ശങ്കരൻ രണ്ടുവയസ്സുകാരൻ… വാക്കുകൾകൊണ്ട് തന്റെ ലോകം പഠിച്ചിട്ടി ല്ലാത്ത ഒരു കുഞ്ഞ്. അവൻസംസാരിച്ചു തുടങ്ങിയിരുന്നില്ല. അമ്മേ എന്നോ അച്ഛാഎന്നോ അമ്മൂമ്മ എന്നോ ഒന്നും അവൻ വിളിക്കുമായിരുന്നില്ല. പക്ഷേ അവൻ്റെ കണ്ണുകൾ സംസാരിക്കും. അവൻ്റെ ചിരിയാണ് അവൻ്റെ ഭാഷ. മുത്തശ്ശിക്ക് അവൻ്റെ നോട്ടവും ചെറു ചലനവും മനസ്സിലാകും. വിശപ്പുണ്ടെങ്കിൽ എങ്ങനെ നോക്കും എന്നും. ഉറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് ഒരു പ്രത്യേകതയുണ്ട് അവനെ തലേയിണ മുഖത്ത് വെച്ചേഅവൻ ഉറങ്ങു. അവർക്ക് ശങ്കരൻ ഒരിക്കലും സംസാരമില്ലാത്ത കുഞ്ഞ് ആയിരുന്നില്ല. പക്ഷേ ഒരാൾക്കുവേണ്ടി മാത്രം… ഒരു വാക്ക് അവൻ്റെ ചുണ്ടുകളിൽ തത്തികളിക്കും. “കുവാരി”.
ആ വാക്ക് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം- ആരും പഠിപ്പിച്ചതല്ല, ആരും പറഞ്ഞുകൊടുത്തതും അല്ല. പക്ഷേ അവൻ്റെ ഹൃദയം തന്നെ ആ പേര് കണ്ടെത്തി.
കുവാരി എന്ന് വിളിക്കുമ്പോൾ അവൻ്റെ കണ്ണുകൾ തിളങ്ങുന്നതും ചുണ്ടിൽ ഒരു കുസൃതി ചിരി വിരിയുന്നതും കാണാൻ നല്ല ഭംഗിയായിരുന്നു. അവർക്ക് അത് വിളിപ്പേര് മാത്രമായിരുന്നില്ല ഹൃദയത്തിൻ്റെ സ്നേഹം കൂടിയായിരുന്നു.
പിന്നീട് അവൻ മറ്റൊരു വീട്ടിലേക്ക് താമസം മാറി.
വീട് മുഴുവൻ പെട്ടികളാൽ നിറഞ്ഞു . മുത്തശ്ശിയുടെ ഹൃദയം മാത്രം തുറന്നു കിടന്നു. ഒന്നും അറിയാതെ എവിടെ പോകുന്നു എന്നുമറിയാതെ അവൻ മാത്രം പെട്ടിയുടെ മുകളിൽ കയറി കളിച്ചു. ശങ്കരൻ പതുക്കെ നടന്നുവെന്ന് മുത്തശ്ശിയുടെ മുന്നിൽനിന്നു. ഒന്നും വിളിക്കാതെ അവരെ തന്നെ നോക്കി നിന്നു. പിന്നീട് മൃദുവായി അവൻ്റെ ചെറിയ ശബ്ദത്തിൽ കുവാരി എന്ന ഒരു വിളി. അവരുടെ ഉള്ളം കീറിമുറിച്ചു. അവർ ചിരിക്കാൻ ശ്രമിച്ചു എങ്കിലും കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി ഇറങ്ങി. ഞാൻ വരാം മോനെ പക്ഷേ അവർക്ക് അറിയാം അവർക്ക് അവൻ്റെ കൂടെ പോകാൻ കഴിയില്ലെന്ന്. ശങ്കരൻ അവരുടെ വിരൽത്തുമ്പിൽ പിടിച്ചു പിന്നീട് പതുക്കെ കൈവിട്ട് അമ്മയുടെ കൈപിടിച്ച് നടന്നു. പടി കടക്കുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കി വീണ്ടും കുവാരി എന്ന ചെറിയ ശബ്ദത്തിൽ വിളിച്ചു.
ദിവസങ്ങൾ കടന്നു വീട് വീണ്ടും നിശബ്ദം പക്ഷേ ആ നിശബ്ദതയ്ക്കുള്ളിൽ ഒരു ശബ്ദം മാത്രം മുഴങ്ങി കേൾക്കും “കുവാരി”
ഒരിക്കൽ വാതിൽ തുറന്ന് ചെറിയ കാൽ കാൽ വെയ്പ് അകത്തു വന്നു. അവൻ ചുറ്റും നോക്കി പിന്നീട് മുത്തശ്ശിയെ കണ്ട് ഓടിവന്നു ആ മടിയിൽ കയറിയിരുന്നു. മുത്തശ്ശി അവരുടെ നെഞ്ചിൽ അവനെ ചേർത്ത് വെച്ചു. നിമിഷങ്ങളുടെ നിശബ്ദത പതുക്കെ മൃദുവായി വിളിച്ചു കുവാരി ..
