രക്തത്തുള്ളികൾ ഭൂമിയുടെ മാറിൽ
അക്ഷരങ്ങളായി വീഴുന്ന നേരം,
മുൾക്കിരീടത്തിൻനോവിലും മന്നിൽ
മുക്തിയുടെ ഗീതം വിരിയുന്നു മെല്ലേ.
ത്യാഗമെന്നാലൊരു പൂമരംപോലേ
തന്നെയുമർപ്പിച്ചു തണലായി നില്പൂ;
മരണമെന്നതവസാനമല്ലല്ലോ
മണ്ണിൽ മറയുന്ന വിത്താണതത്രേ!
നന്മയുടെ നാളങ്ങൾ കെടുകില്ലൊരിക്കലും
തിന്മതന്നിരുൾ വന്നുമൂടിയാലും.
ആണികൾ തറച്ചൊരാ കൈകളിൽനിന്നു-
മാകാശസീമകൾ പൂത്തുലയും നാളെ.
കയ്പുനീർ നുകരുംതരുവിൻ്റെ കൊമ്പിൽ
പുത്തൻവസന്തം കിളിർക്കുമെപ്പോളും.
സ്നേഹത്തിൻബലിയായിമാറിയ നാഥാ,
നീതന്നെയല്ലേ നിത്യമാം ജീവിതം?
ഏകാന്തയാമത്തിൻവിങ്ങലിലല്ല,
ലോകത്തിന്നുയിർത്തെഴുന്നേല്പിലാണോർമ്മ;
വേദന പങ്കിട്ടുവാഴുന്ന മർത്യനിൽ
വേരൂന്നിനില്ക്കുന്നു നിൻ്റെ സാമീപ്യം.
ഇന്നു നിലയ്ക്കുംഹൃദയത്തിൻതാളം;
നാളെ പ്രപഞ്ചത്തിന്നുയിരായിമാറും;
കല്ലറവാതിൽ തുറക്കുന്ന കാറ്റിൽ
നിത്യപ്രകാശത്തിൻചിറകുകൾ കാണാം!
——————–
മനീഷി
(©Zaki@ബാബുപോൾ തുരുത്തി)


1 Comment
👌👌❤️