ജോണി സ്കൂളിന്‍റെ അതിരിലുള്ള തോട്ടിലേക്ക് നോക്കിനിൽക്കുകയായിരുന്നു. വരാലിന്‍റെ ചുവന്ന നിറമുള്ള കുഞ്ഞുങ്ങൾ കുഞ്ഞോളങ്ങൾ ഉണ്ടാക്കി വരുന്നത് കാണാൻ നല്ല രസമാണ്. മഴ ചാറി തുടങ്ങിയത് കൊണ്ട് അവൻ സ്കൂൾ വരാന്തയിൽ കയറി നിന്നു. മഴയുടെ ശക്തി കൂടി വരികയായിരുന്നു.പൊടുന്നനെ അടിച്ച കാറ്റിനൊപ്പം മഴച്ചാറൽ വരാന്തയിലേക്ക് അടിച്ചു കയറിയതോടെ എല്ലാവരും അവരവരുടെ ക്ലാസിലേക്ക് പോയി.
ജോണി തന്‍റെ പുസ്തകസഞ്ചി തുറന്നപ്പോൾ പെൻസിൽ കാണാനില്ലായിരുന്നു. ചുറ്റിനും നോക്കിയപ്പോൾ രാജേഷിന്‍റെ കൈയിൽ തന്‍റെ പെൻസിൽ. പൊതുവേ വികൃതിയായ രാജേഷ് തനിക്ക് ഇഷ്ടമുള്ളത് എന്ത് കണ്ടാലും കൈവശപ്പെടുത്തും.ജോണി വേഗം ചെന്ന് പെൻസിൽ തരാൻ ആവശ്യപ്പെട്ടു തരില്ല എന്ന് മറുപടി കിട്ടിയതോടെ കുപിതനായി ജോണി പെൻസിലിനായി പിടിവലി നടത്തുമ്പോളായിരുന്നു മാത്യു സാർ കടന്നുവന്നത്, ജോണിക്ക് രണ്ടടി കൊടുത്തിട്ട് പെൺകുട്ടികളുടെ ഇടയ്ക്ക് ഇരുത്തി അടിയുടെ വേദനയേക്കാൾ അവന് അപമാനം തോന്നിയത് പെൺകുട്ടികളുടെ അടുത്ത് ഇരുത്തിയതാണ്. കണ്ണു നിറഞ്ഞു നിൽക്കുന്നതിനാൽ ജോണിക്ക് ഒന്നും വ്യക്തമായി കാണുന്നില്ലായിരുന്നു. ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ പറഞ്ഞപ്പോൾ തന്‍റെ നോട്ട് ബുക്ക് എടുത്തു, അറിയാതെ അവന്‍റെ നോട്ടം അടുത്തിരിക്കുന്ന കുട്ടിയുടെ ബുക്കിലായി. ആ കുട്ടിയുടെ ബുക്ക് കണ്ടപ്പോൾ ജോണിക്ക് ജാള്യത തോന്നി. കാരണം ആ ബുക്ക് നല്ല വൃത്തിയുള്ള പേപ്പർ കൊണ്ട് പൊതിഞ്ഞു ലേബൽ ഒക്കെ ഒട്ടിച്ചു…… തന്‍റെയോ? ഇനി കുത്തി വരയ്ക്കാൻ സ്ഥലമില്ല മുൻപേജിൽ, ആ ലേബലിൽ മനോഹരമായി എഴുതിയ പേര് അവൻ വായിച്ചു.
“ലേഖ ആനന്ദ്”
അവൾ ബുക്ക് തുറന്നപ്പോൾ അവളുടെ കയ്യക്ഷരം അവനെ വല്ലാതെ കൊതിപ്പിച്ചു. പാഠപുസ്തകത്തിലെ അച്ചടിച്ച അക്ഷരങ്ങൾ പോലെ…
“എന്താടാ നിനക്ക് കിട്ടിയത് പോരേ?”എന്നു പറഞ്ഞു ചെവിക്കു പിടിച്ച് തിരിച്ചു അപ്പോഴായിരുന്നു അവൻ ഞെട്ടിയെണീറ്റത്. പെട്ടെന്ന് എണീറ്റപ്പോൾ അവന്‍റെ ബുക്ക് നിലത്തുവീണു, ബുക്ക് കുനിഞ്ഞു എടുത്തപ്പോൾ സാർ വാങ്ങി ഉയർത്തിപ്പിടിച്ചു.
