- ”മനുഷ്യന്റെ ചോര കലർന്ന ഭക്ഷണം നിങ്ങൾ കഴിച്ചിട്ടുണ്ടോ?”
സദസ്സിൽ പെട്ടെന്നുണ്ടായ നിശബ്ദതയിൽ എന്റെ ശ്വാസം ഒരു മുരളൽപോലെ എനിക്ക് അനുഭവപ്പെട്ടു.
”നിങ്ങളിൽ ആരെങ്കിലും അച്ഛന്റെ ചോര കലർന്ന ഭക്ഷണം കഴിച്ചിട്ടുണ്ടോ?”
ചോദ്യം പലരിലും ഞെട്ടലുണ്ടാക്കിയെന്ന് സദസ്സിന്റെ നിറഞ്ഞ മൗനം വ്യക്തമാക്കി. അദ്ധ്യാപകർ പരിഭ്രമത്തോടെ പരസ്പരം നോക്കുന്നത് ഞാൻ കണ്ടു.
വരുംവർഷങ്ങളിൽ ബിരുദവും, ബിരുദാനന്തരബിരുദവുമെടുത്ത് ലോകത്തിന്റെ പല പല കോണുകളിലേക്കു പറക്കാൻകാത്തിരിക്കുന്ന തലമുറയാണ് എന്റെ മുന്നിലിരിക്കുന്നത്. അവരോട് ലക്ഷ്യബോധത്തെക്കുറിച്ചും ജീവിതവിജയത്തെക്കുറിച്ചുമാണ് ഞാൻ സംസാരിക്കേണ്ടത്.
ഉപദേശങ്ങൾ വിലപ്പോവില്ല;
എന്റെ വാക്കുകൾ അവരിലെ കേൾവിക്കാരെ ഉണർത്തണം. അതിന് സ്വന്തം ജീവിതത്തിന്റെ ആദ്യ ഏടുകളിൽനിന്ന് തുടങ്ങുന്നതാവും നല്ലതെന്ന് എനിക്കറിയാമായിരുന്നു.
ഇതെന്താ ഈ ഭ്രാന്തൻ പറയുന്നത് എന്ന തോന്നലിൽ ഒരു ചിരി ആരിൽനിന്നെങ്കിലും ഉയർന്നിരിക്കണം. അതിനു തുടർച്ചയെന്നോണം അവിടെയാകെ ചിരിമണം പരന്നു.
”ഇവനെന്താ ഭ്രാന്താണോ എന്ന് നിങ്ങളിൽ പലരും ചിന്തിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയും. എന്നാൽ ഞാൻ കഴിച്ചിട്ടുണ്ട്, എന്റെയച്ഛന്റെ ചോരയുള്ള ഭക്ഷണം.”
വാക്കുകൾ എന്നെ വിട്ട് അകന്നുപോകുന്നത് ഞാനറിഞ്ഞു.
അച്ഛന്റെയും അമ്മയുടെയും മുഖം എന്റെ കണ്ണീരിനുള്ളിൽ മുങ്ങി. പതിയെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ തുടർന്നു.
”നിങ്ങളെ മോട്ടിവേറ്റ് ചെയ്യാനാണ് ഞാനിവിടെ നിൽക്കുന്നത്. എന്റെ പരാജയത്തെക്കുറിച്ചു പറയാതെ ഞാനെങ്ങനെ വിജയത്തെക്കുറിച്ച് പറയും?”
എല്ലാവരുടെയും ഹൃദയതാളങ്ങൾ എനിക്കു കേൾക്കാമെന്നായി.
”വയറുനിറച്ച് ഭക്ഷണം- അതായിരുന്നു ബാല്യത്തിൽ ഞാൻകണ്ട ഏറ്റവും വലിയ സ്വപ്നം! വിശപ്പ് മാറിയ സംതൃപ്തിയിൽ ചിരിക്കുന്ന മകന്റെ മുഖം- അതായിരിക്കണം എന്റെ മാതാപിതാക്കൾ കണ്ട സ്വപ്നവും. ഞങ്ങൾ നാടോടികളായിരുന്നു. സ്വന്തമായി ദേശമില്ലാത്തവർ. വൃത്തിയില്ലാത്ത രൂപവും
മുഷിഞ്ഞുനാറിയ വേഷവും ഞങ്ങളെ പൊതുവെ ജോലികൾ ചെയ്യാൻ അയോഗ്യരാക്കി.വിശപ്പ് എന്ന രോഗത്തെ തടുക്കാൻ കഴിയാത്തതുകൊണ്ട്
എച്ചിലുകളിൽ ഞങ്ങൾ ജീവൻ നിലനിർത്തി.
