വായനക്കിടയിൽ കണ്ണടഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ പുസ്തകം തൊട്ടടുത്ത് കമിഴ്ത്തി വച്ച് ഞാൻ ചരിഞ്ഞ് കിടന്നു. ഉച്ചമയക്കം പതിവുള്ളതാണ്. കണ്ണുകൾ പാതി മാത്രം തുറന്ന് വാച്ചിലേക്ക് ഒന്ന് പാളി നോക്കി. ഓ..മൂന്ന് മണി ആയിട്ടേയുള്ളൂ, വീട്ടിലുള്ളവർക്ക് ഉച്ചതിരിഞ്ഞുള്ള ചായ, നാല് നാലരയ്ക്കാണ്. ഒരു മണിക്കൂർ വിശ്രമത്തിന് വകുപ്പുണ്ടെന്ന കണ്ടെത്തലിൽ ഞാൻ ഒന്ന് കൂടി കിടപ്പ് സുഖപ്പെടുത്തി മയക്കത്തിലേക്ക് വീണു.
ഇടയ്ക്ക് എപ്പോഴോ ഡാൽഡയിൽ നുറുക്ക് ഗോതമ്പ് മൂക്കുന്ന സുഖമുള്ള ഗന്ധം എന്നെ ഉണർത്തി. ആ ഗന്ധം ഇന്നും എന്നും എന്നിൽ ഉണർത്തുന്നത് ഞാൻ പഠിച്ച സർക്കാർ യു പി സ്ക്കൂളിന്റെ ഓർമ്മകളാണ്. ചില മണങ്ങൾ, രുചികൾ, ഗാനങ്ങൾ, സാധനങ്ങൾ ഒക്കെ അങ്ങനെയാണല്ലോ? അവ നമ്മെ ചില കാലങ്ങളിലേക്കാണ് കൂട്ടികൊണ്ട് പോകുക. അങ്ങനെ ബാല്യകാലത്തിലേക്ക് എന്നെയും തട്ടിക്കൊണ്ട് പോകാനാണ് തൊട്ടയല്പക്കത്തെ അടുക്കളയിലെ ഗോതമ്പ് ഡാൽഡ ഗന്ധം എന്നെ മയക്കത്തിൽ നിന്നും തട്ടി ഉണർത്തിയത്.
രാവിലെ ഒരു പത്തുമണിക്ക് ശേഷം സ്ക്കൂളിലാകേ, ഡാൽഡയിൽ മൊരിയുന്ന ഗോതമ്പ് ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന മണമാണ്. അതുവരെ ഒന്നോ രണ്ടോ തവണ മാത്രമേ സർക്കാർ വക കുട്ടികൾക്കുള്ള ഉച്ചഭക്ഷണമായ ഉപ്പുമാവ് ഞാൻ കഴിച്ചിട്ടുള്ളൂ. കഴിക്കാൻ തരപ്പെട്ടിട്ടുള്ളൂ എന്ന് വേണം പറയാൻ..
വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവരുന്ന കുട്ടികൾക്ക് അത് കഴിക്കാൻ അർഹതയില്ല, തേക്കിലയിലോ, വാഴയിലയിലോ, പൊടീനി ഇലയിലോ ഒക്കെ ആ ചൂടുള്ള ഉപ്പുമാവ് കഴിക്കാൻ കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോഴും കൊതിക്കാറുണ്ടെങ്കിലും! ആ വിദ്യാലയാങ്കണത്തിൽ ഉപ്പുമാവ് പുരയ്ക്ക് പിന്നിലായി പടർന്ന് പന്തലിച്ച ഒരു അപ്പൂപ്പൻ മദിരാശി ഈന്തമരമുണ്ട്, പ്രായാധിക്യം കൊണ്ട് തടിച്ച് പൊന്തുന്ന ഞരമ്പുകളെ ഓർമ്മിപ്പിക്കുന്ന വേരുകൾ കുട്ടികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളാണ്. ഉപ്പുമാവിന്റെ ആശാൻ ആയ കർമ്മനിരതൻ വേലുച്ചേട്ടൻ വലിയ ഓട്ടു ചട്ടുകം കൊണ്ട് ഇല കുമ്പിളുകളിൽ വിളമ്പിക്കൊടുക്കുന്ന ചൂടുള്ള ഉപ്പുമാവും വിശപ്പിന്റെ വിളിയും കൊണ്ട് ഓടിവരുന്ന കുട്ടികളെ,
“വരിനെടാ കുഞ്ഞ് മക്കളെ.. എന്റെ മടിത്തട്ടിൽ ഇരുന്ന് വിശപ്പ് മാറും വരെ വയറ് നിറച്ച് കഴിക്ക്..”
എന്ന വാത്സല്യക്ഷണത്താൽ സ്വീകരിച്ചിരുത്തും. കുറേപേർ സപ്പോട്ട മരത്തിന്റെയും മാവിന്റെയും തണലുകളിലൊക്കെ സ്ഥലം പിടിക്കും. അവർ തിക്കിയും തള്ളിയും വരി നിന്ന് വാങ്ങിയ ആവി പറക്കുന്ന ഉപ്പുമാവിലേക്ക് കൊതിയോടെ ഉറ്റുനോക്കി ഞാൻ ഒരു ദിവസം ഷൈനോട് ചോദിച്ചു,
“ഡാ.. ഷൈനേ.. മ്മക്കും ഒരൂസം ചോറ് കൊണ്ടോരാണ്ട് ഉപ്പുമാവിന് വരി നിന്നാലോ” എന്ന്.
ആ കൊതിയൻ ആണെങ്കിലോ അത് ആരെങ്കിലും ഒന്ന് ചോദിക്കാൻ കാത്ത് നിന്ന മാതിരിയാണ്, തല കുലുക്കൽ. അവിടെ ടീച്ചർ ആയിരുന്ന എന്റെ അമ്മയെ തൊന്തരവ് ചെയ്താണ് ഒന്ന് രണ്ട് പ്രാവശ്യം ആ ഒരു അവസരം ഞങ്ങൾ രണ്ടും കൂടി തരപ്പെടുത്തിയത്. നാട്ടിലെ അറിയപ്പെടുന്ന ഡോക്ടറുടെ മകൻ ആയ അവന് വീട്ടിൽ നിന്നും അതിന് പെർമിറ്റ് വാങ്ങുക എന്ന ശ്രമകരമായ കടമ്പ കൂടി കടക്കണമായിരുന്നു.