“കണ്ടോ കുട്ടികളെ, ഒരു ബുക്ക് എങ്ങനെ വൃത്തികേട് ആക്കാം എന്നതിനുള്ള തെളിവാണ് ഇത്”.
ജോണി തലതാഴ്ത്തി നിന്നു.ക്ലാസിൽ ഉയർന്ന പൊട്ടിച്ചിരി ഏറെ കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ലായിരുന്നു.
സ്കൂൾ വിട്ടു വീട്ടിലെത്തിയിട്ടും ജോണിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. കട്ടൻ കാപ്പിയും കുടിച്ച് ഉമ്മറത്ത് മഴയെ നോക്കുകയായിരുന്നു അവൻ. കാതിൽ അപ്പോഴും കുട്ടികളുടെ ചിരി മുഴങ്ങുന്നുണ്ടായിരുന്നു.
“ജോണി , ഹോംവർക്ക് ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്യടാ കറണ്ട് ഇന്ന് വരുമെന്ന് തോന്നുന്നില്ല.”അമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. ഇനി സംസാരം ഉണ്ടാകില്ല അടിയാണ് അടുത്തത് എന്ന് അറിയാമായിരുന്ന ജോണി മനസ്സില്ലാമനസ്സോടെ ഉമ്മറത്തെ മേശയിൽ എത്തി. നോട്ട് ബുക്ക് തുറന്നപ്പോൾ ലേഖയുടെ കൈയക്ഷരം അവനോർമ്മ വന്നു. തന്‍റെ നോട്ടുബുക്കുകൾ വെറുപ്പോടെ അവൻ നോക്കി. പഴയ ഒരു കടലാസ് എടുത്തു അവന്‍റെ പേര് എഴുതി നോക്കി…. അയ്യേ…… എന്ത് വൃത്തികെട്ട അക്ഷരം…. അവന് സങ്കടമായി.
പിറ്റേന്ന് സ്കൂളിലേക്ക് പോകാൻ ജോണിക്ക് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല.അമ്മയുടെ തല്ല് പേടിച്ചിട്ട് അവൻ സ്കൂളിലേക്ക് ഇറങ്ങി. വഴിക്ക് കുട്ടികളെ കാണാനുണ്ടായിരുന്നില്ല. താൻ വൈകി എന്ന് അവന് മനസ്സിലായി. അവിടെ എല്ലാവരും കളി തുടങ്ങി കാണും, അവൻ നെടുവീർപ്പിട്ടു.
“ജോണീ…..!!”തന്‍റെ പേര് വിളിച്ചത് കേട്ട് അവൻ തിരിഞ്ഞു നോക്കി, ലേഖ ആയിരുന്നു. എന്തിനാണ് വിളിച്ചത് എന്ന ഭാവത്തിൽ അവൻ അവളെ നോക്കി.
“ഞാൻ ഒരു കൂട്ടില്ലാതെ വരികയായിരുന്നു”, ലേഖയുടെ വാക്കുകൾക്ക് മൂളലിലൂടെ അവൻ മറുപടി നൽകി. അവൾ അവനൊപ്പം നടന്നെത്തി, അവൻ ഇടംകണ്ണിട്ട് ലേഖയെ നോക്കി തന്നെക്കാൾ ഉയരമുണ്ടവൾക്ക്. പിന്നെ നിറവും!
“ഇന്നലെ രാജേഷുമായി എന്തിനാണ് വഴക്ക് ഉണ്ടാക്കിയത്?”
“അവൻ എന്‍റെ പെൻസിൽ എടുത്തുകൊണ്ടുപോയി. ചോദിച്ചപ്പോൾ തരില്ലാന്ന് പറഞ്ഞു”.
