ഇരുഭാഗത്തും കൈതോല നിറഞ്ഞ തോടിന്റെ പാലത്തിലൂടെയിറങ്ങി പാടവരമ്പലിലൂടെ നടന്നു കയറുമ്പോൾ പിന്നിൽ നിന്നൊരു വിളി.
“ശ്രീദേവി ടീച്ചറെ…
മകൻ അവിടെ ഉണ്ടെങ്കിൽ ഇത്രടം വരെ ഒന്നു വരാൻ പറയു… “
ആലോചനക്കിടയിൽ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി
പടിപ്പുരക്ക് മുന്നിൽ നിന്ന ചിത്രൻ നമ്പൂതിരിപ്പാടാണ്.
” ഇല്ല വരാൻ രണ്ടു ദിവസം കഴിയും എന്തെ?”
വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ് പടിപ്പുരക്കൽ നിറഞ്ഞ് നിൽക്കുന്നയാളെ നോക്കി ശ്രീദേവി പറഞ്ഞു.
“ടാക്സിന്റെ പേപ്പറുകൾ ശരിയാക്കാൻ ഉണ്ടായിരുന്നു. കൃഷ്ണചന്ദ്രൻ ബഹു മിടുക്കനാ…
കഴിഞ്ഞ പ്രാവശ്യം അയാളാ എല്ലാം ശരിയാക്കിത്തന്നത്. “
മകനെക്കുറിച്ച് കേട്ട നല്ല വാക്കുകൾ കാതിൽ തേൻമഴയായി പെയ്തിറങ്ങി.
” കൃഷ്ണൻ വന്നാൽ വരാൻ പറയാം “
പുഞ്ചിരിയോടെ പറഞ്ഞു.
നല്ല പെൻഷനല്ലേ… പോരെങ്കിൽ അസാരം സ്വത്തും… അപ്പോൾ ഇത്തിരി സർക്കാറിലേക്ക് കൊടുക്കട്ടെ. തിരിഞ്ഞു നടക്കുന്നതിനിടയിൽ ശ്രീദേവി മനസ്സിൽ പറഞ്ഞു.
പാടവരമ്പത്ത് നിന്ന് കനാലിലേക്ക് കയറുമ്പോൾ അതിന്റെ ചെരുവിലിരിക്കുന്ന ഒരു പറ്റം മയിലുകളെ കണ്ടു. ചിലത് കൊത്തിപ്പെറുക്കി നടക്കുന്നു. മറ്റുചിലത് വട്ടമിട്ട് കളിക്കുന്നു. ഇത്രയെണ്ണം ഇവിടെ കടന്നു കളിച്ചാലും ഒരു പീലിപോലും പൊഴിക്കില്ല.
എന്നാലും കണ്ണുകൾ വെറുതെ പീലിക്കായ് തിരഞ്ഞു കൊണ്ടിരുന്നു. കനാലിനപ്പുറമുള്ള റോഡ് മുറിച്ച് കടന്നാൽ അമ്പലമാണ്.
എത്ര കാലമായി ഇങ്ങനെ ഒറ്റക്കു നടന്നിട്ട്… പ്രസാദേട്ടന്റെ പ്രവാസ വാസത്തിന്റെ സമയത്താണിതു പോലെ നടന്നു പോയിരുന്നത്. ഇന്ന് കക്ഷിക്ക് തിരക്കായതിനാൽ വണ്ടിയാത്ര ഒഴിവായി വീണു കിട്ടിയ അപൂർവ്വാവസരം…
സായാഹ്നത്തിലെ അരുണിമ ചൊരിയുന്ന പ്രഭയിൽ ഇളം കാറ്റിന്റെയകമ്പടിയിൽ ഗ്രാമം കൂടുതൽ സുന്ദരിയായപോലെ.
ആൽത്തറക്കു സമീപം ഒരു പറ്റം ചെറുപ്പക്കാർ കൂടിയിരുന്ന് വർത്തമാനം പറയുന്ന തിരക്കിലാണ്.
