരത്തിലുള്ള ഓണ ഐതിഹ്യം കേരളം ഭരിച്ചിരുന്ന ദാനധർമ്മിഷ്ഠനും പ്രജാതല്പരനുമായ നല്ലൊരു ചക്രവർത്തിയായിരുന്ന മഹാബലിയെ വാമനൻ പാതാള ലോകത്തേക്ക് ചവിട്ടി താഴ്ത്തി എന്നാണ്. അസുരനായിരുന്ന ചക്രവർത്തി നല്ല ഭരണ പാടവം കൊണ്ട് ലോക കീർത്തി നേടി തങ്ങളേക്കാൾ ശ്രേഷ്ഠനായിത്തീരുമോ എന്ന ഭയം ദേവന്മാർക്കുള്ളിൽ ജനിക്കുകയും തത്ഫലമായി മൂന്നടി മണ്ണ് ചോദിച്ച് വാമനൻ അവതരിച്ചു വരികയും,ദാനധർമ്മിഷ്ഠനായ മഹാബലി അളക്കാൻ അനുമതി നൽകുകയും ചെയ്തു. വന്നത് മഹാവിഷ്ണു ആണെന്നറിഞ്ഞിരുന്നില്ലത്രെ മഹാബലി. അളക്കാറായപ്പോൾ ഒരു ചെറിയ ബ്രാഹ്മണക്കുട്ടിയെപ്പോലെ കാഴ്ചക്ക് തോന്നിച്ചിരുന്ന വാമനൻ മാനംമുട്ടെ വളരുകയും രണ്ടടി കൊണ്ട് ഭൂമിയും, സ്വർഗ്ഗവും അളക്കുകയും മൂന്നാമത്തെ അടി അളക്കാൻ സ്ഥലമില്ലാതായപ്പോൾ ധർമ്മിഷ്ഠനായ രാജാവ് സ്വന്തം ശിരസ്സ് കാണിച്ചു കൊടുക്കുകയും, രാജാവ് പാതാള ലോകത്തേക്ക് വാമനനാൽ ചവിട്ടി താഴ്ത്തപ്പെടുകയും ചെയ്തു എന്നാണ് കഥ.
എന്നാൽ, ശ്രേഷ്ഠമായ ഭാഗവതഗ്രന്ഥം പറയുന്നത് ഇതൊന്നുമല്ല. അസുരനായാലും, ദേവന്മാരുടെ ഗുണഗണങ്ങൾ ചക്രവർത്തി മഹാബലിക്കുണ്ടായിരുന്നുവെങ്കിലും, ഉള്ളിൽ അഹങ്കാരം വേണ്ടുവോളമുണ്ടായിരുന്നുവത്രെ. എത്ര വലിയവനായാലും അഹങ്കാരം വന്നാൽ തീർന്നില്ലേ? ഉള്ളിൽ മധുരവും പുറത്ത് കൂർത്ത മുള്ളുകളും ഉള്ള സ്വാദുള്ള ഒരു ഫലം പോലെ. ആ കൂർത്ത മുള്ളുകൾ പോയാൽ മാത്രമേ ആ ഫലം ഭക്ഷ്യയോഗ്യമാവൂ. അത് പോലെ മഹാബലിയുടെ മറ്റെല്ലാ ഗുണഗണങ്ങളെയും ഏറെക്കുറെ നിഷ്പ്രഭമാക്കാൻ അദ്ദേഹത്തിന്റെ അഹങ്കാരം കാരണമായി. തികഞ്ഞ ഒരു ശിവഭക്തനും കൂടിയായിരുന്നു മഹാബലി.
