സ്വപ്‌നലോകത്തേക്കുള്ള ഒരു യാത്ര…..
ഫെബ്രുവരി മാസമാകുമ്പോൾ വല്ലാത്തൊരു പ്രതീക്ഷയാണെനിക്ക്. കെട്ടിയൊന്റെ അടുക്കൽ നിന്ന് കിട്ടുന്ന കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ ആള് എന്റെ ജന്മദിനം ഞാൻ പറയാതെ അറിയിക്കാതെ ഓർക്കുന്നുണ്ടോന്നുള്ള പരീക്ഷണം വിജയിക്കുമ്പോൾ കിട്ടുന്നൊരു സന്തോഷം അങ്ങനെ ഒരു സന്തോഷമായിരുന്നു ഈ യാത്ര…
ദൂരെ ദൂരെ പലരുടെയും ഉറക്കം കെടുത്തുന്ന മനോഹരമായ ആ ഒരു ലോകം…
ഇന്നത്തെ പോലെ യാത്രയോട് അത്ര വലിയ താല്പര്യമൊന്നും എനിക്കായിട്ടില്ല. പോകാൻ പറ്റിയാൽ പോകണം കാണാൻ പറ്റിയാൽ കാണണം അത്ര മാത്രം താല്പര്യം…
വീട്ടിൽ കൂടിയിട്ട് മൂന്ന് മാസം കഴിയുന്നു ആ ഒരു സന്തോഷം തന്നെ എന്നിലാകെ നിറഞ്ഞു നിന്നിട്ടുണ്ട്. അതിനപ്പുറം ഒരു സന്തോഷം ഇനി എന്നെ തേടിയെത്താനില്ലെന്ന കണക്ക്കൂട്ടലുകലായിരുന്നു മനസ്സ് നിറയെ.
ഒരു സൂചനയും നൽകാതെ ഒരു ദിവസം ആള് വരുന്നത് കയ്യിൽ ഒരു റെയിൽവേ ടിക്കെറ്റ്മായാണ്. നമ്മളൊന്ന് കറങ്ങി വരാ എന്നുള്ള ചോദ്യവും. എങ്ങോട്ട് എന്തിന് ആരോടി ആദ്യമായി എന്റെ വായിൽ നിന്ന് വീണ ചോദ്യം..
അതൊക്കെ പറയാം കുറച്ചു ദൂരേക്ക് ആണ് പോകുന്നത്…
ദൂരെ എന്ന് പറഞ്ഞാൽ?
അതെ കുറെ ദൂരേക്ക്…!
വേറെ ആരാണ് ഉള്ളത്…?
ആരുമില്ല നമ്മൾ മാത്രം..
ഇങ്ങള് സർപ്രൈസ് വിട്ട് ശരിക്കും പറഞ്ഞേ…
മണാലിക്ക് പോകുന്നു നമ്മൾ…. നിന്റെ ബർത്ത്ഡേയ്ക്ക് ഉള്ള ഈ വട്ടത്തെ സമ്മാനം…!
യാ റബ്ബേ…
ശരിക്കും നമ്മൾ പോകുന്നുണ്ടോ?
ഉണ്ടെന്നേ ധേ ടിക്കെറ്റ് കൺഫഫെമായിട്ടുണ്ട് അത് കയ്യിൽ കിട്ടിയിട്ട് പറയാം എന്ന് കരുതിയതാ..
അലക്കിയ ഡ്രസ്സ് ഓരോന്നായി മടക്കി വെക്കുന്ന ഞാൻ ഇതു കേട്ടതും പിന്നെ ആകെ എയറിലായ അവസ്ഥ!
അല്ല നിങ്ങളെ മാതാശ്രീയൊക്കെ അറിഞ്ഞാൽ പുകിലുണ്ടാക്കില്ലേ…
ഓഹ് പിന്നെ ഇപ്പോൾ നമ്മൾ നമ്മളെ വീട്ടിൽ അല്ലെ അന്നേരം അവർക്ക് ഒന്നും പറയാൻ പറ്റില്ല. നമ്മളായി നമ്മളെ പാടായി. നീ ഇനി കടന്നു ചിന്തിച്ചു ഈ സന്തോഷം കളഞ്ഞു കുളിക്കണ്ട!
ദിവസങൾക്ക് പിന്നെയങ്ങോട്ട് വേഗത ഇച്ചിരി കുറവായിരുന്നു. പോകാനുള്ള തയ്യാറെടുപ്പുകൾ ഒന്നിൽ നിന്ന് തുടങ്ങി. പാക്കിങ് വീട് ക്‌ളീനിംഗ് അങ്ങനെ അങ്ങനെ ഓരോ തിരക്കുകളിൽ മുഴുകുമ്പോളും എത്രയും പെട്ടന്നൊന്നവിടെ എത്തിയെങ്കിൽ എന്ന ചിന്ത തന്നെ…
ഫെബ്രുവരി 9നു ആയിരുന്നു പിറന്നാൾ എങ്കിലും ആളുടെ ബെസ്റ്റ് ഫ്രണ്ട്ന്റെ വീട്ടിൽ കൂടൽ ആയിരുന്നു ഫെബ്രുവരി 16അതും കഴിഞ്ഞു അന്ന് രാത്രി ആയിരുന്നു ഞങ്ങൾക്ക് പോകേണ്ടത്.
സമയം രാത്രി പത്തു മണി ഞങ്ങൾ അഞ്ചു പേരും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക്…
ചെറിയ പ്രായം ഉള്ളപ്പോൾ ഒരു വട്ടം ട്രെയിനിൽ കയറിയ ഞാനും അത് വരെ ട്രെയിനിൽ കയറാത്ത മക്കളും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞങ്ങളെ നോക്കുന്ന കെട്ടിയോനും..!