പെട്ടെന്നതിലൊരാൾ ശബ്ദം താഴ്ത്തിപ്പറയുന്നത് കേട്ടു. നമ്മുടെ കൃഷ്ണചന്ദ്രന്റെ അമ്മയാ.. തങ്ങളെ പറ്റിയുള്ള പരാമർശം കേട്ടപ്പോൾ അറിയാതെ ശ്രദ്ധിച്ചു
” ഏത് ? സി. എ ക്കാരന്റെയോ “
” ആ കക്ഷിയുടെതന്നെ.
അറിയില്ലെ ? നമ്മുടെ സംഘടനയുടെ അക്കൗണ്ടെല്ലാംശരിയാക്കി ത്തരുന്നത് കൃഷ്ണചന്ദ്രനാ.. “
അവരുടെ സംസാരച്ചരട് പൊട്ടിക്കേണ്ടെന്ന് കരുതി കേൾക്കാത്ത ഭാവത്തിൽ ആരേയും നോക്കാതെ മനസ്സിൽ ചിരിച്ചു കൊണ്ടവർ നടന്നുനീങ്ങി.
ചെരിപ്പൂരിവെച്ച് അമ്പലനട കയറുമ്പോൾ ഒരാൾ പരിചയഭാവത്തിൽ ചിരിച്ചു.
പഴയ പരിചയക്കാരോ ബന്ധുക്കാരോ ആവുമെന്നു വിചാരിച്ച് ഓർത്തെടുക്കാൻ നോക്കി.
” കൃഷ്ണചന്ദ്രന്റെ അമ്മയല്ലേ…
ഞങ്ങൾ ഇവിടെ പുതുതായി വന്നവരാ
മോനെ നല്ല പരിചയമുണ്ട്.
രണ്ടാഴ്ച മുൻപ് ചുറ്റുവിളക്കിൻറന്ന് മോന്റെയൊപ്പം വിളക്കു കത്തിക്കുന്നത് കണ്ടു. “
” അതേയോ സന്തോഷം. “
ചിരിച്ചുകൊണ്ട് ശ്രീദേവി പറഞ്ഞു.
അമ്പലമതിലിനുള്ളിൽകണ്ട പലരുടേയും ചുണ്ടുകളിൽ നിന്നുയർന്നുവന്ന കൃഷ്ണചന്ദ്രന്റെയമ്മയല്ലേയെന്ന ചോദ്യത്തിന് പുഞ്ചിരിയോടെ മറുപടി നൽകിക്കൊണ്ടിരുന്നു..
തൊഴുതിറങ്ങുമ്പോൾ ശ്രീദേവിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. മകൻ ഉയരങ്ങളിലെത്തുന്നതിലും തിരിച്ചറിയപ്പെടുന്നതിലുമുള്ള സന്തോഷം മനസ്സിലലയടിക്കുമ്പോഴും മനസ്സിന്റെയേതോകോണിലൊരുവിങ്ങൽ… ഒരാൾ പോലും തന്നെ തിരിച്ചറിയുന്നില്ല. ജനിച്ചു വളർന്ന നാട്ടിൽ ഇപ്പോൾ ശ്രീദേവി കൃഷ്ണചന്ദ്രന്റെ അമ്മയായി മാറി.
അകലെയുള്ള സ്കൂളിലേക്ക് മോനേയുംകൂട്ടി പോവുന്നസമയത്ത് നാട്ടുകാരെല്ലാം ശ്രീദേവിടീച്ചറും മോനും പുറപ്പെട്ടു എന്ന് പറഞ്ഞിരുന്നതോർത്തു.
സ്കൂളിലും ശ്രീദേവിടീച്ചറുടെ മോൻ കൃഷ്ണചന്ദ്രനായിരുന്നു.
ഇപ്പോൾ പൊടുന്നനെ വിശേഷണം തിരിയുന്നു.
വീട്ടിലെത്തി വേഷംമാറി ഉമ്മറത്തേക്കുവന്നു.
