“ദീദി, സബ്കൊ നീച്ചേ ബുലാരെ.. ടി. വി. റൂം പേ ആ നാ…”
(ചേച്ചീ, എല്ലാവരെയും താഴേക്ക് വിളിക്കുന്നു. ടി വി റൂമിലേക്ക് വരൂ.)
അണ്ടർ ഗ്രാജുവേറ്റ് കോഴ്സിനു പഠിക്കുന്ന ഒരു കുട്ടി ഡോറേൽ തട്ടിക്കൊണ്ടു വിളിച്ചുപറഞ്ഞു.
നാളെ സബ്‌മിറ്റ് ചെയ്യാനുള്ള ഒരു അസൈൻമെന്റ് എങ്ങനെ ചെയ്തു തീർക്കാം എന്നാലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇത്.
മേട്രൺ ചിലപ്പോൾ എല്ലാവരെയും വിളിച്ചുകൂട്ടി ചില അറിയിപ്പുകളും നിർദേശങ്ങളും തരാറുണ്ട്. ഒന്നൊന്നര വർഷമായി വാർഡന്റെ തസ്തിക ഒഴിഞ്ഞു കിടക്കയാണെന്നും തന്നെക്കൊണ്ട് ഈ വലിയ ഹോസ്റ്റലിന്റെ നടത്തിപ്പ് ബുദ്ധിമുട്ടാണെന്നും അവർ ഇടക്കിടക്ക് ഞങ്ങൾ അന്തേവാസികളോട് സങ്കടം പറയാറുമുണ്ട്.
വാർഡൻ ആയിട്ട് വരാൻ ആർക്കും താല്പര്യമില്ല. ഫർണിഷ്ഡ് ക്വാർട്ടേഴ്‌സും ഫുഡും ഒക്കെ ഓഫർ ചെയ്തിട്ടും ക്വാളിഫൈഡ് ആയ ആരെയും കിട്ടാത്തതുകൊണ്ട് തല്ക്കാലം വാർഡന്റെ ചുമതല കൂടി ഏറ്റെടുക്കാൻ മേട്രണ് നിർദേശം നൽകിയിരിക്കയാണ് യൂണിവേഴ്സിറ്റി അധികാരികൾ.
ടി വി റൂമിന്റെ അടുത്ത് എത്തിയപ്പോൾ വലിയ ചിരിയും ബഹളവും കേട്ടു. എന്താണെന്നറിയാനുള്ള ആകാംഷയിൽ റൂമിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ കണ്ടു…. ഒരു കസേരയിൽ രാജ്ഞിയെപ്പോലെ ഇരിക്കുന്ന രൂപാലിയെയും.. അവളുടെ മുമ്പിൽ തല കുമ്പിട്ടു നിൽക്കുന്ന ഒരു പെൺകുട്ടിയെയും..
പെൺകുട്ടിയെ ഇതിന് മുമ്പ് കണ്ട ഓർമ്മയില്ല. ഓ… പുതിയ അഡ്മിഷൻ ആയിരിക്കും.
രൂപാലി എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കുന്നു. പെൺകുട്ടിയുടെ മറുപടിയിൽ മറ്റുള്ളവർ രസം പിടിച്ച് ചിരിക്കുകയും കയ്യടിക്കുകയും ബഹളം വെക്കുകയും ഒക്കെ ചെയ്യുന്നു.
ചെറിയ പരിഭ്രാന്തി മുഖത്തുണ്ടെങ്കിലും കൃത്യമായ മറുപടിയാണ് ആ കുട്ടി നൽകുന്നതെന്ന് മറ്റുള്ളവരുടെ റെസ്പോൺസിൽ നിന്നും മനസ്സിലായി.
ഒരു വർഷത്തിലേറെയായിട്ടും ഇവിടുത്തെ ഭാഷ അത്രക്ക് വശമായിട്ടില്ല. കേട്ടാൽ മനസിലാകുന്ന നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും സംസാരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതും ശുദ്ധമായ ഹിന്ദി ആണെങ്കിൽ മാത്രമേ മുഴുവനായി മനസ്സിലാക്കാൻ സാധിക്കുകയുള്ളു. ഇവിടത്തുകാർ സംസാരിക്കുമ്പോൾ ഇടക്കിടക്ക് മാർവാടിയും (രാജസ്ഥാനിലെ ഭാഷ) കയറി വരും.
ഒഴിവുള്ള ഒരു ഇരിപ്പിടത്തിലേക്ക് ഇരുന്നു. തൊട്ടടുത്തിരിക്കുന്നത് ആഷയാണ്. എം എ ലിറ്ററെച്ചർ സ്റ്റുഡന്റ്. ഹോസ്റ്റലിൽ അത്യാവശ്യം ആശയ വിനിമയം നടതാൻ പറ്റുന്ന ഒരു കക്ഷിയാണ്.