ഒരു പക്ഷേ, ആ ഉപ്പുമാവിന്റെ മണം ഇത്രക്ക് ഹൃദ്യമാവുന്നത് അത് എന്നെപ്പോലെ ഉള്ളവർക്ക് അപ്രാപ്യമായതിനാൽ ആവാം. ദിനേന കഴിക്കുന്നവർക്ക് അത് ഒരു മടുപ്പ് ആയിരുന്നിരിക്കണം എന്ന് എനിക്ക് പിന്നീട് തോന്നാറുണ്ട്. എന്നും ഒരേ സ്വാദിൽ ഒരേ ഭക്ഷണം അരോചകമാണ്, പക്ഷേ അതിനേക്കാൾ വലിയ ഒരു സത്യം എന്താണെന്ന് വച്ചാൽ, കണ്ണ് കാണാൻ വയ്യാത്ത വിശപ്പ് ഓടിവരുന്ന വഴിയിലൊന്നും മടുപ്പ് നെഞ്ചും വിരിച്ച് അങ്ങനെ നിൽക്കാറില്ല എന്നതാണ്. അതറിയാൻ എനിക്ക് ഏറേ നാൾ വേണ്ടിവന്നു.
ഉച്ചയൂണിന് മണിയടിക്കുമ്പോൾ കത്തിക്കാളുന്ന വയറുമായി പുസ്തക സഞ്ചിയിൽ നിന്നും ചോറ്റുപാത്രം എടുത്ത് കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഒരു രസം. വിശപ്പിന്റെ വിളി കൊണ്ട് ആദ്യത്തെ നാല് ഉരുളകൾ കുത്തനെ ഉള്ള ഇറക്കം ഇറങ്ങുന്ന സ്പോർട്സ് സൈക്കിൾ എന്ന പോലെ അമിത വേഗതയിൽ അങ്ങോട്ട് ഉരുണ്ട് ഇറങ്ങി പോകും.
ഹോ.. സമാധാനം!
പിന്നെയാണ് പൊടിപ്പും തൊങ്ങലും ചേർത്ത വാ തോരാത്ത വർത്തമാനങ്ങൾക്ക് ഉള്ള ഒരു ഉഷാർ ഉണ്ടാവുക.
കൂട്ടുകാരായ സരിതയും, ശോഭയും രേഖയും, സനീഷും, ഗിരീശനും ഷൈനും ഞാനും ഒക്കെ ക്ലാസ്സിലെ ചെങ്കൽ നിറത്തിൽ ഉള്ള പരുപരുത്ത ചതുരൻ ഇഷ്ടിക പതിച്ച തറയിൽ വട്ടമിട്ട് ഇരുന്ന് ഊണ് കഴിക്കും. വട്ടത്തിലുള്ള ചോറ്റുപാത്രവും, തൂക്ക് പാത്രവും, പൊതിച്ചോറും ഒക്കെ ഉണ്ടാവും ഓരോരുത്തരുടെയും കൈയിൽ. കൂട്ടത്തിൽ രണ്ടുപേർ കൂടി ഉണ്ട്. സന്തോഷും ഹരികൃഷ്ണനും.
സന്തോഷ് ഉപ്പുമാവിന്റെ ആളാണ്. ഉപ്പുമാവ് ഇലയിൽ വാങ്ങി ഞങ്ങൾക്കൊപ്പം വന്നിരുന്ന് കഴിക്കാൻ എത്ര പറഞ്ഞാലും അവൻ വരില്ല. ഒന്നിച്ചിരുന്ന് ഉപ്പുമാവ് കഴിക്കാൻ അവന് അവിടെ വേറെ സെറ്റ് ഉണ്ടെന്ന് പറയും.
കൈലി മടക്കി കുത്തി, കഴുത്തിന് ചുറ്റും ഒരു തോർത്തും ഇട്ട്, നെറ്റിയിലെ ചന്ദനക്കുറി വിയർപ്പിൽ കുതിർന്ന് ഒലിച്ച് കൊണ്ട് നിൽക്കുന്ന വേലുച്ചേട്ടന്റെ ഉപ്പുമാവ് പരിപാടി പരിസമാപ്തിയിലേക്ക് കടക്കുമ്പോൾ വേലു ചേട്ടനേക്കാൾ പ്രാപ്തിയുള്ള നീളൻ ചട്ടുകം, ഭീമൻ ഉരുളിയുടെ അടി തട്ടി ഉരയുന്ന ശബ്ദം ക്ലാസ്സിലേക്ക് കേൾക്കാം. ഉപ്പുമാവ് പുര ക്ലാസ്സിൽ നിന്ന് കാണുകയും ചെയ്യും. ജനാലയ്ക്കലെ ബെഞ്ചിന്റെ അറ്റത്ത് ഇരിക്കുന്ന സന്തോഷിന്റെ മുഖത്ത് അപ്പോൾ സന്തോഷത്തിന്റെ അലയടികൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. പിന്നെ അവന്റെ നോട്ടവും ശ്രദ്ധയും അങ്ങോട്ട് തന്നെ ആയിരിക്കും.
ഹരികൃഷ്ണൻ മാത്രം ഊണിന് വീട്ടിൽ പോകും. അവന്റെ ഇല്ലം സ്ക്കൂളിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിൽ ആണ്.
ഉച്ചമണി അടിച്ചാൽ സ്ക്കൂളിന്റെ പിൻഭാഗത്തെ ഓലമേഞ്ഞ ഉപ്പുമാവ് പുരയുടെ അരികിലൂടെ കശുമാവിൻ തോപ്പും കടന്ന് അവൻ ഓടും ഇല്ലത്തേക്ക്. ഞങ്ങൾ ഊണിന് മുൻപ് കൈ കഴുകാൻ പൈപ്പിൻ ചുവട്ടിലേക്ക് ഓടുമ്പോൾ അവൻ പലപ്പോഴും ഉപ്പുമാവ് ഉണ്ടാക്കുന്ന വേലുച്ചേട്ടനോട് കുശലം പറഞ്ഞ് നിൽക്കുന്നത് കാണാറുണ്ട്. പണ്ട് അവന്റെ ഇല്ലത്തെ കാര്യസ്ഥൻ ആയിരുന്നുവത്രേ വേലുച്ചേട്ടൻ.