ഏറെനേരം
സ്വയം സൃഷ്ടിച്ച മൗനവാൽമീകത്തിനകത്തു ചേക്കേറി.
അലക്ഷ്യമായി നോക്കുന്നതിനിടയിൽ
ഷോകേസിൽ എന്തൊ വ്യത്യാസംതോന്നി. ഒന്നുകൂടി നോക്കി.
തനിക്ക് കിട്ടിയ ഷീൽഡും ട്രോഫിയുമൊന്നും കാണുന്നില്ല. പകരം ലാമിനേറ്റ് ചെയ്ത കൃഷ്ണന്റെ കോൺവെക്കേഷൻ ഫോട്ടോയും സർട്ടിഫിക്കറ്റും സ്ഥാനം പിടിച്ചിരിക്കുന്നു.
“പ്രസാദേട്ടാ ഇവിടെയിരുന്നിരുന്ന എന്റെ ഷീൽഡും ട്രോഫിയുമൊക്കെ യെവിടേ… “
കോപാധിക്യത്തിൽ ശബ്ദം വളരെ പരുഷമായിരുന്നു.
“ബുക്ക് ഷെൽഫിലിരിപ്പുണ്ട്. “
അലക്ഷ്യതയിൽ കുതിർന്ന സ്വരം കേട്ടപ്പോൾ തോന്നിയ അരിശം മനസ്സിലൊതുക്കി പിൻഭാഗത്തെ വരാന്തയിലെ പുസ്തക കൂടാരത്തിനടുത്തേക്ക് നടന്നു.
പൊടിപിടിച്ച പുസ്തകങ്ങൾക്കിടയിൽ പെട്ട് ഞെങ്ങിഞെരുങ്ങി ദയനീയമായിരിക്കുന്ന ട്രോഫിയും തലകീഴായി തൂങ്ങിയാടുന്ന ഫീൽഡും കണ്ടപ്പോൾ തോന്നിയ വികാരം പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമായിരുന്നു.
വർഷങ്ങൾക്കുമുൻപ് ദേശീയ തലത്തിൽ മികച്ച അധ്യാപികയുടെ പുരസ്കാരം ലഭിച്ചപ്പോൾ പോവാൻ താല്പര്യമില്ലാതിരുന്നിട്ടും പ്രസാദേട്ടൻറ നിർബന്ധത്തിൽ ഡൽഹിയിൽപോയി വാങ്ങിവന്ന ബഹുമതിപത്രങ്ങളാണിപ്പോൾ അലമാരക്കുള്ളിൽ അനാഥമായിക്കിടക്കുന്നതെന്ന ചിന്തയവളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.
മൂന്നുനാലു വർഷമായി വീട്ടിനകത്തെ ഒതുങ്ങിക്കൂടലിൽ കാലം വരുത്തിയ മാറ്റം ചില്ലറയല്ലെന്ന തിരിച്ചറിവ് ശ്രീദേവിയെ വല്ലാതെയലട്ടി.
കൊറോണക്കാലവും അമ്മയുടെ അസുഖങ്ങളുമെല്ലാം കാരണം അകാലത്തിൽ പടിയിറങ്ങിയ വിദ്യാലയത്തിലേക്ക് തിരികേയണയാൻ മനസ്സു തുടിച്ചു.
പ്രിൻസിപ്പളെയൊന്നു വിളിച്ചാലോ…
പതുക്കെ ഫോണെടുത്തു.
“ആഹാ… ശ്രീദേവിയോ ഞാനങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. തന്റെ നാട്ടുകാരി ഒരു വീണാ സുനിൽ ഇന്നലെ ഇൻറർവ്യൂവിനു വന്നിരുന്നു. ശ്രീദേവിയെ അറിയില്ല. മോനെ അറിയാം എന്നു പറഞ്ഞു. അമ്പലത്തിനടുത്താ വീട്. മിടുക്കിയാണെന്ന് തോന്നുന്നു. മോനോടു കൂടിയൊന്നു ചോദിച്ചു വിവരം പറയണേ… “
” പറയാം സർ “
ഔപചാരികമായി രണ്ടു വാക്കു സംസാരിച്ച് പറയാൻ വന്നതു മുഴുവൻ വിഴുങ്ങി ഫോൺ വെക്കുമ്പോൾ മനസ്സിലോർത്തു.
