രാത്രിയുടെ ഇരുട്ടിൽ, നിശബ്ദതയുടെ ഏകാന്തതയിൽ, തനിച്ചായില്ലെന്നു തോന്നിപ്പിക്കാൻ മിന്നിമായുന്ന മിന്നാമിനുങ്ങുകൾ. ആകാശത്തിലെ നക്ഷത്രങ്ങൾക്ക് പകരമാകാൻ കഴി യില്ലെന്നറിഞ്ഞിട്ടും അന്തരീക്ഷത്തിലും ചില കരിനിഴൽ ബാധിച്ച ജീവിതങ്ങളിലും ചെറിയ നിമിഷത്തേക്കെങ്കിലും വെളിച്ചം പകരാൻ പറക്കുന്ന മിന്നാമിന്നികൾ.
മിന്നാമിന്നികളെ എണ്ണി തീരും മുമ്പ് ഫോൺ ബെല്ലടിച്ചു.ധൃതിയിൽ അവൾ ഫോണെടുത്ത് ചെവിയിൽ വച്ചു.
” ഹലോ ഇതാരാ ജീവയാണോ? ”
“ഇത് പോലീസ് സ്റ്റേഷനിൽ നിന്നാ. നിങ്ങളുടെ അഡ്രസ്സിൽ ഒരു കുട്ടിയെ കാണ്മാനില്ലായെന്ന പരാതി കിട്ടിയിട്ടുണ്ടല്ലോ.” അയാളുടെ കനത്ത ശബ്ദത്തിൽ മുത്തിയമ്മക്ക് പേടിതോന്നിയെങ്കിലും അവൾ കൗതുകത്തോടെ ചോദിച്ചു.
” അവളെ കുറിച്ച് വല്ല വിവരവും……..?
“കിട്ടി, പക്ഷേ നിങ്ങൾ സ്റ്റേഷൻ വരെ വരേണ്ടിവരും.”
“ഈ രാത്രിയിലോ? മക്കളാരുമിപ്പോൾ ഇവിടെ ഇല്ല. ഞാൻ തനിച്ചെങ്ങനെ …….”
മുത്തിയമ്മ മുഴുവിക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു.
“ഞാൻ വണ്ടി അയക്കാം. പരാതിയിൽ പറയുന്ന അഡ്രസ്സിലാണോ ഇപ്പോൾ?”
അവൾ മൂളി ഉം…..
പോലീസ് വണ്ടി കാത്തിരിക്കും നേരം ഒരു കുന്നോളം ചിന്തകൾ മുത്തിയമ്മയിൽ നിറഞ്ഞു.
” മോൾക്ക് വല്ല ആപത്തും വന്നിട്ടുണ്ടാകുമോ? അതുമല്ലെങ്കിൽ ആരുടെയെങ്കിലും കൂടെ ജീവിക്കാൻ ഇറങ്ങിയതാകുമോ? രണ്ടാമത്തേതായാൽ തനിക്ക് സഹിക്കാനും പൊറുക്കാനും കഴിയും.”
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ആശ്വാസത്തിന്റെ ചെറിയൊരു തിളക്കം വന്നു.
പെട്ടെന്ന് ആരോ വാതിലിൽ മുട്ടി. പോലീസായിരിക്കുമെന്ന് കരുതി മുത്തിയമ്മ വാതിൽ തുറന്നതും ഒരാൾ വേഗത്തിൽ മുറിയിലോട്ട് കയറി. മുഖം തൂവാല കൊണ്ടും, കണ്ണ് കറുത്ത ഗ്ലാസ്സ് കൊണ്ടും മറച്ച അവൻ കിതയ്ക്കുന്നുണ്ടായിരുന്നു.
“ആരാ……?” മുത്തിയമ്മയുടെ
വാക്കുകൾ വിറയലിൽ ചിതറി തെറിച്ചു.
” അമ്മേ ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല, എനിക്ക് ഒളിക്കാൻ ഒരിടം തരുമോ.”
