ഊണു കഴിഞ്ഞ് വിശാലമായ ബാൽക്കണിയിൽ വന്നിരിക്കുമ്പോൾ മഴക്കാർ കൊണ്ട് പുറത്തു നേർത്ത ഇരുട്ടുണ്ടായിരുന്നു. അകത്തും പുറത്തും എന്തൊരു നിശ്ശബ്ദതയാണ്. സഹായി രമണിയേച്ചി ഉറക്കമായെന്നു തോന്നുന്നു. പകൽ മകൾ വീട്ടിലില്ലെങ്കിലും അവളുടെ സ്വരത്തിന്റെ അലയൊലികൾ ഇവിടെ നിറഞ്ഞു നിൽക്കും. ചാരു ഇപ്പോൾ ചെന്നൈയിലെ ഓഫീസിലായിരിക്കും. ഒരു വർഷത്തെ ഡെപ്യുട്ടേഷനിൽ ലണ്ടനിലേക്ക് പോകാനുള്ള പേപ്പറുകൾ തയ്യാറാക്കാൻ ഹെഡ് ഓഫീസിൽ പോയിരിക്കുകയാണ്. വൈകിട്ടെത്തും.
പാവം കുട്ടി. എന്നെ ഒറ്റക്കാക്കി പോകാൻ മടിയായതു കൊണ്ട് ആ നല്ല അവസരത്തെക്കുറിച്ച് പറഞ്ഞതേയില്ല. അവളുടെ കൂട്ടുകാരിയാണ് വിവരങ്ങൾ എന്നെ അറിയിച്ചത്. നാട്ടിലെ തറവാട്ടിൽ പോയി നിൽക്കാമോ എന്നവൾ ചോദിച്ചതാണ്. അവിടെ ഏട്ടനും ഏട്ടത്തിയുമുണ്ടല്ലോ. പക്ഷെ, എന്റെ ഗ്രാമത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ചാരം മൂടി കിടക്കുന്ന പറയാതെ പോയ ആ പ്രണയത്തിന്റെ കനൽ കത്തിത്തുടങ്ങും. പിന്നെ മനഃപൂർവമാണ് അതിനെ കെടുത്തുന്നത്. അപ്പോൾ അവിടെ താമസിക്കുന്നതെങ്ങിനെ. തന്റെ മൗനം കൊണ്ടാകാം പിന്നെയവൾ നിർബന്ധിച്ചില്ല.
പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും മനസ്സ് അങ്ങോട്ട് പോവുകയാണല്ലോ. അതാ ഒരു ഹാഫ് സാരിക്കാരി സുന്ദരിപെൺകുട്ടി ഗ്രാമീണ വായശാലയിലേക്ക് കയറുന്നു. ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന ഞാനല്ലേ അത്. മംഗലത്ത് തറവാട്ടിലെ മൂന്നു ഏട്ടന്മാരുടെ അനിയത്തികുട്ടി. പുസ്തകങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് വായിച്ചു കൊണ്ട് കുനിഞ്ഞിരിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടത്. ഇവിടെയുള്ള ആൾ അല്ലല്ലോ. മുന്നിലൂടെ ഒരു പെൺകുട്ടി കടന്നു പോയിട്ടും മുഖം ഉയർത്തുന്നില്ല ഈ സുമുഖൻ.
ലൈബ്രേറിയൻ സുകുമാരൻ ചേട്ടൻ അച്ഛന്റെ കൂട്ടുകാരനാണ്.
“ആരാ ചേട്ടാ പുതിയ കക്ഷി. ” ഞാൻ പതുക്കെ ചോദിച്ചു.
“മോളുടെ വീടിന്റെ അടുത്ത് ഒഴിഞ്ഞു കിടന്ന ആ വീട്ടിൽ വാടകക്ക് താമസിക്കാൻ വന്നവരാണ്. ഹരിയുടെ അമ്മക്ക് വില്ലജ് ഓഫീസിലാണ് ജോലി. ഹരിക്ക് ഇവിടെയുള്ള എൻജിനീയറിങ് കോളേജിൽ അഡ്മിഷൻ കിട്ടിയത് കൊണ്ട് ഇന്ദിര സ്ഥലംമാറ്റം വാങ്ങി ഇങ്ങോട്ട് വന്നതാണ്. ” സുകുമാരേട്ടൻ വിശദീകരിച്ചു.
എന്തൊരു ഗമ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.