ഇറങ്ങുമ്പോൾ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു. ഭൂഗോള സ്പന്ദനത്തെ അലങ്കാര പുഷ്പങ്ങളാക്കി ക്ലാസ്മുറികളെ ധന്യമാക്കുന്ന ശ്രീദേവി ടീച്ചർക്ക് വേണ്ടി ഈ വിദ്യാലയത്തിന്റെ വാതിലുകൾ സദാ തുറന്നു കിടക്കും, എന്നിട്ടിപ്പോൾ… ഭാഗ്യം പേരു മറന്നിട്ടില്ല.
എല്ലാം മണ്ണടിഞ്ഞ സ്വപ്നങ്ങൾ… പൊടിപിടിച്ച പഴയപുസ്തക ഷെൽഫിനകത്തെ ട്രോഫിയെ നോക്കി നെടുവീർപ്പോടെ നിൽക്കുമ്പോൾ രണ്ടു കൈകൾ ട്രോഫികൾ എടുത്ത് ഷോകേസിനകത്തേക്ക് തിരിച്ചു വെക്കുന്നതുകണ്ടു.
അമ്പരപ്പോടെയാമുഖത്തേക്ക് നോക്കിനിന്നു.
പുതിയ തലമുറകൾക്കായ് പഴയവർ വഴിമാറുന്നത് സ്വാഭാവികം… പക്ഷേ, ശ്രീദേവി ടീച്ചറുടെ കണ്ണുനനഞ്ഞുകൊണ്ടൊന്നും വേണ്ട…
ഇനിയിപ്പോൾ ഇതിന്റെ പേരിലൊരു പെരുന്തമ്മ സിൻഡ്രോം വന്നാലോ…
ചമ്മലോടെ ചിരിച്ചുനിന്ന ശ്രീദേവിയുടെ ചുമലിൽ തട്ടി പുഞ്ചിരിച്ചുകൊണ്ട് പ്രസാദ് പറഞ്ഞപ്പോൾ പൊടിയിൽ നിന്നു രക്ഷപ്പെട്ട പുരസ്കാരങ്ങളും ചിരിതൂകി.


17 Comments
Manoharam aayittund.oru cheriya novu feel cheydu.nannayi ezudhii
Thanks❤️
സുന്ദരം … ..വർഷങ്ങളോളം എൻ്റെ വിദ്യാലയം എന്ന് ഊറ്റം കൊണ്ടു നടന്ന ഇടത്ത് നമ്മൾ ആരുംഅല്ലാതെ ആവുന്നത് എത്ര പെട്ടന്നാണ്.. ഹൃദ്യമായ കഥ .. കണ്ണ് നനഞ്ഞോ എന്നൊരു സംശയം
Manoharam aayittund.oru cheriya novu feel cheydu.nannayi ezudhii
സ്നേഹം
സ്നേഹം
സന്തോഷം സ്നേഹം
നന്നായി എഴുതി.. ഇഷ്ട്ടായി 😍
നന്നായി എഴുതി 👌. വ്യത്യസ്തമായ ആശയം
വളരെ മനോഹരമായ ഒരു കഥ…💐വായിച്ചപ്പോൾ ഞാനെൻ്റെ അമ്മയെ ഓർത്തു പോയി.
നല്ല കഥ❤️👌🌹
ഒരു വ്യത്യസ്തമായ വീക്ഷണം…. നന്നായിട്ടുണ്ട് 👍🏻
നല്ല രചന.
👍
സൂപർ👌👍👍🙏🙏💯💯
വ്യത്യസ്തമായ ആശയം നന്നായെഴുതി. ഇഷ്ടപ്പെട്ടു.❤️❤️
സന്തോഷം
സ്നേഹം