കണ്ണ് തെറ്റിയാൽ ഈ ഭൂമി ഉരുണ്ടത് ആണോന്ന് നോക്കട്ടെ പറഞ്ഞു എന്നെയും കെട്ടിയോനെയും ചുറ്റിക്കാം വേണ്ടി ഓടി വികൃതി കളിക്കുന്ന കുട്ടികൾ. അല്ല ഇവരെയും കൊണ്ട് പോയാൽ ഇതു തന്നെയാകില്ലേയ് മോളെ അവസ്ഥ എന്നുള്ള ചോദ്യം ആള് എന്നോടും ആാാ എനിക്കറിയില്ലേ എന്ന ഉത്തരം ഞാൻ ആളോടും നൽകി ഞങ്ങളെ ട്രെയിൻ വരുന്നതും കാത്തു നിന്നു.
പലരോടും ഇങ്ങനെ ഒരു യാത്ര പോകുന്നുണ്ട് കൂടെ പോരുന്നോ എന്ന് ചോദിച്ചിട്ടും ആർക്കും ഞങ്ങളെ കൂടെ പോരാൻ ഉള്ള സാഹചര്യമന്നുണ്ടായില്ല…
അങ്ങനെ നിങ്ങളും ഞാനും മാത്രമാണേൽ അങ്ങനെ എന്ന നിയ്യതും വെച്ചിട്ട് ആണ് ആള് ഞങ്ങളെയും കൊണ്ട് ഇറങ്ങി തിരിച്ചത്.
ട്രെയിൻ വന്നു കാലിക്കറ്റ് ടു ഡൽഹി..
ഞങ്ങളെ സീറ്റ് കണ്ടെത്തി എല്ലാം പൂർണ്ണ സുരക്ഷിമാണെന്നുറപ്പു വരുത്തി ആളും അല്പം ശ്വാസമൊന്നു പതുക്കെയാക്കി.
എപ്പോളാ എത്തുക എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു ഇടക്ക് ഇടക്ക് നമ്മൾക്ക് എത്താനായോ എന്ന് ചോദിച്ചാൽ ഈ ട്രെയിനിലെ പോലീസ് ഇങ്ങളെ പിടിക്കും അതോണ്ട് അങ്ങനെ ഒരു ചോദ്യം ചോദിക്കാം പാടില്ല എന്ന താക്കീത് ഞാൻ പിള്ളേർക്ക് കൊടുത്തു അവരെ അവിടെ അടക്കി ഇരുത്തി.
പുറത്തേക്ക് നോക്കി ഇരുന്നിട്ടും വല്യ കാര്യം ഇല്ല എന്ന തോന്നലിൽ ആ പണിക്ക് നിൽക്കാതെ ഞാനും ഉറക്കത്തിലെക്ക് പോയി. കണ്മുന്നിൽ കാണാൻ പോകുന്ന ആ സ്വർഗ്ഗലോകം സ്വപ്നം കണ്ടുകൊണ്ട്.
ഓരോ സ്ഥലങ്ങൾ പിന്നിടുമ്പോളും ലോകം മാറുകയായിരുന്നു. ജീവിത രീതികളും ചുറ്റുപാടുകളും മനുഷ്യന്റെ രൂപവും വേഷവും രീതികളും…
ഗോവ യിൽ എത്തിയപ്പോൾ മൂന്ന് നാല് പഞ്ചാബികൾ ഞങ്ങളെ അടുത്തുള്ള ബാക്കി സീറ്റിലേക്ക് വന്നു. നമ്മുടെ നാട്ടിൽ കയ്യിലും കാലിലും ഉള്ള കുഴമ്പ് മൊത്തം വാരി തേച്ചു ഷുഗറിനും പ്രഷറിനും ഉള്ള ഗുളിക മൊത്തം കഴിച്ചു അവശയായി വീട്ടിലെ ഏതേലും ഒരു മൂലക്ക് ഒതുങ്ങി കൂടുന്ന ആളുകളുടെ പ്രായം ആണവർക്ക്. ഭംഗിയുള്ള വസ്ത്രവും തലപ്പാവും ധരിച്ചു അവര് അവരെ ജീവിതം എൻജോയ് ചെയ്യുകയാണ്. പ്രായം കൂടിയില്ലേ ഇനി ഞാൻ ഈ കട്ടിലിൽ കിടന്നുരുണ്ട് നേരം പോക്കണം എന്നുള്ള നമ്മുടെ നാട്ടിലെ പ്രായം ചെന്നവരുടെ ഒരു ചിന്തയോ ഭാവമോ ബേജാറോ അവരുടെയാരെയും മുഖത്തു ഒരിക്കൽ പോലും കാണാൻ പറ്റിയില്ല. അവര് അവരെ ജീവിതം ചിൽ ചെയ്യുകയാണ്.
കുട്ടികൾ അവരെ അടുത്ത് പോകുന്നുണ്ട് അവര് മക്കളോട് സ്നേത്തോടെ സംസാരിക്കുന്നുണ്ട് കെട്ടിയോനുമായി വിശേഷങ്ങൾ ചോദിക്കുന്നുണ്ട് അത് ഞാനുമായി ആള് പങ്കു വെക്കുന്നുണ്ട് ആകെ കൂടെ മനോഹരമായ സമയം..
മൂന്നാമത്തെ ദിവസം വൈകുന്നേരം ഒരു ആറു മണിയോടെ ട്രെയിൻ നിസാമുദ്ധീൻ സ്റ്റേഷനിൽ എത്തി. കടലിരമ്പും പോലെയുള്ള ജനസാഗരം അത് കണ്ടതും ഇവരെ ഇടയിലൂടെ എങ്ങനെ കുട്ടികളെയും എന്നെയും കയ്യിലെ ട്രോളിയുമൊക്കെ സുരക്ഷിതമാക്കി പുറത്ത് എത്തിക്കാം എന്ന ടെൻഷൻ ഞാൻ ആദ്യമായി എന്റെ കെട്ടിയോന്റെ കണ്ണുകളിൽ കണ്ട ആദ്യ നിമിഷം.!
അത് വരെ നമ്മുടെ രാജ്യം നമ്മുടെ ലോകം അതിനപ്പുറം വേറെന്ത് ചിന്തിക്കാനാ എന്നുള്ള ആ ഒരു ധൈര്യം കുറച്ചു സമയത്തേക്ക് ആണേലും ആളെ കണ്ണുകളിൽ നിന്ന് ഓടിയൊളിച്ചു.
കുട്ടികളെ കൈ വിട്ട് പോകരുതേ എന്നുള്ള ഓർമ്മപെടുത്തൽ ആള് എന്നോടും കൂടെ പങ്കു വെക്കുന്നുണ്ടായിരുന്നു. ശരിക്കും ശ്വാസം മുട്ടുന്ന അവസ്ഥയായിരുന്നു ആ സമയം എനിക്കും ആൾക്കും ഉണ്ടായത്…
എങ്ങനെയോ ആ തിരക്കിൽ നിന്നും ഓടി രക്ഷപെട്ടു സ്റ്റേഷനിലെ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി ഞങ്ങളെ സുരക്ഷിതമായി ഇരുത്തിയ ശേഷം ആള് അടുത്ത ട്രയിൻ വരുന്ന ഭാഗവും മറ്റും കണ്ടു പിടിച്ചു ഞങ്ങളെയും കൂട്ടി അവിടേക്ക് നീങ്ങി.
ഡൽഹി ടു പഞ്ചാബ്..
അടുത്ത യാത്ര അവിടേക്ക് ആയിരുന്നു..
ആളെ ഉമ്മാടെ ബ്രോ യുടെ മകൻ അവിടെ മിലിറ്ററി ക്യാമ്പിൽ ആയിരുന്നു ജോലി അവന്റെ അടുക്കൽ പോയിട്ട് അവിടെയൊക്കെ ചുറ്റിയടിച്ചു അതിനു ശേഷം ആണ് മണാലിക്ക് പോകാൻ വേണ്ടി തീരുമാനിച്ചത്.
അങ്ങനെ പഞ്ചാബ് പട്ടാൻകോട്ട് എന്ന അവന്റെ സ്ഥലത്തിന്റെ അടുത്തുള്ള സ്റ്റേഷനിലേ ഒരു രാത്രി മുഴുവൻ ട്രയിനിൽ ഇരുന്നു യാത്ര ചെയ്തു എത്തിചേർന്നു
രാവിലെ ആറുമണിയോടെ അവൻ പറഞ്ഞ സ്ഥലത്ത് ട്രെയിൻ ഇറങ്ങി അവിടെ നിന്ന് നമ്മുടെ നാട്ടിലെ പഴയ സാധനങ്ങൾ കൊണ്ടിടുന്ന ഇടതു കാണുന്ന ആർക്കും വേണ്ടാത്ത വണ്ടി പോലെ കാണുന്ന ഏതോ ഒരു വണ്ടി ടാക്സിയായിട്ട് വിളിച്ചു അവന്റ അടുക്കലേക്ക്…
വലിയ സെക്യൂരിറ്റിയുള്ള മറ്റൊരു ലോകത്തേക്കായിരുന്നു അടുത്ത യാത്ര. പട്ടാള ക്യാമ്പ് എന്നൊക്കെ എല്ലായിടത്തുനിന്നും കേട്ടിട്ടുണ്ട് എങ്കിലും ആദ്യമായി കാണുകയായിരുന്നു ആ ഒരു ലോകം അവന്റ കൂടെ അതിനുള്ളിലേക്ക് കടന്നു പോകുമ്പോൾ ശരിക്കും അത്ഭുതം തോന്നിയിരുന്നു. തലക്ക് മീതെ കൂടെ പറക്കുന്ന ഹെലികോപ്റ്റർ ഏറ്റവും കൂടുതൽ അത്ഭുതത്തോടെ ഞാനും പിള്ളേരും നോക്കി കണ്ടത് അതായിരുന്നു..
അങ്ങനെ ആദ്യത്തെ ദിവസം അവിടെ ഇരുന്നും കഴിച്ചും റസ്റ്റ് എടുത്തു പിറ്റേ ദിവസം ആയപ്പോൾ ഇന്ത്യ പാകിസ്ഥാൻ ബോർഡർ ആയ വാഗ ബോർഡർ കാണാൻ വേണ്ടി ഞങ്ങൾ എല്ലാരും കൂടെ പോയി. അവിടെ ഗ്യാലറിയിൽ പോയിരുന്നു ആ പരേഡും പാകിസ്ഥാൻ പട്ടാളക്കാരുമായുള്ള ഹസ്ഥദാനവും കെട്ടിപ്പിടുത്തവും ഓരോ രാജ്യങ്ങളുടെ കായിക ബലം തെളിയിക്കലും ശരിക്കും രോമാഞ്ചിഫിക്കേഷനോടെ കണ്ടു നിന്നു…
ശരിക്കും കണ്മുന്നിൽ കാണുന്നത് ഒരു സ്വപ്നമാണോന്ന് വരെ ചിന്തിച്ചു പോയ നിമിഷം…. മണാലിക്ക് ബസ് ബുക്ക് ചെയ്ത സമയം അന്ന് വൈകീട്ട് ആറു മണിക്കായിരുന്നു അതുകൊണ്ട് സമയം പോകുമെന്ന പേടി കാരണം കണ്മുന്നിലെ കാണേണ്ട കാഴ്ചകൾ പാതി വഴിവെച്ച് അവസാനിപ്പിച്ചു തിരികെ നടന്നു…
ഇനിയൊരിക്കൽ കൂടെ വേറെ എവിടെ പോയില്ല എങ്കിലും ഇവിടെ നേരത്തോടെ വന്നിരിക്കാൻ പറ്റണം എന്ന് ഞാൻ ആഗ്രഹിച്ച ഒരേയൊരു സ്ഥലം….
