റിയാദിൽ നിന്ന് അൽഖോബാറിലേക്ക് വണ്ടിയോടിക്കുമ്പോൾ ഇടയ്ക്കിടെ മഴയുണ്ടായിരുന്നു. നാലുമണിക്കൂർകൊണ്ട് നാനൂറ് കിലോമീറ്റർ പാഞ്ഞുപോകുന്ന യാത്രകൾ അയാൾക്ക് എന്നും ഹരമാണ്. അതും അതിരാവിലെ പുറപ്പെടണം, മരുഭൂമിയിലെ സൂര്യോദയം കാണണം, സ്വർണ്ണവർണ്ണം നിറഞ്ഞ പ്രകാശരശ്മികൾ വളരെദൂരം മരുഭൂമിയിൽ കാണാൻ കഴിയും.
നീണ്ടു പരന്നു കിടക്കുന്ന റോഡ്, വിജനമായ റോഡിൻറെ വശങ്ങൾ, എങ്കിലും അതിനിടയിലൊക്കെ പുതിയ പുതിയ പദ്ധതികൾ ഉയർന്നുവരുന്നതിൻറെ നിർമ്മാണപ്രവർത്തികൾ എല്ലായിടത്തും കാണാം. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ ഈ ഒഴിഞ്ഞുകിടക്കുന്ന മരുഭൂമി രണ്ടുനഗരങ്ങളെ ഒന്നായി ചേർക്കുകയും ചെയ്തേക്കാം, അത്ര വേഗത്തിലാണ് ഈ രാജ്യത്ത് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്.
അധികം വളവുകൾ കുറവായതിനാൽ ആയാസരഹിതമായാണ് കാർ പോയിക്കൊണ്ടിരിക്കുന്നത്. അമ്പത് കിലോമീറ്റർ കഴിയുമ്പോൾ ആദ്യത്തെ ചെക്ക് പോയിൻറ്, അതിന് മുമ്പ് വരെ നൂറ്റിഇരുപത് കിലോമീറ്റർ മാത്രം വേഗപരിധി, അത് കഴിഞ്ഞാൽ നൂറ്റിനാൽപതും. അഴിച്ചുവിട്ട യാഗാശ്വംപോലെ കാർ പറക്കുകയാണ്.
ഇരുനൂറ്റിഅമ്പത് കിലോമീറ്റർ കഴിഞ്ഞപ്പോൾ ചായകുടിക്കാൻ എന്നും നിർത്തുന്ന പെട്രോൾ പമ്പിൽ നിർത്തി. മരുഭൂമിക്ക് നടുക്കുള്ള പെട്രോൾ പമ്പുകളെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു. എല്ലാം നല്ല വൃത്തിയായി. ഒരുപാട് ഭക്ഷണശാലകൾ, നല്ല ശൗചാലയങ്ങൾ.
ചെറിയ ഒരു കടയായിരുന്ന മലയാളി നടത്തുന്ന ചായക്കട എല്ലാം മാറ്റിയിരിക്കുന്നു. നിരനിരയായി തീർത്ത പുതിയ കെട്ടിടത്തിൻറെ ഒരു ഭാഗത്ത് മുമ്പിൽ “ചായ” എന്ന് മലയാളത്തിൽ എഴുതി വെച്ചിരിക്കുന്നു. അതവർ തന്നെയായിരുന്നു.
“എല്ലാം നവീകരിക്കുകയാണ്, നമ്മളും അതിൻറെ ഭാഗമാകാതെ കഴിയില്ലല്ലോ” ഫസൽ പറഞ്ഞു.
“നാട്ടിൽ പോകുന്നില്ലേ” ഞാൻ ചോദിച്ചു, “അടുത്ത പെരുന്നാളിന് പോകണം”. ഫസൽ പറഞ്ഞു.
അപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വന്നത് “എവിടെയെത്തി, ഞാൻ റെഡി”
ഗായത്രിയാണ്. ഗായത്രി അൽഖോബാറിലെ ആശുപത്രിയിൽ നേഴ്സ് ആണ്. മുമ്പ് അൽഖോബാറിൽ ഉണ്ടായിരുന്നപ്പോഴത്തെ പരിചയം. അഞ്ചു വർഷത്തിലധികം അൽഖോബാറിൽ ഉണ്ടായിരുന്നു. ഒരിക്കൽ പനിച്ചുവിറച്ചു ബോധം പോകുമെന്നമട്ടിൽ ആശുപത്രിയിൽ എത്തിയപ്പോൾ ഗായത്രിയായിരുന്നു പരിചരിച്ചിരുന്നത്. തണുപ്പുകാലത്ത് അതിരാവിലെ കോർണിഷിൽ (കടൽതീരത്ത്) നടക്കാൻ പോകരുതെന്ന് ശക്തമായി ചട്ടംകെട്ടുകയും ചെയ്തു. കോർണിഷിൽ അതിരാവിലെയുള്ള നടത്തം അയാൾക്ക് വലിയ ഇഷ്ടമായിരുന്നു, എന്നാൽ കടലിൽ നിന്ന് വീശിയടിക്കുന്ന കനത്ത തണുപ്പ് നിറഞ്ഞ കാറ്റ് പനിയായി അയാളെ മുറുകെ പുണർന്നു.