“സൂക്ഷിച്ചേ അവരോട് കളിക്കാവൂ, അവരൊക്കെ തന്നെക്കാളും വലുതല്ലേ”, അവളുടെ ഉപദേശം അവന് ഇഷ്ടപ്പെട്ടില്ല,കാരണം വീട്ടിലെ പുള്ളി പശുവിന്‍റെ കിടാവ് ഓടി പോയപ്പോൾ താനാണ് കയറിൽ പിടിച്ചു നിർത്തിയതെന്ന കാര്യം ഇവൾക്കറിയില്ലല്ലോ…
കാലങ്ങൾ കടന്നു പോവുകയായിരുന്നു, ഇപ്പോൾ ലേഖയോടു സംസാരിക്കുവാൻ ജോണിക്ക് സങ്കോചം ഒന്നും തോന്നാറില്ലായിരുന്നു.
ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും കളിക്കുകയായിരുന്നു, ഓടിക്കളിച്ചു മടുത്തപ്പോൾ ജോണി ക്ലാസിൽ കയറി,സാധാരണ ആ നേരത്ത് ക്ലാസ്സിൽ ആരും ഉണ്ടാകാറില്ല, എന്നാൽ അവിടെ ബെഞ്ചിൽ ലേഖ കിടക്കുന്നുണ്ടായിരുന്നു. പതിയെ അവളുടെ അടുത്ത് ചെന്ന് എന്താ കിടക്കുന്നത് എന്ന് ചോദിച്ചു.”വല്ലാത്ത വയറു വേദന…”അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
അവൻ വേഗം ഓഫീസിലേക്ക് ചെന്നു അവരുടെ ക്ലാസിലെ തൊട്ടടുത്ത മുറിയായിരുന്നു ഓഫീസ്. അവിടെ ആലീസ് ടീച്ചർ നിൽക്കുന്നുണ്ടായിരുന്നു. “എന്താടാ പതിവില്ലാതെ ഈ വഴിക്ക്?”
“ലേഖക്ക് നല്ല സുഖമില്ല ടീച്ചറെ അവൾ ബെഞ്ചിൽ കിടക്കുകയാണ്.”
ടീച്ചർ അവന്‍റെ കൂടെ ക്ലാസിലേക്ക് ചെന്നു നോക്കി, അവൾ വേദന കൊണ്ട് പുളയുകയായിരുന്നു.
“ജോണി, നീ ഇവളെ വീട്ടിൽ കൊണ്ടാക്കി നിന്റെ വീട്ടിലേക്ക് പൊയ്ക്കോളൂ,”
“ലേഖേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ച് എണീപ്പിച്ചു.
ജോണിക്ക് സന്തോഷമായി , മാത്യു സാറിന്‍റെ അടിവാങ്ങേണ്ടല്ലോ, അവൻ വേഗം തന്‍റെ സഞ്ചി എടുത്തു തോളിലിട്ടു,ലേഖയുടെ പുസ്തകങ്ങൾ കയ്യിലെടുത്തു പിടിച്ചു.
“എടാ സൂക്ഷിച്ചു പോകണേ, അവളെ വീട്ടിൽ എത്തിച്ചിട്ടേ നീ വീട്ടിലേക്ക് പോകുവൂ.”ആലീസ് ടീച്ചർ വിളിച്ചു പറഞ്ഞു.
ലേഖ വളരെ പതുക്കെയാണ് നടന്നിരുന്നത്. അവളുടെ പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചാണ് അവൻ ഒപ്പം നടന്നത്.”നിനക്ക് വേദന ഇടയ്ക്കിടയ്ക്ക് വരാറുണ്ടോ?”
“ഇന്നാളൊരു ദിവസം വന്നിരുന്നു. അന്നു നിന്‍റെ അമ്മ തന്ന മരുന്നു കഴിച്ചപ്പോൾ ആണ് വേദന പോയത്.”
“അത് ചേച്ചിക്ക് വാങ്ങിയ മരുന്ന് ആയിരുന്നു”. ജോണി ചിരിച്ചുകൊണ്ട് തുടർന്നു, “അത് വിരയ്ക്കുള്ള മരുന്ന് ആയിരുന്നല്ലോ!!”
“പോടാ” ദേഷ്യത്തോടെ അവന്‍റെ കൈയ്യിൽ നുള്ളി കൊണ്ട് അവൾ പറഞ്ഞു.
