പുറത്ത് കാലവർഷം തകർത്തു പെയ്യുകയാണ്. സമയം ഏതാണ്ട് മൂന്നു മണിയായിക്കാണും. ആറുമണിയായ പ്രതീതി. ജനലിൽക്കൂടി മഴച്ചാറൽ മുഖത്തേക്ക് വിശാൻ തുടങ്ങിയപ്പോഴാണ് പുസ്‌തകത്തിൽ നിന്നും കണ്ണെടുത്തത്. അത് മാറ്റി വെച്ച് ഞാൻ ജനാലയ്ക്കരികിലേക്ക് നടന്നു. നല്ല കാറ്റുമുണ്ട്, കറന്റ് എപ്പോൾ വേണേൽ പോകാം, ഞാൻ വിചാരിച്ചു. നിമിഷങ്ങൾക്കകം മുറി ഇരുട്ടിലായി.
ജനലഴികളിലെല്ലാം താഴേക്ക് വീഴാൻ മടിച്ചു നില്ക്കുന്ന വെള്ളത്തുള്ളികൾ. ഞാൻ പുറത്തേക്കു നോക്കി. മുറ്റത്താകെ ചെളി വെള്ളം. മഴ കാരണം ദൂരേക്ക് കാണാനേ കഴിയുന്നില്ല. അല്‌പം അകലെ ക്യാൻവാസിലെന്ന പോലെ അങ്ങിങ്ങായി പച്ചയുടെ വിവിധതരം ഷേഡുകൾ.
ഓർമ്മകൾ പത്തു വർഷം പിന്നിലേക്ക് സഞ്ചരിക്കുന്നത് ഞാനറിഞ്ഞു. അഞ്ചാം ക്ലാസ്സിൽ ചേരാനായി ചെന്ന ദിവസം. അന്നും ഇത് പോലെ മഴ പെയ്‌തിരുന്നു. പക്ഷെ ആ മഴയുടെ ശക്തിയുണ്ടോ ഈ മഴയ്ക്ക്? ഭംഗിയുണ്ടോ ഈ മഴയ്ക്ക്? സന്തോഷമുണ്ടോ ഈ മഴയ്ക്ക്? ഇല്ല. ഒരിക്കലുമില്ല. ഈ മഴ നല്‌കുന്നത് മനസ്സിൽ ഒരു നീറ്റലാണ്. ആരുടെയോ കണ്ണീര് പോലെ ഈ മഴ ദുഃഖ മയമാണ്.
അനുചേച്ചിയെ ഞാനോർത്തു. അന്ന് ആ പുതിയ സ്‌കൂളിലേക്ക് ഒരു പത്തു വയസ്സുകാരന്റെ എല്ലാ കൗതുകത്തോടെയും, കുസൃതിയോടെയും നടന്നു കയറുമ്പോൾ അനുച്ചേച്ചിയുടെ വലതു കൈ എന്റെ ഇടതു കയ്യിൽ മുറുക്കെ പിടിച്ചിരുന്നു. കുട ഒന്ന് കറക്കി മഴവെള്ളം മുഖത്ത് തെറിപ്പിച്ചപ്പോഴും “അടങ്ങിയിരിക്കെടാ..” എന്ന് മാത്രം സ്നേഹപൂർവ്വം ശാസിച്ചവൾ.
അനുചേച്ചി അന്നവിടെ എഴാം ക്ലാസ്സിലാണ്. എങ്കിലും വളരെ പക്വതയുള്ള കുഞ്ഞേച്ചിയായിരുന്നു എനിക്ക്. സത്യത്തിൽ അവൾ എന്റെ ആരുമായിരുന്നില്ല. വീടിനടുത്തുള്ള ഒരു കുട്ടി. അവർ മൂന്നു പെൺകുട്ടികളായിരുന്നു. ഏറ്റവും ഇളയത് അനുചേച്ചിയും. പുതിയ സ്‌കൂളിലേക്കുള്ള മാറ്റമാണ് എന്നെ അനുച്ചേച്ചിയുടെ കുഞ്ഞനിയനാക്കിയത്. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും സ്‌കൂളിലേക്കുള്ള യാത്രയിലും തിരിച്ചും അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നും ക്ലാസ്സിന്റെ വാതിൽക്കൽ വരെ വന്നു അകത്തു കയറ്റി വിടും. വൈകിട്ട് ഞാൻ വരുന്നതുവരെ സ്‌കൂൾ മുറ്റത്തെ വാകമരചോട്ടിൽ കാത്തു നില്ക്കുന്നുണ്ടാകും. താമസിക്കുന്നത് രണ്ടു വീടുകളിലായിരുന്നുവെങ്കിലും അവളെനിക്ക് സ്വന്തം ചേച്ചിയായിരുന്നു.
