ശബരിമല യാത്ര കഴിഞ്ഞു വന്നപ്പോളാണ് അടുത്ത മലകയറ്റത്തിനുള്ള വിളി വരുന്നത്. ബ്രഹ്മഗിരി പീക്കിലേക്കാണ്, കേരളത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ട്രക്കിങ്ങ് റൂട്ട്. One side വെറും ആറു കിലോമീറ്റർ മാത്രം.
അങ്ങനെ ഏഴു ദിവസത്തിനുള്ളിലെ രണ്ടാമത്തെ മലകയറ്റം.
നമ്മുടെ വാ അടച്ച്, കണ്ണും കാതും മൂക്കും തുറന്ന് കാടിനെ കണ്ട്, കാടിന്റെ ശബ്ദങ്ങൾ കേട്ട്, കാടിന്റെ ഗന്ധമറിഞ്ഞ് ഒരു യാത്ര.
വഴിക്ക് കുറുകെ ഒരു മരം ഒടിഞ്ഞ് കിടക്കുന്നുണ്ട്. അടുത്ത് ചൂട് മാറാത്ത ആനപ്പിണ്ടം. അന്തരീക്ഷത്തിൽ ആനയുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്നു. ഏത് നിമിഷവും മുന്നിൽ വരാവുന്ന ആനയേ പ്രതീക്ഷിച്ച് കുറച്ച് ദൂരം….
ഇടക്ക് ഒരു മലയണ്ണാൻ ചാടിപ്പോയി. കാടിനുള്ളിൽ നിന്ന് ഏതൊക്കെയോ കിളികളുടെ ശബ്ദം കേൾക്കാം. ഉൾക്കാട്ടിൽ എവിടെയോ മരം ഒടിയുന്ന ശബ്ദം കേൾക്കാം. തലേ ദിവസം പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ പതിഞ്ഞ കടുവയുടെ കാൽപ്പാടുകൾ ഗൈഡ് കാണിച്ചു തന്നു. കൂടാതെ അവന്റെ സാമാജ്യം അടയാളപ്പെടുത്തിയ മരത്തിലെ പാടുകൾ.
ചെറിയ കയറ്റങ്ങൾ കയറി, അരുവികൾ മുറിച്ചു കടന്ന് വാച്ച് ടവറിനടുത്തേക്ക്. കാലിൽ കയറിയ അട്ടകളെയൊക്കെ ഇടയ്ക്ക് എടുത്തു കളയണം. വാച്ച് ടവറിന് മുകളിൽ കയറിയാൽ സമീപപ്രദേശങ്ങൾ മുഴുവനും കാണാം. മുകളിലേക്ക് കയറുമ്പോൾ ശക്തമായ കാറ്റിൽ സ്റ്റെപ്പുകൾ ചെറുതായി ആടും. യാത്രയുടെ ബാക്കി ഭാഗത്തിന്റെ കാഠിന്യം അവിടെ നിന്നു നോക്കിയാൽ കാണാം. കുത്തനെയുള്ള കയറ്റമാണ്. നടക്കാൻ മടിയുള്ളവർക്ക് ഇവിടെ യാത്ര അവസാനിപ്പിക്കാം.
ഇവിടെ മുതൽ മരങ്ങൾ നിറഞ്ഞ നിത്യഹരിത മഴക്കാടുകൾ തീർന്ന് ഷോലക്കാടും പുൽമേടും തുടങ്ങുകയായി. പുൽമേടുകൾക്കുള്ളിൽ കൂടുവെച്ച താമസിക്കുന്ന കിളികളുണ്ട്. ഇടയ്ക്ക് മ്ലാവിന്റെ കൂട്ടങ്ങളെ കാണാം. ചിലപ്പോഴൊക്കെ ആനകളെയും. വെയിൽ ഉണ്ടെങ്കിലും വീശുന്ന കാറ്റിന് നല്ല തണുപ്പാണ്.