എല്ലാ ശനിയാഴ്ചയും ലൈബ്രറിയിൽ പോകുമ്പോൾ ഞാൻ ഹരിയെ കാണുമായിരുന്നു. നാളുകൾ കഴിയവേ ആ മുഖം മനസ്സിലേക്ക് കടന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഹരിയും ഒരു കള്ളച്ചിരിയോടെ മുഖമുയർത്തി നോക്കാൻ തുടങ്ങി. ആ കണ്ണുകളിലും പ്രണയം കത്തിനിൽക്കുന്നത് ഞാൻ കണ്ടു. പക്ഷെ ഒന്ന് മിണ്ടാൻ പേടിയായിരുന്നല്ലോ. വായന അത്രക്കിഷ്ടമായതു കൊണ്ട് മാത്രമാണ് ലൈബ്രറിയിൽ പോകാൻ കർക്കശക്കാരനായ അച്ഛൻ അനുവാദം തന്നിട്ടുള്ളത്. പറയാതെയെങ്കിലും പ്രണയം ഞങ്ങളുടെ ഉള്ളിൽ തളിരിട്ടു നിന്നു.
വർഷം മൂന്നു കഴിഞ്ഞു. ഡിഗ്രി കഴിഞ്ഞപ്പോൾ MA ക്ക് ചേരണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. പഠിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല, ഹരിയുടെ കോഴ്സ് കഴിഞ്ഞ് ഒരു ജോലിയാകുന്നതു വരെ പിടിച്ചു നില്ക്കാൻ മാത്രം.
MA ക്ലാസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞ ഒരു അവധി ദിവസം. രാവിലെ അച്ഛൻ വിളിച്ചു.
“ചാരു, ഇന്ന് നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. മിലിറ്ററിയിൽ ഓഫീസറാണ് പയ്യൻ. നല്ല കുടുംബം, കാണാൻ സുന്ദരൻ, ജാതകപ്പൊരുത്തവുമുണ്ട്. ചടങ്ങിനൊരു പെണ്ണുകാണലാണ്. താമസിയാതെ കല്യാണവും നടത്തും. “
ഞാൻ സ്തംഭിച്ചു പോയി. ഹരിക്കൊരു ജോലിയാകുന്നവരെ പിടിച്ചു നിൽക്കാനായിരുന്നല്ലോ പഠിത്തം. പക്ഷെ അച്ഛന്റെ തീരുമാനമാ. തിരു വായ്ക്ക് എതിർ വായില്ല.
അകത്തു ചെന്ന് അമ്മയോട് പരിഭവിച്ചു.
“എനിക്ക് പഠിക്കണം. അതു കഴിഞ്ഞ് മതി കല്യാണമെന്ന് അച്ഛനോട് പറയണേ അമ്മേ. “
“ഉം, പറഞ്ഞോണ്ട് ചെന്നാലും മതി. വേണ്ടാത്തതെല്ലാം ഒപ്പിച്ചു വച്ചിട്ട്. വായനശാലയിൽ ചെന്ന് അപ്പുറത്തെ വാടകക്കാരൻ പയ്യനുമായി നോട്ടവും ചിരിയുമൊക്കെയുണ്ടെന്ന് ആ സുകുമാരൻ അച്ഛനോട് പറഞ്ഞു. ഇനി കല്യാണത്തിന് തയ്യാറായിക്കോ. പഠിക്കണമെങ്കിൽ കല്യാണം കഴിഞ്ഞ് പഠിക്കാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. “‘അമ്മ ചൂടായി.
പിന്നെ കല്യാണം കഴിയുന്നതുവരെ പുറത്തേക്കിറങ്ങാൻ അനുവാദമുണ്ടായില്ല. ഹരിയെ കാണാൻ കൂടി കഴിഞ്ഞില്ല.
ശരത്തേട്ടന് ഡൽഹിയിൽ ജോലിയായതിനാൽ വളരെ താമസമില്ലാതെ ഞങ്ങൾ അങ്ങോട്ടേക്ക് പോയി. എല്ലാക്കാര്യങ്ങളും നന്നായി നോക്കുമെങ്കിലും കിലുക്കാംപെട്ടിയായ എന്റെ സ്വഭാവത്തിന് നേരെ എതിരായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. അധികം സംസാരിക്കില്ല. ചിട്ടയായ ജീവിതരീതികൾ. പറയാൻ പോലും കഴിയാതിരുന്നിട്ടും ആ നഷ്ട പ്രണയം മനസ്സിലെവിടെയോയിരുന്ന് നോവിക്കുന്നതു കൊണ്ടാകാം ഞാനും ആ ജീവിതത്തോട് പൊരുത്തപ്പെട്ടു.