ഇടവപ്പാതി കഴിഞ്ഞു. ഓണം വന്നു പോയി. പിന്നെ തുലാമഴയുടെ ഊഴമായിരുന്നു. എന്നും വൈകിട്ട് മഴ നനഞ്ഞിട്ടാണെങ്കിലും ചെവി പൊത്താൻ എന്നെ പ്രേരിപ്പിച്ച ഇടി വെട്ടിയ മഴക്കാലം. ഒരു കുടക്കീഴിൽ ചെവി പൊത്തിപ്പിടിച്ചു ഞാനും, എന്നെ മഴ നനയ്ക്കാതെ ചേർത്ത് പിടിച്ചു അവളും. കുടയുണ്ടെങ്കിലും ചെവി പൊത്താനുള്ള സൗകര്യത്തിനു ഞാനത് നിവർത്തിയിരുന്നില്ല. പക്ഷെ അവൾ ധൈര്യശാലിയായിരുന്നു.
“അയ്യേ! എന്തിനാ കുട്ടാ ഇങ്ങനെ പേടിക്കുന്നത്..?” അവൾ ചോദിക്കും.
വീട്ടിലെത്തുമ്പോൾ അവൾ നന്നേ നനഞ്ഞിരിക്കും. എങ്കിലും യാതൊരു പരിഭവവും കൂടാതെ, ഒരു തുള്ളി മഴപോലും നനയിക്കാതെ, ആ തുലാവർഷം മുഴുവൻ അവളെന്നെ വീട്ടിലെത്തിച്ചിരുന്നു.
വെളിയിൽ മഴയുടെ ശക്തി തെല്ലൊന്നു കുറഞ്ഞു. കറന്റ് വരാൻ ഒരു സാധ്യതയുമില്ല. ആകാശം ഇപ്പോഴും ഇരുണ്ടു തന്നെ. മുറ്റത്തു നിറയെ തൊണ്ടിപ്പഴം വീണു കിടക്കുന്നു. ഒരു ഗോലിയുടെ അത്രയും വലിപ്പത്തിൽ, കട്ടിയുള്ള ചാര തൊണ്ടിനുള്ളിൽ, ഓറഞ്ച് നിറവും പുളിയുള്ള മധുരവുമായി തൊണ്ടിപ്പഴം. ആദ്യമായി കായ്ച്ചതാണ്. അനുചേച്ചി അന്നെനിക്ക് തന്ന ഏതോ ഒരു പഴത്തിന്റെ കുരുവാണ് ഇന്ന് ഒരു ചെറിയ മരമായി മുറ്റത്ത് നില്ക്കുന്നത്. അന്നവൾ തന്ന മഴവെള്ളം നിറഞ്ഞ പഴത്തിന്റെ സ്വാദ് ഇതിനുണ്ടാവുമോ? ഇല്ല.. ഇതിനാ മധുരമുണ്ടാവില്ല. ഒരു പക്ഷെ എനിക്കിതിൽ കണ്ണീരിന്റെ ഉപ്പു ചുവച്ചേക്കാം. ഓരോ പഴവും മുറ്റത്തുണ്ടായ നീർച്ചാലുകളിൽക്കൂടി ഒലിച്ചു പോകുന്നത് നോക്കി ഞാൻ നിന്നു.
ക്രിസ്മസ് അവധി കഴിഞ്ഞു, സ്‌കൂൾ തുറന്നു. മാർക്കുകൾ ഒന്നൊന്നായി കിട്ടിത്തുടങ്ങി. ഏതോ വിഷയത്തിനു എനിക്ക് അൻപതിൽ ഇരുപത്തിയൊൻപത്. വൈകിട്ട് വീട്ടിലക്ക് മടങ്ങുമ്പോൾ എന്റെ മുഖഭാവം ശ്രദ്ധിച്ച അനുചേച്ചി കാര്യം തിരക്കി. ഞാനൊന്നും പറഞ്ഞില്ല.
