പ്രായത്തിന്റെ അവശത നിഴലിച്ചിരുന്നുവെങ്കിലും നല്ല ഐശ്വര്യം തുളുമ്പി നിന്നിരുന്നു ആ മുഖത്ത്. “മാധവ വാര്യർ” എന്റെ മുത്തശ്ശൻ. കുറച്ച് കാലം മാത്രമേ ഞങ്ങൾക്ക് ആ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നുള്ളൂ. മുത്തശ്ശനെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചതാണത്രെ. വില്ലൻ വേഷമായതിനാൽ പേടിച്ചു പിന്മാറി എന്ന് അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. കോയമ്പത്തൂർ ജോലി നോക്കിയിരുന്ന സമയത്ത് ആയിരുന്നു അത്.
പ്രായാധിക്യത്താലുള്ള അസുഖങ്ങൾ മുത്തശ്ശനെ ക്ഷീണിതനാക്കിയിരുന്നു. ഭക്ഷണം കഴിക്കുന്ന അളവ് കുറഞ്ഞു. വൈകുന്നേരങ്ങളിൽ എന്റെ രാധമ്മ, മുത്തശ്ശന് ഒരു ഗ്ലാസ് പാൽ കൊടുക്കുമായിരുന്നു. ഒരു ദിവസം പാൽ കുടിച്ചു കഴിഞ്ഞോ എന്നറിയാൻ പോയി നോക്കുമ്പോൾ പകുതി പാൽ കുടിച്ചിരിക്കുന്നു. ‘ബാക്കി പാൽ കൂടി കുടിക്കൂ അച്ഛാ’ എന്ന് പറഞ്ഞ് അമ്മ മുത്തശ്ശനെ ഒന്ന് തട്ടി വിളിച്ചു . അനക്കമില്ല നോക്കുമ്പോൾ ചുണ്ടിൽ പാൽമണം തേടിയെത്തിയ ഉറുമ്പുകൾ അരിക്കുന്നത് കണ്ടു.
‘മാധവിയേടത്തി…’ എന്ന് വിളിച്ച് ഉറക്കെ കരഞ്ഞുകൊണ്ട് അമ്മ അടുത്തുള്ള ബന്ധുവീട്ടിലേക്ക് ഓടി. എന്താമ്മേ എന്നുള്ള ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം പോലും തരാതെ. അന്ന് ഞാൻ അമ്മൂമ്മയുടെ കൂടെ അമ്പലത്തിൽ പോയില്ല. അനിയനും ഞാനും വീട്ടിൽ ഇരുന്ന് കളിക്കുന്നു. അമ്മാവൻ ക്രിക്കറ്റ് കളിക്കാൻ പോയിട്ട് വന്നില്ല. പെട്ടെന്ന് വീട്ടുമുറ്റത്ത് ആളുകൾ കൂടി എല്ലാം കണ്ടു പകച്ച് ഞങ്ങൾ ഒരു മൂലയിൽ മാറി ഇരുന്നു. മുത്തശ്ശന് അസുഖം കൂടി എന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്താ പിന്നെ ആശു്പത്രിയിൽ കൊണ്ടുപോകാത്തെ? ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ഞങ്ങൾ വീണ്ടും കളിയിൽ മുഴുകി. ആളുകൾ വന്നും പോയും കൊണ്ടിരുന്നു. ചിലർ കസേര ഒക്കെ ഇട്ടു മുറ്റത്ത് കൂട്ടം കൂടി ഇരിക്കുന്നു. അകത്തു നിന്നും അമ്മയും അമ്മൂമ്മയും ഒക്കെ കരയുന്ന ശബ്ദം ഒഴുകിയെത്തി. ഓടി അകത്തു കയറി. നോക്കുമ്പോൾ വിളക്ക് കത്തിച്ചു വെച്ച് മുത്തശ്ശനെ വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്നു. എന്ത് പറ്റി? എങ്ങനെ ആയിരുന്നു? എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് അമ്മയും അമ്മാവനും ഒക്കെ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങൾ അവസാനം ആ സത്യം മനസ്സിലാക്കി. മുത്തശ്ശൻ മരിച്ചു.. ഇനി സ്വർഗത്തിലേക്ക് പോവുകയാണ് എന്ന്.
