അലയടിച്ചുയരുന്ന കരഘോഷങ്ങൾക്ക് നടുവിലൂടെ നടന്നുചെന്ന് കളക്ടറുടെ കസേരയിലേക്ക് ഇരിക്കുമ്പോൾ അവളുടെ മുഖത്തെ ഭാവം നിശ്ചയദാർഢ്യം ഉള്ള ഒരു പെണ്ണിൻെറതായിരുന്നു.
ചുറ്റും നിന്ന് കൈയ്യടിച്ചവരുടെ കൂട്ടത്തിൽ അരുൺ ഐപിഎസും ആദർശ് ഐപിഎസ് ഉം ഉണ്ടായിരുന്നു. അവളുടെ ഇളയ സഹോദരന്മാർ. അവരെ അവൾ സ്റ്റേജിലേക്ക് വിളിച്ചു. തന്റെ ഇടവും വലവും നിർത്തി. അതേ അവർ എന്നും അവളുടെ ഇടവും വലവും തന്നെ ആയിരുന്നു. രണ്ടുപേരും അവളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.
ചേച്ചിയെ പറ്റി രണ്ടു വാക്ക് സംസാരിക്കുവാൻ അരുണിനോട് ആവശ്യപ്പെട്ടപ്പോൾ അയാൾ ഇത്രമാത്രം പറഞ്ഞു.
“ചേച്ചി അല്ല… അമ്മയാണ്… ആച്ചിയമ്മ.”
അരുണിന്റെയും ആദർശിന്റെയും അമ്മയാണോ, അതോ ചേച്ചിയാണോ അവൾ, എന്ന് വേർതിരിച്ചു പറയാൻ കഴിയാത്ത വിധത്തിൽ, ആച്ചിയമ്മ എന്ന പട്ടം ഏറ്റെടുക്കുമ്പോൾ അവൾക്ക് പ്രായം വെറും 14 വയസ്സായിരുന്നു. 8 ഉം 6 ഉം വയസുള്ള രണ്ട് കൂടപ്പിറപ്പുകളെ കൈയിൽ പിടിച്ചേല്പിച്ചിട്ട്, ഒരു റോഡ് അപകടത്തിന്റെ രൂപത്തിൽ മരണം അപ്പനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയപ്പോൾ, തന്റെ മുന്നിൽ നിന്ന് കൊഞ്ഞനം കുത്തിയ വിധിയെ ചങ്കൂറ്റം കൊണ്ടവൾ ചെറുത്ത് തോൽപിച്ചു..അവൾ അനഘ.
അനഘ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും ഒരു അപകടത്തിൽ പെട്ട് മരണമടഞ്ഞത്. രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കൂടപ്പിറപ്പുകളുടെ ഭാവിയെ കരുതി, അവൾ തന്റെ പഠനം തൽക്കാലത്തേക്ക് നിർത്തിവച്ചു.
അയൽപക്കത്തെ വീടുകളിൽ വീട്ടുജോലി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അവൾ പുതിയ ഒരു ജീവിതം തുടങ്ങി. പതിയെ പതിയെ കുറേശ്ശെ തുന്നൽ പണി പഠിച്ചെടുത്തു. ഏതാനും വർഷംങ്ങൾ കൊണ്ട് ജീവിതം ഏകദേശം കൈപ്പിടിയിൽ ഒതുക്കാൻ ആവുമെന്ന് അവൾ മനസ്സിലാക്കി. കുട്ടികളും അവരാൽ ആവുംവിധം അവളെ സഹായിച്ചു.
വിധിയോട് പട വെട്ടി, ഒരുതരത്തിൽ ജീവിതം പച്ചപിടിച്ചു എന്നവൾ കരുതിയിരിക്കുമ്പോഴാണ് പത്തു വയസുള്ള അരുണിനെ ഒരു പലചരക്ക് കടക്കാരൻ കള്ളക്കേസിൽ കുടുക്കിയത്. ഭദ്രകാളിയെ പോലെ ഉറഞ്ഞുതുള്ളി അവന്റെ വീട്ടിലെത്തി അയാളുടെ കരണം പുകച്ച് ഒന്നു കൊടുത്തപ്പോൾ, ഇവൾ അമ്മയോ അച്ഛനോ, അതോ ഭൂമിദേവി തന്നെയോ? എന്നറിയാതെ അയാൾ കണ്ണുതള്ളി.
സകല നിഘണ്ടുവിലെയും നിയമവശങ്ങൾ ഒന്നൊന്നായി അവന്റെ മുന്നിൽ നിരത്തി, കൂടപ്പിറപ്പിന്റെ കയ്യും പിടിച് തിരികെ വീട്ടിൽ എത്തുമ്പോൾ അവൾ അവന് അച്ഛനും അമ്മയും കൂടെപ്പിറപ്പുമായി. യഥാർത്ഥ രക്ഷകർത്താവായി.
ആച്ചിയമ്മ പഠനം തുടരണം എന്ന കുട്ടികളുടെ നിർബന്ധം കൂടിയായപ്പോൾ അവൾ ഓൺലൈനായി പഠനം പുനരാരംഭിച്ചു. രാത്രി പഠനവും പകൽ ജോലിയും ചെയ്ത് അവൾ കുട്ടികളെ രണ്ടുപേരെയും ഐപിഎസുകാരാക്കി.
തങ്ങളേക്കാൾ ഒട്ടും താഴാത്ത ഒരു നിലയിൽ തന്നെ ആച്ചിയമ്മയും എത്തണം എന്ന്, സ്വന്തം അമ്മയെ കാളേറെ അവളെ സ്നേഹിച്ച അവളുടെ സഹോദരങ്ങൾ ആഗ്രഹിച്ചു. അവരുടെ ആഗ്രഹവും, ചങ്കൂറ്റമുള്ള ഒരു പെണ്ണിന്റെ കഠിനാധ്വാനവും, ഒന്നിച്ചു കൂടിയപ്പോൾ, അവരുടെ ആച്ചിയമ്മ… അനഘ ഐഎഎസ് ആയി.
ഒരു നാടുമുഴുവൻ ആ പെൺകരുത്തിനു മുന്നിൽ തലവണങ്ങി നിന്നു. തോൽക്കാൻ എനിക്കു മനസ്സില്ല, എന്നു പറയും വിധം, അവൾ ആ നിറഞ്ഞ സദസ്സിനു മുൻപിൽ തല ഉയർത്തിപ്പിടിച്ചു നിന്നു. അവളുടെ സഹോദരന്മാർ രണ്ടുപേരും, ഇടവും വലവും അവളോട് ചേർന്നു നിന്നു.
അപ്പോൾ പെയ്തുകൊണ്ടിരുന്ന ചാറ്റൽ മഴ പോലും അവൾക്കു വേണ്ടി കരഘോഷം മുഴക്കുന്നതുപോലെ തോന്നി.
✍️
സിമി

3 Comments
Nice 😍
നല്ല കഥ 👏
നല്ല കഥ 👍