ഹരിയേട്ടാ. ഇന്ന് നമ്മുടെ മോളുടെ ജന്മദിനമാണ്. ഹരിയേട്ടൻ മറന്നു അല്ലേ, ഈ ഹരിയേട്ടന്റെ ഒരു കാര്യം. എല്ലാം ഞാൻ ഓർമിപ്പിക്കണം..
അതും പറഞ്ഞു നിർമല പൊട്ടിചിരിച്ചു..
ഹരിദാസ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.
കുറേ ദിവസങ്ങൾക്ക് ശേഷമാണ്, നിർമലയെ സ്വപ്നത്തിൽ കാണുന്നത്. ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു മനസ്സ് നിറയെ. അതായിരിക്കും അവൾ സ്വപ്നത്തിൽ വന്നത്..
മകളുടെ ജന്മദിനം എന്നാണെന്നു ഒക്കെ മറന്നിരിക്കുന്നു.. ഏപ്രിൽ മാസം ആണെന്ന് മാത്രം ഓർമ്മയുണ്ട്.. തീയതി ഏതാണെന്നൊന്നും ഓർമ്മയില്ല.
നിർമല കൂടെ ഉള്ളപ്പോൾ മകളുടെ ജന്മദിനം ആഘോഷിച്ചിട്ടുണ്ട്..
ആകെ രണ്ട് ജന്മദിനം ആഘോഷിക്കാനെ അവൾ ഉണ്ടായിട്ടുള്ളൂ.
എന്റെ രണ്ടാമത്തെ കുഞ്ഞിനെ, പ്രസവിക്കുമ്പോളായിരുന്നു നിർമലയുടെ മരണം. ഒപ്പം, കുഞ്ഞും മരിച്ചു.. എന്നെയും മൂന്ന് വയസ്സ് പ്രായം മാത്രം ഉള്ള ആതിരയെയും തനിച്ചാക്കി അവള് പോയി.
നിങ്ങൾ മറന്നോ ഹരിയേട്ടാ. ഇന്ന് നമ്മുടെ ആതിരമോളുടെ ജന്മദിനമല്ലേ.
അവളുടെ ആ ചോദ്യം നീറ്റലായി നെഞ്ചിൽ, പടർന്നു. രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നൽകാൻ നോവനുഭവിച്ചപ്പോൾ, നിർമലയോടൊപ്പം ആ കുഞ്ഞും ഇല്ലാതായതാണ്. പക്ഷേ തന്റെ ആദ്യത്തെ കണ്മണി. തന്റെ ആതിര മോള്, എപ്പോഴാണ് ജനിച്ചത്? ഞാൻ ആദ്യമായി ഒരു അച്ഛന്റെ പദവിയിലേക്ക് ഉയർന്ന ആ ധന്യനിമിഷം എന്നായിരുന്നു? ഓർത്തെടുക്കാൻ ശ്രമിക്കുന്തോറും, ഓർമകളുടെ താളുകൾ കാറ്റിൽ പറക്കുന്നതുപോലെ ചിതറി പോകുന്നു. കാലം മനസ്സിൽ ബാക്കി വെച്ചത് അവ്യക്തമായ ചില നിഴൽ ചിത്രങ്ങൾ മാത്രമാണ്. മകളുടെ ആ കുഞ്ഞു വിരലുകൾ ആദ്യമായി തന്റെ കൈകളിൽ കോർത്തു പിടിച്ച ആ പുണ്യദിനം. എന്റെ ഓർമ്മകളിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു.
എന്താടാ, ആലോചിക്കുന്നത്. ഉറക്കം ഇല്ലേ. അടുത്ത കട്ടിലിൽ കിടക്കുന്ന അബ്ബാസ് ചോദിച്ചു..
ഒന്നുമില്ലെടാ ഭാര്യയെ സ്വപ്നം കണ്ടു.. സ്വപ്നത്തിൽ വന്നു, അവള് പറയുകയാ. ഇന്ന് മോളുടെ ജന്മദിനം ആണെന്ന്.
അത് നീ ഭാര്യയെയും, മോളെയും ഓർത്തു കിടന്നിട്ടാ.. കഴിഞ്ഞത് ഒന്നും ഓർക്കേണ്ട ഹരീ.. ഇവിടെ എല്ലാം മറന്നു നമുക്ക് സന്തോഷത്തിൽ ജീവിക്കാം അതാ നല്ലത്.
അബ്ബാസ് ഹരിയെ ഓർമിപ്പിച്ചെങ്കിലും, ഹരി മകളെയും ഭാര്യയെയും കുറിച്ചുള്ള ചിന്തകളിൽ മുഴുകി.
ഖത്തറിലെ പ്രവാസ ജീവിതത്തിനിടയിൽ പെങ്ങന്മാരെ ഒക്കെ കെട്ടിച്ചു വിട്ട്, ഞാൻ ഒരു കല്യാണം കഴിക്കുമ്പോൾ എനിക്ക്, 35, വയസ്സായിരുന്നു.