ശരത്തേട്ടന്റെ ട്രാൻസ്ഫറുകൾക്ക് അനുസരിച്ച് നാടു ചുറ്റിയ ജീവിതം. ഇതിനിടയിൽ മകൾ ജനിച്ചു. പഴയ അമ്മയെപ്പോലെ കിലുക്കാംപെട്ടിയെങ്കിലും അവളുടേതായ ഒരു ഐഡന്റിറ്റി അവൾക്കുണ്ടായിരുന്നു. എഞ്ചിനീയറിംഗ് റാങ്കോടെ പാസ്സായി ഡൽഹിയിൽ തന്നെ അവൾക്ക് ജോലിയായി. ശരത്തേട്ടനും അന്ന് ഡൽഹിയിൽ ആയിരുന്നു. തിരക്കുള്ള ജീവിതത്തിനിടയിൽ നാട്ടിൽ പോക്ക് വളരെ കുറവായിരുന്നു. പഴയ ഓർമ്മകൾ ഉണരുമെന്നതിനാൽ എനിക്ക് പോകാൻ വലിയ താല്പര്യവുമില്ലായിരുന്നല്ലോ.
പെട്ടെന്നായിരുന്നു ജീവിതം തകിടം മറിച്ച ആ സംഭവം നടന്നത്. ഒരു ആക്രമണത്തിൽ അമ്പത്തഞ്ചാം വയസ്സിൽ ശരത്തേട്ടന് ജീവൻ നഷ്ടപ്പെട്ടു. മോൾ സമചിത്തയോടെ എല്ലാ കാര്യങ്ങളും നടത്തി. ഈ വലിയ ഫ്ലാറ്റ് വാങ്ങി ഞങ്ങൾ ഇങ്ങോട്ട് മാറി. പണ്ട് മുതൽ തറവാട്ടിൽ സഹായത്തിനുണ്ടായിരുന്ന രമണിയേച്ചിയെ കൊണ്ടു വന്നു. അങ്ങിനെ ജീവിതം വലിയ പ്രശ്നങ്ങളില്ലാതെ ഒഴുകി നീങ്ങുമ്പോഴാണ് മോൾക്ക് ഈ വിദേശ യാത്ര വന്നത്. അവൾ പോയാൽ വീട്ടിലെ ആരവം നിലക്കുമെന്നറിയാം. ചാരം മൂടിക്കിടക്കുന്ന ആ പ്രണയത്തിന്റെ ഓർമ്മകൾ ഇടക്കിടക്ക് കനലാകുമെന്നുമറിയാം. എന്നാലും അവൾ വിശാലമായ ലോകത്തിൽ പറന്നു നടക്കട്ടെ.
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത്. മോളായിരിക്കും. കതകു തുറന്നു. അവൾ ചിരിച്ചു കൊണ്ട് വാതിലിൽ തന്നെ നിൽക്കുകയാണ്. എന്താ കയറുന്നില്ല കൊച്ചെ എന്ന് ചോദിച്ചപ്പോൾ അവൾ കെട്ടിപ്പിടിച്ചു.
“അമ്മക്ക് ഞാൻ വിലപ്പെട്ട ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്. ദേ, അങ്ങോട്ട് നോക്കിയേ. “
ഇടനാഴിയിൽ പുറം തിരിഞ്ഞ് ഒരാൾ നിൽക്കുന്നു.
“ഹരിയച്ഛ, ഇങ്ങോട്ടു പോരൂ. ” അവൾ വിളിച്ചു. ആൾ തിരിഞ്ഞു നടന്നു. ഈശ്വരാ, ഹരി, പ്രായം കുറെ മാറ്റങ്ങൾ വരുത്തിയെങ്കിലും മനസ്സിൽ കൊത്തിയിട്ടിട്ടുള്ള ആ രൂപത്തെ എന്നും ഞാൻ തിരിച്ചറിയുമല്ലോ. അന്തം വിട്ടു നിൽക്കുന്ന എന്നെയും ഹരിയേയും പിടിച്ച് അവൾ സ്വീകരണമുറിയിലെ കസേരയിൽ ഇരുത്തി.