“ഇവിടെന്താണ്? ആന്റിജി എവിടെ? ഞാൻ ഓർത്തു ആന്റിജിയാണ് വിളിപ്പിച്ചതെന്ന്.”
എന്റെ ചോദ്യത്തിന് ആഷ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
” ഓ… രൂപാലിയാണ് വിളിപ്പിച്ചത്. ഇത് റാഗിംഗ് ആണ്. കഴിഞ്ഞ വർഷവും ഉണ്ടായിരുന്നല്ലോ. തന്നെ റാഗ് ചെയ്തില്ലായിരുന്നോ?”
ഇല്ലായെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.
“അതെങ്ങനെ സംഭവിച്ചു?”
ആഷക്ക് അതിശയം.
“എന്റെ ഒരു ബന്ധു ഇല്ലേ… ഇവിടെ നഴ്സിംഗ് കോളേജിൽ ഉള്ള കക്ഷി.. അവളുടെ ക്ലാസ്‌മേറ്റും ബെസ്റ്റ് ഫ്രണ്ടും ആണ് രൂപാലി. പ്ലസ് ടു വിന് അവർ ഒരേ ക്ലാസ്സിൽ ആയിരുന്നു.”
“ഓ.. അതൊന്നുമല്ല. തന്നോട് രൂപാലി എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യും? ഇഫ് ഷീ കുഡ് സ്പീക്ക് ഇംഗ്ലീഷ്, യു വു ഡ് നോട്ട് ഹാ വ് ബിൻ സ്പെയർഡ്..” (അവൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നിന്നെ വെറുതെ വിടില്ലായിരുന്നു.)
ആഷ തുടർന്നു.. “രൂപാലി….. തനി ദാദയാണ്.. അവൾ റാഗ്ചെയ്യുമ്പോൾ കാണാൻ ഓഡിയൻസ് വേണ്ടേ?
“അവളെ ആന്റിജിക്ക് പേടിയാണ്. താൻ കണ്ടിട്ടില്ലേ അവൾക്കു മുടി കഴുകാൻ വേണ്ടി മാത്രം മോട്ടോർ അടിച്ചു കൊടുക്കുന്നത്.”
ഞാൻ തല കുലുക്കി. പെട്ടെന്ന് ജലജയെ ഓർത്തു.
ആശാദിദിയെ വിശ്വസിക്കാൻ കൊള്ളില്ല. രണ്ടു സൈഡിലേക്കും ചായുന്ന പ്രത്യേക തരം ജീവി ആണെന്ന് ഫൈനൽ ഇയർ ഡിഗ്രിക്ക് പഠിക്കുന്ന ജലജ നാഴികക്ക് നാ ല്പതു വട്ടം പറഞ്ഞിട്ടുള്ള ത് മനസ്സിൽ വന്നതുകൊണ്ട് അഭിപ്രായം ഒന്നും പറഞ്ഞില്ല.
ജലജയാണ് ഹോസ്റ്റലിൽ ആകെയുള്ള ഒരു മലയാളി. അച്ഛൻ എയർഫോഴ്‌സിലാണ്. രണ്ടു വർഷം മുമ്പ് വരെ ഇവിടെയുള്ള സ്റ്റേഷനിൽ ആയിരുന്നു. അച്ഛന് ട്രാൻസ്ഫർ വന്നതുകൊണ്ടാണ് ജലജ ഹോസ്റ്റലിലേക്ക് പോന്നത്.
മലയാള ഭാഷയെ വല്ലാതെ മിസ് ചെയ്യുമ്പോൾ അവളുടെ റൂമിൽ പോയി കുറച്ചു സംസാരിച്ച് കഴിയുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി…. പറഞ്ഞറിയിക്കാൻ പറ്റില്ല. ഞങ്ങൾ സംസാരിക്കുന്നതു കേൾക്കുന്ന മറ്റു കുട്ടികൾ കണ്ണിൽ കണ്ണിൽ നോക്കി ഒരു നിൽപ്പുണ്ട്.
“ഏ ക്യാ ബോൽത്തി ഹേ.? കലപില.. കലപില…. കുച്ച് സമ്മച്ച് മേ നഹി ആത്താ “(ഇവർ ഇതെന്താണ് പറയുന്നത്? കലപില കലപിലാന്ന്. ഒന്നും മനസ്സിലാകുന്നില്ല) എന്ന് ആത്‍മഗതം പറഞ്ഞു നടന്നു പോകുന്നവരാണ് കൂടുതലും.