തിരികെ ബസ്സ് ബുക്ക് ചെയ്തിരുന്ന ഇടത്തേക്ക് ഓടിയെത്തിയപ്പോൾ അവിടെ കുറച്ചു ആൾക്കൂട്ടം. ഏതാണ്ട് എന്തോ ഒരു കശ പിശ നടക്കുന്ന ലക്ഷണം കണ്ടതോടെ ഞങ്ങളെ ഒരു ഭാഗത്തേക്ക് മാറ്റി നിർത്തി കെട്ടിയോനും ആളെ മാമന്റെ മോൻ ആയ പട്ടാളക്കാരനും അങ്ങോട്ടേക്ക് പോയി…
കുറച്ചു പേര് അവിടെയും ഇവിടെയും കൂട്ടം കൂടി നിൽക്കുന്നുണ്ട് എങ്കിലും ഹിന്ദി പറയാൻ ശരിക്കും അങ്ങട് പഠിക്കാത്തത് കാരണം മിണ്ടാതെ നോക്കി നിന്നു…
അവർക്കിടയിൽ ഡ്രസിങ് കൊണ്ടും രൂപം കൊണ്ടും മലയാളി ആണെന്ന് തോന്നിയ ഒരു അച്ഛനയും മോളെയും കണ്ടതോടെ അവർക്കരികിലേക്ക് ചെന്ന് കാര്യം അന്വേഷിച്ചു.
കാര്യം മറ്റൊന്നുമല്ല മണാലി പോയിട്ട് തിരികെ എത്തിയിട്ട് വീണ്ടും ഞങ്ങളെയും കൊണ്ട് പോകേണ്ട ബസ് എവിടെയോ ബ്രൈക് ഡൗൺ ആണ് പോലും പകരം ചെറിയ ഒരു ട്രാവലർ അവര് ഏർപ്പാടാക്കി തന്നിട്ടുണ്ട് അതിൽ ആ യാത്ര തുടരാൻ ആണ് അവര് പറയുന്നത്… അവരുടെ പറച്ചിലിൽ ഉള്ള അഹങ്കാരം കേട്ടതോടെ ഞങ്ങളെ കൂടെ ഉണ്ടായിരുന്ന ചെക്കൻ ആ ഓഫീസിന് അകത്തേക്ക് കയറുകയും കല പില ഉണ്ടാകുകയും ചെയ്യാൻ തുടങ്ങി….
അത്രയും പേരെ എങ്ങനെ ആ സൗകര്യവും സുരക്ഷയും ഇല്ലാത്ത വണ്ടിയിൽ അത്രയും ഡെയ്ഞ്ചർ ആയ സ്ഥലത്തേക്ക് പറഞ്ഞു വിടും എന്ന ന്യായമായ ചോദ്യമായിരുന്നു അവൻ അവരോട് ചോദിച്ചത്…
പോകാൻ പറ്റുന്നവർ പോയാൽ മതി…
ബാക്കി ഉള്ളവർക്ക് സൗകര്യം പോലെ ഞങ്ങളെ സമയത്തിന് അനുസരിച്ചു റിഫണ്ട് തരാം എന്ന അഹങ്കാരം കേട്ടതോടെ അതിൽ എന്തായാലും ഈ പിളേളരെയും വെച്ച് പോകാൻ നിൽക്കണ്ട നമുക്ക് തിരികെ റൂമിലോട്ട് പോകാം എന്ന തീരുമാനം എടുത്തു തിരികെ വിട്ടു…
നമുക്ക് ഇവിടെ തന്നെ ഇതേപോലെ സ്‌നോഫാൾ ഉള്ള ഒരിടം ഉണ്ട് വെൽഹോസി എന്നുള്ള പേരിൽ അവിടേക്ക് പോകാം തൽക്കാലം മറ്റേ യാത്ര വേണ്ടെന്ന് വെക്ക് എന്ന് പ്രായത്തിൽ കവിഞ്ഞ പക്വത പണ്ട് തൊട്ടേ ഉള്ള ചെക്കൻ എന്റെ കേട്ടിയോനോട് പറഞ്ഞു നോക്കി….
അങ്ങനെ പോകും വഴി അവൻ പറഞ്ഞ ഇടത് പോയി അവിടെ സമയം വൈകിയത് കൊണ്ട് അത്ര വലിയ മനോഹാരിതയൊന്നും തോന്നാത്തത് കൊണ്ട് തിരികെ ടാക്സിയിൽ കയറി റൂമിലേക്ക് വിട്ടു…
കണ്ണിന്റെ അടുത്ത് എത്തിയിട്ടും കാണാതെ ആ താഴ് വാരം കാണാതെ പോകേണ്ട വരോ എന്ന സങ്കടം തന്നെ ആയിരുന്നു ഞങ്ങൾക്ക്…
തിരികെ പോകും വഴി ടാക്സി കാരനോട് അവിടേക്ക് ടാക്സി വിളിച്ചാൽ എത്ര കാശ് ആകുമെന്ന് ചോദിച്ചറിഞ്ഞു അവനുമായി കുറച്ചു വിലപേശി രണ്ടുപേർക്കും പറ്റാവുന്ന ഒരു എമൌണ്ടിൽ എത്തിച്ചു വീണ്ടും യാത്ര പ്ലാൻ ചെയ്തു…
ഇത്രയും ദൂരം നിങ്ങൾ മാത്രം ഈ പിള്ളേരെയും കൂടെ കൂട്ടി ടാക്സി വിളിച്ചു പോകാ എന്നൊക്കെ പറഞ്ഞാൽ അതിത്തിരി ബേജാർ പിടിച്ച യാത്ര ആണല്ലോ എന്ന് ചെക്കൻ പറയുന്നുണ്ട് എങ്കിലും ഞങ്ങൾ രണ്ടും അത് കേൾക്കാതെ ടാക്സി കാരനോട് നാളെ മോർണിംഗ് പത്തു മണി ആകുമ്പോൾക്ക് ക്യാമ്പിന്റ അടുത്തേക്ക് എത്താൻ വേണ്ടി പറഞ്ഞു…..