“ഇന്നെത്രയാ കുട്ടാ മാർക്ക്?” ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു. എനിക്കൊന്നും ഒളിച്ചു വയ്ക്കാനായില്ല.
“അമ്മ വഴക്ക് പറയില്ലേ?” ഞാൻ തലയാട്ടി. എന്റെ കണ്ണുകൾ നിറയുന്നത് കണ്ട് അവൾ പറഞ്ഞു.
“സാരല്ല്യാട്ടോ, കുട്ടൻ വിഷമിക്കേണ്ട. ഞാൻ അമ്മയോട് പറയാം അടുത്ത തവണ കുട്ടൻ മുഴുവൻ മാർക്കും വാങ്ങുമെന്ന്”.
അങ്ങനെ അന്ന് ഞാൻ അമ്മയുടെ തല്ലു വാങ്ങാതെ രക്ഷപ്പെട്ടു. ഒടുവിൽ സ്കൂൾ വാർഷികത്തിന് ഒരു നാടകം. എന്റെ അമ്മയായി അഭിനയിച്ചത് അനുചേച്ചിയായിരുന്നു. അന്നത് തികച്ചും യാദൃശ്ചികമായിരുന്നെങ്കിലും, അതൊരു നിയോഗമായിരുന്നുവെന്നു ഇന്ന് തോന്നുന്നു. സ്കൂളടച്ച ദിവസം അവളെന്നെ വീട്ടിലേക്കു ക്ഷണിച്ചു.
“അവധിക്കു കുട്ടൻ വീട്ടിൽ വരണം, നിറയെ തൊണ്ടിപ്പഴം തരാം”. ഞാൻ വെളുക്കെ ചിരിച്ചു. എനിക്കവ അത്രയ്ക്ക് ഇഷ്ടമാണെന്ന് അവൾക്കറിയാമായിരുന്നു.
അനുചേച്ചിയുടെ വീട് എവിടെയാണെന്ന് എനിക്ക് അറിയുമായിരുന്നില്ല. എങ്കിലും പറഞ്ഞുതന്നതനുസരിച്ച്, എന്റെ വീടിനു പിറകിലെ തൊടിയിൽക്കൂടി ഒരു കയറ്റം കയറി ഞാനവിടെയെത്തി. എന്നെയും കാത്തു വഴിയരികിൽ അവൾ നില്ക്കുന്നുണ്ടായിരുന്നു. അവളുടെ വീടിന്റെ മുറ്റത്ത് ഒരു ചെറിയ ആമ്പൽക്കുളം ഞാൻ കണ്ടു. അതിൽ നിറയെ അലങ്കാര മത്സ്യങ്ങളും. എനിക്കായി ഒരു ഉരുണ്ട ചില്ല് ഭരണിയിൽ കുറച്ചു മീനുകളെ അവൾ കരുതി വെച്ചിരുന്നു. അന്നൊരു ദിവസം മുഴുവൻ ഞാൻ അവളുടെ കൂടെ തൊണ്ടിപ്പഴവും പെറുക്കി തൊടികൾ തോറും അങ്ങനെ നടന്നു.
അനുചേച്ചി എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് അന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവളുടെ കയ്യിൽ നിന്നാ പഴുത്ത തൊണ്ടിപ്പഴം ഞാൻ തട്ടിപ്പറിക്കുമായിരുന്നില്ല. കല്ലിൽ തട്ടി അവൾ വീഴുമായിരുന്നില്ല. അവളുടെ നെറ്റിയിൽ ആ മുറിപ്പാടും വരുമായിരുന്നില്ല. അന്നവൾ കരഞ്ഞു. പ്രായത്തിലേറെ പക്വത കാണിച്ചവൾ. ആ കണ്ണീരിന്റെ ഉപ്പു എന്റെ മുറ്റത്തെ ഓരോ തൊണ്ടിപ്പഴത്തിലും കാണും. എനിക്കുറപ്പാണ്. തെക്കേ തൊടിയിലെ തൊണ്ടിമരം മാത്രം അന്ന് കായ്ച്ചിരുന്നില്ല. ഒരു ചെറിയ മരം.