സംസാരിക്കാറില്ലെങ്കിലും നോട്ടം കൊണ്ടും പുഞ്ചിരി കൊണ്ടും വളരെ കരുതലോടെയും സ്നേഹത്തോടെയും ആണ് രൂപാലി എന്നോട് പെരുമാറിയിട്ടുള്ളത്.
രൂപാലി എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. അണ്ടർ ഗ്രാജുവേറ്റുകൾക്ക് വേണ്ടിയുള്ള ഹോസ്റ്റലാണെങ്കിലും എഞ്ചിനീയറിംഗ് വിദ്യാർഥികളും പോസ്റ്റ് ഗ്രാജുവേഷൻ കാരും റിസെർച്ച് ചെയ്യുന്നവരും എല്ലാം ഈ ഹോസ്റ്റൽ ആണ് ഉപയോഗിക്കുന്നത്.
രൂപാലിയുടെ നീണ്ട ഇടതൂർന്ന മുടിയും കാലിൽ അണിഞ്ഞിരിക്കുന്ന നിറയെ മണികളുള്ള പാദസരവുമാണ് ആദ്യം നമ്മളുടെ കണ്ണിലുടക്കുന്നത്.മുടി സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് കൊടുക്കുന്നതും. അവിടവിടെയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന നരയാണ് രൂപാലിയെ ഏറ്റവും അധികം അലട്ടുന്നത്. നര കളയാനായി ആഴ്ച്ചയിൽ രണ്ടു ദിവസം മെഹന്തി (മയിലാഞ്ചി) ഇരുമ്പ് പാത്രത്തിൽ മറ്റു ചില കൂട്ടുകൾ ചേർത്ത് പ്രത്യേകം തയ്യാറാക്കി മുടിയിൽ പുരട്ടി കെട്ടിവെച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞിട്ടാണ് കോളേജിൽ പോകുന്നത്. ആ രണ്ടു ദിവസങ്ങളിലും ബാത്ത് റൂമിൽ വെള്ളം കുറയാതെയും വെള്ളം നിന്നു പോകാ തെയും ആന്റിജി പ്രത്യേകം ശ്രദ്ധി ക്കുമെന്ന് ചില അസൂയാലുക്കൾ പറഞ്ഞു പരത്തുന്നുവെന്നു മാത്രം.
എഴോളം ജില്ലകൾ മരുഭൂമിയായ രാജസ്ഥാനിൽ വെള്ളത്തിനു കടുത്ത ക്ഷാമം ഉണ്ടെന്നുള്ളതാണ് വാസ്തവം. ഇന്ദിരാഗാന്ധി കനാൽ വഴി പഞ്ചാബിൽ നിന്നോ മറ്റോ ആണ് വെള്ളമെത്തിക്കുന്നത്.എന്തായാലും രാവിലെയും വൈകുന്നേരവും കൃത്യമായി ഹോസ്റ്റലിൽ വെള്ളം കിട്ടും. ശ്രദ്ധയോടെ വെള്ളം ഉപയോഗിക്കാൻ ഇവിടത്തുകാർക്ക് ചെറുപ്പത്തിലേ നല്ല പരിശീലനം കിട്ടുന്നതിനാൽ ഒരു തുള്ളി വെള്ളം പോലും പാഴാക്കി കളയുന്നില്ലന്നുള്ളത് വാസ്തവമാണ്.
കഴിഞ്ഞ വർഷം ഇവിടെ വന്നപ്പോൾ ഡൈനിങ് ടേബിളിൽ റോട്ടിയുമായി മൽപ്പിടുത്തം നടത്തി ക്ഷീണിച്ചിരിക്കുന്ന എന്നെ കണ്ട് രൂപാലി ജലജയോട്
“ഇസ്‌ക്കോ ക്യാ ഖാനാ അച്ഛാ ലഗ്താ ഹേ..” (എന്തു ഭക്ഷണമാണ് ഇവൾക്ക് ഇഷ്ടം)
എന്നു ചോദിച്ചു.
“ചാവൽ…. ചാവൽ ബഹുത് പസന്ത് ഹേ.” (ചോറാണ് ഏറ്റവും ഇഷ്ടം) എന്നുള്ള ജലജയുടെ മറുപടിയിൽ ആന്റിജിയോട് വഴക്കുണ്ടാക്കി ആഴ്ച്ചയിൽ രണ്ടു നേരം ചോറും സാമ്പാറും സെർവ് ചെയ്യിക്കാൻ തുടങ്ങി. ബസ്മതി അരിക്ക് വിലക്കൂടുതൽ ആയതുകൊണ്ട് ആന്റിജി ആദ്യം എതിർത്തെങ്കിലും രൂപാലിയുടെ ചക്കര വർത്താനത്തിൽ അവർ വീണു. അരി വേവിച്ച് വറ്റിച്ചെടുത്തു നെയ്യും ജീരകവും ഉപ്പും ഒക്കെ ചേർത്താണ് ഇവിടെ പാകം ചെയ്യുന്നത്. കറി ഒന്നും ഇല്ലെങ്കിലും കഴിക്കാം.