ഒരു നിശ്ചിത ഉയരത്തിനു മുകളിൽ വലിയ മരങ്ങൾ വളരാത്തത് അവിടെ വീശുന്ന കാറ്റിന്റെ ശക്തി കൊണ്ടാണ്. കാറ്റ് നേരിട്ട് ബാധിക്കാത്ത മലഞ്ചെരുവുകളിൽ വളരുന്ന കാടുകളാണ് ഷോലക്കാടുകൾ എന്നറിയപ്പെടുന്നത്. ഈ കാടുകളുടെ സംരക്ഷകർ കാട്ടിൽ പോകുമ്പോൾ നമ്മളുടെ കാലിൽ കയറുന്ന അട്ടകളാണ്. ഷോലക്കാടുകളുടെ സമീപത്ത് എപ്പോഴും അട്ടകളുടെ വലിയ കൂട്ടങ്ങൾ ഉണ്ടാവും.
പ്രകൃതിയെ അറിഞ്ഞ്, കാടിനെയും അതിന്റെ അത്ഭുതകരമായ നിയമങ്ങളും അറിഞ്ഞുളള യാത്ര സമുദ്ര നിരപ്പിൽ നിന്നും 1600 ഓളം അടി ഉയരത്തിലേക്കാണ്. അല്പം മടിയോ വിയർപ്പിന്റെ അസുഖമോ ഉള്ളവർ ഇങ്ങോട്ട് വരാതിരിക്കുന്നതാവും നല്ലത്.
പരസ്പരം സഹായിച്ചും, പ്രോത്‌സാഹിപ്പിച്ചും, കൈത്താങ്ങായും, കുടിവെള്ളം കരുതി വെച്ചും, പങ്കിട്ടും സഹനത്തിന്റേയും, സഹകരണത്തിന്റേയും, അതിജീവിതത്തിന്റേയും പാഠങ്ങൾ കൂടി ഈ യാത്രയിൽ നമ്മളറിയാതെ പഠിക്കും. കാട്ടിലേക്ക് കയറുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കുക സാധനവും കാട്ടിൽ ഉപേക്ഷിക്കാതിരിക്കുക അതുപോലെ കാട്ടിൽ നിന്നും ഒരു സാധനവും എടുത്തു കൊണ്ട് പോരാതെയിരിക്കുക.
ഭൂമി വെട്ടിപ്പിടിച്ചവന്റെ, സ്വര്‍ഗത്തിന്റെ പടിവാതിൽക്കല്‍ നില്‍ക്കുന്നവന്റെ ആഹ്ലാദം അറിയണമെങ്കിൽ ഒരിക്കലെങ്കിലും ബ്രഹ്മഗിരിയുടെ നെറുകയിൽ കാല് കുത്തുക തന്നെ വേണം….


6 Comments
ഹരീ, ഇന്നാണ് വായിക്കാൻ പറ്റിയത്. മനസ്സു നിറച്ചു ഈ യാത്രയെഴുത്ത്. കാടിനോടും മലയോടും ചേർന്നു നിന്നു പുന്നാരം ചൊല്ലിയൊരു യാത്ര. കാടിനോട് നാം എത്ര സൗമ്യമായി സംവദിക്കണമെന്ന അവബോധം കൂടി തരുന്ന മനോഹരമായ എഴുത്ത്. സ്നേഹം മകനേ !
പ്രകൃതിയെ സ്നേഹിച്ചൊരു സാഹസിക യാത്ര, വിവരണം ഒന്നാന്തരമായി. ഷോലക്കാടുകളെ കുറിച്ച് ആദ്യമായി കേട്ടു.
👌❤️
എനിക്കും ഇത്തരം യാത്രകൾ ഇഷ്ട്ടമാണ്. നന്നായി എഴുതി ഹരി 👍👍
ചേച്ചീ സന്തോഷം, സ്നേഹം
വയനാടിനടുത്തുള്ള ബഹ്മഗിരിയേപ്പറ്റി കേട്ടിട്ടുണ്ട്. നല്ലൊരനുഭവമായിരുന്നു അല്ലേ?
വിവരണം അസ്സലായി👌❤️🌹
Thank you ചേച്ചി. 🥰
തിരുനെല്ലി അമ്പലത്തിലേക്കുള്ള വെള്ളം ഒഴുകിയെത്തുന്നതൊക്കെ ഈ മലയിൽ നിന്നാണ്. പറഞ്ഞാൽ തീരാത്ത അത്ര വിശേഷങ്ങൾ ഉണ്ട്