വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കുമ്പോഴാണ് മീര ആ പ്രണയഗാനം ഒരിക്കൽ കൂടി കേട്ടത്. ഓരോ തവണ കേൾക്കുമ്പോഴും ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓർമ്മകൾ ഒരുപാട് പുറകിലേക്ക് പോകാറുണ്ട്. നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ എത്രതന്നെ ആട്ടിയകറ്റാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ അത് തിരികെ എത്താറുമുണ്ട്. അതുകൊണ്ടുതന്നെ 90കളിലെ പ്രണയഗാനത്തിലേക്ക് ഒരിക്കൽപോലും തിരഞ്ഞു പോകാൻ ശ്രമിച്ചിട്ടില്ല. ദുഃഖ സ്മരണകൾ എല്ലാം ഹൃദയത്തിൻറെ ഏതോ ഒരു കോണിൽ ആരും കാണാതെ ഒളിപ്പിച്ചുവെച്ചു കൊണ്ട് ഒരിത്തിരി സന്തോഷം കണ്ടെത്താൻ ഏതെങ്കിലും ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആയിരിക്കും എവിടെനിന്നെങ്കിലും ആ പഴയ ഗാനങ്ങൾ ഇങ്ങനെ ഒഴുകിയെത്തുക. 90 കളിലെ യുവഹൃദയങ്ങളിൽ പ്രണയത്തിൻറെ വിത്ത് പാകിയ ഈസ്റ്റ് കോസ്റ്റ് വിജയൻറെ ഹൃദയ രാഗങ്ങളുടെ സ്നേഹ ഗീതങ്ങൾ.
കാടിൻറെ ഭംഗി ആസ്വദിച്ചുകൊണ്ട് ഇളം കാറ്റേറ്റ്, നുരഞ്ഞ് പതഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് കൂടെ വെള്ളച്ചാട്ടത്തെ ലക്ഷ്യമാക്കി നടക്കുമ്പോൾ മീരയുടെ കാതുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം ഒഴുകി എത്തി. ഒരു കാലത്ത് തൻറെ മനസ്സിൻറെ നിയന്ത്രണം പോലും നഷ്ടപ്പെട്ട് പോകാൻ കാരണമായ പ്രണയ ഗാനം.
“ഒന്നിനുമല്ലാതെ എന്തിനോ തോന്നിയിരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം…..
രാഗമാ യാത് താളമയി….. “
എന്ന് തുടങ്ങുന്ന മനോഹരമായ ഈസ്റ്റ് കോസ്റ്റ് ആൽബത്തിലെ ഒരു പാട്ട്.
മീരയും രണ്ടു കൂട്ടുകാരികളും അടങ്ങുന്ന “മൂവർ സംഘം.” കോളേജിൽ എല്ലാവരും അങ്ങനെയായിരുന്നു അവരെ വിളിച്ചിരുന്നത്. ടൗണിലെ കോളേജിൽ നിന്ന് ക്ലാസ്സ് കഴിഞ്ഞ മൂന്നുപേരും ഒന്നിച്ചായിരുന്നു വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നത്. ഒരുമണിക്ക് ക്ലാസ്സ് കഴിഞ്ഞാൽ നാട്ടിലേക്കുള്ള ബസ് വരാൻ പിന്നെയും അരമണിക്കൂർ കഴിയണം. ചിലപ്പോൾ അത് പിന്നെയും നീളും. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻവശത്തെ പൂക്കടയിൽ നിന്നാണ് ആദ്യമായി അവളാ പാട്ട് കേട്ട് തുടങ്ങിയത്.”ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരു ഇഷ്ടം… എന്ന പാട്ടിൽ തുടങ്ങി “നിനക്കായി” “ഓർമ്മക്കായി” അങ്ങനെ ഒരുപാട് പാട്ടിലൂടെ…