ഓ…ചിന്തകൾ കാടു കയറുന്നു.
കഥയറിയാതെ ആട്ടം കാണുന്നതുപോലെ ഇവിടെ ഇരുന്നിട്ട് എന്തു കാര്യം?പോയി ബാക്കി അസൈൻമെന്റ് ചെയ്തു തീർക്കാം.
രൂപാലി കാണാതെ പതുക്കെ എണീറ്റു. അവളെ പിണക്കാതെ നോക്കുന്നതാണ് നല്ലതെന്നു ബുദ്ധി ഉപദേശിച്ചു.
എഴുന്നേറ്റു തിരിഞ്ഞപ്പോൾ മനോഹരമായ ഒരു ഗാനത്തിന്റ തുടക്കം കേട്ടു. ദിൽ ഹും ഹും കരെ … ഖബരായെ… ലതാ മങ്കെഷ്കറും ഭൂപൻ ഹസാരികയും മത്സരിച്ചു പാടി വിജയിപ്പിച്ച ഗാനം. ഇവിടെ വന്നതിനു ശേഷം ചിത്രഹാറിൽ ആണ് ആദ്യമായി കേട്ടത്.പിന്നീട് രുദാലി എന്ന സിനിമ കാണുകയും ചെയ്തു.രാജസ്ഥാനിലെ ഗ്രാമങ്ങളിലെ കഥയാണ്.
പാടുന്നത് ആരാണെന്നറിയാൻ എത്തി നോക്കി.രൂപാലിയുടെ മുമ്പിൽ നിൽക്കുന്ന ആ കുട്ടി….
എത്ര മനോഹരമായിട്ടാണ് ആ കുട്ടി പാടുന്നത്. അവൾ പാടിക്കഴിഞ്ഞപ്പോൾ അറിയാതെ പറഞ്ഞു. “ബ്യൂട്ടിഫുൾ സോങ്. എക്സലന്റ് സിംഗിംഗ്..”
രൂപാലി തല ഉയർത്തി ഒന്നു നോക്കി ചെറുതായ് ഒന്നു പുഞ്ചിരിച്ചു.
പിന്നീട് അവിടെ നിന്നില്ല. തിരിച്ചു റൂമിലേക്ക് പോന്നു..
പിറ്റേ തിങ്കളാഴ്ച ക്യാമ്പസ്സിൽനിന്നും എത്തിയപ്പോൾ ആഷ ഓടി വന്നു പറഞ്ഞു. “അറിഞ്ഞോ വന്ദനയുടെ അച്ഛൻ കംപ്ലയിന്റ് ചെയ്തു. ഹോസ്റ്റലിൽ റാഗിംഗ് നടന്നെന്നും അദ്ദേഹത്തിന്റെ മകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായെന്നും. യൂണിവേഴ്സിറ്റി യിൽ നിന്നും മേട്രനെ വിളിപ്പിച്ചിരുന്നെന്ന്.. യൂണിവേഴ്സിറ്റി അടിയന്തരമായി ഒരു വാർഡനെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു.
മേട്രൺ അന്നവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ലിസ്റ്റ് എടുക്കുന്നു. ഒരു മദ്രാസിയും ഉണ്ടയിരുന്നെന്ന് വന്ദന പരാതിപ്പെട്ടെന്നാണ് കേൾക്കുന്നത്.”
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.” മദ്രാസി എന്നുദ്ദേശിച്ചത് എന്നെയായിരിക്കും? ഞാൻ ഒഫൻഡഡ് ആകും എന്നു വിചാരിച്ചോ? നെവർ. പക്ഷേ ഞങ്ങൾക്ക് സ്വന്തമായി ഒരു സ്റ്റേറ്റ് ഉണ്ട്. ആഷക്ക് ജനറൽ നോളേഡ്ജ് (പൊതു വീജ്ഞാനം )കുറവാണല്ലേ.”
ജാള്യതയോടെ ആഷ വാക്കുകൾക്ക് വേണ്ടി തപ്പി.. “അല്ല പൊതുവെ സൗത്തിന്ത്യക്കാരെ അങ്ങനാണല്ലോ പറയുന്നത്.. ”
“പിന്നെ വന്ദനയുടെ ഫാദർ എയർഫോഴ്‌സിലെ ഒരു വലിയ ഉദ്യോഗസ്ഥനാണ്. ഇപ്പോൾ ടോപ് പൊസിഷനിലേക്ക് പ്രൊമോഷൻ ആയിരിക്കുന്നു.”