ഇവിടെ എത്തിയിട്ട് അവിടെ കാണാതെ പോയാൽ ചിലപ്പോൾ ഇനിയും പൂതി വരും ആ സമയം എല്ലാം കൊണ്ടും ഞങ്ങൾക്ക് സൗകര്യപ്പെട്ടന്ന് വരില്ല അതുകൊണ്ട് കാണണം എന്ന ഈ ആഗ്രഹം ഉപേക്ഷിച്ചു പോകാൻ ഞങ്ങളെ കൊണ്ട് ആകില്ല മോനെ എന്ന ഞങ്ങളെ തീരുമാനം അവനോട് അറിയിച്ചു അവനെ സമ്മതിപ്പിച്ചു….
വീണ്ടും സ്വപ്നം കാണാൻ തുടങ്ങി…
മഞ്ഞു പെയ്യുന്നതും അതിൽ കളിക്കുന്നതും ആ മനോഹരങ്ങളായ നിമിഷങ്ങളുമൊക്കെ…
നേരം എങ്ങനെയോ വെളുപ്പിച്ചെടുത്തു ഏറ്റവും കംഫേർട്ട് ആയ ഡ്രസ്സിൽ മക്കളെയും ഒരുക്കി നിർത്തി ഞങ്ങൾ ക്യാമ്പിന്റെ പുറത്തേക്ക്…
നമ്മളെ സേഫ്റ്റി നമ്മള് തന്നെ നോക്കിയല്ലേ പറ്റു എന്നുള്ള തീരുമാനം കെട്ടിയോന്റെ ഓരോ ചിന്തകളിൽ ഓരോ നിമിഷംവും നിറഞ്ഞു നിന്നിരുന്നു…
ടാക്സിയിൽ കയറുമ്പോൾ വണ്ടിയുടെ ഫോട്ടോയും നമ്പറും ആളുടെ ഫോട്ടോയും എടുത്തു ക്യാമ്പിന് അകത്തുള്ള അനിയന് അയച്ചു കൊടുത്തു എന്നിട്ട് സമയവും അവനെ അറിയിച്ചു ഞങ്ങൾ വണ്ടിയിൽ കയറി.
ധാണ്ടേ വണ്ടി നീങ്ങി ഒരു അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് ട്വിസ്റ്റ് നമ്പർ വൻ ഞങ്ങൾക്ക് മുന്നിലേക്ക് വരുന്നത്…
ഒരു പെട്രോൾ പമ്പ് എത്തുന്നു ആള് വണ്ടി അവിടേക്ക് കയറ്റുന്നു ഞങ്ങളോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറയുന്നു…
എന്താ സംഭവം എന്നറിയാതെ ഞങ്ങൾ അതിൽ നിന്നിറങ്ങി പുറത്തു നിന്നു..
അടുത്തതായി അടുത്ത വണ്ടി ഞങ്ങൾക്ക് അരികിൽ എത്തുന്നു ഡ്രൈവർ ഡിക്കിയിൽ വെച്ച ഞങ്ങളെ ബാഗ് എടുക്കുന്നു ഞങ്ങൾക്കരികിലേക്ക് വന്ന വണ്ടിയിലേക്ക് അത് എടുത്തു മാറ്റി വെക്കുന്നു…
എന്താ സംഭവം എന്നറിയാതെ ഞാൻ എന്റെ കെട്ടിയോനെ നോക്കി…
ആൾ ക്ക് ഏകദേശം ഐഡിയ കിട്ടിയ മാതിരി മുഖഭാവം വെച്ച് അവരുടെ ചെയ്തികളൊക്കെ നോക്കി നിന്നു…
അപ്പോളേക്കും രണ്ട് ഡ്രൈവർ മാരും ആളുടെ അരികിൽ വന്നു എന്നിട്ട് പറഞ്ഞു ഈ വണ്ടി ആണ് മണാലി ക്ക് പോകുന്നത് ഇവരാണ് നിങ്ങളെ അവിടെ എത്തിക്കുക എന്ന്…
ഡ്രൈവർ മാർ തമ്മിലുള്ള ഒരു ഉടമ്പടി..
മണാലി നിന്ന് ഓട്ടം വന്ന ടാക്സി തിരികെ വെറുതെ പോകും അതിൽ ആളെ ആക്കി കൊടുത്തു കമ്മീഷൻ അവരും കൂടെ വാങ്ങുന്ന ഏർപ്പാട്..
