“നഷ്ടസ്മൃതികൾക്ക് അല്ലെങ്കിലും ദിവസങ്ങൾ പോകെ ഭാരമേറുമല്ലോ…”
പെരുന്നേർമംഗലം എൽ പി സ്കൂൾ!
ഒന്നു മുതൽ നാലു വരെ സർവ്വസന്തോഷങ്ങളോടെയും ഞാൻ പഠിച്ച അക്ഷരമുറ്റം.
ഇപ്പോൾ പുതുമയുടെ മോടിയണിഞ്ഞു നിൽക്കുന്ന, ഒരു പരിചയവും തോന്നിക്കാത്ത ആ പിങ്കു നിറക്കെട്ടിടത്തെക്കുറിച്ചല്ല..
അതിനുമേറെക്കൊല്ലങ്ങൾ പിന്നിലേക്കോടിച്ചാൽ അധികം ഭംഗിയില്ലാത്ത എന്നാൽ ഒരുപാട് മധുരമുള്ള ഓർമ്മകൾ ഉറങ്ങുന്ന സുന്ദരമായ ഭൂമിയായി ആ വിദ്യാലയം ജീവിച്ചിരുന്ന ഒരു കാലമുണ്ട്..
നീളൻ ചൂരൽ കയ്യിലേന്തി, ഒരല്പം കുറുകിയ ശരീരവും ഒത്ത പൊക്കവുമൊക്കെയായി വട്ടക്കണ്ണട ധരിച്ച ചെല്ലപ്പൻ സാർ ഹെഡ്മാസ്റ്ററായിരുന്ന, അച്ഛന്റെ സൈക്കിളിലിരുന്ന് ഞാൻ സ്കൂളിൽ പോയിരുന്ന മനോഹരദിനങ്ങൾ. ചെല്ലപ്പൻ സാറെയോർക്കുമ്പോൾ ഇന്നീ മുപ്പത്തിരണ്ടാമത്തെ വയസ്സിലും ഞാനാ ഒന്നാം ക്ലാസ്സും നാലാം ക്ലാസ്സുകാരിയൊക്കെയായി മാറും.
അദ്ദേഹമന്ന് ഭയപ്പാടുണ്ടാക്കുന്ന ഒരാജാനുബാഹുവായി കുട്ടികൾക്കിടയിലെ നെഞ്ചിടിപ്പു കൂട്ടുന്ന കർക്കശക്കാരനായി കഴിഞ്ഞിരുന്നതുകൊണ്ടാവാം ഇപ്പോഴും ചെറുതല്ലാത്തയൊരു നടുക്കം. കൈവെള്ളയിലെവിടെയോ പണ്ടു കൊണ്ടുമാഞ്ഞ അടി തിണിർക്കുന്നത് പോലെ.
ആദ്യാക്ഷരം പഠിപ്പിച്ച കറുപ്പനാശാന് ശേഷം അത്ര ദാക്ഷിണ്യമില്ലാത്തടി തന്നിരുന്ന ചെല്ലപ്പൻ സാറിനോട് പക്ഷേയിന്നും സ്നേഹം മാത്രമേയുള്ളൂ. ജീവിതത്തിലത്ര ചിട്ടയൊതുക്കമില്ലാത്ത ഞാൻ എന്തെങ്കിലുമൊരച്ചടക്കം പുലർത്തുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ശിക്ഷണം ഒന്നുകൊണ്ടു കൂടിയാണ്.
അന്ന് മതിൽക്കെട്ടു പാതിയും പൊട്ടിയടർന്ന് കുട്ടികൾക്ക് അതുവഴിയും ചാടിവരാമെന്ന മട്ടിൽ വലിയ ആഡംബരമൊന്നുമില്ലാത്ത അങ്കണവും തളിരിലകൾ കുങ്കുമച്ചാർത്തണിഞ്ഞ മാവിൻകൂട്ടങ്ങളും മഴനൂലുകൾ ഊർന്നിറങ്ങുമ്പോൾ തൂണിൽച്ചാരി കവിളും പതിപ്പിച്ചു നിന്ന് സ്വപ്നം കാണുന്ന ഞാനും!!
വെള്ള ഷർട്ടിൽ നനുത്ത തുള്ളികൾ ചാരലായിപ്പതിക്കും.