“ഇത് കായ്ക്കുമ്പോൾ മുഴുവൻ പഴവും നിനക്ക് തന്നേക്കാം. കേട്ടോടാ കൊതിയാ…”
കണ്ണുനീര് കണ്മഷി പടർത്തിയ മുഖത്ത് ഒരു കുസ്യതിച്ചിരിയോടെ അവൾ പറഞ്ഞു. കുറ്റബോധം കൊണ്ടോ എന്തോ ഞാനൊന്നും മിണ്ടിയില്ല. അന്നാണ് അവസാനമായി ഞങ്ങളേറ്റവും കൂടുതൽ സമയം ഒന്നിച്ചിരുന്നത്. ആ അവധിക്കാലം മുഴുവൻ അവൾ തന്ന മീനുകളെ ഞാൻ പരിപാലിച്ചു. ഇടയ്ക്കെപ്പോഴോ കുറച്ചു തൊണ്ടിപ്പഴങ്ങളുമായി അവൾ വീട്ടിൽ വന്നു.
“ഇതാ കുട്ടാ ഈ വർഷത്തെ അവസാനത്തെ പഴങ്ങളാണ്. മീനുകൾക്കൊക്കെ തീറ്റ കൊടുക്കണം കേട്ടോ”.
പുതിയ അദ്ധ്യയനവർഷത്തിൽ അവൾ മറ്റൊരു സ്‌കൂളിലായിരുന്നു. തമ്മിലുള്ള കാഴ്‌ചകൾ കുറഞ്ഞു. എങ്കിലും കാണുമ്പോഴൊക്കെ അവൾ ചോദിച്ചു.
“കുട്ടൻ നന്നായി പഠിക്കുന്നുണ്ടോ?”
ഒരു തൊണ്ടിപ്പഴം മാത്രം മുറ്റത്ത് ബാക്കിയായി. ആകാശം ഇരുണ്ടു തന്നെ പക്ഷെ മഴ തോർന്നിരിക്കുന്നു. തിരിച്ചു വായനയിലേക്ക് മടങ്ങാൻ എനിക്ക് തോന്നിയില്ല. മുറ്റത്തേയ്ക്കിറങ്ങാനായി വാതിൽക്കലേക്ക് നടന്നു. കട്ടിലിൽ കിടന്ന പുസ്‌തകം മേശപ്പുറത്തേക്ക് വയ്ക്കുമ്പോഴാണ് ആ പെൻസിൽ ശ്രദ്ധയിൽപ്പെട്ടത്. സാധാരണ മൂന്നു പെൻസിലുകൾ ചേരുന്ന വലിപ്പമുള്ള, തിളങ്ങുന്ന മഞ്ഞ കലർന്ന പച്ച നിറമുള്ള തടിയൻ പെൻസിൽ… ഒരിക്കൽ ഞാനൊരു ചിത്രം വരച്ചു. ഒരു കുട്ടിയാനയുടെ ചിത്രം. ഞാനത് അനുചേച്ചിയെ കാണിച്ചു. അവൾക്കത് വളരെ ഇഷ്ടപ്പെട്ടു.
“കുട്ടനെപ്പോലെ തന്നെയുണ്ടല്ലോ?” ഞാൻ ചിരിച്ചു.
“ഇതെനിക്ക് തന്നെക്കാമോടാ?” ഞാൻ സമ്മത ഭാവത്തിൽ തലയാട്ടി.
തൊട്ടാൽ ഉടയുന്ന എന്തോ ഒന്നുപോലെ ഒരു പുസ്‌തകത്തിനുള്ളിൽ അത് വെച്ചിട്ട് അവൾ ബാഗിൽ നിന്നും ഒരു പെൻസിലെടുത്തു. മഞ്ഞ കലർന്ന പച്ച നിറമുള്ള തടിയൻ പെൻസിൽ.
“ഇത് കുട്ടൻ വെച്ചോളു. എന്റെ സമ്മാനം. കളയരുത് കേട്ടോ. ഇനിയും നല്ല ചിത്രങ്ങൾ വരച്ചു ചേച്ചിക്ക് തരണേ”.
ഒരു ചിത്രം വരച്ചതിനു എനിക്കാദ്യമായി കിട്ടിയ സമ്മാനം. നിധി പോലെ സൂക്ഷിക്കേണ്ടിയിരുന്ന ആ പെൻസിൽ രണ്ടു ദിവസം മുൻപ് വരെ മേശയുടെ ഏതോ കോണിലായിരുന്നു.