“ആരാ നീ,വേഗം ഇറങ്ങി പോ….. ഇപ്പോളിവിടെ പോലീസെത്തും.” അവൾ കുറച്ച് ധൈര്യത്തോടെ പറഞ്ഞപ്പോൾ കയ്യിൽ കരുതിയ കത്തിയെടുത്ത് അയാൾ മുത്തിയമ്മയെ ഭയപ്പെടുത്തി. അവൾ പേടിച്ചു വിറച്ചു പറഞ്ഞു.
” എന്റെ മകളെ കാണാനില്ലായെന്ന പരാതിയിൽ പോലീസ് അന്വേഷിക്കാൻ ഇപ്പോളെത്തും ”
പറഞ്ഞു തീർന്നതും പോലീസ് വണ്ടി മുറ്റത്തെത്തി. പരിഭ്രാന്തനായ അവൻ താനിവിടെയുള്ള കാര്യം പറയരുതെന്ന് താക്കീത് ചെയ്‌ത് അടുക്കളയിൽ കയറി ഒളിച്ചു.
ജീവയെ മുത്തിയമ്മ പ്രസിവിച്ചിട്ടില്ലെങ്കിലും, പേറ്റ് നോവിൽ വെന്തുരുകി തന്നെയാണ് മുത്തിയമ്മ ജീവയെ വളർത്തിയത്. ഒരു വലിയ ബംഗ്ലാവിൽ ചോരക്കുഞ്ഞിനെ കൈകളിലെടുത്തപ്പോൾ പൊക്കിൾകൊടിബന്ധത്തിന്റെ കെട്ടഴിച്ച് മാറ് ചുരക്കാൻ മറക്കാത്ത മാതൃതം. ജീവയുടെ അമ്മ അവളെ പ്രസവിച്ചപ്പോളെ മരിച്ചിരുന്നു. മുത്തിയമ്മ തന്റെ ഇളയ മകനെ പ്രസവിച്ചിട്ട് മാസങ്ങൾ കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളു. മുത്തിയമ്മയ്ക്ക് രണ്ട് കുഞ്ഞുങ്ങളെയും പാലൂട്ടുന്നതിൽ സന്തോഷമായിരുന്നു. അങ്ങനെ ജീവയും അനൂപും ഇരട്ടകുട്ടികളെ പോലെ തുള്ളിചാടി വളർന്നു. രണ്ട് പേർക്കും ഏട്ടനായ് അനിലും.
ഏട്ടന് അനൂപിനെക്കാൾ സ്നേഹം ജീവയോടാണെന്ന പരാതി അനൂപിനുണ്ടായിരുന്നെങ്കിലും അവനും ജീവയെ ജീവനായിരുന്നു.ജീവയുടെ അച്ഛനും ബന്ധുക്കളും, അവരുടെ വേലക്കാരിയായി മുത്തിയമ്മയെ ഒരിക്കലും കണ്ടിട്ടില്ല. മക്കളെല്ലാവരും മുത്തിയമ്മയെ മത്സരിച്ചു സ്നേഹിച്ചു.
കാലം കൺമുന്നിലൂടെ തെന്നിമാഞ്ഞതറിയാതെ,
മക്കളെല്ലാം വളർന്ന് വലുതായ്. ജീവയുടെ കോളേജിൽ തന്നെയാണ് മുത്തിയമ്മയുടെ മക്കളെയും ജീവയുടെ അച്ഛൻ പഠിപ്പിച്ചിരുന്നത്. അദ്ദേഹം എല്ലാ സഹായങ്ങളും ആ കുടുംബത്തിന് ചെയ്തു കൊടുത്തിരുന്നു.
കോളേജിലെ റാഗിംഗ് കൂട്ടത്തിലെ നേതാവാ യിരുന്നു ജീവ. പുതിയ കുട്ടികളെ റാഗ് ചെയ്യുന്നത് അവൾക്കെന്നും ഹരമായിരുന്നു. ഏട്ടന്മാരുടെ ശകാരത്തിലവൾക്ക് യാതൊരു മാറ്റവുമുണ്ടായില്ല.