ഈശ്വരസാക്ഷാത്കാരത്തിന് അഹങ്കാരം ഒരു വിലങ്ങുതടിയാണ്. ആ അഹങ്കാരം ശമിപ്പിക്കുക വഴി ഈശ്വരസാക്ഷാത്ക്കാരം അദ്ദേഹത്തിന് നൽകുക എന്ന പരമപ്രധാനമായ ഒരു ലക്ഷ്യം കൂടി ഇതിലുണ്ട്. ഒരു ഭക്തന് അതിൽപ്പരം മറ്റൊന്നും ഈ ലോകത്ത് നിന്ന് നേടുവാനില്ല താനും. മൂന്നടി മണ്ണ് ചോദിച്ച് വന്ന വാമനന് രണ്ട് അടി അളന്നു കഴിഞ്ഞ് മൂന്നാമത്തെ അടി അളക്കാൻ ശിരസ്സ് കാണിച്ച് കൊടുക്കുന്നതോടെ അദ്ദേഹത്തിന് അഹങ്കാരനാശമുണ്ടാവുകയും, ഈശ്വരസാക്ഷാത്കാരം ലഭിക്കുകയും ചെയ്യുന്നു. ഭക്തനും മറ്റെല്ലാ ഗുണ ഗണങ്ങളും ഉള്ള മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്കല്ല ചവുട്ടി താഴ്ത്തിയത്. തലയിൽ ചവിട്ടുന്നുമില്ല. അളക്കുന്നതായി കാണിക്കുക മാത്രമാണ് ചെയ്യുന്നത്.ശിരസ്സ് കുനിച്ച് കാണിക്കുന്ന ഒരുവന് ആ സമയം എവിടെയാണ് അഹങ്കാരം. അഹങ്കാരം നീങ്ങിപ്പോയി വിനയത്തോടെ കുനിഞ്ഞിരിക്കുന്ന ശിരസ്സിൽ ഭഗവാന് ചവിട്ടേണ്ട കാര്യമെന്താണ്? മഹാബലിക്ക് മുന്നിൽ വാമന രൂപം വെടിഞ്ഞ്, വിഷ്ണു ഭഗവാൻ പ്രത്യക്ഷപ്പെടുകയും ഈ ഭൂമുഖത്ത് നിന്ന് മോക്ഷം നൽകി മഹാബലിയെ മഹാവിഷ്ണു കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോവുകയാണ് ചെയ്തത്. എന്നിട്ട് സുതലം എന്ന ലോകത്തിലെ ചക്രവർത്തിയായി വാഴിച്ച് സുതലത്തിന് സ്വയം മഹാവിഷ്ണു കാവലായി നിൽക്കുകയും ചെയ്തുവത്രെ. ഭഗവാൻ രക്ഷാധികാരിയായി പ്രവേശന കവാടത്തിൽ ഉണ്ടെങ്കിൽ മറ്റെന്ത് വേണം വേറെ? ആ ലോകം മറ്റേത് ലോകത്തേക്കാൾ ശ്രേഷ്ഠമായിരിക്കില്ലേ?
സ്വർഗ്ഗം ഏറ്റവും മുകളിൽ, പിന്നെ ഭൂമി, അതലം, വിതലം, സുതലം, തലാതലം, രസാതലം,പാതാളം എന്നിങ്ങനെ ക്രമത്തിൽ പറയുന്നുണ്ട് ഭാഗവതം എല്ലാ ലോകങ്ങളെപ്പറ്റിയും. പാതാളം ഏറ്റവും അവസാനത്തെ ലോകമാണ്. ‘മഹാബലിയുടെ ദർപ്പശമനം’ എന്ന് ഭാഗവതം എടുത്തു പറയുന്നുണ്ട്. എന്ന് വച്ചാൽ അഹങ്കാരം ശമിപ്പിച്ചു എന്നർത്ഥം. വർഷത്തിലൊരിക്കൽ പ്രജകളുടെ ക്ഷേമം അന്വേഷിച്ച് വരുന്ന മഹാബലി. അദ്ദേഹത്തിനപ്പോൾ ഇവിടെ കാണാൻ കഴിയുന്നത് സമൃദ്ധിയും, സന്തോഷവും ആണ്. കാർഷികോത്സവമായത് കൊണ്ട് തന്നെ എങ്ങും സമൃദ്ധി കളിയാടുന്ന ഉത്സവം.