ഞങ്ങൾ കൂട്ടുകാർ അവനോട് പറയും ഒരു ദിവസമെങ്കിലും സ്ക്കൂളിലേക്ക് ചോറ് കൊണ്ടുവരാൻ. എല്ലാരും വട്ടമിട്ട് ഇരുന്ന് കഴിക്കുമ്പോൾ സന്തോഷിന്റെയും അവന്റെയും അഭാവം. മാത്രമല്ല ഹരികൃഷ്ണൻ തിരുമേനിയും അറിയട്ടെ, കൂട്ടുകാർ ഒന്നിച്ചിരുന്ന് കഴിക്കുന്നതിന്റെ രസം! മറ്റവനോട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
അപ്പോൾ ഹരി പറയും..
“വേണ്ട.. ഞാനില്ലത്ത് പോയിട്ടേ കഴിക്കൂ. അതേയ്, ഞാൻ രാവിലെ സ്ക്കൂളയ്ക്ക് പോരുമ്പോ അച്ഛൻ ശാന്തി കഴിഞ്ഞ് ഇല്ലത്തേക്ക് വന്നട്ട്ണ്ടാവില്ല്യേയ്..വെളുപ്പാങ്കാലത്ത് നാലുമണിക്ക് പോവും അച്ഛൻ ശാന്തിക്ക്. വൈകീട്ടാണ് ച്ചാ ആള് ശാന്തി കഴിഞ്ഞ് വരുമ്പോ ശ്ശി വൈകേം ചെയ്യും. ഞങ്ങൾ കുട്ട്യോളൊക്കെ ഉറങ്ങീണ്ടാവും ചെലപ്പോ. അപ്പൊ ആകെക്കൂടി അച്ഛനെ കാണല് ഈ ഉച്ച നേരത്താണേ..”
മനയ്ക്കലെ ഏഴുമക്കളിൽ ഏറ്റവും ഇളയ സന്തതി ആണ് ഹരി. പണ്ട് ഏക്കർ കണക്കിന് പാടം പാട്ടത്തിന് പണിയാൻ കൊടുക്കാറുള്ള കേൾവി കേട്ട ഇല്ലമാണ് അവന്റേത്, പാട്ടം കിട്ടിയ നെല്ല് സമൃദ്ധമായി അറ നിറക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം ക്ഷയിച്ചു എന്നൊക്കെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ഇല്ലം പോലെ തന്നെ ക്ഷയിച്ച് തുടങ്ങിയ കുറേ ദൂരെയുള്ള ഏതോ അമ്പലത്തിലാണ് അച്ഛൻ തിരുമേനിക്ക് കഴകം.
ഒരു ദിവസം ഉച്ചയൂണിന് ബെൽ അടിച്ചു. എല്ലാവരും പതിവ് പോലെ ക്ലാസ്സിന്റെ മുന്നിലെ ചവിട്ടുകല്ലുകൾ തൊടാതെ മുറ്റത്തേക്ക് ചാടി കൈ കഴുകാൻ ഓടി, വീട്ടിൽ പോകുന്നവർ പടി കടന്ന് പുറത്തേക്ക്, ഉപ്പുമാവിനുള്ളവർ ആ വെപ്പ് പുരയുടെ അടുത്തേക്ക് വരി നിൽക്കാൻ. ആകെ ശബ്ദമുഖരിതം. ഹരി ഇല്ലത്തേയ്ക്ക് ഓടി, സന്തോഷ് ഉപ്പുമാവ് വാങ്ങാൻ അവന്റെ കാലിപാത്രവും എടുത്ത് പോയി. ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ എത്തി പുസ്തകസഞ്ചിയിൽ നിന്നും പാത്രം എടുത്ത് പതിവ് സ്ഥലത്തേക്ക് ഓടിപ്പോയി വട്ടത്തിൽ ഇരുന്നു. എന്തൊരു വിശപ്പാണ്? ഉച്ച ബെല്ലടിക്കാൻ വിശന്ന് കാത്തിരിക്കുമ്പോൾ അതിനിടയ്ക്കാണ് കൊതിപ്പിക്കുന്ന ഈ ഡാൽഡ ഗോതമ്പ് ഗന്ധം എരിതീയിൽ എണ്ണ വീണത് പോലെ!
ക്ലാസ്സിലെ എല്ലാവരും അവിടവിടെയായി ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഒരുത്തൻ അവന്റെ പൊതിച്ചോറ് ബാഗിൽ കാണുന്നില്ലെന്ന് പറഞ്ഞ് തപ്പുന്നു. ദേഷ്യവും വിശപ്പും കരച്ചിൽ ആയി അവനിൽ നിന്നും പുറത്ത് വന്നു.
അവന്റെ കൂട്ടുകാർ എല്ലാരും ചുറ്റും കൂടി അശ്വസിപ്പിക്കുന്നുണ്ട്..
“ബാഗിൽ ശരിക്ക് തപ്പ് രവീ, അല്ലെങ്കിൽ എനിക്ക് തോന്നണത് നീ വീട്ടീന്ന് എറങ്ങുമ്പോ സഞ്ചീലിയ്ക്ക് എടുത്ത് വക്കാൻ മറന്ന് കാണും..”
അത് കേട്ടതും രവി കാറിക്കരഞ്ഞു പറഞ്ഞു..
“പോടാ.. ഞാൻ വച്ചതാ ബാഗിൽ. നല്ല ഓർമ്മയുണ്ട്, അതും ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചീര തോരനും, കൂർക്ക മെഴുക്കുപുരട്ടിയും, കണ്ണിമാങ്ങ മുളക് ചതച്ചതും ഒക്കെ ആണ് അമ്മ ഉണ്ടാക്കി പൊതിഞ്ഞത്..”
രവി എങ്ങലടിച്ചു..