അവർ രണ്ടുപേരും കൂടി ലേഖയുടെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ ഉമ്മറത്ത് വല്യമ്മ ഉണ്ടായിരുന്നു: “എന്താ കുട്ടി നിനക്ക് പറ്റിയത്?
“ലേഖയ്ക്ക് വയറുവേദന ആണെന്നാ പറഞ്ഞത്”, അവിടെ പുസ്തകം വെച്ചുകൊണ്ട് ജോണി പറഞ്ഞു.
ഈശ്വരാ ഇവളെ എന്താ ഞാൻ ചെയ്യുക? സാരി തലപ്പിൽ കൈ തുടച്ചു കൊണ്ട് ലേഖയുടെ അമ്മ കടന്നുവന്നു. “എന്താടി പിള്ളേരുടെ കയ്യിൽ നിന്നും വാങ്ങി കഴിച്ചത്?”
” ഞാനൊന്നും കഴിച്ചില്ല അമ്മേ,”
വല്യമ്മ ലേഖയുടെ വയറ്റിൽ തൊട്ടുനോക്കി, ‘ഇത് ആരുടെയോ കൊതി കിട്ടിയതാ’
“എടാ കേറി ഇരിക്കടാ”, ലേഖയുടെ അമ്മ ജോണിയെ വിളിച്ചു.
ഞാൻ പോകുവാ, എന്നു പറഞ്ഞു അവൻ ലേഖയെ ഒളികണ്ണിട്ട് നോക്കി അവൾ അവനെ നോക്കുന്നു പോലുമുണ്ടായിരുന്നില്ല വിഷമത്തോടെ തലതാഴ്ത്തി ജോണി വീട്ടിലേക്ക് നടന്നു. അവരുടെ പറമ്പിലൂടെ നടന്നാലും വീട്ടിലെത്താം അവരുടെ മുറ്റത്തുള്ള അകം ചുവന്ന പേരക്ക അവനിഷ്ടമായിരുന്നു. അവള് തരും എന്നു കരുതി ആയിരുന്നു അവൻ അവിടെ നിന്നത് .
ജോണിയുടെ വീടിന്‍റെ അടുക്കള വശത്തെ തിണ്ണയിൽ അമ്മച്ചി മയങ്ങുന്നുണ്ടായിരുന്നു. സഞ്ചി ഉമ്മറത്തു വെച്ചിട്ട് അവൻ അകത്തു കയറി ഉടുപ്പു മാറി പുറത്തേക്കിറങ്ങി വന്നു. ചാരുകസേരയിൽ അപ്പച്ചൻ കിടക്കുന്നുണ്ടായിരുന്നു. ‘എന്താടാ ഇത്ര നേരത്തെ വന്നത്?’
‘അപ്പുറത്തെ വീട്ടിലെ ലേഖയ്ക്ക് വയറു വേദന ആയതുകൊണ്ട് വീട്ടിൽ കൊണ്ടാക്കാൻ ആലീസ് ടീച്ചർ പറഞ്ഞതാ’. ഇതും പറഞ്ഞ് ജോണി മുറ്റത്ത് എത്തി.താഴെ പറമ്പിൽ നിന്നിരുന്ന ചാമ്പ മരത്തിൽ ചുവന്ന ചാമ്പക്ക രണ്ടെണ്ണം കിടക്കുന്നത് അവൻ കണ്ടു. കല്ലെറിഞ്ഞു താഴെയിട്ടു അത് പെറുക്കി തിന്നു കൊണ്ട് ഉമ്മറത്ത് ചെന്നിരുന്നു.
അടുത്ത ദിവസം ക്ലാസിൽ എത്തിയപ്പോൾ ലേഖയുടെ ബെഞ്ചിലേക്ക് അവൻ ഒളികണ്ണിട്ടു നോക്കി, അവിടം ശൂന്യമായിരുന്നു. സുഖമില്ലായിരിക്കും അവൻ മനസ്സിൽ കരുതി. രണ്ടുദിവസം കഴിഞ്ഞിട്ടും അവൾ എത്തിയില്ല, ആരും അവളുടെ കാര്യം പറയുന്നുമില്ല. അന്ന് വെള്ളിയാഴ്ചയായിരുന്നു,സാധാരണ ജോണിക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസം. കാരണം രണ്ടു ദിവസം അവധി ആണല്ലോ. വീട്ടിലെത്തി കാപ്പികുടിക്കാൻ അടുക്കളയിൽ ചെന്നപ്പോൾ അപ്പോൾ അമ്മ ഇല്ലായിരുന്നു.