ഒരുനാൾ എച്ചിൽ തേടിയുള്ള യാത്രയ്ക്കിടയിൽ എന്റെ അച്ഛനെ ഒരു കാർ തട്ടിമറിച്ചു.
രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെ കണ്ട് ഞാൻ പകച്ചു. അമ്മ കരയുന്നതു കണ്ടപ്പോൾ ഞാനും കൂടെക്കരഞ്ഞു. പക്ഷേ, പെട്ടെന്ന് എൻ്റെ കരച്ചിൽ നിന്നു.”
എൻ്റെ ഹൃദയമിടിപ്പ് മന്ദഗതിയിലായി. ശ്വാസം വിലങ്ങി. പണിപ്പെട്ട് ഞാൻ വാക്കുകൾ ചേർത്തുവച്ചു.
”എന്റെ കണ്ണുകൾ അച്ഛൻ നെഞ്ചോടടക്കിപ്പിടിച്ച ഒരു പൊതിയിലുടക്കിനിന്നു. എച്ചിലാകാത്ത ഭക്ഷണം മകനിലേക്കെത്തിക്കാൻ അച്ഛൻ തിടുക്കപ്പെട്ടുകാണും. എച്ചിൽ കുഴയാത്ത ഭക്ഷണപ്പൊതി ആദ്യമായി ഞാൻ കാണുകയായിരുന്നു.
അച്ഛൻ്റെ രക്തത്തിൽ കുതിർന്ന തല മടിയിലേക്കെടുത്തുവച്ച് നിലവിളിക്കുന്ന അമ്മയോടു ചേർന്നിരുന്ന് ആർത്തിയോടെ ഞാനാ ഭക്ഷണപ്പൊതി തുറന്നു. എൻ്റെ വിരലുകളിൽ അച്ഛൻ്റെ രക്തം പുരണ്ടിരുന്നു. അതൊന്നും എന്നെ അലട്ടിയില്ല. എച്ചിലു പുരളാത്ത ഭക്ഷണം; എന്റെ കണ്ണിൽ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഞാനാർത്തിയോടെ അതെടുത്തു കഴിക്കാൻ തുടങ്ങി.
’ഹയ്യോ! രക്തം പുരണ്ട ബ്രെഡ് ആ കുട്ടി കഴിക്കുന്നു. ആ പയ്യന്റെ കൈയിൽനിന്നതെടുത്തുമാറ്റൂ..’
ആരുടെയോ ശബ്ദം അമ്മയെ ഉണർത്തി. അരുത് എന്ന് അലറിവിളിച്ചുകൊണ്ട് അമ്മ എന്റെ കയ്യിൽനിന്ന് പെട്ടെന്ന് ബ്രെഡ്ഡുപാക്കറ്റ് പിടിച്ചുപറിച്ച് ദൂരേക്കെറിഞ്ഞശേഷം ഭ്രാന്തമായി എന്നെ പൊതിരെ തല്ലി.”
ആദ്യമായും അവസാനമായും അമ്മയെന്നെ തല്ലിയത് അന്നായിരുന്നു.
അച്ഛന്റെ മൃതദേഹം ഒരു വണ്ടിയിൽ കയറ്റി അമ്മയ്ക്കൊപ്പം അകന്നുപോകുമ്പോഴും എന്റെ നോട്ടം ആളുകളുടെ കാലുകൾക്കിടയിൽ ചവിട്ടിയരയുന്ന ബ്രെഡ്ഡിലായിരുന്നു! അച്ഛന്റെ മരണത്തെക്കാൾ, ‘വിശപ്പാ’യിരുന്നു അന്നാ അഞ്ചുവയസ്സുകാരനായ എന്നെ തളർത്തിയത്.”
സ്വയം മറന്ന ആ ദിവസത്തിൻ്റെ ഓർമ്മയിൽ പൊള്ളി വാക്കുകൾ മുറിഞ്ഞും ഓക്കാനത്തോടെയും ഞാനെൻ്റെ കഥ മുഴുവനാക്കി. ശ്വാസമടക്കിപ്പിടിച്ച് എന്നെ കേൾക്കുന്ന കുട്ടികളെ നോക്കി ആശ്വാസത്തിനായി എന്റെ കണ്ണുകൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അവരുടെ കണ്ണുകളിൽ എന്റെ അമ്മയുടെ കണ്ണിൽ അന്നു കണ്ട അതേ ദയനീയത നിറഞ്ഞിരിക്കുന്നതുകണ്ട് എൻ്റെ ചിരിയുടെ നിറവും മങ്ങി.