എന്നും അവർ ബസ്റ്റോപ്പിൽ എത്തുമ്പോൾ മാത്രം പ്ലേ ചെയ്തു തുടങ്ങുന്ന ആ ഗാനത്തിൽ അവർക്ക് ചെറിയ സംശയം തോന്നി തുടങ്ങി. ആരോ ആരെയോ ലക്ഷ്യം വെച്ച് പ്ലേ ചെയ്യുന്നതുപോലെ. അവർ മൂവർ സംഘം അത് കണ്ടുപിടിക്കാൻ തന്നെ തീരുമാനിച്ചു. സംഗതി ശരിയായിരുന്നു. പൂക്കടയിൽ നിന്ന് രണ്ട് കണ്ണുകൾ എപ്പോഴും അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. മൂന്നുപേരിൽ ആരെയാണ് ലക്ഷ്യം വെക്കുന്നത് അറിയുകയാ യിരുന്നു അടുത്ത ലക്ഷ്യം. അതിനും അവർ തന്നെ ഒരു വഴി കണ്ടുപിടിച്ചു. 5 മിനിറ്റ് വ്യത്യാസത്തിൽ അവർ മൂന്നുപേരും ബസ്റ്റോപ്പിൽ എത്താൻ തീരുമാനിച്ചു. ആദ്യത്തെ രണ്ടുപേര് സ്റ്റോപ്പിൽ എത്തി കുറച്ചുനേരം കാത്തിരുന്നിട്ടും പാട്ട് പ്ലേ ആയില്ല. അവസാനമായിരുന്നു മീര എത്തിയത്. അതോടെ “ഒന്നിനുമല്ലാതെ” എന്ന ഗാനം പാടി തുടങ്ങി.
അങ്ങനെ കൂട്ടുകാരികൾ കാമുകി പട്ടം മീരയ്ക്ക് ചാർത്തി കൊടുത്തു. അവരുടെ മുന്നിൽ ദേഷ്യം കാണിച്ചെങ്കിലും അവളുടെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു. അതിനുമുമ്പേ പേരറിയാത്ത ആ നൊമ്പരത്തെ അവൾ പ്രേമം എന്ന് പേരിട്ടു വിളിച്ചിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ പാഠപുസ്തകത്തെക്കാൾ മീര ഗവേഷണം നടത്തിയത് ഈസ്റ്റ് കോസ്റ്റ് വിജയൻറെ ആൽബങ്ങളിൽ ആയിരുന്നു…
പഠിക്കാനായി ബുക്ക് എടുത്താൽ പുസ്തകത്താളിൽ അവൻ…
കേൾക്കുന്നത് ഈസ്റ്റ് കോസ്റ്റ് ഗാനങ്ങൾ….
ലാൻഡ് ഫോണുകൾ പോലും അപൂർവങ്ങളിൽ അപൂർവമായി കണ്ടിരുന്ന കാലത്ത് ഒരു ജന്മം മുഴുവൻ ഓർക്കാനുള്ളത് ഈ പാട്ടുകളിലൂടെ പറഞ്ഞിരുന്നു. പൂക്കടയിൽ നിന്ന് മാലയും ബൊക്കെയും ഒക്കെ എടുത്ത് കാട്ടി അന്നത്തെ “സേവ് ദ ഡേറ്റ്”അവര് ഉറപ്പിച്ചിരുന്നു.
ഡിഗ്രി ഫസ്റ്റ് ഇയർ റിസൾട്ട് വന്ന് രണ്ട് വിഷയത്തിന് തോറ്റു തുന്നം പാടിയപ്പോഴാണ് മീരക്ക് ഇത് വെറുതെ തോന്നിയ ഒരു ഇഷ്ടമല്ല എന്ന് മനസ്സിലായത്. പഠിത്തത്തിൽ ശ്രദ്ധ കുറയാനുള്ള കാരണം അന്വേഷിച്ചുകൊണ്ടിരുന്ന അച്ഛൻറെ കാതുകളിലേക്ക് മീരയുടെ പൂക്കട പ്രണയം ആരോ എത്തിച്ചു കൊടുത്തു. വെറുതെ തോന്നിയ ഒരിഷ്ടത്തെ ആരൊക്കെയോ ചേർന്ന് പൊടിപ്പും തൊങ്ങലും വെച്ച് ഒരു മഹാസംഭവം ആക്കി മാറ്റി.