അങ്ങനെ ഒരു ദിവസം പുതിയതായ് വന്ന പൂച്ച കണ്ണുകളുള്ള,മെലിഞ്ഞ് വെളുത്ത സുന്ദരിയായ ബ്ലെസ്സിയെന്ന പെൺകുട്ടിയെ ജീവ നോട്ടമിട്ടു. അവളെ കാണുമ്പോൾ ജീവ അവളെ പരിഹസിക്കുകയും പേടിപ്പിക്കുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരെല്ലാം ഇതൊരു തമാശയായെടുത്തപ്പോൾ ബ്ലെസ്സിയുടെ മനസ്സിൽ വൈരാഗ്യമായിരുന്നു.
അതേ കോളേജിലുള്ള ജീവയുടെ മൂത്ത ഏട്ടൻ അനിലിന് ബ്ലെസ്സിയിൽ ഒരു ആകർഷണം തോന്നുകയും പിന്നീട് അതൊരു പ്രണയമായി വളരുകയും ചെയ്തു. കുറച്ച് വർഷങ്ങൾ കൊണ്ട് ഇരുവരും കൂടുതൽ അടുക്കുകയും ബ്ലെസ്സിയും അനിലും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനിടയിൽ ജീവയോടുള്ള അനിലിന്റെ പെരുമാറ്റം ബ്ലെസ്സിയിൽ അവളോടുള്ള വെറുപ്പ് കൂടാൻ ഇടയാക്കിയെങ്കിലും കഥകൾ ബ്ലെസ്സിക്ക് അറിയാവുന്നതുകൊണ്ടും, അവൾ അനിലിനെ അത്രയ്ക്ക് സ്നേഹിച്ചിരുന്നത് കൊണ്ടും അവൾക്ക് മറിച്ചൊന്നും പറയാനായില്ലായിരുന്നു.
ബ്ലെസ്സിക്ക് ജീവയോടുള്ള ദേഷ്യം ഓരോ ദിവസവും കൂടി വന്നെങ്കിലും ജീവയ്ക്ക് അവളോട് യാതൊരു പിണക്കവുമി ല്ലായിരുന്നു. മാത്രമല്ല ഈ സുന്ദരികുട്ടിയെ വിവാഹം ചെയ്യുന്നതിൽ അവൾ ഏട്ടന്റെ പക്ഷത്തായിരുന്നു.
വിവാഹശേഷം വീട്ടിലെ സ്ഥിരം സന്ദർശകയായ ജീവയുടെ അമിതമായ സ്വാതന്ത്ര്യത്തെ ബ്ലെസ്സിക്ക് കണ്ടുനിൽക്കാനായില്ല. ജീവയുടെ പിറന്നാൾ ആഘോഷിക്കാൻ ആ കുടുംബം തയ്യാറെടുത്തുകൊണ്ടിരുന്നപ്പോൾ അനിൽ അവൾക്ക് സമ്മാനം വാങ്ങുന്ന കാര്യം ബ്ലെസ്സിയോട് പങ്കുവച്ചു.
” നിങ്ങൾ ഒരമ്മ പ്രസവിച്ച മക്കളൊന്നും അല്ലല്ലോ ഇത്രയും സ്നേഹിക്കാൻ.”
അതിന് മറുപടി അവളുടെ കവിൾതടത്തിലാണ് പതിഞ്ഞത്. ആ നിമിഷം കോളേജിലെ റാഗിംഗ് നിമിഷങ്ങൾ ബ്ലെസ്സിയുടെ മനസ്സിൽ തികട്ടി വന്നു കൊണ്ടിരുന്നു.അത് കേട്ട്കൊണ്ട് വന്ന അനൂപും അവളോട് കയർത്തു സംസാരിച്ചു. ഇതെല്ലാം കേട്ടുകൊണ്ട് വന്ന ജീവയുടെ ചുമന്ന് തുടുത്ത കണ്ണുകളിലേക്ക് നോക്കാനാകാതെ ഏട്ടനും അനിയനും തല കുനിച്ചു നിന്നു. അമ്പലത്തിൽ പോയ മുത്തിയമ്മ ഇതൊന്നും അറിഞ്ഞില്ല.