“കണ്ണിമാങ്ങ അമ്മ പിശുക്കി ഇട്ടപ്പോൾ ഞാനാണ് സ്പൂൺ തട്ടിപ്പറിച്ച് വാങ്ങി കോരി ഇട്ടത്.. എല്ലാർക്കും തികയണ്ടേ രവീ.. നിന്റെ ഒരു കൊതി എന്ന് അമ്മ പറേം ചെയ്തു… ”
വിഭവങ്ങളുടെ ലിസ്റ്റും, രാവിലെ ഉണ്ടായ സംഭവവും തെളിവായി ഉച്ചത്തിൽ പറഞ്ഞ് രവി തേങ്ങി. നിറഞ്ഞ് വരുന്ന കണ്ണുകൾ കുഞ്ഞ് തൂവാല കൊണ്ട് അമർത്തി തുടച്ചു. കൂട്ടുകാർ എല്ലാവരും ആശ്വസിപ്പിച്ചു. അവരുടെ ചോറും കറികളും പങ്കിട്ട് അവന് കൊടുക്കാൻ ശ്രമിച്ചെങ്കിലും അവൻ ഒരു വറ്റ് പോലും കഴിക്കാൻ കൂട്ടാക്കാതെ മുഖം വീർപ്പിച്ച് ബെഞ്ചിന്റെ അറ്റത്തായി കുത്തിയിരുന്നു.
സ്ക്കൂൾ കൂടുന്നതിന് മുൻപ് ക്ലാസ്സ് ലീഡർക്കും കൂട്ടുകാർക്കും ഒപ്പം ക്ലാസ്സ് ടീച്ചറായ കൊച്ചുടീച്ചറോട് പോയി പരാതി പറഞ്ഞു. ടീച്ചർ അവനെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു. അടുത്തുള്ള മാധവേട്ടന്റെ കാപ്പി ക്ലബ്ബിൽ നിന്നും ഉഴുന്നുവട, ചായ, പിന്നെ സ്കൂളിൽ ബാക്കി വന്ന ഉപ്പുമാവ് എല്ലാം കൂടി രവിയുടെ കാര്യം കുശാലായി. കൊച്ചുട്ടീച്ചർ ക്ലാസ്സിൽ വന്നിട്ട് എല്ലാവരെയും ചോദ്യം ചെയ്തു. ആർക്കും ഒരു രൂപവുമില്ല. എല്ലാവർക്കും അതിശയം,
എന്നാലും രവിയുടെ ചോറുമ്പൊതി എവിടെ പോയി?
ഉച്ചക്ക് അച്ഛൻ തിരുമേനിക്ക് ഒപ്പം ഇരുന്ന് ഉച്ചയൂണിന് പോയ ഹരികൃഷ്ണൻ ഉച്ചക്ക് ശേഷം ക്ലാസ്സിൽ വന്നില്ല. അവന്റെ ഉച്ചക്ക് ശേഷമുള്ള ഈ മുങ്ങൽ ഇടയ്ക്കിടെ ഉള്ളതാണ്. പിറ്റേന്ന് അച്ഛനെക്കൊണ്ട് എഴുതിച്ച പാതി ദിവസത്തെ ലീവ് ലെറ്ററും കൊണ്ട് പിറ്റേന്ന് പൊങ്ങും കക്ഷി. അമ്മാത്തേക്ക് പോയി, അല്ലെങ്കിൽ അച്ഛന്റെ കൂടെ പൂജാദ്രവ്യങ്ങൾ വാങ്ങാൻ തൃശ്ശൂർ ടൗണിൽ പോയി, അല്ലെങ്കിൽ ചിറ്റശ്ശിയുടെ നാട്ടമ്പലത്തിൽ ഉത്സവമായിരുന്നു എന്നൊക്കെ ഉള്ള കാര്യകാരണങ്ങൾ നിരത്തും ഞങ്ങളോട്. ക്ലാസ്സിൽ നടന്ന ഈ വലിയ പുകിലൊന്നും അവൻ അറിഞ്ഞില്ലല്ലോ എന്ന് കരുതി അവനോട് അതെനിക്ക് പറയാഞ്ഞിട്ട് വയ്യ.
സ്ക്കൂൾ വിട്ട് പോകുന്ന വഴി ഹരിയുടെ ഇല്ലത്തിന്റെ മുന്നിലെത്തിയപ്പോൾ നടത്തം പതിയേ ആക്കി കഴുത്ത് മാക്സിമം നീട്ടി അവനെ തിരഞ്ഞു. റോഡിൽ നിന്നും ഉള്ളിലേക്ക് നീങ്ങിയ ഒരു പഴയ മനയാണ് അത്. മുന്നിലെ വലിയൊരു തുളസിത്തറയും, പിന്നെ നിറയെ പൂക്കുന്ന ചെമ്പരത്തിക്കാടും കാരണം ഒന്നും നേരെ ചൊവ്വേ കാണാനും വയ്യ വഴിയിൽ നിന്നാൽ..
പോട്ടെ… നാളെ പറയാം.
മുന്നിൽ നടന്ന് നീങ്ങുന്ന എന്റെ ടീച്ചറമ്മ കണ്ടാൽ ചീത്ത കേൾക്കും ഒപ്പം നടക്കാത്തതിന്. ഞാൻ മുന്നോട്ട് ഓടി ഒന്നും അറിയാത്ത പോലെ അമ്മയുടെ കൈയിൽ തൂങ്ങി നടന്നു. എന്റെ ക്ലാസ്സിൽ നടന്ന പൊതിച്ചോറ് മിസ്സിംഗ് സംഭവം ഞാൻ അമ്മയോട് പറഞ്ഞു. കൊച്ചുടീച്ചറുടെ കൂട്ടുകാരി ആയിരുന്ന അമ്മ കാര്യമൊക്കെ അറിഞ്ഞിട്ടുണ്ടാവും എങ്കിലും ഞാൻ പറയുന്നതൊക്കെ പുതിയ കാര്യം കേൾക്കുന്ന മട്ടിൽ മൂളി കേട്ടു.
പിറ്റേന്ന് രവിയുടെ അച്ഛൻ അവന്റെ ഒപ്പം സ്ക്കൂളിലെത്തി. എന്താ ഉണ്ടായതെന്ന് കണ്ടുപിടിച്ചിട്ട് വിളിപ്പിക്കാം എന്ന് പറഞ്ഞ് ആളെ നയത്തിൽ പറഞ്ഞ് വിട്ടു. കൊച്ചു ടീച്ചർ ക്ലാസ്സിലെ എല്ലാവരോടുമായി ചോദിച്ചു, ആർക്കും ഒന്നും അറിയില്ല. ക്ലാസ്സിലെ ഏതോ കുറുമ്പൻ ചെയ്ത ചെയ്ത്ത് ആണെന്ന് ടീച്ചർ വിശ്വസിച്ചു. ക്ലാസ്സിലെ ഒരു എല്ല് കൂടുതൽ ഉള്ളവന്മാരെ ഒക്കെ നിരത്തി നിർത്തി ചോദ്യം ചെയ്തിട്ടും പൊതിച്ചോറിന്റെ ഒരു തുമ്പും കിട്ടിയില്ല.