അനിയനെ കൂടി ഖത്തറിലേക്ക് കൂട്ടണം എന്നുണ്ടെങ്കിലും അവന് നാട് വിട്ട് പോകാൻ ഇഷ്ടമില്ലായിരുന്നു. അത് കൊണ്ട് അവന് ജനിച്ച നാട്ടിൽ തന്നെ ജീവിക്കാൻ ഭാഗ്യം കിട്ടി. എന്റെയൊക്കെ ജീവിതം മുക്കാൽ ഭാഗവും തീർന്നത് ഗൾഫിൽ അല്ലേ..
ഞാൻ ജനിച്ചു വളർന്ന അച്ഛന്റെ തറവാട്ടിൽ എന്റെ ഭാര്യയായി നിർമല കടന്നു വന്നു. സ്നേഹ സമ്പന്നയായ ഭാര്യ. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് ഒരു മകൾ പിറക്കുന്നത്. എന്റെ ആതിര മോള്. ഞാൻ ആദ്യമായി അച്ഛനായ ദിവസം. അവസാനമായി അച്ഛൻ ആയതും അത് തന്നെ. നിർമലയുടെ, രണ്ടാമത്തെ പ്രസവത്തിൽ, എനിക്ക് എന്റെ പ്രിയപ്പെട്ടവളെ നഷ്ട്ടപ്പെട്ടില്ലേ.
നിർമലയുടെ മരണവാർത്ത ഖത്തറിൽ നിന്നാണ് ഞാൻ അറിയുന്നത്. ഭാര്യ പ്രസവിച്ചു എന്ന സന്തോഷ വാർത്ത കേൾക്കാൻ കാത്തിരുന്ന എന്നെ തേടിയെത്തിയത്, പ്രസവത്തിൽ അവളും കുഞ്ഞും പോയി എന്ന വാർത്തയായിരുന്നു..
എത്രയും പെട്ടെന്ന് തന്നെ, ഞാൻ നാട്ടിൽ എത്തി, നിർമലയുടെ മൃതദേഹത്തിന് മുമ്പിൽ ഞാൻ പൊട്ടി കരഞ്ഞു.. അമ്മ ഉറങ്ങുകയാണ് എന്നാണ് എന്റെ ആതിര മോള്, കരുതിയത്.. എങ്കിലും ഞാൻ കരയുന്ന കണ്ടപ്പോൾ കാര്യമറിയാതെ ആതിരയും കരഞ്ഞു.. ആരൊക്കെയോ ചേർന്നു എന്നെ, പിടിച്ചു മാറ്റി.. എന്റെ, വീട്ടു വളപ്പിൽ തന്നെ നിർമലയുടെ ശരീരം ചിതയായ് കത്തിയെരിഞ്ഞു..
അന്ന് രാത്രി, എനിക്ക്, ഉറക്കം വന്നില്ല.. ആദ്യമായിട്ടാണ് ഗൾഫിൽ നിന്നും നാട്ടിൽ വന്നിട്ട് നിർമല കൂടെ ഇല്ലാതെ, ആ മുറിയിൽ കിടക്കുന്നത്.. അമ്മ ഇനി തിരിച്ചു വരില്ല, എന്ന സത്യം തിരിച്ചറിയാതെ ഉറങ്ങുന്ന മകളെ ഞാൻ സഹതാപത്തോടെ നോക്കി.. പാവം എന്റെ മോൾ.. ഇനി അവൾക്ക് അച്ഛനായും, അമ്മയായും ഈ ഞാനേ ഉള്ളൂ.. ഇടയ്ക്ക് ഉറക്കം തെളിഞ്ഞ ആതിര മോൾ, അമ്മേ എന്ന് വിളിച്ചു കരയാൻ തുടങ്ങി.. അമ്മ വരും എന്ന് പറഞ്ഞു ഞാൻ, മോളേ സമാധാനിപ്പിച്ചു.. എത്ര നാൾ മോളോട് അമ്മ തിരിച്ചു വരും എന്ന് കള്ളം പറയും..
അന്ന് പകലും അമ്മയെ കാണാതിരുന്നപ്പോൾ, ആതിര മോൾ കരയാൻ തുടങ്ങി.. മോളേ, മോളുടെ അമ്മ സ്വർഗത്തിൽ പോയതാ.. മോള്ക്ക് അച്ഛമ്മ ഇല്ലേ.. എന്റെ, അമ്മ ആതിരയെ എടുത്തു ചുമലിൽ കിടത്തി കൊണ്ട് പറഞ്ഞു.. ആതിര മോള് ആ ചുമലിൽ കിടന്നു ഉറങ്ങി പോയി..