എഴുത്തിനോട് ഗായത്രിക്കും താത്പര്യം ഉണ്ടായിരുന്നു. ജോലികഴിഞ്ഞുള്ള ഏകാന്ത ജീവിതത്തിൽ എഴുത്ത് അവർക്ക് ഒരു കൂട്ടായിരുന്നു.
“നമ്മുടെ ചിന്തകൾ തുറന്നെഴുതാനാണ് പാട്, അതിനു പിന്നാലെ ആയിരം ചോദ്യങ്ങൾ വരും, അതാരാ, ഇത് നിങ്ങളുടെ സ്വന്തം അനുഭവമാണോ, അങ്ങിനെ പലതും. ഇപ്പോൾ ആ ചോദ്യങ്ങളെ ഒക്കെ തള്ളിക്കളഞ്ഞിരിക്കുന്നു. എനിക്ക് തോന്നുന്നത് തോന്നുന്നതുപോലെ എഴുതുന്നു. ചിലപ്പോൾ റോഡിൽ കാണുന്ന ഒരു കാഴ്ചയിൽ നിന്നാകും ഒരു എഴുത്ത് തുടങ്ങുക, ചിലപ്പോൾ നാട്ടിലെ ഓർമ്മകളിൽ നിന്ന്”. ഗായത്രി പറഞ്ഞു.
പുതുവർഷത്തിന് ബഹ്‌റിനിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഗായത്രി പറഞ്ഞു, “ഞാനും വരാം, എന്നെ ജുഫെയ്‌റിലെ ബഹ്‌റൈൻ സ്പെഷ്യലൈസ്‌ഡ് ആശുപത്രിയിൽ ഇറക്കി തന്നാൽ മതി, അവിടെ എൻറെ കൂട്ടുകാരിയുണ്ട്. “
“തനിക്ക് എൻറെ കൂടെ വരാൻ ഭയമില്ലേ” അയാൾ ചോദിച്ചു.
“എന്തിന്, നിങ്ങൾ പോകുന്നില്ലെങ്കിൽ ഞാൻ ബഹ്‌റൈൻ പെർമിറ്റ് ഉള്ള ഒരു ടാക്സിയിൽ പോകും, അയാൾ അവിടെ എന്നെ ഇറക്കും. പരിചയമുള്ള ഒരാൾ കൂടെയുണ്ടെങ്കിൽ മിണ്ടിയും പറഞ്ഞും പോകാം”. ഗായത്രി പറഞ്ഞു.
“ജീവിതത്തിൽ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോൾ നാടും വീടും ഉപേക്ഷിച്ചു മരുഭൂമിയിൽ ജോലിയെടുക്കുന്നു. അവനവൻറെ ഇന്നത്തെ ജീവിതം മാറ്റിവെച്ചു ഒരിക്കൽ വരും എന്ന് കരുതുന്ന നാളെക്കായി നാം സമ്പാദിക്കുന്നു. ഇപ്പോൾ ഈ ജീവിതത്തിനിടയിൽ ഞാൻ എനിക്ക് സന്തോഷമുള്ളത് കണ്ടെത്തുന്നു, അതിന് ആരെന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എനിക്ക് എന്നെ സംരക്ഷിക്കാൻ അറിയാം എന്ന ഉറപ്പുണ്ട്”. ഗായത്രിയുടെ വാക്കുകൾ ശക്തമായിരുന്നു.
അൽഖോബാറിലെ സിൽവർ ടവറിന് മുന്നിൽ ഗായത്രിയുണ്ടായിരുന്നു. ആധികാരികതയോടെ വണ്ടിയുടെ മുൻവശത്തെ വാതിൽ തുറന്നു വണ്ടിയിൽ കയറി.
“പുറകിൽ ഇരിക്കുന്നില്ല, ഞാൻ ടാക്സിയിൽ അല്ലല്ലോ”
അയാൾ ചിരിച്ചു. ബഹ്‌റൈൻ കോസ്-വെയിലേക്ക് വണ്ടികയറുമ്പോൾ അയാൾ പറഞ്ഞു, “അൽഖോബാറിൽ ഉള്ളപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ടിക്കറ്റ് എടുത്തു കോസ്-വെയിലേക്ക് കയറും. കടലിൻറെ വിരിമാറിലൂടെ കടൽക്കാറ്റേറ്റ് തനിയെ വണ്ടിയോടിക്കാൻ ഒരു സുഖമാണ്. ജോലിയുടെ പിരിമുറുക്കവും, നാട്ടിലെ പ്രതിസന്ധികളും അപ്പോൾ തനിയെ അഴിഞ്ഞു മാറും. രണ്ട് രാജ്യങ്ങളെ വേർതിരിക്കുന്ന നടുക്കുള്ള ദ്വീപിൽ നിന്ന് തിരിച്ചു പോരും. ചിലപ്പോൾ ജോലി ആവശ്യത്തിനായി ബഹ്‌റൈനിൽ പോകേണ്ടി വരും, കടലിൻറെ നടുവിലൂടെയുള്ള നീണ്ട പ്രയാണങ്ങൾ സ്വയം മറക്കാനുള്ള ഒരുപാധിയാണ്”
“നമ്മളെല്ലാം ഇതേപോലെ ഓരോരോ തുരുത്തുകൾ ആണ്, നമ്മിലേക്ക് ഇതേപോലെ സ്ഥായിയായ ഒരു പാലം കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് നമ്മുടെ പരാജയവും” ഗായത്രി പറഞ്ഞു.
“ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്ന് നാം പുറത്തു കടന്നേ മതിയാകൂ. ജീവിതത്തിൻറെ പുതിയ അർത്ഥങ്ങൾ നമുക്ക് കണ്ടെത്തേണ്ടതുണ്ട്”. പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കിവെച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
പാസ്സ്പോർട്ടുകളിൽ വിസ അടിച്ചു വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു “ലോകത്തിൻറെ ഏതുകോണിലേക്കും സർവ്വസ്വതന്ത്രരായി യാത്രചെയ്യാവുന്ന ഒരു കാലം വരുമോ”
“ഒരിക്കലുമില്ല, നിയന്ത്രണങ്ങൾ ഓരോ രാജ്യത്തിൻറെയും സുരക്ഷക്ക് അത്യാവശ്യമാണ്” ഗായത്രി പറഞ്ഞു.
“വ്യക്തിപരമായി നാം തേടുന്ന സ്വാതന്ത്ര്യം വ്യത്യസ്തമാണ്”.
ജുഫൈറിലെ ബഹ്‌റൈൻ സ്പെഷ്യലൈസ്‌ഡ് ആശുപത്രിയിൽ ഇറക്കിവിടുമ്പോൾ ഗായത്രി ചോദിച്ചു. “എവിടെയാണ് താമസം?”
“മനാമയിൽ, ബന്ധുവിനൊപ്പം, തിരിച്ചുപോകുന്നതിന് നേരത്ത് വിളിക്കാം, തയ്യാറായി നിന്നാൽ മതി” അയാൾ പറഞ്ഞു.
“വളരെയധികം നന്ദി, ഉപചാരമായി പറയുന്നതല്ല, നിങ്ങളുടെ ഒപ്പമുള്ള യാത്ര അതീവ ഹൃദ്യമായിരുന്നു”. ഗായത്രി പറഞ്ഞു.
രണ്ട് വാരാന്ത്യദിവസങ്ങൾ ബഹ്റിനിൽ തന്നെ തുടർന്നു. തിരിച്ചുപോരുമ്പോൾ ഗായത്രിയെ വിളിച്ചു.
“ഓരോ യാത്രയിലും നാം എന്തൊക്കെയോ തേടുന്നുണ്ട് അല്ലെ? മനുഷ്യന് ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ അവന് ഇഷ്ടമുള്ളിടത്തേക്ക് പറന്നുപോകാമായിരുന്നു”, കടൽ കാക്കകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗായത്രി തുടർന്നു, “അവർ ഒരേ രാജ്യത്താകുമോ എന്നും കൂടണയുക, അവർ പറന്നു പോകുന്നിടത്തൊക്കെ അവർക്ക് കൂടുകൾ കാണുമോ? “
“നമ്മൾ മനുഷ്യരല്ലേ ഗായത്രി, നമുക്ക് നിയന്ത്രണങ്ങൾ ഉണ്ട്. നിയന്ത്രണങ്ങൾക്കിടയിലൂടെ ഒരു ജീവിതം കണ്ടെത്തുക മാത്രമേ നമുക്ക് കഴിയൂ”. അയാൾ പറഞ്ഞു.
ഗായത്രി ജോലിയെടുക്കുന്ന ആശുപത്രിയുടെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ പറഞ്ഞു, “ഇതുവഴിയെയുള്ള യാത്രകൾ പോകുമ്പോൾ പറയണം, പറ്റിയാൽ കൂടെ വരാമല്ലോ, എൻറെ വീർപ്പുമുട്ടലുകളിൽ നിന്ന് ഒരു പുതിയ ദീർഘശ്വാസം എടുക്കാനുള്ള കൊതിയാണെന്ന് കരുതിയാൽ മതി”
“തീർച്ചയായും” അയാൾ പറഞ്ഞു.
“റിയാദിൽ എത്തുമ്പോൾ സന്ദേശം അയക്കണം. സൂക്ഷിച്ചു പോകണം, മഴയുണ്ട്, അധികം സാഹസങ്ങൾ വേണ്ട.
പിന്നെ ഒരു കാര്യം കൂടി, എത്തിയാൽ ഉടനെത്തന്നെ എന്നെ കുറിച്ച് എഴുതിയേക്കണം”
ഗായത്രി പൊട്ടിച്ചിരിച്ചു. ആ ചിരി അയാളുടെ ചുറ്റും നിറഞ്ഞു നിന്നു.
@കാവല്ലൂർ മുരളീധരൻ