“ഡൽഹിക്ക് പ്രൊമോഷൻ ട്രാൻസ്ഫർ ആയി പോയത് കൊണ്ടാണ് വന്ദനയെ ഹോസ്റ്റലിൽ ആക്കിയത്.”. ആഷ പറഞ്ഞുകൊണ്ടേ ഇരിക്കയാണ്. എന്നെ ഡീമോറലൈസ് (മനോധൈര്യം ഇല്ലാതാക്കുക )ചെയ്യുകയാണ് അവളുടെ ഉദ്ദേശ്യം എന്നു മനസ്സിലായെങ്കിലും അത്യന്തികം നിഷ്കളങ്കതയോടെ പേടി അഭിനയിച്ചുകൊണ്ട് കേട്ടുകൊണ്ടിരുന്നു.
“പിന്നെ എന്റെ പിതാജി ബി എസ് ഫി ൽ ആയതുകൊണ്ട് എനിക്കു പ്രോബ്ലം ഉണ്ടാകില്ല.” ആഷ തുടർന്നു…
ഇനിയും സഹിക്കാൻ കെൽപില്ലാത്തതു കൊണ്ട് പതുക്കെ ബൈ പറഞ്ഞ് റൂമിലേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിൽ ഒരു ഭയം ഉണ്ടായിരുന്നു. എന്താണ് ശരിക്കുമുണ്ടായതെന്ന് അറിയില്ല. ആരോടെ ങ്കിലും ചോദിക്കാനുള്ള ഭാഷാ പരിജ്ഞാനം ഇല്ല താനും. ജലജ ഹോസ്റ്റലിൽ എത്തിയിട്ടുമില്ല.
യൂണിവേഴ്സിറ്റിയിൽ നിന്നും എന്തെങ്കിലും നടപടി ഉണ്ടായാൽ ആരെ സമീപിക്കും?കഴിഞ്ഞ വർഷം എം എസ്‌സി അഡ്മിഷന്റെ സമയത്ത് ചില്ലറ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സഹായിച്ച പിള്ള സാറിനെ തന്നെ സമീപിക്കേണ്ടി വരും. പക്ഷേ അദ്ദേഹം ഇടപെടാൻ വിസമ്മതിച്ചാൽ?
ബി എസ്‌സി പഠനം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്ന് കണ്ടപ്പോൾ കുറച്ചു കാലം മുമ്പുണ്ടായ മാർക്ക് തട്ടിപ്പിന്റെ കഥ പറഞ്ഞ് അഡ്മിഷൻ നിരാകരിച്ചപ്പോഴാണ് യൂണിവേഴ്സിറ്റി യിലെ മലയാളിയായ പ്രൊഫസറുടെ സഹായം തേടിയത്. അവിടുത്തെ പൊളിറ്റിക്സിലൊന്നും എനിക്കു താല്പര്യമില്ലെന്നു പറഞ്ഞ് ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും ഒരു കുട്ടിയുടെ ഭാവി യുടെ കാര്യമല്ലേ എന്നു പറഞ്ഞാണ് പിന്നീട് അദ്ദേഹം ഇടപെട്ടത്.
ഏതായാലും അതിനു ഫലമുണ്ടായി.ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഇടപെട്ടു. “ഷീ
കെ യിം ഓൾ ദി വേ ഫ്രം സൗത്ത് ടു സ്റ്റഡി. വി ഷുഡ് അപ്പ്രീഷിയേറ്റ് ഹെർ ഈഗർനെസ്സ് ആൻഡ് എന്തൂസിയാസം.” ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഏറ്റവും പെട്ടെന്ന് എത്തിക്കണം എന്നുള്ള നിദ്ദേശത്തോടെ അഡ്മിഷൻ തന്നു.
“പത്തു ശതമാനം സീറ്റുകൾ പുറത്തുള്ള യൂണിവേഴ്സിറ്റി കളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ളതാണെങ്കിലും ആരും വന്നില്ലെങ്കിൽ ആ സീറ്റുകൾ മറ്റാർക്കെങ്കിലും കൊടുക്കാമല്ലോ. അതാണ് ചില മുട്ടാതർക്കങ്ങൾ ഒക്കെ ചില തല്പര കക്ഷികൾ ഉന്നയിക്കുന്നത്..” അന്ന് പി ള്ള സാർ ചിരിച്ചു കൊണ്ട് പറഞ്ഞതാണിത്.
