മലയാളസാഹിത്യത്തിലെ അതികായന്മാരെ ആദരിച്ചുക്കൊണ്ടുതന്നെ പറയട്ടെ, നമ്മുടെ ആസ്വാദനശീലങ്ങളും നിരൂപണരീതികളും ഇന്നും ചില നിശ്ചിതവട്ടമേശകൾക്കു ചുറ്റുംമാത്രമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഏതു സാഹിത്യസദസ്സിലും ചർച്ചകളിലും സോഷ്യൽമീഡിയയിടങ്ങളിലും എം.ടി. വാസുദേവൻനായരുടെ മഞ്ഞിനെക്കുറിച്ചോ നാലുകെട്ടിനെക്കുറിച്ചോ വൈക്കംമുഹമ്മദ്ബഷീറിന്‍റെ പാത്തുമ്മയുടെ ആടിനെക്കുറിച്ചോ സുൽത്താന്‍റെ നിഷ്കളങ്കഹാസ്യത്തെക്കുറിച്ചോ രണ്ടു വാക്കു പറഞ്ഞില്ലെങ്കിൽ അതു വലിയൊരു അപരാധമായിക്കാണുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. എം.ടി.യെക്കുറിച്ചും ബഷീറിനെക്കുറിച്ചും പറഞ്ഞില്ലെങ്കില്‍ നമ്മുടെ സാഹിത്യബോധം മോശമായിപ്പോയി എന്നാണ് പൊതുവായ ചിന്ത. തീർച്ചയായും അവർ മലയാളിയുടെ അക്ഷരപുണ്യങ്ങളാണ്; നമ്മുടെ വായനയുടെ അടിത്തറ പണിതവരുമാണ്. എന്നാൽ, കാലവും ജീവിതസാഹചര്യങ്ങളും മനുഷ്യൻ ജീവിക്കുന്ന ആവാസവ്യവസ്ഥയും മാറിമറിഞ്ഞിട്ടും നമ്മളിന്നും ആ പഴയ മഞ്ഞിൽത്തന്നെ തണുത്തുവിറച്ചുനില്ക്കണോ? മാറിയ കാലത്തിന്‍റെ എഴുത്തുകളെ കാണാതെപോകുന്നത് സാഹിത്യപരമായ അന്ധതയല്ലേ എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാലുകെട്ടുകളുടെയും ഇടവഴികളുടെയും നിലാവിന്‍റെയും നിളയുടെയും തീരങ്ങളുടെയും ഗൃഹാതുരത്വം പേറുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഇന്നത്തെ മനുഷ്യൻ ജീവിക്കുന്നത് അണുകുടുംബങ്ങളിലാണ്; ഫ്ലാറ്റുകളിലും കോൺക്രീറ്റുകാടുകളിലും ആഗോളീകരണത്തിന്‍റെ വിരൽത്തുമ്പിലുമാണ്. മനുഷ്യൻ ജീവിക്കുന്ന ആവാസവ്യവസ്ഥതന്നെ മാറുമ്പോൾ അവന്‍റെ ചിന്തകളും അഭിമുഖീകരിക്കുന്ന സംഘർഷങ്ങളും മാറും. ഇന്നത്തെ…
Author: Babu Paul Thuruthy
വെടിയുക വിലാപമതർത്ഥശൂന്യം; ബന്ധങ്ങളറ്റു തനിയേ വിടവാങ്ങണം നാം. മന്നിൽ കലഹമതു കഷ്ടം; തർക്കമെന്തിന്? മണ്ണിൽ മായുമൊരു വെറും ബിംബമാണു നാം! മനീഷി (©Zaki@ബാബുപോൾ തുരുത്തി)