‘അമ്മച്ചീ അമ്മയെവിടെ?’
‘അവള് അമ്മിണി അമ്മയുടെ വീട്ടിൽ പോയതാ അവളുടെ മോൾക്ക് തീരെ വയ്യാ’
ജോണി ഒന്നും സംസാരിച്ചില്ല. അമ്മച്ചി മേശപ്പുറത്ത് എടുത്തു വെച്ച കട്ടൻകാപ്പി വലിച്ചു കുടിച്ചിട്ട് തൊടിയിലേക്ക് ഇറങ്ങി. വേലിക്കുള്ളിൽ ഒരു കിളിക്കൂട് ഉണ്ടായിരുന്നു, ആ കൂട്ടിൽ രണ്ടു മുട്ടയുമുണ്ടായിരുന്നു. അവൻ ഏന്തിവലിഞ്ഞു നോക്കുമ്പോൾ മുട്ടകൾ കാണാനില്ലായിരുന്നു. സങ്കടത്തോടെ അവൻ തിരിഞ്ഞു നടക്കുമ്പോൾ ലേഖയുടെ വീട്ടിലേക്ക് ആളുകൾ പോകുന്നത് കണ്ടു. അവൻ വീട്ടിലേക്ക് നടന്നു.അടുക്കള വശത്ത് ഇരുന്നാൽ അവളുടെ വീട്ടിൽ നിൽക്കുന്ന ആളുകളെ കാണാമായീരുന്നു.
അവൻ ഒരിക്കലും അനുഭവിക്കാത്ത ചന്ദനത്തിരിയുടെ മണം മൂക്കിലേക്ക് അടിച്ചുകയറി, തന്‍റെ ശരീരം തളരുന്നത് പോലെ അവനു തോന്നി, ഒപ്പം പറഞ്ഞറിയിക്കാനാവാത്ത ഒരു ഭീതിയും അവനെ പൊതിഞ്ഞു…അമ്മച്ചീ..!!’ അവൻ അലറുകയായിരുന്നു. ഓടിവന്ന അമ്മച്ചിയെ കെട്ടിപ്പിടിച്ചു.
‘എന്താടാ കൊച്ചേ നിനക്ക് പറ്റിയത്?’
‘എനിക്ക് ആ മണം ഇഷ്ടമില്ല…..’ അവൻ കരയുകയായിരുന്നു.
‘കൊച്ചേ, മുറുകെ പിടിക്കാതെ ഞാൻ വീഴും’ അവന്‍റെ കൈ അയച്ചുകൊണ്ട് അമ്മച്ചി തുടർന്നു :’പേടിക്കണ്ടടാ’,
രാത്രിയിൽ ജോണിയുടെ ഉറക്കത്തിൽ ലേഖ അവന്‍റെ അടുക്കലേക്ക് വന്നു, അവന്‍റെ നേരെ തന്‍റെ കയ്യിലിരുന്ന ചുവന്ന പേരക്ക നീട്ടി. ഞെട്ടിയെണീറ്റ ജോണി ചുറ്റും നോക്കുമ്പോൾ ആരും ഇല്ലായിരുന്നു.പക്ഷേ ആ മുറിയിൽ പഴുത്ത പേരയ്ക്കയുടെ മണം തങ്ങിനിൽക്കുന്നു ഉണ്ടായിരുന്നു. ഭീതിയോടെ കണ്ണുകൾ മുറുക്കി അടച്ചവൻ അമ്മച്ചിയോട് ചേർന്ന് കിടന്നു.
രാവിലെ എണീറ്റപ്പോൾ കുറേ സ്ത്രീകളുടെ സംസാരം അടുക്കളയിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു. പതിയെ എണീറ്റ് കിണറ്റിൻ കരയിൽ നിന്നും പല്ലുതേച്ചു കൊണ്ടിരിക്കുമ്പോൾ അടുക്കളയിലെ സംസാരം അവന് വ്യക്തമായി കേൾക്കാമായിരുന്നു.