യാത്ര ക്കാർക്ക് ഇതു കൊണ്ട് ഒരു നഷ്ടവും ഉണ്ടാകില്ല താനും ഡ്രൈവർമാർക്ക് കാശും…
എന്നതേലും ആകട്ടെ കെട്ടിയോൻ വേഗം ചെക്കനെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു നേരത്തെ ചെയ്തപോലെ തന്നെ നമ്പർ ആളുടെ പേര് ഫോട്ടോ ടാക്സി ഫോട്ടോ എന്നിവ അവനു അയച്ചു കൊടുത്തു യാത്ര വീണ്ടും തുടങ്ങി…
10 30ന് തുടങ്ങിയ യാത്ര ഓരോ വഴികൾ പിന്നിടുമ്പോളും ശരിക്കും പേടിയായി തുടങ്ങിയിരുന്നു…
ആളുകൾ നന്നേ കുറഞ്ഞ സ്ഥലങ്ങൾ…. കുത്തനെയുള്ള കയറ്റം കയറും തോറും തണുപ്പിന്റെ ശക്തി കൂടി കൂടി കൊണ്ടിരുന്നു…
റോഡുകൾ മൊത്തം ശൂന്യമായിരുന്നു.. ടാക്സിക്കാർ അവർക്ക് ഏറ്റവും എളുപ്പമായി തോന്നുന്ന വഴിയെ ആണ് വണ്ടി കൊണ്ടുപോയത്.. അതുകൊണ്ടാകാം കൺമുന്നിൽ വരുന്ന ഓരോ റോഡുകളും കാണുമ്പോൾ അത് വരെ ഉണ്ടായിരുന്ന ഹാപ്പി മൂഡൊക്കെ ഏകദേശം മാറി തുടങ്ങിയിരുന്നു…
മക്കൾ ആണേൽ ഉയരം കൂടി കൂടി വരും തോറും വൊമിറ്റിങ് ആകെ ബേജാർ ആയ സമയം… ഓരോ സ്ഥലങ്ങളും പിന്നിടുമ്പോൾ ഞാൻ എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്നുള്ള ചിന്ത കെട്ടിയോനെ നന്നായി ബാധിച്ചു തുടങ്ങി….
കണ്ണെത്താ ദൂരത്തോളം ഉയർന്നു കിടക്കുന്ന മല നിരകൾ…
അതിൽ എവിടെയൊക്കെ ചെറുതായി പൊട്ട് പോലെ കാണുന്ന വെളിച്ചം ആകെ കൂടെ വല്ലാത്തൊരു ലോകം…
ഓരോ ഒന്നും രണ്ടും മണിക്കൂറുകൾ കഴിയും തോറും കാണുന്ന ചെറിയ ചെറിയ ഗ്രാമങ്ങൾ…
അതിനോട് ചേർന്ന് കുഞ്ഞു കുഞ്ഞു വീടുകൾ… പിറകിൽ വലിയ ഒരു കൊട്ടയുമായി വരി വരിയായി നടന്നു പോകുന്ന പ്രായം ചെന്ന സ്ത്രീകളും പുരുഷൻമാരും വിറക് ശേഖരിക്കാൻ ഉള്ള യാത്രയാണെന്ന് പറഞ്ഞു ഡ്രൈവർ ഞങ്ങളോട്…
ആവശ്യത്തിനു മാത്രം സംസാരിക്കുന്ന പരുക്കനായ ഒരു മനുഷ്യൻ എന്നായിരുന്നു ഞാൻ അദ്ദേഹത്തെ ഉപമിച്ചത്…
ഭക്ഷണത്തിൽ വല്യ പ്രതീക്ഷയൊന്നും വേണ്ട വിശപ്പ് അടങ്ങാൻ ഉള്ള വല്ലതും കിട്ടിയാൽ കഴിക്കാം എന്ന് ആദ്യമേ ഞങ്ങൾക്ക് ധാരണ ഉള്ളത് കൊണ്ട് കയ്യിൽ കരുതിയ ചെറിയ ചെറിയ ഐറ്റംസ് കഴിച്ചു ഞങ്ങൾ യാത്ര തുടങ്ങി..
അതിനിടയിൽ വല്ലപ്പോഴും കാണുന്ന കുഞ്ഞു കുഞ്ഞു വീടുകളിലൊക്കെ മുറ്റം നിറയെ ഓറഞ്ചു കായ്കൾ നിറഞ്ഞു നിൽക്കുന്നു കണ്ണിനു കുളിർമയെകാൻ ആകെ ഉണ്ടായിരുന്ന ഒരു കാഴ്ച അതായിരുന്നു…
എവിടെയോ ഒരിടത് ചെറിയ ഒരു ഹോട്ടൽ കണ്ടപ്പോൾ വണ്ടി അവിടെ നിർത്തി എന്തോ നാവിൽ വെക്കാൻ കൊള്ളാത്ത എന്തോ ഒരു ഫുഡ് കഴിച്ചു തിരിച്ചു വീണ്ടും യാത്രയിലേക്ക്..
സമയം ഏകദേശം ആറു മണിയോടെ അടുത്തപ്പോൾ ഞങ്ങൾ തീരം കാണാനായി എന്നുള്ള സൂചന ഡ്രൈവറെ പക്കൽ നിന്നും കേട്ടതോടെ മനസ്സറിഞ്ഞു പടച്ചോനോട് നന്ദി പറഞ്ഞു…
അത് വരെ താണ്ടിയ ആ വഴികളൊക്കെ താണ്ടി ഒന്നുമില്ല എങ്കിലും അല്പം ജനവാസമുള്ള ഏരിയയിൽ എത്തിയല്ലോ എന്ന സമാധാനം…
കൂടാതെ ആ സമയം എനിക്ക് ശരിക്കും സങ്കടമായി
ഈ വന്ന ദൂരമത്രയും താണ്ടി വേണ്ടേ പടച്ചോനെ തിരിച്ചു നമ്മുടെ സ്വന്തം വീട്ടിലേക്ക് എത്താൻ വേണ്ടപ്പെട്ടവരെ കാണാൻ കൊതി തീരെ കണ്ടു മതിയാകാത്ത ആ വീട്ടിൽ വന്നു കയറാൻ… ശരിക്കും എന്റെ മനസ്സിൽ കടന്നെത്തിയ ചിന്തകൾ അതൊക്കെയായരുന്നു
റോഡിന്റെ ഇരുഭാഗത്തും കാണുന്ന മഞ്ഞു കട്ടകൾ… വീടുകളുടെമേൽക്കുര നിറയെ സ്‌ഥാനം പിടിച്ച മഞ്ഞു പാളി കൾ കാഴ്ചകളോരൊന്നും മനോഹരമായിരുന്നു….