ദിവസങ്ങൾ ആഴ്ചകളായും, മാസങ്ങൾ ആയും കടന്നു പോയി.. ഞാൻ, വീണ്ടും ഖത്തറിലേക്ക് തിരിച്ചു പോയി.. മനസ്സിന് പഴയ ഉന്മേഷം ഒന്നും ഇല്ല.. ജോലിയൊന്നും പഴയ പോലെ ശ്രദ്ധിച്ചു ചെയ്യാൻ കഴിയുന്നില്ല.. ആസ്വദിച്ചു കഴിച്ച ഭക്ഷണം ഒന്നും ഇപ്പോൾ ഒരു രുചി ഇല്ലാത്ത പോലെ.. അടുത്തില്ലെങ്കിലും, അകലെ എന്നെ കാത്തിരിക്കാൻ നിർമല ഉണ്ട്, എന്നത് മനസ്സിന് എത്ര മാത്രം കുളിരുള്ള ഓർമ്മകൾ ആയിരുന്നു, എന്ന് അപ്പോൾ ആണ് മനസ്സിലായത്. എങ്കിലും ഞാൻ തളരരുത് എന്ന് ഞാൻ, തന്റെ മനസ്സിനെ സ്വയം ഉപദേശിച്ചു.. എന്റെ മോൾക്ക് വേണ്ടി ജീവിക്കണം.. ഞാൻ, ജോലിയിൽ കൂടുതൽ ശ്രദ്ധിച്ചു കൊണ്ട്, ഓർമ്മകളിൽ നിന്നും പരമാവധി രക്ഷപെടാൻ ശ്രമിച്ചു..
ഒന്നര വർഷത്തിന് ശേഷം വീണ്ടും, ഞാൻ നാട്ടിൽ എത്തി..
നാട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ, അമ്മ എന്നോട് ചോദിച്ചു.. മോനേ പോയവര് ഇനി തിരിച്ചു വരില്ലല്ലോ, എന്റെ മോന്, ഒരു കൂട്ട് വേണ്ടേ.. ആതിര മോൾക്ക് ഒരമ്മ വേണ്ടേ..
വേണ്ട അമ്മേ, നിർമ്മലക്ക് പകരം എനിക്കാരും വേണ്ടാ.. അവളുടെ ഓർമ്മകൾ മതി എനിക്ക്, ഇനിയുള്ള എന്റെ ജീവിതം ആതിര മോൾക്ക് വേണ്ടിയാണ്..
ഞാൻ പറഞ്ഞപ്പോൾ അമ്മ പിന്നെ എന്നെ നിർബന്ധിച്ചില്ല..
അന്നൊരു ഞായറാഴ്ച, ദിവസം, അമ്പലത്തിൽ പ്രാർത്ഥിക്കാൻ മകളോടൊപ്പം പോയപ്പോൾ ആണ് ഞാൻ അവളെ കാണുന്നത്.. സ്കൂളിൽ പഠിക്കുന്ന കാലത്തുള്ള തന്റെ പ്രണയിനി ശൈലജയെ.. അവളുടെ കൂടെ ഒരു പയ്യനും ഉണ്ട്.. എന്നെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു, എന്താ ഹരീ, എന്നെ ഓർമ്മയുണ്ടോ??
ഓർമ്മയുണ്ടോ എന്നോ, ആദ്യാനുരാഗം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ..
എന്റെ മറുപടി കേട്ട് ശൈലജ ചിരിച്ചു..
ഇത് മകളാണോ? വൈഫ് എവിടെ? ശൈലജ ആകാംക്ഷയിൽ ചോദിച്ചു..
അതേ മകളാണ്, വൈഫ് ഇല്ല.. എന്നെയും, മോളെയും തനിച്ചാക്കി അവൾ പോയി.. രണ്ടാമത്തെ, പ്രസവത്തിൽ അവളും കുഞ്ഞും മരിച്ചു.. എന്റെ ശബ്ദം ഇടറിയിരുന്നു..
ഓഹ്, സോറി.. ഞാനും ഹരിയെ പോലെ തുല്യ ദുഃഖിതയാണ്.. എന്റെ കൃഷ്ണേട്ടൻ, എനിക്കൊരു മകനേ തന്നു ഈ ലോകം വിട്ട് പോയി.. ആക്സിഡന്റ് ആയിരുന്നു.. ഖത്തറിൽ നിന്നു നാട്ടിലേക്ക് വരുമ്പോൾ, എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.. ഒന്നര വർഷത്തെ കാത്തിരിപ്പ് ഒടുവിൽ കിട്ടിയത് അദ്ദേഹത്തിന്റെ മൃതദേഹം.. ശൈലജയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഞാനും ശൈലജയും ഏറെ നേരം സംസാരിച്ചു.. ഒടുവിൽ പിരിയുമ്പോൾ ഞാൻ, ശൈലജയുടെ ഫോൺ നമ്പർ വാങ്ങി..
പിന്നീട് ഫോൺ വിളികൾ ആയി..