ഇനി ഈ റാഗിങ്ങിന്റെ പേരിൽ ആ സാധു മനുഷ്യനെ വീണ്ടും ഉപദ്രവിക്കേണ്ടി വരുമോ ആവോ?
പിറ്റേന്ന് ക്യാമ്പസ്സിൽ നിന്നും വന്നപ്പോൾ ജലജയുടെ റൂമിൽ ആളനക്കം കണ്ടു. മനസ്സിൽ സന്തോഷം കരകവിഞ്ഞൊഴുകി. ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചു. കണ്ണുനീർ കണ്ണുകളെ മൂടി.
അമ്പരന്നുപോയ ജലജ സ്നേഹവായ്പ്പോടെ ചോദിച്ചു. “എന്തു പറ്റി ചേച്ചി?”
എന്തോ പറയാനായി തുടങ്ങിയപ്പോഴാണ് അത് കണ്ടത്.. എന്നെത്തന്നെ അന്തം വിട്ടു നോക്കികൊണ്ടിരിക്കുന്ന ജലജയുടെ മ റാത്തി ക്ലാസ്‌മേറ്റ് സുനിത.
ഞാൻ പെട്ടെന്ന് നിശബ്ദയായി.
“കുച്ച് തൊ ഹുവാ ഹേ.. ഹേ നാ… സംതിങ് ഈസ് ദയർ .” സുനിത എന്നോട് ചോദിച്ചു.
എന്റെ മൗനം കണ്ട് അവൾ റൂമിനു വെളിയിൽ ഇറങ്ങി.
“യു ക്യാരി ഓൺ. ബൈ..”
ജലജ എന്നെ ബെഡ്‌ഡിൽ പിടിച്ചിരുത്തി.എന്റെ അടുത്തിരുന്നുകൊണ്ട് മെല്ലെ പറഞ്ഞു.
“ഉം. പറ. എന്താ പറ്റിയത്? ”
“നീ എവിടായിരുന്നു? നിങ്ങളുടെ ക്ലാസ്സ് തുടങ്ങിയിട്ട് ഒരാഴ്ചയായില്ലേ?ഐ മിസ്സ്ഡ് യു ടെറിബ്ലി.”
“എന്റെ ചേച്ചി….അത്യാവശ്യമായിട്ട് ബാംഗ്ലൂരു വരെ പോയി. വലിയമ്മയുടെ മോന്റെ നിശ്ചയം. മൊത്തം ഫാമിലിയും ഉണ്ടായിരുന്നു.ആട്ടെ… ഇവിടെ എന്തുണ്ട് വിശേഷം? അത് പറ.”
ഒരു നിമിഷത്തെ മൗനത്തിനൊടുവിൽ ഞാൻ ഉണ്ടായ കഥകൾ എല്ലാം പറഞ്ഞു കേൾപ്പിച്ചു.
എന്റെ ആശങ്കയും പരിഭ്രമവും കണ്ട ജലജ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്റെ ചേച്ചി, ഭാഷ അറിയാത്ത ചേച്ചി ആ റൂമിൽ അകപ്പെട്ടുപോയി എന്ന കാരണത്താൽ ചേച്ചിയുടെ പേരിൽ നടപടിയുണ്ടാകുമോ?അതു പോട്ടെ, മേട്രനോ വേറെ ആരെങ്കിലുമോ ചേച്ചിയോട് ഇതിനെക്കുറിച്ചു സംസാരിച്ചോ? സുനിത പോലും എന്നോടൊന്നും പറഞ്ഞില്ലല്ലോ.”
“അതിനും പുറമേ ഞാൻ വന്ന വഴിക്ക് രൂപാലിയെ കണ്ടല്ലോ.എന്നത്തേയും പോലെ നല്ല ഹാപ്പി മൂഡിൽ തന്നെ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ രൂപാലിയുടെ മുഖത്തു കാണണ്ടേ. ആ ആശാദിദി വെറുതെ ചേച്ചിയെ കളിപ്പിക്കുകയാ. അവർ ശരിയല്ലാന്ന് ഞാൻ പറഞ്ഞതല്ലേ”.
ശരിയാണ്. രൂപാലി പൂത്തുമ്പിയെപ്പോലെ അവിടെയും ഇവിടെയും ഒക്കെ പാറി നടക്കുന്നത് ഞാനും കണ്ടതാണ്. പൂത്തുമ്പി എന്നുദ്ദേശിച്ചത് നാട്ടിലെ പൂത്തുമ്പിയേ ആ ണ്. ഇവിടെ പൂക്കൾ തന്നെ കുറവാണ്. പിന്നെ പൂത്തുമ്പി എവിടെ?പ്രൊഫസറന്മാരുടെ വീട്ടുമുറ്റങ്ങളിൽ നട്ടു വളർത്തുന്ന ബോഗെയ്ൻ വില്ലകളാണ് ആകെപ്പാടെയുള്ള പൂച്ചെടികൾ. അല്ലാതെ നാട്ടിലെപ്പോലെ പൂച്ചെടികളും പൂമരങ്ങളും ഒന്നും കണി കാണാൻ പോലും ഇല്ലല്ലോ.