വണ്ടി നിർത്താൻ പറയോ എന്ന് ചോദിച്ചപ്പോൾ ആള് പറഞ്ഞു ഇതിലും മനോഹരമായ സ്ഥലങ്ങൾ മുന്നിലുണ്ട് പോകാമെന്നു
കണ്ണിനു അതോടപ്പം മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ റോഡിന്റെ ഇരുഭാഗത്തും മഞ്ഞു മലകൾ ഇടയ്ക്കിടക്ക് കാണുന്ന ദേവദാരു ചെടികൾ മറ്റെന്തൊക്കെയോ മരങ്ങൾ ശരിക്കും അതിമനോഹരമായ കാഴ്ചകൾ….
ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിന്റെ സ്ഥലം തേടി ഡ്രൈവർ നീങ്ങി….
ആരെ വിശ്വസിച്ചാലും ഗൂഗിൾ മാപ്പിനെ വിശ്വസിക്കരുത് എന്ന് പറയുന്നതുപോലെ അതിൽ കൊടുത്ത സ്ഥലത്ത് അങ്ങനെയൊരു ഹോട്ടലോ അങ്ങനെ ഒരു റൂമോ ഉണ്ടായിരുന്നില്ല….
എന്നിട്ടും ഗൂഗിൾ മാപ്പ് പറയുന്നതിനനുസരിച്ച് അദ്ദേഹം യാത്ര തുടങ്ങി അവസാനം ചെന്നെത്തപ്പെട്ടത് ഒരു ചെറിയ പാലം ഇരുഭാഗത്തും കുഞ്ഞു കുഞ്ഞു വീടുകൾ പാലത്തിന്റെ മറ്റൊരു സൈഡിൽ വിറകുകൾ കൂട്ടിയിട്ടുണ്ട് കയ്യും മുഖവും ഒന്നും കാണാത്ത വസ്ത്രം ധരിച്ച ആളുകൾ അങ്ങങ്ങായി ഇരിക്കുന്നുണ്ട്…
വീണ്ടും പണി പാളിയോ എന്നറിയാതെ ഞങ്ങൾ മുഖത്തോട് മുഖം നോക്കി….
പേടിക്കണ്ട നിങ്ങളെ സേഫ് ആക്കി ഒരിടത് എത്തിച്ചിട്ടേ ഞാൻ തിരികെ പോകുള്ളൂ എന്ന ഡ്രൈവറുടെ ഒരു വാക്ക് കേട്ടതോടെ പരുക്കനായ ഒരു മനുഷ്യൻ എന്ന എന്റെ ആ ഒരു കണ്ടെത്തലിനെ ഓർത്തു ഞാൻ ഖേദം പ്രകടിപ്പിച്ചു!!!
ആള് കാണിച്ചു തന്ന ഹോട്ടലിൽ റൂം എടുത്തു ആള് തിരികെ പോയി പിറ്റേ ദിവസം എല്ലാവരും പോകുന്ന ഏറ്റവും മനോഹമായ മഞ്ഞു മലകളിൽ എത്തി ക്കാൻ വേണ്ട ടാക്സിയും ഏർപ്പാട് ആക്കി തന്നു അദ്ദേഹം ഞങ്ങളോട് യാത്ര പറഞ്ഞു….
ഒരു ദിവസം രണ്ട് വട്ടം കുളിക്കുന്ന ഞങ്ങൾ ആരും ആ ഭാഗത്തേക്കേ പോയില്ല മൈനസ് 9ഡിഗ്രി തണുപ്പ് ഒരു ബിഗ് കട്ടിലിൽ മുക്കാൽ ഭാഗം സ്ഥലവും ബാക്കി എല്ലാരും കൂടെ കെട്ടിപ്പിച്ചു തണുപ്പ് കയറാതിരിക്കാനുള്ള എല്ലാ പഴുതും അടിച്ചിട്ടുണ്ട്….
നേരം വെളുക്കുന്നതിന് മുന്നേ എഴുന്നേറ്റ് ഉള്ള മെയ്ക്കപ്പ് എല്ലാം ചെയ്തു ഞങ്ങളിത സ്വപ്നഭൂമിയിൽ കാലു കുത്താൻ പോകുന്നു…
വണ്ടി നീങ്ങി തുടങ്ങും തോറും കണ്മുന്നിൽ തെളിയുന്ന കാഴ്ച്ചകൾ കണ്ട് മതി മറന്നിരുന്നു…
ഒരു പാട് ടൂറിസ്റ്റ് വണ്ടികൾ ആളുകൾ ബൂഡ്സ് ജാക്കറ്റുകൾ വിൽക്കുന്ന ഷോപ്പുകൾ…
ഓരോ ഷോപ്പിന്റെയും മേൽക്കൂരയിൽ നിന്നും ഉരുകിയൊലിക്കുന്ന മഞ്ഞു പാളികൾ ആകെ കൂടെ വർണ്ണനയിൽ ഒതുക്കിയെടുക്കാൻ പറ്റാത്ത കാഴ്ചകൾ…
ടാക്സി ഞങ്ങളെ അവിടെ എത്തിച്ചു തിരികെ പോരാൻ വേണ്ടി സമയം ആകുമ്പോൾ വിളിക്കാൻ വേണ്ടി ഒരു നമ്പറും കൂടെ തന്നു ആള് ആളുടെ വഴിയെ നീങ്ങി….
മഞ്ഞിൽ നടക്കണോ ഓടണോ അതുമല്ലേൽ കിടന്നുരുളണോ എന്നറിയാത്ത നിമിഷങ്ങൾ!!
കുട്ടികളെ കുട്ടികളെ വഴിക്കും കെട്ടിയോനെ കെട്ടിയോന്റെ വഴിക്കും വിട്ട് ഞാൻ അവിടെ ഇരുന്നും നടന്നും മഞ്ഞു മലകളിൽ അള്ളിപിടിച്ചു കയറി തിരികെ ഊരിയിറങ്ങിയും ആസ്വദിച്ചു… നേരം വൈകും തോറും വെയിലിന്റെ ചൂട് കാരണം മഞ്ഞു കട്ടകൾ ഉരുകി തുടങ്ങിയപ്പോൾ ആകെ ചപ്ലി ചളി പിളിയായി തുടങ്ങി….