ദീർഘമായൊന്ന് ശ്വസിച്ചശേഷം ഞാൻ പതിയെ തുടർന്നൂ,
”പിറ്റേന്നുമുതൽ ഞാനും അമ്മയും ഊരുതെണ്ടൽ തുടർന്നു. ഭക്ഷണം കിട്ടുമ്പോഴൊക്കെ ആർത്തിയോടെയായിരുന്നു ഞാൻ കഴിച്ചിരുന്നത്. കിട്ടുന്ന ഭക്ഷണം മുഴുവനായും അമ്മ എനിക്കു നൽകി. ഞാൻ ബാക്കി വച്ചതെന്തെങ്കിലും ഉണ്ടെങ്കിൽമാത്രം അമ്മ ഭക്ഷിച്ചു. ഒരിക്കൽ ഞാനമ്മയോട് ചോദിച്ചു, ‘അമ്മയ്ക്ക് ഇത്ര മതിയോ, വിശക്കില്ലേ…!’
”മോൻ കഴിച്ചോ അമ്മയ്ക്കു വിശപ്പില്ല.” അമ്മയുടെ മറുപടി അന്ന് കുഞ്ഞായിരുന്ന ഞാൻ വിശ്വസിച്ചു. കാരണം, അമ്മയായിരുന്നു ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സത്യം.
പക്ഷേ, പിന്നീടു ഞാനറിഞ്ഞു, ആ ‘സത്യം’ പറഞ്ഞ ഏറ്റവും വലിയ നുണയായിരുന്നു അതെന്ന്!
പിന്നെ, ഞാനും സ്വപ്നം കണ്ടുതുടങ്ങി.
’മകനേ, ഒരിറ്റ് ചോറ് ഇനി തൊണ്ടേക്കൂടെ ഇറങ്ങില്ല. അത്രക്ക് വയറ് നിറഞ്ഞേക്കണ്.’
എന്റെ സ്വപ്നങ്ങളിലെല്ലാം അമ്മമാത്രമായി.
അമ്മയ്ക്ക് വയറുനിറച്ച് ഭക്ഷണംകൊടുക്കാനുള്ള വഴികൾതേടി ഞാനലഞ്ഞു. അതൊരു പോരാട്ടമായിരുന്നു.
ഒന്നുമില്ലാത്തയിടത്തുനിന്നുള്ള തുടക്കം.
ആദ്യപടിയായി ഈ സമൂഹം, ഈ ഭൂമി ഇതെല്ലാം എനിക്കുകൂടെ അവകാശപ്പെട്ടതാണെന്ന് ഞാൻ തെളിയിക്കണമായിരുന്നു. ഞാന്റെ കണ്ണുകൾ തുറന്നുപിടിച്ചു. ചുറ്റും നടക്കുന്ന വിഷയങ്ങളിലേക്ക് ഞാൻ എന്നെയും ചേർത്തുനിർത്തി.
പതിയെപ്പതിയെ പോകുന്ന വഴികളിൽ മിന്നാമിനുങ്ങുകളെ കണ്ടുതുടങ്ങി.”
ഒരു ആശ്വാസം കണ്ടെത്തിയതുകൊണ്ടാവാം, സദസ്സിൽ പലരും നിവർന്നിരിക്കാൻ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു കവിൾ വെള്ളമിറക്കി ഞാൻ തുടർന്നു.
”ഇരുകാലികളെല്ലാം മനുഷ്യരാണെന്ന ബോധം സമൂഹത്തിൽ കണ്ടുതുടങ്ങി. എച്ചിലിലയിൽനിന്നു ഭിക്ഷയിലേക്ക് ഞങ്ങൾ നടന്നുനീങ്ങി. ഒരു ജോലി, അതായിരുന്നു അപ്പോഴത്തെ ലക്ഷ്യം. മടുപ്പില്ലാതെ വാതിലുകൾ മുട്ടിക്കൊണ്ടേയിരുന്നു, അവസാനം ഒരു വാതിൽ തുറന്നു. അങ്ങനെ പറയുന്നതിനേക്കാൾ ഭംഗി, എന്നെപ്പോലെ തെരുവിൽ അലഞ്ഞുനടക്കുന്നവർക്കായി എപ്പോഴും തുറന്നിട്ടിരുന്ന ഒരു വാതിൽ ഞാൻ കണ്ടെത്തി എന്നു പറയുന്നതാവും ശരി. വാതിൽ തുറന്ന മനുഷ്യൻ നിറഞ്ഞ ചിരിയോടെ എന്നെ ചേർത്തുനിർത്തി. അച്ഛനും അമ്മയ്ക്കുംശേഷം മൂന്നാമതൊരാൾ എന്നെ സ്പർശിക്കുന്നത് അന്നായിരുന്നു!