രണ്ടു വർഷം പെട്ടെന്ന് കഴിഞ്ഞു. ഞാൻ എട്ടാം ക്ലാസ്സിൽ പുതിയ സ്‌കൂളിൽ ചേർന്നു. അനുചേച്ചിയെ ഞാൻ ക്രമേണ മറന്നു തുടങ്ങി. സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രകളിൽ, വൈകുന്നേരങ്ങളിൽ എപ്പോഴൊക്കെയോ വീണ്ടും അനുചേച്ചിയെ കണ്ടുമുട്ടിയിരുന്നു. സൗഹൃദം ഒരു ചെറുചിരിയിലൊതുക്കി ഞാൻ മിക്കപ്പോഴും നടന്നകന്നു. രണ്ടു സഹപാഠികൾക്കൊപ്പം അവളും. പുതിയ സാഹചര്യങ്ങളിൽ ഞാനും ഒരുപക്ഷെ അവളും അകലാൻ നിർബന്ധിതരായതാവാം. അവൾ തന്ന മീനുകൾ ഒന്നൊന്നായി ചത്ത് മലച്ചത് ഞാനറിയുന്നുണ്ടായിരുന്നില്ല.
വരാന്തയാകെ മഴച്ചാറ്റലേറ്റ് നനഞ്ഞു കിടക്കുകയാണ്. ചെരിപ്പിടാൻ തോന്നിയില്ല. തളം കെട്ടിയ ചെളിവെള്ളം, വകവയ്ക്കാതെ മുറ്റത്തേക്കിറങ്ങി. മഴയുടെ ബാക്കിയായി മരക്കൊമ്പുകളെല്ലാം തല കുനിച്ചു നില്ക്കുന്നു. അന്തരീക്ഷത്തിൽ നേർത്ത തണുപ്പ്. ബാക്കി വന്ന തൊണ്ടിപ്പഴം ഒഴുകിപ്പോകാനാകാതെ വെള്ളക്കെട്ടിൽ മുങ്ങിപ്പോങ്ങുന്നു.
പത്തിലെ വേനലവധിക്ക് ഒരു ദിവസം രാവിലെ ഞാൻ അനുചേച്ചിയെ കണ്ടു. പ്രതീക്ഷിച്ചപോലെതന്നെ ആദ്യത്തെ ചോദ്യം “പരീക്ഷ എങ്ങനെയുണ്ടായിരുന്നു കുട്ടാ?” എന്നുതന്നെയായിരുന്നു. “കുഴപ്പമില്ലായിരുന്നു” എന്ന നിരുപദ്രവകരമായ മറുപടിയിൽ ഞാനൊതുങ്ങി.
വീണ്ടും എന്തോ ചോദിക്കാൻ അവൾ ഒരുങ്ങി. ഒന്ന് മടിച്ചു. പിന്നെ ചെറുതായി ചിരിച്ചു. എന്തോ ഓർത്തിട്ടെന്ന പോലെ അവൾ ചോദിച്ചു.
“കുട്ടനെ കണ്ടിട്ട് ഒത്തിരിയായല്ലോ?” വലതു കൈ കൊണ്ട് മെല്ലെ എന്റെ കവിളിൽ തൊട്ടു.
“എന്നെ മറന്നോ നിയ്യ്?” അവളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.
“ഏയ് ഇല്ല.” അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.
“ആര് മറന്നാലും കുട്ടൻ മറക്കില്ലെന്ന് എനിക്കറിയാം”.
അവളുടെ ശബ്ദം ഇടറിയിരുന്നോ? ഞാനാ കണ്ണുകളിൽ കണ്ട തിളക്കം ഉതിർന്നു വീഴാൻ മടിച്ചു നിന്ന രണ്ടു കണ്ണുനീർ തുള്ളികളായിരുന്നോ? അപ്പോഴെന്തേ എനിക്കത് മനസ്സിലായില്ല. ഒരിക്കൽക്കൂടി എന്നെ നോക്കി ചിരിച്ചിട്ട് അവൾ എതിർ ദിശയിൽ നടന്നകന്നു. മെല്ലെ വീശിയ തണുത്ത കാറ്റിനൊപ്പം.
ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് വയലിൻ ക്ലാസ്സും കഴിഞ്ഞ് അന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തിയത്. സ്ഥിരമായി വീശിയിരുന്ന ആ ചെറിയ കാറ്റ് അപ്പോഴുണ്ടായിരുന്നില്ല. കാറ്റിന്റെ അഭാവത്തിൽ പ്രകൃതി നിശ്ചലമായതുപോലെ. വെയിലില്ലെങ്കിലും അസ്വസ്ഥമായ ചൂടുള്ള കാലാവസ്ഥ. വീട്ടിലേക്കുള്ള വഴി തീർത്തും വിജനമായിരുന്നു. ചലിക്കുന്ന ഒന്നിനെപ്പോലും കാണാൻ കഴിഞ്ഞില്ല. വീട്ടിലെത്തിയപ്പോൾ അമ്മ വീട് പൂട്ടിയിറങ്ങുന്നു.
“എങ്ങോട്ടാമ്മേ?” ഞാൻ ചോദിച്ചു. അമ്മ ഞാനെത്തിയത് കണ്ടിരുന്നില്ല. പെട്ടെന്ന് എന്റെ ശബ്ദം കേട്ട് പരിഭ്രമിച്ചത് പോലെ തോന്നി. പിന്നെ ഇടറിയ ശബ്ദത്തിൽ പതുക്കെ എന്നോട് ചോദിച്ചു.
“കുട്ടാ നീയറിഞ്ഞില്ലേ..? എടാ നെല്ലിപ്പറമ്പിലെ അനു.. അനുവിന് തീപ്പൊള്ളലേറ്റു”.
എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. എങ്ങനെ എന്നു ചോദിക്കാൻ തുടങ്ങിയത് തൊണ്ടയിൽ കുടുങ്ങി.
“മെഡിക്കൽ കോളേജിലേക്ക് കൊണ്ടോപോയിരിക്കുവാ.. രക്ഷപെടാൻ സാധ്യത കുറവാണത്രേ..”
മണിക്കൂറുകൾക്ക് മുൻപ് കണ്ട അനുചേച്ചിയുടെ മുഖം എന്റെ മനസ്സിൽ നിറഞ്ഞു. കാലുകൾക്ക് എന്റെ ഭാരം താങ്ങാനാവാത്തതുപോലെ.
“ഈശ്വരാ… നല്ല സ്നേഹമുള്ള കുട്ടിയായിരുന്നു. പാവം.. ഒന്നും വരുത്തരുതേ.. കുട്ടാ, നീ വരുന്നുണ്ടോ? ഞാൻ അവരുടെ വീട് വരെ പോവാണ്”
അമ്മ ചോദിച്ചത് ഞാൻ കേട്ടിരുന്നോ..? വീടിന്റെ വരാന്തയിൽ ഞാൻ തളർന്നിരുന്നു. നെഞ്ചിനുള്ളിൽ പൊട്ടാൻ വെമ്പുന്ന ഒരു ബലൂണിരിക്കുന്നത് പോലെ. ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നത് ഞാനറിഞ്ഞു. അനുചേച്ചിയെ ഒരിക്കൽക്കൂടി നേരിട്ട് കാണാൻ ഞാനാഗ്രഹിച്ചു. അവളെ ഞാനെന്നും എന്റെ ചെറിയ കുറുമ്പുകൾ കൊണ്ട് വേദനിപ്പിച്ചിട്ടേയുള്ളൂ. പക്ഷെ വാക്കുകൾ കൊണ്ടു പോലും അവളെന്നെ നോവിച്ചിട്ടില്ല. എന്റെ ആ കുറുമ്പുകളും കുസൃതിയുമെല്ലാം അവൾക്കിഷ്ടമായിരുന്നിരിക്കണം. കുഞ്ഞനിയനെ അവൾ അത്ര മാത്രം സ്നേഹിച്ചിരുന്നിരിക്കണം. എല്ലാം മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയോ? അനുചേച്ചിയെ ആദ്യം കണ്ടപ്പോൾ മുതലുള്ള ഓർമ്മകൾ മനസ്സിലെവിടെയോ..
