ഇരുണ്ടു കൂടിയ
അസഹ്യതകൾ തിമിർത്ത് പെയ്യുകയാണ് കൂടെ
ഇടിയും മിന്നലും
വൈദ്യുതി നിലച്ചിരിക്കുന്നു
ഇരുണ്ട കാർമേഘങ്ങൾ
അമ്പിളിയെ മറച്ചിരിക്കുന്നു
നിലാവു കാത്ത്
വരാന്തയിൽ ഇരിക്കുകയാണ് മഴകണ്ട് കുളിർ കൊണ്ട്
അപ്പോൾ ഒരാൾ
പുഴപോലൊഴുകുന്ന റോഡിലൂടെ
വാഹന വെളിച്ചത്തിൽ
മിന്നൽ പിണരുകളെ പുണർന്ന്
മഴനനഞ്ഞ് നടന്നുനീങ്ങുന്നു
ഉള്ളിൽ പൊള്ളു ജീവിതം
കുളിർപ്പിക്കുകയാവും അയാളപ്പോൾ
അഭ്രപാളികളിൽ പ്രകൃതിയുടെ രതിനിർവ്വേദങ്ങൾ അങ്ങിനെ തിമിർത്താടി.
പിന്നീട്
പനയുടെ നെറുകിൽ
മിന്നാമിനുങ്ങിനെ പോലെ
മിന്നൽ നേർത്ത് നേർത്ത് നിലയ്ക്കുകയും
മഴ നേർത്ത ഇടിമുഴക്കങ്ങളുടെ
അകമ്പടിയാലെ
ഘോഷയാത്ര പോവുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ
ഞാൻ
മൊബൈൽ ടോർച്ചിൽ
ബ്രഡ്ഡും മാമ്പഴപുളിശ്ശേരിയും കഴിക്കുകയായിരുന്നു.
ഇനിയും
നിലാവ് ഉദിക്കുമായിരിക്കും
സ്വപ്നങ്ങൾ അങ്ങിനെയാണല്ലോ
ഉറക്കം കെടുത്തുന്ന
പ്രത്യാശകൾ പകരുന്നത്.
…വിജയൻ മണ്ണഴി …