സ്കൂളിൽ, പഠിക്കുന്ന കാലത്തെ തമാശകൾ, പ്രണയിച്ചു നടന്നിരുന്ന നാളുകൾ, രണ്ട് പേരിലും വീണ്ടും ആ പഴയ പ്രണയം പൂത്തു വിടരാൻ തുടങ്ങി.. നിർമ്മലക്ക് ശേഷം ഇനി ജീവിതത്തിൽ ഒരു പെണ്ണ് വേണ്ടാ, എന്ന എന്റെ തീരുമാനം മാറി കൊണ്ടിരുന്നു.. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല, എന്ന് പറയുന്നത് എത്ര ശരിയാണ്.. നിർമലയുടെ വേർപാടിന്റെ ദുഃഖം ഏറെ കുറേ ഞാൻ മറന്നു കഴിഞ്ഞിരുന്നു. ഭർത്താവ് കൃഷ്ണന്റെ വേർപാട് ശൈലജയും മറന്നു തുടങ്ങി.. ഒടുവിൽ ഞാൻ തന്നെയാണ് പറഞ്ഞത്.. നമുക്ക് ഒന്നിച്ചു ജീവിച്ചു കൂടെ, എന്ന്.. ആ ചോദ്യം കേൾക്കാൻ കാത്തു നിന്നത് പോലെ ശൈലജ സമ്മതം മൂളി.. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.. വലിയ ആഘോഷം ഒന്നും ഇല്ലാതെ, ഞാൻ ശൈലജയുടെ കഴുത്തിൽ താലി കെട്ടി.
എന്റെയും, ശൈലജയുടെയും വിവാഹം കഴിഞ്ഞ ആദ്യ രാത്രി.. എന്റെ അമ്മ, ആതിര മോളെ എടുത്തു സ്വന്തം റൂമിലേക്ക് കൊണ്ട് പോയി.. ഇന്ന് മോള് അച്ഛമ്മയുടെ കൂടെയാണ് ഉറങ്ങുന്നത്.. അല്ല, എനിക്ക് അച്ഛന്റെ കൂടെ ഉറങ്ങണം.. ആതിര വാശി പിടിച്ചു കരഞ്ഞു..
മോളുടെ കരച്ചിൽ കേട്ട് ഞാൻ അമ്മയുടെ മുറിയിൽ എത്തി.. വേണ്ടമ്മേ.. മോള് ഞങ്ങളുടെ കൂടെ കിടന്നോട്ടെ.. ഞാൻ മോളെയും തോളിലിട്ട് ശൈലജയോടൊപ്പം കിടക്കുന്ന മണിയറയിൽ എത്തി.. ഞാൻ നാട്ടിൽ ഉള്ളപ്പോൾ എന്റെ മോള് എന്റെ കൂടെയാണ് ഉറങ്ങാറുള്ളത്.. പെട്ടെന്ന് മാറ്റി കിടത്തുമ്പോൾ മോൾക്ക് വിഷമം ആകും.. കുറച്ചു ദിവസം കഴിഞ്ഞു മാറ്റി കിടത്താം.. ഞാൻ, ശൈലജയോട് പറഞ്ഞു.. അതിനെന്താ ഹരിയേട്ടാ, മോളിവിടെ തന്നെ എല്ലാ ദിവസവും കിടന്നോട്ടെ.. എന്റെ മോനെ അപ്പുറത്തെ മുറിയിൽ കിടത്തി.. അവൻ കുറച്ചു വലിയ കുട്ടിയല്ലേ.. എന്നാലും പാതി രാത്രിയെങ്ങാനും ഉറക്കം തെളിഞ്ഞാൽ അവൻ അമ്മേ, എന്ന് വിളിച്ചു കരയും..
ഞാനും ശൈലജയും പിന്നെയും ഒരു പാട് സംസാരിച്ചു.. സ്കൂളിൽ പഠിക്കുന്ന കാലത്തെ ഓരോ തമാശകൾ, പ്രണയിച്ചിരുന്ന കാലത്ത് വഴി വക്കിൽ ഒരു നോക്ക്, കാണാൻ കാത്തിരുന്നത്.. പരസ്പരം കൈ മാറിയ പ്രണയ ലേഖനങ്ങൾ, ഒരു നഷ്ട്ട പ്രണയമായി മനസ്സിൽ ഉണ്ടായിരുന്നു, എല്ലാം എന്ന് ഞാൻ, പറഞ്ഞപ്പോൾ, ശൈലജ ഹരിയെ കെട്ടി പുണർന്നു.. ദൈവം ഇങ്ങനെ വീണ്ടും ചേർത്ത് കെട്ടും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. ശൈലജ വളരെ സന്തോഷത്തോടെ പറഞ്ഞു.
ശൈലജയുമായുള്ള വിവാഹം കഴിഞ്ഞു മൂന്ന് മാസത്തെ ദാമ്പത്യ ജീവിതം കഴിഞ്ഞു ഞാൻ, വീണ്ടും ഖത്തറിലേക്ക് തിരിച്ചു.. അങ്ങനെ പല തവണ വരവും പോക്കും ആയി, വർഷങ്ങൾ കടന്നു പോയി.. ആതിര വലുതായി. അവളപ്പോൾ പ്ലസ് ടു വിന് പഠിക്കുന്നു. ശൈലജക്ക് ആദ്യ ഭർത്താവിൽ ഉണ്ടായ മകൻ, ഗിരീഷ് ആതിരയേക്കാൾ, 4 വയസ്സിനു മൂത്തവനാണ്.. പഠിക്കാൻ അത്ര താല്പര്യം ഇല്ലാത്ത ഗിരീഷ് പത്താം ക്ലാസ്സ് തോറ്റതോടെ പഠനം, നിറുത്തി. ചൊക്ലിയിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു.