എനിക്കറിയാം നിങ്ങൾക്കിതെല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന്.” പറയുന്നതിനിടയിൽ ഞാൻ
ഒന്നു ചിരിച്ചു.
“ആ വലിയ മനുഷ്യൻ എന്നോടെന്റെ പേരുചോദിച്ചു. ഒരുനിമിഷം.. എനിക്കുത്തരമില്ലായിരുന്നു. കാരണം, എന്നെ പേരുപറഞ്ഞ് ആരും വിളിക്കാറില്ലായിരുന്നു. അമ്മ എന്നെ ‘മോനേ’ എന്നുമാത്രമാണ് വിളിച്ചിരുന്നത്. ചിലരെന്നെ ചെക്കാ എന്നും വിളിച്ചിരുന്നു.
’സുരേഷ് ‘… അമ്മ പറഞ്ഞ ആ പേര് ഓർത്തെടുത്ത് ഞാൻ വീണ്ടും വീണ്ടും ഉരുവിട്ടു. ‘സുരേഷ്’.
അദ്ദേഹം എനിക്ക് വയറുനിറച്ച് ഭക്ഷണംതന്നു. ‘ഒരു ജോലിയിലൂടെ നിന്റെ ചുറ്റുപാടുകൾമാത്രമേ മാറൂ. പക്ഷേ, വിദ്യാഭ്യാസംകൊണ്ട് ഒരു സമൂഹത്തെത്തന്നെ നിനക്ക് മാറ്റാൻകഴിയു’മെന്ന ദിവ്യമന്ത്രം അദ്ദേഹമെനിക്ക് ഉപദേശിച്ചുതന്നു.
അക്ഷരങ്ങൾ എന്റെ സ്വപ്നങ്ങൾക്ക് രൂപംനൽകി. അതിൽ അദ്ദേഹം നിറങ്ങൾ പകർന്നു. ജീവിതത്തിൽ വെളിച്ചം കണ്ടുതുടങ്ങിയപ്പോഴാണ് ഞങ്ങളനുഭവിച്ച അന്ധകാരത്തിന്റെ വ്യാപ്തി ഞാൻ മനസ്സിലാക്കിയത്. അതെനിക്ക് കൂടുതൽ പ്രചോദനമായി. അങ്ങനെ പതിയെപ്പതിയെ ഞാനോരോരോ കടമ്പകൾ കടന്നു. കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ചെയ്തു.
പണവും അധികാരവുമാണ് ഈ സമൂഹത്തെ ശരിയിലേക്കും തെറ്റിലേക്കും കൊണ്ടുപോവുന്ന ഏറ്റവും വലിയ ഘടകങ്ങളെന്ന് ആ കാലംകൊണ്ട് ഞാൻ മനസ്സിലാക്കിയിരുന്നു.
വിദേശത്ത് ജോലി സമ്പാദിച്ചു; ഒപ്പം നല്ല സുഹൃത്ത്ബന്ധങ്ങളും ഞാൻ നേടിയെടുത്തു.
നേട്ടങ്ങൾക്കൊപ്പം, നഷ്ടങ്ങളുമുണ്ടായി.
ആദ്യം അമ്മ, പിന്നെ ഗുരുനാഥനും എന്നെ വിട്ടുപോയപ്പോഴും ഞാൻ തളർന്നില്ല. കാരണം, അവരെന്നെ ഏൽപ്പിച്ച ഒരുപാടു കാര്യങ്ങൾ എനിക്കു ചെയ്തുതീർക്കാനുണ്ടായിരുന്നു. അതിന്റെ തിരക്കിലാണ് ഇപ്പോൾ ഞാൻ.”
സദസ്സിലാകെ കണ്ണോടിച്ചുകൊണ്ട് ഞാൻ തുടർന്നു.
”എന്റെ സമ്പാദ്യവും, നല്ല മനസ്സുള്ള ഒട്ടനവധി പേരുടെ കാരുണ്യവുംകൊണ്ട് ഞാനൊരു സ്ഥാപനം നടത്തുന്നുണ്ട്. എനിക്ക് ഈ വരുംതലമുറയോട് ഒന്നേ പറയാനുള്ളൂ,
നദികളെപ്പോലെയാണ് സ്വപ്നങ്ങൾ. അവ വറ്റിയാൽ പിന്നെ ജീവിതം വറ്റിവരണ്ടുതുടങ്ങും. അതുകൊണ്ട് സ്വപ്നം കണ്ടുകൊണ്ടേയിരിക്കുക. വിദ്യ അഭ്യസിക്കുന്നതിനൊപ്പം കഴിയുന്നത്ര മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനും ശ്രമിക്കുക.
