ആ പ്രഭാതം വിദ്യാലയമുറ്റത്ത് പതിവുപോലെ വിരുന്നെത്തി. മുറ്റത്തെ തണൽമരങ്ങൾക്കിടയിലൂടെ അരിച്ചെത്തിയ സൂര്യപ്രകാശത്തിന് ഇളം സ്വർണ്ണനിറമായിരുന്നു. പള്ളിക്കൂടത്തിലെ കിളികളുടെ കിളികളാരവവും, ക്ലാസ് മുറികളിൽ നിന്നുള്ള കുട്ടികളുടെ സംസാരങ്ങളും അലയടിച്ചു കൊണ്ടിരുന്നു. ഇടനാഴികളിൽ അധ്യാപകരുടെ തിരക്കിട്ട ചലനങ്ങൾ. പക്ഷേ, അസംബ്ലി ബെൽ മുഴങ്ങിയതോടെ വിദ്യാലയം പെട്ടെന്ന് ഒരു നിശബ്ദതയിലേക്ക് വഴിമാറി.
കുട്ടികൾ വരിവരിയായി വന്നു നിന്നു. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്, ലീലാവതി ടീച്ചർ സാവധാനത്തിൽ സ്റ്റേജിലേക്ക് നടന്നു വന്നു. അവരുടെ നടത്തത്തിൽ ഒരു സവിശേഷമായ ഗാംഭീര്യവും കയ്യിലിരുന്ന ആ കത്തിൽ ഒരു ഗൂഢരഹസ്യവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. മൈക്കിന് മുന്നിൽ നിന്ന അവർ ഒന്നു ശ്വാസമെടുത്ത് ചുറ്റും നോക്കി.
”പ്രിയപ്പെട്ട മക്കളെ, ” അവരുടെ ശബ്ദം മൈക്കിലൂടെ മുഴങ്ങി. ” ഇന്നലെ ഒരു പ്രത്യേകത ഉള്ള ദിനമായിരുന്നു ! എന്താണെന്ന് അറിയാമോ? “
” അറിയാം ” “മാതൃദിനം ” മദേഴ്സ് ഡേ ” പൊടുന്നനെ ശബ്ദമുകരിതമായി അവിടം
” അതെ ! മാതൃദിനം ! നമ്മൾ ഇന്ന് സ്കൂളിൽ ആഘോഷിക്കാൻ പോകുന്നതും മാതൃദിനമാണ് ! നമ്മൾ എല്ലാവരും അമ്മയെക്കുറിച്ച് പ്രസംഗിക്കാനും പാട്ടുപാടാനും തയ്യാറായാണ് വന്നിരിക്കുന്നത്. എന്നാൽ എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്. മാതൃദിനത്തിന്റെ യഥാർത്ഥ അർത്ഥം നിങ്ങൾക്കറിയാമോ? അമ്മമാർ എന്തൊക്കെ ചെയ്താലാണ് നിങ്ങളുടെ ഒരു ദിവസം എളുപ്പമാകുന്നത്? മറിച്ച് നിങ്ങൾ അമ്മമാരെ സഹായിക്കാറുണ്ടോ?”
ലീലാവതി ടീച്ചറുടെ ചോദ്യത്തിന് കുറച്ചു മൂളലുകളും ” ഉണ്ട് ” എന്ന ഉത്തരങ്ങളും വന്നു.
”സഹായിക്കുക എന്നു പറയാനാകില്ല, മറിച്ച് വീട്ടുജോലികളിൽ നിങ്ങളുടെ പങ്കു കൂടി നിർവ്വഹിക്കുക എന്നതാണ് നിങ്ങൾ ഇന്ന് അവർക്ക് നൽകേണ്ട ഏറ്റവും വലിയ സമ്മാനം. ‘ഞാൻ എന്റെ അമ്മയെ സഹായിക്കുന്നു’ എന്നതിലുപരി, ‘ഞാൻ എന്റെ ഉത്തരവാദിത്തം ചെയ്യുന്നു’ എന്ന ബോധം നിങ്ങളിൽ ഉണ്ടാകണം. ഈ മാസം നിങ്ങൾ ഓരോരുത്തരും ഒരോരോ കുഞ്ഞ് ടാസ്കുകൾ ചെയ്യണം. കഴിച്ച പാത്രം തനിയെ കഴുകാം വീട് തൂത്ത് വാരാം. ചെരുപ്പുകൾ അടുക്കി വയ്ക്കാം. എന്നിങ്ങനെ കുഞ്ഞു കുഞ്ഞു ടാസ്കുകൾ ! ആഴ്ച്ചയിൽ അങ്ങനെ 7 ടാസ്കുകൾ ! എളുപ്പമല്ലേ? ഏറ്റവും കൂടുതൽ ടാസ്കുകൾ ചെയ്യുന്ന മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനം എൻ്റെ വക ! കേട്ടോ “
ടാസ്ക് ചെയ്യണമല്ലോ എന്നോർത്ത് വിഷമിച്ചു കൊച്ചു വിരുതർക്ക് സമ്മാനമെന്ന് കേട്ടപ്പോൾ വളരെ സന്തോഷമായി !