“എന്താണ് ചേച്ചീ” ജലജ ചോദിച്ചു.
“മോളേ.. ആഷയെ എനിക്കു വിശ്വാസമുണ്ടായിട്ടല്ല. പക്ഷേ കാര്യങ്ങളുടെ നിജസ്ഥിതി ഞാൻ ആരോട് ചോദിച്ചു മനസ്സിലാക്കും? നീ ഉണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.”
“ചേച്ചിക്ക് സുനിതയോട് ചോദിക്കാമായിരുന്നില്ലേ?”
“ശരിയാണല്ലോ. ഞാൻ വിട്ടു പോയതാ. അന്ന് അവളും വന്നിട്ടുണ്ടായിരുന്നു.”
“ചേച്ചി.. വന്ദന ഞങ്ങളുടെ ക്ലാസ്മേറ്റ് അല്ലേ. അവളുടെ ഡാഡിക്കു പ്രൊമോഷൻ ട്രാൻസ്ഫർ ആണ് ഡൽഹിക്ക്. അതാ അവൾ ഹോസ്റ്റലിൽ വന്നത്.”
“ഏതായാലും ഞാൻ അവളോട് ഒന്നു സംസാരിച്ചിട്ട് പറയാം. ഇനിയും ആ ആഷ ദിദിയുടെ വായിലോട്ടു തല കൊണ്ടു വെക്കാതെ റൂമിലേക്ക് പൊക്കോ. ഡിന്നറിനു ഇറങ്ങി വരുമ്പോൾ ഞാൻ കറക്റ്റ് പിക്ചർ തരാം.”
ജലജയെ കണ്ടപ്പോഴേ മനസ്സ് ശാന്തമായി. വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി. ഉപരി പഠനത്തിന് മറ്റൊരു നാട്ടിൽ വന്നിട്ട് പഠനം പൂർത്തിയാക്കാതെ തിരിച്ചു ചെന്നാൽ ആരോടൊക്കെ മറുപടി പറയേണ്ടി വരും? ഇനി ഉള്ള സത്യം പറഞ്ഞാലും ആരെങ്കിലും വിശ്വസിക്കുമോ? വേറെ എവിടെങ്കിലും അഡ്മിഷൻ കിട്ടുമോ? കിട്ടിയാൽത്തന്നെ ഇനിയും ഒരു പരീക്ഷണത്തിന് വീട്ടുകാർ മുതിരുമോ?
അതിന് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ഉം…ഇല്ലാത്ത ഒരു സംഭവം ഊതിപ്പെരുപ്പിച്ചു എന്റെ മനസ്സമാധാനം കളഞ്ഞിട്ട് ലവൾ ഒന്നുമറിയാത്ത പോലെ തകർത്തു നടക്കുന്നു..
ഡിന്നറിനു പോകാനായി താഴെ ചെന്നു ജലജയുടെ റൂമിൽ നോക്കിയെങ്കിലും അവളെ റൂമിൽ കണ്ടില്ല. ഡൈനിങ് ഹാളിൽ ചെന്നപ്പോൾ അവൾ വിളിച്ചടുത്തിരുത്തി.
“ചേച്ചി, ഞാൻ വന്ദനയെ കണ്ടപ്പോൾ അവളുടെ കൂടെ ഇങ്ങോട്ടു പോന്നു. ഹോസ്റ്റലിലെ ന്യൂകമേഴ്‌സിന്റെ ഇൻട്രൊഡക്ഷൻ സെഷൻ എങ്ങെനിരുന്നുവെന്നു ചോദിച്ചതിന് “നൈസ് എക്സ്പീരിയൻസ് “എന്നാണ് അവൾ മറുപടി പറഞ്ഞത്.
നിന്റെ പാട്ട് നന്നായിരുന്നെന്ന് ചേച്ചി പറഞ്ഞെന്ന് പറഞ്ഞപ്പോൾ ചേച്ചിയുടെ അപ്രീസിയേഷൻ അവൾ ശ്രദ്ധിച്ചിരുന്നുവെന്നും വളരെയധികം സന്തോഷം തോന്നിയെന്നുമൊക്കെ പറഞ്ഞു.
എന്നിട്ട് വന്ദന എവിടെ? ഞാൻ ചോദിച്ചു.