മുത്തിയമ്മ പ്രസവിച്ച കുട്ടി ആണ് ജീവയെന്ന് അവൾ തന്നിൽ തട്ടി അകന്ന് പോകുന്ന കുളിർകാറ്റിനോട് മന്ത്രിക്കുമായിരുന്നു. ആ കാറ്റ് അതേറ്റുപാടാൻ ലോകം മുഴുവൻ കറങ്ങിക്കൊണ്ടിരിക്കും. അങ്ങനെ ഓരോ പുൽക്കൊടിയെയും, ശ്വാസവായുവിനെയും വിശ്വസിപ്പിച്ചിരിക്കുകയാണ് അവൾ.മുത്തിയമ്മയ്ക്ക് അത്ര യ്ക്ക് പ്രിയപ്പെട്ടവളാണ് ജീവ.
ജീവ അവളുടെ കാറുമെടുത്തുകൊണ്ട് വേഗത്തിൽ പാഞ്ഞുപോയി. ജീവയുടെ പിറകെ പോകണമെന്ന് അനൂപിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആശ്വസിപ്പിക്കാൻ പാടുപെടുമെന്നറിയാവുന്നതുകൊണ്ട് തന്നെ അവൻ അതിന് തുനിഞ്ഞില്ല. ബ്ലെസ്സിയുടെ കോപത്തിന് ശമനം വന്നതുപോലെ അവൾ കവിളിൽ തലോടി കരഞ്ഞു കൊണ്ടിരുന്നു. ആ പൊട്ടിത്തെറിയിൽ ബ്ലെസ്സിയുടെ കാലത്തോളം ഊതി വീർപ്പിച്ച വൈരാഗ്യത്തിന്റെ ബലൂൺ കാറ്റ് പോയതുപോലെ ചുങ്ങിചുരുങ്ങി.
സന്ധ്യയായപ്പോൾ ജീവ യുടെ അച്ഛന്റെ ഫോൺ വന്നു. ” ജീവ ഇതുവരെ വീട്ടിൽ വന്നില്ല. അവളുടെ ഫോൺ ഓഫാണ്. അവളോട് പെട്ടെന്ന് വരാൻ പറ. അവളവിടെ ഉണ്ടെന്നറിയാവുന്നത് കൊണ്ടാണ് ഞാൻ തിരയാതിരുന്നത്. ”
അയാളുടെ സംസാരത്തിൽ അനിലിന് ഒരു പരിഭ്രമം. അവൻ നടന്നതെല്ലാം അയാളോട് പറഞ്ഞു.
അവർ, അവൾ പോകാൻ സാധ്യതയുള്ള എല്ലായിടത്തും പോയ് നോക്കി. എവിടെയും അവളെ കാണാത്തതുകൊണ്ട് പോലീസിൽ പരാതി നൽകി.
ഇതിനെല്ലാം സാക്ഷിയായി മുറിക്കുള്ളിൽ പേടിച്ചരണ്ടിരിക്കുന്ന ബ്ലെസ്സി ഇത്രയ്ക്കൊന്നും കരുതിയിരുന്നില്ല. കുറ്റബോധം കൊണ്ട് ജീവയ്ക്കു വേണ്ടി ബ്ലെസ്സി ഉരുകി പ്രാത്ഥിച്ചു. മുത്തിയമ്മ ഇതിനകം ജീവയെ കാണാനില്ലയെന്ന വാർത്തയറിഞ്ഞു. പണ്ട് ചെറുപ്പത്തിൽ മുത്തിയമ്മയൊന്നു വഴക്കുപറഞ്ഞാൽ എവിടെങ്കിലും പോയ് ഒളിച്ചിരിക്കും. പിന്നീട് ഇരുന്ന് മടുക്കുമ്പോൾ തന്നെ ഇറങ്ങി വരും. ഒരിക്കൽ ഏട്ടനോട് പിണങ്ങി അവൾ വീട്ടിൽ നിന്നും ഇറങ്ങി ഓടിയതും, പലഹാരം വിൽക്കുന്ന ചേച്ചി കണ്ട് തിരിച്ചുകൊണ്ടുവന്നതും മുത്തിയമ്മ ഓർത്തു. ഇന്നിതാരോട് പിണങ്ങിയാണോ പോയതെന്ന് അവൾ സ്വയം ചോദിച്ചു.
