കയ്യിലിരുന്ന കയറിന്റെ ചുരുൾ നിവർത്തുമ്പോൾ, അതിലേക്ക് നോക്കി കൊണ്ട്, അവൾ സ്വയം പറഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയിൽ ഈ ഒരു മുഴം കയറിന്റെ ദൂരം മാത്രം.
പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടി ഉണ്ടാക്കിയ പുറംപോക്കിലെ ചെറ്റക്കുടിലിൽ, പോളിയോ വന്ന് തളർന്ന കാലുകളുമായി ലോട്ടറി കച്ചവടം ചെയ്ത്, വല്ല വിധേനയും ജീവിച്ചു വരുന്നതിനിടയിൽ, ഇരുളിന്റെ മറവിൽ ഏതോ ഒരു കശ്മലൻ രാധാമണിക്ക് സമ്മാനിച്ചു പോയ, അവിഹിത സന്തതിയാണ് ഐശ്വര്യ. ഇന്നവൾക്ക് പ്രായം 25 കഴിഞ്ഞു.
ഐശ്വര്യ വളർന്നതും പഠിച്ചതും എല്ലാം അനാഥാലയത്തിലാണ്. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ഐശ്വര്യക്ക് യൂണിവേഴ്സിറ്റി കോളേജിൽ ടീച്ചർ ആയി ജോലി കിട്ടിയപ്പോൾ, ഒരു വാടക വീടെടുത്തു അവൾ അമ്മയോടൊപ്പം അങ്ങോട്ടേക്ക് താമസം മാറി.
അവൾ ജോലിക്കു കയറിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ, പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സിലും, കൂടെ ജോലി ചെയ്യുന്ന അധ്യാപകരുടെ മനസ്സിലും, ഇടം നേടാൻ അവൾക്ക് കഴിഞ്ഞു.
കെമിസ്ട്രി പഠിപ്പിക്കുന്ന, അവിവാഹിതനായ, മാധവൻ മാഷിന്റെ മനസ്സിൽ ഐശ്വര്യ ടീച്ചറിനോട് പറയാതെ പറഞ്ഞ ഒരു ഇഷ്ടമുണ്ടെന്ന് അധ്യാപകർക്കും കുട്ടികൾക്കും അറിയാം.
സാറിന്റെ ഇഷ്ടം മനസ്സിലായിട്ടുണ്ടെങ്കിലും ടീച്ചർ ഒന്നും അറിയാത്ത ഭാവത്തിലാണ്. കാരണം, അച്ഛൻ ഇല്ലാതെ വളർന്ന ടീച്ചറിന്റെ മനസ്സിൽ ഒരു ദൃഢനിശ്ചയം ഉണ്ട്. ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സ്വന്തമായി ഒരു കിടപ്പാടം ഉണ്ടാക്കി, അമ്മയെ അതിൽ താമസിപ്പിക്കും വരെ വിവാഹം എന്ന വാക്ക് തന്റെ നിഘണ്ടുവിൽ പോലും ഇല്ല. അവളുടെ ആ തീരുമാനം മാറ്റാൻ രാധാമണിയും ശ്രമിച്ചില്ല.
ഏതു നിത്യ ബ്രഹ്മചാരിയെയും മയക്കാൻ പോന്ന ടീച്ചറിന്റെ ശാലീന സൗന്ദര്യം കോളേജിലെ കുട്ടികൾക്കിടയിൽ ഒരു സംസാര വിഷയമായിരുന്നു. ടീച്ചറിനെ സ്വപ്നം കാണുന്ന വിരുതന്മാർ പോലും കുട്ടികൾക്കിടയിൽ ഉണ്ടായിരുന്നു.
സയൻസ് ഗ്രൂപ്പിലെ കുട്ടികൾ ടീച്ചറിനെ പറ്റി പറഞ്ഞു കേട്ടാണ് ബിടെക് ബാച്ചിലെ ആന്റണിയും കൂട്ടുകാരും ടീച്ചറിനെ ശ്രദ്ധിച്ചു തുടങ്ങിയത്. പ്രായഭേദമെന്യേ സ്ത്രീകളെ വെറും കാമവെറി തീർക്കാനുള്ള ഉപകരണങ്ങൾമാത്രമായി കാണുന്ന അവന്മാരെ സംബന്ധിച്ചിടത്തോളം ടീച്ചറിന്റെ സൗന്ദര്യം ഉറക്കം കെടുത്തുന്ന ഒന്നായിരുന്നു.
ടീച്ചറിന്റെ കുടുംബ പശ്ചാത്തലം അന്വേഷിച്ചറിഞ്ഞ ആന്റണിക്ക്, ടീച്ചറിനെ വലയിലാക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയില്ല.
അവൻ അവരുടെ താമസ സ്ഥലം കൃത്യമായി അന്വേഷിച്ചറിഞ്ഞു. ഇരുളിന്റെ മറ പറ്റി അവൻ എങ്ങനെയോ ടീച്ചറിന്റെ വീടിനുള്ളിൽ കയറിപ്പറ്റി. ആരോ വീടിനുള്ളിൽ കയറിയ വിവരം മനസ്സിലാക്കിയ ഐശ്വര്യ ചാടി എഴുന്നേറ്റു. തന്റെ മുന്നിൽ നിൽക്കുന്ന ആന്റണിയെ കണ്ട അവൾ ഞെട്ടിത്തരിച്ചു പോയി. അവൾ ഒച്ചവക്കാതിരിക്കാൻ അവൻ അവളുടെ വായ പൊത്തിപ്പിടിച്ചു.