എത്ര നല്ല കാഴ്ചകൾ നമുക്ക് മുന്നിൽ വന്നാലും അത് കണ്മുന്നിൽ എത്തിയ മാത്ര നമ്മൾ ആസ്വദിക്കും പോലെ ആ ദിവസം മുഴുവൻ നമ്മളെ കൊണ്ട് ആകില്ല അവിടെ എത്ര മനോഹാരിത ഉണ്ട് എങ്കിലും മടുപ്പ് നമ്മളെ കഴിച്ചേ വേറൊരു മനുഷ്യനും ഉണ്ടാകും…
സേം എന്ന് പറയും പോലെ കുട്ടികൾക്ക് കാല് വേദന ആകുന്നു കൈ വേദന ആകുന്നു ചുണ്ടുകൾ പൊട്ടുന്നു വിറക്കുന്നു അങ്ങനെ വേണ്ട പരാതിയോ പരാതി…
ആറാട്ടിന് പോകുമ്പോൾ ആറു കാല് തിരികെ വരുമ്പോൾ എടുത്തു കൊണ്ട് പോകണം എന്ന നാട്ടു ചെല്ലിനെ ഞങ്ങൾ സത്യമാക്കി പുലർത്തി!!
പോയി ടാസ്‌കി വിളിയെടോ എന്ന് ഭീഷണി സ്വരത്തിൽ ഞാനും പിളേളറും കൂടെ കെട്ടിയോന്റെ ചെവിക്കരികിൽ പോയി അലമ്പ് ഉണ്ടാക്കി…
എന്തൊക്കെയായിരുന്നു ഇങ്ങോട്ട് വരുമ്പോൾ പറഞ്ഞത് ഇവിടെ കുറച്ചു ഡേ താമസിക്കണം അങ്ങനെ ആക്കണംഇങ്ങെനെ ആക്കണം എന്നിട്ടിപ്പോൾ എന്തായി ഒരാൾക്ക് പോലും വായിലെ നാവ് തന്നെ പൊന്തുന്നില്ലല്ലോ ഇത്ര യെ ഉള്ളു നിങ്ങൾ!!
ശരിക്കും സത്യം അത് തന്നെ ആയിരുന്നു എങ്ങനെയേലും തിരികെ പോക ദൂരമറിയാതെ വീട് എത്താൻ പറ്റട്ടെ എന്നൊക്കെയുള്ള പ്രാർത്ഥനയുമായി ആ സ്വപ്നഭൂമി അവിടെ ബാക്കിയാക്കി തിരികെ യാത്ര തുടങ്ങി….
വീണ്ടും പഞ്ചാബിൽ എത്തി അന്ന് ക്ഷീണമൊക്കെ മാറ്റി പിറ്റേ ദിവസം ഗോൾഡൻ ട്ടമ്പിൽ കാണാനായി യാത്ര തിരിച്ചു കൂട്ടത്തിൽ ചരിത്രസ്മാരക സ്ഥലങ്ങളും കണ്ടു… അന്നത്തെ ദിവസം തന്നെ തിരികെ ഡൽഹിക്ക്…
അവനോട് യാത്ര പറഞ്ഞു ആള് ഞങ്ങളെ തിരികെ സ്റ്റേഷനിൽ എത്തിച്ചു ആള് ആളുടെ ജോലി തിരക്കിലേക്ക് ഊളിയിട്ടു… തിരികെ പോകുമ്പോൾ ആള് പറഞ്ഞൊരു ഡയലോഗ് ഉണ്ട് ഇവിടെ ഭാര്യ യുമൊത്തു താമസിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് നാല് കഴിഞ്ഞു എന്നിട്ടും ഇത് വരെ ഞങ്ങൾക്ക് മണാലി എത്താൻ ഭാഗ്യം കിട്ടിയില്ല നിങ്ങൾക്ക് അതിന് സാധിച്ചല്ലോ എന്ന്… അത് ശരിക്കും ഒരു ഭാഗ്യം തന്നെയാണ്…
തിരികെ ഡൽഹിക്ക് എത്തി അവിടെ നിന്ന് താജ്മഹൽ പോയി കണ്ടു ഒരു പാട് കേട്ടറിഞ്ഞുള്ള അനുഭവങ്ങൾ ആ സ്ഥലവും കണ്മുന്നിൽ എത്തിയിരിക്കുന്നു.. ആ മാർബിൾ കൊട്ടാരത്തിലെ ഓരോ കഥകളും അവിടെ ചുറ്റി നടന്നു കാണുന്ന നേരത്ത് മനസ്സിലേക്ക് ഓടിയെത്തി…ബാക്കിയുണ്ടായിരുന്ന സമയത്തിൽ കൂടുതൽ അവിടെ ചെലവഴിച്ചു വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക്..
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്.. കണ്ണുകൾ കൊണ്ട് കാണുന്ന കാഴ്ചകൾ ഹൃദയത്തിലേക്ക് ഒപ്പിയെടുക്കുമ്പോൾ ആ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വീണ്ടുമവിടെയൊന്നും എത്താനായില്ല എങ്കിലും ആ ഓർമ്മകൾ നമ്മുടെ കൂടെ എന്നും കാണും…. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട അനുഭവങ്ങൾ കാഴ്ചകൾ ബാക്കിയുള്ള ജീവിതത്തിൽ ആ ഓർമ്മകൾ വല്ലാത്തൊരു അനുഭൂതിയായി മാറും തീർച്ച 💫



2 Comments
ശരിയാണ് ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണു തരുന്നത്. പുതിയ ഉണർവും ഊർജ്ജവും
നല്ല വിവരണം❤️🌹👌
പൊളി 👌