കടുന്നീലപ്പാവാട മുക്കാലും നനയും.
എങ്കിലും ഞാനാത്തൂണുകളിലൊന്നിൽ പിടിച്ചുനില്പുണ്ടാവും.
ആ മഴക്കാലവും ആകാശത്തിലെ പീതവർണ്ണവും വെള്ളിരേഖകളുമോർക്കുമ്പോൾ ഹൃദയത്തിൽ എന്തെന്നറിയാത്ത കനം.
നഷ്ടസ്മൃതികൾക്ക് അല്ലെങ്കിലും ദിവസങ്ങൾ പോകെ ഭാരമേറുമല്ലോ. അമ്മയുടെ കയ്യിൽത്തൂങ്ങി ഒന്നാം ക്ലാസ്സിലേക്ക് പോയ എന്നെക്കാത്ത് എന്തെല്ലാം കഥകളായിരുന്നവിടെ!
ബാല്യകാലസ്മരണയാം മാങ്കൊമ്പുകളിൽ മഞ്ഞനക്ഷത്രങ്ങൾ കോർക്കാൻ കൂടുകൂട്ടിയ എത്രയോ കുഞ്ഞുമുഖങ്ങൾ!
വരാനിരിക്കുന്നതൊന്നിനെക്കുറിച്ചും ആകുലപ്പെടാതെ, അമ്മ പോയേക്കുമോ എന്നുമാത്രം ആവലാതിപ്പെട്ട് ക്ലാസ്മുറിക്കകം നോക്കിക്കൊണ്ടിരുന്നയെന്നെ, ഇവിടെ സ്‌ഥലമുണ്ടെന്ന് ക്ഷണിച്ച ശരണ്യ പി സിയായിരുന്നു മനസ്സിൽ പതിഞ്ഞ സമാധാനത്തിന്റെ ആദ്യവെള്ളരിപ്രാവ്.
അഞ്ജലി ഉല്ലാസും ശ്രീലക്ഷ്മി കെയും ശരണ്യ പി സിയുമൊക്കെ ആ സുവർണ്ണകാലത്തെ കൂട്ടുകാരാണ്. അവർക്കൊപ്പമാണ് സ്കൂൾ വിടുമ്പോഴുള്ള വീട്ടിലേക്കുള്ള പടപ്പുറപ്പാട്. അമ്പലമെത്തുമ്പോൾ അവർ കിഴക്കോട്ടുള്ള വഴി തിരിയുമെന്നൊരൊറ്റ സങ്കടമൊഴിച്ച്, കണ്ണിൽക്കണ്ട പച്ചിലകൾ പറിച്ചെടുത്തും കായ്കൾ വായിലിട്ടും മഴപെയ്തുതോരുമ്പോൾ ബാക്കിയാകുന്ന വെള്ളക്കെട്ടുകളിൽ ചാടിയും ചിന്നിത്തെറിപ്പിച്ചുമൊക്കെയുള്ള നടത്തവും വർത്തമാനവുമൊക്കെ ഹോ എന്തായിരുന്നു രസം!!
പഠിപ്പികൾക്കിടയിൽപ്പെട്ടതു മൂലമാവണം തീരെ മോശമല്ലാത്ത മാർക്കുകളിലെന്റെ ഉത്തരക്കടലാസുകൾ തിളങ്ങിയിരുന്നത്.
ആ പോയ നാളുകൾ ഓർമ്മയില്പരതുമ്പോൾ ചില കൂട്ടുകാർ ഒരല്പം പച്ചയേറെ പിടിച്ചിരിക്കും.
അതിലിന്നും നിറം മങ്ങാത്തയാളാണ് ഉച്ചക്കഞ്ഞിക്ക് ഞങ്ങളെല്ലാം വരാന്തയിലിടം പിടിക്കുമ്പോൾ അര മിനുട്ട് ദൂരത്തിൽ വീട്ടിൽ പോയി ഉണ്ടുവരാറുള്ള, കാപ്പി കുടിച്ചാൽ കറുത്തു പോകുമെന്ന് കരുതി പാല് മാത്രം കുടിച്ച് ശീലിച്ച, വെളുവെളുത്ത പാവക്കുട്ടിയായിരുന്ന ആര്യ എസ് നായർ. കഞ്ഞികുടി കഴിഞ്ഞ് പാത്രമൊക്കെ കഴുകി രണ്ടു മൂന്നു സെറ്റ് കോഴിയും കുറുക്കനും കോഴിയും കളിച്ചു തീരുമ്പോഴേ അവളെത്തുന്നുണ്ടാവൂ.