ഈ പ്രമാദമായ തുമ്പുകിട്ടാ കേസ് സ്ക്കൂളിലെ സിബിഐ യേ ഏൽപ്പിക്കാൻ കൊച്ചു ടീച്ചർ തീരുമാനിച്ചു. ക്ലാസ്സ്‌റൂമുകളിലെ സ്ലേറ്റ്, പെൻസിൽ, റബ്ബർ, പേന, സ്കെയിൽ, കുട, ചില്ലറ പൈസാ മോഷണകേസുകളിലെ തസ്കരവീരന്മാരെ കൈയോടെ പിടികൂടുന്ന ഒരു ടീച്ചറുണ്ട് സ്കൂളിൽ…
സാക്ഷാൽ കമലാക്ഷി ടീച്ചർ..
എന്റെ ടീച്ചറമ്മ..!
ചൂരൽ എടുക്കാത്ത സൗമ്യശീലായായ ഈ ടീച്ചർ കുട്ടികളുടെ കണ്ണിലുണ്ണിയും, കേസിന്റെ അന്വേഷണാർത്ഥം സിബിഐ സേതുരാമയ്യരുടെ ഭാവപകർച്ചയോടെ ക്ലാസ്സിലേക്ക് കയറി വരുന്ന ഈ ടീച്ചർ കള്ളന്മാരുടെ പേടിസ്വപ്നവുമാണ്.
ക്ലാസ്സിലേക്ക് കയറി വരുന്ന ടീച്ചറമ്മയേ കണ്ട് ഞാൻ തെല്ല് അഭിമാനത്തോടെ ഞെളിഞ്ഞിരുന്നു. കൊച്ചുടീച്ചർക്ക് തെളിയിക്കാൻ സാധിക്കാഞ്ഞ പൊതിച്ചോറ് കേസ് ഇതാ പുഷ്പം പോലെ എന്റെ ടീച്ചറമ്മ തെളിയിക്കാൻ പോകുന്നു. അമ്മയുടെ വിജയകിരീടത്തിൽ കുത്താൻ പാകത്തിൽ പൊഴിയുന്ന പൊൻതൂവലുകൾ പെറുക്കിയെടുക്കാൻ ഞാൻ ഒരുങ്ങിയിരുന്നു.
ക്ലാസ്സിലെ കുട്ടികളോട് അനങ്ങാതെ നേരെ ചൊവ്വേ ഇരിക്കാൻ പറയും, ടീച്ചർ സൂക്ഷിച്ച് നോക്കുമ്പോൾ കുഞ്ഞിക്കള്ളന്മാർ ടീച്ചറുടെ നോട്ടത്തിൽ ചൂളും. കീഴ്പോട്ട് നോക്കിയിരിക്കും, മുഖത്തെ ഭയവും കളവും മറയ്ക്കാൻ തക്കവണ്ണം ഉള്ള കൗശലം അവർക്കുള്ളിൽ മൂപ്പ് എത്തിയിട്ടില്ലാത്തത് കൊണ്ട് കണ്ടുപിടുത്തം അനായാസം ആണത്രേ. ചില കേസുകളിൽ കള്ളലക്ഷണം ഉള്ളവന്റെ തൊട്ടടുത്ത് ഉള്ളവനെ ഒന്ന് വിറപ്പിക്കും. എന്നിട്ട് യഥാർത്ഥ പ്രതിയുടെ മുഖലക്ഷണത്തിൽ നിന്നും ആളെ പിടികൂടും. ഒറ്റക്ക് വിളിപ്പിച്ചാണ് ചോദ്യംചെയ്യൽ. അപ്പോൾ അവർ തത്ത പറയും പോലെ കാര്യങ്ങൾ പറയും. പ്രസ്തുത സിബിഐ ക്ലാസ്സിലേക്ക് വരുമ്പോഴേ
‘എന്നെ കണ്ടാൽ കിണ്ണം കട്ടു’ എന്ന് തോന്നുമോ എന്ന ഒരു സന്ദേഹം ആ കുഞ്ഞിക്കള്ളന്മാരുടെ മുഖത്ത് കാണാമത്രേ. ഈ വക ടിപ്സാണ് ഓരോ കേസ് തെളിയിക്കലിന് ശേഷവും സിബിഐ യുടെ ഡയറിക്കുറിപ്പ്.
പിന്നെ…
“നീയൊക്കെ എന്നോട് നുണ പറയുമ്പോൾ സൂക്ഷിച്ചോ…” എന്നൊരു അഹങ്കാരത്തിൽ ചാലിച്ച താക്കീത് അതിന്റെ കൂടെ എനിക്ക് ഫ്രീ… ഞാൻ നുണ പറയാത്ത ഒരു നിഷ്ക്കു കുട്ടിയായത് കൊണ്ട് ഞാൻ ഒട്ടും പേടിക്കാറില്ല.
കൊച്ചു ടീച്ചറുടെയും, കമലാക്ഷി ടീച്ചറുടെയും മുന്നിൽ ക്ലാസ്സ് മൊത്തം, ഒരു സൂചി വീണാൽ പോലും ഞെട്ടുന്ന അത്ര നിശ്ശബ്ദതയോടെ! കുറച്ച് നേരം ചോദ്യശരങ്ങൾ, പിന്നെ നോട്ടം കൊണ്ട് പ്രതികളെന്ന് സംശയിക്കുന്നവരെ വിറപ്പിക്കൽ, പുരികം ചുളിച്ച് നോക്കൽ തുടങ്ങി പതിവ് സൂത്രവാക്യങ്ങൾ ഒക്കെ നടന്നു. പിന്നെ രണ്ട് ടീച്ചേഴ്സ് തമ്മിൽ അടക്കം പറഞ്ഞു. എന്നിട്ട് ഒന്നും പറയാതെ രണ്ട് പേരും ക്ലാസ്സിൽ നിന്നും പോയി..സിബിഐ തോറ്റ് മടങ്ങിയോ എന്ന് ഞാൻ ശങ്കിച്ചു.