അവൾക്ക് ഫോൺ വന്നു. എന്നും കൃത്യം 8മണിക്ക് വീട്ടിൽ നിന്നും വിളിക്കും. ആദ്യമായിട്ടാണ് വീട്ടിൽ നിന്നും മാറി നിൽക്കുന്നത്. ഹോംസിക്ക്നെസ് ഉണ്ടെന്ന് വിചാരിച്ചാണ് അവരിത്ര പെയിൻ എടുക്കുന്നതു പോലും.
“സാരമില്ല…നമുക്ക് അവളെ നാളെ പരിചയപ്പെടാം. എന്തു പറയുന്നു?”
“അത് മതി. ദേ,രൂപാലി ഇങ്ങോട്ടു നോക്കുന്നു. നിന്നോടു എന്തെങ്കിലും പറയാനായിരിക്കും.”
“ഞങ്ങൾ സംസാരിച്ചു. ചേച്ചിയെ ആശാദീദി വട്ടു കളിപ്പിച്ചതെല്ലാം ഞാൻ പറഞ്ഞു”.
“അന്ന് ചേച്ചി പോയതിനു ശേഷം ഒന്നുരണ്ട് പാട്ടു കൂടി വന്ദന പാടി. വളരെ സൗഹാ ർദപരമായിട്ടാണ് അവർ പിരിഞ്ഞത്. ”
“വളരെ നല്ല സെഷൻ ആയിരുന്നുവെന്നും, ശരിക്കും എൻജോയ് ചെയ്തെന്നും,താങ്ക്സ് ഒക്കെപ്പറഞ്ഞിട്ടാണ് ന്യൂകമേഴ്‌സ് പോയതെന്നും ഒക്കെയാണ് രൂപാലി പറഞ്ഞത്.”
“നമ്മൾ പറഞ്ഞാൽ മതി.. ആഷക്ക് നല്ല ഒരു ഡോസ് കൊടുക്കാമെന്നും രൂപാലി കളിയായി കൂട്ടിച്ചേർത്തിട്ടുണ്ട്.”
ഞാൻ വെറുതെ ചിരിച്ചതേയുള്ളു.
എഴുന്നേറ്റപ്പോൾ ജലജ പറഞ്ഞു.
ഒരു കാര്യം കൂടി. ഒരു വാർഡനെ കിട്ടിയിട്ടുണ്ടെന്ന് ആന്റിജി പറഞ്ഞു. മഹാരാഷ്ട്രക്കാരിയാണ്.. പേരെന്റ്സ് കൂടെയുണ്ട്. അൺമാരീഡ് ആണ്. ഈ ആഴ്ച വരും.
ജലജയോട് യാത്ര പറഞ്ഞു റൂമിലേക്ക് പോകാൻ സ്റ്റെപ്പ് കയറിയപ്പോൾ അവൾ പറഞ്ഞു.”ഞാൻ ഒരു കൂട്ടം കൊണ്ടു വന്നിട്ടുണ്ട്. നിശ്ചയത്തിന് നാട്ടിൽ നിന്നും വന്നവർ കൊണ്ടു വന്നതാണ്. റൂമിൽ എത്തിക്കാട്ടോ.”
“മോളേ നിന്റെ കൂട്ടുകാർ കണ്ടുപിടിച്ചു തിന്നു തീർക്കുന്നതിന് മുമ്പ് തരണേടി. . ഉപ്പേരിയെന്നു കേട്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി.”
“ഉം..കിടക്കാൻ ടെറസിൽ എത്തുമ്പോൾ കൊണ്ടു വന്നേക്കാം.”
ഉഷ്ണകാലത്ത് എല്ലാവരും ടെറസിലുള്ള കയർ കട്ടിലുകളിൽ ആണ് കിടപ്പ്. മരുഭൂമിയായതുകൊണ്ട് രാത്രിയിൽ നല്ല തണുത്തകാറ്റുണ്ടാകും. സുഖമായി ഉറങ്ങാം. മുറിക്കുള്ളിൽ കിടന്നാൽ വെന്തുരുകിപോകുമെന്നുള്ളതിനാൽ എല്ലാവരും ഛത് (ടെറസ്) ആണ് കിടക്കാൻ ഉപയോഗിക്കുന്നത്.
റൂമിലേക്ക് നടന്നപ്പോൾ മനസ്സിലെ ഉഷ്ണത്തിന് ശമനമുണ്ടായതായി അറിഞ്ഞു. പുറത്തു നിന്നും നല്ല തണുത്ത ഇളം കാറ്റ് വീശിക്കൊണ്ടേ ഇരിക്കുന്നു.


2 Comments
നല്ല രചന👍
സന്തോഷം