” ഇതൊക്കെ എങ്ങിനെ സംഭവിച്ചു എന്നായിരിക്കും ‘അമ്മ ചിന്തിക്കുന്നത്. നാട്ടിലേക്ക് പോകാനുള്ള അമ്മയുടെ മടി ഞാൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ഞാൻ ഇല്ലാത്ത ഒരു വർഷം നിങ്ങൾക്ക് തറവാട്ടിൽ പൊയ്ക്കൂടേയെന്ന് രമണിയാന്റിയോട് ചോദിച്ചു. അപ്പോൾ ആന്റിയാണ് പഴയ കഥകൾ എന്നോട് പറഞ്ഞത്. അമ്മയുടെ മനസ്സിൽ ഹരിയച്ഛൻ എന്നും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഇദ്ദേഹം ചെന്നൈയിൽ ആണെന്നും രമണി ആന്റിക്ക് അറിയാമായിരുന്നു. ഹരിയച്ഛന്റെ അമ്മയുടെ പേരും മറ്റു ചില വിവരങ്ങളുമൊക്കെയും ആന്റി പറഞ്ഞു തന്നു. ഇക്കാലത്ത് ഒരാളിനെ കണ്ടു പിടിക്കാനോ പ്രയാസം. ഭാഗ്യത്തിന് എനിക്ക് ചെന്നൈയിലേക്ക് പോകേണ്ടിയും വന്നു. ഞാൻ ഈ ആളെ കണ്ടു പിടിച്ചു. കാര്യങ്ങളെല്ലാം സംസാരിച്ചു. അമ്മയുടെ ഏകാന്തത അകറ്റാൻ ഞങ്ങൾ തീരുമാനവുമെടുത്തു. ഹരിയച്ഛൻ ഇന്നും ഒറ്റക്കാണമ്മേ. നിങ്ങളുടെ പറയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയത്തിന്റെ ത്രീവത എനിക്ക് മനസ്സിലായി. നിങ്ങൾ ഒന്നിച്ചാലേ ഞാൻ ലണ്ടനിൽ പോവുകയുള്ളു. ” അവൾ ഞങ്ങളുടെ ഇടയിൽ വന്നിരുന്നു.
ഈശ്വരാ, ഉള്ളിലെ കനൽ ജ്വലിക്കുകയാണല്ലോ. ഹരിയുടെ കണ്ണുകളിലേക്ക് പാളി നോക്കി. അവിടെയും കത്തുന്നു പ്രണയത്തീയ്. പെട്ടെന്നാണ് മോൾ എന്റെ കൈപിടിച്ചു ഹരിയുടെ കൈകളിലേക്ക് വച്ചു കൊടുത്തത്.
” എന്റെ പുന്നാര അമ്മയെ ഹരിയച്ഛനെ ഞാൻ ഏൽപ്പിക്കുന്നു. പൊന്നു പോലെ നോക്കിക്കോണേ. നിയമപരമായ കല്യാണം കൂടി നടത്തിയിട്ടേ ഞാൻ പോകുകയുള്ളൂ. എന്നാലും സ്വന്തം അമ്മയുടെ പ്രണയം സാക്ഷാത്ക്കരിച്ചു കൊടുത്ത ആദ്യത്തെ മോളായിരിക്കും ഞാൻ. ” അവൾ പൊട്ടിച്ചിരിച്ചു.
അപ്പോൾ ഇതിനെല്ലാം നിമിത്തമായ രമണിയേച്ചി നിറകൺചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
#എന്റെരചന #കൂട്ടക്ഷരങ്ങൾ #പറയാൻ മറന്ന പ്രണയം


10 Comments
ശുഭാന്ത്യമുള്ള കഥ മനസ്സിനു ഉണർവു നൽകി.
സന്തോഷം…..നന്ദി……. ജോയ്സ്❤️🙏 വായനയ്ക്കും പ്രോത്സാഹനത്തിനും💐
നല്ല കഥ. സന്തോഷകരമായ പര്യവസാനം ! 👌
സന്തോഷം…..നന്ദി……. രമ്യാ ❤️🙏 വായനയ്ക്കും പ്രോത്സാഹനത്തിനും💐
ശുഭമായി പര്യവസാനിച്ചല്ലോ. നല്ല കഥ മിനീ👌🌹❤️
ഇഷ്ടമായി♥️♥️
സന്തോഷം…..നന്ദി……. സുമാ ❤️🙏 വായനയ്ക്കും പ്രോത്സാഹനത്തിനും💐
സമയത്ത് പറയാൻ കഴിഞ്ഞില്ലെങ്കിലും, വൈകിയെങ്കിലും പ്രണയം സ്ഥലമായല്ലോ. മകൾ അതിനു വഴിയൊരുക്കുകയും. പുതിയ കാലത്ത് തീർത്തും നടക്കാവുന്ന കഥ പതിവു പോലെ നല്ലെഴുത്ത് മിനി👌👏❤️🥰
സന്തോഷം…..നന്ദി……. താരാ❤️🙏 വായനയ്ക്കും പ്രോത്സാഹനത്തിനും💐
കഥ യുടെ അവസാനം അവർ ഒരുമിച്ചല്ലോ. അതു വളരെ നന്നായി 👌❤️🥰
സന്തോഷം…..നന്ദി……. സയറാ ❤️🙏 വായനയ്ക്കും പ്രോത്സാഹനത്തിനും💐