മറ്റൊരു അഭ്യർത്ഥന കൂടെയുണ്ട്- എല്ലാവർക്കും തുല്യ വിദ്യാഭ്യാസമെന്നതാണ് എന്റെ, അല്ല, നമ്മുടെ, സ്ഥാപനത്തിന്റെ ലക്ഷ്യം. എന്റെ സ്വപ്നമാണത്. നിങ്ങളും എന്റെകൂടെ വേണം. സ്വന്തം പേരറിയാത്ത ഒരു കുഞ്ഞ് ഇനി നമ്മുടെ സമൂഹത്തിൽ ഉണ്ടാവരുത്.”
ശ്രീധരൻ മാഷുടേയും അമ്മയുടേയും ഓർമ്മകളിൽ ഒഴുകാനായി കാത്തുനിന്നിരുന്ന എന്റെ കണ്ണുകൾ വിദ്യാർത്ഥികളുടെ നീണ്ട കരഘോഷത്തിനു മുന്നിൽ തോറ്റുമടങ്ങി.
മനസ്സ് മന്ത്രിച്ചു, ഒരാളെങ്കിലും ഉണ്ടാവാതിരിക്കില്ല ഇതിൽ…
ആ ഒരാൾ മറ്റൊരാളെ കണ്ടെത്തും!
ശ്രീധരൻ മാഷേ, ഞാൻ നിങ്ങൾക്കുതന്ന വാക്കുപാലിക്കും.
നിങ്ങളോടുകൂടിയോ എന്നോടുകൂടിയോ ഈ സംരംഭം നിലയ്ക്കില്ല.
എല്ലാവർക്കും തുല്യ വിദ്യാഭ്യാസം ലഭിക്കുന്നതുവരെയും അതു തുടരും
സ്വന്തം പേരറിയാതെ പകച്ചു നിന്ന ആ നിമിഷവും, രക്തക്കറ പുരണ്ട ബ്രെഡ് പാക്കറ്റും എന്റെ മനസ്സിൽനിന്നൊരിക്കലും മായില്ല, പക്ഷേ ആ ചിത്രത്തെ ഈ സമൂഹത്തിൽ നിന്ന് മായ്ക്കാൻ നമ്മൾക്ക് കഴിയും..
നന്മ നശിച്ചിട്ടില്ലാത്ത സമൂഹത്തെ നോക്കി ഞാൻ പ്രതീക്ഷയോടെ കൈകൂപ്പി.


20 Comments
നല്ലെഴുത്ത് 👌👌👌
നല്ല കഥ, വിശപ്പിനോളം വലിയ പ്രശ്നമില്ല എന്ന് കേട്ടിട്ടുണ്ട്. അതനുഭവിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്.
സ്നേഹം ജോയ്സ് ❤️
പ്രചോദനമേകുന്ന രചന. 🌹
ജീവിതത്തിൽ വിശപ്പിനോളം വലിയ മറ്റൊരു ദുഃഖവും ഇല്ല എന്ന് ഓർമ്മപ്പെടുത്തിയ കഥ. വായിച്ചു തീരുമ്പോൾ ശുഭപര്യവസാനമാണെങ്കിലും അതിന്റെ കൂടെ ഒരു സങ്കടം നമ്മളെ വിട്ടു പോകാതെ ഇരിക്കുന്നു
സ്നേഹം ഹരീ ❤️
നന്മ വറ്റാത്ത സമൂഹമുണ്ട്… മനുഷ്യരും
സ്നേഹം നീതി 😍
അഞ്ചു ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടു…
സ്വന്തം പേരറിയാതെ പകച്ചു നിന്ന ആ നിമിഷവും, രക്തക്കറ പുരണ്ട ബ്രെഡ് പാക്കറ്റും എന്റെ മനസ്സിൽനിന്നൊരിക്കലും മായില്ല, പക്ഷേ ആ ചിത്രത്തെ ഈ സമൂഹത്തിൽ നിന്ന് മായ്ക്കാൻ നമ്മൾക്ക് കഴിയും..
ഈ ഭാഗം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു👌👌👌
അഞ്ചു ❤️❤️
സിൽവി ഡിയർ ❤️❤️
സൂപ്പർ . പ്രചോദനാത്മകം!👌👏❤️
സ്നേഹം താരാ ❤️❤️
സ്നേഹം ജീനാസ് 😍
സൂപ്പർ 👍👍
ജിനാസ് 😍😍
നന്നായിട്ടുണ്ട് ഭാഷയും എഴുത്തും
സ്നേഹം നീതി 😍