പിറ്റേന്ന് വീടിന് പുറകിൽ പോയപ്പോൾ കുറച്ചുപേർ മുത്തശ്ശനെ അടക്കാനുള്ള സ്ഥലം വൃത്തിയാക്കുന്നു. മുൻവശത്തെ മാവ് മുറിച്ചിരിക്കുന്നു ചിത ഒരുക്കാൻ… അങ്ങനെ എല്ലാവരും ഓടിനടന്ന് എന്തൊക്കെയോ ചെയ്യുന്നു. കുറെ കഴിഞ്ഞപ്പോൾ മുത്തശ്ശനെ എടുത്തുകൊണ്ട് അമ്മാവനും മറ്റും ചിത ലക്ഷ്യമാക്കി നടന്നു. ചടങ്ങുകൾ ഓരോന്നായി കഴിഞ്ഞു. ചിത കത്തിത്തുടങ്ങി… പെട്ടെന്ന് ഞങ്ങളോട് ഇനി അവിടെ നിൽക്കണ്ട.. ഇങ്ങോട്ടു വരൂ എന്ന് അമ്മയുടെ തൊണ്ട അടഞ്ഞുള്ള വിളി. ഓടി അമ്മയുടെ അടുത്തു ചെന്നിരുന്നു. എല്ലാം കഴിഞ്ഞ് മുത്തശ്ശൻ ഒരു പിടി ചാരമായി മാറി. ആ ഗന്ധം വീട് മുഴുവൻ തളം കെട്ടി നിന്നു വീട്ടിനുള്ളിൽ നിന്നും ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ട് മുത്തശ്ശൻ സ്വർഗത്തിൽ പോകുന്നതും നോക്കി ഇരുന്നപ്പോൾ “ട്ടോ” എന്നൊരു ശബ്ദം. തലയോട്ടി പൊട്ടിയ ശബ്ദം. പേടിച്ചു പോയി.
അന്ന് രാത്രി മുത്തശ്ശൻ എന്റെ സ്വപ്നത്തിൽ വന്നും പോയും കൊണ്ടിരുന്നു.. ചിരിച്ച മുഖവുമായി.
മരണം എന്നത് എന്താണ് എന്ന്ഞാൻ മനസ്സിലാക്കുന്നത് മുത്തശ്ശന്റെ വിയോഗത്തിലൂടെ ആണ്. എത്ര മാത്രം വേദന ഉണ്ടാക്കിയാണ് മരണം എന്ന സത്യം നമ്മുടെ മുന്നിലൂടെ കടന്ന് പോകുന്നത്. ഉള്ളപ്പോൾ അയാളുടെ വില മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നത് പലപ്പോഴും പലരിൽ നിന്നും കേട്ടിട്ടുള്ള ഒരു വാചകം ആണ്. നമ്മളിൽ നിന്നും വിട്ടുപോയതിനുശേഷമുള്ള പ്രായശ്ചിത്തങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല.
ഒരു മുന്നറിയിപ്പും കൂടാതെ ഒരുനാൾ നിശ്ചയമായും കടന്നു വരുന്ന അതിഥി ആണ് മരണം. ഇത് മനസ്സിലാക്കി പരസ്പരസ്നേഹത്തിനും ബഹുമാനത്തിനും ഊന്നൽ കൊടുക്കുക. അങ്ങനെയെങ്കിൽ ആ “സത്യം” നമ്മളെ ചുംബിക്കുമ്പോൾ അടുത്തിരിക്കാൻ ആരെങ്കിലും ഉണ്ടാകും.


5 Comments
മുന്നറിയിപ്പില്ലാതെ വരുന്ന മരണത്തെക്കുറിച്ചുള്ള എഴുത്ത് ഹൃദയസ്പർശിയായി.❤️
🙏
അതെ, മരണത്തിന്റെ ആകസ്മികത ചെറിയ പിണക്കങ്ങളും പരിഭവങ്ങളും എത്ര വ്യർത്ഥമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
❤️🙏🏻
പ്രണാമം🌹🌹🌹🙏🙏🙏🙏 നന്നായി എഴുതി👌👍❤️💯🙏🙏
❤️🙏🏻