അന്ന് വീട്ടിൽ ഒരു ഭൂകമ്പം തന്നെ ഉണ്ടായി. അച്ഛനും ആങ്ങളമാരും എടുത്തിട്ടു കുടഞ്ഞു.
വീട്ടുകാരും കുടുംബക്കാരും ഒറ്റക്കെട്ടായി അവൾക്കെതിരെ ഗൂഢാലോചന നടത്തി.
10 ദിവസത്തെ ഓണാവധിക്ക് വയനാട്ടിലെ അമ്മ വീട്ടിലേക്ക് അമ്മാവന്മാർ മീരയെ കൊണ്ടുപോയി. അവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ആരും വരാതിരുന്നപ്പോഴാണ് മീരക്ക് തന്നെ നാടുകടത്തിയതാണെന്ന് ബോധ്യമായത്. വഴിയെ തൻറെ ഡിഗ്രി പഠനം പാതിവഴിയിൽ അവസാനിച്ചതായും വയനാട്ടിൽ ടിടിസി ചേർക്കുകയാണെന്നും മനസ്സിലായി.
നാട്ടിലുള്ള കൂട്ടുകാരോട് യാത്ര പോലും പറയാൻ അവസരം കിട്ടാതെ അവൾ വീട്ടുതടങ്കലിലായി. അക്കരെ ഇക്കരെ നിന്ന് കണ്ണുകൾ കൊണ്ട് മാത്രം കൈമാറിയിരുന്ന പ്രണയത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അത് നഷ്ടപ്പെട്ടപ്പോഴാണ് മീരയ്ക്ക് മനസ്സിലായാത്. ആ പൂക്കടയിൽ നിന്ന് അവൾ അവസാനമായി കേട്ട പാട്ട് “ആരാദ്യം പറയും……” എന്ന് തുടങ്ങുന്ന പാട്ടായിരുന്നു. അമ്മാവന്മാരുടെ കർശന നിയന്ത്രണത്തിൽ രണ്ടു വർഷത്തെ ടിടിസി പഠനം പൂർത്തിയാക്കി. അവൾ നാട്ടിലേക്ക് വരാതിരിക്കാൻ വീട്ടുകാർ പരമാവധി ശ്രദ്ധിച്ചിരുന്നു. എന്നിട്ടും ഇടയ്ക്ക് എപ്പോഴോ അവൾ ഒറ്റയ്ക്ക് നാട്ടിലേക്ക് വണ്ടി കയറി. തൻറെ പഴയ സഹപാഠികളോട് അയാളെ പറ്റി അന്വേഷണം, അവർക്കാർക്കും കൃത്യമായി ഒരു മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ അവരെ വീട്ടുകാർ വിലക്കിയതും ആവാം. പതിയെ പതിയെ അവൾക്ക് നാട്ടിലേക്ക് വരാനുള്ള ഇഷ്ടവും കുറഞ്ഞു.
വയനാട്ടിൽ ഒരു സ്കൂളിൽ അവൾ ജോലിക്ക് കയറി. വീട്ടുകാർ കണ്ടുപിടിച്ച വിവാഹാലോചനകളിൽ നിന്നെല്ലാം അവൾ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി.
വർഷങ്ങൾ കടന്നുപോയപ്പോൾ വിവാഹമേ വേണ്ട എന്ന നിലപാടിൽ അവൾ ഉറച്ചു നിന്നു.
ഒന്നിനുമല്ലാതെ ആരും… അറിയാതെ… ഒന്നും പ്രതീക്ഷിക്കാതെ ..
മൗനമായി….
ഏകാഗ്രമായി.. ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുമെങ്കിൽ നഷ്ടപ്രണയത്തോടെ മനോഹരമായതൊന്നും ഈ ഭൂമിയിൽ ഇല്ല എന്ന് അവൾക്ക് മനസ്സിലായി തുടങ്ങി..