ലീലാവതി ടീച്ചറുടെ കൈയ്യിൽ ഒരു കടലാസ് കവർ ഉണ്ട് !
ഒരു നിമിഷത്തെ മൗനത്തിന് ശേഷം ടീച്ചർ ആ കവർ തുറന്നു. ” ഇത് ഒരു കത്താണ്. ഒരുപക്ഷേ നിങ്ങളിൽ ഒരാളുടെ അമ്മയായിരിക്കാം ഇതെഴുതിയത്! വളരെ പ്രാധ്യാനമുള്ളതുകൊണ്ടാണ് ടീച്ചർ ഈ കത്ത് ഇവിടെ വായിക്കുന്നത് ! ശ്രദ്ധയോടെ കേൾക്കണം. “
പെട്ടെന്ന് കുട്ടികൾക്കിടയിൽ ഒരു അസ്വസ്ഥത പടർന്നു. “എന്തിനായിരിക്കും നമ്മുടെ അമ്മ ടീച്ചർക്ക് കത്തെഴുതുന്നത്? വീട്ടിൽ പറയേണ്ട കാര്യങ്ങൾ സ്കൂളിൽ എന്തിന് അറിയിച്ചു?”
ഓരോ കുട്ടിയും ഭയത്തോടും ആശങ്കയോടും കൂടി പരസ്പരം നോക്കി. ഹൃദയമിടിപ്പിന്റെ താളം ഉയർന്ന ആ നിമിഷത്തിൽ ലീലാവതി ടീച്ചർ കത്ത് വായിച്ചു തുടങ്ങി:
“പ്രിയപ്പെട്ട മക്കളെ, ഞാൻ ഒരു അമ്മയാണ്. ആരോരുമില്ലാത്ത, താങ്ങാൻ ഒരു തോളോ സങ്കടം പങ്കുവെക്കാൻ ഒരു കൂട്ടിനോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ ഒരമ്മ. ഓരോ പുലരിയിലും തോറ്റുപോയെന്ന് സ്വയം തോന്നുന്ന ഒരു പരാജയപ്പെട്ട അമ്മ…
എന്റെ മകൻ പഠിച്ചു വലിയ നിലയിൽ എത്തുമെന്നും പരീക്ഷകളിൽ ഉന്നത വിജയം നേടുമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നാൽ അതുണ്ടായില്ല. സാരമില്ല, എന്റെ കുഞ്ഞ് ഏതെങ്കിലും കലയിലോ കായികരംഗത്തോ തന്റെ വഴി കണ്ടെത്തുമെന്ന് ഞാൻ പ്രത്യാശിച്ചു. എന്നാൽ അവിടെയും അവന് താല്പര്യമില്ലായിരുന്നു. മറ്റ് മാതാപിതാക്കളെപ്പോലെ ഞാൻ ഒരിക്കലും എന്റെ കുഞ്ഞിനെ ഒന്നിനും നിർബന്ധിച്ചിട്ടില്ല. ഉയർന്ന റാങ്കുകൾക്കായി സമ്മർദ്ദം ചെലുത്തിയിട്ടില്ല. എനിക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ—എന്റെ മകൻ മറ്റുള്ളവരോട് കരുണയുള്ള, സത്യസന്ധനായ ഒരു നല്ല മനുഷ്യനായി വളരണമെന്ന്. പക്ഷേ, അവിടെയും ഞാൻ പരാജയപ്പെട്ടു എന്ന് തോന്നുന്നു. ആ തോൽവി എനിക്ക് താങ്ങാനാവുന്നില്ല !
മക്കളേ, നിങ്ങളുടെ ഓരോ വേവലാതികളും കേൾക്കാൻ ഈ അമ്മ നിദ്രയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്. നിങ്ങളുമായി എങ്ങനെ സംസാരിക്കണം, നിങ്ങളെ എങ്ങനെ മനസ്സിലാക്കണം എന്നറിയാൻ ഞാൻ പുസ്തകങ്ങളിലും ഇന്റർനെറ്റിലും തിരഞ്ഞു. നിങ്ങളുടെ ഭാവിക്ക് അനുയോജ്യമായ കോഴ്സുകൾ കണ്ടെത്താൻ പത്രത്താളുകളിൽ വിരലോടിച്ചു. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും സാധനങ്ങളും വാങ്ങിത്തരാൻ എന്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയാകുന്നതുവരെ ഞാൻ പരിശ്രമിച്ചു. എല്ലാം നിങ്ങൾക്കുവേണ്ടിയായിരുന്നു.