രക്തത്തുള്ളികൾ ഭൂമിയുടെ മാറിൽ അക്ഷരങ്ങളായി വീഴുന്ന നേരം, മുൾക്കിരീടത്തിൻനോവിലും മന്നിൽ മുക്തിയുടെ ഗീതം വിരിയുന്നു മെല്ലേ. ത്യാഗമെന്നാലൊരു പൂമരംപോലേ തന്നെയുമർപ്പിച്ചു തണലായി നില്പൂ; മരണമെന്നതവസാനമല്ലല്ലോ മണ്ണിൽ മറയുന്ന വിത്താണതത്രേ! നന്മയുടെ നാളങ്ങൾ കെടുകില്ലൊരിക്കലും തിന്മതന്നിരുൾ വന്നുമൂടിയാലും. ആണികൾ തറച്ചൊരാ കൈകളിൽനിന്നു- മാകാശസീമകൾ പൂത്തുലയും നാളെ. കയ്പുനീർ നുകരുംതരുവിൻ്റെ കൊമ്പിൽ പുത്തൻവസന്തം കിളിർക്കുമെപ്പോളും. സ്നേഹത്തിൻബലിയായിമാറിയ നാഥാ, നീതന്നെയല്ലേ നിത്യമാം ജീവിതം? ഏകാന്തയാമത്തിൻവിങ്ങലിലല്ല, ലോകത്തിന്നുയിർത്തെഴുന്നേല്പിലാണോർമ്മ; വേദന പങ്കിട്ടുവാഴുന്ന മർത്യനിൽ വേരൂന്നിനില്ക്കുന്നു നിൻ്റെ സാമീപ്യം. ഇന്നു നിലയ്ക്കുംഹൃദയത്തിൻതാളം; നാളെ പ്രപഞ്ചത്തിന്നുയിരായിമാറും; കല്ലറവാതിൽ തുറക്കുന്ന കാറ്റിൽ നിത്യപ്രകാശത്തിൻചിറകുകൾ കാണാം! ——————– മനീഷി (©Zaki@ബാബുപോൾ തുരുത്തി)
ദുബായിയിലെ അൽബർഷയിലുള്ള ആഡംബരവില്ലയുടെ വിശാലമായ ബാൽക്കണിയിൽ നില്ക്കുമ്പോൾ, നസീമയുടെയുള്ളിൽ ഒരു മണൽക്കാറ്റു വീശുന്നുണ്ടായിരുന്നു. പത്തു വർഷംമുമ്പ് കോഴിക്കോട്ടുള്ള ഒരു സാധാരണ ഇടവഴിയിൽനിന്ന്‍ അബ്ദുള്ളയുടെ വധുവായി ഈ മണൽനാട്ടിലേക്കു വിമാനം കയറുമ്പോൾ, അവൾ കണ്ട സ്വപ്നങ്ങൾക്ക് ഈ നഗരത്തെക്കാൾ തിളക്കമുണ്ടായിരുന്നു. പക്ഷേ, ഇന്ന് ആ തിളക്കമെല്ലാം അവളുടെയുള്ളിലെ ശൂന്യതയിൽ തട്ടി, ഇരുളടഞ്ഞിരിക്കുന്നു. റിയലെസ്റ്റേറ്റുസാമ്രാജ്യത്തിന്‍റെ അധിപനാണ് അബ്ദുള്ള. അയാൾക്ക് പ്രണയമെന്നത് ഒരു ബിസിനസ്സുകരാർപോലെയായിരുന്നു. രാത്രികളിൽ അയാൾ വരുന്നത് കണക്കുകളുടെ ഭാരവുമായാണ്. “നസീമാ, ഈ മാസം നിനക്ക് ഞാനൊരു പുതിയ ലംബോർഗിനി ബുക്കുചെയ്തിട്ടുണ്ട്. വെള്ള നിറം. നിനക്ക് ഇഷ്ടപ്പെട്ടില്ലേ?” അത്താഴത്തിനിടയിൽ, ഫോണിലെ ഇമെയിലുകൾ നോക്കി അയാൾ ചോദിക്കും. “എനിക്കു വേണ്ടത് കാറല്ല. കുറച്ചു സമയം നിങ്ങളോടൊപ്പം..” “സമയം പണമാണ് നസീമാ. നിനക്ക് ആവശ്യമുള്ളതെല്ലാം ഞാൻ നല്കുന്നില്ലേ? ആഭരണങ്ങള്‍, പട്ടുസാരികള്‍, ഈ കൊട്ടാരം. ഡയമണ്ഡുമാലയും വാങ്ങിത്തന്നില്ലേ? ഇതിലപ്പുറം ഒരു സ്ത്രീക്ക് എന്തു വേണം?” എപ്പോളും വാക്കുകൾ പൂർത്തിയാക്കുംമുമ്പേ അയാൾ പറയും. കുട്ടികള്‍ ഓടിക്കളിക്കാത്ത ആ വലിയ വീട്ടിൽ,…