ഒരിക്കൽക്കൂടി അവളുടെ കയ്യുംപിടിച്ചു സ്‌കൂളിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ, അവളോടൊപ്പം തൊണ്ടിപ്പഴം പെറുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, മഴ നനയാൻ കഴിഞ്ഞിരുന്നെങ്കിൽ, കുട്ടാ എന്ന വിളി അവളിൽ നിന്നും ഒരിക്കൽക്കൂടി കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. അനുചേച്ചിക്ക് ഒന്നും വരില്ല. ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പലതും നഷ്ടപ്പെടാൻ തുടങ്ങുമ്പോഴാണല്ലോ നാം അവയുടെ യഥാർത്ഥ വിലയറിയുക. എന്റെ അനുചേച്ചിക്കൊന്നും വരുത്തരുതേയെന്ന പ്രാർത്ഥന മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു.
മുറ്റത്തെ വെള്ളക്കെട്ടിൽ മുങ്ങിപ്പോങ്ങിയ ആ തൊണ്ടിപ്പഴം ഞാൻ കയ്യിലെടുത്തു. മരത്തിലേക്ക് നോക്കി. ഇല്ല. ഒന്നുപോലും ബാക്കിയില്ല. ഈ വർഷത്തെ അവസാനത്തെ പഴം.
“കുട്ടാ…” അനുചേച്ചിയുടെ ശബ്ദം… ഞാൻ ചുറ്റിലും നോക്കി. എവിടെ…? ആരുമുണ്ടായിരുന്നില്ല. അതോ എനിക്ക് തോന്നിയതാണോ?
ഞാൻ വീടിനു പിന്നിലേക്ക് നടന്നു. തൊടിയിൽക്കൂടി, ഒരു ചെറിയ കയറ്റം കയറി, അനുചേച്ചിയുടെ വീട്ടിലേക്ക്. എനിക്കവളെ കാണണം. മനസ്സിനെ കാലുകൾ പിൻതുടരുകയായിരുന്നു. തൊടിയും ഇടവഴികളുമെല്ലാം വെള്ളക്കെട്ടുകൾ…വഴിയിലെ ചെറിയ പാറക്കല്ലുകളൊക്കെ പായൽ പിടിച്ചു വഴുക്കലുള്ളവയായിരിക്കുന്നു. ഈ കല്ലുകളിൽ ഏതോ ഒന്നിലാണ് ഞാൻ തള്ളിയിട്ടപ്പോൾ അന്നവളുടെ നെറ്റി ഇടിച്ചത്.
തെക്കേ തൊടിയിലേക്ക് കയറി. കാലവർഷത്തെ സ്വാഗതം ചെയ്തു കൊണ്ട് പുൽനാമ്പുകൾ പൊട്ടിയിരിക്കുന്നു. ചെറു മരങ്ങൾ ചില്ലകൾ താഴ്ത്തി നില്ക്കുന്നു. തൊടിയുടെ മധ്യ ഭാഗത്തായി ഒരു ചെറിയ തെങ്ങ് നില്ക്കുന്നുണ്ട്. അനുചേച്ചിയെ സംസ്‌കരിച്ചത് അവിടെയാണ്. ഇന്നവൾ ഉറങ്ങുകയാണ്. ഇനിയൊരിക്കലും ഉണരാതെ. ഞാൻ മെല്ലെ അവൾക്കരികിലേക്ക് നടന്നു. എന്റെ വലതു കയ്യിൽ ആ തൊണ്ടിപ്പഴം അപ്പോഴുമുണ്ടായിരുന്നു. ഞാനത് എന്റെ ചേച്ചിക്കായി കൊണ്ടുവന്നതാണ്. അവൾ അലിഞ്ഞു ചേർന്ന മണ്ണിൽ സമർപ്പിക്കാൻ.
“കുട്ടാ, എന്നെ മറന്നോ നിയ്യ്?” അനുചേച്ചിയുടെ ശബ്ദം എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവസാനമായി കണ്ട നിമിഷമായിരുന്നു ഓർമ്മയിൽ നിറയെ.
“ഇല്ല ചേച്ചി… ഒരിക്കലുമില്ല. ആര് മറന്നാലും കുട്ടൻ അനുചേച്ചിയെ മറക്കില്ല”.
ഞാനാ തൊണ്ടിപ്പഴം അവളുടെ കാല്ക്കൽ വച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. അടുത്ത ജന്മത്തിലെങ്കിലും അനുചേച്ചി എന്റെ സ്വന്തം ചേച്ചിയായി ജനിച്ചിരുന്നെങ്കിൽ.
“കുട്ടാ…” എവിടുന്നോ ആ വിളി വീണ്ടും. ഒരു പക്ഷെ എന്റെ തോന്നലാകാം. ഞാൻ തിരികെ നടന്നു.