എങ്കിലും ചിലപ്പോഴൊക്കെ അവൾ അയാളെ പറ്റി ഓർക്കാറുണ്ട്. വിവാഹമൊക്കെ കഴിഞ്ഞു കുടുംബമൊക്കെ ആയി സുഖമായി കഴിയുന്നുണ്ടാകും എന്നൊക്കെ. തന്നെ ആ പഴയ ഇഷ്ടത്തെ ആർക്കും ശല്യമാവാതെ വളർന്നു പന്തലിക്കാതെ ഒരു ബോൾസ് ചെടിയായി പുതുമയോടെ അവൾ ഹൃദയത്തിൽ കുടിയിരുത്തി.
ഒരിക്കൽ കോളേജ് റോഡിലൂടെയുള്ള ബസ് യാത്രയിൽ മീരയുടെ കണ്ണുകൾ പൂക്കട തിരഞ്ഞു. പഴയ പൂക്കടയുടെ സ്ഥാനത്ത് വലിയ മൊബൈൽ ഷോപ്പ് തുടങ്ങിയിരിക്കുന്നു.
————–
ദുർഘടം പിടിച്ച പാറക്കെട്ടുകളിലൂടെ കയറി അവൾ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തിച്ചേർന്നു. ഡിസംബറിലെ മഞ്ഞും കുളിരും ഇളം കാറ്റും കൂടിയായപ്പോൾ വല്ലാതെ തണുത്തു വിറച്ചു. പാറക്കെട്ടുകൾ ഇളം വെയിൽ ചൂടേറ്റ് കുതിച്ചുചാടുന്ന വെള്ളച്ചാട്ടം ആസ്വദിച്ചു കൊണ്ടവൾ ഇരുന്നു. തന്റെ ബാഗിൽ നിന്നും ഡയറിയെടുത്ത് ഡിസംബറിലെ അവസാന പേജിൽ അവൾ ഇങ്ങനെ എഴുതി.
” ഇപ്പൊൾ ഈ നിമിഷം കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിനൊപ്പം താഴേക്ക് പതിക്കണം…
പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച്, ചിന്നിച്ചിതറി ഒരു ചോരപ്പുഴയായ്…. പതഞ്ഞൊഴുകി ഒഴുകി…
നാളെയിലേക്ക് പുനർജനിക്കണം.
ഒരു വാലാട്ടി കിളിയായ്..
നിർത്താതെ ചലിച്ചുകൊണ്ടിരിക്കണം.
സഞ്ചാരികൾക്കിടയിലൂടെ എൻ്റെ നഷ്ടം തേടിയലയണം. പറന്ന് പറന്ന് മരച്ചില്ലയിൽ തളർന്നിരിക്കണം. കാടിൻറെ നിഗൂഢതയിൽ കൂരിരുട്ടിൽ തെളിയുന്ന നിഴൽ രൂപങ്ങൾ കണ്ട് പേടിച്ചിരിക്കണം. തേങ്ങി കരയണം…..
പുലർകാലത്ത് എപ്പോഴോ ഒന്ന് മയങ്ങണം. സൂര്യകിരണങ്ങളേറ്റു ഞെട്ടി ഉണരണം…
ദൂരേക്ക് പറന്നു പോകണം….
തുഷാര രാജേഷ്
#പറയാൻ മറന്ന പ്രണയം


3 Comments
പ്രണയം അതു വീഞ്ഞു പോലെ പഴകുന്തോറും വീര്യം ഏറും . തുഷാര ഹൃദയ സ്പർശിയായ പ്രണയം 💕💕
ഹൃദയം നുറുങ്ങി എഴുതിയ പോലെ അവസാന വരികൾ 👌❤️
നഷ്ടപ്രണയത്തിൻ്റെ നീറ്റൽ . നല്ലെഴുത്ത്👌❤️