മണ്ണിൽ പണിയെടുക്കുന്നവനാണ് കർഷകൻ. മണ്ണ് കനിഞ്ഞില്ലെങ്കിൽ അവന് ജീവിതമില്ല.അതുകൊണ്ട് മനുഷ്യന് മണ്ണുമായിട്ടുള്ളത് ഇഴുകിച്ചേർന്ന ബന്ധമാണ്. ഒടുവിൽ അഴുകിച്ചേരുന്നതും മണ്ണിലേക്ക് തന്നെ.അതെല്ലാം കണക്കിലെടുത്ത് പൂജയ്ക്ക് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത് മണ്ണ് കൊണ്ടാണ്. മണ്ണ് കൊണ്ട് ഉണ്ടാക്കുന്ന നാല വശങ്ങൾ ഉള്ള, മുകൾഭാഗം കൂർത്ത് വന്ന് അറ്റം ചെറുതായി പരന്ന പല വലുപ്പത്തിലുള്ള മണ്ണുതേവർമാരെ ഉണ്ടാക്കി എല്ലാ ഈശ്വരന്മാരേയും സങ്കല്പിച്ച് അലങ്കരിച്ചാണ് പൂജ ചെയ്യുന്നത്.പലകയിൽ അഞ്ചും, കിണറ്റിൻകരയിൽ ഒന്നും, പടിപ്പുരയിൽ അഥവാ ഗേറ്റിൽ ഒന്നും നാക്കിലയിൽ കൊണ്ടുവയ്ക്കുന്നു ഉത്രാടപൂജയ്ക്ക് ശേഷം. പണ്ടൊക്കെ അടുക്കള കിണർ ആയിരുന്നത് കൊണ്ട് ഈ ആചാരത്തിന് വളരെ പ്രധാന്യം ഉണ്ടായിരുന്നു. അഞ്ചാം ഓണം കഴിഞ്ഞേ ഈ പൂജയ്ക്ക് വച്ചത് എടുത്തു മാറ്റൂ. അത് വരെ എന്നും രണ്ട് നേരവും വിളക്ക് കത്തിക്കും.
തിരുവോണനാൾ സദ്യ ഒരുക്കി മൃഷ്ടാന്നഭോജനം ചെയ്യാനുള്ള ദിവസമാണ്. എന്റെ വീട്ടിൽ അന്നും, ഇന്നും ഒരേ ചിട്ടയിൽ തന്നെയാണ് കാര്യങ്ങൾ ചെയ്തു പോരുന്നത്. സാമ്പാർ, അവിയൽ, കാളൻ, ഓലൻ, തോരൻ, പപ്പടം, പുളിഞ്ചി, നാരങ്ങാക്കറി, പഴം നുറുക്ക്, കായ വറുത്തത്, ശർക്കരവരട്ടി, ഇഞ്ചിതൈര് ഒക്കെ ഇലയിൽ വിളമ്പും അമ്മ. ഓണക്കോടിയുടുത്ത് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് തന്നെ വേണം കഴിക്കാൻ. മുന്നിൽ വിളക്ക് കത്തിച്ച് വച്ച് നാക്കിലയിൽ ഭഗവാനും സമർപ്പിക്കും ആദ്യം, എന്നിട്ടേ മറ്റ് ഇലകളിൽ വിളമ്പാവൂ എന്ന് പറഞ്ഞ് തരാറുണ്ട് മുതിർന്നവർ. ഇഞ്ചിതൈര് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
‘ആയിരം കറിക്ക് ഒക്കും ഇഞ്ചിതൈര് ‘
എന്നാണ് പ്രമാണം. അത് കൊണ്ട് ഉത്സവാഘോഷ സദ്യകളിലെയും, പിറന്നാൾ സദ്യകളിലേയും സ്ഥിര സാന്നിദ്ധ്യമാണ് ഇഞ്ചിതൈര്. നല്ല കട്ട തൈര് ഉടച്ചെടുത്ത് ഇഞ്ചിയും, പച്ചമുളകും ചതച്ചിട്ട്, ഉപ്പും ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഇഞ്ചിതൈര്. പിന്നെ പായസങ്ങൾ പാലട പ്രഥമൻ, ഗോതമ്പ് പായസം, പാൽപ്പായസം…അതിൽ ഏതെങ്കിലുമൊക്കെ ഉണ്ടാവും മധുരം. തലമുറകളായി കൈമാറി വന്ന ചിട്ടകളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും.