‘……. പാവം അമ്മിണി അമ്മ എങ്ങനെ സഹിക്കും? ആ കുട്ടിക്ക് ഒമ്പത് വയസ്സ് അല്ലേ ഉള്ളൂ… ലോകം കണ്ടു കൊതി തീർന്നിട്ടുണ്ടാകില്ല.”
ജോണി ഉടുപ്പിൽ മുഖം തുടച്ചു അടുക്കളയിലേക്ക് കയറി ചെന്നു. അമ്മ എല്ലാവർക്കും കാപ്പി ഒഴിക്കുകയായിരുന്നു.കുതിരയുടെ ചിത്രമുള്ള അവന്‍റെ ഗ്ലാസ്സ് എടുത്തു ആരുടേയും മുഖത്ത് നോക്കാതെ ഉമ്മറത്തേക്ക് പോയിരുന്നു. അവന്‍റെ മൂക്കിൽ അപ്പോഴും പഴുത്ത പേരയ്ക്കയുടെ മണം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. കാറ്റടിക്കുമ്പോൾ ആ ചന്ദനത്തിരിയുടെ മണവും!!!
‘എടാ കൊച്ചേ,” അമ്മയുടെ സൗമ്യമായ സ്വരം അവനെ ചിന്തകളിൽ നിന്നുണർത്തി. അമ്മയ്ക്ക് സങ്കടം വരുമ്പോൾ മാത്രമാണ് ഇത്ര സൗമ്യമായി സംസാരിക്കുക. അവൻ ഒന്നും പറയാതെ അമ്മയെ നോക്കി, അവന്‍റെ മുടിയിൽ വിരലോടിച്ചു കൊണ്ട് അവർ തുടർന്നു, ആളുകൾ കൂടും മുമ്പേ നമുക്ക് അവിടം വരെ പോയിട്ട് വരാം. അവൻ ഒന്നും പറയാതെ, അമ്മയുടെ സാരി തുമ്പിൽ പിടിച്ചു പുറകെ നടന്നു. അമ്മയുടെ കൂടെ അടുക്കള വശത്ത് കൂടി അവൻ ലേഖയുടെ വീട്ടിലേക്ക് കയറിച്ചെന്നു.
ഉമ്മറത്ത് വെളുത്ത തുണിയിൽ പൊതിഞ്ഞു ലേഖ കിടക്കുന്നു. അവളുടെ മുഖം മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ. ഒന്നുകൂടി അവൾക്ക് നിറം വെച്ചതുപോലെ… ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെ… അമ്മയുടെ പുറകിൽ ഒളിച്ചു നിന്നായിരുന്നു ജോണി അവളെ കണ്ടത്. അവന്‍റെ മുഖം ലേഖയുടെ അമ്മ കണ്ടു, അതുവരെ കരയാതിരുന്ന അവർ പിടിവിട്ടു കരഞ്ഞു കൊണ്ടു പറഞ്ഞു.
‘പൊന്നുമോനേ അവളെ ഒന്നു വിളിക്കെടാ, എന്നും അവൾ നിന്നെ ചോദിക്കുമായിരുന്നു.’
ജോണി വീണ്ടും അമ്മയുടെ പുറകിൽ ഒളിച്ചു.
തന്‍റെ അമ്മച്ചിയുടെ കൂടെ ജോണി വീട്ടിലേക്ക് മടങ്ങി ഒന്നുകൂടെ ലേഖയെ നോക്കാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷേ ആ മുഖത്തേക്ക് നോക്കാൻ ധൈര്യമില്ലായിരുന്നു. ഒരു തണുപ്പ് അവനെ പൊതിയുകയായിരുന്നു.
ഉമ്മറത്തെ മേശപ്പുറത്ത് കിടക്കുന്ന അവന്‍റെ സഞ്ചി തുറന്നു, അതിൽ മനോഹരമായി പൊതിഞ്ഞ ഒരു പുസ്തകം ഉണ്ടായിരുന്നു, പുറംചട്ടയിൽ വൃത്തിയുള്ള കൈയ്യക്ഷരത്തിൽ എഴുതിയ പേര് അവൻ കൂട്ടി വായിച്ചു. “ലേഖ ആനന്ദ് 4 എ.” ആ നോട്ട് ബുക്ക് തുറന്നപ്പോൾ പഴുത്ത പേരയ്ക്കയുടെ മണമായിരുന്നു!