എനിക്ക് ശൈലജയിൽ മക്കൾ ഒന്നും ഉണ്ടായില്ല.. ആതിര ഒരിക്കലും ശൈലജയെ അമ്മേ എന്ന് വിളിച്ചിരുന്നില്ല.. പലപ്പോഴും ആതിരയും ശൈലജയും തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായി.. ഞാൻ, പലപ്പോഴും ശൈലജയുടെ പക്ഷം ചേരുന്നത് കൊണ്ട് ആതിര ഞാനുമായി അകന്നു.. അച്ഛന് പഴയ സ്നേഹം ഒന്നും ഇപ്പോൾ ഇല്ല.. എന്റെ അമ്മയെ ഒക്കെ അച്ഛൻ മറന്നു.. ഇപ്പോൾ രണ്ടാം ഭാര്യ ശൈലജയാണ് അച്ഛന് എല്ലാം.. സ്വന്തം രക്തത്തിൽ പിറന്ന തന്നെക്കാൾ അച്ഛന് ഇപ്പോൾ പ്രിയം, രണ്ടാനമ്മയുടെ മകൻ ഗിരീഷിനോട് ആണ്.. ഒരു സഹോദരിയെ പോലെ കാണേണ്ടവൻ, എന്നെ വെറുപ്പോടെയാണ് കാണുന്നത്.. എനിക്ക് കിട്ടേണ്ട എന്റെ അച്ഛന്റെ സ്നേഹമാണ് അവർ പങ്കിട്ടു എടുക്കുന്നത്.. അച്ഛൻ പ്രവാസത്തിലേക്ക് പോയാൽ, പിന്നെ ഞാൻ വീട്ടിൽ ഒറ്റപ്പെട്ടത് പോലെയാണ്.. എന്റെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ എനിക്കീ ഗതി വരുമായിരുന്നോ? ഇങ്ങനെ കുറേ പരാതികൾ എന്റെ മോള് എന്നോട് പറഞ്ഞു. അതൊന്നും ഞാൻ കേട്ടില്ല..
കോളേജിൽ പഠിക്കുന്ന കാലത്താണ് ആതിര ചൊക്ലിയിലെ ഓട്ടോ ഡ്രൈവർ സന്തോഷുമായി പ്രണയത്തിൽ ആകുന്നത്.. എന്റെ അവഗണനയും വീട്ടിലെ അരക്ഷിതാവസ്ഥയും കാരണം ആതിര സന്തോഷിന്റെ കൂടെ ഒളിച്ചോടി പോയി.
എന്റെ ആതിര മോള് അങ്ങനെ പോകാൻ കാരണം ഞാൻ തന്നെയായിരുന്നു.. ശൈലജയുടെ തലയണമന്ത്രത്തിൽ വീണു പോയ ഞാൻ എന്നേ എന്റെ മകളിൽ നിന്നകന്നിരുന്നു. അതിനിടയിൽ പുറത്തു നിന്ന് കിട്ടിയ സന്തോഷിന്റെ സ്നേഹം എന്റെ മോൾക്ക് നിരസിക്കാൻ പറ്റിയില്ല.
എനിക്ക് പുല്ലു വില കൽപ്പിച്ചു ഇറങ്ങി പോയ മോളോട് എനിക്ക് ദേഷ്യം കൂടി.. ആ ദേഷ്യം ഞാൻ തീർത്തത്, ഞാൻ പ്രവാസത്തിൽ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്, ഭാര്യ ശൈലജക്ക് കൈമാറ്റം ചെയ്ത് കൊണ്ടായിരുന്നു. ഞാൻ മരിച്ചാലും ആതിര മോള് അവകാശം ചോദിച്ചു വരരരുത്, എന്ന എന്റെ പക നിറഞ്ഞ ചിന്ത. എന്റെ തന്നെ ശവക്കുഴി തോണ്ടാനുള്ളതായിരുന്നുആ തീരുമാനം. ഞാൻ നാട്ടിൽ വന്നു വീടും സ്ഥലവും എല്ലാം ഭാര്യയുടെ പേരിലാക്കി കൊടുത്തു. എന്റെ നിർമല എന്നെ ഏൽപ്പിച്ചു പോയ മോള് എന്റെ ശത്രുവായി. കുട്ടികാലത്തു ഞാൻ എത്ര സ്നേഹിച്ചതായിരുന്നു എന്റെ മോളെ. ഒരാളെ എന്റെ സമ്മതം ഇല്ലാതെ സ്നേഹിച്ചു കല്യാണം കഴിച്ചു എന്ന ഒറ്റകാരണത്താൽ എന്റെ മോള് എനിക്ക് ശത്രുവായി.