പണ്ടൊക്കെ, എന്റെ കുട്ടിക്കാലത്ത് വിഭവസമൃദ്ധമായ സദ്യക്ക് ശേഷം കൈകൊട്ടിക്കളി, വടംവലി എന്നിവ ഉണ്ടാവും ഏതെങ്കിലും വീടുകളിൽ. പുതിയതായി കല്യാണം നടന്ന വീടുകളിൽ ആയിരിക്കും മിക്കവാറും തിരുവാതിരക്കളി ഉണ്ടാവുക. ചോദിച്ചറിഞ്ഞ് എല്ലാവരും അങ്ങോട്ട് ചെല്ലും. ക്ഷണിക്കുകയൊന്നും വേണ്ട. ഇത് കൊണ്ടൊക്കെ പണ്ടത്തെ ഓണമായിരുന്നു രസം. പുത്തനുടുപ്പിന്റെ മണം,വിഭവങ്ങളുടെ ഗന്ധം,പൂക്കളുടെ സുഗന്ധം, സ്വന്തബന്ധങ്ങളുടെ ഒത്തൊരുമയുടെ സ്നേഹവാത്സല്യങ്ങളുടെ സമൃദ്ധിയുടെ ഓണക്കാലം…ബന്ധുക്കളുടെ വീട്ടിൽ പോകലും, അവർ ഇങ്ങോട്ട് വരലും ഒക്കെയായി തകൃതി.
തുമ്പിതുള്ളൽ, ഓണത്തല്ല്, നാടൻ പന്തുകളി അങ്ങനെയുള്ള നാടൻ ഓണാഘോഷങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എത്ര പറഞ്ഞാലും, കേട്ടാലും തീരാത്ത ഓണവിശേഷങ്ങൾ.
തിരുവോണനാളിൽ ഉച്ചതിരിഞ്ഞ് പുണ്യപുരാണ കഥാപാത്രങ്ങളുടെ വേഷം കെട്ടി നിരത്തിലൂടെ നടന്നു നീങ്ങുന്ന ആഘോഷം. പ്രച്ഛന്നവേഷധാരികൾ. വാദ്യഘോഷത്താൽ ശബ്ദമുഖരിതമായ അന്ത:രീക്ഷം. തൃശ്ശൂരിന്റെ ചില ഭാഗങ്ങളിൽ നടക്കാറുള്ള വള്ളംകളി, കണ്ടശ്ശാംകടവ് ഭാഗത്തെ പ്രധാനമാണ്. എന്റെ ഭർത്തൃഗൃഹം അവിടെയാണ്. അങ്ങനെയൊരു ബന്ധമുണ്ടെനിയ്ക്ക് വള്ളംകളിയുമായി. ആറന്മുള വള്ളംകളി,കുമരകം വള്ളംകളി ഒക്കെ കേട്ടിട്ടേയുള്ളൂ.കാണാൻ ഭാഗ്യമുണ്ടായിട്ടില്ല. ചോദിച്ച വിഭവങ്ങൾ മത്സരിച്ച് വിളമ്പുന്ന വള്ളസദ്യ എല്ലാം പ്രധാനം.
അത്തച്ചമയം ആണ് കൊച്ചി അടക്കമുള്ള ചില ഭാഗങ്ങളിൽ കേമം.
കേരള തനിമ എന്ന വിശേഷണങ്ങൾ അർഹിക്കുന്നവ. നാലാം ഓണനാൾ തൃശ്ശൂർ പുലിക്കളിയാണ് തൃശ്ശൂർക്കാരി എന്ന നിലയിൽ എനിക്ക് പ്രിയം. പെൺകുട്ടികൾ എന്ന പട്ടം തന്ന് വീട്ടിലിരുത്തും കൗമാര പ്രായമായപ്പോൾ.