അത് ഒരു വിളി മാത്രമല്ല… ഒരു ബന്ധം… ഓർമ്മ ഒരു സ്നേഹം അവർ അവനെ ചേർത്തുപിടിച്ചു നീ എന്തു വിളിച്ചാലും മതി മോനെ എനിക്ക് നിന്നെ മാത്രം മതി. അവന്
അവൻ്റെ സ്വന്തം ഭാഷയുണ്ട് അവൻ സ്നേഹിക്കുന്നവർക്കായി മാത്രമുള്ള ഭാഷ അപ്പൂപ്പനെ കണ്ടാൽ അബുവാ അച്ഛനെ കണ്ടാൽ ശ്രീയെന്നും അമ്മയെ കണ്ടാൽ അനി എന്നും അമ്മയുടെ അമ്മയെ രമി എന്നും വിളിക്കും. ഒരു പേരും പൂർണ്ണമല്ല പക്ഷേ ഓരോന്നിലും സ്നേഹം പൂർണമാണ്. ഒരു പേരു മാത്രം വേറെയാണ്, മുത്തശ്ശി കുമാരി. പക്ഷേ അവൻ്റെ വായിൽ അത് മാറി കുവാരി എന്നാണ്. കുമാരി എന്ന ആരു വിളിച്ചാലും കുവാരി എന്ന ശങ്കരൻ മാത്രം വിളിക്കും.
അത് തെറ്റായ ഉച്ചാരണം അല്ല അത് അവൻ്റെ സ്നേഹത്തിൻ്റെ ശരിയായ രൂപമാണ്.
ശങ്കരൻ വാക്കുകൾ പഠിച്ചു തുടങ്ങി ഒരു ദിവസം കുമാരി എന്ന ശരിയായി വിളിച്ചേക്കാം. പക്ഷേ അവരുടെ ഹൃദയം പറയുന്നത് അവന് താനെന്നും കുവാരി ആകട്ടെ. വാക്കുകൾ പഠിച്ചു തുടങ്ങിയ ശങ്കരൻ അനിയെ അമ്മ എന്നും ശ്രീ യെ അച്ഛാ എന്നും അബുവനെ അപ്പൂപ്പാ എന്നും രമിയെ രമ അമ്മൂമ്മ എന്നും സ്ഫുടമായി വിളിക്കാൻ തുടങ്ങി. പക്ഷേ അവൻ മുത്തശ്ശിയെ കുവാരി എന്നുതന്നെ വിളിച്ചു.
വർഷങ്ങൾ കടന്നുപോയി ഒരു ദിവസം വീട്ടിൽ വലിയ സന്തോഷം ശങ്കരൻ പഠനത്തിൽ വലിയ നേട്ടം കൈവരിച്ചിരിക്കുന്നു എല്ലാവരും കൂടിയിരുന്ന ആഘോഷിക്കുകയാണ് വീട് വീണ്ടും ചിരികളാൽ നിറഞ്ഞു ആളുകളും ശബ്ദങ്ങളും കൊണ്ട് ഒരു പഴയ കാലത്തിൻ്റെ ഓർമ്മകളിലേക്ക് പോയി മുത്തശ്ശിക്ക് ഇപ്പോൾ നടക്കാൻ പോലും ബുദ്ധിമുട്ട്. പക്ഷേ അവരുടെ കാഴ്ച മങ്ങിയ കണ്ണുകൾ ശങ്കരനെ തേടി അവൻ ആകെ മാറിയിരിക്കുന്നു. ഉയരവും ആത്മവിശ്വാസവും എല്ലാം ഒത്തുചേർന്നു ഒരു വലിയ പുരുഷൻ ആയിരിക്കുന്നു . മുത്തശ്ശിക്ക് എന്നും അവൻ രണ്ടു വയസ്സുകാരൻ തന്നെ.
എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ശങ്കരൻ പെട്ടെന്ന് നിശബ്ദമായി അവൻ അവന്റെ മുത്തശ്ശിയുടെ അരികിലേക്ക് നടന്നു. താഴത്തേക്ക് ഇരുന്ന് കസേരയിലിരിക്കുന്ന അവരുടെ കൈകൾ പിടിച്ചു .ആ നിമിഷംഅവൻ വളരെ പതുക്കെ വിളിച്ചു “കുവാരി”. ആ ഒരു വാക്ക് കാലത്തെ പിന്നോട്ട് നയിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു. വിറയാർന്ന കരങ്ങൾ അവൻ്റെ മുഖം തൊട്ടു. നീ മറന്നില്ലല്ലോ അവൻ്റെ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നു. ശങ്കരൻ പതിയെ ചിരിച്ചു
“അതെങ്ങനെ മറക്കും! എൻ്റെ ആദ്യ സ്നേഹത്തിൻ്റെ പേരല്ലേ” ആ കുഞ്ഞിൻ്റെ തെറ്റായ ഉച്ചാരണം മുത്തശ്ശിയുടെ ഹൃദയത്തിൽ അമരത്തോളം ഓർമ്മയായി. കാലം മാറും മനുഷ്യൻ മാറും ചില വിളികൾ ഒരിക്കലും മാറില്ല, കുമാരി എന്ന കുവാരി….


6 Comments
മുത്തശ്ശി സ്നേഹം ❤️
നല്ല കഥ
സ്നേഹം നിറഞ്ഞ വിളിയിൽ ഒന്നിച്ചാക്കുന്ന മുത്തശ്ശിയും കൊച്ചുമോനും, എഴുത്ത് വളരെ touching ആയിരുന്നു.👏🥰
സ്നേഹത്തിന് ഭാഷയില്ലല്ലോ. തെറ്റിച്ചു വിളിക്കുന്ന പേരുകൾ പലപ്പോഴും വളരെ ഭംഗിയുള്ളതല്ലേ ❤️
😍
ഹൃദ്യമായ കഥ