ആലോചിക്കുമ്പോഴന്നതൊരു പ്ലാറ്റിനം സെറ്റപ്പാണ്.
എനിക്കായിരുന്നങ്ങനെ ഒരു സാധ്യതയെങ്കിൽ ഞാൻ ചിലപ്പോൾ ഉണ്ടുകഴിഞ്ഞും വീട്ടിലിരുന്നേനെ. സ്കൂളും സഹപാഠികളും പ്രിയപ്പെട്ടതെങ്കിലും അച്ചാമ്മയും അച്ചിച്ചനൊക്കെയുള്ള വീട്ടിലിരിക്കാൻ കിട്ടുന്ന ഒരവസരവും ഞാനൊരിക്കലും പാഴാക്കിയിരുന്നില്ല.
പിന്നെയൊരാളുള്ളത് ചിത്രയാണ്. ഉച്ചയുണ്ടുകഴിഞ്ഞാൽ ഒന്നാം ക്ലാസ്സിന്റെ മുറ്റത്ത് കല്ലു കളിക്കാൻ എന്നെക്കാത്തിരിക്കാറുള്ള അവളുടെ സ്നേഹം നിറഞ്ഞ മുഖവും അഭിധാനവുമല്ലാതെ
മറ്റൊന്നും ഇന്നെനിക്കറിഞ്ഞുകൂടാ. സോഷ്യൽ മീഡിയകളിലെങ്ങും കണ്ടുകിട്ടാനിധി പോലെ ആ കൂട്ടുകാരി മറഞ്ഞിരിപ്പാണ്.
അമിലാജി മഹേന്ദ്രനെ മറക്കാനാവില്ല. ആൺകുട്ടികളുടെ തലയ്ക്ക് ബോക്സ് കൊണ്ടടിച്ചും പേന കൊണ്ട് കുത്തിയും നടക്കുന്ന ചട്ടമ്പിക്കല്യാണി!
ഓർക്കാൻ ശ്രമിക്കുമ്പോൾ ഇരുവശവും മുടി മെടഞ്ഞിട്ട അങ്കക്കലി പൂണ്ട അമില. ആൺകുട്ടികൾ തോൽക്കുന്ന മത്സരത്തല്ലുകാരിയും ഞാനുമൊക്കെ പലനാൾ അടി കൂടി, തലമുടി പിച്ചി വലിച്ച്, കൈത്തണ്ട കോറി വരഞ്ഞ്..
വർഷങ്ങൾക്കു ശേഷം അമിലയെക്കണ്ടപ്പോൾ ഇന്നലെകളിലെ രണ്ടു പോരാളികളന്യോന്യം പുഞ്ചിരിച്ചു.
ആ നാല് വർഷമെനിക്ക് സവിശേഷമായ ഓർമ്മകൾ തിങ്ങുന്ന കാലയളവാണ്.
നിഷ്കളങ്കസ്നേഹവും പ്രയാസങ്ങളും എന്റെ കൂട്ടുകാരും അച്ചാമ്മയും അച്ചിച്ചനും…
ടൈം ട്രാവൽ ഓപ്ഷൻ കിട്ടുമെങ്കിൽ നിശ്ചയമായും തിരഞ്ഞെടുക്കുന്ന ഒന്ന്.
അഞ്ജിത ആനന്ദ്,
ശ്യാമിലി G,
അശ്വിൻ രാജ്, (late)
അശ്വതി എസ്,
അശ്വിനി രാജ്,
അഞ്ചു കെ ജി,
അഞ്ജലി സുന്ദരേശൻ,
സൗമ്യ എ അങ്ങനെയങ്ങനെ എത്രയെത്ര മഞ്ഞനക്ഷത്രങ്ങൾ!
നിങ്ങളുടെ സ്കൂൾ ഓർമ്മകളെങ്ങനെയായിരുന്നു??


1 Comment
സ്കൂൾ മുറ്റത്തേക്ക് കൈ പിടിച്ചു നടത്തുന്ന എഴുത്ത്👍❤️