യാത്രക്കിടയിലെ പതിവ് മയക്കത്തിൽ നിന്നും ഉണർന്നു ചുറ്റും നോക്കി. ഒച്ചയും അനക്കവുമില്ലാത്ത കംപാർട്ട്മെന്റിൽ ഇരുട്ടിന്റെ നേരിയ തിരനോട്ടം.. പുറത്തേക്ക് മിഴികൾ പായിച്ചു. വണ്ടി വള്ളത്തോൾ നഗറിൽ എത്തിയിരിക്കുന്നു. അഞ്ചോ പത്തോ മിനിറ്റുകൾ കഴിഞ്ഞാൽ ഇറങ്ങാം.
ഷൊർണ്ണൂർ സ്റ്റേഷനിൽ. കണ്ണട മാറ്റി കണ്ണൊന്നു തിരുമ്മി മുഖമാക തുടച്ചു. കംപാർട്ട്മെന്റ് ആകെയൊന്നു വീക്ഷിച്ചു. ഒന്നോ രണ്ടോ ആളുകൾ മാത്രം. എന്തേ ഇത്ര തിരക്ക് കുറവെന്നു ചിന്തിച്ചു. വണ്ടി വള്ളത്തോൾ നഗർ വിടുകയാണ്. പെട്ടെന്ന് ഓർമ്മയിൽ സൗമ്യയുടെ മുഖം തെളിഞ്ഞു. പാളങ്ങളുടെ ഇടയിൽ കണ്ട കുറ്റിച്ചെടികൾക്കിടയിൽ എവിടെയോ ആണ് ആ കുട്ടി തെറിച്ചു വീണത്. ഒരു നരാധമന്റെ പൈശാചികത ഏറ്റുവാങ്ങേണ്ടി വന്ന ആ ശരീരം ഇവിടെ എവിടെയോ അല്ലേ കിടന്നിരുന്നത് എന്ന് ഒരു ഞെട്ടലോടെ ഓർത്തു. ഇരുട്ടിന്റെ മെയ്യാടയണിയാൻ ഒരുങ്ങുന്ന പുറംകാഴ്ചകളിൽ നിന്ന് വീണ്ടും അകത്തേക്ക് മിഴികൾ പിൻവലിച്ചു.. ഒഴിഞ്ഞു കിടന്നിരുന്ന എതിർ സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുന്നത്.. ഒരുൾക്കിടിലത്തോടെയാണ് കണ്ടത്. അവിടമാകെ ഒരു വല്ലാത്ത പരിമളം പരന്നിരിക്കുന്നു!
“സാർ.. വല്ലാണ്ട് പേടിച്ചത് പോലെ തൊന്നുന്നുണ്ടല്ലോ?”
ഞെട്ടലിൽ നിന്നുണരുന്നതിന് മുമ്പേ ആ പെൺകുട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു. ഇല്ലല്ലോ എന്ന അർത്ഥത്തിൽ തലയാട്ടി.
അവളത് വിശ്വസിച്ചില്ലെന്ന് അവളുടെ മുഖത്തെ ഗൂഢസ്മിതത്തിൽ നിന്ന് മനസ്സിലായി..
“നമ്മുടെ സൗമ്യ ഇവിടെ വച്ചല്ലേ?” അർദ്ധോക്തിയിൽ അവൾ നിർത്തി.
“നമുക്കിവിടം “സൗമ്യ പോയന്റ്” എന്നു വിളിച്ചാലോ?”
ഞെട്ടൽ ഇരട്ടിച്ചതേ ഉള്ളൂ.. താൻ ഇപ്പോൾ ചിന്തിച്ച കാര്യങ്ങൾ അവളിൽ നിന്ന് കേട്ടപ്പോൾ!
വണ്ടി ഭാരതപ്പുഴ കടക്കുകയാണ്.
“ആ മുറിക്കൈയ്യനെ എന്തിനാണ് സർക്കാരിങ്ങനെ തീറ്റിപോറ്റുന്നത്?” അവൾ വാചാലയാകുകയാണ്.
“ഇപ്പോൾ അവനെ കണ്ടാൽ ആരും പറയില്ല അവനൊരു ക്രിമിനലാണെന്ന്. ജയിലിലെ സുഖവാസം. “
ഒരു നെടുവീർപ്പോടെ അവൾ തുടർന്നു.
“നമ്മുടെ നിയമങ്ങളെ ശപിക്കാത്ത ഒറ്റ മനുഷ്യനുണ്ടാകില്ല അല്ലേ. സർ?”
“ആ അമ്മയുടെ കണ്ണീർ ഇന്നും തോർന്നിട്ടുണ്ടാവില്ല അല്ലേ. “
“ഒരുപക്ഷെ സൗമ്യയുടെ ആത്മാവ് അയാളോട് പൊറുത്തിട്ടുണ്ടാകും. അതല്ലേ അയാളിത്ര നന്നായിരിക്കുന്നത്?”
ഒരു മൂളൽ മാത്രം മറുപടിയായി.
അവളുടെ ചോദ്യങ്ങൾക്ക് അവൾ തന്നെ ഉത്തരം കണ്ടെത്തിയപോലെ തോന്നി..
സ്റ്റേഷൻ അടുക്കാറാകുമ്പോഴുള്ള വണ്ടിയുടെ പതിവ് അലസത..
ഇറങ്ങാൻ വേണ്ടിയുള്ള തയ്യാറെടുപ്പ്. കണ്ണടയെടുത്ത് ബോക്സിലാക്കി ബാഗിൽ വച്ചു..
മനസ്സിന് വല്ലാത്ത ഭാരം. ആ കുട്ടിയും ഇറങ്ങാനുള്ള തയ്യാറെടുപ്പാണ്..
വണ്ടി ഫ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതേയുള്ളു. ബാഗ് മടിയിൽ വച്ചു വെറുതെ കണ്ണൊന്നു ചിമ്മിതുറന്നു.
ആ കുട്ടിയെ കാണാനില്ല. നൊടിയിടയിൽ ഈ കുട്ടിയിതെവിടെ പോയി.. ചുറ്റും കണ്ണുകളോടിച്ചു.
കണ്ടില്ല.. ഡോറിനരികിലേക്ക് നടന്നു. ഇറങ്ങാൻ വേണ്ടി കാത്ത് നിൽക്കുന്നവരുടെ ഇടയിലും അവളെ തിരഞ്ഞു. അവൾ എവിടെയോ അപ്രത്യക്ഷയായിരിക്കുന്നു. ചിന്തകൾ കാടു കയറാൻ തുടങ്ങി.
വണ്ടി ഒരു ഞരക്കത്തോടെ നിന്നു. ആളുകൾ ഇറങ്ങി കംപാർട്ട്മെന്റ് കാലിയായി. കുറച്ചു നേരം അവിടെത്തന്നെ നിന്നു. അവളെ കണ്ടില്ല. ഫ്ലാറ്റ്ഫോമിലൂടെ കുറച്ചു നടന്നു നോക്കി. വണ്ടി നിർത്തുന്നതിന് മുമ്പ് അവൾ എങ്ങനെ?എവിടെ?
ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ മാത്രം മനസ്സിൽ അവശേഷിച്ചു. അടുത്ത വണ്ടിയിൽ കയറി ഇരുന്നെങ്കിലും
അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത.. അവളെവിടെ?
ഷാജു അമ്പലക്കര