എങ്ങു നിന്നോ രണ്ടു വെള്ളത്തുള്ളികൾ എന്റെ മുഖത്ത് വീണു.ഞാൻ മുകളിലേക്ക് നോക്കി. നിറയെ പഴങ്ങളുമായി തൊണ്ടിമരത്തിന്റെ ചില്ലകൾ.
“ഇത് കായ്ക്കുമ്പോൾ മുഴുവൻ പഴവും നിനക്ക് തന്നേക്കാം. കേട്ടോടാ കൊതിയാ…”
ഇതാ ഇന്ന് തെക്കേ തൊടിയിലെ തൊണ്ടിമരം നിറയെ കായ്ച്ചിരിക്കുന്നു.. പക്ഷെ ഒരു തൊണ്ടിപ്പഴം എനിക്ക് പറിച്ചു തരാൻ അവൾ എന്റെ കൂടെയില്ലല്ലോ. വീണ്ടും രണ്ടു മൂന്നു വെള്ളത്തുള്ളികൾ ദേഹത്ത് വീണു. ഒരു തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി. തൊണ്ടിമരം ചെറുതായി ഒന്നുലഞ്ഞു. ഒരു തൊണ്ടിപ്പഴം എന്റെ മുന്നിലേക്ക് വീണു. എന്റെ കുഞ്ഞേച്ചിയുടെ സാമീപ്യം ഞാനടുത്തറിഞ്ഞു. നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒരിക്കലും നമ്മെ വിട്ടു പോകില്ല. കാണാനും കേൾക്കാനും കഴിയുന്നില്ലെങ്കിലും അവർ എന്നും നമുക്കൊപ്പമുണ്ടാകും. എന്നും നമ്മളെ സ്നേഹിക്കുന്നുണ്ടാകും. ഒരു ഇരമ്പലോടെ വീണ്ടും മഴ പെയ്യാൻ തുടങ്ങി.
കോരിച്ചൊരിയുന്ന മഴയത്ത് ഞാൻ തിരികെ വീട്ടിലേക്ക് നടന്നു. അനുചേച്ചി തന്ന തൊണ്ടിപ്പഴം എന്റെ കയ്യിൽ ഭദ്രമായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആരും കാണുന്നുണ്ടായിരുന്നില്ല. അവളൊഴികെ…!!
ആനന്ദ് വിഷ്ണു പ്രകാശ്


15 Comments
ഇല്ലാതായിക്കഴിയുമ്പോഴാണ് ചില ബന്ധങ്ങളുടെ ആഴം തിരിച്ചറിയുന്നത് ….. സുന്ദരമായ എഴുത്ത്.👍❤️
❤️
ഗംഭീരം 👍👍👍
❤️
മനസ്സ് നിറച്ചു ❤️👌
ചില വേർപാട് ഒടുങ്ങാത്ത നീറ്റലായി കൂടെയുണ്ടാകും. നല്ല ആഖ്യാനശൈലി.
👌😰👍
❤️
ഓർമ്മകൾക്കു സുഗന്ധം മാത്രമല്ല ചിലപ്പോഴൊക്കെ വല്ലാത്ത നൊമ്പരവുമുണ്ടാകും കുട്ടിക്കാലവും ഓർമ്മകളും നിറഞ്ഞ മനോഹരമായ കഥ 👌❤️
നല്ലെഴുത്ത്. 👌👌🌹
കുട്ടനും അനുച്ചേച്ചിയും മനസ്സിൽ കയറിപ്പറ്റി❤️
❤️
നല്ല ഒഴുക്കുള്ള ഭാഷയിൽ ഭംഗിയായി എഴുതി.. ബന്ധത്തിൻ്റെ ദൃഢത വായനയിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. ഇഷ്ടമായി.👌👏❤️
ചിലരെക്കുറിച്ചുള്ള ഓർമ്മകൾക്ക് കണ്ണീരിന്റെ ഉപ്പ് കൂടുതലായിരിക്കും.. എനിക്ക് കഥ ഇഷ്ടപെട്ടു
നല്ല കഥ 👌🥰
ചില വേർപാട് ഒടുങ്ങാത്ത നീറ്റലായി കൂടെയുണ്ടാകും. നല്ല ആഖ്യാനശൈലി.
👌😰👍
❤️
❤️