ജിനു ജെയിംസ്.


17 Comments
Very good story.
വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് സന്തോഷം ❤️❤️🙏
ജിനു നല്ല എഴുത്ത്.വായിച്ചപ്പോൾ ഒത്തിരി സങ്കടം തോന്നി.പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹം ❤️❤️❤️
ചേച്ചീ, തിരക്കുകൾക്കിടയിലും കഥകൾ എല്ലാം മനസ്സിരുത്തി വായിച്ചു പറയുന്ന അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി.
ജിനു വളരെ നന്നായിരിക്കുന്നു. നന്നായി ഫീൽ ചെയ്തു. പഠിക്കുന്ന കാലത്തേക്ക് കൂട്ടികൊണ്ട് പോയി ❤️
പ്രദീഷ്,വായനക്കും അഭിപ്രായത്തിനും ഒരു പാട് സന്തോഷം…..
വളരെ നന്നായിട്ടുണ്ട് സ്കൂൾ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്കായി ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് അപസ്മരം വന്ന കൂട്ടുകാരിയെ വീട്ടിലാക്കിയത് ഇനിയും എഴുതാൻ കഴിയട്ടെ എല്ലാ ഭാവുകങ്ങളും
സ്കൂൾ കാലഘട്ടത്തിലെ ചില ഓർമ്മകൾ ഒരു തിരയിളക്കം പോലെ കടന്നുവരുകയും വേദനിപ്പിച്ചും ചിരിപ്പിച്ചും കടന്നു പോകും.. വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹം.❤️❤️😊
Nalla kadha…ellavarkkum Ingane vedanipikkunna ormakal undavum.
സമൃദ്ധമായൊരു ഗ്രാമീണ ബാല്യം ഉള്ളവർക്കേ ഇങ്ങനെയൊക്കെ എഴുതാൻ കഴിയൂ.🥰😍 പേരക്കാ മണമുള്ള എഴുത്ത് ഒടുവിൽ നൊമ്പരപ്പെടുത്തി🥀. ഇനിയും ഒരുപാട് എഴുതൂ… 👌👌
നിങ്ങളെ പോലുള്ള നല്ല എഴുത്തുകാരുടെ അഭിപ്രായങ്ങൾ ഒരു പാട് പ്രചോദനം തരുന്നു മുന്നോട്ടു. വായനക്കും അഭിപ്രായത്തിനും ഒരു പാട് സന്തോഷം….
പഴുത്ത പേരക്കയുടെ മണം ജോണിയുടെ മനസ്സിൻ്റെ കോണിൽ എന്നും കാണും…. സ്കൂൾ ജീവിതത്തിലെ കയ്പ്പും മധുരവും ഹൃദ്യമായി എഴുതി…… അവസാനം നോവിച്ചു…….ആശംസകൾ❤️👍
Jinu , ഇത് ഉള്ളു തൊട്ടൊരെഴുത്താണ്. ഭംഗിയായിട്ടെഴുതി. ആ പ്രായത്തിൻ്റെ നിഷ്ക്കളങ്കതയും ഭീതിയും അപമാന ഭയവുമെല്ലാം അനുഭവിപ്പിച്ച എഴുത്ത്’ . അഭിനന്ദനങ്ങൾ !👌👌👌❤️❤️❤️❤️
ചേച്ചീ, തിരക്കുകൾക്കിടയിലും കഥകൾ എല്ലാം മനസ്സിരുത്തി വായിച്ചു പറയുന്ന അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി.
വീണ്ടും കുട്ടിക്കാലത്തേക്കൊന്നു പോയി.❤️
അകം ചുവന്ന പേരയ്ക്കയും അതിൻ്റെ മണവും❤️👌
നൊമ്പരപ്പെടുത്തുന്ന കഥ❤️👌
വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹം ❤️❤️❤️😊