അനിലും, അനൂപും ബ്ലെസ്സിയോട് കയർത്തുകൊണ്ട് അവളെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ തീരുമാനിച്ചു. അമ്മയെ വീട്ടിൽ തനിച്ചാക്കി അവർ അടുത്ത് തന്നെയുള്ള ബ്ലെസ്സിയുടെ വീട്ടിലെത്തി.
അവിടെ വന്നപ്പോൾ ജീവയുടെ കാർ മുറ്റത്ത് കിടക്കുന്നു. ഉള്ളിൽ നിന്നും സംസാരം കേൾക്കാം. ജീവ ബ്ലെസ്സിയുടെ മാതാപിതാക്കളോട് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും ഒറ്റ മകളായതിനാൽ ബ്ലെസ്സിയുടെ വാശി അവർക്കറിയാമായിരുന്നു. ബ്ലെസ്സിയെ പറഞ്ഞു മനസ്സിലാക്കാമെന്ന് ജീവയ്ക്ക് വാക്ക് കൊടുത്തുകൊണ്ടിരിക്കുമ്പോളാണ് അവർ എത്തിയത്. ജീവ സുരക്ഷിതയാ ണെന്നറിഞ്ഞതും അനിൽ പോലീസിൽ വിളിച്ച് വിവരമറിയിച്ചു.
ബ്ലെസ്സിക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവൾ ജീവയെ കെട്ടിപിടിക്കുകയും, എല്ലാവർക്കും സന്തോഷമാകുകയും ചെയ്തു. ഉടനെ തന്നെ വിവരമറിഞ്ഞു ജീവയുടെ അച്ഛനും, അവിടെയെ ത്തുകയും എല്ലാവരുമൊരുമിച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകുകയും ചെയ്തു. അവിടെ എത്തിയപ്പോളാണ് അനൂപിന്റെ ബാല്യകാല സുഹൃത്താണ് അവിടുത്തെ സബ് ഇൻസ്‌പെക്ടറെന്ന് മനസ്സിലായത്.
അങ്ങനെ അനൂപിന്റെ പദ്ധതിയനുസരിച്ച് പോലീസ് മുത്തിയമ്മയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതാണ്.
മുത്തിയമ്മ പലവിചാരങ്ങളുമായ് സ്റ്റേഷനിലേക്ക് വന്നപ്പോൾ എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ അവൾക്ക് സന്തോഷമടക്കാനായില്ല.എന്താണ് സംഭവിച്ചതെന്ന് ആരുമവളെ അറിയിച്ചില്ല. മകളുടെ എന്തോ കുറുമ്പിൽ അവൾ കുറച്ച് നേരം എവിടെയോ ഒളിച്ചിരുന്നതാണെന്ന് ആ പാവം അമ്മയ്ക്ക് മനസ്സിൽ തോന്നി. പെട്ടെന്നാണ് മുത്തിയമ്മയ്ക്ക് സ്വന്തം വീട്ടിൽ ഒളിച്ചിരിക്കുന്ന കള്ളന്റെ കാര്യം ഓർമ്മ വന്നത്. പിന്നീട് പോലീസ് ഉൾപ്പെടെയെല്ലാവരും വീട് മുഴുവൻ തിരഞ്ഞെങ്കിലും ആരെയും കാണാനായില്ല. വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരുടെ മനസ്സിലും ആ ചോദ്യമവശേഷിച്ചു.
” ആരായിരിക്കും അവൻ ”
#എന്റെരചന #ആരോ ഒരാൾ


5 Comments
എങ്കിലും ആരായിരിക്കും അവൻ ?
നന്നായിരുന്നു എഴുത്ത്👌👍❤️💯🙏🙏🙏
നല്ല കഥ👍❤️ ആ കള്ളനെ എന്തു ചെയ്തു🤔
Thank you 😊
മുത്തിയമ്മയുടെ വീട്ടിൽ ഒളിച്ചിരുന്ന കള്ളനെ കഥയുടെ ഒഴുക്കിൽ മറന്നു പോയി. ആരാണയാൾ?
👏👍
എവിടുന്നോ വന്ന കള്ളൻ എവിടേയ്ക്കോ പോയി അല്ലേ?
കഥ കൊള്ളാം ട്ടോ👌🌹❤️