ഞാൻ വീണ്ടും ഖത്തറിൽ പോയി രണ്ട് വർഷത്തിന് ശേഷം തിരിച്ചു വന്നു.. ഇത്തവണ ജോലി നഷ്ട്ടപെട്ടു വിസ ക്യാൻസൽ ആയാണ് എന്റെ നാട്ടിലേക്കുള്ള വരവ്.. ജോലി നഷ്ടപ്പെട്ടാണ് വന്നത് എന്നറിഞ്ഞപ്പോൾ ശൈലജയുടെയും മകൻ ഗിരീഷിന്റെയും മുഖം മാറി.. ദിവസങ്ങൾ കടന്നു പോകവേ ആ മാറ്റം എനിക്ക് മനസ്സിലായി തുടങ്ങി.. അച്ഛൻ എന്തെങ്കിലും ജോലിക്ക് പോകണം.. എന്റെ ചിലവിൽ ജീവിക്കാൻ പറ്റില്ല.. ഗിരീഷ് ഒരു ദിവസം എന്നോട്, പറഞ്ഞു..
ബാങ്ക് ബാലൻസ് ആയി കാര്യമായി ഒന്നും ഇല്ല.. ഇത് വരെ സമ്പാദിച്ചു ഉണ്ടാക്കിയ വീട് ഇപ്പോൾ ഭാര്യയുടെ പേരിൽ ആണ്.. മകളോടുള്ള ദേഷ്യത്തിന് ചെയ്ത് കൂട്ടിയ വിഡ്ഢിത്തം.. അച്ഛന്റെ തറവാട് അനിയന് വിട്ടു കൊടുത്തു.. ഇനി ശൈലജയോ, ഗിരീഷോ വീട്ടിൽ നിന്നു ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങേണ്ടി വരും.. ഗിരീഷിന്റെ പെരുമാറ്റം വളരെ മോശം ആയി കൊണ്ടിരുന്നു.. സ്വന്തം മകളെക്കാൾ, വളർത്തു മകനേ സ്നേഹിച്ചതിനു ദൈവം തന്ന ശിക്ഷ..
ഒരു ദിവസം എന്തോ വാക്ക് തർക്കം ഉണ്ടായപ്പോൾ ഗിരീഷ് എന്നെ വീട്ടിൽ നിന്നും പുറത്തേക്ക് തള്ളിയിറക്കി.. മോനേ അങ്ങനെ ഒന്നും ചെയ്യല്ലേ, എന്ന് ശൈലജ വിലക്കുന്നുണ്ടെങ്കിലും ഗിരീഷ് അതൊന്നും കേട്ടില്ല.. പിടി വലികൾക്കിടയിൽ കീറി പറിഞ്ഞ ഷർട്ടുമായി ഞാൻ, നിറഞ്ഞ കണ്ണുകളോടെ വീട്ടിൽ നിന്നിറങ്ങി. പുറത്ത് പെയ്യുന്ന ചാറ്റൽ മഴയിൽ ഒരു ഭ്രാന്തനെ പോലെ ഞാൻ, നടന്നു.. കണ്ണിൽ നിന്നും ഒഴുകിയ കണ്ണീരും, മഴ വെള്ളവും തമ്മിൽ ലയിച്ചു, എന്റെ, കവിളിലൂടെ ഒഴുകി താഴേക്കു വീണു കൊണ്ടിരുന്നു.. ഹരീ എന്താ മഴയത്ത് ഒരു കുട പോലും ഇല്ലാതെ ഇങ്ങനെ പോകണേ.. പരിചയമുള്ള ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ട്.. ഞാൻ, ഒന്നിനും ഉത്തരം നൽകിയില്ല.
ഈശ്വരാ, എന്റെ നല്ല പ്രായം മുഴുവൻ കഷ്ടപ്പെട്ട് പണിയെടുത്തു ഉണ്ടാക്കിയ വീട്.. ആ വീട്ടിൽ നിന്നു ഇങ്ങനെ ഒരു ദിവസം ഇറങ്ങേണ്ടി വരും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. ശൈലജയോടുള്ള എന്റെ അതിര് കവിഞ്ഞ സ്നേഹവും, എന്റെ മോളോടുള്ള കടുത്ത വൈരാഗ്യവും കൊണ്ട് വീട് ഭാര്യയുടെ പേരിൽ എഴുതി കൊടുക്കുമ്പോൾ ഓർത്തില്ല, ഞാൻ ഇങ്ങനെ പെരുവഴിയിൽ ആകുമെന്ന്.. ഗിരീഷ് എന്നെ ഇറക്കി വിടുമ്പോൾ അവൾ തടയേണ്ടതല്ലേ.. അവനാണല്ലോ ഇപ്പോൾ വീട്ടു ചെലവുകൾ നോക്കുന്നത്.. അതായിരിക്കും അവൾ തടയാതിരുന്നത്..
ഞാൻ നേരെ പോയത് അച്ഛന്റെ തറവാട്ടിലേക്കായിരുന്നു.. അതിപ്പോൾ അനിയന്റെ പേരിലാണ് ഉള്ളത്. എനിക്ക് ആ വീട്ടിൽ ഒരു അവകാശവും ഇല്ല. പോകാൻ ഒരിടം ഇല്ലാത്തത് കൊണ്ട് അങ്ങോട്ടേക്ക് തന്നെ പോയി..
