ഞാൻ കണ്ട അമേരിക്ക – സുഭിക്ഷതയുടെ രാജ്യം
യാത്രവിവരണം എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മേഖലയാണ്. എപ്പോഴും പോയ രാജ്യങ്ങളെ പറ്റി എഴുതുമ്പോൾ കുറച്ചു “തള്ള് ” ആകുമോ എന്നൊരു ആശങ്കയാണ് . ഇപ്രാവശ്യം വെക്കേഷൻ അമേരിക്കയിൽ ആയിരുന്നു. ഭർത്താവിന്റെ സ്വപ്ന സാമ്രാജ്യം അമേരിക്കയാണ്. പെങ്ങളെ ഒരു അമേരിക്കകാരനെ കൊണ്ടു കെട്ടിച്ചു പുളളി ആ സ്വപ്നം പകുതി സാക്ഷാൽകരിച്ചു. പക്ഷേ ആ പെങ്ങളെ കാണാൻ പോകൽ പിന്നെയും വൈകി. ഇത്തവണയാണ് അത് സാധിച്ചത്.
എനിക്ക് മഞ്ഞ് വീഴ്ച വലിയ ഒരു ദൗർബല്യം ആയതിലാണ് യാത്ര ശൈത്യകാലത്തേക്ക് തന്നെ ആക്കിയത്. കൊറോണ കാരണം രണ്ടു പ്രാവശ്യം മാറ്റി വച്ച ഈ യാത്ര പൂർത്തിയായത് ഫെബ്രുവരി 16ന് ആയിരുന്നു. രണ്ടു മണിക്കൂർ മുംബയിലേക്കുള്ള യാത്രയും പിന്നീട് നീണ്ട പതിനാറു മണിക്കൂർ യാത്രയും ഒട്ടും മടുപ്പിക്കാതിരുന്നത് അമേരിക്കയെന്ന ആ സ്വപ്നം കാണാനുള്ള ഉത്സുക്‌ത ഒന്നുകൊണ്ടു മാത്രമാണ്.
അമേരിക്കയെ ഒറ്റ വാക്കിൽ “സുഭിക്ഷ രാജ്യം അല്ലെങ്കിൽ ലാൻഡ് ഓഫ് അബൻഡൻസ് എന്ന് വിളിക്കാം. എല്ലാം in excess ആണവിടെ. പലചരക്കു സാധനങ്ങൾ എല്ലാം വലിയ വലിയ ക്വാണ്ടിറ്റിയിലാണ് ലഭിക്കുക. ഹോൾസെയിൽ കടകളാണ് ലാഭം അതുകൊണ്ടാണെന്നു തോന്നുന്നു എല്ലാം വലിയ വലിയ പാക്കറ്റുകൾ ആണ്. ചെറിയ ഷാംപൂ, ജ്യൂസ് ഒക്കെ കാണാൻ തന്നെ ഇല്ല. ചില ചെറിയ കടകളിൽ ഉണ്ടാകും. യാത്ര മദ്ധ്യേ പല കടകളും അത്തരം കണ്ടു. എന്നാൽ സാധാരണ വീട്ടിലേക്കു വാങ്ങുന്ന പലചരക്കു സാധനങ്ങൾ എല്ലാം വലിയ ക്വാണ്ടിറ്റി മാത്രമാണ്. മദ്യം പോലും വലിയ വലിയ കുപ്പികളാണ് ഒന്നേ മുക്കാൽ ലിറ്റർ, രണ്ടു ലിറ്റർ മദ്യങ്ങളാണ് കൂടുതൽ. സുഭിക്ഷത ആ രാജ്യത്തിന്റെ പോളിസി ആണെന്ന് പറയാം. വണ്ടിയിൽ പെട്രോൾ, ഡീസൽ (അവർ അതിനെ ഗ്യാസ് എന്നാണ് പറയുക )പോലും ഫുൾ മാത്രമാണ് അടിക്കുക. ഏത് ജോലി വിഭാഗക്കാരും ഇങ്ങിനെ തന്നെയാണ്. ഇത് പറഞ്ഞപ്പോഴാണ് ഒരു മോട്ടിവേഷൻ സ്പീക്കറുടെ പ്രസംഗം ഓർമ വന്നത്. നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ സുഭിക്ഷത(abudance )അറിയാത്തവരാണ്. ഒരിക്കൽ അതിന്റെ രുചി അറിഞ്ഞാൽ നമ്മൾ അതേ ചെയ്യൂ. അയാൾ പറയുന്നു 100രൂപയ്ക്കു പെട്രോൾ അടിച്ചു ടെൻഷൻ അടിക്കുന്നവരാണ് നമ്മൾ. ട്രാഫിക്കിൽ വണ്ടി നിന്നു പോകുമോ എന്ന ആധിയിൽ ആണ് നമ്മുടെ സഞ്ചാരം. നിങ്ങൾ ഒരു പ്രാവശ്യം ആയിരം രൂപയ്ക്കു പെട്രോൾ അടിക്കൂ. എന്നിട്ട് കുറച്ചു ഓടി കഴിയുമ്പോൾ നൂറു രൂപയ്ക്കു വീണ്ടും നിറക്കൂ അപ്പോൾ പേടി കൂടാതെ യാത്ര ആസ്വദിക്കാമല്ലോ. അയാൾ പിന്നെയും തുടരുന്നു. ആയിരം രൂപയുമായി ഹോട്ടലിൽ കൂട്ടുകാരുമൊത്തു ചെലവ് ചെയ്യാൻ പോയാൽ പേടിച്ചു പേടിച്ചു ഓർഡർ ചെയ്തു ആസ്വദിക്കാതെ കഴിക്കുന്നു. എന്നാൽ ബില്ല് 750 ആകുന്നുള്ളൂ. വെറുതെ പേടിച്ചു ആസ്വദിച്ചു കഴിക്കാമായിരുന്നു എന്നാണ് ഗദ്ഗദം. കുറച്ചു എക്സ്ട്രാ പൈസയോ കാർഡോ ഉണ്ടങ്കിൽ നമുക്ക് പേടിക്കാതെ കഴിക്കാം. അപ്പോൾ സുഭിക്ഷ എന്നത് പൈസയുടെ മാത്രമല്ല ഒരു മനോഭാവം കൂടി ആണ്. അത്തരം മനോഭാവം നമുക്ക് വളരെ കുറവാണ്. പ്രത്യേകിച്ച് മലയാളിക്ക്.
അമേരിക്കയിൽ നിങ്ങൾക്ക് പട്ടിണി കിടന്നു ചാകണമെങ്കിൽ അതിന് നിങ്ങൾ തന്നെ വിചാരിക്കണം. അല്ലാതെ ആ രാജ്യം അതിന് സമ്മതിക്കില്ല. ഹോം ലെസ്സ് ആളുകൾ വീടില്ലാത്തവർ അവിടെയുമുണ്ട്. അവർക്കെല്ലാം ഭക്ഷണം കഴിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ആ രാജ്യം ഒരുക്കിയിരിക്കുന്നു. ഫുഡ് സ്റ്റാമ്പ്സ് എന്നൊരു കാർഡ് വരുമാനമില്ലാത്തവർക്കും, കുറഞ്ഞ വരുമാനം ഉള്ളവർക്കും ലഭിക്കും. അതുമായി അവർക്കു അതിനായി നിയോഗിച്ചിട്ടുള്ള കടകളിൽ നിന്നും ലഭിക്കും നമ്മുടെ നാട്ടിലെ പോലെ റേഷൻ കടകളിലെ നീണ്ട ക്യു ഒന്നും ആവശ്യമില്ല. എല്ലാവർക്കും അവരുടേതായ അന്തസ്സ് നിലനിർത്തി കൊണ്ടുപോകാം. വീടില്ലാത്തവർക്ക് ഷെൽട്ടർ ഹോംസ് ഉണ്ട് അവിടെ താമസിക്കാം. വയസ്സായവർക്കും, വരുമാനം കുറവുള്ളവർക്കും കുറഞ്ഞ ചിലവിൽ താമസിക്കാൻ നല്ല വൃത്തിയുള്ള ഫ്ലാറ്റുകൾ പലയിടങ്ങളിലും കണ്ടു. ഈ ആനുകൂല്യം കിട്ടുന്നവരെല്ലാം ജോലിക്കായി രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. വയസ്സായവർക്കും, അംഗഭംഗം സംഭവിച്ചവർക്കും ഒന്നും അതിന്റെയും ആവശ്യമില്ല. അമേരിക്കയിൽ സ്ഥിര താമസമുള്ള എല്ലാവർക്കും നാഷണൽ സെക്യൂരിറ്റി കാർഡ് ലഭിക്കും. അതൊരു സെക്യൂരിറ്റി തന്നെയാണ്. ഭക്ഷണം, പാർപ്പിടം എല്ലാം സുരക്ഷിതമാക്കുന്ന രാജ്യത്തിന്റെ ഉറപ്പ്. എത്ര രാജ്യങ്ങൾക്ക് ഇത് കഴിയും?
പല രാജ്യങ്ങളിൽ നിന്നുള്ളവർ (migrants )അതാണ് അമേരിക്ക. അതിനാൽ തന്നെ ആരും ഇവിടെ സെക്കന്റ് പൗരന്മാർ അല്ല. ഗൾഫിൽ പല നിയമങ്ങളും തദ്ദേശീയർക്കും, വിദേശികൾക്കും രണ്ടാണ്. ഈ രാജ്യത്ത് ഒരൊറ്റ നിയമമേ ഉള്ളൂ എല്ലാവർക്കും. പണക്കാരനും, പാവപെട്ടവനും.
ഇനി ഇതെല്ലാം സാധ്യമാക്കുന്നത് അവിടത്തെ കണിശമായ നികുതി നിയമങ്ങളാണ്. ജോലി ചെയ്യുന്ന എല്ലാവരും നികുതി അടക്കണം. നല്ലൊരു തുക സാമ്പാദ്യത്തിൽ നിന്നും അതിനായി മാറ്റിവക്കണം. ഈ തുകയാണ് ക്ഷേമ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. റോഡുകൾ, പൊതു ഗതാഗതം തുടങ്ങിയ കാര്യങ്ങൾ നികുതിപണം കൊണ്ടു നല്ല ഗംഭീരമായി തന്നെ ഗവണ്മെന്റ് കൊടുക്കുന്നുമുണ്ട് എന്നതാണ് അതിലെ നന്മ. ഇനി വയസ്സായവർക്കും, വരുമാനം കൊണ്ടു കുടുംബം നടത്താൻ കഷ്ടപ്പെടുന്നവർക്കും ആ കാരണം കാണിച്ചാൽ നികുതി പണം തിരികെ ലഭിക്കും. മറ്റു സാമ്പത്തിക സഹായങ്ങളും ലഭിക്കും. ജോലിയില്ലാത്തവർക്കും ജോലി അന്വേഷിക്കുന്നവർക്കും സാമ്പത്തിക സഹായത്തിനു അപേക്ഷിക്കാം.അതായതു നിങ്ങൾക്ക് തല ഉയർത്തിപ്പിടിച്ചു തന്നെ അമേരിക്കയിൽ ജീവിക്കാം എന്നാണ്.