ബാല്യത്തിൽ അച്ഛന്റെ കൈപിടിച്ച് തൃശൂർ റൗണ്ടിൽ പോയി നിൽക്കും. പല വർണ്ണവരകൾ ശരീരത്തിൽ വരച്ച് ഒരു പ്രത്യേക താളത്തിൽ തുള്ളിക്കളിക്കുന്ന വരയൻ പുലികൾ, പുള്ളിപുലികൾ,കരിമ്പുലികൾ ഒക്കെ അന്നത്തെ വിസ്മയക്കാഴ്ചകളായിരുന്നു. ഇന്ന് പുലിക്കളി വളരെ വിപുലീകരിക്കപ്പെട്ടിരിക്കുന്നു. ജീവനുണ്ടെന്ന് തോന്നിക്കുന്ന ടാബ്ളോകളും അന്ന് തൃശ്ശൂർ റൗണ്ടിന്റെ അരങ്ങ് വാഴും. ഇന്ന് പെൺപുലികളും സജീവ സാന്നിധ്യമായി തങ്ങളുടെ പാടവം തെളിയിക്കുന്നു.
വിരസത എന്തെന്ന് അറിയാത്ത താളനിബദ്ധമായ ഓണക്കാലം. അന്നത്തെ ആഘോഷം കൂടി കഴിഞ്ഞാൽ പിന്നെ സങ്കടമാവും. ഓണം കഴിഞ്ഞല്ലോ, ഇനി അടുത്ത കൊല്ലം വരെ കാത്തിരിക്കണ്ടേ എന്ന ചിന്തയിൽ മുഖം മ്ലാനമാകും. സ്കൂളും തുറക്കും.
പ്രവാസ ജീവിതത്തിലെ ഓണ ഓർമ്മകൾ വെറും ഓണസദ്യയിൽ ഒതുങ്ങുന്നു. അവിടെയിരിന്നും മനസ്സിനെ കടിഞ്ഞാണിടാതെ ഓണഓർമ്മകളുടെ വിരുന്നുണ്ണാൻ വിടാറുണ്ടായിരുന്നു.
ഇന്ന് ഇത് എഴുതുമ്പോൾ ഓണത്തിന്റെ മധുര ഓർമ്മകളും, അനുഭവങ്ങളും അയവറുത്തപ്പോൾ ഓർമ്മകൾ ഒരുപാട് പുറകോട്ട് സഞ്ചരിച്ചു. പുത്തൻ കുഞ്ഞുടുപ്പിട്ട് ആഘോഷിച്ച ഓണം മുതൽ ഇതുവരെ ഉള്ള എല്ലാ ഓണഓർമകളും മനസ്സിലേക്ക് ഓടിയെത്തി.
ഓർമ്മകളുടെ കല്പടവുകൾ ഒന്നൊന്നായി ഓടിക്കയറിയപ്പോൾ ഓർമ്മകൾ ഗൃഹാതുരത്വത്തിന്റെ ഉത്തുംഗശൃംഖത്തിൽ എന്നെ കൊണ്ടെത്തിച്ചു നിർത്തി. ഓർമ്മകളിൽ പുത്തൻ കുഞ്ഞുടുപ്പിട്ട ഞാൻ, കുഞ്ഞു പാവാടക്കാരിയായി, പിന്നെ മുഴുനീള പാവാടക്കാരിയായി,പിന്നെ ധാവണിയായി, സെറ്റുമുണ്ടായി, സാരിയായി. ഞാൻ വലുതായപ്പോൾ ഓണാഘോഷം ചെറുതായി.
ഓർമ്മകൾ വിശദമായ പ്രദക്ഷിണവും കഴിഞ്ഞ് ഇന്നിന്റെ യഥാർത്ഥ്യത്തിൽ എത്തി നിന്നപ്പോൾ കുഞ്ഞ് നാളിലെ ഓണത്തിനാണ് പകിട്ട് ഏറെ. ഉള്ളിൽ എന്തെന്നില്ലാത്ത നഷ്ടബോധത്തിന്റെ നൊമ്പരം. ഓർമ്മകളിലൂടെ അല്ലാതെ ആ സുവർണ്ണകാലത്തിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്നറിയുന്ന നിമിഷം മനസ്സിനൊരു കനം…കുഞ്ഞുടുപ്പിട്ട്, കുഞ്ഞു പാവാടയിട്ട് ഓണത്തുമ്പികൾക്കൊപ്പം പാറി പറന്നു നടന്ന ഓണക്കാലത്തോളം വരുമോ ഇനിയുള്ളതെല്ലാം?