പക്ഷേ, ഒരു ദിവസം ബില്ലുകൾ അടയ്ക്കാൻ പേഴ്സ് തുറന്നപ്പോൾ പണം കാണാനില്ലായിരുന്നു. അത് എന്റെ മകൻ എടുത്തതാകരുതേ എന്ന് ഞാൻ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു. ഞാൻ മെല്ലെ അവനോട് ചോദിച്ചു, പക്ഷേ ‘ഞാൻ എടുത്തില്ല’ എന്ന് അവൻ നുണ പറഞ്ഞു. എന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി, ഇമ വെട്ടാതെ അവൻ ആ വെള്ളം തൊടാത്ത നുണ പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഞാൻ പടുത്തുയർത്തിയ എല്ലാ വിശ്വാസങ്ങളും തകർന്നു വീണു. പണം പോയതിലല്ല മക്കളെ എന്റെ സങ്കടം, മറിച്ച് ഞാൻ വളർത്താൻ ആഗ്രഹിച്ച ആ നല്ല മനുഷ്യൻ എന്റെ മുന്നിൽ വെച്ച് കളവ് പറഞ്ഞപ്പോഴാണ്. എന്റെ കഠിനാധ്വാനമെല്ലാം ആ നിമിഷം കണ്ണുനീരിൽ ഒലിച്ചുപോയി.
നിനക്ക് നിന്റെ വഴി കണ്ടെത്താൻ കഴിയട്ടെ… നിന്റെ ഭാവി വെളിച്ചമാകട്ടെ. പക്ഷേ ആ വഴി സത്യസന്ധതയുടേതും കഠിനാധ്വാനത്തിന്റേതുമാകണമെന്ന് ഈ അമ്മ പ്രാർത്ഥിക്കുന്നു. അത്രമാത്രമേ എനിക്ക് ഇനി പറയാനുള്ളൂ… ഈസോപ്പു കഥയിലെ കള്ളൻ്റെ അമ്മയാകാൻ ഈ അമ്മയ്ക്കാവില്ല !
മറ്റ് മാതാപിതാക്കൾ തങ്ങളുടെ മക്കൾ നേടിയ നേട്ടങ്ങൾ പങ്കു വയ്ക്കുമ്പോൾ ഈ അമ്മ ക്ഷമയോടെ കാത്തിരുന്നു ! നന്മയുള്ള ഒരു മനുഷ്യൻ്റെ വളർച്ചയ്ക്ക് വേണ്ടി ! ഒരു ദിവസം എങ്കിലും ജയിക്കാനായ് ! എല്ലാ ദിവസവും തോൽക്കുന്ന ഈ അമ്മയ്ക്ക് ഒരു ദിവസം നീ തരില്ലേ?
എന്ന്
സ്നേഹപൂർവ്വം
അമ്മ
”
…
വായന നിർത്തിയപ്പോൾ ലീലാവതി ടീച്ചറുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. സ്കൂൾ അങ്കണം മരിച്ചതുപോലെ നിശബ്ദമായി. പല കുട്ടികളുടെയും തലകൾ കുനിഞ്ഞുപോയി, അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ മണ്ണിലേക്ക് ഇറ്റിറ്റുവീണു. ആ അമ്മയുടെ പരാജയം തങ്ങളുടെ കൂടി വീഴ്ചയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം.
ലീലാവതി ടീച്ചർ അവസാനമായി പറഞ്ഞു: “ഈ മാതൃദിനത്തിൽ, ഇത്തരമൊരു അമ്മയുടെ സ്നേഹം ലഭിക്കാൻ നിങ്ങൾ ഭാഗ്യവാന്മാരാണ്. അവർ നിങ്ങളിൽ നിന്ന് വലിയ വിജയങ്ങളല്ല ആഗ്രഹിക്കുന്നത്, വെറുമൊരു ‘മനുഷ്യനെ’ മാത്രമാണ്. ആ അമ്മമാരുടെ ഹൃദയം ഇനി തകരാതിരിക്കട്ടെ.
വാൽമീകി മഹർഷി, തന്റെ പൂർവ്വാശ്രമത്തിൽ രത്നാകരൻഎന്ന കാട്ടാളനായിരുന്നപ്പോൾ, തന്റെ പത്നിയോട് ചോദിച്ചത് താൻ ചെയ്യുന്ന പാപങ്ങളിൽ അവൾക്ക് പങ്കുണ്ടോ എന്നാണ്! മറ്റൊരാളുടെ പാപം പേറാൻ തനിക്കാവില്ല എന്ന് അവർ പറഞ്ഞു ! നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾ തരുന്ന കളവിൻ്റെ പങ്ക് ആസ്വദിക്കുന്നുണ്ടെങ്കിൽ ആ കളവിൽ നിങ്ങളും പങ്കാളിയാണ് ! നല്ലൊരു സുഹൃത്തായി അവരെ വഴി കാട്ടുക !
”
അസംബ്ലി പിരിഞ്ഞു പോകുമ്പോഴും അവിടെ ആ വിങ്ങൽ ബാക്കിയായിരുന്നു. ഓരോ കുട്ടിയും തന്റെ ഉള്ളിലെ നുണകളെ ആ കണ്ണുനീരിൽ കഴുകിക്കളയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
അമൽ അബ്രഹാം


2 Comments
Excellent.. എനിക്ക് ഒരുപാട് ഇഷ്ട്ടായി ❤️
നല്ല രചന. നല്ല സന്ദേശം.👍