കളിക്കാമണിക്ക് മുറ്റത്ത് ഓടി കളിക്കുന്ന എന്നെ അമ്മ സ്കൂൾ വരാന്തയിൽ നിന്ന് മാടി വിളിച്ചു. ഞാൻ ഓടി ചെന്നു. ഹരികൃഷ്‌ണന്റെ അച്ഛൻ വന്നിട്ടുണ്ട്. അവനെ ഓഫീസ് റൂമിലേക്ക് പറഞ്ഞ് വിടാൻ പറഞ്ഞു. ക്ലാസ്സിൽ കയറാനുള്ള ബെൽ അടിച്ചു. ഹരി ഓടി ഓഫീസ് റൂമിൽ ചെന്നു. ഞങ്ങൾ ക്ലാസ്സിലേക്കും പോയി. കുറച്ച് കഴിഞ്ഞ് ഹരിയും രവിയും പരസ്പരം ചുമലിൽ കൈയിട്ട് വർത്തമാനവും പറഞ്ഞ് നടന്ന് വരുന്നുണ്ട് ഓഫീസ് റൂമിന്റെ ഭാഗത്ത് നിന്ന്..ഓഫീസ് റൂമിൽ നിന്നും ഇറങ്ങി വന്ന രവിയുടെ അച്ഛനും, ഹരിയുടെ അച്ഛനും ഒന്നിച്ച് സ്കൂളിന്റെ പടി കടന്ന് പുറത്ത് പോയി. ഞങ്ങൾക്കൊന്നും മനസ്സിലായില്ല. രണ്ട് പേരുടെയും മുഖം വല്ലാതിരിക്കുന്ന പോലെ എനിക്ക് തോന്നി. പൊതിച്ചോറിന്റെ കാര്യം എന്തായി എന്ന് ചോദിച്ചപ്പോൾ രവി പറഞ്ഞു,
“അത്…. അമ്മ സഞ്ചിയിൽ വയ്ക്കാൻ മറന്നതാ..അത് ടീച്ചറോട് പറയാനാ എന്റെ അച്ഛൻ വന്നത്..”
അന്ന് വൈകീട്ട് ഞാൻ അമ്മയോട് ചോദിച്ചു. അമ്മയും അത് തന്നെ പറഞ്ഞു.
കാലങ്ങൾക്കിപ്പുറം ഒരു ദിവസം പണ്ടത്തെ കാര്യങ്ങൾ അയവിറക്കുന്നതിനിടെ ഈ വിഷയം ഓർമ്മയിൽ വന്നപ്പോൾ ഞാൻ അമ്മയോട് എന്റെ ചില സംശയങ്ങൾ ചോദിച്ചു..
മറുപടിയായി അമ്മ ഒരു നോട്ട് പുസ്തകത്തിൽ എഴുതിയ ഡയറിക്കുറിപ്പ് എനിക്ക് വായിക്കാൻ തന്നു. അതിലെ രത്നച്ചുരുക്കം ഇതായിരുന്നു,
പൊതിച്ചോറ് സംഭവത്തിൽ ക്ലാസ്സിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ പ്രതിയെ അവർക്ക് പിടികിട്ടിയിരുന്നു. മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് വിസ്താരം സാധാരണ ഒഴിവാക്കുകയാണ് പതിവ് രീതി. അതാണ് ഇവിടെയും ആവർത്തിച്ചത്. ഹരിയുടെ നോട്ടവും ഇപ്പോൾ കരയും എന്ന മട്ടും എല്ലാം കൊണ്ടും അവർക്ക് അവനെ സംശയം ഉണ്ടായിരുന്നു. അവൻ വീട്ടിൽ അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞിട്ടാണ് ഉച്ചക്ക് ശേഷം സ്കൂളിൽ വന്നത്. അച്ഛൻ സ്കൂളിൽ എത്തും മുൻപേ അധ്യാപികമാർക്ക് മനസ്സിലായിരുന്നു ഹരി തന്നെ ആണ് പൊതിച്ചോറ് എടുത്തത് എന്ന്.
ഹെഡ്മാഷും കൊച്ചുടീച്ചറും കമലാക്ഷി ടീച്ചറും,രവിയും ഹരിയും അവരുടെ അച്ഛന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു ഓഫീസ് റൂമിൽ. അവിടെ വച്ച് ചോദിച്ചപ്പോൾ അവൻ എല്ലാം ഉറച്ച സ്വരത്തിൽ തുറന്ന് പറഞ്ഞു. ഇല്ലത്ത് വച്ച് അച്ഛനോട് എല്ലാം പറഞ്ഞിട്ടാണ് വന്നതെന്നും പറഞ്ഞു.
“ചോറുണ്ണാൻ കൊതി തോന്നിയിട്ടാണ് ഞാൻ രവിയുടെ പൊതിച്ചോറ് എടുത്തത്. ഇല്ലത്ത് കുറേ നാളായി ചോറ് വച്ചിട്ട്….പിന്നെ പൊതിയിൽ ഉള്ള വിഭവങ്ങൾ രവി കൂട്ടുകാരോടായി രാവിലെ പറയുന്ന കേട്ടപ്പോൾ എനിക്ക്….”
അതും പറഞ്ഞ് അവൻ മുഖം പൊത്തിക്കരഞ്ഞു. തല താഴ്ത്തി ഇരിക്കുന്ന അച്ഛൻ തിരുമേനി
ചുമലിലെ തോർത്ത് ചുരുട്ടി സ്വന്തം മുഖവും വായും അമർത്തിപ്പിടിച്ചു, എന്നിട്ടും തേങ്ങൽ അടങ്ങിയില്ല. ഓഫീസ് റൂമിൽ ഉണ്ടായിരുന്നവർ വല്ലാതായി. എന്ത് പറഞ്ഞാണ് പാവത്തിനെ ആശ്വസിപ്പിക്കുക, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ആ അച്ഛനെ? പഴയ ഐശ്വര്യവും പ്രതാപവും കാലത്തിന്റെ കുത്തിയൊഴുക്കിൽ ഒലിച്ച് പോയിട്ടും ആത്മാഭിമാനം എന്ന കച്ചിത്തുരുമ്പിൽ പിടിച്ച്, മുങ്ങിപ്പോവാതെയിരിക്കാൻ കഷ്ടപ്പെടുന്ന ജീവിതം, ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും എവിടെ നിന്നും ലഭ്യമല്ലാതെ, കഴകം കൊണ്ട് മാത്രം തട്ടിയും മുട്ടിയും മുന്നോട്ട് പോകുന്ന കുടുംബത്തിന്റെ യാതനകളും, ദാരിദ്ര്യവും നിറഞ്ഞ ജീവിതം.