പണവും പ്രതാപവും ഒക്കെ ഉണ്ടെങ്കിലേ രക്തബന്ധം ഒക്കെ ഉള്ളൂ, എന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നെ. അച്ഛന്റെ തറവാട് ആണെങ്കിലും, ഓടിട്ട വീട് വാർപ്പ് ചെയ്തതും, അങ്ങനെ പല പണികളും ആ വീടിനു വേണ്ടി ഞാൻ പണം മുടക്കി ചെയ്തിട്ടുണ്ട്. ഒരു അവകാശവും വാങ്ങാതെ ഞാൻ അനിയന് വിട്ട് കൊടുത്തതാണ് ആ വീട്.
ഞാൻ ആ വീട്ടിൽ താമസിക്കുന്നത് അനിയന് ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലായപ്പോൾ ഞാനാ വീട്ടിൽ നിന്നിറങ്ങി. വൃദ്ധസദനത്തിൽ എത്തി. വൃദ്ധസദനത്തിൽ താമസിക്കാനുള്ള പ്രായം അറുപത് വയസ്സ് എനിക്ക് തികഞ്ഞിരുന്നു.. ഇന്നിപ്പോൾ ഒരു വർഷമാകുന്നു ഞാൻ ഈ വൃദ്ധസദനത്തിലെ അംഗമായിട്ട്.
ഭൂതകാലങ്ങളിലേക്ക് ഓർമയിലൂടെ സഞ്ചരിച്ച ഹരിദാസ് അറിയാതെ നടന്നു ജനാലയ്ക്ക് അടുത്ത് എത്തിയിരുന്നു.
ജനാലയ്ക്കപ്പുറം പെയ്തുതോരാത്ത ഏകാന്തതയിലേക്ക് നോക്കി ഹരിദാസ് ഇരുന്നു. ഹൃദയത്തിന്റെ ഏതൊക്കെയോ കോണുകളിൽ നിന്നും പഴയൊരു മണമുള്ള കാറ്റ് വീശിയടിക്കുന്നുണ്ട്.
നിർമലയുടെ മണം. തുളസിക്കതിരിന്റെയും, പച്ചമഞ്ഞളിന്റെയും വിശുദ്ധിയുള്ള ഗന്ധം.
***************************
രണ്ട് ദിവസങ്ങൾക്ക് ശേഷം.
വൃദ്ധസദനത്തിലെ ഉമ്മറത്തെ മരബെഞ്ചിൽ, ശൂന്യതയിലേക്ക് കണ്ണും നട്ടിരുന്ന ഹരിദാസിനെ ഉണർത്തി കൊണ്ട് മുറ്റത്തൊരു ഓട്ടോ വന്നു നിന്നു. എഞ്ചിൽ നിലച്ചപ്പോൾ ഉണ്ടായ നിശബ്ദതയെ ഭേദിച്ചു കൊണ്ട്, ഒരു കാൽപെരുമാറ്റം പടവുകൾ കയറിവന്നു.
മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ടപ്പോൾ ഹരിദാസിന്റെ കാഴ്ചകൾ മങ്ങി. താൻ ആട്ടിപായിച്ച, താൻ ശപിച്ച സ്വന്തം മകൾ. കൂടെ മരുമകൻ സന്തോഷും.
അച്ഛാ എന്നവിളി ഹരിദാസിന്റെ കാതുകളിലല്ല, ആത്മാവിലായിരുന്നു വന്നു തറച്ചത്. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. കണ്ണുനീർ കവിളിലൂടെ ചാലുകീറി. ആതിരയുടെ കൈകൾ അച്ഛന്റെ വിറയ്‌ക്കുന്ന കരങ്ങളെ ചേർത്ത്പിടിച്ചു.
അച്ഛാ ഞങ്ങൾ അറിഞ്ഞിരുന്നില്ല, അച്ഛൻ വൃദ്ധസദനത്തിലാ ഉള്ളതെന്ന്.. ഒരാഴ്ച്ച മുമ്പ് ഇളയച്ഛനെ കണ്ടിരുന്നു.. അവരാ പറഞ്ഞത് അച്ഛൻ ഇവിടെയാ ഉള്ളതെന്ന്. ഞങ്ങൾ അച്ഛനെ കൂട്ടികൊണ്ട് പോകാനാ വന്നത്. ആതിര അച്ഛനെ വീട്ടിലേക്ക് ക്ഷണിച്ചു.
വേണ്ട മോളേ, അച്ഛന് ഇവിടെ സുഖമാണ്. വന്നതിലും കണ്ടതിലും ഏറെ സന്തോഷം.