നമ്മുടെ നാട്ടിൽ വയസ്സായവർ സമൂഹത്തിനും കുടുംബത്തിനും ഒരു ബാധ്യതയായി കരുതുന്നവർ ആണ്. ഈ. വയസ്സുകാലത്തു മക്കൾ നോക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് ഏറെയും. എന്നാൽ ഈ രാജ്യം വയസ്സാവർക്ക് പല തരത്തിൽ സഹായം ചെയ്യുന്നുണ്ട്. സോഷ്യൽ സെക്യൂരിറ്റി യിലേക്കായി അവർ അവരുടെ ചെറുപ്പകാലത്തു കൊടുത്തിരുന്ന പൈസ വയസ്സുകാലത്തു അവർക്കു തന്നെ ഉപകാരപ്പെടുന്നു. നമ്മുടെ കുടുംബ ബന്ധങ്ങൾ പോലെയല്ല അവിടെ. വയസ്സുകാലത്തു മക്കളുടെ കെയർ ഇവിടെ പലരും ആഗ്രഹിക്കുന്നില്ല. മിക്കവാറും കെയർ ഹോമുകൾ എന്നറിയപ്പെടുന്ന വൃദ്ധസദനങ്ങളിൽ ആയിരിക്കും അവരുടെ അന്ത്യകാലം. ഇനി വീടുകളിൽ താമസിക്കുന്നവർ ആണെങ്കിൽ അവരെ നോക്കുന്ന മക്കളോ, മരുമക്കളോ ആണെങ്കിൽ അവർക്കു ഹോം കെയർ എന്ന പേരിൽ മണിക്കൂറിനു പണം ഗവണ്മെന്റ് കൊടുക്കും. അതിനാൽ തന്നെ ശ്രദ്ധയോടെ അവർ അവരെ നോക്കുകയും ചെയ്യും. വ്യക്തി സ്വാതന്ത്ര്യത്തിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നതിനാൽ പലരും മക്കളുടെ അടുത്തു നിൽക്കാതെ കെയർ ഹോമുകളിലേക്ക് പോകുകയാണ് പതിവ്. അവർക്കു അവരുടെ സ്വാതന്ത്ര്യം ആണ് മുഖ്യം. നമ്മുടെ നാട്ടിൽ വയസ്സാവരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്ന ചില പെരുമാറ്റങ്ങൾ ഉണ്ട്. എന്നാൽ ഇവിടെ പ്രായം ഒന്നിനും ഒരു തടസ്സമല്ല. അറുപതും എഴുപതും വയസ്സുള്ളവർ പുതിയ ബന്ധങ്ങളിൽ ഏർപ്പെടുന്നതിനോ, ലോകം മുഴുവൻ യാത്ര ചെയ്യുന്നതിനെയോ സമൂഹം വിമർശിക്കുന്നേയില്ല. ആണിനും പെണ്ണിനും ഒരേ പോലെ ഈ സ്വാതന്ത്ര്യം കിട്ടുന്നുമുണ്ട്. അറുപതു വയസ്സിൽ വിധവയായ ഒരു സ്ത്രീ വിവാഹം കഴിച്ചാലും ഇവിടെ ആരും മൂക്കത്തു വിരൽ വക്കില്ല.”ഈ മുതുക്കിക്കു ഇതെന്തിന്റെ കേടാണെന്നു ആരും ചോദിക്കില്ല. വ്യക്തി സ്വാതന്ത്ര്യംത്തിനു അത്രയ്ക്ക് വില ഇവിടെ കൊടുക്കുന്നുണ്ട്.
സാൽവേഷൻ ആർമി പോലുള്ള സന്നദ്ധ സംഘടനകളും ആഹാരം ലഭ്യമാക്കും. ചുരുക്കത്തിൽ പട്ടിണി കിടക്കാൻ നമ്മൾ ആഞ്ഞു പരിശ്രമിക്കണം.
വള്ളി പുള്ളി തെറ്റാതെ അമേരിക്കയെ ഒരു ക്ഷേമ രാഷ്ട്രം എന്ന് തന്നെ വിളിക്കാം. ഇനിയുമുണ്ട് ഇവിടത്തെ വിശേഷങ്ങൾ. തുടരും….


3 Comments
നന്നായി എഴുതി 👍
Waiting for next part
Well penned 👏