താൻ വാടകക്ക് കൊടുത്തിരിക്കുന്ന വീടിന്റെ മതിൽ ആരോ ചാടിക്കടന്നതായി തോന്നിയ വീട്ടുടമസ്ഥൻ പെട്ടന്ന് തന്റെ വീട്ടിലെ ലൈറ്റ് ഓൺ ചെയ്തു. അതിനുശേഷം ഐശ്വര്യയുടെ വീട്ടിലേക്ക് ചെന്ന് വാതിലിൽ തട്ടി വിളിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിത്തരിച്ചു നിന്ന ഐശ്വര്യ, വീണ്ടും വീണ്ടും ഉള്ള അയാളുടെ വിളി കേട്ടപ്പോൾ, ചെന്ന് വാതിൽ തുറന്നു. വീടിനുള്ളിൽ ഐശ്വര്യയെയും ആന്റണിയെയും ഒരുമിച്ച് കണ്ട വീട്ടുടമസ്ഥൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു. പിഴച്ച തള്ളയുടെ മകൾ ആ ഗുണമല്ലേ കാണിക്കൂ. നിനക്ക് കണ്ടവന്മാരെ വിളിച്ചു കയറ്റാൻ വേറെ വീട് നോക്കിക്കോണം.
ഒച്ചയും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിധിയെഴുതി. പിഴച്ചു പെറ്റ അമ്മയുടെ മകൾ പിഴച്ചവൾ തന്നെ. ഐശ്വര്യ പറഞ്ഞതൊന്നും വിശ്വസിക്കാൻ ആരും തയ്യാറായില്ല. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ആന്റണി എങ്ങനെയോ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.
ആ രാത്രിതന്നെ ഐശ്വര്യയുടെ അവിഹിതം നാട്ടിൽ പാട്ടായി. ഇതൊന്നും കാണാനും കേൾക്കാനും കഴിവില്ലാതെ രാധാമണി തറയിൽ കിടന്ന് നെഞ്ചുപൊട്ടി കരഞ്ഞു. നേരം വെളുക്കുമ്പോൾ വീട് കാലിയാക്കി ഇറങ്ങി പൊക്കോണം എന്ന് തീർത്തു പറഞ്ഞു വീട്ടുടമസ്ഥനും നാട്ടുകാരും സ്ഥലം വിട്ടു. ഐശ്വര്യ വാതിൽ അടച്ചു കുറ്റിയിട്ടു.
ഇല്ല.. നേരം വെളുക്കുമ്പോൾ താൻ പഠിപ്പിക്കുന്ന കുട്ടികളുടെ മുഖം കാണാൻ തനിക്കാവില്ല. തന്നെ കൂടെപ്പിറപ്പിനെപോലെ കരുതി സ്നേഹിക്കുന്ന അധ്യാപകരെ… മാധവൻ മാഷിനെ അഭിമുഖീകരിക്കാൻ തന്നെക്കൊണ്ട് ഇനി ഒരിക്കലും കഴിയില്ല. അവൾ പതിയെ നടന്നു ചെന്ന് തറയിൽ കമിഴ്ന്നു കിടക്കുന്ന അമ്മയെ തട്ടി വിളിച്ചു.
“അമ്മേ… ഞാൻ തെറ്റ് ചെയ്തു എന്ന് അമ്മയും വിശ്വസിക്കുന്നുണ്ടോ? അമ്മേ…. അമ്മേ…”
അവർ അനങ്ങിയില്ല.. വിളികേട്ടില്ല.. അവൾ അമ്മയുടെ കണ്ണുകൾ തിരുമ്മി അടച്ചു.
ഒരുകണക്കിന് നന്നായി ഇനി ഒന്നും ഓർത്തു വിഷമിക്കാതെ തനിക്ക് ഈ ലോകത്തോട് യാത്ര പറയാം. കയ്യിലിരുന്ന കയറിന്റെ ഒരറ്റം ഫാനിൽ കെട്ടിയ അവൾ മറ്റേ അറ്റം തന്റെ കഴുത്തിലേക്കിടുമ്പോൾ ഒരിക്കൽ കൂടി ജീവനറ്റ അമ്മയുടെ മുഖത്തേക്ക് നോക്കി, മനസ്സിൽ പറഞ്ഞു.
അമ്മേ… മാപ്പ്.
ഒരുപക്ഷെ തന്റെ ജീവൻ പോകുന്നതിന് മുൻപ് അവസാനമായി ആ അമ്മയും മനസ്സിൽ മന്ത്രിച്ചത് അത് തന്നെ ആവില്ലേ….
മകളേ… മാപ്പ്
✍️ സിമി
#ചെറുകഥ – #അവിഹിതം


3 Comments
സമൂഹം 😡
വിധിക്കാൻ വെമ്പുന്ന സമൂഹം
ദുഃഖത്തിനു മുകളിൽ ദുഃഖം പെയ്തിറങ്ങുന്നവർ. 😰