വേണ്ടായിരുന്നു…
വലുതാകേണ്ടായിരുന്നു…
ഇനി ആഗ്രഹിക്കാനുള്ളത്,
ഏവരുടെയും ജീവിതത്തിൽ അവരുടെ ഗതകാല സുന്ദരസ്മരണകൾ സ്വർണ്ണചാമരം വീശിക്കൊണ്ടിരിക്കട്ടെ…
പൂത്തുമ്പികളും പൂമ്പാറ്റകളും മനസ്സിൽ, ചിന്തകളിൽ നിറങ്ങളും പൂന്തേനും ചൊരിയട്ടെ..
ശ്രാവണമാസത്തിലെ ഉത്രാട പൂനിലാവ് പോലെ ചിത്തം എന്നും തെളിഞ്ഞ് നിൽക്കട്ടെ..
പൂക്കളുടെ നിറ സൗരഭ്യങ്ങൾ മനസ്സിൽ ശുഭചിന്തകളും ശാന്തിയും നിറയ്ക്കട്ടെ..
ഞാനിത് എഴുതിക്കൊണ്ടിരിക്കുമ്പോൾ കർക്കിടകം മാനത്ത് ബാക്കി വച്ച് പോയ മേഘക്കൂട്ടങ്ങൾ “തഥാസ്തു” എന്ന് അനുഗ്രഹിക്കും പോലെ ചിങ്ങവെയിലിനിടയിലൂടെ സ്വർണ്ണനൂലുകൾ പാകി പെയ്തിറങ്ങി…
ശ്രാവണമാസത്തിലെ വെയിലും മഴയും ചേരുമ്പോൾ ഉള്ളൊരു വശ്യഭംഗി ! കരയുന്ന സുന്ദരിയെ പ്രിയനൊരാൾ ഇക്കിളി കൂട്ടി ചിരിപ്പിക്കുമ്പോൾ തുടുക്കുന്ന അവളുടെ വദനം പോലെ തിളങ്ങുന്ന പ്രകൃതി..
അടുത്ത ഓണക്കാലത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്ന നമ്മുടെ നാളേകൾ ആധിവ്യാധികളും അശാന്തിയും അലോസരങ്ങളും ആപത്തുകളും സ്പർധകളും കാലുഷ്യങ്ങളും ഇല്ലാതെ ഇതുപോലെ സുന്ദരമാകാൻ പോകുന്നു എന്ന് പ്രകൃതി എന്നോട് പറയും പോലെ……
“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ…..”
ആ നല്ല പഴയ കാലത്തെ കൊതിയോടെ ഓർമ്മിപ്പിക്കുന്ന പാട്ടിന്റെ വരികൾ പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ കൈക്കൊട്ടി പാടിക്കൊണ്ട് എന്റെ വീടിന്റെ പടിപ്പുരക്ക് മുന്നിലെ വഴിയിലൂടെ കടന്ന് പോയതും നോക്കി ഇമകൾ ചിമ്മാതെ ഞാൻ നിന്നു…
ചാറ്റൽ മഴയുടെ കുളിരിനൊപ്പം പ്രതീക്ഷയുടെ ഒരു ഇളം തണുപ്പ് എന്നിൽ വന്ന് നിറഞ്ഞു…
# ഓർമ്മയിലെ ഓണക്കാലം
(>സുജാതനായർ<)


7 Comments
👌👍💯❤️🙏
ഓണത്തിൻ്റെ ഓർമ്മകൾ ഹൃദ്യമായി പകർത്തി👍❤️
സൂപ്പർ 👌👌👌👌
എനിക്കും ഓർമ്മയുണ്ട് ഈ changing rose 😍
മനോഹരമായ ഓർമ്മകൾ. എഴുത്തും അതുപോലെ സുന്ദരം 👌
👍👍🙏🙏
👍🏻😍
പൊന്നോണത്തിൻ്റെ ഒരായിരം
ഓർമ്മകൾ അക്ഷരങ്ങളായി പെയ്തിറങ്ങിയപ്പോൾ ഏറ്റവും മധുരതരമായി. ശരിക്കും കണ്ണുകൾക്കും മനസ്സിനും അമൃതായ എഴുത്തിന് അഭിനന്ദനങ്ങൾ സുജാത
❤️👌🌹