പറമ്പിൽ നിന്നും കിട്ടുന്ന വഹകൾ വച്ചാണ് വിശപ്പടക്കൽ. ചക്ക പുഴുക്ക്, ചേന ഇല തോരൻ, മുരിങ്ങ ഇല തോരൻ, പാളയംകുടൻ കായ മെഴുക്കുപുരട്ടി ഇവയിൽ ഏതെങ്കിലും ഒന്നും കട്ടൻ കാപ്പിയും ആണ് മിക്കപ്പോഴും. അതാണ് ഹരികൃഷ്ണൻ പറയാറുള്ള അച്ഛന്റെ ഒപ്പം ഇരുന്നുള്ള ഊണ്!
ആഗ്രഹം ഉണ്ടായിട്ടും സ്കൂളിലേക്ക് ചോറ് കൊണ്ടുവരാനും ഞങ്ങൾക്കൊപ്പം ഇരുന്ന് കഴിക്കാനും അവന് അവാഞ്ഞത് അതുകൊണ്ടാണ്. ചില ദിവസങ്ങളിൽ ശാന്തി കഴിഞ്ഞ് അമ്പലത്തിൽ നിന്നും കൊണ്ടുവരാറുള്ള പടച്ചോറ് ഏഴു മക്കൾക്കും കൂടി തികയില്ല. കൊണ്ട് വന്നാൽ അല്ലേ പാത്രത്തിൽ ആക്കാൻ പറ്റൂ. അത്രക്ക് നടവരവ് ഉള്ള അമ്പലം അല്ലായിരുന്നു അത്.
ഓഫീസ് മുറിയുടെ ജനാലയുടെ അഴിയും പിടിച്ച് അപ്പുറത്തെ മുറ്റത്ത് എല്ലാം കേട്ട് നിന്നിരുന്ന വേലുച്ചേട്ടൻ പറഞ്ഞു,
“കഷ്ടമാണ് മാഷേ മനക്കലെ കാര്യം. അതെനിക്ക് അറിയാവുന്നത് കൊണ്ട് ചിലപ്പോഴൊക്കെ ഞാൻ ഉപ്പുമാവ് പൊതിഞ്ഞ് നിർബന്ധിച്ച് കൊടുക്കാറുണ്ട് ഹരിക്കുഞ്ഞിന്റെ കൈയിൽ.. വാങ്ങാൻ വിസമ്മതിക്കാറുണ്ട് എന്നും. ചിലപ്പോഴൊക്കെ വേണ്ട എന്ന് പറഞ്ഞ് ഓടിപ്പോവും..”
അച്ഛൻ തിരുമേനി ഇരിക്കുന്ന കസേരയുടെ പിറകിൽ നിന്ന് അദ്ദേഹത്തിന്റെ തോളത്ത് കൂടി കൈയിട്ട് മുഖം മുഖത്തോട് ചേർത്ത് അവൻ പറഞ്ഞു,
“ഇനി ഞാനീ തെറ്റ് ആവർത്തിക്കില്ലച്ഛാ.. മാപ്പ്..”
തല താഴ്ത്തി കുനിഞ്ഞിരിക്കുന്ന അച്ഛന്റെ സങ്കടം കണ്ടിട്ട് അവന് സഹിക്കാൻ ആയില്ല.
രവിയുടെ അച്ഛനും എഴുന്നേറ്റ് രണ്ട് പേരെയും ചേർത്ത് പിടിച്ച് തോളിൽ തട്ടി സമാധാനിപ്പിച്ചു.
അവിടെ ഉണ്ടായിരുന്ന എല്ലാവരും കരഞ്ഞു, വർഷങ്ങൾക്കിപ്പുറം ആ കുറിപ്പ് വായിച്ച് കൊണ്ടിരുന്ന ഞാനും!
എല്ലാവരും അച്ഛനെയും മകനെയും സമാധാനിപ്പിച്ചു. രവി ഓടി വന്ന് ഹരിയുടെ തോളത്ത് വലം കൈയിട്ട് നിന്നു..ഇടം കൈ കൊണ്ട് അവന്റെ കവിളത്തെ കണ്ണുനീർ അമർത്തി തുടച്ച് സ്വന്തം ട്രൗസറിൽ തേച്ച് രവി പറഞ്ഞു,
“പോട്രാ ഹര്യേ… അതൊന്നും സാരല്യ..വായോ.മ്മക്ക് ക്ലാസ്യെ പോവാ…”
പോകും മുന്നേ കൊച്ചു ടീച്ചർ ഹരിയോടും രവിയോടും ആയി പറഞ്ഞു.
“ക്ലാസ്സിൽ പോയി ഒന്നും പറയാൻ നിക്കണ്ട..ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം ട്ടാ..”
സ്ക്കൂളിലെ കുട്ടികളുടെ വീട്ടിലെ ഇങ്ങനെ ഉള്ള അവസ്ഥകൾ അറിഞ്ഞാൽ പറ്റാവുന്ന സഹായം ഒക്കെ സ്ക്കൂളിൽ നിന്നും ചെയ്ത് കൊടുക്കാറുണ്ട്. ഈ കേസിൽ കാശ് ആയിട്ടൊന്നും കൈപ്പറ്റാൻ അവർ കൂട്ടാക്കിയില്ല. സ്നേഹപൂർവ്വം തിരുമേനി അത് നിരസിച്ചു, പകരം ഇടയ്ക്കിടെ അടുക്കളയിലേക്കുള്ള സാധനങ്ങൾ അവിടേക്ക് എത്തിച്ച് കൊടുക്കാറുണ്ടത്രേ..