അച്ഛനെ ഇവിടെ ഇട്ട് ഞങ്ങൾ പോകില്ല. അച്ഛന്റെ മോളാ വിളിക്കുന്നത്. അച്ഛൻ വന്നേ പറ്റൂ. ആതിര നിർബന്ധിച്ചു. അച്ഛൻ വരൂ. അച്ഛനെ നോക്കാൻ ഞങ്ങൾ കൂടെ ഉണ്ടാകും. മകളോടൊപ്പം മരുമകനും വാത്സല്യത്തോടെ ചേർത്ത് പിടിച്ചു പറഞ്ഞപ്പോൾ ഹരിദാസിന് എതിര് പറയാൻ കഴിഞ്ഞില്ല.
ഹരിദാസ് അവരോടൊപ്പം പോകാൻ ഒരുങ്ങി.
വൃദ്ധസദനത്തിലെ പ്രിയകൂട്ടുകാരൻ അബ്ബാസിനോടും മറ്റുള്ളവരോടും യാത്ര ചോദിച്ചു ഹരിദാസ് അവിടുന്ന് ഇറങ്ങി.
മനസ്സിലെ കരിനിഴലുകൾ നീങ്ങി പ്രകാശം പരന്ന നിമിഷം.
ഉപേക്ഷിച്ചവരെയോ, നഷ്ടപ്പെട്ട വീടിനെയോ പിന്നെ ഹരിദാസ് ഓർത്തതേയില്ല. മകളുടെ തോളിൽ കൈ വെച്ചു ഓട്ടോറിക്ഷയിലേക്ക് ഹരിദാസ് കയറി.
ആർക്ക് വേണ്ടിയാണ് ഞാൻ എന്റെ മോളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയത്.. അവരൊക്കെയും എന്നെ അവസാനം ചവിട്ടി പുറത്താക്കി. ഇപ്പോൾ എന്നെ കൂട്ടികൊണ്ട് പോകാൻ എന്റെ മോളും മരുമോനും മാത്രമേ ഉള്ളൂ. ഹരിദാസ് മനസ്സിൽ ഓർത്തു.
അച്ഛാ ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇന്ന് എന്റെ ജന്മദിനം ആണ്.
എനിക്ക് പത്ത് പന്ത്രണ്ട് വയസ്സ് ആകുന്നത് വരെ അച്ഛൻ എന്റെ ജന്മദിനത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചിരുന്നു.. പിന്നീട് എപ്പോഴോ അച്ഛൻ എന്നിൽ നിന്നകന്നു പോയി. ഇനി എനിക്ക് മാത്രമായി അച്ഛനെ കിട്ടുമല്ലോ.
ശൈലജ ആന്റിയും ഗിരീഷും ഒന്നും നമ്മുടെ ജീവിതത്തിൽ ഇല്ലല്ലോ.
കുട്ടികാലത്ത് അച്ഛനിൽ നിന്ന് കിട്ടിയ ആ സ്നേഹം ഇനിയും എനിക്ക് കിട്ടുമല്ലോ
ആതിര ആശ്വാസത്തോടെ പറഞ്ഞു..
ആതിര പറഞ്ഞപ്പോൾ മറന്നുപോയ ആ ദിനം ഹരിദാസ് ഓർത്തെടുത്തു. അതേ ഏപ്രിൽ 27 നാണ് എനിക്കും നിർമലക്കും ആതിര മോള് ജനിക്കുന്നത്.. ഇന്നിപ്പോൾ മറ്റൊരു ഏപ്രിൽ 27 ന് എനിക്ക് എന്റെ മോളെ തിരിച്ചു കിട്ടി.. ഹരിദാസ് മകളുടെ നെറ്റിയിൽ ചുംബനം നൽകി കൊണ്ട് ആശംസകൾ നേർന്നു.
എന്റെ പൊന്നു മോളേ, ഹാപ്പി ബർത്ത്ഡേ
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#മറന്നുപോയഒരുദിവസം


9 Comments
ചില സ്നേഹങ്ങൾ മനുഷ്യനെ അന്ധനാക്കും
അതേ സത്യം.സുനന്ദ
എന്നോ മറന്നുപോയ ആ ദിവസം സന്തോഷവും കൊണ്ട് തിരിച്ചുവന്നുവല്ലോ ….. നല്ല കഥ👍❤️
മിനി സുന്ദരേശൻ
❤️❤️
നല്ല കഥ. മകൾ അച്ഛനെ കൂടെ കൂട്ടുമ്പോൾ, തിരിച്ചു ലഭിക്കുന്ന സ്നേഹവും കരുതലും അയാളുടെ ജീവിതത്തെ ഊഷ്മളമാക്കും.
👍👏
താങ്ക്സ് ജോയ്സീ. വായനക്കും അഭിപ്രായംത്തിനും ❤️❤️
കുതിച്ചു ജീവിതം പാഞ്ഞിടെ
മറന്നുപോയൊരാ ഓർമ്മകൾ
തളർന്നുപോയൊന്നിരിക്കവേ
തികട്ടിടുന്നിതുൾക്കുത്തലായ്
നന്ദകുമാർ
860
വായനക്ക് നന്ദി ബ്രോ
താങ്ക്സ് കൂട്ടക്ഷരങ്ങൾ ❤️❤️