മുറിവുകൾക്ക് ഭാരം ഉണ്ടാകുമോ??
ഉണ്ടാകും…!
പക്ഷേ അത് അളന്നെടുക്കുക ഏത് അളവുകോലിനാലാണ്?
ഒരുപക്ഷെ അതിന്റെ ഭാരം അളക്കുന്നത് ഓർമ്മകളുടെ ആഴത്തിൽ, നിശ്ശബ്ദമായ വേദനയുടെ താളത്തിൽ, ഒറ്റപ്പെടലിന്റെ നീളത്തിൽ ആയിരിക്കാം.
ഒട്ടനവധി ആളുകൾ അവരുടെ ഉള്ളിൽ കാലങ്ങളായി ആരും കാണാത്ത ആഴമേറിയ മുറിവുകളെ ചുമന്നുകൊണ്ടിരിക്കുന്നു. വർഷങ്ങളായി മൂടി വെച്ച വേദനകളെയും , പറയാൻ വാക്കുകൾ പോലും കിട്ടാത്ത അനുഭവങ്ങളെയും ഒക്കെ അവയെ എന്ത് ചെയ്യണം, എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാതെ ഒരു ഉൾക്കാടിൽ വഴിതെറ്റിയ കുഞ്ഞിനെപ്പോലെ പലപ്പോഴും നിസ്സഹായതയോടെ നിശ്ചലമായി നിന്നു പോകുന്നു.
മറ്റൊരാൾക്ക് പറയാൻ വളരെ എളുപ്പമാണ് “മറന്നുകളയൂ… മുന്നോട്ട് പോവൂ…”എന്ന്. പക്ഷെ മനഃപൂർവം മറക്കാൻ കഴിയാത്ത ചില നോവുകളുണ്ടല്ലോ. അത് മനസ്സിന്റെ അടിത്തട്ടിൽ വല്ലാതെയങ്ങു പിടിച്ചു നിൽക്കും.
കാലം കടന്നുപോകും… മുറിവുകൾ ഉണങ്ങും… അത് ക്രമേണ പാടുകളായി മാറും.
എന്നാൽ ചില പാടുകൾ നാം പുറത്ത് നിന്ന് നോക്കുമ്പോൾ മാഞ്ഞതുപോലെ തോന്നിയാലും, എവിടെയെങ്കിലും ഒന്ന് തൊട്ടാൽ ഇന്നും രക്തം കിനിയുന്നവയായി തുടരുന്നു. അതാണ് മനുഷ്യ ജീവിതത്തിന്റെ സങ്കീർണ്ണതയും.
ആരെയെങ്കിലും കാണുമ്പോൾ, അവരുടെ ചിരിയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന അറിയപ്പെടാത്ത മുറിവുകളെ ഓർക്കുക. മറ്റൊരു മനുഷ്യൻ കാരണം മുറിവേറ്റ് പിടയുന്ന ആ മനുഷ്യന് വേണ്ടി നിയോഗിക്കപ്പെട്ട മനുഷ്യനായ നിങ്ങളൊന്നു പ്രാർത്ഥിക്കണം. കാരണം, നിങ്ങൾ കാണുന്ന ഒത്തിരിപ്പേരിൽ ചിലർ ശബ്ദമില്ലാതെ, തങ്ങളോട് തന്നെ പോരാടുകയാണ്!
_ട്വിങ്കിൾ സുഗതൻ_