വീട്ടിൽ പ്രാതൽ കഴിക്കാനില്ലാത്ത ദിവസം ഉച്ചയാവും മുന്നേ സന്തോഷിന്റെ മുഖപ്രസാദം മുഴുവൻ വിശപ്പ് കാർന്നെടുക്കും, ഉപ്പുമാവിനായി അക്ഷമയോടെ കാത്തിരിക്കുന്ന, ഗതികെട്ട ഒരു ദിവസം ഏറെ ദുസ്വാദ് ഉള്ള മദിരാശിക്കായ ചക്കവരട്ടി ആണെന്ന് പറഞ്ഞ് വാശിയോടെ അവൻ ചവച്ച് കഴിച്ചിട്ട് ചിരിക്കുന്ന അവന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. കൂടെ ആ കായയുടെ മനം പുരട്ടുന്ന ദുർഗന്ധവും!
കൂട്ടുകാർ തമ്മിൽ ഇഷ്ടഭക്ഷണം ഏതെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് കളിക്കുമ്പോൾ അവന്റെ ഊഴം എത്തിയ നേരം, “വിശക്കുമ്പോൾ മുന്നിൽ വരുന്ന ഏത് ഭക്ഷണവും എന്റെ ഇഷ്ടഭക്ഷണം ആണ്..” എന്ന് അവൻ വളരേ ഗൗരവത്തിൽ പറഞ്ഞത് ഇന്നാലോചിക്കുമ്പോൾ മനസ്സിലാവുന്നു അന്നത്തെ ചെറിയ വായിലെ വലിയ വർത്തമാനം അവനെക്കൊണ്ട് പറയിപ്പിച്ചത് അവന്റെ വിശപ്പാണ്..
അരച്ചാൺ വയറിന്റെ താങ്ങാൻ ആവാത്ത വിശപ്പില്ലെങ്കിൽ ഈ ലോകത്തിന് ഉന്നതിയില്ല. കണ്ടുപിടുത്തങ്ങളും പുരോഗതികളും ഇല്ല. ആളുകൾ നെട്ടോട്ടമോടുന്നത് നിലനിൽപ്പിനാണ്, എല്ലാം വിശപ്പ് ഉള്ളത് കൊണ്ട് മാത്രമാണ്.. വിശപ്പടക്കാൻ ആണ്…
അതില്ലെങ്കിൽ ഒന്നുമില്ല.
ഉദരനിമിത്തം ബഹുകൃതവേഷം..
നമ്മിൽ പലരും വിശപ്പിന്റെ ശരിയായ വേദന എന്താണ് എന്ന് അറിയാത്തവർ ആണ്. എം ടി സാറിന്റെ ഒരു സിനിമയിൽ പറയുന്ന പോലെ വ്രതം നോൽക്കുമ്പോൾ ഉള്ള വിശപ്പല്ല ശരിയായ വിശപ്പ്. പൈപ്പ് വെള്ളം മാത്രം കുടിച്ച് എല്ലായ്പ്പോഴും ആഹാരം മാത്രം സ്വപ്നം കണ്ട് നടക്കുന്നവന്റെ വിശപ്പ്.
ആ ഒരു വേദന അറിഞ്ഞാൽ അന്ന് മുതൽ നമ്മൾ പച്ചയായ മനുഷ്യരാകും. പരസ്പരം അറിയുന്ന സ്നേഹിക്കുന്ന നല്ല മനുഷ്യരാകും.
വിശപ്പ്, അതിന് ജാതിയോ മതമോ ഇല്ല..
കൊടികൾക്കുള്ളത് പോലെ ഉള്ള നിറവ്യത്യാസങ്ങളില്ല..
പക്ഷേ… വിശപ്പിന്റെ ശമനത്തിനായി കെട്ടുന്ന കുറേ വേഷങ്ങൾ..!
അതിൽ മാത്രമാണ് വ്യത്യാസം..!
#എന്റെ രചന – വിശപ്പ്
✍🏻സുജാത നായർ✍🏻


8 Comments
കരയിപ്പിച്ചു കളഞ്ഞു സുജാതേ♥️👌
ഇതു പോലെയുള്ള കൂട്ടുകാർ എനിക്കുമുണ്ടായിരുന്നു.
നല്ലെഴുത്ത്👌♥️🌹♥️
Suma 😍😍😍😍 ഇങ്ങനത്തെ കുറേ കഥകൾ കാണും നമ്മുടെ കുട്ടിക്കാലത്ത്. യഥാർത്ഥ വിശപ്പ് അറിഞ്ഞവർ.
വായിച്ചു നൊമ്പരപ്പെട്ട വിശപ്പിന്റെ യഥാർത്ഥ ചിത്രം. ക്ഷയിച്ചു പോയ മേൽജാതിക്കാരുടെ ദാരിദ്രം, ഒരു ആനുകൂല്യങ്ങൾക്കും അവകാശമില്ലാതെ പോകുന്നവർ. ആത്മാഭിമാനം ഒരു വശത്ത്. ഹൃദയസ്പർശ്ശിയായ എഴുത്ത്.
ആ കാലഘട്ടത്തിലെ സ്ക്കൂളും ചുവന്ന ഇഷ്ടിക വിരിച്ച നിലത്ത് വട്ടത്തിലിരുന്ന് ഉണ്ണുന്ന ഞങ്ങൾ കൂട്ടുകാരേയും ഓർമ്മിപ്പിച്ചു. ഈ ഉപ്പുമാവു പുര നാലാം ക്ലാസ്സിന്റെ അടുത്തായിരുന്നു. ചോറു കൊണ്ടുവരാത്ത കുട്ടികൾ കഴിച്ചു കഴിഞ്ഞ് ബാക്കി വരുന്ന ഉപ്പുമാവ് ഓരോ പിടി, ഞങ്ങൾക്ക് കൈയിലിട്ടു തരും. എന്തൊരു മണവും സ്വാദും😋
വളരെ നല്ല രചന, അഭിനന്ദനങ്ങൾ!
True
Touching
Thank you so much joyce for such a beautiful detailed comment. 😍😍♥️♥️🤝So inspiring… Thank you dear ♥️
Thank you so much joyce for such a beautiful detailed comment. ♥️♥️So inspiring… Thank you dear ♥️
സൂപ്പർ 👍👍👍മനസ്സിൽ തട്ടി 🙏
True 👍